നാല് കൊല്ലം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2022 ഓഗ്സ്റ്റ് മൂന്നിന് പുലർച്ചെ മദ്ധ്യപ്രദേശിൽ സിയോണി മൽവയിലെ ബറക്കാട് ഗ്രാമത്തിൽ ഒരു ട്രക്കിൽ വരികയായിരുന്ന മൂന്ന് പേർ മാരകമായി ആക്രമിക്കപ്പെട്ടു. മഹാരാഷ്്രടയിലേക്ക് കന്നുകാലികളെ കൊണ്ടുപോവുകയായിരുന്ന ഷെയ്ഖ് നസീർ അഹമ്മദ്, ഷെയ്ഖ് ലാല, ഷെയ്ഖ് മുഷത്ാഖ് എന്നിവരാണ് ആൾക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായത്. ട്രക്ക് ഡ്രൈവർ നസീർ അഹമ്മദ് നിർദ്ദയം വധിക്കപ്പെട്ടു. മാരകമായി പരിക്കേറ്റെങ്കിലും ലാലയും മുഷ്താഖും ആക്രമണത്തെ അതിജീവിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്കും മജിസ്ട്രേറ്റിനും മുന്നിൽ ഇവർ ആദ്യം നൽകിയ മൊഴികൾ കേസിൽ നിർണ്ണായകമാവുകയും ചെയ്തു.

To advertise here,

ഇക്കഴിഞ്ഞ ജൂൺ 12-ന് സിയോണി മൽവയിലെ ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജ് തബസ്സും ഖാൻ കേസിൽ വിധി പറഞ്ഞു. പ്രതികൾ കുറ്റക്കാരാണെന്ന് സംശയാതീതമായി തെളിഞ്ഞതായി കോടതി കണ്ടെത്തി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302, 149 വകുപ്പുകൾ (കൊലപാതകം, നിയമവിരുദ്ധമായി കൂട്ടംചേരൽ) പ്രകാരമുള്ള കുറ്റങ്ങൾക്ക് കോടതി 14 പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ആക്രമണത്തിനിരയായ ലാലയും മുഷ്താഖും ഇടയ്ക്കുവെച്ച് കൂറുമാറിയിരുന്നു. എന്നിട്ടും പ്രതികൾക്ക് രക്ഷപ്പെടാനായില്ല.

സാഹചര്യത്തെളിവുകൾ അത്രയും ശക്തമായിരുന്നു.  കൊലയ്ക്കുള്ള പ്രേരണ എന്താണെന്ന് വ്യക്തമല്ലെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം കോടതി തള്ളിക്കളഞ്ഞു. സമ്മർദ്ദത്തിനടിപ്പെട്ടായിരിക്കണം ലാലയും മുഷ്താഖും കൂറുമാറിയതെന്നും എന്നാൽ, അതുകൊണ്ടൊന്നും പ്രതികളുടെ കുറ്റം ഇല്ലാതാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭീകരമായ ആൾക്കൂട്ട ആക്രമണമാണ് നടന്നതെന്നും നിയമവാഴ്ചയുടെ നഗ്‌നമായ ലംഘനം സമൂഹത്തിന്റെ നിലനിൽപിനെത്തന്നെയാണ് ചോദ്യം ചെയ്യുന്നതെന്നും കോടതി പറഞ്ഞു.

പേരാണ് പ്രശ്നം, മതമാണ് പ്രശ്നം

2015-ൽ ഉത്തർപ്രദേശിലെ ഗൗതമ ബുദ്ധ നഗറിൽ ആൾക്കൂട്ടം മർദ്ദിച്ചു കൊന്ന മുഹമ്മദ് അക്‌ലാഖിന്റെ കേസ് ഇപ്പോഴും വിചാരണ നടക്കുകയാണെന്നത് ഓർക്കുമ്പോൾ സിയോണി മൽവ കോടതിയിൽ കാര്യങ്ങൾക്ക് അതർഹിക്കുന്ന വേഗമുണ്ടായി എന്നത് ചെറിയ സംഗതിയല്ല. അക്ലാഖ് കേസിൽ അടുത്തിടെയുണ്ടായ സംഭവങ്ങൾ സവിശേഷ പരാമർശം അർഹിക്കുന്നുണ്ട്. അക്ലാഖ് വധക്കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.പി. സർക്കാർ കോടതിയിലെത്തിയതാണ് ഇതിൽ ആദ്യത്തേത്. സമുദായ സൗഹാർദ്ദം നിലനിർത്തുന്നതിന് കേസ് പിൻവിലക്കേണ്ടത് അത്യാവശ്യമാണെന്നാണ് യോഗി സർക്കാർ കോടതിയിൽ പറഞ്ഞത്.

