നവംബർ രണ്ടിന് മുംബൈയിൽ ഇന്ത്യൻ വനിതകൾ പുതിയ ചരിത്രം എഴുതി. വനിതാ ലോക കപ്പ് ക്രിക്കറ്റിന്റെ 52 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായി കിരീടം ഇന്ത്യയിലേക്ക്. ഒരൊറ്റത്തവണ ന്യൂസിലന്റ് വിജയിച്ചതൊഴിച്ചാൽ ഇംഗ്ളണ്ടിനും ഓസ്ട്രേലിയയ്ക്കും പുറത്തേക്ക് പോകാത്ത കിരീടം. 1983-ൽ കപിൽദേവും കൂട്ടരും ഇന്ത്യയ്ക്ക് സമ്മാനിച്ച വിജയത്തോടാണ് ഹർമൻപ്രീത് കൗറിന്റെയും പങ്കാളികളുടെയും നേട്ടം തുലനം ചെയ്യപ്പെടുന്നത്. ഒരു രാഷ്ട്രം എന്ന നിലയിൽ ഇന്ത്യൻ ജനതയുടെ ആത്മവീര്യം ഉണർത്തുന്ന വിജയങ്ങൾ. ഇന്ത്യൻ പുരുഷന്മാർ രചിച്ച ചരിത്രത്തിലേക്കെത്താൻ ഇന്ത്യൻ വനിതകൾക്ക് നാല് പതിറ്റാണ്ടുകൾ വേണ്ടി വന്നുവെന്നതിൽ അത്ഭുതത്തിനവകാശമില്ല. കായിക മേഖലയിൽ മാത്രമല്ല സമൂഹത്തിന്റെ വിവിധ മേഖലകളിൽ എല്ലാം തന്നെ സ്ത്രീകളുടെ മുന്നേറ്റത്തെ അടയാളപ്പെടുത്തുന്നത് അതിജീവനത്തിന്റെയും പോരാട്ടങ്ങളുടെയും നിതാന്തവും ഉജ്ജ്വലവുമായ ഗാഥകളാണ്.
20 കൊല്ലം മുമ്പ് 2005-ലെ ലോക കപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതകൾക്ക് ഒരു മാച്ചിന് ആയിരം രൂപ വെച്ചാണ് കിട്ടിയിരുന്നത്. അതിനും രണ്ട് പതിറ്റാണ്ട് മുമ്പ് ലോക കപ്പ് വിജയിച്ച കപിൽദേവിനും കൂട്ടർക്കും ബിസിസിഐ 25,000 രൂപയാണ് ബോണസായി നൽകിയതെന്ന് കൃഷ്ണമാചാരി ശ്രീകാന്ത് അടുത്തിടെ ഒരു അഭിമുഖത്തിൽ ഓർത്തിരുന്നു. 2022ൽ ബിസിസിഐ ( ബോർഡ് ഒഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ ) ഈ വിഷയത്തിൽ സുപ്രധാന തീരുമാനം എടുത്തു. വനിതാ കളിക്കാർക്കുള്ള പ്രതിഫലം പുരുഷന്മാർക്ക് തുല്യമായിരിക്കുമെന്ന തീരുമാനം. അതോടെ വനിതകൾക്കും ടെസ്റ്റ് മാച്ചിന് 15 ലക്ഷവും ഏകദിനത്തിന് ആറ് ലക്ഷവും ട്വന്റി 20ക്ക് മൂന്ന് ലക്ഷവും പ്രതിഫലമായി. ഇക്കുറി മുംബൈയിലെ മിന്നുന്ന ജയത്തിന് ബിസിസിഐ ഇന്ത്യൻ വനിതാ ടീമിന് 51 കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. സമ്മാനത്തുകയായി ഐസിസി ( ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ്) നൽകുന്ന 39.68 കോടി രൂപയ്ക്ക് പുറമെയാണിത്. ഈ വർഷം തന്നെ ചാമ്പ്യൻസ് കപ്പ് ജയിച്ച രോഹിത് ശർമ്മയ്ക്കും ടീമിനും 58 കോടി രൂപയായിരുന്നു ബിസിസിഐയുടെ സമ്മാനം എന്നോർക്കുമ്പോൾ നമ്മുടെ വനിതകൾ എത്തിനിൽക്കുന്ന ചരിത്ര മുഹൂർത്തം എത്രമാത്രം ഗംഭീരമാണെന്ന് കാണാതിരിക്കാനാവില്ല.
യാതനകളുടെ നെടുമ്പാതകൾ
ഞായറാഴ്ച നടന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ഫൈനൽ 19 കോടി ആളുകൾ തത്സമയം കണ്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വനിതാ ലോക കപ്പിന്റെ ഫൈനലായപ്പോഴേക്കും ടെലിവിഷൻ പരസ്യ നിരക്കുകളിൽ 40 ശതമാനം വർദ്ധനവാണ് ഇക്കുറി രേഖപ്പെടുത്തിയത്. '' ഇതൊരു വൻകുതിച്ചു ചാട്ടമാണ്. സ്പോർട്സ് ജീവതോപാധിയാക്കുന്നതിന് ലക്ഷ്യമിടുന്ന നിരവധി പെൺകുട്ടികൾക്ക് ആത്മവിശ്വാസവും പ്രചോദനവുമേകുന്ന വിജയം.'' മുംബൈ വിജയത്തിന്റെ ആഹ്ലാദത്തിൽ പ്രശസ്ത സ്പോർട്സ് ലേഖിക ശാരദ ഉഗ്ര എഴുതി. ക്യാപ്റ്റൻ ഹർമൻ ധരിച്ച ടീ ഷർട്ടിൽ ഈ വിജയത്തിന്റെ ആകത്തുകയുണ്ടായിരുന്നു: ''ഇനിയങ്ങോട്ട് ക്രിക്കറ്റ് ആണുങ്ങളുടെ മാത്രമല്ല, എല്ലാവരുടേയും കളിയാവുന്നു.'' എത്രയോ കാലമെടുത്താണ് നമ്മുടെ പെൺകുട്ടികൾ ഈ നേട്ടങ്ങളുടെ കൊടുമുടിയിലേക്കെത്തുന്നതെന്ന് മറക്കരുത്. പരാജയങ്ങൾക്കും വിജയങ്ങൾക്കുമിടയിൽ യാതനകളുടെ എത്രയെത്ര നെടുമ്പാതകൾ താണ്ടേണ്ടി വന്നിട്ടുണ്ടെന്ന് പി ടി ഉഷയും ഷൈനി വിത്സനും പറഞ്ഞുതരും.
എട്ട് കൊല്ലം മുമ്പ് 2017-ലെ വനിതാ ലോക കപ്പിൽ ഓസ്ട്രേലിയക്കെതിരെ ഹർമൻപ്രീത് കൗർ പുറത്താകാതെ നേടിയ 171 റൺസ് അവിസ്മരണീയമാണ്. അന്നാ മാച്ചിൽ കളിക്കുമ്പോൾ കൂടുതൽ സിക്സറുകൾ അടിച്ചത് ഓടാൻ വയ്യാതിരുന്നതുകൊണ്ടാണെന്നും രാവിലെ നല്ല ഭക്ഷണം കിട്ടാതിരുന്നതാണ് പ്രശ്നമായതെന്നും ഹർമൻ ബിസിസിഐയുടെ ചുമതല വഹിച്ചിരുന്ന വിനോദ് റായിയോട് പറഞ്ഞത് വാർത്തയായിരുന്നു. നല്ല ഭക്ഷണവും നല്ല ജഴ്സിയും നല്ല താമസ സൗകര്യവുമൊക്കെ നമ്മുടെ വനിതാ കളിക്കാർക്ക് സ്വപ്നമായിരുന്ന കാലത്തിന് അത്രകണ്ട് പഴക്കമൊന്നുമില്ല. ആദ്യ കാല വനിതാ ക്രിക്കറ്റ് കളിക്കാരായ ഡയാന എദുൾജിയും ശോഭ പണ്ഡിറ്റുമൊക്കെ പരിഹസിക്കപ്പെട്ടതിന് കൈയ്യും കണക്കുമുണ്ടായിരുന്നില്ല.
പകുതി ആകാശം താങ്ങിനിർത്തുന്നത് വനിതകളാണെന്ന് മാവോ പറഞ്ഞത് സാംസ്‌കാരിക വിപ്ലവ കാലത്താണ്. വീട്ടിലും തൊടിയിലുമായി തളച്ചിടപ്പെട്ടിരുന്ന സ്ത്രീകളെ ജീവിതത്തിന്റെ മുന്നാമ്പുറങ്ങളിലേക്ക് കൊണ്ടുവരുന്നതിന് മാവോ മുൻകൈ എടുക്കുകയും ചെയ്തു. പക്ഷേ, ഇന്നും ചൈനയിൽ പ്രസിഡൻറ് സ്ഥാനത്തേക്കോ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്കോ ഒരു വനിതയും എത്തിയിട്ടില്ല. ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രമെന്നഭിമാനിക്കുന്ന അമേരിക്കയിലും ഇതുവരെ ഒരു വനിതാ പ്രസിഡന്റുണ്ടായിട്ടില്ല. ഇന്ത്യയിൽ ഇന്ദിരാ ഗാന്ധി ആ അർത്ഥത്തിൽ അർത്ഥവത്തായ അപവാദമാവുന്നു. 1934-ൽ കേരളത്തിൽ കെപിസിസി പ്രസിഡന്റായിരുന്ന ചുനങ്ങാട്ട് കുഞ്ഞിക്കാവമ്മയും ഈ രീതിയിൽ അപവാദം തന്നെയാണ്. ഒരു ദേശീയ രാഷ്ട്രീയ പാർട്ടിക്കും കേരളത്തിൽ അതിന് മുമ്പോ പിമ്പോ അദ്ധ്യക്ഷ സ്ഥാനത്ത് വനിതകളുണ്ടായിട്ടില്ല. ഒരു വനിതാ മുഖ്യമന്ത്രിയും കേരളത്തിന് അവകാശപ്പെടാനില്ല. ലോക്സഭയിൽ ഒരു വനിതാ പ്രതിനിധി പോലും ഇപ്പോൾ കേരളത്തിൽ നിന്നില്ല എന്ന യാഥാർത്ഥ്യവും നമുക്ക് മുന്നിലുണ്ട്. 18,000 കോടി രൂപയുടെ ആസ്തിയുള്ള, ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര നിർണ്ണയിക്കുന്ന ബിസിസിഐയുടെ മുകൾത്തട്ടിലും ആണുങ്ങൾ മാത്രമേയുള്ളു.
ഇന്ത്യൻ വനിതകളുടെ ടീം മുംബൈയിൽ തങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ടിരുന്ന അതേ നിമിഷങ്ങളിലാണ് വർക്കലയ്ക്ക് സമീപത്ത്വെച്ച് ഒരു യുവതിയെ ഒരു അക്രമി തീവണ്ടിയിൽ നിന്ന് ചിവിട്ടി പുറത്തേക്കിട്ടത്. ഗുരുതരമായി പരിക്കേറ്റ ആ ചെറുപ്പക്കാരി ഇപ്പോൾ ആസ്പത്രിയിൽ ചികിത്സയിലാണ്. പുതിയ ആകാശവും പുതിയ ഭൂമിയും സ്വന്തമാക്കി ജീവിത വിജയം കൈവരിക്കുക എന്നത് സമകാലിക ഇന്ത്യയിലും സ്ത്രീകൾക്ക് വലിയൊരു വെല്ലുവിളിയാണെന്ന് തന്നെയാണ് അനുദിനം സ്ത്രീകൾ നേരിടുന്ന നീതി നിഷേധവും അക്രമങ്ങളും തെളിയിക്കുന്നത്. കേരളത്തിൽ ബിരുദാനന്തര ബിരുദമുള്ള സ്ത്രീകളിൽ 37 ശതമാനം പേർ തൊഴിലില്ലാത്തവരാണെന്നാണ് സംസ്ഥാന ആസൂത്രണ ബോർഡ് പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. ബിരുദാനന്തര ബിരുദമുള്ള 46,000 പുരുഷന്മാർ തൊഴിൽ രഹിതരാണെങ്കിൽ സ്ത്രീകളുടെ എണ്ണം മൂന്ന് ലക്ഷം വരും.
പ്രതീക്ഷയും പ്രത്യാശയും
തീർത്തും സാധാരണമായ സാഹചര്യങ്ങളിൽ നിന്ന് വന്ന പെൺകുട്ടികളാണ് ഇന്ത്യൻ ക്രിക്കറ്റിനെ പൊളിച്ചെഴുതുന്നത്. സ്ത്രീകൾ പണിയെടുത്ത് നടുവൊടിയുന്ന കുടുംബങ്ങളിൽ നിന്നും വരുന്നവർ. ഒരു പാട്ട് കേൾക്കാൻ, ഒരു കഥ വായിക്കാൻ, ഒരു സിനിമ കാണാൻ പോലും സമയം കിട്ടാതെ പോകുന്നവർ. തൊഴിലെടുക്കുന്നതുകൊണ്ട് മാത്രം ഒരു സ്ത്രീയും വിമോചിതയാവുന്നില്ല . പുറത്തുള്ള പണിക്ക് പുറമേ അകത്തുള്ള പണിയും അവൾ എടുക്കേണ്ടി വരുന്നു. ജോലി കഴിഞ്ഞുവരുന്ന പുരുഷൻ വസ്ത്രം മാറി കസേരയിലേക്ക് ചായുമ്പോൾ സ്ത്രീ അടുക്കളയിലേക്കാണ് കയറുന്നത്.
പുതിയ തലമുറയിലെ പെൺകുട്ടികൾ ഇതിൽ നിന്നും കുതറി മാറുന്നുണ്ട്,വിജയിക്കുന്നുമുണ്ട്. കുടുംബമുണ്ടാക്കൽ സ്ത്രീയുടെ മാത്രം പണിയല്ല എന്ന കാഴ്ചപ്പാടിന്റെ വിജയം. സ്ത്രീയായി ജനിക്കുകയല്ല അങ്ങിനെ ആയിത്തീരുകയാണെന്ന് ഫ്രഞ്ച് എഴുത്തുകാരിയും ദാർശനികയുമായ സിമൊൻ ദെ ബുവ്വ പറഞ്ഞത് വെറുതെയല്ല. ആണായിരുന്നെങ്കിൽ കോർട്ടിനോട് വിട പറയേണ്ടി വരുമായിരുന്നില്ലെന്നാണ് ടെന്നിസ് താരം സെറിന വില്യംസ് മൂന്ന് കൊല്ലം മുമ്പ് പറഞ്ഞത് : '' കുടുംബമോ ടെന്നീസോ എന്നാരു തിരഞ്ഞെടുപ്പ് നടത്താൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അത് ശരിയാണെന്ന് ഞാൻ കരുതുന്നില്ല. ആണായിരുന്നെങ്കിൽ എനിക്കിങ്ങനെ ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമായിരുന്നില്ല.''
വനിത ടെന്നിസ് ചാമ്പ്യൻ ബില്ലി ജിൻ കിങ്ങും പുരുഷ ടെന്നിസ് ചാമ്പ്യൻ ബോബി റിഗ്‌സും തമ്മിലൊരു മത്സരം 1973ൽ നടന്നിരുന്നു. ഒരു ലക്ഷം ഡോളറായിരുന്നു സമ്മാനം. ബാറ്റിൽ ഒഫ് സെക്‌സസ് എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ പോരാട്ടത്തിൽ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് ബില്ലി വിജയിച്ചു. അന്ന് ബില്ലിക്ക് 29 ഉം റിഗ്‌സിന് 55 മായിരുന്നു പ്രായം. ഈ പ്രായത്തിലും ഏത് മുൻനിര കളിക്കാരിയെയും തനിക്ക് തോൽപിക്കാനാവുമെന്നായിരുന്നു മാച്ചിന് മുമ്പ് റിഗ്സ് അവകാശപ്പെട്ടിരുന്നത്. ആ പോരാട്ടം ഓർത്തുകൊണ്ട് ബില്ലി എഴുതി : '' ബാറ്റിൽ ഒഫ് സെക്‌സസിന് 50 വയസ്സായിരിക്കുന്നു. ഒരു ടെന്നിസ് മാച്ച് എന്നതിനേക്കാൾ സാമൂഹ്യ മാറ്റത്തിനുള്ള കളരിയായിരുന്നു അത്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്ന്. 1973 ൽ നിന്ന് നമ്മൾ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. എങ്കിലും ഇപ്പോഴും നമ്മൾ പൂർണ്ണമായും
ലക്ഷ്യത്തിലെത്തിയിട്ടില്ല.'' 1973 ലാണ് വനിതകളുടെ ലോകകപ്പ് ക്രിക്കറ്റ് തുടങ്ങിയതെന്നത് കൗതുകകരമായ യാദൃച്ഛികതയാവുന്നു.
ഹർമനും മന്ഥാനയും ജെമീമയും ഷെഫാലിയും ദീപ്തിയുമൊക്കെ കൊയ്തെടുത്ത വിജയം ഒരു മാന്ത്രിക വടി കൊണ്ടെന്നപോലെ ഇന്ത്യൻ സ്ത്രീകളുടെ ജീവിതം മാറ്റിമറിക്കുമെന്ന് കരുതുന്നത് മൗഢ്യമായിരിക്കും. പക്ഷേ, വലിയൊരു പ്രതീക്ഷയും പ്രത്യാശയുമാണ് മുംബൈയിൽ നിന്നുയരുന്നത്. ശതലക്ഷങ്ങൾ വരുന്ന ഇന്ത്യൻ പെൺകുട്ടികളുടെ ക്രിക്കറ്റ് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഉതകുന്ന ബൃഹദ് പദ്ധതികൾക്ക് രൂപം നൽകാൻ ബിസിസിഐ ഇനിയും അമാന്തിക്കരുത്.
Content Highlights: Celebrate the historic win of the Indian women`s cricket team in the World Cup! Discover their journey, the struggles, and the monumental shift in recognition and rewards.
Published: 08 Nov 2025, 03:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented