വെള്ളാപ്പള്ളിയുടെ വർഗ്ഗീയ പരാമർശങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ സഖാവ് എം.വി. ഗോവിന്ദൻ പറയുന്നത് അത് അങ്ങേരുടെ ഉത്തരവാദിത്വമാണെന്നാണ്. വെള്ളാപ്പള്ളി ഒന്നല്ലെന്നും രണ്ടാണെന്നുമാണ് എം.വി.ജി. പറയുന്നത്. ഒരു വെള്ളാപ്പള്ളി സിപിഎമ്മിന് പഠിക്കുമ്പോൾ വെള്ളാപ്പള്ളി രണ്ടാമൻ സംഘപരിവാരിന് ദക്ഷിണ വെയ്ക്കുന്നു.

ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ആശങ്കകളും പ്രതീക്ഷകളും ഒരുപോലെ അടയാളപ്പെടുത്തിയ ഒരു വർഷമാണ് കഴിഞ്ഞുപോയത്. മോശമായതിനെക്കുറിച്ച് ആദ്യം പറയണമെന്നാണ്. അതുകൊണ്ടുതന്നെ 2025ലെ തിരിച്ചടികളിൽ നിന്ന് തുടങ്ങാം. ജനാധിപത്യവും വ്യക്തി സ്വാതന്ത്ര്യവും നേരിടുന്ന ഭീഷണികളെക്കുറിച്ച് ഇംഗ്ലീഷ് സാഹിത്യകാരൻ ജോർജ് ഓർവെൽ നൽകിയ മുന്നറിയിപ്പുകൾ എത്രമാത്രം വാസ്തവമായിരുന്നുവെന്ന് സമകാലിക ഇന്ത്യൻ യാഥാർത്ഥ്യം നമ്മോട് വിളിച്ചുപറയുന്നുണ്ട്. 1946 ൽ ഓർവെൽ എഴുതിയ ' രാഷ്ട്രീയവും ഇംഗ്ലീഷും ' എന്ന ലേഖനം ജനാധിപത്യ വിശ്വാസികൾ മനസ്സിരുത്തി വായിക്കേണ്ട ഒന്നാണ്. രാഷ്ട്രീയം ദുഷിക്കുമ്പോൾ ഭാഷയും ദുഷിക്കുന്നുണ്ടെന്ന് ഓർവെൽ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തിൽ പ്രഖ്യാപിക്കുന്നു: '' നുണ സത്യമായും കൊലപാതകം ആദരവാർന്ന പ്രവൃത്തിയായും ചിത്രീകരിക്കാൻ പറ്റുന്ന വിധത്തിലാണ് രാഷ്ട്രീയത്തിന്റെ ഭാഷ രൂപകൽപന ചെയ്തിട്ടുള്ളത്.'' 1949 ലാണ് ഓർവെൽ 1984 എന്ന നോവൽ എഴുതിയത്. അതിലെ ഒരു വാചകം ശ്രദ്ധിക്കുക, ''യുദ്ധം സമാധാനമാണ്. അടിമത്തം സ്വാതന്ത്ര്യമാണ്. അജ്ഞത കരുത്താണ്.'' പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നുമാവുമ്പോൾ അതിനെ നമ്മൾ മലയാളികൾ ഇരട്ടത്താപ്പ് എന്ന് വിളിക്കുന്നു.
പ്രശംസയും നിന്ദയും
ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപിതാവിനെക്കുറിച്ച് സാമൂഹിക മാധ്യമമായ എക്സിൽ എഴുതിയത് നോക്കാം: '' മനുഷ്യ ചരിത്രത്തെ മാറ്റിമറിച്ച ദർശനങ്ങൾ മുന്നോട്ടുവെച്ച ബാപ്പുവിന്റെ അനിതരസാധാരണമായ ജീവിതത്തോടുള്ള ആദരവാണ് ഗാന്ധിജയന്തി. വലിയ മാറ്റത്തിനുള്ള ഉപകരണങ്ങളായി ധീരതയും ലാളിത്യവും മാറുന്നതെങ്ങിനെയെന്ന് അദ്ദേഹം തെളിയിച്ചു. ജനങ്ങളെ ശാക്തീകരിക്കുന്നതിൽ സഹാനുഭൂതിക്കും സേവനത്തിനുമുള്ള പങ്കിൽ അദ്ദേഹം വിശ്വസിച്ചു. വികസിത ഭാരതം എന്ന സങ്കൽപം നിറവേറ്റുന്നതിനായുള്ള പ്രയത്നത്തിൽ അദ്ദേഹത്തിന്റെ വഴിയിലൂടെ നമുക്ക് സഞ്ചരിച്ചുകൊണ്ടേയിരിക്കാം.'' ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ത്യയുടെ ഏറ്റവും മഹാനായ പുത്രന് നൽകിയ സമുചിതമായ ആശംസകൾ.
രണ്ട് മാസത്തിന് ശേഷം ഡിസംബർ 18-ന് ഇന്ത്യൻ പാർലമെന്റിൽ മോദി സർക്കാർ പുതിയൊരു നിയമം പാസ്സാക്കി. 2006-ൽ യുപിഎ സർക്കാർ നടപ്പാക്കിയ മഹാത്മ ഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് നിയമം കാലാനുസൃതമാക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഈ നിയമം കൊണ്ടുവന്നത്. പക്ഷേ, പുതിയ നിയമത്തിൽനിന്ന് ഗാന്ധിജി പുറത്തായി. ഗാന്ധിജിയുടെ പേര് ഒഴിവാക്കിക്കൊണ്ടാണ് ബിജെപി സർക്കാർ പുതിയ നിയമം കൊണ്ടുവന്നത്. ഏതൊരു കാര്യവും ചെയ്യുമ്പോൾ ഓർക്കേണ്ടത് അതുകൊണ്ട് രാജ്യത്തെ ഏറ്റവും ദരിദ്രരായവർക്ക് എന്ത് പ്രയോജനമുണ്ടാവും എന്നാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. സാമ്പത്തികമായി ഏറ്റവും പിന്നിൽ നിൽക്കുന്നവരുടെ ഉന്നമനത്തിനായി കൊണ്ടുവന്ന ഒരു നിയമത്തിന് ഗാന്ധിജിയുടെ പേരിടുന്നത് എന്തുകൊണ്ടും ഉചിതമാവും എന്ന ചിന്തയായിരിക്കണം യുപിഎ സർക്കാരിനെ നയിച്ചത്. എന്നാൽ, മോദി സർക്കാർ പാസ്സാക്കിയ പുതിയ നിയമത്തിൽ ഗാന്ധിജി എന്ന പേരില്ല. ഒരു വശത്ത് ഗാന്ധിജിയെ പുകഴ്ത്തുക, മറുവശത്ത് ഗാന്ധിജിയെ എങ്ങിനെ ഇല്ലാതാക്കാം എന്ന് നോക്കുക - 2025 ൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ഇരട്ടത്താപ്പുകളിലൊന്ന് അങ്ങിനെ പിറന്നു.
ഡിസംബർ 25-ന് ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ കത്തീഡ്രലിൽ ചർച്ചിൽ നടന്ന ആഘേഷപരിപാടികളിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തത് വാർത്തയായിരുന്നു. തുടർന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു : ' സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സഹാനുഭൂതിയുടെയും കാലാതീതമായ സന്ദേശമാണ് ക്രിസ്മസ് മുന്നോട്ടുവെയ്ക്കുന്നത്. ക്രിസ്മസിന്റെ അന്തഃസത്ത നമ്മുടെ സമൂഹത്തിൽ ഐക്യവും നന്മയും വർധിക്കാൻ പ്രചോദനമാവട്ടെ!'' പക്ഷേ, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രിസ്മസ് ആഘോഷിച്ച ക്രൈസ്തവർക്ക് നേരെ ആക്രമണങ്ങളുണ്ടായി. ബിജെപിയുമായി അടുപ്പമുള്ള സംഘടനകളിലുള്ളവരായിരുന്നു ആക്രമണത്തിന് പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. പക്ഷേ, ഈ ആക്രമണങ്ങളെ അപലപിക്കാൻ പ്രധാനമന്ത്രിയോ മറ്റേതെങ്കിലും ബിജെപി നേതാവോ തയ്യാറായില്ല. ഒരിടത്ത് കേക്ക് മുറിക്കൽ, മറ്റൊരിടത്ത് മർദ്ദനം.
വിവരാവകാശ നിയമം ഇന്ത്യൻ ജനാധിപത്യത്തിന്റെ സുവർണ്ണ മുഹൂർത്തങ്ങളിലൊന്നായിരുന്നു. എന്നാൽ ഡിജിറ്റൽ ഡാറ്റ സംരക്ഷിക്കാനെന്ന പേരിൽ കൊണ്ടുവന്ന പുതിയ ഭേദഗതിയോടെ ഈ നിയമത്തിന്റെ പല്ലും നഖവും പിഴുതെടുത്തു. വ്യക്തിഗത സ്വകാര്യതയുടെ മറവിൽ ഏത് വിരവും നിഷേധിക്കാനാവും എന്നതാണ് പുതിയ ഭേദഗതിയുടെ കാതൽ. നമ്മുടെ അനുവാദമില്ലാതെ നമ്മുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ തുറന്നുനോക്കാം എന്നൊരു നിയമവും കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. ആദായ നികുതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് നമ്മുടെ വരുമാനത്തെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടായാൽ മുകളിൽ നിന്നുള്ള ഒരു അനുമതിയുമില്ലാതെ വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ തുറന്നു പരിശോധിക്കാൻ അധികാരം നൽകുന്ന നിയമമാണിത്. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ് എന്ന മുദ്രാവാക്യം നാഴികയ്ക്ക് നാൽപതുവട്ടം ഭരണാധികാരികൾ വിളിച്ചുകൂവുന്നതിനിടയിലാണ് ഈ വിധ്വംസക പ്രവൃത്തികൾ നടക്കുന്നതെന്നോർത്താൽ ഇരട്ടത്താപ്പുകളുടെ പൂക്കാലത്തിലൂടെയാണ് നമ്മുടെ യാത്രയെന്ന് മനസ്സിലാവാൻ അധികമൊന്നും ബുദ്ധിമുട്ടേണ്ടി വരില്ല.
പിഎം ശ്രീ, വെള്ളാപ്പള്ളി
ഇരട്ടത്താപ്പുകൾക്ക് ഡൽഹിയെന്നോ കേരളമെന്നോ വേർതിരിവില്ല. ഫാസിസത്തിനും ഏകാധിപത്യത്തിനുമെതിരെ സന്ധിയില്ലാ സമരം എന്നതാണ് ഇടതു മുന്നണിയുടെ മൂല മന്ത്രം. ലോകത്തെവിടെയൊക്കെ അടിച്ചമർത്തലുകളുണ്ടോ അതിനെതിരെ പാറശ്ശാല മുതൽ കാസർകോട് വരെ പ്രതിഷേധച്ചങ്ങലകൾ ഉയർത്താൻ ഇടത് മുന്നണിയുണ്ടാവും. പക്ഷേ, ഈ മുന്നണിയുടെ നേതൃത്വത്തിലുള്ള കേരളത്തിലെ സർക്കാർ ഇതേ ഫാസിസ്റ്റ് വഴിത്താരയോട് സമരസപ്പെടുന്ന കാഴ്ചകളാണ് 2025 ബാക്കിവെയ്ക്കുന്നത്. പിഎം ശ്രീയിൽ പിണറായി സർക്കാർ ഒപ്പിട്ട ഒരൊറ്റ നടപടി മതി ഇരട്ടത്താപ്പിന് കുടപിടിക്കാൻ. കേന്ദ്ര സർക്കാരിന്റെ പുതു വിദ്യാഭ്യാസ പദ്ധതി ഹിന്ദുത്വയുടെ വ്യാപനത്തിനുള്ള കുറുക്കുവഴിയാണെന്നാണ് ഇടത് മുന്നണിയുടെ കാഴ്ചപ്പാട്. പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രി മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും കണ്ടതോടെ ഈ വിദ്യാഭ്യാസ പദ്ധതിയുടെ തിലകക്കുറി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പിഎം ശ്രീയോടുള്ള ചതുർത്ഥി രായ്ക്കുരാമാനം ഇല്ലാതായി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. സംസ്ഥാന പൊതു വിദ്യാഭ്യാസ സെക്രട്ടറി ഡൽഹിക്ക് പറന്ന് പിഎം ശ്രീയിൽ ഒപ്പു വെച്ചു.
സിപിഐ ഉടക്കിയതോടെ പദ്ധതിയിൽ നിന്ന് പിന്മാറിയെന്ന് കേരള സർക്കാർ പറയുന്നുണ്ടെങ്കിലും അങ്ങിനെയങ്ങ് പിന്മാറാനാവില്ലെന്നാണ് കേന്ദ്രം പറയുന്നത്. സിപിഐയുടെ ബഹളമൊന്നടങ്ങിയാൽ പദ്ധതിക്ക് വീണ്ടും ജീവൻവെയ്ക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിനെതിരെ കേരളത്തിലങ്ങോളമിങ്ങോളം എത്ര ഫ്ളെക്സുകൾ ഉയർത്തിയിട്ടുണ്ടെന്ന് സിപിഎമ്മിനും ഡിഐഎഫ്ഐക്കും ഒരു കണക്കുമുണ്ടാവില്ല. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ മുഖ്യ പ്രചാരണ വിഷയം മാങ്കൂട്ടത്തിലിന്റെ ലൈംഗിക പീഡനങ്ങളായിരുന്നു. പക്ഷേ, ഇതേ ആരോപണങ്ങൾ സിപിഎമ്മുമായി ബന്ധപ്പെട്ടുയർന്നപ്പോൾ എന്താണ് ചെയ്തതെന്ന് ചോദിച്ചാൽ കൊടും മൗനമായിരിക്കും മറുപടി. ഏറ്റവുമൊടുവിൽ ചലച്ചിത്ര സംവിധായകൻ കുഞ്ഞുമുഹമ്മദിനെതിരെ പരാതിയുണ്ടായപ്പോഴും നടപടി വൈകിപ്പിക്കാനായിരുന്നു ഉത്സാഹവും ആവേശവും.
തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ കേന്ദ്ര സർക്കാർ ചില സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ളവർ ഉയർത്തിയത്. പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ ചലച്ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പുരപ്പുറത്ത് നിന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി പറഞ്ഞത് കേന്ദ്ര സർക്കാർ നിലപാട് വള്ളിപുള്ളി വിടാതെ അനുസരിക്കുമെന്നാണ്. പള്ളി വേറെ പള്ളിക്കൂടം വേറെ അഥവാ പ്രതിഷേധം വേറെ നടപ്പാക്കൽ വേറെ എന്നാണ് പൂക്കുട്ടി സാറിന്റെ സുവിശേഷം.
എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളിയുടെ കാര്യത്തിലാണ് സിപിഎമ്മിന്റെ വൈരുദ്ധ്യാത്മക ഭൗതിക സിദ്ധാന്തം പരിപൂർണ്ണതയിലെത്തുന്നത്. അയ്യപ്പസംഗമത്തിന് വെള്ളാപ്പള്ളി വരുന്നത് മുഖ്യമന്ത്രി പിണറായിക്കൊപ്പം ഒരേ കാറിലാണ്. അപ്പോൾ വെള്ളാപ്പള്ളി തികഞ്ഞ മതേതര വാദിയും ഇടതുമുന്നണിയുടെ ഒക്കച്ചങ്ങാതിയുമാവുന്നു. അതിനു ശേഷം ആദ്യം കിട്ടുന്ന അവസരത്തിൽ വെള്ളാപ്പള്ളി വിളിച്ചുകൂവുന്നത് നലം തികഞ്ഞ വർഗ്ഗീയതയാണ്. ഇതേക്കുറിച്ച് ചോദ്യമുയരുമ്പോൾ വെള്ളാപ്പള്ളി കുപിതനാവുകയും മാധ്യമങ്ങളുടെ മൈക്കുകൾ തട്ടിമാറ്റുകയും സിപിഐയുടെ മെക്കിട്ടുകയറി ശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്യുന്നു. വെള്ളാപ്പള്ളിയുടെ വർഗ്ഗീയ പരാമർശങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ സഖാവ് എം വി ഗോവിന്ദൻ പറയുന്നത് അത് അങ്ങേരുടെ ഉത്തരവാദിത്വമാണെന്നാണ്. വെള്ളാപ്പള്ളി ഒന്നല്ലെന്നും രണ്ടാണെന്നുമാണ് എംവിജി പറയുന്നത്. ഒരു വെള്ളാപ്പള്ളി സിപിഎമ്മിന് പഠിക്കുമ്പോൾ വെള്ളാപ്പള്ളി രണ്ടാമൻ സംഘപരിവാരിന് ദക്ഷിണ വെയ്ക്കുന്നു.
കർണ്ണാടകയും മറ്റത്തൂരും
ഇരട്ടത്താപ്പുകളുടെ ചരിത്രം ബിജെപിയുടെയും സിപിഎമ്മിന്റെയും കുത്തകയാണെന്ന് കോൺഗ്രസ് എന്തായാലും സമ്മതിച്ചു തരില്ല. ബെംഗളുരുവിലെ യെലഹങ്കയിൽ അങ്ങേയറ്റം ദരിദ്രരായ മനുഷ്യർ താമസിച്ചിരുന്ന മൂന്നൂറോളം വീടുകളാണ് രാത്രിക്ക് രാത്രി കോൺഗ്രസ് നേതൃത്വം നൽകുന്ന കർണ്ണാടക സർക്കാർ ഇടിച്ചു നിരത്തിയത്. സംഗതി പുറം ലോകമറിഞ്ഞത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലോടെയാണ്. ബിജെപി ഭരണത്തിൽ സാമ്പത്തിക അസമത്വം പെരുകിക്കൊണ്ടിരിക്കുകയാണെന്നും യുപിയിലും മറ്റും അരങ്ങേറുന്ന ബുൾഡോസർ രാജ് ഹിന്ദുത്വയുടെ തനിനിറമാണ് തുറന്നുകാട്ടുന്നതെന്നും രാഹുൽഗാന്ധി നാടുമുഴുവൻ നടന്ന് വിളിച്ചുപറയുന്നതിനിടയിലാണ് സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും സർക്കാർ പാവങ്ങളെ കൊടും തണുപ്പിൽ തെരുവിലേക്ക് വലിച്ചെറിഞ്ഞത്. സംഗതി ഗുലുമാലായപ്പോൾ കുറ്റം മുഴുവൻ സിപിഎമ്മിനും പിണറായി വിജയനുമായി. ബുൾഡോസർ കൊണ്ട് വീടുകൾ ഇടിച്ചു നിരത്തിയതല്ല മറിച്ച് അത് തുറന്നുകാട്ടിയതാണ് പ്രശ്നമെന്നാണ് കർണ്ണാടകയിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. തെരുവിലിറക്കിയവരെ പുനരധിവസിപ്പിക്കുമെന്ന് ഇപ്പോൾ കർണ്ണാടക സർക്കാർ പറയുന്നുണ്ട്. പുനരധിവാസം ആദ്യം നടപ്പാക്കാതെ പാവങ്ങളെ തെരുവിലാക്കിയ കോൺഗ്രസ് സർക്കാരിന് ഈ പാപക്കറ അത്ര എളുപ്പത്തിലൊന്നും മായ്ക്കാനാവില്ല.
കേരളത്തിലെ മറ്റത്തൂരിൽ ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കിട്ടിയത് എട്ട് സീറ്റുകളാണ്. മൊത്തം 24 വാർഡുകൾ ഉള്ള ഇവിടെ ഇടത് മുന്നണിക്ക് പത്ത് സീറ്റും ബിജെപിക്ക് നാല് സീറ്റും കിട്ടി. അധികാരം പിടിക്കാൻ കോൺഗ്രസിലെ എട്ടംഗങ്ങളും പാർട്ടിയിൽ നിന്ന് രാജിവെച്ച് ബിജെപിക്കാർക്കൊപ്പം കൂടിയതോടെ സംഗതി കോൺഗ്രസിന് മൊത്തത്തിൽ നാണക്കേടായി. രണ്ടിടങ്ങളിൽ കോൺഗ്രസ് വിമതരാണ് വിജയിച്ചത്. വിമതരെ കൂട്ടുപിടിച്ച് സിപിഎം ഭരണം പിടിക്കാതിരിക്കാനാണ് ഈ പണി ചെയ്തതെന്നാണ് കോൺഗ്രസ് അംഗങ്ങൾ പറയുന്നത്. ബിജെപിയിൽ ചേർന്നിട്ടില്ലെന്നും തങ്ങൾ ഇപ്പോഴും കോൺഗ്രസുകാരാണെന്നും ഈ അംഗങ്ങൾ പറയുന്നു. അധികാരം കിട്ടാൻ ബിജെപിയുമായി സഹകരിക്കാമെങ്കിൽ പിന്നെ കോൺഗ്രസ് എന്തിനാണ് അഖിലേന്ത്യാ തലത്തിൽ ബിജെപിക്കെതിരെ ഇത്രയും വലിയ പോരാട്ടം നടത്തുന്നതെന്ന് ചോദിക്കാതെ വയ്യ. ഒരു പഞ്ചായത്തല്ലേ, ചെറിയൊരു സ്ഥലമല്ലേ എന്നൊക്കെ പറഞ്ഞ് ഈ പ്രതിച്ഛായാ നഷ്ടം അവഗണിക്കുക വി ഡി സതീശനും കൂട്ടർക്കും ഒരിക്കലും എളുപ്പമാവില്ല.
ആത്മാവ് പണയം വെയ്ക്കുന്നവർ
ഒന്നും ശരിയാവാതെ വന്നാൽ കാളൻ നെല്ലായി എന്ന് പറയുന്നതുപോലെയാണ് ഇന്ത്യൻ ജനാധിപത്യത്തിൽ സുപ്രീംകോടതിയുടെ സ്ഥാനം. പാർലമെന്റിനും എക്സിക്യൂട്ടീവിനും വഴിതെറ്റുമ്പോൾ ജനങ്ങളുടെ അവസാന ആശ്രയം സുപ്രീംകോടതിയാണ്. പക്ഷേ, അവിടെയും തിരുത്തലോട് തിരുത്തലുകൾ അരങ്ങേറുന്ന ഭ്രമാത്മക കാഴ്ചകളാണ് 2025ലുണ്ടായത്. ഡൽഹിയിലെ മലിനീകരണം കുറയ്ക്കാൻ പടക്കങ്ങൾ നിരോധിച്ച സുപ്രീംകോടതി തന്നെ കുറച്ചു കഴിഞ്ഞപ്പോൾ പടക്കങ്ങൾ പൊട്ടിക്കാം എന്നായി. ഗവർണ്ണർമാർ നിശ്ചിത സമയത്തിനുള്ളിൽ ബില്ലുകളിൽ തീരുമാനമെടുക്കണമെന്ന് പറഞ്ഞ് സുപ്രീംകോടതി അധികം വൈകാതെ അങ്ങിനെ സമയക്രമമൊന്നും ഗവർണ്ണർക്കോ പ്രസിഡന്റിനോ നിശ്ചയിക്കാനാവില്ലെന്ന് പറഞ്ഞ് കൈകഴുകി. വൻകിട നിർമ്മാണ പദ്ധതികൾ നടപ്പാക്കുമ്പോൾ പാരിസ്ഥിതികാനുമതി മുൻകൂർ നേടിയിരിക്കണം എന്നും പദ്ധതി തുടങ്ങിക്കഴിഞ്ഞ് മുൻകാലപ്രാബല്യത്തോടെ അനുമതി നൽകുന്ന കലാപരിപാടി അവസാനിപ്പിക്കണമെന്നുമുള്ള വിധിയും സുപ്രീംകോടതി തിരുത്തിയത് ജനാധിപത്യ വിശ്വാസികൾ ഞെട്ടലോടെയാണ് കണ്ടത്. ആരവല്ലി മലനിരകളുടെ ആയുസ്സെടുക്കുന്ന വിധിയും സുപ്രീംകോടതിയുടെ ഭാഗത്തു നിന്നുണ്ടായത് തീർത്തും അവിശ്വസനീയമായിരുന്നു.
ജനാധിപത്യത്തെ തകർക്കുന്ന നിയമനിർമ്മാണവുമായി മോദി സർക്കാർ മുന്നോട്ടു നീങ്ങുമ്പോൾ അതിന് കുടപിടിക്കുകയാണ് എൻഡിഎയിലെ പ്രധാന സഖ്യകക്ഷികളായ ജെഡിയുവും ടിപിഡിപിയും ചെയ്യുന്നത്. സുഖസൗകര്യങ്ങൾക്കായി ആത്മാവ് ചെകുത്താന് പണയപ്പെടുത്തുന്ന ഡോകട്ര് ഫോസ്റ്റസിനെക്കുറിച്ച് ഷേക്സ്പിയറുടെ സമകാലികനായിരുന്ന ക്രിസ്റ്റഫർ മാർലോയുടെ നാടകമുണ്ട്. ഫോസ്റ്റിയൻ കരാർ എന്ന പ്രയോഗം ഉറവയെടുക്കുന്നത് ഈ നാടകത്തിൽ നിന്നാണ്. ഇത്തരമൊരു കരാറിലാണ് നിതീഷ്കുമാറും ചന്ദ്രബാബുനായിഡുവും ഏർപ്പെട്ടിട്ടുള്ളതെന്ന് പാർലമെന്റിലെ സംഭവവികാസങ്ങൾ അടിവരയിട്ട് വ്യക്തമാക്കുന്നു. രാജ്യത്തിന് എന്ത് സംഭവിച്ചാലും തങ്ങൾക്ക് കിട്ടാനുള്ളത് കിട്ടിയാൽ മതി എന്നാണ് ഈ രണ്ട് രാഷ്ട്രീയ അവസരവാദികളും ഒരു പോലെ വിളിച്ചുപറയുന്നത്.
ജനങ്ങൾ നൽകുന്ന പ്രത്യാശ
സംഗതി ഇങ്ങനെ ശോകത്തോട് ശോകമാണെങ്കിലും പ്രതീക്ഷകൾ ഇപ്പോഴും തളിരിടുന്നുണ്ട് എന്നുള്ളതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ സവിശേഷത. ആരവല്ലി മലനിരകളുടെ നിർവ്വചനം മരവിപ്പിച്ച സുപ്രീംകോടതി നടപടി ഇതിനുള്ള പ്രത്യക്ഷ ഉദാഹരണമാണ്. പൊതു സമൂഹത്തിലുയർന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്ത് സ്വമേധയാ സുപ്രീംകോടതി ഇടപെടുകയായിരുന്നുവെന്നത് വലിയ ആശ്വാസമാണ് നൽകുന്നത്. ഉന്നാവ് കേസിൽ ഹൈക്കോടതി വിധി തിരുത്തിയ സുപ്രീംകോടതി നടപടിയും ജനാധിപത്യ വിശ്വാസികൾക്ക് നൽകുന്ന ഊർജ്ജം ചെറുതല്ല. തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് അതിരു കവിഞ്ഞ സംരക്ഷണം നൽകുന്ന നിയമത്തിലും സുപ്രീംകോടതിയുടെ നിർണ്ണായക ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം പുതുവർഷത്തിലേക്ക് പ്രവേശിക്കുന്നത്.
കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലമാണ് ജനാധിപത്യത്തിന് കുതിപ്പ് നൽകുന്ന മറ്റൊരു സംഭവ വികാസം. എന്ത് തോന്നിവാസം കാട്ടിയാലും ക്ഷേമ പദ്ധതികൾ കൊണ്ട് അവയെ മറികടക്കാമെന്ന ധാർഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടത്. ഒരു നേതാവും ഒരു ശബ്്ദവുമായി ഒരു പാർട്ടി മാറുമ്പോൾ ആ പാർട്ടിയെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് തങ്ങൾക്കറിയാമെന്ന് കേരള ജനത സംശയമേതുമില്ലാതെ വ്യക്തമാക്കി. ജനാധിപത്യത്തിൽ ജനങ്ങൾ തന്നെയാണ് സുപ്രീം. ഈ തിരിച്ചറിവ് കൈമോശം വന്നതിന്റെ ഫലമാണ് സിപിഎം ഇപ്പോൾ നേരിടുന്നത്.
ഇടത് മുന്നണിക്കുള്ളിൽ സിപിഐ നടത്തുന്ന ചെറുത്തുനിൽപുകളും തീർച്ചയായും കാേണണ്ടതുണ്ട്. പിഎം ശ്രീയിലായാലും തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്നതിലായാലും വെള്ളാപ്പള്ളിയെ വിലയിരുത്തുന്നതിലായാലും ബിനോയ് വിശ്വവും സഹപ്രവർത്തകരും പുലർത്തുന്ന ജാഗ്രതയും ഉണർവ്വും അടയാളപ്പെടുത്തുക തന്നെ വേണം. സിപിഐ ഉയർത്തുന്ന തിരുത്തലുകളോട് മുഖം തിരിക്കാനാണ് സിപിഎമ്മിന്റെ പുറപ്പാടെങ്കിൽ അതിന് ആ പാർട്ടി നൽകേണ്ടി വരുന്ന വില കനത്തതായിരിക്കും.
കാലഗണനപട്ടികയിൽ ഒരു വർഷം എത്രയോ ചെറുതാണ്. ഡിസംബറിൽ നിന്ന് ജനുവരിയിലേക്കുള്ള മാറ്റം മുഖ്യമായും കലണ്ടറിലാണ്. ചരിത്രം മാർക്സിലോ ഗാന്ധിജിയിലോ ട്രംപിലോ ഒടുങ്ങുന്നില്ല എന്ന് പറയുന്നതുപോലെയാണത്. ലോകം ചുട്ടു ചാമ്പലാക്കാൻ കെൽപുള്ള ആണവോർജ്ജ വിസ്ഫോടനം മാർക്സിന് അപരിചിതമായിരുന്നു. ലോകത്തെ ഒന്നാകെ വിറപ്പിക്കുന്ന കൊറോണ പോലൊരു മാരക വൈറസ് ഗാന്ധിജിയുടെ പരികൽപനയിലുണ്ടായിരുന്നില്ല. സത്യാനന്തര ലോകത്തിനെ മുന്നിൽ കണ്ടുകൊണ്ടല്ല മാർക്സും ഗാന്ധിജിയും തന്റെ ദർശനങ്ങൾക്ക് രൂപം നൽകിയത്. ഇന്റർനെറ്റും നിർമ്മിത ബുദ്ധിയും തീർക്കുന്ന പുതിയ ലോകങ്ങളും ഇരുവരുടെയും ചിന്താ പദ്ധതിക്കപ്പുറത്തായിരുന്നു. അഞ്ചു കൊല്ലത്തിനപ്പുറം ഈ ലോകം എങ്ങിനെയായിരിക്കും എന്ന് ഇലോൺ മസ്കിനോ സാം ഓൾട്ട്മാനൊ പ്രവചിക്കാനാവില്ല. അറിവിന് അവസാന വാക്കുകളില്ല. അതൊരു നിരന്തരമായ പ്രക്രിയയാണ്. ഓരോ കാലവും പുതിയ പാഠങ്ങളും പാഠഭേദങ്ങളും തീർക്കുന്നു. ഓരോ പ്രഭാതത്തിലും നമ്മൾ ഉണർന്നെഴുന്നേൽക്കുന്നത് പ്രത്യാശയോടെയാണ്. വായനക്കാർക്ക് പ്രതീക്ഷാനിർഭരമായ 2026 നേരുന്നു.
വഴിയിൽ കേട്ടത് : പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് കെ സുധാകരനും മുല്ലപ്പള്ളിയും. പാർട്ടി പറയാത്തതിനാൽ ഞങ്ങൾ തന്നെ പറയുന്നു!
Content Highlights: Examines the blatant double standards and hypocrisy prevalent in Indian politics and society, from religious remarks to policy changes. Read more to understand the contradictions.
Published: 02 Jan 2026, 03:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented