വാഴപ്പള്ളി: നൂറ്റാണ്ടുകൾക്കുമുൻപ് കണ്ടെടുത്ത, ചെമ്പിൽ തീർത്ത ‘വാഴപ്പള്ളി ശാസനം’ ഇപ്പോൾ എവിടെയെന്നറിയാനുള്ള പരിശ്രമത്തിൽ വാഴപ്പള്ളി മഹാദേവക്ഷേത്രം ഭരണസമിതിയംഗങ്ങൾ.
വാഴപ്പള്ളി ക്ഷേത്രത്തിന് മുൻവശത്തുള്ള തലവനമഠത്തിൽനിന്നാണ് ശാസനം കണ്ടെത്തിയത്. നിലവിൽ ഇതിന്റെ പകർപ്പുമാത്രമേ ഉള്ളൂ. തിരുവിതാംകൂർ പുരാവസ്തു വകുപ്പിന്റെ തലവനായിരുന്ന ടി.എ. ഗോപിനാഥറാവുവും (1902-1917) വി. ശ്രീനിവാസശാസ്ത്രികളും ചേർന്നാണ് ശാസനം കണ്ടെത്തിയത്. പല്ലവഗ്രന്ഥലിപിയിലും വട്ടെഴുത്തിലുമാണ് വാഴപ്പള്ളി ശാസനം.
മധ്യകാലകേരളത്തിൽ നിലനിന്നിരുന്ന രണ്ടാം ചേരസാമ്രാജ്യത്തെ(എ.ഡി. 800-1122)ക്കുറിച്ചുള്ള പഠനത്തെ ഈ ശാസനത്തിലെ തെളിവുകൾ സഹായിച്ചു. ചെമ്പുപാളിയിലുള്ള ശാസനത്തെക്കുറിച്ച് 1920-ൽ ട്രാവൻകൂർ ആർക്കിയോളജിക്കൽ സീരീസിലും പ്രസിദ്ധീകരിച്ചു.
വാഴപ്പള്ളി ശാസനം എഴുതിയത് ക്രിസ്തുവർഷം 844 വരെ മഹോദയപുരം ഭരിച്ചിരുന്ന രാമരാജശേഖരദേവൻ പരമേശ്വരഭട്ടാരകന്റെ കാലത്താണെന്ന് ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന്, ചങ്ങനാശ്ശേരി എൻ.എസ്.എസ്. ഹിന്ദു കോളേജ് ചരിത്രവിഭാഗം മേധാവി ഡോ. ജി. ഗോപികൃഷ്ണൻ പറഞ്ഞു.
ക്രിസ്തുവർഷം 830-ൽ വാഴപ്പള്ളി ക്ഷേത്രാങ്കണത്തിൽ നാട്ടുപ്രമാണിമാരും പത്തില്ലത്തിൽ പോറ്റിമാരും രാജാവും നാട്ടുകൂട്ടംകൂടി, തിരുവാറ്റാ ക്ഷേത്രത്തിലെ മുട്ടാബലി(പൂജകൾ)യെക്കുറിച്ച് എടുത്ത തീരുമാനമാണ് ശാസനത്തിലെ പ്രധാനപ്രമേയം. മറ്റുള്ള ശാസനങ്ങൾ ‘സ്വസ്തിശ്രീ’ (നന്മ ഭവിക്കട്ടെ) എന്ന് തുടങ്ങുമ്പോൾ, വാഴപ്പള്ളി ശാസനം ആരംഭിക്കുന്നത് ‘നമഃശിവായ’യെന്ന് തിരുവാഴപ്പള്ളിയപ്പനെ സ്തുതിച്ചാണ്. തിരുവാറ്റ ശിവക്ഷേത്രത്തിലെ മുട്ടാബലി മുടക്കുന്നവർക്ക് പിഴയായി 100 റോമൻ ദിനാർ കൊടുക്കേണ്ടിവരുമെന്ന് ഇതിലുണ്ട്. ക്ഷേത്രജോലികൾക്ക് മുടക്കംവരുത്തുന്നവർ നാലുനാഴി അരി പിഴയടയ്ക്കണമെന്നും അതിൽ പറയുന്നു.
ശാസനങ്ങൾ
മധ്യകാലകേരളചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന തെളിവുകളാണിത്. അന്നത്തെ സാമൂഹികജീവിതത്തിന്റെ നാനാവശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇന്നത്തെ സർക്കാർ തീരുമാനമോ ഉത്തരവോപോലെ വിലമതിക്കുന്നവയായിരുന്നു ശാസനങ്ങൾ. കല്ലിലും ചെമ്പിലുമുള്ള ശാസനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വാഴപ്പള്ളി ശാസനം കണ്ടെത്തിയ തിരുവിതാംകൂർ പുരാവസ്തു വകുപ്പ്, തിരു-കൊച്ചി പുരാവസ്തു വകുപ്പും പിന്നീട് കേരള പുരാവസ്തു വകുപ്പും ആയി മാറി. ഇതിനിടയിൽ എപ്പോഴോ യഥാർഥ ശാസനം കൈമോശംവന്നെന്നാണ് കരുതുന്നത്.
Content Highlights: Originating from the 9th century (830 AD) during the reign of Rama Rajasekhara Devan., First inscription to begin with 'Namah Shivaya' instead of 'Swasthishri'., Contains historical mandates regarding temple rituals and fines for non-compliance., Original copper plate is currently missing, sparking search efforts by temple authorities.
Published: 11 Mar 2026, 08:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented