കൊളംബോ: വനിതാ ലോകകപ്പിൽ വ്യാഴാഴ്ച പാകിസ്താൻ ബംഗ്ലാദേശ് മത്സരത്തിനിടെ, പാകിസ്താന്റെ മുൻ ക്യാപ്റ്റൻ സന മിർ നടത്തിയ പ്രസ്താവന വിവാദത്തിൽ. മത്സരത്തിന്റെ കമന്റേറ്ററായ സന, പാകിസ്താൻ ടീമിലെ നതാലിയ പർവേസിനെപ്പറ്റി പരാമർശിക്കവേ ‘ആസാദി കശ്മീരിൽനിന്നുള്ള കളിക്കാരി’ എന്നു വിശേഷിപ്പിച്ചതാണ് വിവാദമായത്.

To advertise here,

29 കാരിയായ നതാലിയ പാക് അധീന കശ്മീരിലെ ബൻഡല സ്വദേശിയാണ്. സനയുടെ പരാമർശത്തിനെതിരേ വ്യാപക പ്രതിഷേധമുയർന്നു. അവരെ കമന്ററി പാനലിൽനിന്ന് പുറത്താക്കണമെന്ന ആവശ്യവും ഉയർന്നു.

പാകിസ്താനെ കീഴടക്കി ബംഗ്ലാദേശ്

വനിതാ ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനെ അനായാസം കീഴടക്കി ബംഗ്ലാദേശ്. ഏഴുവിക്കറ്റിനാണ് ജയം. ആദ്യം ബാറ്റുചെയ്ത പാകിസ്താൻ 38.3 ഓവറിൽ 129-ന് പുറത്തായി. ബംഗ്ലാദേശ് 31.1 ഓവറിൽ മൂന്നുവിക്കറ്റിന് 131 റൺസെടുത്ത് ജയിച്ചു. പുറത്താകാതെ 54 റൺസെടുത്ത റുബിയ ഹൈദറും 24 റൺസെടുത്ത ശോഭന മൊസ്റ്റാറിയും ചേർന്നാണ് ബംഗ്ലാദേശിനെ ലക്ഷ്യത്തിലെത്തിച്ചത്.

പാകിസ്താൻ ഇന്നിങ്‌സിൽ 23 റൺസെടുത്ത റമീൻ ഷമീമാണ് ടോപ് സ്‌കോറർ. ക്യാപ്റ്റൻ ഫാത്തിമ സന 22 റൺസെടുത്തു. ബംഗ്ലാദേശിനായി ഷോർന അക്തർ മൂന്ന് വിക്കറ്റെടുത്തു.

ബുധനാഴ്ച ഓസ്‌ട്രേലിയ 89 റൺസിന് ന്യൂസീലൻഡിനെ തോൽപ്പിച്ചു.