രാജ്യത്തൊരിടത്തും ഇന്ത്യൻ ശിക്ഷാനിയമം 302 (ബിഎൻഎസ് 103) പ്രകാരം കൊലപാതകത്തിന് എതിരെ എടുത്തിട്ടുള്ള കേസ് പിൻവലിച്ച ചരിത്രമില്ലെന്ന് ചൂണ്ടിക്കാട്ടി ജഡ്ജി സൗരബ് ദ്വിവേദി യു.പി. സർക്കാരിന്റെ ആവശ്യം തളളിക്കളഞ്ഞു. കൊലപാതകം സമൂഹത്തിനെതിരെയുള്ള കുറ്റമാണെന്നും ഭരണകൂടം ഇരയ്ക്ക് വേണ്ടി നിലകൊള്ളേണ്ടത് നിയമത്തോടുള്ള ഭയം നിലനിർത്തുന്നതിന് ആവശ്യമാണെന്നും കോടതി എടുത്തുപറയുകയും ചെയ്തു.

സിയോണി മൽവയിലെ കേസിൽ വിചാരണ കൃത്യമായി നടത്തി അധികം വൈകാതെ വിധി പറഞ്ഞ ജഡ്ജി പക്ഷേ, ഇപ്പോൾ മനഃസമാധാനം നഷ്ടപ്പെട്ട നിലയിലാണ്. സ്വന്തം കടമ നിർഭയമായി നിറവേറ്റിയ ജഡ്ജ് തബസ്സും ഖാൻ നേരിട്ടുകൊണ്ടിരിക്കുന്നത് കടുത്ത ആൾക്കൂട്ട വിചാരണയാണ്. പൊതുവിടങ്ങളിലും സൈബർ താവളങ്ങളിലും ഖാൻ നിരന്തരം അധിക്ഷേപിക്കപ്പെടുന്നു. തബസ്സും ഖാൻ എന്ന പേരാണ് ഈ ആൾക്കൂട്ടം പ്രശ്നമാക്കായിരിക്കുന്നത്.

ഖാന്റെ വിധിയെക്കുറിച്ചോ അതിനാധാരമായി അവർ നിരത്തിയിട്ടുള്ള കാരണങ്ങളെക്കുറിച്ചോ ഒന്നുംതന്നെ ഈ ആൾക്കൂട്ടത്തിന് പരാതിയില്ല. ഇന്ത്യൻ ജുഡീഷ്യറിയുടെ ഇങ്ങേ തലയ്ക്കലുള്ള ഒരു ജഡ്ജിയെ അവരുടെ മതം നോക്കി ക്രൂശിക്കുന്ന വൃത്തികേടാണ് അരങ്ങേറുന്നത്.

വർഗീയത എന്ന അർബ്ബുദം

ഉത്തരേന്ത്യയിൽ പലയിടത്തും ഖാന്റെ കോലം കത്തിക്കാൻ ആളുകളുണ്ടായി. ഫോണിലും അല്ലാതെയും ഭീഷണികളുടെ കുത്തൊഴുക്കാണ്. തബസ്സും ഖാന്റെ കോടതിയിൽ പ്രതികൾക്ക് നീതി കിട്ടില്ലെന്നും വിധി റദ്ദാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ജഡ്ജിയെയെ സസ്പെന്റ് ചെയ്യണമെന്നും ഇതിനുമുമ്പ് അവർ നടത്തിയ വിധികൾ പുനഃപരിശോധിക്കണമെന്നും ഇക്കൂട്ടർ ആവശ്യപ്പെടുന്നു. സംഭവത്തിൽ അഭിഭാഷകരുടെ സംഘടനകൾ ജഡ്ജ് ഖാന് അനുകൂലമായി രംഗത്തുവന്നിട്ടുണ്ട്. മദ്ധ്യപ്രദേശ് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ജഡ്ജ് ഖാന് അടിയന്തര സംരക്ഷണത്തിന് ഉത്തരവിടുകയും ചെയ്തു. അത്രയും ആശ്വാസം. മതം നോക്കി കോടതികളെയും കോടതി വിധികളെയും വിചാരണ ചെയ്യുന്നവർ ഒരു തരത്തിലുമുള്ള മാപ്പും അർഹിക്കുന്നില്ല. ഇക്കൂട്ടർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ എത്രയും പെട്ടെന്ന് ലഭ്യമാക്കിയാലേ ഇന്ത്യൻ റിപ്പബ്ലിക്കിന് അതിജീവനം സാദ്ധ്യമാവൂ.

