
സിനിമയിൽ അധികം പാടാറില്ല അന്ന്. മനസ്സ് മുഴുവൻ ആത്മീയ സംഗീതത്തിലാണ്. ഏത് നിമിഷവും ജീവിതം മാറിമറിഞ്ഞേക്കാവുന്ന ആ ഘട്ടത്തിൽ തെല്ലും നിനച്ചിരിക്കാതെ ഒരു ഗാനം ജോളി എബ്രഹാമിനെ തേടിയെത്തുന്നു. തീർത്തും വ്യത്യസ്തമായ ഒരു യുഗ്മഗാനം.
പാടാൻ വിളിച്ചത് ജോൺസൺ. വർഷങ്ങളായി അടുപ്പമുള്ള പ്രഗത്ഭ സംഗീത സംവിധായകൻ. അതുകൊണ്ടുതന്നെ ക്ഷണം സ്വീകരിക്കാതിരിക്കാനാവില്ലായിരുന്നു ജോളിക്ക്. പക്ഷേ അത്ര അനായാസം പാടി ഫലിപ്പിക്കാവുന്ന ഗാനമല്ല. കടുത്ത മത്സരത്തിന്റെ അന്തരീക്ഷമുള്ള കള്ളുപാട്ടാണ്. പാടേണ്ടത് എം.ജി ശ്രീകുമാറിനൊപ്പവും. പക്ഷേ പാടിത്തുടങ്ങിയതോടെ എല്ലാ ആകാംക്ഷയും അകലുന്നു. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് പുരുഷയുഗ്മഗാനങ്ങളിലൊന്നായി മാറുന്നു അത്. മൂന്ന് പതിറ്റാണ്ടിനിപ്പുറവും ഗാനമേളാവേദികളിലും ടെലിവിഷൻ റിയാലിറ്റി ഷോകളിലും നിറഞ്ഞുനിൽക്കുന്ന സൃഷ്ടി.
പാട്ടിതാണ്: 'ചമയ' (1993) ത്തിലെ 'അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത് നാലും കൂട്ടി മുറുക്കിനടക്കണതാരാണ്...'
എന്തുകൊണ്ട് അത്തരമൊരു പാട്ട് പാടാൻ ജോൺസൺ തന്നെ വിളിച്ചു എന്നോർത്ത് അത്ഭുതം തോന്നിയിരുന്നു ജോളിക്ക്. അധികം വൈകാതെ ആ ചോദ്യത്തിന് ഉത്തരം കിട്ടി. 'അതിനും വർഷങ്ങൾക്ക് മുൻപ് മണിയറ എന്ന സിനിമയിൽ ദാസേട്ടനൊപ്പം ഒരു യുഗ്മഗാനം പാടിയിരുന്നു ഞാൻ: ഖ്വാജാ ഷെയ്ക്കിൻ മഖ്ബറ എന്ന് തുടങ്ങുന്ന ആ ഗാനം എഴുതിയത് ഭാസ്കരൻ മാസ്റ്റർ. ചിട്ടപ്പെടുത്തിയത് എ ടി ഉമ്മറും. ശരിക്കും മത്സരാന്തരീക്ഷമുള്ള ഒരു സൂഫി ഖവാലി. ആ പാട്ട് കേട്ടതിന്റെ ഓർമ്മയിലാവണം ചമയത്തിലെ പാട്ട് പാടാൻ ജോൺസൺ എന്നെ ക്ഷണിച്ചത്.' ഒപ്പം പാടുന്ന എം ജി ശ്രീകുമാറാകട്ടെ അതുപോലൊരു മത്സരഗാനം 'യോദ്ധ'ക്ക് വേണ്ടി തൊട്ടു തലേ വർഷം പാടി റെക്കോർഡ് ചെയ്തിരുന്നു താനും: 'പടകാളി ചണ്ഡിച്ചങ്കരി..' എ ആർ റഹ്‌മാന്റെ ഈണത്തിൽ യേശുദാസിനൊപ്പമുള്ള സൂപ്പർ ഹിറ്റ് ഗാനം.
'മണിയറ'യിലെ പാട്ട് പിറന്നത് 1983 ലാണ്. ഖവാലികൾ മുൻപും മലയാളസിനിമയിൽ ഉണ്ടായിട്ടുണ്ടെങ്കിലും മത്സരത്തിന്റെ മൂഡിലുള്ളവ അപൂർവം. ആ പാട്ടിന്റെ റെക്കോർഡിംഗ് ഇപ്പോഴും ജോളിയുടെ ഓർമ്മയിലുണ്ട്. മദ്രാസ് തരംഗിണിയിലായിരുന്നു. 'ദാസേട്ടൻ വന്നത് ഉച്ചയ്ക്ക് രണ്ടു മണിക്ക്. ഒപ്പമിരുന്നു ഞങ്ങൾ പാട്ട് പഠിച്ചെടുത്തു ആദ്യം. ഭാസ്കരൻ മാഷിന്റെ ഗംഭീര വരികൾ. പാകിസ്താനി ഖവാലികളുടെയൊക്കെ പ്രചോദനത്തിൽ ഉമ്മുക്ക ചെയ്ത പാട്ട്. ധാരാളം വേരിയേഷൻസ് വരുന്ന ട്യൂൺ ആണ്. മൂന്ന് സ്ഥായികളിലൂടേയും കയറിയിറങ്ങിപ്പോകുന്ന പാട്ട്. അന്ന് ലൈവ് റെക്കോർഡിംഗിന്റെ കാലമാണല്ലോ. ഗായകർക്ക് കഴിയുന്നത്ര സ്വാതന്ത്ര്യം അനുവദിക്കുന്ന ആളാണ് ഉമ്മുക്ക. ശരിക്കും ആസ്വദിച്ച് തന്നെ പാടി. റെക്കോർഡിംഗ് കഴിയുമ്പോൾ പുലർച്ചെ രണ്ടു മണി.'
തുടക്കകാലത്ത് ജോളിയുടെ നിരവധി ഗാനമേളകളുമായി സഹകരിച്ചിട്ടുണ്ട് ജോൺസൺ. അന്ന് വോയ്‌സ് ഓഫ് ട്രിച്ചൂറിൽ അംഗമായിരുന്നു അദ്ദേഹം. നിരവധി വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യാനറിയുന്ന അപൂർവ പ്രതിഭാശാലി. ചെന്നൈയിലെത്തിയ ശേഷവും ആ സൗഹൃദം തുടർന്നു. എങ്കിലും സിനിമയിൽ ജോൺസണു വേണ്ടി പാടിയത് വിരലിലെണ്ണാവുന്ന പാട്ടുകൾ മാത്രം. 'ഞങ്ങളുടെ ഓഡിയോ കമ്പനിക്ക് വേണ്ടി കുറെ പ്രണയഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട് ജോൺസൺ. സംഗീതത്തെ ഗൗരവത്തോടെ നോക്കിക്കാണുന്ന ആളാണ്.' - ജോളിയുടെ ഓർമ്മ.
വടപളനിയിലെ സംഗീത സ്റ്റുഡിയോയിലായിരുന്നു 'അന്തിക്കടപ്പുറ'ത്തിന്റെ റെക്കോർഡിംഗ് എന്നോർക്കുന്നു ജോളി. സ്റ്റുഡിയോയിൽ ഇരുന്നു തന്നെ ഇരുഗായകരും പാട്ട് പഠിച്ചു. വരികൾ ഒരു പ്രത്യേക താളത്തിലാണ് കൈതപ്രം എഴുതിയിരിക്കുന്നത്. സൂക്ഷ്മതയോടെ വേണം പാടാൻ. ശ്വാസനിയന്ത്രണവും അത്യാവശ്യം.
രസകരമായിരുന്നു ഗാനത്തിന്റെ പിറവി എന്ന് ജോളി.
'താരിത്തക്കിടി നാക്കിളിമുക്കിളി തൊട്ടുകളിക്കണ കടലിൻ കുട്ടികൾ / അക്കരെ മുത്തുകണക്കൊരു കൊച്ചുകിടാത്തനുദിച്ചുവരുന്നതു കണ്ട് / മലർപ്പൊടിതട്ടി കലപില കൂട്ടണ താളത്തുമ്പികളായി വിളിക്കെ / പറയച്ചെണ്ടകളലറി തരികിടമേളമടിച്ചുമുഴക്കും നേരം ചാകര വന്നകണക്കു / മണപ്പുറമാകെത്തിമികിട തിമൃതത്തെയ് ഞാനും കേട്ടേ ഞാനും കണ്ടേ' എന്ന് ശ്രീകുമാർ. 'അവനവനിന്നു കലമ്പിയ നേരത്തെൻറെ കിനാവിലൊരമ്പിളിവള്ളമിറങ്ങിയൊരുങ്ങി / യനങ്ങിയിരമ്പിയകമ്പടികൂടാൻ / അത്തിലുമിത്തിലുമാടംമാനത്തോണികളൊഴുകി / തുള്ളിയുറഞ്ഞു കൊടുമ്പിരികൊണ്ടൊരു / താളത്തരികിട തിമൃതത്തെയ്' എന്ന് ജോളി. സംവിധായകൻ ഭരതനടക്കം സ്റ്റുഡിയോയിലുള്ളവരെല്ലാം അറിയാതെ താളമിട്ടു ഒപ്പം ചേർന്ന റെക്കോർഡിംഗ് ആയിരുന്നു അത്. ഗാനത്തിന്റെ പിന്നണിയിൽ സി ഒ ആന്റോയുടെ നേതൃത്വത്തിലുള്ള കോറസും ഉണ്ടായിരുന്നു.
വടക്കാഞ്ചേരിയിലെ ഭരതന്റെ വീട്ടിലിരുന്നാണ് കൈതപ്രം പാട്ടെഴുതിയത്. 'ജോൺസണെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു ഭരതേട്ടൻ.' - കൈതപ്രത്തിന്റെ ഓർമ്മ. ചടുല താളത്തിലുള്ള പാട്ടാണ്. മത്സരത്തിന്റെ അന്തരീക്ഷവും വേണം. ഓർമ്മ വന്നത് ഹൈസ്കൂൾ ക്ലാസിൽ പഠിച്ച ചമ്പുപ്രബന്ധമാണ്. ഗദ്യവും പദ്യവും കലർന്ന പ്രാചീനമായ കാവ്യരൂപമാണ് ചമ്പു. സംസ്കൃതത്തിൽ നിന്ന് കടംകൊണ്ട ഭാഷാശൈലി. ജോൺസൺ കേൾപ്പിച്ചുതന്ന താളത്തിൽ വാക്കുകൾ സ്വാഭാവികമായി വന്നുനിറയുകയായിരുന്നു. വിചാരിച്ചതിനേക്കാൾ എളുപ്പത്തിൽ പാട്ട് എഴുതിത്തീർക്കാനായി. ഭരതേട്ടനും ജോൺപോളും ജോൺസണും പരിപൂർണ്ണ തൃപ്തർ.'
