മലപ്പുറം: ഇൻഷുറൻസ് പോളിസി റദ്ദാക്കാൻ ഉപഭോക്താക്കൾ ആവശ്യപ്പെട്ടിട്ടും ഇൻഷുറൻസ് കമ്പനിയെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയ ബാങ്ക് 2,64,909 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധിച്ചു. മമ്പാട് സ്വദേശികളായ നൗഷീർ, ജസീമ എന്നിവർ നിലമ്പൂർ എസ്.ബി.ഐയ്ക്കെതിരെ സമർപ്പിച്ച പരാതിയിലാണ് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി.

To advertise here,

2024 ജനുവരിയിൽ വീടുവെക്കുന്നതിന് വായ്പ ലഭിക്കാനാണ് പരാതിക്കാർ ബാങ്കിനെ സമീപിച്ചത്. വായ്പ ലഭിക്കണമെങ്കിൽ എസ്.ബി.ഐ ലൈഫ് ഇൻഷുറൻസിൽ നിന്ന് പോളിസി എടുക്കണമെന്ന് ബാങ്ക് നിർദേശിക്കുകയും അതുപ്രകാരം പോളിസി എടുക്കുകയും ചെയ്തു. എന്നാൽ പോളിസിയുടെ വ്യവസ്ഥകൾ സ്വീകാര്യമല്ലെന്ന് കണ്ട് ഒരാഴ്ചയ്ക്കകം പോളിസി വേണ്ടെന്ന വിവരം ബാങ്കിനെ അറിയിച്ചു. 15 ദിവസത്തിനകം പോളിസി വ്യവസ്ഥകൾ സ്വീകാര്യമല്ലെന്നറിയിച്ചാൽ മുഴുവൻ പ്രീമിയം തുകയും തിരിച്ചു നൽകുമെന്ന വ്യവസ്ഥ പ്രകാരമാണ് ബാങ്കിനെ വിവരം അറിയിച്ചത്. എന്നാൽ ഈ വിവരം ഇൻഷുറൻസ് കമ്പനിയെ അറിയിക്കുന്നതിൽ ബാങ്ക് വീഴ്ച വരുത്തിയതിനാൽ പരാതിക്കാർക്ക് 1,59,909 രൂപ നഷ്ടപ്പെട്ടു എന്ന് കാണിച്ചാണ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.

ഇൻഷുറൻസ് ഇടപാടിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് പോളിസി ഉടമയ്ക്ക് ആവശ്യമായ സേവനം നൽകാൻ ബാധ്യതയുണ്ടെന്നും ബാങ്ക് വായ്പ സ്വീകരിക്കുന്ന ഉപഭോക്താക്കളെ ഗ്രൂപ്പ് ഇൻഷുറൻസിന്റെ ഭാഗമാക്കുമ്പോൾ വ്യവസ്ഥകൾ പോളിസിയുടമ മനസ്സിലാക്കിയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കമ്മിഷൻ നിരീക്ഷിച്ചു. ഇക്കാര്യത്തിൽ ബാങ്കിന്റെ ഭാഗത്ത് വീഴ്ച വന്നതിനാൽ നഷ്ടപ്പെട്ട പോളിസി തുകയായ 1,59,909 രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവായി 5,000 രൂപയും ഒരു മാസത്തിനകം പരാതിക്കാർക്ക് നൽകണമെന്നാണ് വിധി. വീഴ്ചവരുത്തിയാൽ വിധിസംഖ്യയ്ക്ക് ഒമ്പത് ശതമാനം പലിശ നൽകണമെന്നും കമ്മിഷൻ ഉത്തരവിട്ടു.