ആർ.എസ്.എസിൻ്റെ നിയമസാധുത ചോദ്യംചെയ്യുകയും സംഘടനാ പ്രവർത്തനരീതികളിൽ വിമർശനം ഉന്നയിക്കുകയും ചെയ്തിട്ടുള്ള കോൺഗ്രസ് നേതാവും കർണാടക ആഭ്യന്തരമന്ത്രിയുമാണ് പ്രിയങ്ക് ഖാർഗെ. കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ കൂടിയായ പ്രയങ്ക് ആർഎസ്എസിനെ അനുകൂലിച്ച് സംസാരിച്ചു എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബിജെപി അനുകൂല അക്കൗണ്ടുകളാണ് പ്രചാരണത്തിന് പിന്നിൽ.

To advertise here,

ആർ.എസ്.എസുമായി ബന്ധപ്പെട്ട് പ്രിയങ്ക് ഇതുവരെ എടുത്ത നിലപാടുകളും നടത്തിയ പ്രതികരണങ്ങളും പരിശോധിച്ചാൽ പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നതുപോലെ ഒരു പരാമർശം അദ്ദേഹത്തിൽ നിന്നുണ്ടാകാൻ സാധ്യതയില്ല. മാത്രമല്ല, നവംബർ 10-ന്, ആർഎസ്എസിന് എതിരായി പ്രിയങ്ക് ഖാർഗെ എക്സിൽ പങ്കുവച്ചൊരു പോസ്റ്റ് വലിയ വിവാദവുമായിരുന്നു. ബിഹാറിലും ഹരിയാനയിലുമായി 44,250 വെടിയുണ്ടകൾ പിടിച്ചെടുത്ത സംഭവത്തിലെ പ്രതികൾക്ക് ആർ.എസ്.എസുമായി ബന്ധമുണ്ടെന്ന ആരോപണത്തെക്കുറിച്ചായിരുന്നു പോസ്റ്റ്. ആയുധ കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ചിലർ ഗണവേഷം ധരിച്ച് നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇത് ആശങ്കയുണ്ടാക്കുന്നുവെന്നും ദേശസുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ ആർ.എസ്.എസും ബി.ജെ.പിയും മറുപടി നൽകണം എന്നുമായിരുന്നു പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടത്. ഈ പോസ്റ്റിനെതിരെ കർണാടക ബനശങ്കരി പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. മന്ത്രി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും സാമൂഹിക ഐക്യം തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നാണ് പരാതിയിലെ ആരോപണം.

മാത്രമല്ല, ഗൗരി ലങ്കേഷ്, എം.എം. കൽബുർഗി, നരേന്ദ്ര ധാബോൽക്കർ എന്നിവരുടെ കൊലയ്ക്ക് പിന്നിൽ സംഘപരിവാറാണെന്ന്‌ പ്രിയങ്ക് ഖാർഗെ വീണ്ടും പറഞ്ഞിരുന്നു. മുസ്ലിം യൂത്ത് ലീഗിൻ്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സെമിനാറിലായിരുന്നു ഇത്. അടുത്ത ആറ് മാസത്തിനകം കൊലയാളികളെ ജയിലഴിക്കുള്ളിലാക്കുമെന്നും അദ്ദേഹം പ്രസംഗത്തിൽ അവകാശപ്പെട്ടിരുന്നു.

പ്രചരിക്കുന്ന സന്ദേശത്തിൽ ഉള്ളതുപോലൊരു പരാമർശം പ്രിയങ്ക് ഖാർഗെ നടത്താൻ സാധ്യതയില്ല. കാരണം കഴിഞ്ഞ വിജയദശമി ദിനത്തിലെ ആർ.എസ്.എസ് പഥസഞ്ചലനവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രിയായ അദ്ദേഹം നടത്തിയ പരാമർശം ഇതിന് തെളിവാണ്. ‘ആർ.എസ്.എസ് തങ്ങളുടെ പഥസഞ്ചലനവും മറ്റ് പരിപാടികളും നടത്തുമ്പോൾ പോലീസ് അനുമതി വാങ്ങുന്നതിന് പകരം ‘അറിയിക്കുക’ മാത്രമാണ് ചെയ്യുന്നതും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് മുൻകൂട്ടി അനുമതി വാങ്ങണം’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കർണാടകയിലെ സിദ്ധരാമയ്യ സർക്കാരിൽ മന്ത്രിയായിരിക്കെ പ്രിയങ്ക് ഖാർഗെ, ആർ.എസ്.എസിനെതിരെ നിരന്തരം നിലപാടുകൾ എടുത്തിട്ടുണ്ട്. സർക്കാർ സ്കൂളുകളിലും കോളേജുകളിലും പൊതുസ്ഥലങ്ങളിലും ആർ.എസ്.എസ് ശാഖകളും പ്രവർത്തനങ്ങളും അനുവദിക്കരുതെന്ന പരാമർശം ഇതിലൊന്നാണ്. നിയമവ്യവസ്ഥയ്ക്ക് വിധേയമായി പ്രവർത്തിക്കുന്ന സംഘടനകൾക്ക് ബാധകമായ രജിസ്‌ട്രേഷൻ, സാമ്പത്തിക- പ്രവർത്തന സുതാര്യത എന്നിവ എന്തുകൊണ്ട് ആർഎസ്എസ്സിന് പാലിക്കുന്നില്ലെന്ന ചോദ്യവും അദ്ദേഹം ഉയർത്തിയിരുന്നു.

പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നതുപോലെ ഒരു പ്രസ്താവന പ്രിയങ്ക് ഖാർഗെ നടത്തിയതായി വിശ്വസനീയമായ റിപ്പോർട്ടുകളൊന്നുമില്ല. അദ്ദേഹത്തിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിലും ഇത്തരത്തിലുള്ള പോസ്റ്റുകളില്ല എന്ന് പരിശോധനയിൽ വ്യക്തമായി. ഇതിൽനിന്നു പ്രിയങ്ക് ഖാർഗെ ആർ.എസ്.എസിനെ പ്രകീർത്തിച്ചു എന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വ്യക്തമാണ്.