
ചില ബിസിനസുകളുടെ തലതിരിഞ്ഞ പോക്ക് കാണുമ്പോൾ ഉപഭോക്താക്കൾ തലയിൽ കൈവെച്ചുപോകും. നിലവിലെ ബിസിനസ് മാതൃകകളെ വെല്ലുവിളിച്ചെത്തി വലിയ വിജയം വരിച്ച സ്ഥാപനങ്ങളുണ്ട്. വിജയത്തിന്റെ പാരമ്യതയിലാണ് തങ്ങളെന്ന പ്രതീതി അവർ ജനിപ്പിക്കും. നമ്മളും അങ്ങനെ വിശ്വസിക്കും. അങ്ങനെ അങ്ങ് പോകും. എന്തിനെയാണോ അത്രകാലവും പുച്ഛിച്ചതും പരിഹസിച്ചതും അതിനെ തന്നെ പെട്ടെന്ന് ഒരു ദിവസം അനുകരിക്കാൻ തുടങ്ങും. എന്താല്ലേ...!
തലതിരിഞ്ഞ ഇത്തരം പോക്കു കണ്ട് ഏറ്റവും ഒടുവിൽ തലയിൽ കൈവെച്ചു പോയത് ഇൻഷുറൻസ് പോളിസി ഉടമകളാണ്. ഇൻഷുറൻസ് പോലുള്ള ധനകാര്യ ഉത്പ്പന്നങ്ങളുടെ വിൽപ്പനയ്ക്കായി തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയിൽ വളരെ വേഗത്തിലാണ് പ്രചാരത്തിലായത്. ഇ- ഇൻഷുറൻസ്, ഇ- പോളിസി തുടങ്ങിയ പേരുകളിലുള്ള വിവിധ ഇൻഷുറൻസ് കമ്പനികളുടെ പോളിസികൾ ഇത്തരം പ്ലാറ്റ്‌ഫോമുകൾ ചൂടപ്പം പോലെയാണ് വിറ്റഴിച്ചത്. നമുക്കൊക്കെ അറിയാമല്ലോ, ഇൻഷുറൻസ് എന്നാൽ ആദ്യം നമ്മുടെ മനസിലേക്ക് ഓടിയെത്തുക ഇൻഷുറൻസ് ഏജന്റുമാരുടെ മുഖമാണ്. സിനിമ പോലുള്ള പരസ്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്തുപോലും നമ്മളെ ഇൻഷുറൻസ് പരിചിതമാക്കിയത് ഇത്തരം ഇൻഷുറൻസ് ഏജന്റുമാരാണ്. ഇൻഷുറൻസ് എന്നാൽ ഏജന്റുമാർ എന്നായിരുന്നു നമ്മുടെയൊക്കെ ധാരണ.
അപ്പോഴാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എല്ലാത്തരം ഇൻഷുറൻസ് പോളിസികളുടെയും ഇ- പോളിസികൾ വിൽക്കാൻ രംഗപ്രവേശം ചെയ്തത്. പലതും നല്ലൊന്നാന്തരം ഫ്രീക്ക് സ്റ്റാർട്ട് അപ് ഫേമുകളായിരുന്നു. ഏതു ഇൻഷുറൻസ് പോളിസി വാങ്ങണം എന്ന് പരസഹായമില്ലാതെ ഒരാൾക്ക് സ്വയം തീരുമാനത്തിലെത്താൻ പ്രാപ്തരാക്കുന്ന വിധത്തിലുള്ള ഡിജിറ്റൽ ഇന്ററാക്ടീവ് ഇന്റർഫേസുകൾ. പക്ഷേ ഏറ്റവും വലിയ ആകർഷണീയത ഇത്തരം പോളിസികളുടെ പ്രീമിയം ഏജന്റുമാർ വഴി ചേരുന്ന പോളിസികളുടെ പ്രീമിയത്തേക്കാൾ വളരെ കുറവായിരുന്നു എന്നതാണ്. നമ്മളൊക്കെ ഇതിൽ നെറ്റിചുളിച്ചപ്പോൾ പ്രീമിയം കൂടാൻ കാരണം ഏജന്റുമാരുടെ കമ്മീഷൻ കൂടി നമ്മളിൽനിന്ന് എടുക്കുന്നതുകൊണ്ടാണ് എന്നാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകാർ പ്രചരിപ്പിച്ചത്. ഇ- പോളിസികൾ വാങ്ങുന്നതൊക്കെ കൊള്ളാം ക്ലെയിം ഉണ്ടായാൽ അവർ നിങ്ങളെ വട്ടം ചുറ്റിക്കും, അന്നേരം ചോദിക്കാനും പറയാനും ആരുമുണ്ടാകില്ല എന്നൊക്കെ ഏജന്റുമാരും പ്രചരിപ്പിച്ചു. സത്യം എന്തായാലും ഇപ്പോൾ ഡിജിറ്റൽ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകാരും ഇപ്പോൾ പോളിസികൾ വിൽക്കാൻ ഏജന്റുമാരെ വയ്ക്കുകയാണ്.
