ഗര്‍ഭം ധരിക്കാനോ പ്രസവിക്കാനോ കഴിയില്ല എന്നുള്ള തിരിച്ചറിവില്‍ അവള് ഭര്‍ത്താവിനെ രണ്ടം കെട്ടിന് സമ്മതിക്കുക മാത്രമല്ല, അതിന് നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. എല്ലാം ഇപ്പോള്‍ പള്ളിക്കാട്ടില്‍ വിശ്രമം കൊള്ളുകയാണ്.

അബ്ബാസ് മുഹമ്മദ് | Photo: Facebook/Mohammed Abbas
മൗനം എനിക്ക് പരിചിതമാണ്. എത്ര ദിവസം വേണമെങ്കിലും ആരോടും ഒന്നും മിണ്ടാതെ ജീവിക്കാന്‍ എനിക്ക് കഴിയും. ഏറിപ്പോയാല്‍ കൂട്ടിന് പുസ്തകങ്ങള്‍ വേണമെന്ന് മാത്രം. പക്ഷേ, നിശ്ചലതയെ എനിക്കെന്നല്ല ആര്‍ക്കും അധികദിവസം സഹിക്കാന്‍ പറ്റില്ല. കാരണം, ജീവിതം തന്നെ ചലനമാണ്. ഭൂമിയിലേക്ക് പിറന്നുവീഴുന്ന നിമിഷം മുതല്‍ നമ്മള് ചലിച്ചു തുടങ്ങുന്നു. കൈകാലുകള്‍ ഇളക്കി തുടങ്ങുന്നു. ആ ചെറിയ ചലനത്തില്‍ തുടങ്ങി മരണമെന്ന മഹാ നിശ്ചലത വരെ നമ്മള് നിരന്തരം ചലിക്കുകയാണ്. ചലനമാണ് ഊര്‍ജ്ജം. ചലനമാണ് ജീവന്. ജീവിതമാകെയും ചലനമാണ്.
എല്ലാ കാലത്തും എന്നെ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തിയിട്ടുള്ളത് ചലനമാണ്. ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു! അസ്തമയത്തിന്റെ ആരംഭത്തില്‍ എത്തിനില്‍ക്കുന്ന എന്റെ കാലുകള്‍ ഏതൊക്കെ പാതകളിലൂടെയാണ് എന്നെയും കൊണ്ട് ചലിച്ചിട്ടുള്ളത്. നാട്ടുവഴികള്‍ മുതല്‍ സൗദിയിലെ കുര്ത്തബയില് അനന്തമായി തിരയിളക്കിനിന്ന മണല്‍ക്കാടുകളിലൂടെ, ബെല്ലാരിയിലെ കടലപ്പാടങ്ങളിലൂടെ, അവിടത്തെ പൊടിമണ്ണിലുയരുന്ന കാറ്റിലൂടെ, കെയ്റോയിലെ തിരക്കുള്ള പാതകളിലൂടെ, ആ മഹാനഗരത്തിലൂടെ ഒഴുകുന്ന നൈലിന്റെ തീരങ്ങളിലൂടെ, റാസ് അല്‍ ഖൈമയിലെ മൊട്ടക്കുന്നുകളിലൂടെ, അവിടുത്തെ സിമന്റ് പ്ലാന്റിന്റെ പൊള്ളുന്ന ചൂടിലൂടെ.... ഇപ്പോഴിതാ എങ്ങോട്ടെന്നില്ലാത്ത ഈ യാത്രയില്‍ പെരിന്തല്‍മണ്ണയിലേക്കുള്ള ബസ്സിലിരുന്ന് ഞാന്‍ അന്തമില്ലാതെ ആലോചിച്ചു കൂട്ടുന്നു.
ഒരു ദിവസം നമ്മള് അറുപതിനായിരം മുതല്‍ എണ്‍പതിനായിരം വരെയുള്ള ചിന്തകളിലൂടെ കടന്നു പോവുന്നുവെന്ന് ‘ദ സീക്രട്ട്’ പോലുള്ള മോട്ടിവേഷന്‍ പുസ്തകങ്ങള്‍ പറയുന്നുണ്ടെങ്കിലും, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി 2020-ല്‍ നടത്തിയ ഒരു പഠനം പറയുന്നത് ആറായിരം മുതല്‍ ആറായിരത്തി ഇരുനൂറ് വരെയുള്ള ചിന്തകളിലൂടെ നമ്മളോരോ ദിവസവും കടന്നു പോവുന്നുവെന്നാണ്. ഈ ആറായിരത്തില്‍ പാതിയും ആവര്‍ത്തിക്കുന്ന ചിന്തകളാണ്. പുതിയ ചിന്തകള്‍ അപൂര്‍വമായേ സംഭവിക്കാറുള്ളൂ . ചിന്തിച്ചും ഭക്ഷിച്ചും വിസര്‍ജിച്ചും ഇണചേര്‍ന്നും നമ്മള് ചലിക്കുന്ന ഈ പാതയെ ജീവിതമെന്നു വിളിക്കുന്നു. പറഞ്ഞു പറഞ്ഞ് നിങ്ങളെക്കൂടി ഞാന്‍ ചിന്താക്കുഴപ്പത്തിലാക്കുന്നില്ല.
ബസ്സ് പരവക്കല്‍ അങ്ങാടിയിലേക്ക് എത്താന്‍ പോവുകയാണ്. അവിടെയെത്തുന്നതിന് തൊട്ടുമുമ്പ് റോഡിന്റെ വലതുവശത്തായി ആല്‍മരങ്ങളുണ്ട്. അതിന്റെ വള്ളികളില്‍ തൂങ്ങി ഞാന്‍ ആടിക്കളിച്ചിട്ടുണ്ട് . അത് പണ്ടാണ്. തമിഴ് മണ്ണില്‍ പിറന്നുവീണ് അവിടെ ഉറച്ച എന്റെ വേരുകളെ പിഴുതെടുത്ത് മാതാപിതാക്കള്‍ ഈ നാട്ടില്‍ കൊണ്ട് നട്ട കാലത്താണ് അത്. അന്ന് ഞാനൊരു വീട്ടില്‍ വേലക്കാരനായി ജോലിക്ക് നിന്നിട്ടുണ്ട്. അതിനെക്കുറിച്ച് വിശദമായിത്തന്നെ 'വെറും മനുഷ്യര്‍ ' എന്ന ആത്മകഥയുടെ രണ്ടാം ഭാഗത്തില്‍ എഴുതിയിട്ടുമുണ്ട്.
ആ വീട്ടിലെ മൂത്തമകളായ സുബൈദയെ കല്യാണം കഴിച്ചു കൊണ്ടുവന്നത് ഈ പരവക്കലിലേക്കാണ് . ബസ് ഡ്രൈവറായ ഉമ്മറായിരുന്നു അവളുടെ ഭര്‍ത്താവ്. അവള് വീട്ടിലേക്ക് വിരുന്നു വന്ന് മടങ്ങുന്നത് എന്റെ കൂടെയാണ്. അവള്‍ക്ക് പേടിക്കെന്നും പറഞ്ഞാണ് എന്നെ അയക്കുന്നതെങ്കിലും, അവളായിരുന്നു എന്റെ ധൈര്യം. ബസിന്റെ ബോര്‍ഡുകള്‍ പോലും വായിക്കാനറിയാത്ത ഞാനെന്ന തമിഴന് കുട്ടി വഴി തെറ്റാതിരിക്കാന്‍ അവളെയാണ് ആശ്രയിച്ചത്. എന്റെ കവലയില്‍നിന്ന് ഈ പരവക്കലിലേക്കുള്ള ദൂരം അന്നത്തെ പതിനാലുകാരന് വളരെ വളരെ വലുതാണ്.
അവള് സ്വന്തം വീട്ടിലേക്ക് വിരുന്നു വരുന്നത് ഭര്‍ത്താവിന്റെ കൂടെയാണ്. അവളുടെ വീട്ടില്‍ ലാന്‍ഡ് ഫോണുണ്ടായിരുന്നു. അതു കൊണ്ട് അവള് വരുന്ന വിവരം മുന്‍കൂട്ടി ഉമ്മാനെ അറിയിക്കും. അന്നത്തെ ദിവസം വീട്ടുവേലക്കാരന്റെ മുഷിഞ്ഞ കുപ്പായം അഴിച്ചു വെച്ച് ഞാന്‍ കാര്യസ്ഥന്റെ വൃത്തിയുള്ള കുപ്പായമണിഞ്ഞ് രാവിലെ തന്നെ കവലയില്‍ ചെന്നു നില്ക്കും . അക്കാലത്ത് ഈ റൂട്ടില്‍ ജീപ്പുകള്‍ ഓടിയിരുന്നു. ബസ്സുകള്‍ ആകെ രണ്ടെണ്ണമേ ഉണ്ടായിരുന്നുള്ളൂ. അവളും ഭര്‍ത്താവും മിക്കവാറും ജീപ്പിലാണ് വന്നിറങ്ങുക.
കൂട്ടത്തില്‍ പറയട്ടെ, എന്റെ സഹയാത്രികന്റെ സ്പ്രേയുടെ ഗന്ധം മൂക്കിലേക്ക് തുളച്ച് കയറി എന്റെ തലയാകെ കനം വെപ്പിക്കുന്നുണ്ട്. ഈ ഗന്ധം കുറച്ചു നേരമിങ്ങനെ തുടര്‍ന്നാല്‍ കണ്ണില്‍ ഇരുട്ട് കയറും പോലെ അനുഭവപ്പെടും. പിന്നെ വരുന്നത് ചുഴലിക്കാറ്റ് പോലെ കടുത്ത തലവേദനയാണ്. വന്നു കഴിഞ്ഞാല്‍ അത് ആറേഴ് ദിവസങ്ങള്‍ നീണ്ടു നില്ക്കും. വന്ന അതേസമയത്ത് തന്നെയാണ് പിറ്റേന്നും ആ ചുഴലിക്കാറ്റ് വരുന്നത്. ആദ്യമൊക്കെ തലയ്ക്ക് അങ്ങനെ കനം വെയ്ക്കുമ്പോള്‍ ഞാന്‍ വായില്‍ വിരലിട്ട് ഛര്‍ദ്ദിക്കുമായിരുന്നു. ഛര്‍ദ്ദിച്ചു കഴിഞ്ഞാല്‍ കുറച്ചു നേരത്തേക്ക് നല്ല ആശ്വാസം കിട്ടും . സംഗതി മൈഗ്രൈന്‍ ആണെന്ന് മനസ്സിലായത് മുതല്‍ അത് ഷൂട്ട് ചെയ്യാനുള്ള സാഹചര്യം കഴിയുന്നതും ഞാന്‍ ഒഴിവാക്കും. വെയില് കൊണ്ടാല്‍, ടെന്‍ഷനടിച്ചാല്‍, രാത്രിയില്‍ ഏറെ നേരം വായിച്ചാല്‍, ഫോണിന്റെ വെളിച്ചത്തിലേക്ക് കുറച്ചു നേരം നോക്കിയാല്‍ , കടുംസുഗന്ധങ്ങള് മണത്താല്‍, ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ കേട്ടാല്‍ ഉടന്‍ മൈഗ്രയിന് അതിന്റെ ട്രിഗര്‍ വലിക്കും.
ഇനിയും ഇവിടെയിരുന്നാല്‍ തലവേദന കൂടുമെന്നതിന് യാതൊരു സംശയവുമില്ല. ബസ്സില്‍ നല്ല തിരക്കാണെങ്കിലും ഞാന്‍ സീറ്റില്‍നിന്ന് എഴുന്നേല്ക്കാന് തീരുമാനിക്കുകയാണ്. നോക്കുമ്പോള്‍ ഒരു മുതിര്‍ന്ന പൗരന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഞെങ്ങിഞെരുങ്ങി നില്‍ക്കുകയാണ്. ഞാന്‍ അദ്ദേഹത്തെ നോക്കി വിനയാന്വിതനും നന്മമരവുമായി വേഷം മാറി പറയുകയാണ്.
' ഏട്ടന് ഇവിടെയിരുന്നോളൂ ....'
നടുക്കടലില്‍ പെട്ടവന് ബോട്ട് കിട്ടിയ പോലെ അദ്ദേഹം മനസ്സ് തുറന്ന് ചിരിക്കുകയാണ്. അതിനിടയില്‍ ബസ് വളവ് തിരിഞ്ഞപ്പോള്‍ അദ്ദേഹം വീഴാന്‍ പോവുകയാണ്. പക്ഷേ, വീഴില്ല. ബസ്സില്‍ അത്രയ്ക്ക് തിരക്കാണ്. തന്റെ ദേഹത്തെ സ്പ്രേ മണം കാരണമാണ് ഞാന്‍ സീറ്റൊഴിയുന്നതെന്ന് മനസ്സിലാവാത്ത എന്റെ സഹയാത്രികന് എന്നെ പുച്ഛത്തോടെ നോക്കിയിട്ട് ,ആ മുതിര്‍ന്ന പൗരന് തന്റെ ഇരിപ്പിടം ഒഴിഞ്ഞു കൊടുത്ത് സംതൃപ്തിയുടെ ചിരി ചിരിക്കുകയാണ്. എന്നെക്കാള്‍ പ്രായം കുറവാണ് അയാള്‍ക്ക്. അപ്പോള്‍ പിന്നെ ഞാന്‍ എഴുന്നേറ്റ് നന്മമരമാവുന്നത് അയാള്‍ക്ക് സഹിക്കില്ലല്ലോ. അങ്ങനെ നീയിപ്പോള്‍ ഗോളടിക്കേണ്ട എന്ന ഭാവത്തില്‍ അയാള്‍ എഴുന്നേറ്റു നിന്ന് എന്നെ നോക്കുകയാണ്. തിരക്കിനിടയില്‍ ഒരു വിധം സീറ്റിലേക്ക് ഇരുന്ന ആ മുതിര്‍ന്ന പൗരന് എനിക്ക് അര്‍ഹതയില്ലാത്ത ചിരി അയാള്‍ക്ക് കൈ മാറുകയാണ് . എന്റെ മൈഗ്രയിന് ഇനി കൂടില്ലെന്ന് ഞാന്‍ ആശ്വസിക്കുകയാണ്.
ബസ്സ് പരവക്കല്‍ അങ്ങാടിയില്‍ നിര്‍ത്താതെ നേരെ പോവുകയാണ്. ബസ്സില്‍ ഇനിയൊരിഞ്ച് ഇടമില്ലാത്തതല്ല അതിന് കാരണം, പുറത്ത് കൂട്ടം കൂടി നില്ക്കുന്ന വിദ്യാര്‍ത്ഥികളെ കയറ്റാന്‍ മടിച്ചിട്ടാണ്. പാതയോരത്തു കൂടി ഒരു പത്ത് വയസ്സുകാരന് ആറു വയസ്സുകാരിയുടെ കയ്യും പിടിച്ച് നടക്കുകയാണ്. രണ്ടു പേരുടെയും ചുമലുകളില്‍ വിദ്യ അഭ്യസിക്കാനുള്ള ഉരുപ്പടികള്‍ അടങ്ങിയ ബാഗുണ്ട് .എനിക്ക് ഉറപ്പിച്ച് പറയാന്‍ പറ്റും, അത് അവന്റെ അനിയത്തിയാണെന്ന്. ഏട്ടന് എന്ന നിലയ്ക്കുള്ള അധികാരഭാവം ആ മുഖത്തെ നിഷ്കളങ്കതയ്ക്കിടയിലും തെളിഞ്ഞ് കാണാനാവുന്നുണ്ട്. ഇനി റോഡ് മുറിച്ചു കടക്കുമ്പോള്‍ അവന് അനിയത്തിയോട് ആഞ്ജകള്‍ പുറപ്പെടുവിക്കും. ഏട്ടന്റെ കരുതലായി കരുതി അനിയത്തി അതൊക്കെ അനുസരിക്കും. മുതിര്‍ന്നവര്‍ കുട്ടികളോട് കാണിക്കുന്ന അധികാരം നല്ലോണം അനുഭവിച്ചവനാണ് ഞാന്‍. ഓരോ വ്യക്തിയിലും അധികാരം എന്ന മാലിന്യം ഒളിഞ്ഞിരിപ്പുണ്ട്. അവസരം കിട്ടുമ്പോള്‍ അത് അവര്‍ പോലുമറിയാതെ പുറംചാടുക തന്നെ ചെയ്യും.
അത്തരമൊരു അധികാരം കവലയില്‍ ജീപ്പിറങ്ങുന്ന ഉമ്മറെന്ന ഡ്രൈവറിലും ഞാന്‍ കണ്ടതാണ്. അത് ഭര്‍ത്താവെന്ന നിലയ്ക്കുള്ള അധികാരമാണ്. അയാളോടൊപ്പം കവലയിലെ അബ്ദു കാക്കാന്റെ ചായക്കടയിലിരുന്ന് തല താഴ്ത്തിപ്പിടിച്ച് ചായ കുടിക്കുന്ന സുബൈദയല്ല, പിന്നീട് എന്റെയൊപ്പം ആ കുന്നിറങ്ങുമ്പോള്‍ കളിചിരികള്‍ പറയുന്ന സുബൈദ. സ്വന്തം വീടിനുള്ളില്‍ ഒച്ചയും ബഹളവുമായി ഓടി നടന്ന് പാട്ടും പാടി കിടന്നുറങ്ങിയിട്ട്, പിറ്റേന്ന് നേരം ഉച്ചയായാലും എഴുന്നേല്‍ക്കാത്ത സുബൈദ. അയാള്‍ അന്നൊക്കെ ഭാര്യ വീട്ടിലേക്ക് വരാത്തത് തന്റെ ജോലിത്തിരക്ക് കാരണമാവുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. അത് അയാളുടെ അമ്മായിയമ്മയുടെ സ്വഭാവദൂഷ്യം കൊണ്ടാണെന്ന് മനസ്സിലാക്കാന്‍ എനിക്ക് പിന്നെയും കുറെ കൂടി വളരേണ്ടി വന്നു.
വീട്ടില്‍ ഒരാഴ്ച്ചയോളം നിന്നിട്ട് ഭര്‍ത്താവിന്റെ അടുത്തേക്ക് മടങ്ങിപ്പോവുന്ന സുബൈദാക്ക് പഴയ കളിചിരികള്‍ നഷ്ടമായിട്ടുണ്ടാവും. പറങ്കിമാവുകള്‍ ഇരുള് വീഴ്ത്തിയ ആ കുന്നു കയറി കവലയില്‍ എത്തുവോളം അവള് തല താഴ്ത്തിപ്പിടിച്ച് നടക്കും. ഞാന്‍ എന്തെങ്കിലും ചോദിച്ചാല്‍ അതിന് മറുപടി പറയില്ല. ഞാന്‍ വല്ലാതെ ശല്യം ചെയ്താല്‍ അവള് പറയും.
'മിണ്ടാതെ നടന്നോ ബലാലേ... ല്ലെങ്കി അന്റെ ചെള്ള വീങ്ങും.'
അവളെന്നെ അടിച്ചേക്കുമെന്ന് ഞാന്‍ ഭയക്കും. ഒന്നും മിണ്ടാതെ ഞാനവളുടെ പിന്നാലെ നടക്കും. കവലയിലെത്തിയാല്‍ അബ്ദു കാക്കാന്റെ സമോവര്‍ ചായയുടെ രുചി എന്നെ മാടി വിളിക്കും. പക്ഷേ, ഭര്‍ത്താവില്ലാതെ സുബൈദ ഒരിക്കല്‍ പോലും ആ ചായക്കടയിലേക്ക് കയറിയിട്ടില്ല. കവലയില്‍ നിന്നാല്‍ ചിലപ്പോള്‍ കോട്ടക്കല്നിന്ന് പെരിന്തല്‍മണ്ണ വരെ പോവുന്ന ടാക്സി ജീപ്പില്‍ സീറ്റ് കിട്ടും. അത് കിട്ടിയില്ലെങ്കില്‍ പടപ്പറമ്പ് വരെയുള്ള ജീപ്പില്‍ ഞങ്ങള്‍ കയറും. ഒരാള്‍ക്കേ സീറ്റുള്ളൂവെങ്കില് ഞാന്‍ അവളുടെ മടിയിലിരിക്കും. എന്നിട്ട് പടപ്പറമ്പില്‍ ഇറങ്ങി, പാങ്ങ്, ചേണ്ടി വഴി വരുന്ന ബസ്സില്‍ കയറി പരവക്കലിലെത്തും.
ആല്മരങ്ങള് നിന്ന ഇടത്തിന് നേരെ എതിര്‍വശത്താണ് അവളുടെ ഭര്‍ത്താവിന്റെ വീട്. അവിടെ എനിക്കൊരു വേലക്കാരന്റെ വിലയല്ല, സുബൈദയുടെ അനിയന്റെ വിലയാണ് എക്കാലത്തും കിട്ടിയത്. ആ വീട്ടിലെ ഉമ്മ നല്ലോണം പാലൊഴിച്ച ചായയും മിക്ചറും കപ്പ് കേക്കുമൊക്കെ എന്റെ മുമ്പില്‍ കൊണ്ടു വെയ്ക്കും. ഉള്ളിലെ ആര്‍ത്തി അടക്കിക്കൊണ്ട് ഞാന്‍ സുബൈദ പറഞ്ഞു പഠിപ്പിച്ചത് പോലെ അര ഗ്ലാസ് ചായയും ഒരു കേക്കും മാത്രമേ എടുക്കുകയുള്ളൂ. കൊണ്ടുവച്ചത് മുഴുവന്‍ അനക്ക് തിന്നാനാണെന്ന് എന്നും ആ ഉമ്മ പറയും. പക്ഷേ, സുബൈദ പറയുന്നത് ഞാനങ്ങനെ ആക്രാന്തം കാട്ടി മുഴുവന്‍ തിന്നാല്‍ അവള്‍ക്ക് നാണക്കേടാണെന്നാണ്.
വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ക്യാന്‍സര്‍ ബാധിച്ച് മരിച്ച അവളുടെ മൃതദേഹം ഞങ്ങളുടെ പള്ളിയിലേക്ക് മയ്യത്ത് നിസ്കാരത്തിനും ഖബറടക്കത്തിനുമായി വിലാപയാത്രയായി കൊണ്ടു വരുമ്പോള്‍ ഞാന്‍ കവലയിലുണ്ടായിരുന്നു .
സൈക്യാട്രിക് മരുന്നുകള്‍ തളര്‍ത്തിയ തലച്ചോറുമായി ഞാനാ വിലാപയാത്ര നോക്കി നിന്നു. അപ്പോള്‍ എന്നെ കൂട്ടിപ്പിടിച്ച് കുന്നിറങ്ങുന്ന അവളുടെ തണുത്ത വിരലുകളുടെ സ്പര്‍ശം ഞാനറിഞ്ഞു. രാവിലെ അവള്‍ക്കുള്ള ചായയുമായി ഞാന്‍ കോണി കയറി ചെല്ലുമ്പോള്‍ എന്നെ പിടിച്ച് വലിച്ച് ഒപ്പം കിടത്തി ഒരു പൂച്ചക്കുട്ടിയെ പോലെ ലാളിക്കുന്ന അവളിലെ ഉമ്മയെ ഞാന്‍ കണ്ടു. കുട്ടികളില്ലാതെയാണ് അവളീ ഭൂമി വിട്ടു പോയത്. തനിക്ക് ഗര്‍ഭം ധരിക്കാനോ പ്രസവിക്കാനോ കഴിയില്ല എന്നുള്ള തിരിച്ചറിവില്‍ അവള് ഭര്‍ത്താവിനെ രണ്ടാം കെട്ടിന് സമ്മതിക്കുക മാത്രമല്ല, അതിന് നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. എല്ലാം ഇപ്പോള്‍ പള്ളിക്കാട്ടില്‍ വിശ്രമം കൊള്ളുകയാണ്. എന്നിലെ പതിനാലുകാരന് ആ ആല്‍മരത്തിന്റെ വള്ളികളില്‍ പിടിച്ച് ഊഞ്ഞാലാടുകയാണ്. തുറന്നിട്ട ജാലകത്തിലൂടെ അമ്മയാവാന്‍ കഴിയാത്ത ഒരു സ്ത്രീയുടെ സങ്കടങ്ങള്‍ വാത്സല്യത്തോടെ എന്നെ വന്ന് തൊടുകയാണ്. എന്റെ നെഞ്ച് കനക്കുകയാണ്. ഞാന്‍ കണ്ണുകള്‍ ഇറുക്കി അടക്കുകയാണ്. പുറത്തേക്ക് ഒഴുകാതെ ഉള്ളില്‍ അടക്കിപ്പിടിച്ച കണ്ണീരിന്റെ നദി കലങ്ങുകയാണ്. അതിന് നാല്പത്തിയാറ് വര്‍ഷത്തെ പഴക്കവും ഉപ്പ് രുചിയുമുണ്ട് പ്രിയപ്പെട്ട വായനക്കാരാ...
എഴുന്നേറ്റെങ്കിലും എന്റെയാ സഹയാത്രികന് സീറ്റിന് തൊട്ടടുത്തുള്ള കമ്പിയില്‍ ചാരി നില്‍ക്കുന്നുണ്ട്. ആ കടുംസുഗന്ധം മൂക്കിലേക്ക് അരിച്ച് കയറുന്നുമുണ്ട്. അയാളെ ആരെങ്കിലും അവിടെനിന്ന് തിക്കിയോ തിരക്കിയോ മാറ്റിയെങ്കിലെന്ന് എന്നിലെ മൈഗ്രൈന്‍ രോഗി ആഗ്രഹിച്ചു പോവുകയാണ്. പക്ഷേ, എപ്പോഴും നമ്മുടെ ആഗ്രഹങ്ങള്‍ നടക്കാറില്ലല്ലോ. എല്ലാ ആഗ്രഹങ്ങളും സാധിച്ചു കിട്ടിയാല്‍ ജീവിതം വല്ലാതെ വിരസമായിപ്പോവില്ലേ? അതിനെപ്പറ്റി നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വെയില് കൊറേ കൊള്ളുമ്പഴേ തണലിന്റെ വിലയറിയൂ. വാടകവീട്ടില്‍ താമസിക്കുമ്പോഴേ സ്വന്തമായൊരു മേല്‍ക്കൂരയുടെ മൂല്യവും സുരക്ഷിതത്വവും അനുഭവിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാണ് ഞാനീ ഭൂമിയില്‍ സ്വന്തമായി ഒരു വീട് നേടിയെടുക്കുക എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടുത്തം കിട്ടുന്നില്ല. എന്റെ ഏതെങ്കിലുമൊരു പുസ്തകം ഒരു ലക്ഷത്തിലധികം കോപ്പികള്‍ വിറ്റു പോയാല്‍ അത് സാധിക്കും. ഒന്നല്ല രണ്ടും മൂന്നും ലക്ഷം പുസ്തകങ്ങള്‍ വിറ്റു പോയ എഴുത്തുകാര്‍ മലയാളത്തിലുണ്ട്. അവരോട് എനിക്ക് കടുത്ത അസൂയയുമുണ്ട്.
വേറെ വല്ല തൊഴിലെടുത്തോ ബിസിനസ് ചെയ്തോ സമ്പാദിച്ച് വലിയ വീടുകള്‍ പണിയുന്നവരോട് എനിക്കാ അസൂയയില്ല താനും. അതിന്റെ കാരണം എഴുത്തുപണി എനിക്ക് കുറച്ചെങ്കിലും അറിയാവുന്നത് കൊണ്ടാവും. പക്ഷേ, വായനക്കാര്‍ സ്വീകരിക്കാതെ എഴുത്തുകാരന് രക്ഷയില്ലല്ലോ. എഴുത്തില്‍നിന്ന് എന്റെയത്ര പോലും വരുമാനം കിട്ടാത്തവര്‍ മലയാളത്തില്‍ ഉണ്ടെന്നതാണ് ആശ്വാസം. അസൂയയടക്കം എന്നില്‍ കുടികൊള്ളുന്ന മറ്റനേകം അധമവികാരങ്ങളെ കുറിച്ച് എന്റെ വായനക്കാര്‍ അറിയുന്നില്ല എന്നതും ആശ്വാസമാണ്. അതൊക്കെ അറിഞ്ഞു കഴിഞ്ഞാല്‍ ഇപ്പോളെന്നെ സ്നേഹത്തോടെ 'അബ്ബാസ്ക്കാ.... ' എന്ന് വിളിക്കുന്നവരുടെയും നേരില്‍ കാണുമ്പോള്‍ എന്നെ കെട്ടിപ്പിടിക്കുന്നവരുടെയും അവസ്ഥ എന്താവും ?
എന്റെ പൊന്ന് സുഗന്ധയാത്രക്കാരാ.… നിങ്ങള്‍ക്ക് കുറച്ചു കൂടി മുമ്പോട്ടോ പിമ്പോട്ടോ നീങ്ങി നിന്നൂടേ? എങ്കില്‍ എനിക്കത് എത്ര വലിയ ആശ്വാസമാവുമായിരുന്നു. പക്ഷേ, അയാള്‍ അറിയുന്നില്ലല്ലോ ഒരു മൈഗ്രൈന്‍ രോഗിയുടെ ആത്മസംഘര്‍ഷങ്ങള്‍. ബസ്സിലായാലും ട്രെയിനിലായാലും, വീട്ടിലായാലും വേദിയിലായാലും സദസ്സിലായാലും നമ്മള് എപ്പോഴും നമ്മളെ ഒന്നാം സ്ഥാനക്കാരനായി കണ്ട് മറ്റുള്ളവര്‍ക്ക് മാര്‍ക്കിടാറാണ് പതിവ്. അല്ലെങ്കില്‍ 'ഞാന്‍' എന്ന ഭാവത്തില്‍ ഉറച്ചു നിന്നുകൊണ്ട് മറ്റുള്ളതിനെയെല്ലാം നോക്കിക്കാണുന്നു. വെറുതെയല്ല എന്റെയുമ്മ പറഞ്ഞിരുന്നത്, 'ചിന്തിച്ചാല്‍ ഒര് അന്തവുമില്ലെന്ന്.' യാതൊരു ചിന്തയുമില്ലാത്ത കുന്തത്തിലേക്ക് എത്താന്‍ ഞാന്‍ ഏത് ബോധിവൃക്ഷത്തിലേക്കാണ് യാത്രയാവേണ്ടത്? അങ്ങനെയൊരു ബോധിമരം കണ്ടെത്തിയാലും അവിടെയും ഞാനെന്ന ഭാവം തന്നെയാവും എന്നില്‍ മുന്നിട്ട് നില്ക്കുക.
ബസ്സിനി നിര്‍ത്താനുള്ള പ്രധാന സ്റ്റോപ്പ് പുഴക്കാട്ടീരിയാണ്. അവിടെ പുഴയും കാടും ഉണ്ടോ എന്നറിയില്ല. 'കാടാമ്പുഴ 'യില്‍ അത് രണ്ടും ഇല്ലല്ലോ. ആരാവും സ്ഥലങ്ങള്‍ക്കൊക്കെ ഉചിതവും അല്ലാത്തതുമായ പേരുകള്‍ ഇടുന്നത്? കോട്ടക്കല്നിന്ന് കുറച്ചു മാറി ഒരു 'ഒട്ടകപ്പടി' യുണ്ട്. ആ സ്ഥലത്തിന് അങ്ങനെയൊരു പേര് വരാന്‍ കാരണം അവിടുത്തെ ഒരു വലിയ വീട്ടിലെ മകന്റെ കല്യാണത്തിന് ഒട്ടകബിരിയാണി വെച്ചതാണ്. അന്നും ഇന്നും നാട്ടില്‍ ഒട്ടകത്തിന്റെ ഇറച്ചി അപൂര്വവസ്തുവാണല്ലോ. ഗള്ഫിലായിരുന്നപ്പോള് ആ ഇറച്ചിയുടെ രുചിയറിയാന്‍ ഞാനത് കഴിച്ചു നോക്കിയിട്ടുണ്ട്. വല്ലാത്ത ഉറപ്പും കട്ടിയുമുള്ള നാരുകള്‍ ചവയ്ക്കുന്ന പോലെയാണ് എനിക്കനുഭവപ്പെട്ടത്. കടിച്ചെടുത്ത ചെറിയ തുണ്ടം തന്നെ ചവച്ച് തീര്‍ക്കാന്‍ പ്രയാസപ്പെട്ടത് കൊണ്ടും നനഞ്ഞ മണലിന്റെ മണമുള്ളതു കൊണ്ടും ഞാനത് മുഴുവന്‍ തിന്നാതെ പുറത്തേക്ക് തുപ്പിക്കളയുകയാണ് ചെയ്തത്.
മകന്റെ വിവാഹം ഗംഭീരമായി നടത്താന്‍ തീരുമാനിച്ച ആ വീട്ടുകാര്‍ ഒട്ടക ഇറച്ചി കൊണ്ട് ബിരിയാണി വെയ്ക്കുക മാത്രമല്ല ചെയ്തത്. ഒട്ടക ബിരിയാണി കഴിക്കാന്‍ കല്യാണത്തിന് എല്ലാവരെയും ക്ഷണിച്ചു കൊണ്ട് പത്രത്തില്‍ പരസ്യവും കൊടുത്തു. അതിരാവിലെ മുതല്‍ ആ വീട്ടിലേക്ക് ആളുകള്‍ പ്രവഹിച്ചു. ആദ്യമൊക്കെ വീട്ടുകാര്‍ക്ക് ആ ആള്‍ക്കൂട്ടം കണ്ട് വല്ലാത്ത സംതൃപ്തി തോന്നിയിരിക്കണം. മൊബൈല്‍ ഫോണ്‍ വന്നിട്ടില്ലാത്ത കാലമാണ്. കല്യാണത്തിന് വീഡിയോ ക്യാമറ ഉണ്ടായിരുന്നു. രണ്ടാളുകള്‍ രണ്ട് വശത്തു നിന്ന് ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു.
ഒരാളുടെ പൊക്കവും അതിനു മുകളില്‍ കൂര്‍ത്ത കമ്പികളുമുള്ള കൂറ്റന്‍ മതിലുണ്ടായിരുന്നു ആ വീടിന്. പത്ത് മണി ആയപ്പഴേക്കും ആളുകളുടെ തള്ളിക്കയറ്റം കാരണം ഭക്ഷണം വിളമ്പേണ്ടി വന്നു. ഞാനാ വീടിന്റെ തൊട്ടപ്പുറത്തുള്ള അങ്ങാടിയിലെ ഒരു ബില്‍ഡിങ്ങില്‍ പെയിന്റ് പണി എടുക്കുന്നുണ്ടായിരുന്നു. ബുദ്ധിജീവി പട്ടം കളഞ്ഞുള്ള യാതൊരു കലാപരിപാടികള്‍ക്കും തയ്യാറല്ലാത്ത ഞാന്‍, കല്യാണവീട്ടിലേക്കുള്ള ആ ഘോഷയാത്ര ചുമ്മാ നോക്കി നിന്നു. എന്നിട്ട് അസൂയ കാരണം 'വെറും പിരാന്തെന്ന് ' പറഞ്ഞ് ആ കല്യാണത്തെ ഉള്ളില്‍ പരിഹസിക്കുകയും ചെയ്തു.
ആദ്യ പന്തി കഴിയും മുമ്പ് തന്നെ മൂന്ന് പന്തിക്കുള്ള ആളുകള്‍ കല്യാണവീടിന്റെ വിശാലമായ മുറ്റത്തും പറമ്പിലും റോഡിലും എത്തിക്കഴിഞ്ഞിരുന്നു. മൂന്ന് പ്രധാന താരങ്ങളുടെ സിനിമ ഒറ്റ തിയേറ്ററില്‍ ഒന്നിച്ച് റിലീസായാല്‍ പോലും അക്കാലത്ത് അത്രയും തിരക്കുണ്ടാവുമായിരുന്നില്ല. ഒന്നാം പന്തിയിലെ ആളുകള്‍ ഭക്ഷണം കഴിച്ചു തീരും മുമ്പ് തന്നെ പന്തലിനു ചുറ്റും വമ്പന്‍ ജനക്കൂട്ടമായിരുന്നു .
അവര്‍ അകത്തേക്ക് തള്ളിക്കയറാന്‍ തുടങ്ങി. സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഒക്കെ ഉണ്ടായിരുന്നു ആ കല്യാണത്തിന്. അവരെയാണ് നാട്ടുകാര്‍ ആദ്യം എടുത്ത് പുറത്തേക്കിട്ടത്. പിന്നെ വീഡിയോ ഷൂട്ട് ചെയ്യുന്നവരെ. മുഴുവന്‍ കഴിച്ചു തീരും മുമ്പ് തന്നെ പലര്‍ക്കും ആ തിരക്ക് കാരണം പന്തിയില്‍നിന്ന് എഴുന്നേല്‍ക്കേണ്ടി വന്നു. അപ്പഴേക്കും അടുത്ത കൂട്ടര് ഇരുപ്പുറപ്പിച്ച് ഒട്ടക ബിരിയാണിക്കായി ആക്രാന്തം കാട്ടി.
മതിലില്‍ ഘടിപ്പിച്ച കൂര്‍ത്ത കമ്പികളൊക്കെ ആളുകള്‍ കൂട്ടം ചേര്‍ന്ന് വലിച്ച് പറിച്ച് താഴേക്കിട്ടു. കമ്പി വെക്കാത്ത വടക്കേ ഭാഗത്തെ മതില് പൊളിഞ്ഞു . ഗെയിറ്റിന്റെ കുറ്റിയും കൊളുത്തുമൊക്കെ പില്ലറില്‍നിന്ന് പറിഞ്ഞു പോന്നു . അതുവരെ കഴിച്ചിട്ടില്ലാത്ത ഭക്ഷണത്തിന്റെ രുചി അറിയാനായി ജനം ആ വീടിന്റെ മുമ്പില്‍ കൂട്ടം കൂടി നിന്ന് ബഹളമുണ്ടാക്കി. ആര്‍പ്പ് വിളിച്ചു.
സംഗതി വീട്ടുകാരുടെ കൈവിട്ടു പോവാന്‍ കുറച്ചു സമയം കൂടിയേ വേണ്ടി വന്നുള്ളൂ. ഭക്ഷണം കഴിക്കുന്ന ഇടത്തും മറ്റു പന്തലുകളിലും കുത്തി നിര്‍ത്തിയിരുന്ന ഫാനുകളൊക്കെ ആളുകള്‍ പുറത്തേക്ക് എടുത്തെറിഞ്ഞു. പത്രപ്പരസ്യം കണ്ട് വന്നവരായിരുന്നു അക്കണ്ട ആളുകളൊക്കെ. കൗതുകത്തിനും രസത്തിനും ആകാംക്ഷക്കും അപ്പുറം ഒട്ടക ബിരിയാണിക്ക് വേണ്ടിയുള്ള ആ തിരക്ക് ദുര്‍ബലരെ തളളിയിട്ടു. താഴെ വീണവരുടെ നെഞ്ചിലും വയറ്റിലും ചവിട്ടി ബലമുള്ളവര്‍ മുമ്പോട്ടു പോയി. ഭക്ഷണം വിളമ്പിയിരുന്ന പണിക്കാര് കളി കാര്യമാവുന്നത് കണ്ട് ഓരോരുത്തരായി പിന്‍വലിയാന്‍ തുടങ്ങി. അവരുടെ കയ്യിലെ ബിരിയാണി വിളമ്പിയ വലിയ തളികകള്‍ അപ്പാടെ തട്ടിപ്പറിച്ച് മനുഷ്യര്‍ ആള്‍ക്കൂട്ടത്തിലേക്ക് അപ്രത്യക്ഷമായി. അതില്‍ കയ്യിട്ടു വാരി ഭക്ഷണം കഴിക്കുന്നവരുടെ അവസ്ഥ ഒരു നിമിഷം കണ്ണടച്ച് നിങ്ങളൊന്ന് സങ്കല്‍പ്പിച്ച് നോക്കൂ....
വിശപ്പ് കാരണം ഭക്ഷണം തേടി വന്നവരല്ല അവര്‍. നാട്ടിലങ്ങും അക്കാലത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത ഒട്ടക ബിരിയാണിയുടെ പത്രപ്പരസ്യം കണ്ടു വന്നവരാണ്. അവര്‍ തമ്മില്‍ വഴക്കിട്ടു, ചീത്ത വിളിച്ചു, ഉന്തിയിട്ടു. വീണവരില്‍ ചിലര്‍ വീഴാത്തവരുടെ കാല് പിടിച്ച് എഴുന്നേല്ക്കാന് നോക്കി അവരെയും കൂടി തള്ളിയിട്ടു. മൂന്നാമത്തെ പന്തിയും വിളമ്പി കഴിഞ്ഞപ്പഴേക്കും ഒട്ടക ബിരിയാണികളുടെ ചെമ്പ് കാലിയായി കഴിഞ്ഞിരുന്നു. പിന്നെയും നാലഞ്ച് പന്തിക്കുള്ള ആളുകള്‍ പുറത്ത് ബഹളം വച്ച് അലറി വിളിക്കുകയാണ്...
സാധനം തീര്‍ന്നു എന്ന വിവരം പെട്ടെന്ന് തന്നെ ചോര്‍ന്നു. അതോടെ ആള്‍ക്കൂട്ടം വയലന്റായി. അവരാ വീട്ടുകാരെ ഉച്ചത്തില്‍ ചീത്ത വിളിച്ചു . ഇതിനിടയില്‍ ഏതോ വിരുതന് ആള്‍ക്കൂട്ടത്തിലൂടെ ജീപ്പ് മുമ്പോട്ടെടുത്ത് മതിലില്‍ കൊണ്ടിടിച്ച് മതില് പൊളിച്ചു. അപ്പോഴേക്കും വിവരം പോലീസ് സ്റ്റേഷനില്‍ എത്തിക്കഴിഞ്ഞിരുന്നു. ആര്‍ക്കുമാര്‍ക്കും തികയാതെ പോയ ആ ഒട്ടക ബിരിയാണിയുടെ പേരില്‍ അന്ന് പോലീസിന് ആള്‍ക്കൂട്ടത്തിന്റെ നേര്‍ക്ക് ലാത്തി വീശേണ്ടി വന്നു. ആളുകള്‍ ലാത്തി കൊണ്ടുള്ള അടി പേടിച്ച് മെല്ലെ മെല്ലെ പിരിഞ്ഞു പോയി. അങ്ങനെ ആ വീട് നില്ക്കുന്ന ഇടത്തിന് 'ഒട്ടകപ്പടി ' എന്ന പേര് വീണു. പേര് വീണപ്പോള്‍ അവിടെ അതേ പേരിലുള്ള ബസ് സ്റ്റോപ്പുണ്ടായി. ആളുകള്‍ ഇന്നും ആ ഒട്ടകപ്പടിയില് ബസ് കാത്ത് നില്‍ക്കാറുണ്ട്. ബസ്സുകള്‍ ഒട്ടകപ്പടിയില് നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നുമുണ്ട്...
Content Highlights: Explore the essence of life as movement, from childhood`s first steps to the vastness of global journeys. Discover personal stories, migrant experiences, and the relentless drive of existence.
Published: 10 Dec 2025, 11:30 am IST
ABOUT THE AUTHOR
എഴുത്തുകാരൻ. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ പെരുംചിലമ്പ് ഗ്രാമത്തിൽ ജനിച്ചു. എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. സ്റ്റീൽപ്ലാന്റിലെ ഖലാസി, ഹോട്ടൽ ശുചീകരണത്തൊഴിലാളി, പെയിന്റിങ് തൊഴിലാളി എന്നിങ്ങനെ പലതരം ജോലികളിൽ ഏർപ്പെട്ടു. വിശപ്പ് പ്രണയം ഉന്മാദം, ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയില്‍, ഒരു പെയിന്റ് പണിക്കാരന്റെ സഞ്ചാരങ്ങള്‍, ഹലീമ, കാല്മോറാ മഹല്‍ തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
.Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented