പാലക്കാട്: പെട്ടെന്ന് ആരുടെയും ശ്രദ്ധയെത്താത്ത സ്ഥലത്തായിരുന്നു, രാത്രിയിലെ ആൾക്കൂട്ടക്കൊലപാതകം. മൂലത്തറ റെഗുലേറ്ററിന്റെ വലതുകര കനാലിനോടു ചേർന്നുള്ള ഭാഗം ഏറെയും ചെടികളുംപുല്ലും വളർന്ന് കാടുമൂടിയിരിക്കുന്നു.

To advertise here,

മീനാക്ഷിപുരം-ഗോപാലപുരം പാതയ്ക്ക് സമീപമാണ് ഈ സ്ഥലം. പാതയിൽനിന്ന് 25 മീറ്ററോളം മാറിയുള്ള സ്ഥലത്താണ് ഞായറാഴ്ചരാവിലെ യുവാവിന്റെ മൃതദേഹം കണ്ടത്. സമീപത്തൊന്നും വീടുകളില്ല. പ്രധാനപാതയിൽനിന്ന് അല്പംമാറി കള്ളുഷാപ്പുണ്ട്. മൃതദേഹംകണ്ട ഒഴിഞ്ഞസ്ഥലത്തുകൂടി പ്രധാനപാതയിൽനിന്ന് മണ്ണുപാത പോകുന്നുണ്ട്.എന്നാൽ, പകൽപോലും ഇവിടെ അധികം ആൾപ്പെരുമാറ്റമില്ല. അവിടവിടെയായി ബിയർ, വിദേശമദ്യക്കുപ്പികൾ, പ്ലാസ്റ്റിക് ഗ്ലാസുകൾ എന്നിവ ചിതറിക്കിടക്കുന്നു. ചെടികളുടെ വേരുകൾക്കിടയിൽപ്പോലും ഗ്ലാസുകൾ. മദ്യപാനികളുടെ സ്ഥിരം താവളമാണെന്ന് വ്യക്തമാക്കുന്നതാണ് കാഴ്ചകൾ. ഇവിടെയുള്ള മരത്തിന്റെ രണ്ടുകൈവിരൽ വണ്ണമുള്ള കമ്പുകൾവെച്ചും പ്രതികൾ യുവാവിനെ മർദിച്ചിരുന്നു. പ്രതികളിൽ ചിലർ ബന്ധുക്കളാണെന്നും വിവരമുണ്ട്.

ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സൂചനയായി മൊഴികൾ

ചിറ്റൂർ മീനാക്ഷിപുരം നെടുമ്പാറയിലെ ആൾക്കൂട്ടക്കൊലപാതകത്തിൽ പോലീസിനു തുമ്പായത് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തുടർന്നുളള അന്വേഷണവും ചോദ്യംചെയ്യലും. ഞായറാഴ്ച രാവിലെയാണ് ഭിക്ഷാടകനെന്നു സംശയിക്കുന്നയാളുടെ മൃതദേഹം മൂലത്തറ നെടുമ്പാറ വലതുകര കനാലിനോടു ചേർന്നുള്ള ആളൊഴിഞ്ഞ സ്ഥലത്ത് നാട്ടുകാർ കാണുന്നത്. തുടർന്ന് പോലീസ് ഇടപെട്ടു. പോസ്റ്റ്‌മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കയച്ചു. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽനിന്നുതന്നെ കൊലപാതകമെന്നു ബോധ്യമായി. പ്രദേശത്ത് നടത്തിയ അന്വേഷണത്തിൽ മദ്യശാലയ്ക്കുസമീപത്തുനിന്നു ചിലർ യുവാവിനെ ശനിയാഴ്ച രാത്രി ഓടിച്ചിരുന്നെന്ന വിവരം കിട്ടി. തുടർന്നാണ് ഏഴുപേരടങ്ങുന്ന സംഘത്തിലേക്ക് അന്വേഷണമെത്തുന്നതും ഇവരെ കസ്റ്റഡിയിലെടുക്കുന്നതും. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ പ്രതികളിലൊരാളുടെ കുറ്റസമ്മത മൊഴി നിർണായകമാണെന്ന് വിവരം. ചൊവ്വാഴ്ച രാവിലെ പ്രതികളുടെ വിരലടയാളങ്ങൾ ശേഖരിച്ച ശേഷമാണ് പോലീസ് ഇവരെ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് രാത്രിതന്നെ പ്രതികളിലൊരാളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. നടന്നതെന്തെന്നും, കൊലപാതകമുണ്ടാകാനുള്ള കാരണമെന്തെന്നും പ്രതികളിലൂടെ പോലീസിന് വ്യക്തമായിട്ടുണ്ട്. യുവാവ് മരിച്ചുകിടന്ന സ്ഥലത്തുനിന്ന് അകലെയെവിടെയോ മർദനമേറ്റ യുവാവ് ഓടിയെത്തിയെന്നു കരുതുന്നു. കൂടാതെ, സി.സി.ടി.വി. ദൃശ്യങ്ങളുൾപ്പെടെയുള്ള തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണു വിവരം. സംഭവസ്ഥലത്ത് യുവാവിന്റെ ചോരപുരണ്ട ഒരു ബനിയൻ തുണി കിടക്കുന്നുണ്ടായിരുന്നു.

മുക്കാലി മുതൽ മൂലത്തറ വരെ

പാലക്കാട്: 'നമ്മുടെ നാട്ടിൽ ഇനിയൊരു ആൾക്കൂട്ടക്കൊലപാതകം ഉണ്ടാകാതിരിക്കട്ടെ' -അട്ടപ്പാടി മധു വധക്കേസിൽ പ്രതികൾക്ക് ശിക്ഷവിധിച്ച് മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ സ്‌പെഷ്യൽ ജില്ലാകോടതി പറഞ്ഞ വാക്കുകളാണിത്. ആ വാക്കുകൾ മനുഷ്യന്റെ ക്രൂരതകൾക്ക് ഒരു മാറ്റവുമുണ്ടാക്കിയില്ലെന്ന് തെളിയിക്കുന്നതാണ് മൂലത്തറയിൽ ശനിയാഴ്ച രാത്രിനടന്ന കൊലപാതകം.

ഏത് സംസ്‌കാരത്തെയും ഉൾക്കൊള്ളുന്ന പാലക്കാടൻമണ്ണിന് തീരാ കളങ്കമാവുകയാണ് ആൾക്കൂട്ടക്കൊലകൾ. അട്ടപ്പാടി മുക്കാലിയിൽ പിടഞ്ഞുവീണ മധുവിന്റെ ദയനീയ മുഖമോ അട്ടപ്പള്ളത്തെ വഴിയോരത്ത് എൺപതിലധികം പരിക്കേറ്റുകിടന്ന രാം നാരായൺ ഭാഗേലിന്റെ ദുർബല ശരീരമോ അക്രമികളുടെ കണ്ണ് തുറപ്പിച്ചില്ല.

മാനസികാരോഗ്യം കുറഞ്ഞ, ഏത് നാട്ടുകാരനെന്നുപോലും തിരിച്ചറിയാത്ത യുവാവിനെ ഏഴുപേരടങ്ങിയ സംഘമാണ് വടികൊണ്ടും കല്ലുകൊണ്ടും നിർദയം അടിച്ച് കൊലപ്പെടുത്തിയത്. ആംഗ്യഭാഷയിൽ ഭക്ഷണത്തിന് യാചിച്ച് ജീവിച്ചിരുന്ന യുവാവിനെ ആക്രമിച്ചവർ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറയുന്നു. പോസ്റ്റുമോർട്ടത്തിൽ മുപ്പതിലേറെ മുറിവാണ് മൃതദേഹത്തിൽ കണ്ടെത്തിയത്.

കറുകമണിയിലെ കറുത്ത ദിനം

അട്ടപ്പാടിയിൽ മധുവും അട്ടപ്പള്ളത്ത് രാം നാരായണനും കൊല്ലപ്പെടുന്നതിന് മുൻപും പാലക്കാട്ട് ആൾക്കൂട്ടക്കൊലകളുണ്ടായി. ഇതിലൊന്നാണ് പെരുവെമ്പിലെ കറുകമണിയിൽ 2010

ഫെബ്രുവരി 18-ന് നടന്നത്. പക്ഷേ, ആൾക്കൂട്ടക്കൊലകളുടെ പട്ടികയിൽ ഈ സംഭവത്തിന് വലിയ ഇടംകിട്ടാതെ പോയി. മാനസികരോഗ ചികിത്സതേടിയിരുന്ന രാജേന്ദ്രൻ (34) എന്ന യുവാവിനെ പിടികൂടി മർദിക്കയും രാത്രി വീടിനുസമീപമുള്ള വൈദ്യുതപോസ്റ്റിൽ കെട്ടിയിട്ട് പുലരുവോളം തല്ലിച്ചതയ്ക്കുകയും െചയ്തു. പുതുനഗരം പോലീസിൽ പരാതിയുമായി അമ്മയെത്തിയിട്ടും ഏറെ വൈകിയാണ് പോലീസ് ആശുപത്രിയിലേക്ക് യുവാവിനെ മാറ്റിയത്. അപ്പോഴേക്കും രാജേന്ദ്രൻ മരിച്ചിരുന്നു.

തെളിവുശേഖരണത്തിലും അന്ന് അസ്വാഭാവികതകളേറെയുണ്ടായി. ബന്ധുവായ 17-കാരനിൽ നിന്ന് എഫ്.ഐ.ആർ. തയ്യാറാക്കാൻ മൊഴിയെടുത്തതും േകസിലെ പ്രതിയുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലും പോലീസിനെയും ആരോപണങ്ങളുടെ നിഴലിലാക്കി. 2018 ഒക്ടോബറിൽ കേസിലെ എട്ടുപ്രതികൾക്ക് ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

നീതിക്കായി, മധുവിന്റെ കുടുംബം

2018 ഫെബ്രുവരി 22-ന് അട്ടപ്പാടിയിൽ മോഷണക്കുറ്റമാരോപിച്ച് ഒരുസംഘം പിടികൂടി മർദിച്ച് കൊലപ്പെടുത്തിയ ചിണ്ടക്കി ഊരിലെ മധുവിന്റെ (30) കുടുംബം നീതിതേടി നിയമ പോരാട്ടത്തിന്റെ വഴിയിലാണ്. വിചാരണക്കോടതി ശിക്ഷിച്ച ഒന്നാംപ്രതിയെ ഹൈക്കോടതി വെറുതെവിട്ട സംഭവത്തിൽ സുപ്രീംകോടതിയിൽ അപ്പീലിനൊരുങ്ങുകയാണ് കുടുംബം. പ്രോസിക്യൂഷൻ അപ്പീൽപോകുന്നതിന് മുഖ്യമന്ത്രിയും സഹായവാഗ്ദാനവുമായി ഒപ്പമുണ്ട്. ആൾക്കൂട്ട മർദനവും ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതവുംമൂലം മരിച്ച മധുവിന്റെ ദേഹത്ത് 40-തിലധികം മുറിവുണ്ടായിരുന്നു. മർദനദൃശ്യങ്ങൾ പ്രതികൾതന്നെ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. 2023 ഏപ്രിൽ അഞ്ചിന് മണ്ണാർക്കാട് വിചാരണക്കോടതി 13 പ്രതികൾക്ക് ഏഴുവർഷം തടവ് വിധിച്ചു. അപ്പീലിൽ 2026 മേയ് 25-ന് ഹൈക്കോടതി 12 പ്രതികൾക്ക് ജിവപര്യന്തവും അരലക്ഷംരൂപ പിഴയുമായി ശിക്ഷ ഉയർത്തി. ഒന്നാം പ്രതിയെ വെറുതെവിട്ടു.

രാം നാരായണനേറ്റത് അതിക്രൂര മർദനം

ആൾക്കൂട്ട ആക്രമണക്കേസുകളിൽത്തന്നെ സമാനതകളില്ലാത്ത അതിക്രൂര മർദനമാണ് വാളയാർ കിഴക്കേ അട്ടപ്പള്ളത്ത് മരിച്ച അതിഥിത്തൊഴിലാളി ഛത്തീസ്ഗഢ് സ്വദേശി രാം നാരായൺ ഭാഗേലിന് (31) നേരിടേണ്ടിവന്നത്. ജോലിതേടി കേരളത്തിലെത്തിയ യുവാവ് ഭാഷയറിയാതെ വഴിതെറ്റിയെത്തിയപ്പോഴാണ്, 2025 ഡിസംബർ 17-ന് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് ആൾക്കൂട്ടം പിടികൂടിയത്. 38 മുറിവുകളടക്കം എൺപതിലധികം പരിക്കാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്.

തലപൊട്ടി തലച്ചോറിലും വാരിയെല്ലുകളൊടിഞ്ഞ് വയറ്റിലും ഉണ്ടായ രക്തസ്രാവമാണ് മരണകാരണമായതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ബംഗ്ലാദേശി എന്ന് ആക്രോശിച്ച് രാം നാരായണനെ തല്ലുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചത് കേസിൽ നിർണായകമായി.

പ്രത്യേകസംഘം രൂപവത്കരിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ 15 പ്രതികളുണ്ടെന്നാണ് പറയപ്പെടുന്നത്. ഒൻപതുപേർ അറസ്റ്റിലായി. ഇതിൽ ഒരാൾ മരിച്ചു.