ആൾക്കൂട്ടം നിയമം കയ്യിലെടുത്താൽ ഒരു ജനാധിപത്യ സമൂഹത്തിനും മുന്നോട്ടു പോകാനാവില്ല. അത്തരം നിയമലംഘനങ്ങൾ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും പ്രോത്സാഹിപ്പിക്കപ്പെടരുത്. ആ വഴിക്കുള്ള കൃത്യവും വ്യക്തവുമായ സന്ദേശമാണ് ജഡ്ജ് ഖാന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അതുകൊണ്ടു തന്നെ ജഡ്ജ്‌ ഖാന് അവരുടെ തൊഴിൽ നിർഭയമായി തുടരുന്നതിന് ഒരു തടസ്സമുണ്ടാവുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ട ബാദ്ധ്യത ഭരണകൂടത്തിനുണ്ട്.

 

മതമല്ല, നീതിയും നിയമവാഴ്ചയുമാണ് ഇന്ത്യൻ ഭരണഘടനയുടെ അസ്തിവാരം നിർവ്വചിച്ചത്. ജഡ്ജ് ഖാനെതിരെയുള്ള ആൾക്കൂട്ട വിചാരണ ഇന്ത്യൻ സമൂഹത്തെ കാർന്നു തിന്നാൻ തുടങ്ങിയിട്ടുള്ള മാരകമായൊരു അർബ്ബുദത്തിന്റെ ലക്ഷണമാണ്. ഇതിനെ ഇല്ലാതാക്കേണ്ടത് പ്രഥമവും പ്രധാനവുമായി ഇന്ത്യൻ രാഷ്ട്രീയ സംവിധാനത്തിന്റെയും ജുഡീഷ്യറിയുടെയും പൗര സമൂഹത്തിന്റെയും കടമയാണ്. അഭിഭാഷകനായ സഞ്ജയ് ഹെഗ്ഡെയും ജസ്റ്റിസ് മർക്കണ്ഡെയ കട്ജുവും ഇതു പറയുന്നത് വെറുതെയല്ല.

 

കലാപങ്ങൾ ഉണ്ടാവുന്നത് 

ശൂന്യതയിൽനിന്നു പൊട്ടിമുളയ്ക്കുന്നതല്ല ഇത്തരം ആൾക്കൂട്ട ആക്രമണങ്ങളും വിചാരണകളും. ഭരണകൂടത്തിന്റെ അർത്ഥഗർഭമായ മൗനങ്ങളാണ് ഇതിനുള്ള പരിസരം ഒരുക്കുന്നത്. 2018-ൽ രാജസ്ഥാനിലെ ഒരു റാലിയിലാണ് അന്ന് ബിജെപി അദ്ധ്യക്ഷനായിരുന്ന അമിത് ഷാ ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥികളെ 'ചിതലുകൾ' എന്ന് വിളിച്ചത്. തൊട്ടടുത്ത കൊല്ലം ജാർഖണ്ഡിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി മോദിയുടെ തീവ്രവാദികളെ അവരുടെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന പരാമർശമുണ്ടായി. 2021-ൽ ഹരിദ്വാറിൽ ചേർന്ന ധരം സൻസദ് ന്യൂനപക്ഷങ്ങൾക്കെതിരെ വംശഹത്യ ആഹ്വാനമുയർത്തിയതും മറക്കാനാവില്ല.

ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ഒരു കലാപവും ഉണ്ടാകുന്നില്ലെന്ന് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി പറഞ്ഞത് ഈ ഘട്ടത്തിൽ ഓർക്കണം. വർഗീയതയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും മൊറാർജി ഒരുക്കമല്ലായിരുന്നു. വർഗീയ കലാപത്തിൽ ഏർപ്പെടുന്നവരെ നേരിടാൻ പോലിസ് ഒരു മുഴം നീട്ടി എറിയണമെന്ന് മൊറാർജി പറയുമായിരുന്നു.