ഇനി പാട്ട് ചിത്രീകരിക്കണം. അതാണ് ഏറ്റവും വലിയ വെല്ലുവിളി. ലിപ് സിങ്കിംഗ് ശരിയായില്ലെങ്കിൽ ഗാനരംഗത്തിന്റെ ആസ്വാദ്യത കുറയും. വലിയൊരു വെല്ലുവിളിയായിരുന്നു അന്തിക്കടപ്പുറത്തിന്റെ ചിത്രീകരണമെന്ന് മനോജ് കെ ജയൻ. ' പാട്ടിന്റെ കാസറ്റ് ഭരതേട്ടൻ എന്നേയും മുരളിയേട്ടനേയും കേൾപ്പിക്കുന്നത് ഷൂട്ടിംഗിന്റെ തലേന്നാണ്. ശരിക്കും ഞെട്ടിപ്പോയി. ചടുല വേഗത്തിലാണ് ആലാപനം. ഇതെങ്ങനെ പഠിച്ചെടുത്ത് അവതരിപ്പിക്കും എന്നോർത്ത് ഉറക്കം പോയി ഞങ്ങൾക്ക്. മുരളിയേട്ടന്റെ കാര്യമായിരുന്നു കൂടുതൽ കഷ്ടം. ഷോട്ടുകൾ മുറിച്ചു മുറിച്ചെടുക്കുന്ന പതിവില്ല ഭരതേട്ടന്. ഒറ്റ സ്ട്രെച്ചിലാണ് ഷൂട്ട് ചെയ്യുക. ഇതുപോലൊരു പാട്ട് പാടിക്കൊണ്ട് ചുവടുവെക്കുന്നതിനെ കുറിച്ച് ആലോചിച്ചപ്പോഴേ ഉൾക്കിടിലം...'
എന്തും വരട്ടെ എന്ന് തീരുമാനിച്ച് പിറ്റേന്ന് ഷൂട്ടിങ്ങിന് ഹാജരാകുന്നു മനോജൂം മുരളിയും. ആദ്യമെടുത്തത് മുരളിയുടെ ഭാഗമാണ്. 'താരിത്തക്കിടി നാക്കിളിമുക്കിളി എന്ന ഭാഗമെത്തിയപ്പോൾ മുരളിയേട്ടന്റെ ലിപ് മൂവ്മെന്റ് ശരിയാകുന്നില്ല എന്ന് ഭരതേട്ടനൊരു തോന്നൽ. വിളിച്ചു ചോദിച്ചപ്പോൾ ഞാൻ അഡ്ജസ്റ്റ് ചെയ്യുന്നുണ്ടല്ലോ എന്ന് മുരളിയേട്ടൻ. എന്നാൽ ഭരതേട്ടന് ഒട്ടും തൃപ്തി പോരാ. പെർഫെക്ഷനിസ്റ്റ് ആണല്ലോ അദ്ദേഹം.'
എന്തായാലും പോംവഴി ഭരതേട്ടൻ തന്നെ കണ്ടെത്തി. മേക്കപ്പ് മാനെ വിളിച്ച് അദ്ദേഹം പറഞ്ഞു: 'മുരളിയുടെ ചുണ്ട് മുഴുവൻ പുറത്തു കാണാത്ത വിധം മീശ കുറച്ചൊന്ന് വലുതാക്കണം. എന്നിട്ട് മതി ഇനി ഷൂട്ടിംഗ്.' കട്ടി കൂട്ടിയ മീശക്കടിയിൽ ചുണ്ടുകൾ പരമാവധി ഒളിപ്പിച്ചാണ് മുരളി ഗാനരംഗം അഭിനയിച്ചു തീർത്തതെന്ന് മനോജ് കെ ജയൻ. 'ഭരതേട്ടനിലെ സംവിധായകന്റെ മിടുക്കായിരുന്നു ആ പരീക്ഷണം. ലിപ് മൂവ്മെന്റിൽ വന്ന പോരായ്മകളിൽ നിന്ന് മുരളിയേട്ടനെ രക്ഷിച്ചത് ആ മീശ തന്നെ. '
മനോജിനും അത്ര എളുപ്പമായിരുന്നില്ല അഭിനയം. 'അച്ഛന്റെയൊക്കെ അനുഗ്രഹം കൊണ്ടാവണം തലേന്ന് രാത്രി തന്നെ കുത്തിയിരുന്ന് പാട്ട് പഠിച്ചെടുത്തിരുന്നു ഞാൻ. ഭാഗ്യവശാൽ ഷൂട്ടിംഗ് സമയത്ത് കൃത്യമായി വരികൾ വഴങ്ങി. പാട്ട് ചിത്രീകരിച്ചു തീർന്നപ്പോഴേക്കും തളർന്നിരുന്നു ഞങ്ങൾ. എങ്കിലും ഇന്ന് ആ ഗാനരംഗം കാണുമ്പോൾ സന്തോഷവും സംതൃപ്തിയും തോന്നും. ഒപ്പം ചെറിയൊരു നൊമ്പരവും. പാട്ട് ഭംഗിയായി ചിത്രീകരിച്ച ഭരതേട്ടനും ഒപ്പം അഭിനയിച്ച മുരളിയേട്ടനും സംഗീത സംവിധായകൻ ജോൺസൺ മാഷുമൊന്നും ഇപ്പൊ ഭൂമിയിലില്ലല്ലോ...'
സൂപ്പർ ഹിറ്റായി മാറിയ അന്തിക്കടപ്പുറത്തിന് പിന്നാലെ വേറെയും പാട്ടുകൾ ജോളി എബ്രഹാമിനെ തേടിയെത്തിയേനെ. പക്ഷേ സിനിമയല്ല, ആത്മീയതയാണ് തന്റെ വഴിയെന്ന് അപ്പോഴേക്കും തീരുമാനിച്ചുറച്ചിരുന്നു ജോളി.
ഒട്ടും എളുപ്പമായിരുന്നില്ല ആ തീരുമാനത്തോട് നീതി പുലർത്താൻ. 'വലിയൊരു വരുമാന മാർഗ്ഗമാണ് പൊടുന്നനെ അടഞ്ഞുപോയത്. സ്വയം അടച്ചത് എന്നും പറയാം. ആദ്യമൊക്കെ സാമ്പത്തിക പ്രശ്നങ്ങൾ ധാരാളമുണ്ടായി. സിനിമാഗാനങ്ങൾ പാടി നിർത്തിയതോടെ എനിക്ക് മുന്നിൽ പല വാതിലുകളും അടഞ്ഞു. എന്നിട്ടും നിരാശ തോന്നിയില്ല എന്നതാണ് സത്യം. ഒരു വഴി അടയുമ്പോൾ ഒൻപത് വഴി തുറക്കുന്നുണ്ടായിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ അന്നത്തെ തീരുമാനത്തിൽ തെല്ലുമില്ല പശ്ചാത്താപം.'' കാൽ നൂറ്റാണ്ടിലേറെയായി ജോളിയുടെ നേതൃത്വത്തിൽ ചെന്നൈയിൽ മുടങ്ങാതെ അരങ്ങേറുന്ന മ്യൂസി-കെയർ എന്ന സംഗീത ശുശ്രൂഷയ്ക്ക് ആയിരങ്ങളാണ് എത്തുക.
സിനിമാക്കാലം ജോളിയുടെ ജീവിതത്തിലെ അടഞ്ഞ അദ്ധ്യായമാണിന്ന്. 'ബൈബിളാണ് എന്നെ മാറ്റിമറിച്ചത്. വേദപുസ്തകത്തിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുന്തോറും സ്വയം നവീകരിക്കപ്പെടുന്ന പോലെ തോന്നി എനിക്ക്.'' പിന്നണിഗായകനെന്ന നിലയിൽ ലോകത്തിന്റെ മുക്കിലും മൂലയിലും ഗാനമേളകൾ നടത്തിയിട്ടുണ്ട് ജോളി. അതേ വേദികളിൽ ഗാനശുശ്രൂഷ നടത്തുമ്പോൾ മറ്റെങ്ങും കിട്ടാത്ത ആത്മസംതൃപ്തി അനുഭവിക്കുന്നു അദ്ദേഹം. 'ഇന്ന് ഞാൻ പാടുന്നത് മുന്നിലിരിക്കുന്ന സദസ്സിന് വേണ്ടി മാത്രമല്ല; കരുണാമയനായ കർത്താവിനു കൂടി വേണ്ടിയാണ്..''
Content Highlights: The story behind Jolly Abraham`s iconic duet `Anthikadapurattu` from `Chamaya` (1993), its recording
Published: 26 Apr 2025, 09:37 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented