ബാബുവേട്ടന്‍ ചൂരലു കൊണ്ട് പെരുക്കിയപ്പോള്‍ ശരിക്കും രണ്ടായിട്ട് മുറിഞ്ഞുപോയി. എന്നിട്ടും മുറികൂടുമെന്ന് ഞങ്ങള്‍ക്ക് പേടിയായിരുന്നു. തല മാത്രമാണെങ്കിലും പാഞ്ഞ് വന്ന് കൊത്തുമെന്നും.

പ്രതീകാത്മക ചിത്രം
ഭയം എന്ന വികാരം എല്ലാ മനുഷ്യനിലും അന്തര്‍ലീനമാണ്. അതിന്റെ അളവ് കുറഞ്ഞും ഏറിയും ഒക്കെ ഇരുന്നാലും എത്രയൊക്കെ മൂടിവെച്ചാലും ഏതെങ്കിലുമൊക്കെ സന്ദര്‍ഭങ്ങളിലെങ്കിലും അത് പ്രകടമാകാതിരിക്കുകയുമില്ല. ഭയമെന്ന വികാരം തൊട്ടുതീണ്ടിയിട്ടില്ലാത്തവരെന്ന് ഘോഷിക്കുന്ന ചരിത്രപുരുഷന്മരെക്കുറിച്ച് പറയാൻ എനിക്കാവില്ല. കാരണം എന്റെ ജീവിതത്തില്‍ ഭയത്തിന് എന്നും വല്ലാത്ത സ്വാധീനം ഉണ്ടായിരുന്നെന്ന് സമ്മതിക്കാതെവയ്യ. ജീവിതത്തില്‍ ഭയന്ന് വിവശനായിപ്പോയിട്ടുള്ള ഒന്നിലധികം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നത് സത്യവുമാണ്. കാട്ടില്‍ വച്ച് കൂടുതല്‍ അവസരങ്ങളിലും ഞെട്ടിവിറച്ചു പോയിട്ടുള്ളത് കാട്ടാനകളുടെ സാന്നിധ്യം പെട്ടെന്നറിഞ്ഞപ്പോഴോ ആനകള്‍ വിരട്ടി ഓടിച്ചപ്പോഴോ ഒക്കെ ആയിരുന്നു. ശരിക്കും വനം വകുപ്പിലെ ജോലിയില്‍ കയറുന്നതിന് മുമ്പുണ്ടായ അത്തരമൊരു സന്ദര്‍ഭം പറഞ്ഞ് കൊണ്ട് കഥയിലേയ്ക്ക് കടക്കാം.
കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് ബിരുദം കഴിഞ്ഞ് തൊഴിലന്വേഷിച്ച് നടക്കുന്ന സമയം. ഫോറസ്ട്രി ബിരുദ വിഷയമായി കാര്‍ഷിക സര്‍വകലാശാല ഉള്‍പ്പെടുത്തിയത് 1986-ല്‍ ആണ്. രണ്ട് വര്‍ഷം കഴിഞ്ഞാണ് എനിക്ക് കോഴ്‌സിന് അഡ്മിഷന്‍ ലഭിക്കുന്നത്. തൃശൂര്‍ വെള്ളാനിക്കരയിലെ ഇന്നത്തെ വിശാലമായ ഫോറസ്ട്രി കോളേജ് കെട്ടിടവും പരിസരങ്ങളും ആധുനിക സൗകര്യങ്ങളും ലാബുകളും ഒക്കെക്കാണുമ്പോള്‍ ബാലാരിഷ്ടതകള്‍ നിറഞ്ഞ അന്നത്തെ കോളേജും ക്ലാസ്സുകള്‍ നടത്താന്‍ പോലും സൗകര്യമോ ആവശ്യത്തിനുള്ള അധ്യാപകരോ ഇല്ലാതിരുന്ന ആ പഴയകാലം ആണ് മനസ്സില്‍ ഓടിയെത്തുന്നത്. അന്നൊക്കെ പല ക്ലാസ്സുകളും വെള്ളാനിക്കര തന്നെയുള്ള ഹോര്‍ട്ടിക്കള്‍ച്ചറല്‍ കോളേജിലും മണ്ണുത്തിയിലെ വെറ്റിറിനറി കോളേജിലും ആയിരുന്നു നടത്തിയിരുന്നത്. പഠിച്ചിറങ്ങിയാല്‍ തീര്‍ത്തും അനിശ്ചിതത്വം നിറഞ്ഞ ഒരു ഭാവി മുന്നില്‍ക്കണ്ടാണ് വിദ്യാര്‍ഥികള്‍ അവിടെ ചേര്‍ന്നിരുന്നതും. പിന്നീട് കേരള വനം വകുപ്പിലെ റേഞ്ചര്‍ തസ്തികയിലേയ്ക്ക് ബിഎസ്‌സി ഫോറസ്ട്രി ഒരു ഐശ്ചിക വിഷയമായി മാറുകയും കുറെ സീറ്റുകള്‍ വനശാസ്ത്ര ബിരുദധാരികള്‍ക്കായി സംവരണ ചെയ്യുകയും ഒക്കെ ചെയ്തത് പിന്നത്തെ കഥ.
1994 കാലഘട്ടത്തിലാണ് എന്നാണ് ഓര്‍മ. ഫോറസ്ട്രി ബിരുദം നേടിയശേഷം ജോലി അന്വേഷിച്ച് നടന്നിരുന്ന കാലം. അങ്ങനെയിരിക്കെ പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തതനുസരിച്ചാണ് കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ലഭിക്കുന്നത്. കരാര്‍ വ്യവസ്ഥയില്‍ ഒന്നര വര്‍ഷത്തേയ്ക്ക് ആയിരുന്നു നിയമനം. അന്നത്തെ അസിസ്റ്റന്റ് മാനേജരുടെ ബേസിക് ശമ്പള സ്‌കെയിലായ 2250 രൂപയാണ് വേതനം. വലിയ ആവേശത്തിലാണ് ഞാനും എന്റെ സുഹൃത്ത് അനിമോനും കൂടി ആറ്റിങ്ങലില്‍ നിന്നും മോട്ടോര്‍ സൈക്കിളുകളിലാണ് വെറ്റിലപ്പാറ, അതിരപ്പള്ളി തോട്ടങ്ങളില്‍ അസിസ്റ്റന്റ് മാനേജരന്മാരായി ചാര്‍ജെടുക്കാനായി അങ്കമാലി മഞ്ഞപ്രയിലെ തോട്ടത്തിലെത്തുന്നത്. പ്രായം തീരെക്കുറഞ്ഞവരായതിനാലും പ്രത്യേകിച്ച് താത്കാലിക പോസ്റ്റായത് കൊണ്ടും മുകളിലുള്ളവര്‍ക്കും താഴെയുള്ളവര്‍ക്കും ഒരു പോലെ ഞങ്ങളുടെ സാന്നിധ്യം അത്രമേല്‍ പഥ്യമായിരുന്നില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു അവരുടെ മിക്കവരുടേയും പെരുമാറ്റം.

കല്ലാല, അതിരപ്പള്ളി, വെറ്റിലപ്പാറ എന്നീ മൂന്ന് എസ്റ്റേറ്റുകളിലേയും തോട്ടങ്ങളില്‍ റബ്ബറാണ് മുഖ്യകൃഷി. ആദ്യത്തെ രണ്ട് വര്‍ഷങ്ങള്‍ റബ്ബറിന് ഇടവിളയായി കൈതച്ചക്ക കൃഷിയും അനുവദിക്കാറുണ്ട്. രാവിലെ ഫീല്‍ഡ് എക്‌സിക്യുട്ടീവുകള്‍ക്കൊപ്പം ഫീല്‍ഡില്‍ പോയി റബ്ബറിന് തടമെടുക്കുന്നതും വളമിടുന്നതും കാട് വെട്ടുന്നതും 'പട്ടമരപ്പ്’ എന്ന കുമിള്‍ രോഗമുള്ളവയ്ക്ക് തുരിശടിക്കുന്നതും (CuSO4 (കോപ്പര്‍ സള്‍ഫേറ്റ് അഥവാ തുരിശ് ലായനി) ഒക്കെ നോക്കിവരിക മാത്രമായിരുന്നു മുഖ്യപണി. അതിനപ്പുറം ഭാരിച്ച പണികളൊന്നും ഞങ്ങള്‍ക്ക് തരാതിരിക്കാന്‍ അവരെല്ലാം ഏറെ ശ്രദ്ധാലുക്കളായിരുന്നു എന്നുവേണം പറയാന്‍. ഇന്നാലോചിക്കുമ്പോള്‍ അവരെ കുറ്റം പറയാനും കഴിയില്ല. താത്കാലിക ജീവനക്കാരായി എത്തിയ ഞങ്ങള്‍ക്ക് അത്രമേല്‍ ഉത്തരവാദിത്വവും ഇല്ലല്ലോ എന്നതാവാം അവരുടെ മനസ്സില്‍ ഉണ്ടായിരുന്നത്. ഒരു വേള അത് ശരിയുമായിരുന്നല്ലോ.
എന്നാല്‍, ഏറ്റവും വിചിത്രമായത് ഞങ്ങള്‍ക്ക് താമസത്തിനായി തന്നിരുന്ന ക്വാര്‍ട്ടേഴ്‌സുകളാണ്. തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ നിന്നകന്ന് പണ്ട് ബ്രിട്ടീഷുകരുടെ കാലത്തെങ്ങോ പണിതതെന്ന് തോന്നിപ്പിക്കുന്ന ചില്ല് ഗ്ലാസ്സുകളിട്ട ജനാലകളും വാതിലുകളും തട്ടിന്‍മേല്‍ക്കൂരയുമായുള്ള വലിയ ബംഗ്ലാവുകളായിരുന്നു അവ. 'സ്‌ളോട്ടര്‍' (Slaughter: വാക്കിന്റെ വിവക്ഷ പോലെ മുപ്പത്തി അഞ്ച് വര്‍ഷത്തോളമെത്തിയ റബ്ബര്‍ മരങ്ങള്‍ പരമാവധി ചാലുകള്‍ കീറി പാലെടുക്കുന്നത്. പിന്നീടവ തടിക്കായി മുറിച്ചടുക്കും) കഴിഞ്ഞ റബ്ബര്‍ത്തോട്ടത്തിന്റെ നടുക്കായാണ് എന്റെ ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്തിരുന്നത്. റബ്ബര്‍ ടാപ്പിംഗ് നടക്കാത്തത് കൊണ്ടുതന്നെ തോട്ടം അപ്പാടെ കമ്മ്യൂണിസ്റ്റ് പച്ചയും അരിപ്പൂച്ചെടിയും ഉള്‍പ്പെടുന്ന അടിക്കാടുകള്‍ വളര്‍ന്ന് മൂടിയ അവസ്ഥയിലുമായിരുന്നു.
വലിയ കരിങ്കല്ലുകള്‍ കൊണ്ട് കെട്ടിയ, എനിക്കായി തന്ന കെട്ടിടത്തിന്റെ ചുവരുകള്‍ ചായം വലിച്ചിട്ട് വര്‍ഷങ്ങള്‍ കഴിയുമെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. അപ്പാടെ നരച്ച പുറം ചുവരുകളും വാതിലുകളിലേയും ജനാലകളിലേയും മങ്ങിത്തുടങ്ങിയ ഗ്ലാസ്സുകള്‍ക്ക് അതിര്‍വരമ്പെന്നോണം നിലകൊണ്ടിരുന്ന റീപ്പറുകളിലെ പച്ചച്ചായം അങ്ങിങ്ങ് പൊരിഞ്ഞിളകിയ നിലയിലായിരുന്നെങ്കിലും തെളിഞ്ഞുതന്നെ കാണാമായിരുന്നു. അടഞ്ഞുകിടന്നിരുന്ന അവയില്‍ അടുത്തകാലത്തൊന്നും ആള്‍പ്പെരുമാറ്റം ഉണ്ടായിരുന്ന ലക്ഷണങ്ങള്‍ ഒന്നും കാണ്‍മാനുമുണ്ടായിരുന്നില്ല. ആകെ മാറാല മൂടിക്കിടന്നിരുന്ന കെട്ടിടത്തിന്റെ വാതിലുകള്‍ തുറക്കുമ്പോള്‍ പ്രേതസിനിമകളിലെ മാതിരി വല്ലാത്ത കരകര ശബ്ദം ഉണ്ടാകാറുണ്ടായിരുന്നു. മുറിയ്ക്കകത്ത് ആകമാനം മരപ്പട്ടികളുടേയും എലികളുടേയും കാഷ്ഠങ്ങളും അവയുടെയൊക്കെ മൂത്രത്തിന്റെ രൂക്ഷഗന്ധവും നിറഞ്ഞുനിന്നിരുന്നു.
'സാര്‍, വിഷമിക്കേണ്ട... മസ്റ്ററിന് വന്നവരെക്കൊണ്ട് ഇന്ന് ഉച്ചയോട് കൂടിത്തന്നെ ഞാനിത് വെടിപ്പാക്കിത്തരും. ഇവിടെത്തന്നെ ഇന്ന് രാത്രി കിടക്കത്തക്ക വിധത്തില്‍....' വിഷണ്ണനായി നിന്ന എന്നെ സമാധാനിപ്പിക്കാനെന്നോണം മാനേജര്‍ പറഞ്ഞതനുസരിച്ച് എന്നോടൊപ്പം വന്ന പ്രദീപെന്ന ഫീല്‍ഡ് എക്‌സിക്യുട്ടീവ് ആണ് അത് പറഞ്ഞത്. 'പിന്നെ മാനേജരോട് പറഞ്ഞാല്‍ മതി. നാളുകളായി ആള്‍ത്താമസമില്ലാത്തതിനാല്‍ കറണ്ട് കട്ടുചെയ്തിട്ടിരിക്കുന്നതാണ്. ഇലക്ട്രിസിറ്റി ബോര്‍ഡിന് കത്തെഴുതിയാല്‍ ഒരാഴ്ചയ്ക്കകം അത് ശരിയാകും.''
സത്യത്തില്‍ അയാള്‍ ആ പറഞ്ഞത് തന്നെ ആയിരുന്നു എന്റെ ശരിക്കുമുള്ള വിഷമമെന്ന് അയാള്‍ക്കറിയില്ലല്ലോ. കാരണം ഞാന്‍ എന്തായാലും അവിടെത്തന്നെ താമസിക്കേണ്ടി വരുമെന്നാണല്ലോ അതില്‍ ഒളിഞ്ഞിരിക്കുന്ന ധ്വനി. എത്ര വെടിപ്പാക്കിയാലും ഒരു പകല്‍ കൊണ്ട് അവിടെ മഹാത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്ന് ഏത് കുഞ്ഞിനും മനസ്സിലാകുന്നതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അയാള്‍ പറഞ്ഞത് കേട്ടപ്പോള്‍ ഞാന്‍ ഒരു വിഡ്ഢിച്ചിരി ചിരിക്കുക മാത്രമാണ് ചെയ്തത്.
'കല്ലാല എസ്റ്റേറ്റിലെ ബംഗ്ലാവിൽ വെറ്റിലപ്പാറ ഫാക്ടറിയിലെ അസിസ്റ്റന്റ് മാനേജര്‍ സാര്‍ കുറച്ചുനാള്‍ താമസിച്ചിരുന്നതാണ്. അവിടെ ഇത്രയും മോശം അല്ല.' അയാള്‍ ആരോടെന്നില്ലാതെ പറയുന്നത് കേട്ടപ്പോള്‍ എട്ട് പത്ത് കിലോമീറ്ററുകള്‍ക്ക് അപ്പുറമാണെങ്കിലും അവിടേയ്ക്ക് പുതുതായി പോസ്റ്റ് ചെയ്ത ഷാനവാസ് എന്ന സുഹൃത്തിനോടൊപ്പം പോയിക്കിടന്നാലോ എന്നെനിക്ക് തോന്നാതിരുന്നില്ല. അപ്പോഴേക്കും അനിമോന്‍ അവിടെ നിന്ന് സ്ഥലംമാറിപ്പോയിക്കഴിഞ്ഞിരുന്നു. പക്ഷേ, അത് തുടക്കത്തില്‍ത്തന്നെ എന്നെ ഒരു ഭീരുവായി തോട്ടത്തിലാകെ മുദ്രകുത്താനാടിയാക്കുമെന്ന് ഞാനോര്‍ത്തു. എന്ത് വന്നാലും എനിക്ക് അനുവദിച്ചുതന്ന ക്വാര്‍ട്ടേഴ്‌സില്‍ത്തന്നെ കിടക്കണമെന്നും ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. ആള്‍ക്കാരുമായി ഉടനെയെത്താമെന്ന് പറഞ്ഞുകൊണ്ട് പ്രദീപ് ഇറങ്ങിയപ്പോള്‍ കൂടെ കൊണ്ടുവന്ന മൂന്നാല് ഉടുപ്പുകളും രണ്ട് പാന്റ്‌സും അനുബന്ധ സാമഗ്രികളും സോപ്പും ചീര്‍പ്പും ബ്രഷുമൊക്കെ കരുതിയിരുന്ന ബാഗ് കെട്ടിടത്തിന് വെളിയിലായി വച്ചിട്ട് ഞാന്‍ എന്റെ മോട്ടോര്‍ സൈക്കിളില്‍ത്തന്നെ അതിരപ്പള്ളി പ്ലാന്റേഷന്റെ ഓഫീസിലേയ്ക്ക് പോയി.
അവിടെ ചെന്ന് ഹാജര്‍ ബുക്കിലേയ്ക്ക് പേര് ചേര്‍പ്പിച്ചും ആള്‍ക്കാരെ പരിചയപ്പെട്ടും സമയം പോക്കി. (ചിലര്‍ വളരെ വൈമുഖ്യത്തോടെയാണ് സംസാരിക്കാന്‍ തന്നെ തയ്യാറായത്. എന്തോ അപരാധം ചെയ്തുവോ എന്ന് എനിക്ക് തന്നെ തോന്നിയിരുന്നു ആ നാളുകളില്‍. ഒരുവേള അവരുടെ പ്രൊമോഷന്‍ പോസ്റ്റുകള്‍ ഞങ്ങള്‍ തട്ടിയെടുത്തേയ്ക്കുമോ എന്ന ഭയമായിരിക്കണം അവരില്‍ ജുഗുപ്‌സയുടെ വിത്തുകള്‍ പാകിയതെന്ന് ഇപ്പോള്‍ തോന്നുന്നു. മറ്റ് എസ്റ്റേറ്റ് ഓഫീസുകളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ലെന്ന് പിന്നീട് സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞിരുന്നു.) വൈകുന്നേരമായപ്പോള്‍ ഞാന്‍ ഏറെ ആകാംക്ഷയോടെ തിരികെ എനിക്കായി അലോട്ട് ചെയ്ത ക്വാര്‍ട്ടേഴ്‌സിലെത്തി.
വൃത്തിയാക്കാനായി വന്ന തൊഴിലാളികള്‍ക്ക് പുറമേ രണ്ട് മൂന്ന് ആളുകളും അവിടെ കൂടി നിന്നിരുന്നു. ബൈക്ക് മുറ്റത്ത് നിറുത്തി അകത്ത് കടന്നപ്പോള്‍ ഇറയത്തെ ഹാളില്‍ നിലം അപ്പാടെ വെള്ളമൊഴിച്ച് കഴുകിയിരിക്കുന്നതായി കണ്ടു. പ്ലാസ്റ്റിക് ചരടുകള്‍ വരിഞ്ഞത് പൊട്ടാറായ പഴയ രണ്ട് മൂന്ന് സെറ്റികള്‍ അവിടെ ക്രമം തെറ്റിക്കിടക്കുന്നുണ്ടായിരുന്നു.
അപ്പോള്‍ പുറത്ത് നിന്നിരുന്നവരില്‍ ഒരാള്‍ പറഞ്ഞു.
''ശരിക്കും ബാബുവേട്ടനാ കണ്ടത്. കണ്ട മാത്രയില്‍ വല്ലാതെ ഒച്ചയെടുത്തു കൊണ്ട് ഞങ്ങളുടെ നേര്‍ക്ക് ചീറ്റിയെത്തുകയായിരുന്നു അവന്‍. എന്തോ ഭാഗ്യം കൊണ്ട് ആരേയും കൊത്തിയില്ല. അല്ലെങ്കില്‍ ഇവിടന്ന് അങ്കമാലിയിലെത്തുമ്പോഴേയ്ക്ക് ആള് തീര്‍ന്നിരിക്കും. നിശ്ചയം.''
''എട്ടടി മൂര്‍ഖനെന്ന് പറയുന്നത് ഇവനെയൊക്കെയാ. വല്ലാത്തൊരു കാഴ്ചയായിരുന്നു. അവന്റെ ചീറ്റലിന്റെ ശബ്ദം അങ്ങ് ഫാക്ടറി ജങ്ഷൻ വരെ കേട്ടിരിക്കും. ഉറപ്പ്. ബാബുവേട്ടന്‍ ചൂരലുവടി കൊണ്ട് പെരുക്കിയപ്പോള്‍ ശരിക്കും രണ്ടായിട്ട് മുറിഞ്ഞുപോയി. എന്നിട്ടും മുറികൂടുമെന്ന് ഞങ്ങള്‍ക്ക് പേടിയായിരുന്നു. തല മാത്രമാണെങ്കിലും പാഞ്ഞ് വന്ന് കൊത്തുമെന്നും. ഇവിടത്രേം ചോരക്കളമായിരുന്നു ഇതുവരെ...'' അടുത്തയാള്‍ കൂട്ടിച്ചേര്‍ത്തു. അത് കേള്‍ക്കെ നിലത്ത് അങ്ങിങ്ങ് ഇനിയും മായാതെ കിടക്കുന്ന ചോരപ്പാടുകളിലേയ്ക്ക് ഞാന്‍ ഭയത്തോടെ നോക്കി.
ബോധമണ്ഡലത്തിലൂടെ വിദ്യുത് സ്ഫുലിംഗങ്ങള്‍ പായുന്നത് ഞാനറിഞ്ഞു. ബോധമറ്റ് താഴെ വീണുപോകുമോയെന്നും ഒരുവേള ഞാന്‍ സംശയിച്ചു. ഭയത്തിന്റെ നീരാളിക്കൈയുകള്‍ എന്നെ വരിഞ്ഞുമുറുക്കുന്നത് പോലെ. ഞാന്‍ താമസിക്കാന്‍ പോകുന്ന ക്വാര്‍ട്ടേഴ്‌സിന്റെ ആളനക്കമില്ലാതിരുന്ന ഏതോ മൂലയില്‍ സുഖവാസം നടത്തിയിരുന്ന ഒരു തടിയന്‍ മൂര്‍ഖന്‍പാമ്പിനെ കൊന്ന കഥയാണവര്‍ പറഞ്ഞത്. ബാബുവേട്ടന്‍ എന്ന ഖദര്‍ ഷര്‍ട്ടും ചട്ടയും ധരിച്ച മെലിഞ്ഞ മനുഷ്യന്‍ അവിടെ ഏതോ തോട്ടത്തില്‍ റബ്ബര്‍ത്തൈകള്‍ നടാനായി കരാര്‍ ഏറ്റെടുത്തിട്ടുള്ള ഒരാളാണ്. അധികാരങ്ങളൊന്നും തന്നെയില്ലാത്ത താത്കാലിക ഉദ്യോഗസ്ഥനാണ് ജോലിക്കായി എത്തിയിരിക്കുന്നത് എന്നറിയാതെ അയാള്‍ എന്നെ കാണാനായി വന്നതാണ്. എന്നാല്‍, സത്യത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ദേവദൂതന്റേത് പോലെയാണ് എനിക്കപ്പോള്‍ തോന്നിയത്.
മരവിച്ച ചേതനകളുമായി നില്‍ക്കുകയായിരുന്ന എന്നെ സമാധാനിപ്പിക്കാനെന്നോണം ബാബു എന്ന് പറയുന്ന ആളാണ് ബാക്കി പറഞ്ഞത്. ''ഒരുപാട് നാളായി അടച്ചിട്ട കെട്ടിടമായത് കൊണ്ടാ സാറേ. വല്ല എലിയേയും ഒക്കെ പിടിക്കാനായി വന്നതാകും. ഒളിച്ചിരിക്കാനും പറ്റിയ ഇടമാണല്ലോ.'' അയാളൊന്ന് നിറുത്തി എന്നെ നോക്കി. തുടര്‍ന്ന് പറഞ്ഞു. ''ഇനി പേടിക്കാനൊന്നുമില്ല സാര്‍. അവര്‍ എല്ലായിടത്തും നന്നായി നോക്കിയിട്ടുണ്ട്. ക്വാര്‍ട്ടേഴിസിന് ചുറ്റും വെളുത്തുള്ളിയും തുളസിയും ഇടിച്ച് പിഴിഞ്ഞ് മഞ്ഞളും ചേര്‍ത്ത് തളിച്ചിട്ടുമുണ്ട്. ഇഴജന്തുക്കളൊന്നും ഇനി ഈ വഴി കടക്കില്ല.''
ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. പാമ്പുകള്‍ വരാതിരിക്കാന്‍ തുളസിയും വെളുത്തുള്ളിയും ഇടിച്ച് പിഴിഞ്ഞ് തളിച്ചാലൊന്നും കാര്യമില്ലെന്ന് ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു. അയാളെന്നെ അപ്പോള്‍ സമാധാനിപ്പിക്കാന്‍ പറഞ്ഞതാണോ എന്നും അറിയില്ല. വിഷണ്ണത പുറത്ത് കാണിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ച് നില്‍ക്കവേ ലുങ്കിയും ആണുങ്ങളുടേത് മാതിരി കൈയ്യുള്ള ഷര്‍ട്ടുകളും തലയില്‍ക്കെട്ടുമായി തോട്ടം തൊഴിലാളികളെന്ന് തോന്നിക്കുന്ന മൂന്നുനാല് സ്ത്രീകള്‍ ക്വാര്‍ട്ടേഴ്‌സിന്റെ അകത്ത് നിന്നും എന്റെ മുഖത്ത് നോക്കാന്‍ മടിച്ചിട്ടെന്ന വണ്ണം തലകുനിച്ച് പുറത്തേയ്ക്കിറങ്ങി. പിന്നെ ഇറക്കമിറങ്ങി തെളിഞ്ഞ് കിടക്കുന്ന വഴിയിലൂടെ അവരവരുടെ ലയങ്ങളിലേയ്ക്ക് നടന്ന് കാഴ്ചയില്‍ നിന്ന് മറയുകയും ചെയ്തു. കുറച്ച് നേരമിരുന്ന് പ്ലാന്റേഷനിലെ വര്‍ത്തമാനങ്ങള്‍ വിളമ്പി ബാബുവും സ്ഥലം കാലിയാക്കി. ഞാനവിടെ വീണ്ടും തനിച്ചായി. പേരിനെങ്കിലും അസിസ്റ്റന്റ് മാനേജരായിപ്പോയതിനാല്‍ എനിക്കയാളോട് അവിടെ തങ്ങാന്‍ പറയാനാകില്ലല്ലോ. നേരം വൈകിത്തുടങ്ങി. എന്തായാലും അയാളിരുന്നപ്പോള്‍ത്തന്നെ ഇരുട്ട് പരക്കുന്നതിന് മുമ്പ് ഞാന്‍ ഒരു മെഴുകുതിരി കത്തിച്ച് വച്ചുകഴിഞ്ഞിരുന്നു.
അന്നത്തെ രാത്രി ശരിക്കും ഒരു കാളരാത്രിയായിരുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. മൊബൈലൊന്നും നിലവിലില്ലാത്തതിനാല്‍ വീട്ടിലേയ്ക്ക് ഒന്ന് ഫോണ്‍ ചെയ്യാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. അല്ലെങ്കില്‍പ്പോലും അകലെയുള്ള ടെലിഫോണ്‍ ബൂത്തുകളിലെത്തി 'ട്രങ്ക് കോളുകള്‍' ബുക്ക് ചെയ്ത് കണക്ഷന് വേണ്ടി കാത്തിരിക്കുമ്പോഴത്തെ മാനസികാവസ്ഥ ഇന്നത്തെ തലമുറയില്‍പ്പെടുന്ന കുട്ടികള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകുമോയെന്നും നിശ്ചയമില്ല.
ആ വലിയ ബംഗ്ലാവില്‍ അനവധി മുറികളുണ്ടായിരുന്നെങ്കിലും ഒരു മുറിയും അതിനോട് ചേര്‍ന്ന ബാത്ത്‌റൂമും മാത്രമേ ഞാന്‍ ഉപയോഗിച്ചിരുന്നുള്ളൂ. മറ്റ് ചിലതില്‍ കടവാതിലുകളും വലകെട്ടിയ ചിലന്തികളും ഒക്കെ കുടിപ്പാര്‍പ്പായിരുന്നു. മഴ പെയ്താല്‍ ചില മുറികള്‍ ചോര്‍ന്നൊലിക്കും. പിന്നെയുള്ളത് വരാന്തയും ലിവിങ് റൂമും. ഓരോ ദിവസവും രാത്രി കിടക്കുമ്പോള്‍ അടുക്കള ഉള്‍പ്പടെ ബാക്കി മുറികള്‍ എല്ലാം പുറത്ത് നിന്നും ഓടാമ്പലുകളിട്ട് പൂട്ടിയിട്ടുണ്ടെന്ന് എന്നും രാത്രി ഞാന്‍ ഉറപ്പാക്കുമായിരുന്നു. തട്ടിന്‍പുറങ്ങളിലെ മരപ്പട്ടികളുടെ പാച്ചിലുകളും കടിപിടി സീല്‍ക്കാരങ്ങളും കേട്ട് പാതിരാത്രിയോളം കിടക്കുമ്പോള്‍ എപ്പോഴാണ് ഉറങ്ങിപ്പോകുന്നതെന്ന് അറിയില്ല. പിറ്റേന്ന് കാലത്ത് എണീക്കുമ്പോള്‍ ഞാന്‍ മരിച്ചില്ലല്ലോ എന്നോര്‍ത്ത് വലിയ ആശ്വാസം തോന്നുമായിരുന്നു. ഉച്ച കഴിയുമ്പോള്‍ പിന്നെ മനസ്സിനുള്ളില്‍ കാരണമറിയാത്ത ഭയങ്ങള്‍ കൂടുകൂട്ടാന്‍ തുടങ്ങും! എന്നിരുന്നാലും അധികം താമസിയാതെ എന്റെ ക്വാര്‍ട്ടേഴ്‌സിലെ വൈദ്യുത കണക്ഷന്‍ പുനഃസ്ഥാപിച്ച് കിട്ടുക തന്നെ ചെയ്തു.
വാല്‍ക്കഷ്ണം:- കഥയുടെ ഒഴുക്കിന് തടസ്സംനേരിടാത്ത വിധത്തില്‍ ഒരുകാര്യം കൂടി പറഞ്ഞു കൊള്ളട്ടെ. മനുഷ്യന്റെ ആവാസ വ്യവസ്ഥയിലേയ്ക്ക് കടന്നുകയറുന്ന ഏത് ഇഴജന്തുക്കളേയും സുരക്ഷിതമായി പിടിച്ചുമാറ്റാന്‍ ഇന്ന് 'സര്‍പ്പ' (SARPA:- Snake Awareness Rescue and Protection App.) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ കേരള വനം വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറിൽ നിന്നത് മൊബൈലിലേയ്ക്ക് നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്യാം. നമ്മുടെ വീടുകളിലോ പരിസരത്തോ കാണുന്ന പാമ്പുകളുടെ ചിത്രം മൊബൈല്‍ ഫോണില്‍ എടുത്ത് ഡൗണ്‍ലോഡ് ചെയ്ത 'സര്‍പ്പ ആപ്പില്‍' ഇട്ടാലുടന്‍ വനം വകുപ്പ് ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ പാമ്പുകളെ പിടികൂടുന്നതിന് പരിശീലനം നല്‍കിയ വോളന്റിയറന്മാരില്‍ ആ പരിസരത്തുള്ള ആര്‍ക്കെങ്കിലും മൊബൈല്‍ അലര്‍ട്ട് ചെല്ലുകയും താമസംവിനാ ആ സന്നദ്ധപ്രവര്‍ത്തകന്‍ നിങ്ങളുടെ വാസസ്ഥലം അന്വേഷിച്ചെത്തി ഉരഗത്തെ സുരക്ഷിതമായി പിടിച്ചുമാറ്റി കാട്ടിലേയ്ക്ക് വിടുകയും ചെയ്യുന്ന രീതിയിലാണത് സജ്ജമാക്കിയിരിക്കുന്നത്.
2020 ഓഗസ്റ്റ് 18 മുതലാണ് ആത്തരമൊരു ആപ്ലിക്കേഷന്‍ നിലവില്‍ വന്നത്. ഏറെ നൃശംസതയ്ക്ക് പാത്രീഭവിച്ച പത്തനംതിട്ടയിലെ ഉത്തര വധക്കേസില്‍ ഭര്‍ത്താവ് ജീവനുള്ള വിഷപ്പാമ്പിനെത്തന്നെ സ്വന്തം ഭാര്യയുടെ കൊലപാതകത്തിന് ആയുധമാക്കി ഉപയോഗിച്ചുവെന്ന് തെളിഞ്ഞതിന് ശേഷമാണ് കേരള വനം വകുപ്പ് ഇത്തരമൊരു ആപ്ലിക്കേഷന്‍ നടപ്പില്‍ വരുത്തിയതും!
ഇപ്പോള്‍ പാമ്പുകളുടെ ഫോട്ടോ എടുത്ത് അതില്‍ അപ്‌ലോഡ് ചെയ്താല്‍ അവയെ തിരിച്ചറിയാനും തന്നെയുമുല്ല ഓരോ ജില്ലയിലും പ്രതിവിഷം ലഭ്യമാകുന്ന ആശുപത്രികളുടെ ലിസ്റ്റും അതില്‍ ലഭ്യമാണ്. ഇന്ത്യയിലിന്ന് ഒഡിഷയും കര്‍ണാടകയും തമിഴ്‌നാടും ഉള്‍പ്പടെ പല സംസ്ഥാനങ്ങളും ഇപ്പോള്‍ കേരളത്തിന്റെ മാതൃക പിന്‍പറ്റുന്നുമുണ്ട്. അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തെ പൂര്‍ണമായും പാമ്പുകടി മരണരഹിത സംസ്ഥാനമാക്കുക എന്നതാണ് കേരള വനം വകുപ്പ് ലക്ഷ്യംവയ്ക്കുന്നത്.
(തുടരും)
Content Highlights: memories, cobra, vanaparvam, column, jr ani, dfo, kerala forest officer, kerala forest department
Published: 23 Oct 2025, 09:48 am IST
ABOUT THE AUTHOR
കേരള വനം വകുപ്പില്‍ നിന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വ്വേറ്ററായി വിരമിച്ചു. ചിന്ത പബ്ലിഷേഴ്സ് വഴി കാട് പറഞ്ഞ കഥകള്‍, ആരണ്യകാണ്ഡം എന്നീ കഥാ സമാഹാരങ്ങളും ലോഗോസ് ബുക്ക്സ് വഴി കാട്ടിലേയ്ക്ക് പോകാം എന്നൊരു യാത്രാവിവരണവും മാതൃഭൂമി ബുക്ക്സ് വഴി നാഗമാണിക്യം, ഗജമുത്ത്, വെള്ളിമൂങ്ങ- വനം കള്ളക്കടത്തിന്റെ കാണാപ്പുറങ്ങള്‍ എന്നൊരു അനുഭവകഥയും കേരള
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented