ന്യൂഡൽഹി: കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന ഇന്ത്യ (INDIA) മുന്നണിയുടെ റാലിയിൽ പങ്കെടുക്കാത്തതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് 200-ഓളം അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടി തുടങ്ങി. ഏഴ് സംസ്ഥാനങ്ങളിലായി കുറഞ്ഞത് 185 അംഗങ്ങളെയെങ്കിലും ഇതുവരെ സസ്പെൻഡ് ചെയ്തിട്ടുള്ളതായാണ് വിവരം. റാലിയിൽ ഹാജരാകാതിരുന്ന മറ്റുള്ളവരോട് അതിനുള്ള കാരണം വ്യക്തമാക്കാനും ആവശ്യപ്പെട്ടുണ്ട്.

To advertise here,

അച്ചടക്ക പരിശോധന പൂർത്തിയാകുമ്പോൾ, സസ്‌പെൻഡ് ചെയ്യപ്പെടുന്നവരുടെ മൊത്തം എണ്ണം 500 വരെ ഉയർന്നേക്കാമെന്നാണ് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം, പാർട്ടിക്കായി വർഷങ്ങളോളം സേവനം ചെയ്തിട്ടും ഈ ഒരൊറ്റ പരിപാടിയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ തങ്ങളെ വിലയിരുത്തിയ രീതിയിൽ, സസ്പെൻഡ് ചെയ്യപ്പെട്ട ചില യൂത്ത് കോൺഗ്രസ് അംഗങ്ങൾ അത്ഭുതവും ഞെട്ടലും പ്രകടിപ്പിച്ചു.

നവംബർ ഒന്നിന് രാംലീല മൈതാനത്ത് നടന്ന റാലിയിൽ പങ്കെടുക്കുന്നവരുടെ ഡിജിറ്റൽ ഹാജർ രേഖപ്പെടുത്തുന്നതിനായി ഒരു മൊബൈൽ ആപ്ലിക്കേഷനും ബാർകോഡ് സ്‌കാനറുകളും ഉപയോഗിച്ചിരുന്നെങ്കിലും, സാങ്കേതിക തടസങ്ങളും ചിലരുടെ അസാന്നിധ്യവുമാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. മുൻകൂട്ടി അനുവാദം വാങ്ങി അമ്മാവന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത രോഹിത് രാജോറിയ ഉൾപ്പെടെയുള്ള യുവ നേതാക്കൾ സംഘടനയുടെ ഈ നടപടിയിൽ കടുത്ത അമർഷമാണ് രേഖപ്പെടുത്തുന്നത്.

'വിശദീകരണം നൽകാൻ പോലും അവസരം നൽകാതെയാണ് തസ്തികയിൽ നിന്ന് നീക്കം ചെയ്തതിരിക്കുന്നത്. ഞങ്ങൾ പാർട്ടിക്കായി കേസുകൾ നേരിടുകയും ജയിലിൽ പോവുകയുമടക്കം ചെയ്തിട്ടുണ്ട്. ഒരൊറ്റ പരിപാടിയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ മാത്രമാണോ ഞങ്ങളെ പുറത്താക്കുന്നത്?' തന്റെ പരേതനായ അമ്മാവന്റെ 13-ാം ദിവസത്തെ അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കാർഡ് കാണിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായ രോഹിത് രജോറിയ ചോദിച്ചു.

പാർട്ടി സംഘടിപ്പിച്ച പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് 15 എഫ്.ഐ.ആറുകളിൽ പേരുവരുകയും നാലുതവണ ജയിലിൽ കിടക്കുകയും ചെയ്ത തന്റെ 15 വർഷത്തെ സേവനം ഉണ്ടായിരുന്നിട്ടും, കോൺഗ്രസിന്റെ യുവജന വിഭാഗം ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് രജോറിയ ആരോപിച്ചു. കുടുംബത്തിലുണ്ടായ വേർപാടിനെക്കുറിച്ചും, റാലിക്കായി ഡൽഹിയിലേക്ക് യാത്ര ചെയ്യാൻ സാധിക്കാത്തതിനെക്കുറിച്ചും പാർട്ടി നേതൃത്വത്തെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഒരൊറ്റ പരിപാടിയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ പാർട്ടി പ്രവർത്തകരെ പുറത്താക്കുന്ന നടപടി ശരിയല്ലെന്നും, ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെയാണ് പ്രവർത്തകർക്ക് കടന്നുപോകേണ്ടി വരുന്നതെങ്കിൽ പാർട്ടി എങ്ങനെയാണ് അധികാരത്തിൽ തിരിച്ചെത്താൻ പ്രതീക്ഷിക്കുന്നതെന്നും രജോരിയ ചോദിച്ചു. നവംബർ ഒന്നിലെ പ്രതിഷേധത്തിന് മുന്നോടിയായി, ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിലുള്ള എല്ലാ അംഗങ്ങളോടും റാലിയിലും അതിന് മുന്നോടിയായുള്ള മാർച്ചിലും നിർബന്ധമായും പങ്കെടുക്കണമെന്ന് സംഘടന നിർദ്ദേശിച്ചിരുന്നു.

ഡിജിറ്റലായി ഹാജർ രേഖപ്പെടുത്തുന്നതിനായി, മിന്റോ റോഡിലെ കേന്ദ്രത്തിൽ ബാർകോഡ് സ്‌കാനറുകൾ സ്ഥാപിക്കുകയും, അംഗങ്ങളോടും കൂടെയെത്തിയ പ്രവർത്തകരോടും 'With IYC' എന്ന ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വഴി ചെക്ക് ഇൻ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാംലീല മൈതാനത്തേക്ക് രാഹുൽ ഗാന്ധിയോടൊപ്പം മാർച്ച് ചെയ്യാൻ മിന്റോ റോഡിൽ പതിനയ്യായിരത്തോളം പ്രവർത്തകർ തടിച്ചുകൂടിയതായി യൂത്ത് കോൺഗ്രസ് അറിയിച്ചെങ്കിലും, 2,831 പേർ മാത്രമാണ് ആപ്പിൽ രജിസ്റ്റർ ചെയ്തതെന്നാണ് ആഭ്യന്തര വിവരങ്ങൾ വ്യക്തമാക്കുന്നത്.

മിന്റോ റോഡിനും രാംലീല മൈതാനത്തിനും ഇടയിലുള്ള മോശം ഇന്റർനെറ്റ് കണക്റ്റിവിറ്റിയും, പ്രവർത്തകർക്കിടയിലെ സാങ്കേതിക പരിജ്ഞാനമില്ലായ്മയും താൽപര്യക്കുറവുമാണ് ഡിജിറ്റൽ ചെക്ക്-ഇന്നുകളെ ബാധിച്ചതെന്നാണ് ആഭ്യന്തര പരിശോധനയിൽ കണ്ടെത്തിയത്. മാത്രമല്ല, വൻതോതിൽ അംഗങ്ങൾ മുൻകൂട്ടി അറിയിക്കാതെ പരിപാടിയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുന്ന സാഹചര്യവും ഉണ്ടായി. പിന്നാലെയാണ് പാർട്ടി ഇത്തരം പ്രവർത്തകർക്കെതിരെ കടുത്ത രീതിയിൽതന്നെ നടപടിയെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

യൂത്ത് കോൺഗ്രസ് ഏറ്റവും കൂടുതൽ നടപടിയെടുത്തത് മധ്യപ്രദേശിലാണ് - 60 പേർ. ഗുജറാത്തിൽ 49 പേരെയും പശ്ചിമ ബംഗാളിൽ 26 പേരെയും സസ്‌പെൻഡ് ചെയ്തു. കൂടാതെ തെലങ്കാനയിൽ 14, സെൻട്രൽ ഉത്തർപ്രദേശിൽ 13, കോൺഗ്രസ് ഭരണത്തിലുള്ള ഹിമാചൽ പ്രദേശിൽ 13, ഹരിയാണയിൽ 10 അംഗങ്ങൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.

'ഞങ്ങളുടെ റാലി വൻ വിജയമായിരുന്നു. 15,000-ത്തിലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടി. രാജ്യത്തുടനീളമുള്ള ഭൂരിഭാഗം പ്രവർത്തകരും റാലിയിലും മാർച്ചിലും പങ്കെടുത്തു. എന്നാൽ വ്യക്തമായ നിർദ്ദേശം നൽകിയിട്ടും ചില ഭാരവാഹികൾ അച്ചടക്കം പാലിച്ചില്ല. അതിനാൽ സംഘടനയ്ക്കുള്ളിൽ ഉത്തരവാദിത്വം ഉറപ്പാക്കാൻ വേണ്ടിയാണ് നടപടിയെടുത്തത്.' യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഉദയ് ഭാനു ചിബ് എൻഡിടിവിയോട് പറഞ്ഞു.

'ഉത്തരവാദിത്വമില്ലാത്തവരെ തസ്തികകളിൽ നിന്ന് നീക്കം ചെയ്തത് കഠിനാധ്വാനികളായ പ്രവർത്തകർക്ക് പകരം ചുമതല നൽകുന്നതിന് വേണ്ടിയാണ്. രാജ്യത്ത് മാറ്റത്തിന്റെ അന്തരീക്ഷമുണ്ട്. അടുത്ത തവണ ഡൽഹിയിൽ 50,000 പേരെ ഒരുമിച്ചുകൂട്ടാൻ നമുക്ക് സാധിക്കും. അതിനാൽ സജീവമായി പ്രവർത്തിക്കുന്ന ആളുകളായിരിക്കണം സംഘടനയെ നയിക്കേണ്ടത്.' ചിബ് കൂട്ടിച്ചേർത്തു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവ്, നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള എന്നിവരുൾപ്പെടെയുള്ളവർ റാലിയിൽ പങ്കെടുത്തിരുന്നു.