അഖിലലോക കുടിലതന്ത്ര, കണ്ണീര്‍ സീരിയലുകള്‍ക്കു കര്‍ട്ടന്‍ വീഴുമോ? പ്രിയതമ ലലനാമണി ആകെ ആശങ്കയിലാണ്. സീരിയലുകള്‍ക്കെതിരേ വനിതാകമ്മിഷന്‍ വടിയെടുക്കാനുള്ള സാധ്യത കാണുന്നുണ്ട്രേത. നൂറും ഇരുന്നൂറുമൊക്കെ കഷണങ്ങളാക്കി സീരിയല്‍ റബ്ബര്‍പോലെ വലിച്ചുനീട്ടുന്നത് അത്ര ശുഭകരമല്ലെന്നായിരുന്നു കമ്മിഷന്റെ വിലയിരുത്തല്‍. പഴയ ശുപാര്‍ശയാണിതെന്നും സെന്‍സര്‍ ബോര്‍ഡിന്റെ കത്രികപ്രയോഗമാണു ലക്ഷ്യമെന്നു ഘടോല്‍ക്കചന്‍ പിള്ള പറഞ്ഞുനോക്കിയിട്ടും ഓള്‍ക്കു വിശ്വാസം പോരാ.

To advertise here,

വലിച്ചുനീട്ടിയില്ലേല്‍ അതു സീരിയല്‍ ആകുന്നതെങ്ങനെ എന്ന സംശയം ന്യായം. സീരിയല്‍ സീരിയസായാല്‍ സങ്കടം, സഹതാപം ഇത്യാദി വികാരവിചാരങ്ങളുടെ വേലിയേറ്റം വൈകുന്നേരം വീട്ടിലുണ്ടാകില്ലെന്നൊരു ആശങ്കയുമുണ്ട്. മിനിസ്‌ക്രീനിന് ഉള്ളിലേയും മുന്നിലേയും കണ്ണീര്‍ പ്രളയം കണ്ട് പണ്ടേ ഉള്ളുലഞ്ഞതാണ്. തീപ്പൊരി ചാനല്‍ ചര്‍ച്ച കാണണോ കണ്ണീരും കുതന്ത്രവും കാണണമോ എന്ന തര്‍ക്കത്തില്‍ തട്ടി റിമോട്ട് കണ്‍ട്രോള്‍ എന്ന നിയന്ത്രണയന്ത്രം നിലതെറ്റി തറയില്‍ വീണ് പലതവണ തവിടുപൊടിയായിട്ടുണ്ട്. ചര്‍ച്ചയിലെ കഥാനായകന്മാര്‍ക്കാണോ സീരിയലിലെ കഥാപാത്രങ്ങള്‍ക്കാണോ അഭിനയമികവെന്നതും തര്‍ക്കവിഷയമായ ചരിത്രമുണ്ട്.

മെഗാസീരിയല്‍ കട്ടുചെയ്ത് 20-30 പീസാക്കി ചുരുക്കണമെന്നായിരുന്ന ശുപാര്‍ശകളിലൊന്ന്. വിക്ഷേപണത്തിനു മുന്‍പേ സെന്‍സര്‍ ബോര്‍ഡ് വക കത്രികപ്രയോഗം നിര്‍ബന്ധം. കാണുന്നവരാരും വഴിതെറ്റരുത്. ആവിഷ്‌കാര സ്വാതന്ത്യത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്നുവെക്കെ പറഞ്ഞ് സമരവഴിയില്‍ കുത്തിയിരുന്നു കൊടിപിടിക്കാനുള്ള വകുപ്പുണ്ട്. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ 13 മുതല്‍ 19 വരെ വയസ്സുപ്രായമുള്ള നാനൂറു പേരോട് അഭിപ്രായം ചോദിച്ചായിരുന്നു പഠനം. ബാക്കി ജില്ലക്കാരൊന്നും സീരിയല്‍ കാണുന്നില്ലേ ആവോ. 2017 മുതല്‍ 2022 വരെയായിരുന്നു പഠനം. നിലവിലെ സ്ഥിതി അധോഗതിയാണോ ശുഭകരമാണോയെന്ന് കാണുന്നവര്‍ വിധിക്കട്ടെ.

