
'ഉമീദ് 'എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുതിയ വഖഫ് നിയമത്തെ വിശേഷിപ്പിക്കുന്നത്. Unified Waqf Management Empowerment Efficiency and Dvelopment Act ( UMEED) എന്നതിന്റെ ചുരുക്കം മാത്രമല്ല ഉമീദ്. പ്രത്യാശ അഥവാ പ്രതീക്ഷ എന്നാണ് ഉമീദ് എന്ന ഉറുദു വാക്കിന്റെ അര്‍ത്ഥം. ഇന്ത്യയിലെ മുസ്ലിം ജനതയ്ക്കിതാ പ്രത്യാശയുടെ പുതിയ സമവാക്യം എന്നാണ് വഖഫ് ബില്‍ അവതരിപ്പിച്ചുകൊണ്ട് ബിജെപി നേതൃത്വം വാചാലമായത്. പക്ഷേ, ഈ നിയമത്തിനനുകൂലമായി സംസാരിക്കാന്‍ പാര്‍ലമെന്റില്‍ ഒരു മുസ്ലിം എംപിയെപ്പോലും ഇറക്കാന്‍ ബിജെപിക്കായില്ല. കാരണം മുസ്ലിം സമുദായത്തില്‍ നിന്ന് ഒരൊറ്റ എംപി പോലും പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബിജെപിക്കില്ല. ഇത്തരമൊരു പരിസരത്തില്‍ നിന്നാണ് ബിജെപി മുസ്ലിം ജന സമൂഹത്തിന്റെ ഉന്നമനത്തെക്കുറിച്ചും പരിപോഷണത്തെക്കുറിച്ചും സംസാരിക്കുന്നതെന്നും അതുകൊണ്ടുതന്നെ ബിജെപിയുടെ യഥാര്‍ത്ഥ ലക്ഷ്യം മനസ്സിലാക്കാവുന്നതേയുള്ളുവെന്നുമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പറയുന്നത്.
ഇന്ത്യന്‍ ഭരണഘടനയ്ക്ക് ചില അടിസ്ഥാന പ്രമാണങ്ങളുണ്ട്. എല്ലാ പൗരന്മാരും നിയമത്തിന് മുന്നില്‍ തുല്ല്യരാണെന്ന ഭരണഘടനയുടെ 14 ാം വകുപ്പിന്റെ അനുശാസനം അത്തരമൊന്നാണ്. അഞ്ച് കൊല്ലം ഇസ്ലാം മത വിശ്വാസിയായിരുന്നു എന്ന് തെളിയിക്കുന്നവര്‍ക്ക് മാത്രമേ വഖഫ് നടത്തുന്നതിന് അര്‍ഹതയുള്ളു എന്നൊരു വ്യവസ്ഥ പുതിയ നിയമത്തിലുണ്ട്. ഇത് ഭരണഘടനയുടെ 14 ാം വകുപ്പിന്റെ ലംഘനമല്ലെങ്കില്‍ പിന്നെ മറ്റെന്താണ് എന്നാണ് മുന്‍ കേന്ദ്ര ന്യൂന പക്ഷ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ചോദിക്കുന്നത്. ദാന ധര്‍മ്മങ്ങള്‍ നല്‍കുന്നതിന് ഇന്ത്യയില്‍ മറ്റേതെങ്കിലും മതവിശ്വാസികള്‍ക്ക് ഇത്തമൊരു നിയമം പിന്തുടരേണ്ടതുണ്ടോ എന്ന ചോദ്യമാണുയരുന്നത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു ഭാഷ , ഒരു രാജ്യം ഒരു നികുതി എന്നൊക്കെ മുദ്രാവാക്യം വിളിക്കുന്നവര്‍ മതപരമായ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനും എന്തുകൊണ്ട് ഒരേ നിയമം കൊണ്ടുവരുന്നില്ല എന്ന് ചോദിക്കുന്നത് ചാണക്യ ദേശീയ നിയമ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറും നിയമ പണ്ഡിതനുമായ ഫൈസന്‍ മുസ്തഫയാണ്. വഖഫ് ബോര്‍ഡിലും കൗണ്‍സിലിലും മുസ്ലിം ഇതരസമുദായങ്ങളില്‍ നിന്നുള്ള വരെ ഉള്‍പ്പെടുത്തുമ്പോള്‍ സമാനമായി ഇതര മതവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള ബോര്‍ഡുകളില്‍ ഇതേ നിയമം എന്തുകൊണ്ടാണ് കൊണ്ടുവരാത്തതെന്നും ഫൈസന്‍ മുസ്തഫ ചോദിക്കുന്നു.
അബുള്‍ കലാമിന്റെ വാക്കുകള്‍
കരുണയാണ് വഖഫിന്റെ അടിസ്ഥാനം. ഉള്ളവര്‍ക്ക് ഇല്ലാത്തവരോടുള്ള കരുണയുടെയും കരുതലിന്റെയും പ്രകാശനമാണ് വഖഫ്. ഇസ്ലാമിക ജീവിതവുമായി ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന പ്രക്രിയ. ഫ്രണ്ട്‌ലൈനില്‍ എഴുതിയ ലേഖനത്തില്‍ പുതിയ നിയമത്തിലെ സ്വാഗതാര്‍ഹമായ ഭാഗങ്ങളക്കുറിച്ച് ഫൈസന്‍ മുസ്തഫ പറയുന്നുണ്ട്: '' നിയമപരമായി ഉടമസ്ഥതയുള്ള ഒരാള്‍ക്കേ വഖഫ് സൃഷ്ടിക്കാനാവുകയുള്ളുവെന്ന് പുതിയ നിയമത്തിന്റെ വകുപ്പ് 3 എ വ്യക്തമാക്കുന്നു. ഇസ്ലാം അനുശാസിക്കുന്നതും ഇതുതന്നെയാണ്. വിധവകള്‍ , വിവാഹ മോചിതരായ വനിതകള്‍, അനാഥര്‍ എന്നിവരുടെ സംരക്ഷണത്തെക്കുറിച്ച് വകുപ്പ് 3 ( ആര്‍ ) (1v) പരാമര്‍ശിക്കുന്നതും നല്ലതാണ്. 23-ാം വകുപ്പ് മുന്നോട്ടുവെയ്ക്കുന്ന വഖഫ് ബോര്‍ഡുകളുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ജോയിന്റ് സെക്രട്ടറിയുടെ തലത്തിലുള്ളയാളായിരിക്കണം എന്ന നിബന്ധനയും വഖഫ് ട്രിബ്യൂണല്‍ ചെയര്‍മാനായി സിവില്‍ ജഡ്ജിക്ക് പകരം ജില്ലാ ജഡ്ജിയായിരിക്കണം എന്ന് വകുപ്പ് 84 അനുശാസിക്കുന്നതും അംഗീകരിക്കപ്പെടേണ്ട മാറ്റങ്ങളാണെന്ന് ഫൈസന്‍ പറയുന്നു. വഖഫ് നോക്കി നടത്തുന്ന മുത്തവല്ലി ഒരു കൊല്ലത്തോളം കണക്കുകള്‍ കൃത്യമായി സൂക്ഷിക്കാതിരുന്നാല്‍ പുറത്താക്കപ്പെടുമെന്നുള്ള വ്യവസ്ഥയും ആവശ്യമുള്ള പരിഷ്‌കാരമാണെന്ന് ഫൈസന്‍ ചൂണ്ടിക്കാട്ടുന്നു.
ഏത് നിയമവും കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടേണ്ടതുണ്ട്. മൂന്നോട്ട് സഞ്ചരിക്കാനുള്ള വഴികള്‍ വെട്ടിത്തുറക്കുന്നതായിരിക്കണം ഒരോ പുതിയ നിയമവും. അതിന് വേണ്ടിയാണ് ജനങ്ങള്‍ തങ്ങളുടെ പ്രതിനിധികളെ നിയമ നിര്‍മ്മാണ സഭകളിലേക്ക് തിരഞ്ഞെടുക്കുന്നത്. ആര്‍ക്ക് വേണ്ടിയാണോ ഒരു നിയമം കൊണ്ടുവരുന്നത് ആ ജനവിഭാഗത്തെ അതുകൊണ്ടുള്ള നേട്ടങ്ങള്‍ ബോദ്ധ്യപ്പെടുത്താനാവുന്നുണ്ടോ എന്ന ചോദ്യം പരമപ്രധാനമാണ്. ഇവിടെയാണ് പുതിയ വഖഫ് നിയമത്തോടുള്ള വിമര്‍ശം ശക്തമാവുന്നത്. മുസ്ലിം ജനതയോടുള്ള വഞ്ചനയാണ് പുതിയ നിയമമെന്നാണ് പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ച യുപിയിലെ പ്രതാപ്ഗഡില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി സയ്യിദ് ഇമ്രാന്‍ അഹമ്മദ് പറഞ്ഞത്. ലോക്‌സഭയെ ഒന്നാകെ പിടിച്ചിരുത്തിയ പ്രസംഗമായിരുന്നു സയ്യിദിന്റേത്. 1947 ല്‍ ഡെല്‍ഹിയിലെ ജമാ മസ്ജിദില്‍ നിന്നുകൊണ്ട് മൗലാന അബുള്‍ കലാം ആസാദ് ഇന്തയിലെ മുസ്ലിങ്ങളോട് പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു സയ്യിദ് തുടങ്ങിയത്. '' നിങ്ങള്‍ എങ്ങോട്ടു പോകുന്നു? ഇതാണ് നിങ്ങളുടെ രാജ്യം. ഇവിടെയാണ് നിങ്ങളുടെ പൂര്‍വ്വികരെ അടക്കിയിരിക്കുന്നത്.'' അന്ന് പാക്കിസ്താനിലേക്ക് പോകാനിരുന്ന നിരവധി പേര്‍ അബുള്‍ കലാമിന്റെ വാക്കുകള്‍ കേട്ട് ഇന്ത്യയില്‍ തന്നെ നിന്നു. മതരാഷ്ട്രമായ പാക്കിസ്താനല്ല മതേതര രാജ്യമായ ഇന്ത്യയാണ് ഈ മുസ്ലിങ്ങള്‍ തിരഞ്ഞെടുത്തത്. ഇന്നിപ്പോള്‍ അവരോട് ബിജെപി സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നാണ് മ്പൊമ്പരമൂറുന്ന പ്രസംഗത്തില്‍ സയ്യിദ് ചോദിച്ചത്.''
മന്‍മോഹന്‍ സിങ്ങിന്റെ ഭരണത്തില്‍ വിവരാവകാശ , വിദ്യാഭ്യാസ അവകാശ നിയമങ്ങളും തൊഴിലുറപ്പ് പദ്ധതിയും ഉദാരവത്കരണവും ഭക്ഷ്യ സുരക്ഷയും കിട്ടിയപ്പോള്‍ മോദി സര്‍ക്കാരിന്റെ ബാക്കിപത്രം സിഎഎയും 370-ാം വകുപ്പിന്റെ നിര്‍വ്വീര്യമാക്കലും ഇലക്ടറല്‍ ബോണ്ടും വഖഫ് ഭേദഗതിയുമാണെന്ന് സയ്യിദ് വിലപിക്കുന്നു. ലോക്‌സഭയില്‍ സയ്യിദ് പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയാണ് :'' ഞങ്ങള്‍ ഒന്നേ ആവശ്യപ്പെടുന്നുള്ളു, നിങ്ങളുടെ സ്വന്തക്കാരോടെന്ന പോലെ ഞങ്ങളോടും പെരുമാറൂ. നിയമം പാസ്സാക്കാനുള്ള അംഗസംഖ്യ നിങ്ങള്‍ക്കുണ്ടാവാം. പക്ഷേ, എല്ലാവരേയും ഉള്‍ക്കൊള്ളാനുള്ള ഹൃദയം നിങ്ങള്‍ക്കുണ്ടോ?''
ശബ്ദം വീണ്ടെടുക്കുന്ന പാര്‍ലമെന്റ്
പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് ചോദ്യങ്ങള്‍ ചോദിക്കാന്‍ സയ്യിദിനെപ്പോലുള്ളവര്‍ക്ക് അവസരം കിട്ടിയെന്നത് ചെറിയ കാര്യമല്ല. 2019 ഓഗസ്റ്റില്‍ ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളയുകയും 370ാം വകുപ്പ് നിര്‍വ്വീര്യമാക്കുകയും ചെയ്തപ്പോള്‍ പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയുമുണ്ടായില്ല. ബിജെപിക്ക് ലോക്‌സഭയില്‍ 303 അംഗങ്ങളുണ്ടായിരുന്ന കാലമായിരുന്നു അത്. പാര്‍ലമെന്റ് നിശ്ശബ്ദമാക്കപ്പെട്ട കാലം. പ്രതിപക്ഷത്തിന്റെ ശബ്ദം നിര്‍ദ്ദയം അടിച്ചമര്‍ത്തപ്പെട്ട കാലം. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യന്‍ ജനാധിപത്യത്തിന് തിരിച്ചുനല്‍കിയതെന്താണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകള്‍ വിളിച്ചുപറയുന്നുണ്ട്. വിയോജിപ്പിന്റെയും എതിര്‍പ്പിന്റെയും ശക്തവും അര്‍ത്ഥസാന്ദ്രവുമായ സ്വരം പാര്‍ലമെന്റില്‍ മുഴങ്ങി. ഭരണബഞ്ചുകളിലിരുന്ന് പ്രധാനമന്ത്രി മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ആ വിയോജിപ്പുകള്‍ കേള്‍ക്കേണ്ടി വന്നു. പ്രതിപക്ഷം കൊണ്ടുവന്ന 44 ഭേദഗതികളില്‍ ഒന്നുപോലും വഖഫ് നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല. പക്ഷേ, തങ്ങള്‍ക്ക് പറയാനുള്ളത് കൃത്യമായും വ്യക്തമായും പറയാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു. കര്‍ഷക നിയമത്തില്‍ നിന്നും സിഎഎയില്‍ നിന്നുമൊക്കെ വഖഫ് ഭേദഗതി നിയമം വ്യത്യസ്തമാവുന്നത് ഈ ചര്‍ച്ചകളുടെ വെളിച്ചത്തിലാണ്. കേവല ഭൂരിപക്ഷത്തിന്റെ ബലത്തില്‍ വഖഫ് നിയമവും പാസ്സാക്കാന്‍ ബിജെപി സര്‍ക്കാരിന് കഴിഞ്ഞുവെന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ, ബില്ലിലെ ജനാധിപത്യ വിരുദ്ധത വെളിച്ചത്ത് കൊണ്ടുവരാന്‍ പ്രതിപക്ഷത്തിനായി എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാവുന്നു.
ഇന്ത്യയിലെ 14.2 ശതമാനം വരുന്ന മുസ്ലിം വിഭാഗത്തിന്റെ മാത്രം പ്രശ്‌നമല്ല വഖഫ് നിയമം. ഇതര വിഭാഗങ്ങളും എപ്പോള്‍ വേണമെങ്കിലും ഇതുപോലുള്ള നിയമ ഭേദഗതികള്‍ നേരിടേണ്ടി വന്നേക്കാം. ഈ ഗൗരവം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുതന്നെയാണ് പ്രതിപക്ഷം പ്രതികരിച്ചത്. ഇത്തരമൊരു ചരിത്ര മുഹൂര്‍ത്തത്തില്‍ സഭയിലെത്താന്‍ പ്രിയങ്ക ഗാന്ധിക്കായില്ല എന്നത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. 2023 ഓഗസ്റ്റില്‍ വീല്‍ചെയറില്‍ ലോക്‌സഭയിലെത്തിയ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ഓര്‍മ്മ വരുന്നു. ഡെല്‍ഹിയില്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണ്ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമ ഭേദഗതിക്കെതിരെ വോട്ട് ചെയ്യാനാണ് ശാരീരികമായി വയ്യാഞ്ഞിട്ടും മന്‍മോഹന്‍ സിങ് സഭയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അന്ന് മന്‍മോഹന്‍ സിങ്ങിന്റെ ആര്‍ജ്ജവത്തെ പ്രശംസിച്ചിരുന്നു. പ്രതിപക്ഷം ഒന്നടങ്കം ഒരു പോരാട്ടത്തിനിറങ്ങുമ്പോള്‍ അതിന്റെ അമരത്തുണ്ടായിരിക്കേണ്ട ആളാണ് പ്രിയങ്ക ഗാന്ധി. അതുകൊണ്ടു തന്നെ അവരുടെ അസാന്നിദ്ധ്യം ന്യായീകരിക്കുക കോണ്‍ഗ്രസിന് എളുപ്പമാവില്ല.
വഖഫ് നിയമം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് പ്രതിപക്ഷ കക്ഷികളും മുസ്ലിം സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്. നീണ്ടു നില്‍ക്കുന്ന നിയമ പോരാട്ടത്തിന്റെ ദിനങ്ങളാണ് വരാനിരിക്കുന്നത്. നിയമം നിയമത്തിന്റെ വഴിയേ പോകട്ടെ! ബിജെപി ക്യാമ്പുകളില്‍ ആഹ്‌ളാദം നുരയുന്നുണ്ടാവണം. സിഎഎ, 370-ാം വകുപ്പ് നിര്‍വ്വീര്യമാക്കല്‍, അയോദ്ധ്യയിലെ രാമക്ഷേത്രം എന്നിവയ്ക്ക് പിന്നാലെ വഖഫ് നിയമവും ബിജെപിയുടെ പ്രത്യയശാസ്ത്ര പദ്ധതിയുടെ ഭാഗമായി പൊളിച്ചെഴുതപ്പെട്ടിരിക്കുന്നു. നൂറാം വാര്‍ഷികാഘോഷത്തിന് ആര്‍എസ്എസ് ഒരുങ്ങിക്കൊണ്ടിരിക്കെ നേട്ടങ്ങളുടെ പട്ടിക വിശാലവും വിപുലവുമാവുകയാണ്. പക്ഷേ, സയ്യിദ് ഇമ്രാന്റെ ആ ചോദ്യം - '' എല്ലാവരേയും ഉള്‍ക്കൊള്ളാനുള്ള ഹൃദയമുണ്ടോ'' എന്ന ചോദ്യം ബിജെപി നേതൃത്വത്തെ പിന്തുടരുക തന്നെ ചെയ്യും.
വഴിയില്‍ കേട്ടത് : നിങ്ങള്‍ ആരോടാണ് ചോദ്യം ചോദിക്കുന്നതെന്ന് മാദ്ധ്യമ പ്രവര്‍ത്തകരോട് സുരേഷ് ഗോപി. സ്വയം ചോദ്യ ചിഹ്‌നമായിക്കഴിഞ്ഞാല്‍ ഭരത് ചന്ദ്രനാര്,സ്വാമി നിത്യാനന്ദയാര് എന്നീ ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ടാവില്ല!
Content Highlights: india waqf law controversy
Published: 06 Apr 2025, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented