തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സ്ഥലംമാറ്റമായതോടെ വൈകുന്നേരത്തെ നടത്തം മ്യൂസിയത്തില്‍ നിന്ന് കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലേക്ക് മാറി. ഓഫീസില്‍ നിന്നിറങ്ങിയാല്‍ താമസസ്ഥലത്ത് എത്തി ഒരു ഗ്രീന്‍ടീയൊക്കെ കുടിച്ച് കുപ്പായം മാറി നേരെ സ്റ്റേഡിയത്തിലേക്ക്. അവിടെ രവിസാറും ഭാര്യ ബീനയും മേഴ്സിയും റീനയും പ്രവീണും സുകുമാരന്‍ചേട്ടനും ഒക്കെ അപ്പോള്‍ നടത്തം രണ്ട് മൂന്നുവട്ടം പൂര്‍ത്തിയാക്കിക്കഴിഞ്ഞിട്ടുണ്ടാകും. അന്നു ഞാന്‍ ചെല്ലുമ്പോള്‍ ആരും നടത്തം തുടങ്ങിയിട്ടില്ല. കൂടിയിരുന്ന് വെടിവെട്ടം പറയുകയാണ്. രവിസാറിനെ കാണുന്നില്ല. ബാക്കിയെല്ലാവരുമുണ്ട്. രവിസാറെവിടെയെന്ന് ചോദിച്ചതും ഭാര്യ ബീന ചീറി.

To advertise here,

അങ്ങേര് ടൂറുപോയി. ഭാരതപര്യടനം. നാലഞ്ചു ദിവസം കഴിഞ്ഞേ വരൂ. അവര് സുഹൃത്തുക്കളെല്ലാം കൂടി മിനിഞ്ഞാന്ന് തീരുമാനിച്ചു. ഇന്നലെ പറഞ്ഞു. ഇന്ന് പോയി. നമ്മളൊക്കെ ഒരു യാത്ര പോകണമെങ്കില്‍ എന്ത് പൊല്ലാപ്പാ. ഒറ്റശ്വാസത്തില്‍ ബീന പറഞ്ഞുനിര്‍ത്തി.

പതിവ് പോലെ ബാക്കി മേഴ്സി ഏറ്റുപിടിച്ചു പൂര്‍ത്തിയാക്കി. അല്ലേലും ഇവര്‍ക്കൊക്കെ എന്തുമാകാമല്ലോ. രാവിലെ പത്രവായനയ്ക്കിടയില്‍ രണ്ട് ചായ കിട്ടിയില്ലേല്‍ എന്റെ കെട്ടിയോന് ഇപ്പോഴും തൃപ്തിയാകത്തില്ല. രാത്രി അത്താഴത്തിനുശേഷം ചാനല്‍ചര്‍ച്ച കാണലിനിടയില്‍ ഫ്രൂട്സ് അരിഞ്ഞത് കിട്ടിയില്ലേല്‍ പിന്നെ പറയുകയും വേണ്ട. ഞങ്ങള്‍ രണ്ട് പേരും ജോലിക്ക് പോകുന്നു. അങ്ങേരെക്കാള്‍ കൂടുതല്‍ ശമ്പളമുണ്ട് എനിക്ക്. പക്ഷേ, പറഞ്ഞിട്ടെന്താ വീട്ടിലെത്തിയാല്‍ ഞാന്‍ എലിയും പുള്ളി പുലിയും. ഇവര്‍ക്കൊക്കെ എന്നാ കൊമ്പുണ്ടോ. മേഴ്സി നിര്‍ത്തി.

ബീന വീണ്ടും തുടങ്ങി-ഇവരൊക്കെ ആരാണ് തങ്ങളെന്നാ വിചാരിച്ചിരിക്കുന്നത്. തിരിച്ചുവരട്ടെ. ഞാനും ഒരു യാത്ര പ്ലാന്‍ ചെയ്യാമ്പോകുവാ. ഓഫീസീന്ന്. കുറച്ചു ദിവസം കഴിഞ്ഞേ തിരിച്ചെത്തൂ.

അതുവരെ എല്ലാം കേട്ട് ഒന്നും മിണ്ടാതിരുന്ന പ്രവീണ്‍ പറഞ്ഞു. ഇതൊക്കെ ഇങ്ങനെ വലിയ കാര്യമായിട്ട് പറയേണ്ട കാര്യമുണ്ടോ. എല്ലാവര്‍ക്കും കൂടി ഒരു പരസ്പരധാരണയോടെ മുന്നോട്ടുപോയാല്‍ ഇത്തരം പരാതികളേ ഉണ്ടാകില്ലല്ലോ.

പിന്നെ മേഴ്സിയും ബീനയും കൂടി പ്രവീണിനെ വലിച്ചുകീറി. പ്രണയിച്ചുകെട്ടിയ നിന്നെപ്പോലാണോ ഞങ്ങളുടെ കാര്യം. പഠിച്ചുനടന്നപ്പോള്‍ ഒന്നിനുമൊരു സ്വാതന്ത്ര്യം തന്നില്ല അച്ഛന്‍. പഠിച്ച് ജോലി നോക്കി ജീവിതം തുടങ്ങിയിട്ടും ഒരു മാറ്റവുമില്ല.

മൗനം ഭേദിച്ച് റീനയും വലിച്ചുകീറാന്‍ കൂടെക്കൂടി. നിങ്ങള്‍ക്കൊക്കെ ജോലിക്കാരാണെന്ന പരിഗണനയെങ്കിലും കിട്ടുമല്ലോ. അതിന്റെ അല്‍പ്പം ആനുകൂല്യം കാണും. വീട് മാത്രം നോക്കിക്കഴിയുന്ന എന്റെ കാര്യം ഇതിലും കഷ്ടമാ. അപ്പനും മക്കളും കൂടി എന്നെയിട്ട് വശംകെടുത്തുകയാണ്. ഇന്നാള് കാലൊടിഞ്ഞ് ഞാന്‍ കിടന്നപ്പോ ഒരു മാസം സര്‍വെന്റിനെ വെച്ചാ അവര്‍ കാര്യങ്ങള്‍ നടത്തിയത്. എന്റെ കാല് ശരിയായതും അവരെ പറഞ്ഞുവിട്ടു. അവരിവിടെ നിന്നോട്ടെ എന്ന് ഞാന്‍ പറഞ്ഞിട്ട് ആരും സമ്മതിച്ചില്ല. എല്ലാത്തിനും ഓടാന്‍ ഞാനുണ്ടല്ലോ.

സെവന്റീസ് കിഡ്സുകളായ സ്ത്രീകളോട് എറ്റുമുട്ടി നയന്റീസ് കിഡായ പ്രവീണ്‍ മുട്ടുമടക്കി. സാറിനൊന്നും പറയാനില്ലേ. ന്യൂട്രലടിച്ചു നിന്ന എന്നെക്കൂടി കളത്തില്‍ വലിച്ചിറക്കി സുകുമാരന്‍ ചേട്ടന്‍ സൈക്കിള്‍ പൂര്‍ത്തിയാക്കി. അതിപ്പോ പരസ്പരം സഹകരിക്കുന്നവരും മെയില്‍ ഷോവനിസ്റ്റുകളും  വിട്ടുവീഴ്ചക്കാരും ഒക്കെയുള്ളതല്ലേ സമൂഹത്തിന്റെയൊരു ഇത്. ഒന്നും ജനറലൈസ് ചെയ്ത് പറയാന്‍ കഴിയില്ല. ഓരോരുത്തര്‍ക്കും അവരവരുടെ അനുഭവം. എക്സപ്ഷന്‍സുമുണ്ട്. എന്റെ വീട്ടിലെ അവസ്ഥ ഓര്‍ത്ത് ഞെട്ടിത്തെറിച്ച് ഞാന്‍ മുറുപടി പരമാവധി സങ്കീര്‍ണമാക്കി.

പെട്ടെന്ന് ഭാര്യയുടെ കോള്‍ വന്നതുകൊണ്ട് എനിക്കധികം സങ്കീര്‍ണനാകേണ്ടിവന്നില്ല.

അതേ എനിക്കൊരു പറ്റുപറ്റി. കാറിന്റെ ഡോര്‍ അടയ്ക്കുന്നതിനടിയില്‍ കാലിന്റെ വിരല്‍ പോയി. നല്ല വേദനയുണ്ട്. പക്ഷേ, ഇപ്പോള്‍ കുഴപ്പമില്ല. ഇന്നു രാത്രി ഇങ്ങോട്ടു പോരാമോ. ഭാര്യ ചോദിച്ചു.

എന്റെ താമസസ്ഥലത്തുനിന്ന് വീട്ടിലേക്ക് 75 കിലോമീറ്റര്‍ ദൂരമുണ്ട്. ഞാന്‍ എന്റെ യാത്രാക്കൂട്ടത്തോട് യാത്ര പറഞ്ഞ് താമസസ്ഥലത്ത് എത്തി ബാഗുമെടുത്ത് വീട്ടിലേക്ക് പോന്നു.

പാതിരാത്രി വീട്ടിലെത്തിയപ്പോള്‍ കണ്ടു, വേദനകൊണ്ട് പുളയുന്ന ഭാര്യയെ. ആശുപത്രിയില്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ ഭാര്യ സമ്മതിച്ചില്ല.

ഈ രാത്രിയില്‍ ഓര്‍ത്തോ ഡോക്ടര്‍മാരൊന്നും കാണില്ല. രാവിലെ പോയാല്‍ മതി. ഭാര്യ തന്നെ തീരുമാനവുമെടുത്തു.

അറിയപ്പെടുന്ന പെയിന്‍ കില്ലര്‍ വിരോധിയായ ഭാര്യയുടെ കാലില്‍ പെയിന്‍ ബാം അപ്ലൈ ചെയ്തും ഐസ് വെച്ചും ആ രാത്രി വെളുപ്പിച്ചു. രാവിലെ തന്നെ ഓര്‍ത്തൊയെ കണ്ടു. വിരലിന് ഒടിവും ചതവും. കാലനക്കരുത്. കുറച്ചുദിവസം ബെഡ് റെസ്റ്റ്. എത്ര റെസ്റ്റ് എടുക്കുന്നോ അത്ര വേഗം ഭേദമാകും.

ഭാര്യയ്ക്കാകെ സങ്കടം. വീടിന്റെ താളമെല്ലാം തെറ്റും. കുറച്ചു ദിവസത്തെ കാര്യമല്ലേ, നമുക്ക് മാനേജ് ചെയ്യാം സാരമില്ലെന്ന് പറഞ്ഞ് ഞാന്‍ ഓഫീസിലേക്ക് വിളിച്ച് ലീവ് പറഞ്ഞു.

സഹായത്തിനാരെയെങ്കിലും വിളിക്കാമെന്ന് ഭാര്യ പറഞ്ഞെങ്കിലും എന്തിന് എന്ന ഭാവത്തില്‍ ഞാനതെല്ലാം  നിഷ്‌കരുണം തള്ളി. മിസ്റ്റര്‍ ബ്രഹ്‌മചാരി സിനിമയിലെ മോഹന്‍ലാല്‍ ഫ്രിഡ്ജ് ഒറ്റയ്ക്ക് എടുത്ത് ചുമലില്‍ വെച്ച ഭാവത്തില്‍ ഇതൊക്കെ എനിക്ക് നിസാരം എന്ന മട്ടില്‍ അന്ന് ഞാന്‍ ബ്രേക്ക് ഫാസ്റ്റും ഉച്ചഭക്ഷണവും രാത്രി ഭക്ഷണവുമെല്ലാം ഉണ്ടാക്കി. സന്തോഷത്തോടെ എല്ലാവരും കഴിച്ചു.

placeholder
വര: ദ്വിജിത്ത്

പിറ്റേദിവസം രാവലെ അഞ്ചരയ്ക്ക് വളരെ നാളുകള്‍ക്കുശേഷം ഞാന്‍ അന്നാദ്യമായി അലാറം വെച്ചുണര്‍ന്നു.  വായിച്ചും എഴുതിയും രാത്രി ഏറെ വൈകിക്കിടന്ന് രാവിലെ ഏറെ വൈകി എഴുന്നേറ്റു ശീലിച്ച എന്റെ കണ്ണുകള്‍ എന്നോടുതന്നെ കേണു-ഇത്രയും രാവിലേ വേണോ സാറേ. പാല്‍പ്പാത്രം കഴുകി ഡൈനിങ്  ടേബിളില്‍ കമഴ്ത്തി. ഫ്രിഡ്ജില്‍ നിന്ന് ദോശമാവ് എടുത്ത് പുറത്തുവെച്ചു. സാമ്പാറിനുള്ള കഷണങ്ങള്‍ അരിഞ്ഞു. ആറുമണയായപ്പോള്‍ പാല്‍പ്പാത്രമടുത്ത് അച്ഛന്‍ പുറത്തേക്ക് പോയി. കുക്കറില്‍ സാമ്പാറിനുള്ള ആദ്യ വിസില്‍ മുഴങ്ങിയപ്പോള്‍ പാലുമായി അച്ഛന്‍ തിരികെ വന്നു. എല്ലാവര്‍ക്കുമുള്ള ചായ ഡൈനിങ്  ടേബിളില്‍. അച്ഛനും അമ്മയും വന്നെടുത്ത് കുടിച്ചു. ഭാര്യ എഴുന്നേറ്റുവരാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തടഞ്ഞു. റെസ്റ്റ് എടുക്കുക പ്രിയേ. അവള്‍ക്കുള്ള ബെഡ്‌കോഫി ഞാന്‍ കൊണ്ടുപോയി കെടുത്തു. 

ഒരു കപ്പ് ചായ ഞാനും എടുത്തുകുടിച്ചു. എന്തൊരു ഊള ചായ. ഏറുകണ്ണിട്ട് ഞാന്‍ അച്ഛനേം അമ്മയേയും  നോക്കി. എന്നേക്കാള്‍ ടണ്‍കണക്കിന് ഓണം ഉണ്ട അവര്‍ അതിന്റെ അനുഭവസമ്പത്തുമായി ഭാവവ്യത്യാസമൊന്നുമില്ലാതെ ചായ കുടിക്കുന്നു. ഭാര്യയോട് ഞാന്‍ പിന്നെ അഭിപ്രായമൊന്നും ചോദിച്ചില്ല.

മകള്‍ എഴുന്നേറ്റിട്ടില്ല. സാമ്പാര്‍ ഇറക്കിവെച്ച് മകള്‍ക്ക് സ്‌കൂളില്‍ കൊണ്ടുപോകാനുള്ള ചോറിനായി അടുത്ത കുക്കര്‍ അടുപ്പില്‍ കയറ്റി. അതില്‍ നാലു വിസില്‍ മുഴങ്ങിയപ്പോള്‍ ഇഞ്ചിക്കാപ്പി എന്നും പറഞ്ഞ് മകള്‍ അടുക്കളയില്‍ വന്നു. കൂടെ, ഞാന്‍ സഹായിക്കേണ്ടല്ലോ അച്ഛാ എന്നൊരു ചോദ്യവും. വേണ്ട, വേഗം സ്‌കൂളില്‍ പോകാന്‍ റെഡിയാക്കാമന്നെ് പറഞ്ഞ് ഞാനവള്‍ക്ക് ഇഞ്ചിക്കാപ്പി ഇട്ടുകൊടുത്തു.

ദോശയും സമ്പാറും ഓംലെറ്റും ഡൈനിങ് ടേബിളിലേക്കെത്തിയപ്പോള്‍ സമയം ഏറെ വൈകി. ഉച്ചഭക്ഷണം ലഞ്ച് ബോക്സിലാക്കി അത് സ്‌കൂള്‍ ബാഗിലാക്കി. മോളുടെ യൂണിഫോം തേച്ചതോടെ മകള്‍ കുളി കഴിഞ്ഞെത്തി. ഇതിനിടയില്‍ പലവട്ടം ഭാര്യ സാഹായിക്കാന്‍ തൊങ്കിതൊങ്കിയെത്തിയെങ്കിലും ഞാന്‍ വഴക്ക് പറഞ്ഞ് തിരികെ ബെഡ്ഡിലേയ്ക്ക് പറഞ്ഞുവിട്ടു. മകളെ ഒരുകണക്കിന് നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിച്ച് സ്‌കൂളില്‍ കൊണ്ടാക്കി തിരികെ എത്തി. പല്ലുതേച്ച് രണ്ട് ദോശയും സാമ്പാറുമായി സോഫയില്‍ വന്നിരുന്നു. സാമ്പാറിന് ഉപ്പില്ല. ഉപ്പ് ഇടാന്‍ മറന്നതാണോ? മോളുള്‍പ്പെടെ മറ്റുള്ളവര്‍ ഇതെങ്ങനെ കഴിച്ചു ആവോ? ഭക്ഷണത്തിന് ഉപ്പ് അല്‍പ്പം കൂടിയാലോ കുറഞ്ഞാലോ ഞാനുണ്ടാക്കാറുള്ള പുകില്‍ ഓര്‍ത്തുപോയി.

തിരകെ അടുക്കളയില്‍ എത്തിയപ്പോള്‍ അവിടെ കുരുഷേത്ര ഭൂമിയേക്കാള്‍ വലിയ ദുരന്തഭൂമി. പലതരം പാത്രങ്ങളുടെ പ്രളയം. പാത്രങ്ങളെല്ലാം ഒരുവിധം കഴുകിത്തീര്‍ന്നപ്പോള്‍ അന്നാദ്യമായി സ്വന്തം വീട്ടിലെ കിച്ചണ്‍ സ്ലാബിന് ആവശ്യത്തിന് പൊക്കമില്ലെന്ന സത്യം മനസിലാക്കി. കൂനിപ്പിടിച്ച നടുവുമായി ഞാന്‍ ഉച്ചയ്ക്കുള്ള ഭക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. മീന്‍ ഫ്രീസറില്‍ നിന്നെടുത്ത് പുറത്തുവെച്ചു. തോരനുള്ളത് അരിഞ്ഞുവെച്ചു. തേങ്ങ ചിരകിവെച്ചു. ഇതിനടയില്‍ ഓടിപ്പോയി വസ്ത്രങ്ങള്‍ വാഷിങ്  മെഷിനിലിട്ടു.

അലക്കും ഉച്ചഭക്ഷണവും അതിന്റെ പാത്രം കഴുകുമൊക്കെ പൂര്‍ത്തിയായപ്പോള്‍ സമയം 3.45. അപ്പോള്‍ വൈകുന്നേരത്തെ ചായയുടെ സമയമായി. ചായയും കടിയുമുണ്ടാക്കിയശേഷം വണ്ടിയെടുത്ത് സ്‌കൂളിലേക്ക് ഓടി. മകളെ വിളിച്ചുകൊണ്ടുവന്നു കഴിഞ്ഞപ്പോള്‍ സമയം 5 മണി. മകള്‍ക്ക് മുട്ട ബജി വേണ്ട. നൂഡില്‍സ് മതി.

അതും ഉണ്ടാക്കി കൊടുത്തു കഴിഞ്ഞപ്പോഴേയ്ക്കും രാത്രി ഭക്ഷണത്തിനുള്ള ഒരുക്കങ്ങള്‍. അതും കഴിഞ്ഞ് പാത്രങ്ങളും കഴുകി അടുക്കളയും വൃത്തിയാക്കിയപ്പോള്‍ സമയം രാത്രി 11 മണി. ഇത്രയും സമയത്തിനിടയില്‍ എനിക്ക് ജീവിതത്തില്‍ ഒട്ടും ഇഷ്ടമില്ലാത്ത പാത്രം കഴുകല്‍ ജോലിയില്‍ ഞാന്‍ അങ്ങേയറ്റം അക്രമാസക്തനായി മാറിക്കഴിഞ്ഞിരുന്നു. പാത്രങ്ങള്‍ പലതും ശബ്ദത്തോടെ ട്രേകളിലേക്ക് വീണു. സഹായ അഭ്യര്‍ത്ഥനയുമായി അമ്മ വന്നെങ്കിലും ഞാന്‍ തിരികെ അയച്ചു. മരുന്നിന്റെ സെഡേഷനില്‍ മയങ്ങുകയായിരുന്ന ഭാര്യ ഒന്നുമറിഞ്ഞില്ല.

അന്നു കഴുകിയ പാത്രങ്ങളുടെ എണ്ണം എടുത്തപ്പോള്‍ എന്റെ തലകറുങ്ങി. തലപോയാലും പാത്രങ്ങള്‍ കുറച്ചുമാത്രം ഉപയോഗിക്കാവുന്ന വിഭവങ്ങളേതൊക്കെ എന്ന് ആലോചിച്ച് തലപുകച്ചു.

പിറ്റേന്ന് രാവിലെ ബ്രേക്ക് ഫാസ്റ്റായി വീട്ടിലെ എല്ലാവുരടെയും വെറുക്കപ്പെട്ട ഭക്ഷണമായ ഉപ്പുമാവാണ് ഉണ്ടാക്കിയത്. മകള്‍ യുദ്ധം പ്രഖ്യാപിച്ചു. അവള്‍ക്ക് ദോശ വേണം. തലേന്നത്തെ മാവ് തീര്‍ന്നിരുന്നു. ഞാന്‍ പറഞ്ഞു. നാളെ മുതല്‍ ദോശ തരാം. പക്ഷേ, 10 പാത്രങ്ങള്‍ നീ കഴുകിത്തരണം. അവള്‍ കണ്ണുരുട്ടി. ദോശ ഉണ്ടാക്കാന്‍ മാത്രം 11 പാത്രം അധികം വേണം

ഞാന്‍ പാത്രങ്ങളുടെ പട്ടിക നിരത്തി. അരിയും ഉഴുന്നും വേറേ വേറെ കുതിര്‍ത്ത് വെയ്ക്കാന്‍ പാത്രം രണ്ട്. മാവ് അരച്ചാല്‍ മിക്സിയുടെ ജാര്‍. അതിന്റെ മൂടി. ചമ്മന്തി അരയ്ക്കാനുള്ള തേങ്ങ ചിരണ്ടാന്‍ പാത്രം ഒന്ന്. ചമ്മന്തി അരയ്ക്കാന്‍ ജാര്‍. അതിന്റെ മൂടി. ചമ്മന്തി താളിക്കന്‍ പാന്‍ ഒന്ന്. ചമ്മന്തി എടുത്ത് വെക്കാന്‍ പാത്രം. ചുടാന്‍ ദോശക്കല്ല്. ചട്ടുകം ഒന്ന്. അങ്ങനെ ആകെ 11 പാത്രങ്ങള്‍. ഞാന്‍ മോളെ നോക്കി. അവള്‍ ഒന്നും മിണ്ടാതെ പ്ലേറ്റില്‍ ഉപ്പുമാവും വിളമ്പി പഴവുമെടുത്ത് പോയി.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമ കണ്ട് അടുക്കളയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതം ബോധ്യപ്പെട്ടതാണ്. പക്ഷേ, അത് ഇത്രയ്ക്ക് നിന്ദ്യവും പൈശാചികവുമായിരിക്കും എന്ന് ഒരിക്കലും കരുതിയില്ല. ഒരു ഗ്ലാസ് വെള്ളം പോലും തനിയെ എടുത്ത് കുടിക്കാത്ത തന്നെ ഇത്രയും ജോലികള്‍ക്കിടയില്‍ ഭാര്യ എങ്ങനെ പരിപാലിച്ചു പോന്നു എന്ന് ഞാന്‍ അല്‍ഭുതപ്പെട്ടു. സോഫയില്‍ ഒരു ചീപ്പ് കിടന്നതു പോലെയുള്ള നിസാര കാരണങ്ങള്‍ക്ക് വഴക്കുണ്ടാക്കി.

രാത്രി വിഷണ്ണനായി കിടക്കയില്‍ കുത്തിയിരിക്കുന്ന എന്റെ മനോഗതം മനസിലാക്കിയിട്ടെന്നവണ്ണം ഭാര്യ പറഞ്ഞു. ഞങ്ങള്‍ 70 കളിലെയും 80 കളിലെയും സ്ത്രീ കിഡ്ഡുകള്‍ക്ക് ഒരു മാനസിക അടിമത്തം ഉണ്ട്. ആണുങ്ങളോടല്ല. കുടുംബത്തോട്. അതുകൊണ്ടാണ് ഈ സിസ്റ്റം ഇങ്ങനെ ഓടുന്നത്. ഞങ്ങളുടെ തലമുറയോടെ ഈ അടിമത്തം അവസാനിക്കും. നമ്മുടെ മകളുടെ അടുത്തൊന്നും ഇതൊന്നും ചെലവാകില്ല. ഞാന്‍ തലകുലുക്കി. നീണ്ടു നിവര്‍ന്നു കിടന്ന് പിറ്റേദിവസം രാവിലെ 5 മണിക്ക് എഴുന്നേല്‍ക്കാനായി കണ്ണു മുറുക്കെ അടച്ചു കിടന്നു.

 

Key Points:

  • Explores the challenges faced by a Kerala housewife.
  • Highlights gender roles and expectations in society.
  • Depicts the struggles and triumphs of a working woman.
  • Reveals the unspoken sacrifices of homemakers.
  • Offers a glimpse into the dynamics of a modern family.