ഇത്തരം ഘട്ടങ്ങളിൽ ലാത്തി പ്രയോഗിക്കേണ്ടിടത്ത് ആകാശത്തിലേക്ക് വെടി വെയ്ക്കണമെന്നും ആകാശത്തേക്ക് വെടി വെയ്ക്കേണ്ടിടത്ത് മുട്ടിന് താഴെ ലക്ഷ്യമിടണമെന്നുമുള്ള പക്ഷക്കാരനായിരുന്നു മൊറാർജി. ഗുജറാത്തിൽ 2002-ലെ കലാപത്തിൽ പല ജില്ലകളിലും കലാപം കൊടുമ്പിരി കൊള്ളാതിരുന്നതിന് പിന്നിൽ ഇത്തരം നിലപാടുള്ള നിർഭയരായ ഐഎഎസ്്, ഐപിഎസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു.

സോഫിയ ഖുറേഷി

ജസ്റ്റിസ് അതുൽ ശ്രീധരനെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത് കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെത്തുടർന്നാണെന്ന് സുപ്രീം കോടതിയുടെ കൊളീജിയം വ്യക്തമാക്കിയത് ഇതോടൊപ്പം ചേർത്ത് വായിക്കണം. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാദ്ധ്യമങ്ങളോട് വിശദീകരിക്കാൻ നിയോഗിക്കപ്പെട്ട ആർമി ഓഫിസർ കേണൽ സോഫിയ ഖുറേഷിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയതിന് മദ്ധ്യപ്രദേശ് മന്ത്രിയും ബി.ജെ.പി. നേതാവുമായ വിജയ് ഷായ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട ഹൈക്കോടതി ബെഞ്ചിൽ ജസ്റ്റിസ് അതുൽ ശ്രീധരനുണ്ടായിരുന്നതാണ് പ്രകോപന ഹേതു.

വർഗീയ പരാമർശം നടത്തിയ മന്ത്രിക്കെതിരെ ഒരു നടപടിയും ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പകരം വർഗ്ഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയ ജഡ്ജി സ്ഥലം മാറ്റപ്പെടുകയും അർഹതയുള്ള പ്രൊമോഷൻ നിഷേധിക്കപ്പെടുകയും ചെയ്തു.

ജമ്മു കശ്മീരിലെ ശ്രീ മാത വൈഷ്ണോ ദേവി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ പ്രതിസന്ധിയും മറക്കാനാവുമോ? കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ തൃപ്തികരമാണെന്ന ബോദ്ധ്യത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാഷനൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി.) 50 സീറ്റുകളിലേക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള അനുമതി കൊടുത്തു. ദേശീയ പ്രവേശന പരീക്ഷയുടെ (നീറ്റ്) അടിസ്ഥാനത്തിലാണ് ഇവിടെയും പ്രവേശനം നൽകുന്നത്.

ഇങ്ങനെ പ്രവേശനം കിട്ടിയവരിൽ 42 പേർ മുസ്ലിങ്ങളും 7 പേർ ഹിന്ദുക്കളും ഒരാൾ സിഖ് സമുദായത്തിൽനിന്നും ആയിരുന്നു. ഇതോടെ ചില ഹിന്ദു സമുദായ സംഘടനകൾ സംഘർഷ സമിതി എന്ന പേരിൽ പ്രക്ഷോഭം തുടങ്ങി. മെഡിക്കൽ പ്രവേശന പട്ടിക റദ്ദാക്കണമെന്നും വൈഷ്ണോദേവിയുടെ പേരിൽ ലഭിക്കുന്ന ഫണ്ടുകൾ ഹിന്ദു സമുദായത്തിന്റെ ഉന്നമനത്തിന് വിനിയോഗിക്കണമെന്നുമായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം. ബി.ജെ.പി. ഇതിനെ പിന്തുണച്ചു.

മെഡിക്കൽ കോളേജ് ഉൾപ്പെടുന്ന വൈഷ്ണൊ ദേവി സർവ്വകലാശാലയ്ക്ക് കഴിഞ്ഞ എട്ടു വർഷങ്ങളിൽ 12 കോടി രൂപ സർക്കാർ സഹായം ലഭിച്ചിട്ടുണ്ടെന്ന വസ്തുത പ്രക്ഷോഭകർ സൗകര്യപൂർവ്വം മറന്നു. ഇക്കഴിഞ്ഞ ജനുവരി ആറിന് മെഡിക്കൽ കോളേജിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള എൻ.എം.സിയുടെ അറിയിപ്പ് വന്നു. ഭരണകൂടങ്ങൾ വർഗീയ ശക്തികൾക്ക് വഴങ്ങുന്ന ലജ്ജാകരമായ കാഴ്ചയായിരുന്നു അതെന്ന ആരോപണം എങ്ങിനെയാണ് ഉയരാതിരിക്കുക?

റഹ്‌മാൻ നേരിട്ടത്

സംഗീതജ്ഞൻ എ.ആർ. റഹ്‌മാൻ അടുത്തിടെ നേരിട്ട സൈബർ ആക്രമണവും ഈ പരിസരത്തിലായിരുന്നു. ബോളിവുഡ്ഡിൽ തനിക്ക് കിട്ടുന്ന അവസരങ്ങളിൽ കഴിഞ്ഞ എട്ടു വർഷങ്ങളിൽ കുറവുണ്ടായിട്ടുണ്ടെന്നും ചിലപ്പോൾ അതിന് വർഗീയ കാരണങ്ങൾ ഉണ്ടായേക്കാമെന്നുമാണ് ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ റഹ്‌മാൻ പറഞ്ഞത്. റഹ്‌മാന്റെ പരാമർശം വലിയ വിവാദമായി. പക്ഷേ, തുടർന്നങ്ങോട്ട് റഹ്‌മാൻ നേരിട്ട സൈബർ ആക്രമണം അനിതരസാധാരണമായിരുന്നു.

റഹ്‌മാന്റെ മതം മുൻനിർത്തിയുള്ള കടുത്ത വിചാരണയാണ് സമൂഹ മാദ്ധ്യമങ്ങളിൽ അരങ്ങേറിയത്. വിശ്വ ഹിന്ദു പരിഷത്ത് വക്താവ് വിനോദ് ബൻസൽ പറഞ്ഞത് ഘർ വാപസി നടത്തി റഹ്‌മാൻ ഹിന്ദു മതത്തിലേക്ക് തിരിച്ചുവന്നാൽ അവസരങ്ങൾ കൂടുമെന്നാണ്.

റഹ്‌മാൻ പറഞ്ഞത് റഹ്‌മാന്റെ അഭിപ്രായമാണ്. അതിനോട് വിയോജിക്കുന്നവർ ധാരാളമുണ്ടാവും. പക്ഷേ, വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് എതിർവശത്തുള്ളയാളെ വ്യക്തിഹത്യ നടത്തിക്കൊണ്ടാവരുത്. ജനാധിപത്യം അടിസ്ഥാനപരമായി സംഭാഷണമാണ്. യോജിപ്പും വിയോജിപ്പും ഇടംപിടിക്കുന്ന സംഭാഷണം. റഹ്്മാനോട് തങ്ങൾ യോജിക്കുന്നില്ലെന്നാണ് ഗാനരചയിതാവ് ജാവേദ് അക്തറും സംഗീതജ്ഞൻ ഷാനും പറഞ്ഞത്. വിയോജിപ്പിന്റെ തലങ്ങൾ നിലനിൽക്കുമ്പോഴാണ് ജനാധിപത്യം ജനാധിപത്യമാവുന്നത്. വിയോജിപ്പിന്റെ ഈ മനോഹാരിതയാണ് ജനമനസ്സുകളിൽ വിഷം കലയ്ക്കുകയെന്ന ഒരൊറ്റ ലക്ഷ്യത്തോടെ സൈബർ അധിക്ഷേപകർ തകർത്തെറിയുന്നത്.

നിയമവാഴ്ച തകർന്നാൽ

നിയമവാഴ്ചയാണ് ആധുനിക സമൂഹത്തിൽ മനുഷ്യർക്ക് സമാധാനപരമായ ജീവിതം ഉറപ്പാക്കുന്നത്. നിയമത്തിന് മുകളിൽ ആരുമില്ല. എല്ലാവരും നിയമത്തിന് മുന്നിൽ ഒരുപോലെയാണ്. ഈ അടിസ്ഥാന പ്രമാണങ്ങളിലാണ് ജനാധിപത്യ സമൂഹങ്ങൾ നിലനിൽക്കുന്നത്. 1950 ജനുവരി 26-ന് ഇന്ത്യൻ റിപ്പബ്ലിക് നിലവിൽ വന്നപ്പോൾ അതിന്റെ അസ്തിവാരം ഇന്ത്യൻ ഭരണഘടനയിൽ അധിഷ്ഠിതമായിരുന്നു. മതമോ ജാതിയോ ജനിച്ചു വീണ കുലമോ നിറമോ നോക്കാതെ എല്ലാ മനുഷ്യരേയും സമഭാവനയോടെ കാണുന്ന ഭരണഘടനയാണ് അംബദ്കറിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ നിർമ്മാണ സമിതി ഇന്ത്യൻ ജനതയ്ക്കായി സൃഷ്ടിച്ചത്.

'ഭരണഘടനയാണ് എന്റെ ഭവനം' എന്ന ആത്മകഥയിൽ സുപ്രീം കോടതി അഭിഭാഷക ഇന്ദിര ജയ്സിങ് ഇക്കാര്യം അടിവരയിട്ട് പറയുന്നുണ്ട്: ''രാജ്യത്തിന്റെ സാമൂഹ്യവും സാംസ്‌കാരികവും രാഷ്ട്രീയവുമായ ഭൂതകാലത്തിൽനിന്ന് നിർണായകമായ വ്യതിയാനമാണ് ഇന്ത്യൻ ഭരണഘടന അടയാളപ്പെടുത്തിയത്.സമത്വം, ജനാധിപത്യം, മതേതരത്വം, വ്യക്തിയുടെ അന്തസ്സ് എന്നിങ്ങനെ പൗരാണിക ഇന്ത്യയിൽ നിലവിലില്ലാതിരുന്ന മൂല്യങ്ങൾ ഭരണഘടന ഉറപ്പാക്കി. പരമ്പരാഗതമായി പകർന്നു കിട്ടിയ മൂല്യങ്ങളായിരുന്നില്ല അവ. കൊളോണിയൽ ഭരണത്തിനെതിരെ പൊരുതി നേടിയ മൂല്യങ്ങളായിരുന്നു അത്.'' നിയമവാഴ്ച്ചയില്ലെങ്കിൽ പിന്നെ നീതി നടപ്പാക്കാനാവില്ലെന്നും അതുകൊണ്ടുതന്നെ ഇന്ത്യൻ ഭരണഘടനയുടെ അതിജീവനം നിയമവാഴ്ച്ചയെ ആശ്രയിച്ചാണിരിക്കുന്നതെന്നും ഇന്ദിര ജയ്സിങ് വ്യക്തമാക്കുന്നു.

സ്വതന്ത്രവും നീതിപൂർവ്വവുമായി പ്രവർത്തിക്കുന്ന ജുഡീഷ്യറിയാണ് ജനാധിപത്യത്തിന്റെ ഏറ്റവും ശക്തമായ കണ്ണികളിലൊന്ന്. ആ കണ്ണിക്ക് ഇടർച്ചയോ തകർച്ചയോ ഉണ്ടാവില്ലെന്ന് ഉറപ്പാക്കേണ്ട ബാദ്ധ്യത റിപ്പബ്ലിക്കിന്റെ എല്ലാ ഘടകങ്ങൾക്കുമുണ്ട്. ജഡ്്ജ് ഖാനെപ്പോലുള്ളവരുടെ വംശം കുറ്റിയറ്റു പോയാൽ അതുണ്ടാക്കുന്ന ക്ഷതം ഒരു ജനാധിപത്യ സമൂഹത്തിനും താങ്ങാനാവില്ല.

വഴിയിൽ കേട്ടത്: കേരളത്തിൽനിന്നു കുടിയേറ്റ തൊഴിലാളികൾ അവരുടെ നാട്ടിലേക്ക് പണം അയക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഗൾഫടക്കം ലോകത്തിന്റെയും ഇന്ത്യയുടെയും ഇതര ഭാഗങ്ങളിൽ ജോലി നോക്കുന്ന മലയാളികളും കുടിയേറ്റ തൊഴിലാളികളാണ്. ആ നാട്ടുകാരൊക്കെ ഇതുപോലെ ചിന്തിച്ചാൽ കേരളത്തിന്റെയും മലയാളികളുടെയും ഗതി എന്താവും!