കൊച്ചി: സർവീസിലിരിക്കേ മരിക്കുന്ന പി.എഫ്. അംഗങ്ങളുടെ കുടുംബത്തിന് ഇൻഷുറൻസ് തുക വേഗം ലഭ്യമാക്കി ഇ.പി.എഫ്.ഒ. നോമിനിയുടെ അപേക്ഷ ലഭിച്ച് മൂന്നുദിവസത്തിനകം തുക വിതരണംചെയ്യും. 20 ദിവസത്തിനകം ആനുകൂല്യം നൽകണമെന്നാണ് നിബന്ധനയെങ്കിലും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിയതോടെ ഫയൽനീക്കത്തിന് വേഗമേറി.

To advertise here,

ഈ വർഷം ഏപ്രിൽമുതൽ ഇതുവരെ ഇൻഷുറൻസുമായി ബന്ധപ്പെട്ട 260 അപേക്ഷകൾ തീർപ്പാക്കി ഗുണഭോക്താക്കൾക്ക് 6.52 കോടിരൂപ നൽകി. 2025-26ൽ 882 അപേക്ഷകളിൽ 22.56 കോടി രൂപ കൈമാറി.

പി.എഫ്. അംഗങ്ങൾക്ക് രണ്ടരലക്ഷംമുതൽ ഏഴുലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷയുണ്ട്. അംഗങ്ങളായി ഒരുവർഷത്തിൽത്താഴെയുള്ള കാലയളവിൽ മരിച്ചാൽ കുറഞ്ഞത് അരലക്ഷംരൂപ ഇൻഷുറൻസ് ലഭിക്കും.

കേന്ദ്ര തൊഴിൽമന്ത്രാലയം പുതിയ ലേബർ കോഡിന്റെ ഭാഗമായി ഈ പുതിയ ഡി.എൽ.ഐ. (എംപ്ലോയീസ് ഡിപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ്) പദ്ധതി വിജ്ഞാപനംചെയ്തത് ഈ വർഷം ജൂൺ 29-നാണ്. 1976-ൽ നിലവിൽവന്ന പഴയ പദ്ധതി ഒഴിവാക്കി 2020-ലെ സാമൂഹികസുരക്ഷാ കോഡിന്റെ കീഴിലാണ് ഈ പദ്ധതി നിലവിൽവന്നത്.