തിരുവനന്തപുരം: ചരിത്രാന്വേഷികൾക്ക് കലവറയായൊരു വീട്. അവിടെ നൂറ്റാണ്ടുകളുടെ കഥ തേടിയെത്തുന്ന വിദ്യാർഥിക്കൂട്ടം. നെയ്യാറ്റിൻകര വ്‌ളാങ്ങാമുറി സ്വദേശി വി.ജെ. എബിയുടെ വി.ജെ. ഭവൻ നിറയെ വിസ്മയക്കാഴ്ചകളാണ്.

To advertise here,

മൂന്നാം വയസ്സിൽ പുരാവസ്തുക്കളോട് തോന്നിയ കമ്പമാണ് ലിപികളില്ലാത്ത ചരിത്രത്താളുകളിലേക്ക് എബിയെ അടുപ്പിച്ചത്. 57 വർഷംകൊണ്ട് ഒരു ലക്ഷത്തിലധികം വ്യത്യസ്ത പുരാവസ്തുക്കളാണ് എബിയുടെ ശേഖരത്തിലുള്ളത്. 4000 ചതുരശ്രയടി വിസ്തൃതിയുള്ള വീട് അക്ഷരാർഥത്തിൽ ഒരു മ്യൂസിയം തന്നെയാണ്.

‘വി.ജെ. ആന്റിക്സ് ആൻഡ് ലൈബ്രറി’ എന്നാണ് ടാക്സ് കൺസൾട്ടന്റുകൂടിയായ എബി അതിന് പേരിട്ടിട്ടുള്ളത്. ചരിത്രവിദ്യാർഥികളുടെ അഭയകേന്ദ്രം. നാലുവർഷ ബിരുദകോഴ്സിന്റെ ഭാഗമായുള്ള ഇന്റേൺഷിപ്പ് പ്രോഗ്രാമിനായി ചരിത്രവിദ്യാർഥികൾ കൂടുതലും എത്തുന്നത് ഇവിടെയാണ്. ഇടയ്ക്ക് വിദഗ്ധരുടെ ക്ലാസുകളും എബി സംഘടിപ്പിക്കുന്നുണ്ട്.

കൂടിപ്പള്ളിക്കൂടം വാധ്യാരായിരുന്ന മുത്തച്ഛൻ സി.ജെ. ഐസക്കിന്റെ പുരാവസ്തുക്കളോടുള്ള താത്പര്യമാണ് എബിയെയും ഈ ലോകത്തെത്തിച്ചത്.

പുരാവസ്തുക്കളുടെ ലേലങ്ങളിലും മേളകളിലും ആക്രിക്കടകളിലുമെല്ലാം എബി ഭൂതകാലത്തെ തേടിപ്പോയി.

1.1 മില്ലിമീറ്റർ വലുപ്പമുള്ള ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകങ്ങളിലൊന്നായ ’രാസരസിക’യിൽ തുടങ്ങുന്ന നീണ്ടനിര എത്തിനിൽക്കുന്നത് മൂന്നാംനിലയിലെ 1000 വർഷം പഴക്കമുള്ള മണ്ണുകൊണ്ടു നിർമ്മിച്ച പത്തായത്തിലാണ്. മധുരയിൽനിന്ന് എബി സ്വന്തമാക്കിയതാണിത്.

കാളവണ്ടി ലൈസൻസ് മുതൽ ടൈറ്റാനിക് ടിക്കറ്റ് വരെ

തന്റെ ജോലിത്തിരക്കുകൾക്കിടയിലും പുരാവസ്തുക്കൾ കാണാൻ വീട്ടിലെത്തുന്നവർക്ക് എബി സൗജന്യമായി തുറന്നുകൊടുക്കും. ടെറ്റാനിക്കിന്റെ ടിക്കറ്റ്, കാളവണ്ടി ലൈസൻസ്, റേഡിയോ ലൈസൻസ്, നൂറ് വർഷം പഴക്കമുള്ള ഫ്രാൻസിലെ തയ്യൽ മെഷീൻ, വാഗേശ്വരി ക്യാമറ, ഇന്ത്യയിൽനിന്ന് പാകിസ്ഥാനിലേക്കയച്ച ടെലഗ്രാഫ്, 1917-ലെ ടെലിസ്‌കോപ്പ്, 370 ക്യാമറകൾ, 270 രാജ്യങ്ങളുടെ നാണയങ്ങൾ, 600 നാട്ടുരാജ്യങ്ങളുടെ അളവുതൂക്ക കല്ലുകൾ, ഒന്നാം ലോകമഹായുദ്ധത്തിന്റെ പൊസിഷൻ ബുക്ക്... തുടങ്ങി പറഞ്ഞാൽ തീരാത്തത്ര അദ്ഭുതശേഖരമാണ്‌ ഇവിടെയുള്ളത്. ഇവയിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.