അസാന്മാര്‍ഗിക കഥാപാത്രങ്ങളെ കുട്ടികളടക്കം അനുകരിക്കുന്നുവെത്രേ. സാന്മാര്‍ഗിക പാത്രങ്ങളെ ആരും അനുകരിക്കാത്തത് എന്തുകൊണ്ടാണെന്നറിയില്ല. കേന്ദ്രകഥാപാത്രങ്ങളാകുന്ന സ്ത്രീകള്‍ മിക്കപ്പോഴും നെഗറ്റീവ് റോളിലാണ് വേഷം കെട്ടുന്നത്. കഥയില്‍ പോസിറ്റീവ് റോളില്ലേല്‍ പിന്നെന്തുചെയ്യുമെന്ന് ലലനാമണി ചോദിക്കുന്നു. അപ്പോ പ്രതിസ്ഥാനത്തു കഥയല്ലേ? കഥയില്‍ കാര്യമുണ്ട്. സിനിമയില്‍ സ്ത്രീകള്‍ കേന്ദ്രകഥാപാത്രമാകുന്നതു തീരെ കുറയുന്ന കലികാലമാണിത്. നായകന്റെ നിഴല്‍ മാത്രമാകുന്നു എന്നൊക്കെയാണ് നിരൂപണവിദ്വാന്മാരുടെ വിലാപം. സീരിയലില്ലെങ്കിലും അവര്‍ കേന്ദ്രത്തിലെത്തിയെങ്കില്‍ പുളകംകൊള്ളുകയല്ലേ വേണ്ടത്. തെറ്റായ സന്ദേശങ്ങള്‍ കുടുംബങ്ങളെയും കുട്ടികളെയും ബാധിക്കുന്നതിനാല്‍ പ്രമേയത്തില്‍ മാറ്റം വരുത്തിയേ പറ്റൂ.

നാട്ടിലെ കുനുഷ്ട് പിടിച്ച കൊലപാതക കേസുകളില്‍ പലതിനും സിനിമാമോഡല്‍ കൊല എന്നൊക്കെ വിളിപ്പേരുണ്ട്. സൂപ്പര്‍സ്റ്റാര്‍ സിനിമകള്‍ക്കുവരെ ഇമ്മാതിരി പേരുദോഷമുണ്ടായ ചരിത്രമുണ്ട്. സിനിമ കണ്ടിട്ട് കഠാരയെടുക്കുന്നവര്‍ സീരിയല്‍ കണ്ടാലും കഠാരയെടുക്കില്ലേ എന്നാണു ചോദ്യം. ആളെ കൊന്നിട്ട് സിനിമായാണെന്റെ പ്രചോദനകേന്ദ്രമെന്നൊക്കെ വിളിച്ചുപറയുന്നത് നാട്ടുനടപ്പായിട്ടുണ്ട്. നല്ലതൊന്നും അനുകരണപ്പട്ടികയില്‍ പെടുന്നില്ലെന്നാണു കൗതുകകരം. ഇക്കാര്യത്തില്‍ നല്ലൊരു പഠനത്തിനു സ്‌കോപ്പുണ്ട്. സീരിയല്‍ ഒരുപാടു ജീവിതങ്ങളുടെ താങ്ങാണെന്ന കാര്യത്തില്‍ ഘടോല്‍ക്കചന്‍ പിള്ളയ്ക്ക് രണ്ടഭിപ്രായമില്ല. അതു നന്നായിരുന്നാലേ നിലനിലനില്‍പ്പുള്ളൂ. കലാകാരരും കാണികളും ഉള്ളൂ. അതുകൊണ്ടുതന്നെ പ്രസക്തമാണ് പഠനവും ശുപാര്‍ശകളുമൊക്കെ.

നാടകാന്തം മരണം

അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുകയാണ്... ഉത്സവപ്പറമ്പുകളില്‍ ആകാംക്ഷയുടെ ബെല്ലടി മുഴക്കിയ ഈ ഡയലോഗ് വീണ്ടും ഓര്‍മ്മയില്‍ മുഴങ്ങി. അരങ്ങിലെ തിരശ്ശീല ഉയരുമ്പോള്‍ തെളിയുന്ന ജീവിതക്കണ്ണീരിന്റെ ഓര്‍മ്മപ്പെടുത്തല്‍. ജെസി മോഹന്‍, അഞ്ജലി എന്നീ നാടിനു പ്രീയപ്പെട്ട നാടക നടിമാരുടെ ദാരുണാന്ത്യം അസ്വസ്ഥമാക്കുന്നത് അരങ്ങിനെ മാത്രമല്ല, നാടകപ്രേമികളെയുമാണ്. കണ്ണൂരിലെ കേളകത്ത് വില്ലനായെത്തിയ വാഹനാപകടം ഇല്ലാതാക്കിയത് ആ കലാകാരികളുടെ നാടകസ്വപ്നങ്ങള്‍ മാത്രമല്ല, ജീവിത പ്രതീക്ഷകള്‍ കൂടിയാണല്ലോ.

കായംകുളത്തെ ദേവാ കമ്യൂണിക്കേഷന്‍സ് നാടകസംഘത്തിലെ നടിമാരായിരുന്നു ഇവര്‍. വനിതാ മെസ് എന്ന നാടകം വിവിധ വേദികളിലവതരിപ്പിക്കാന്‍ യാത്രയായതാണ് ഇവരടക്കമുള്ള സംഘാംഗങ്ങള്‍. കാലികപ്രസക്തമായ പ്രമേയത്തിന്റെ കരുത്തുള്ള നാടകം. നാടകോത്സവങ്ങളില്‍ നിറഞ്ഞ കൈയടി നേടിയുള്ള യാത്രയ്ക്കിടെയാണ് ദുരന്തത്തിന്റെ ഇരുട്ടടി. വേര്‍പാടിന്റെ വേദനയ്ക്കപ്പുറം നാടകകലാകാരരുടെ ഇരുള്‍വീണ ജീവിതത്തിലേക്കും വെളിച്ചംവിതറുന്നൂ ഈ അപകടമെന്നതാണ് വാസ്തവം. കുഞ്ഞുവീട്ടിലെ വലിയ പ്രരബ്ധങ്ങള്‍ മനസ്സിലൊതുക്കിയായിരുന്നു അഞ്ജലി വേഷങ്ങളാടിയത്. ജെസി മോഹനും വേദിയിലെത്തിയത് വേദനകള്‍ മറന്നായിരുന്നു. നാടകനടനായ ഭര്‍ത്താവ് തേവലക്കര മോഹന്റെ മരണം സൃഷ്ടിച്ച ശൂന്യത, വാടകവീടിന്റെ പരിമിതികളിലും മുളയിട്ട സ്വന്തമായൊരു വീടെന്ന മോഹം.

ഉറക്കമളച്ചുള്ള നീണ്ടയാത്രകള്‍, അവശത മറന്നുള്ള അഭിനയം, കുറഞ്ഞ പ്രതിഫലം, സീസണില്‍ മാത്രം ഉണരുന്ന പരിമിതമായ വേദികള്‍... അഭിനയത്തോടുള്ള അഭിനിവേശത്തില്‍ വേദന മറക്കുകയാണ് നാടകപ്രവര്‍ത്തകര്‍. സംഗീതനാടക അക്കാദമിയും സര്‍ക്കാരുമൊക്കെ കണ്‍തുറന്നു കാണണം ഈ ജീവിതരംഗങ്ങള്‍. മരണഗര്‍ത്തത്തില്‍ മറഞ്ഞവരുടെ കുടുംബത്തിന് സഹായം നല്‍കുമെന്ന സാംസ്‌കായികമന്ത്രിയുടെ വാഗ്ദാനം സഫലമാകട്ടെ.

കായല്‍പ്പരപ്പിലെ വിവാദച്ചിറകടി

കല്ലിടും മുന്‍പേ വിവാദത്തിന്റെ കല്ലുകടി. വിവാദ കേരളത്തിലെ ചില പദ്ധതികളുടെ ഗതിയതായിട്ടുണ്ട്. നാടിന്റെ ഗതി അധോഗതിയാകുമോയെന്ന ആശങ്ക കാരണമാണിതെന്നു ന്യായം പറയാം. പറഞ്ഞുവരുന്നത് സീ പ്ലെയിന്‍ അഥവാ ജലവിമാനത്തിന്റെ കാര്യം തന്നെ. കൊച്ചിയുടെ കായല്‍പ്പരപ്പില്‍ തൊട്ടപ്പോഴേ വിവാദത്തിര പൊങ്ങി. നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ജലാശയങ്ങളെ ബന്ധിപ്പിച്ച് സഞ്ചാരികളെ പ്ലെയിനില്‍ പറത്തുന്ന സുന്ദര പദ്ധതി. പ്ലെയിന്‍ പാവപ്പെട്ട മത്സ്യ, കക്കവാരല്‍ തൊഴിലാളികളുടെ വയറ്റത്തടിക്കുമോയെന്ന ആശങ്കയായിരുന്നു വിവാദത്തിനടിസ്ഥാനം. വിമാനം പറന്നിറങ്ങുന്നിടത്ത് വലകളും യാനങ്ങളും പറ്റില്ലത്രേ. ജലാശയങ്ങളുടെ ആവാസവ്യവസ്ഥയെയും തൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തെയും ഇതു ബാധിക്കുമോയെന്നൊരു പഠനം നേരത്തെ നടത്തി പരിഹാരമാര്‍ഗം കാണേണ്ടതായിരുന്നു. എങ്കില്‍, വിവാദവഴി അടയുമായിരുന്നെന്ന അഭിപ്രായക്കാരനാണു ഘടോല്‍ക്കചന്‍ പിള്ള. വേണ്ടതു വേണ്ടസമയത്തു ചെയ്യാത്തതാണല്ലോ വിനയാകുന്നത്. സാമൂഹികം, സാമ്പത്തികം, പാരിസ്ഥിതികം ഇമ്മാതിരി വിഷയങ്ങള്‍ പഠിക്കാതെയാണു പദ്ധതിയെന്ന ആക്ഷേപവും കേള്‍ക്കേണ്ടിവരില്ലായിരുന്നു. സാധ്യതാപരീക്ഷണം മാത്രമാണിതെന്നും കേള്‍ക്കുന്നുണ്ട്. നടക്കട്ടെ.

2013-ല്‍ ഉമ്മന്‍ചാണ്ടി സര്‍ നയിച്ച സര്‍ക്കാരിന്റെ കാലത്തു തുടങ്ങാനിരുന്നതാണു പദ്ധതി. കൊല്ലത്തെ അഷ്ടമുടിക്കായലില്‍നിന്ന് ആലപ്പുഴ പുന്നമടക്കായിലേക്കു പ്ലെയിന്‍ പറത്തി തുടക്കമിടാനായിരുന്നു ലക്ഷ്യം. പക്ഷേ, വള്ളമിറക്കിയും വലയെറിഞ്ഞുമുള്ള പ്രതിഷേധങ്ങള്‍ക്ക് അന്ന് പുന്നമട സാക്ഷിയായതോടെ പദ്ധതി ചിറകറ്റു കായലില്‍ താണു. അന്ന് പദ്ധതിയെ എതിര്‍ത്തവരില്‍ ചിലര്‍ ഇന്നു വിമാനത്തിനു പച്ചക്കൊടി കാട്ടുന്നത് ഇരട്ടത്താപ്പല്ലേ എന്നു ചിലര്‍ ചോദിക്കുന്നുണ്ട്.

എതിര്‍പ്പിന്റെ വാളോങ്ങി ചില ഭരണാനുകൂല യൂണിയനുകളും രംഗത്തുണ്ട്. പ്രക്ഷോഭവഴിയിലേക്കവര്‍ കടക്കുമെന്നാണ്  പിന്നാമ്പുറ സംസാരം. ഡാമുകള്‍ കേന്ദ്രീകരിച്ചു മാത്രമായാല്‍ എതിര്‍ക്കില്ലെന്ന അഭിപ്രായവും കേട്ടു. മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച നടത്തിയേ പദ്ധതി നടപ്പാക്കാവൂ എന്ന ന്യായമായ ആവശ്യമാണ് ഒടുവിലുയര്‍ന്നത്. തൊഴിലാളികളെയും പരിസ്ഥിതിയെയും ചേര്‍ത്തുപിടിച്ച് പ്ലെയിൻ പറന്നുയരട്ടെയെന്നാണ് പ്രാര്‍ഥന. അതുവരെ ചര്‍ച്ച കൊഴുക്കട്ടെ. നല്ല ചര്‍ച്ചകളില്‍ നിന്നാണല്ലോ നല്ല ആശയങ്ങളും നാടിന്റെ നന്മയും ചിറകടിച്ചുയരുന്നത്.

ഓടയില്‍ നിന്നൊരു വിലാപം

മറുനാട്ടുകാരെ നാടുകാണാന്‍ കൈകൊട്ടിയും കൈപൊക്കിയും മാടിവിളിക്കുന്നവരാണു നമ്മള്‍. സുന്ദര കാഴ്ചകളുടെ പിന്നാമ്പുറത്ത് അത്ര പന്തിയല്ലാത്ത കാഴ്ചകള്‍ കാണാനും അനുഭവിക്കാനും സഞ്ചാരികള്‍ക്ക്  ആവോളം അവസരമുണ്ട്. തകര്‍ന്ന ഓടകള്‍, റോഡുകള്‍, കൂടിയിരുന്നു കിന്നാരം പറയുന്ന തെരുവുനായക്കൂട്ടം... അങ്ങനെ പലത്. മൂടിയില്ലാത്ത ഓട, മൂടി പൊളിഞ്ഞതും പൊളിയാന്‍ പോകുന്നതുമായ ഓട എന്നിങ്ങനെ ലോകത്തപൂര്‍വമായ നാനാജാതി ഓടകളാണു നാട്ടിലുള്ളത്. ഓടയില്‍ വീഴ്ച നമുക്കൊരു പുതുമയേയല്ല.

അടുത്തിയടെ, ഓടയ്ക്കു സ്ലാബു വാര്‍ക്കാന്‍ തട്ടടിച്ച പലകയില്‍ കയറിയ ഗര്‍ഭിണി നേരേ പാതാളക്കുഴിയിലേക്കു വീണത് സഞ്ചാരികളേറെ എത്തുന്ന ആലപ്പുഴ നഗരത്തിലാണ്. കിഴക്കിന്റെ വെനീസാണിത്. കണ്ടകശനിയുടെ കാലമല്ലാത്തതിനാലാകാം നാട്ടുകാരിയായ പുള്ളിക്കാരിക്കു പരിക്കൊന്നും പറ്റിയില്ല. പൊതുമരാമത്തു വകുപ്പിന്റെ സ്വന്തം റോഡിലായിരുന്നത്രേ ഈ ഡൗണ്‍ജമ്പ്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യം പറപറന്നു. അതോടെ സ്ലാബെന്ന സ്വപ്നം സഫലമാക്കിക്കൊടുത്തു വേണ്ടപ്പെട്ടവര്‍.

അയലത്തുള്ള എറണാകുളത്തെ സ്ഥിതിയും ഒട്ടുംമോശമല്ല. ഫോര്‍ട്ടുകൊച്ചിയില്‍ അക്കിടി പറ്റിയത് ആയുര്‍വേദ ചികിത്സയ്ക്കിറങ്ങി പുറപ്പെട്ട ഫ്രഞ്ച് പൗരനാണ്. പുതുക്കിപ്പണിയാന്‍ തുറന്നിട്ട ഓടയിലേക്കൊന്നു വീണു. കാലൊടിഞ്ഞു. മറ്റൊന്നും സംഭവിക്കാത്തതു മഹാഭാഗ്യം. ഇനി ഡബിള്‍ ചികിത്സ നടത്തേണ്ട ഗതികേട്. ഇതൊക്കെ പുറംലോകമറിഞ്ഞാല്‍ കൊച്ചി കാണാനെന്നല്ല, ഇവിടെ കാലുകുത്താന്‍പോലും ആരെങ്കിലും തയ്യാറാകുമോ ആവോ? കൊച്ചി കണ്ടവന് അച്ചി വേണ്ടെന്നൊക്കെ പറഞ്ഞത് പഴങ്കഥ. വിഷയത്തില്‍ നീതിപീഠം ഇടപെട്ടതു നന്നായി. വേണ്ടപ്പെട്ടവര്‍ മറുപടി പറയേണ്ടിവരും. ഓട കണ്ട് പേടിച്ച് ഓടിപ്പോകേണ്ട ഗതികേട് നാട്ടുകാര്‍ക്കും മറുനാട്ടുകാര്‍ക്കും ഉണ്ടാക്കരുത് സര്‍.
ഇനിയൊരു കോഴിക്കോടന്‍ സംഭവം. ഇവിടെ വില്ലന്‍ ഓടയല്ല, പട്ടിയാണ്. റെയില്‍വേ സ്റ്റേഷനിലെത്തിയ ജര്‍മന്‍കാരിയുടെ കാലിനു കിട്ടി പട്ടിയുടെ കടി. റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടികാത്ത് പട്ടികളുണ്ടാകുമെന്ന് ജര്‍മനിക്കാരിക്കറിയില്ലല്ലോ. അബദ്ധത്തില്‍ നായയുടെമേല്‍ ചവിട്ടിപ്പോയി. അങ്ങു ജര്‍മനീന്നു വന്നതല്ലേ, വെറുതേവിട്ടേക്കാമെന്നു പട്ടി ചിന്തിച്ചില്ല. കൊടുത്തൊരു കടി. കൊച്ചി കാണാന്‍ കൊതിച്ച ടൂറിസ്റ്റിന് ആശുപത്രി കാണാനായി യോഗം. സമീപകാലത്ത് ഒന്‍പതുപേരെ പട്ടി കടിക്കുന്നതിന് സാക്ഷ്യംവഹിച്ച സ്റ്റേഷനാണ്രേത ആലപ്പുഴ.