ഈ രംഗത്തെ ഒരു പ്രമുഖ സ്ഥാപനം 2.5 ലക്ഷം ഏജന്റുമാരെയാണ് നിയമിച്ചത്. അതൊടെ ബിസിനസിൽ 400 കോടിയുടെ വർധനയാണത്രേ ഉണ്ടായത്. ഇൻഷുറൻസ് ഏജന്റുമാരുടെ എണ്ണം മൂന്നു ലക്ഷത്തിൽനിന്ന് 10 ലക്ഷമായാണ് കഴിഞ്ഞവർഷം വർധിച്ചത്.
ഇതേപോലൊരു തലതിരിഞ്ഞ സംഭവം പണ്ട് നടന്നത് നെറ്റ്‌വർക്ക് മാർക്കറ്റിങ് കമ്പനികളുടെ കാര്യത്തിലാണ്. അത്തരം നെറ്റ്‌വർക്ക് മാർക്കറ്റിങ് കമ്പനികളുടെ പ്രധാന അവകാശവാദം തന്നെ തങ്ങൾ പരസ്യം ചെയ്യില്ല എന്നായിരുന്നു. പരസ്യം ചെയ്യുന്ന കമ്പനികളൊക്കെ ആ പരസ്യത്തിനു ചെലവാകുന്ന തുക കൂടി വിലയിൽ കൂട്ടി ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നു എന്നായിരുന്നു അവരുടെ വാദം. തങ്ങൾ പരസ്യത്തിന് വേണ്ടി മാറ്റിവെക്കുന്ന തുക നെറ്റ്‌വർക്കിൽ അംഗമായി ഉത്പ്പന്നം വിൽക്കുന്നവർക്ക് നേരിട്ട് കമ്മീഷനായി നൽകുന്നു എന്നായിരുന്നു അവകാശ വാദം. അങ്ങനെ കമ്പനി മുന്നോട്ടുപോകവേ അത്തരം നെറ്റ്‌വർക്ക് മാർക്കറ്റിങ് കമ്പനികളും പരസ്യം ചെയ്തു തുടങ്ങി. ഈ തലതിരിഞ്ഞ നടപടി കണ്ട് അന്നും ആളുകൾ തലയിൽ കൈവെച്ചുപോയി.
ഉത്പ്പന്നങ്ങൾ ഓൺലൈനായി വിൽക്കുന്ന ഇ- കൊമേഴ്‌സ് കമ്പനികളും ഏറ്റവും വലിയ മേനി നടിച്ചിരുന്നത് ഞങ്ങൾ ഇടനിലക്കാരില്ലാതെ നല്ലയിനം ഉത്പ്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കൾ വിലകുറച്ച് നൽകുന്നു എന്നായിരുന്നു. ഇടനിലക്കാർക്ക് നൽകേണ്ടിവരുന്ന കമ്മീഷൻ ഇല്ലാതാകുന്നതാണ് തങ്ങൾക്ക് നല്ല വിലക്കുറവിൽ ഉത്പ്പന്നം വിൽക്കാൻ കഴിയുന്നത് എന്നായിരുന്നു അവകാശ വാദം. 'രാവണപ്രഭു' സിനിമയിൽ മോഹൻലാൽ സിദ്ധിഖിനോട് പറയുന്നതുപോലെ ഇതേത്തുടർന്ന് ഈ നാട്ടിൽ അക്രമവാസനകൾ പെരുകുകയാണ് എന്നും കച്ചവടക്കാരും സൂപ്പർമാർക്കറ്റുകാരം പൊട്ടി പൂട്ടിപ്പോകുന്നുവെന്നും സർക്കാർ ഇടപെടണമെന്നുമൊക്കെ വലിയ നിലവിളികൾ ഉയർന്നു. ആരും എവിടേയും ഇടപെട്ടില്ല. ഇ- കൊമേഴ്‌സ് സ്ഥാപനങ്ങൾ തഴച്ചുതന്നെ വളർന്നു. അപ്പോഴതാ വാർത്ത വരുന്നു, ഒരു മുൻനിര ഇ- കൊമേഴ്‌സ് ഓൺലൈൻ വിൽപ്പന സ്ഥാപനം രാജ്യത്ത് സൂപ്പർ മാർക്കറ്റ് ചെയിനുകൾ തുറക്കാൻ പോകുന്നുവെന്ന്. എന്താല്ലേ...! തലയിൽ കൈവെക്കാതെ എന്തുചെയ്യും.
പണ്ട് മൊബൈൽ കമ്പനികൾ വന്നപ്പോൾ പരസ്പരം നല്ല മത്സരമായിരുന്നു. നിരവധി പ്ലെയേഴ്‌സ് രംഗത്ത് അങ്കംവെട്ടാനുണ്ടായിരുന്നു. കവേറേജ് ആയിരുന്നു അന്നത്തെ പ്രധാനപ്പെട്ട ഒരു ഹൈലൈറ്റ്. മലയിലും പുഴയിലും വരെ റെയ്ഞ്ച് എന്നായിരുന്ന ഓരോരുത്തരുടെയും പരസ്യങ്ങൾ. രാജ്യമൊട്ടാകെ മുക്കിനും മൂലയിലും ടവറുകൾ സ്ഥാപിച്ച് കമ്പനികൾ കവറേജ് കൂട്ടിക്കൂട്ടി വന്നു. എല്ലായിടത്തും കവറേജ് കിട്ടുന്ന കമ്പനികളുടെ സിം കാർഡ് നമ്മൾ മാറിമാറി വാങ്ങി. അപ്പോഴാണ് കമ്പനികൾ മനസിലാക്കുന്നത്. നമ്മളിങ്ങനെ പരസ്പരം മത്സരിച്ച് ടവറുകൾ ഉണ്ടാക്കുന്നത് എന്തിനാ. ആരെങ്കിലും സ്ഥാപിക്കുന്ന ടവറിൽ ഞങ്ങളുടെ റിസീവർ കൂടി വെച്ചാൽ പോരേ. വേണേൽ വാടക തരാം. അങ്ങനെ മൊബൈൽ കമ്പനികൾ അവരുടെ ടവറുകൾ പരസ്പരം ഷെയർ ചെയ്യാൻ തുടങ്ങി. എന്താല്ലേ...! ആദ്യമൊന്നും നമ്മളിത് അറിഞ്ഞില്ല. പക്ഷേ, ദീർഘനേരം കറണ്ട് പോകുമ്പോൾ പല കമ്പനികളുടെയും സിം കാർഡുകൾ ഒരേ സമയം പ്രവർത്തനരഹിതമായപ്പോൾ മനസിലായി എല്ലാ റെയ്ഞ്ചും ഒരേ ടവറിൽ നിന്നാണ് വരുന്നതെന്ന്. തലയിൽ കൈവെക്കാതെ എന്തുചെയ്യും.
ഇതേ ഷെയറിങ് എ.ടി.എം. സെന്ററുകളുടെ കാര്യത്തിലും വന്നു. മത്സരിച്ച് ബാങ്കുകൾ തങ്ങളുടെ എ.ടി.എം. സെന്ററുകൾ തുടങ്ങുകയായിരുന്നു. പിന്നീട് അവർക്ക് മനസിലായി സംഭവം പാഴാണെന്ന്. അതോടെ ഒരു ബാങ്കിന്റെ എ.ടി.എമ്മിൽ ഏതു ബാങ്കിന്റെ കാർഡ് ഇട്ടും പണം എടുക്കാവുന്ന സംവിധാനം നിലവിൽ വന്നു.
ഇപ്പോൾ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളും സിനിമാ തിയേറ്ററുകളും ടെലിവിഷൻ ചാനലുകളും തമ്മിൽ മത്സരമാണല്ലോ. ആദ്യമൊക്കെ അതിനെ പ്രതിരോധിക്കാൻ കണ്ടന്റുകളിൽ പരിഷ്‌കാരം കൊണ്ടുവന്ന ടെലിവിഷൻ ചാനലുകൾ ഒ.ടി.ടി. പ്ലാറ്റ്ഫോം കമ്പനികളോട് മുട്ടി നിൽക്കാൻ പറ്റില്ല എന്നു വന്നതോടെ ഒടുവിൽ സ്വന്തമായി ഒ.ടി.ടി. പ്ലാറ്റുഫോമുകൾ തന്നെ തുടങ്ങാൻ നിർബന്ധിതരായി. അപ്പോൾ സംഭവിച്ചത് എന്താ- ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ സ്വന്തമായി വെബ് സീരീസ് തുടങ്ങി ചാനലുകളെ മുട്ടുകുത്തിച്ചു.
തിയേറ്ററുകളുടെ കാര്യത്തിൽ മറ്റൊന്നാണ് സംഭവിച്ചത്. തിയേറ്ററുകളെ മുട്ടുകുത്തിക്കാൻ പ്രമുഖ സിനിമകളെ തിയേറ്ററിലേക്ക് വിടാതെ ഒ.ടി.ടികൾ വലിയ വിലകൊടുത്ത് വാങ്ങി ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി റിലീസ് ചെയ്യാൻ തുടങ്ങി. മാത്രമല്ല ഒ.ടി.ടിക്കാരും സ്വന്തമായി സിനിമ നിർമിക്കാൻ തുടങ്ങി. ഈ രംഗത്ത് തലയിൽ കൈവെക്കാൻ നമുക്ക് ഇതുവരെ അവസരം കിട്ടിയിട്ടില്ല. പക്ഷേ, കാര്യങ്ങളുടെ പോക്ക് ഇങ്ങനാണേൽ ഒ.ടി.ടിക്കാർ നിർമിക്കുന്ന സിനിമകൾ ഇനി അവർ തിയേറ്ററുകൾ വഴി ആദ്യം റിലീസ് ചെയ്യാൻ ശ്രമിക്കുമോ എന്നറിയില്ല.
അങ്ങനെ സംഭവിച്ചാൽ കാണികൾ തലയിൽ കൈ മാത്രമല്ല ചിലപ്പോൾ കാലുകൾ പോലും വെച്ചുപോകും. അത്രയ്ക്ക് തലതിരിഞ്ഞാണ് ഇപ്പോൾ ബിസിനസ് മോഡലുകൾ മൂവ് ചെയ്യുന്നത്.
Key Points:
- Businesses often adopt the practices they initially criticized.
- Insurance companies initially criticized online platforms but eventually hired agents.
- E-commerce companies initially opposed intermediaries but started opening supermarkets.
- Mobile companies initially competed aggressively with towers but later shared them.
- OTT platforms and cinemas are now competing and collaborating.
- Unexpected business shifts leave customers surprised and questioning established norms.
Content Highlights: See how businesses initially disrupting industries eventually adopted practices they once opposed
Published: 23 Dec 2024, 06:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented