
കോഴിക്കോട്: സി.പി.എം. മലപ്പുറത്ത് നടത്തിയ വഖ്ഫ് സെമിനാറിലെ പ്രസംഗത്തിന്റെ പേരിൽ തനിക്കെതിരേ നടപടിയാവശ്യപ്പെട്ടവർ ഉന്നയിച്ച ആരോപണങ്ങൾ അവാസ്തവമാണെന്ന് സമസ്ത മുശാവറ അംഗം മുക്കം ഉമർ ഫൈസി. മുനമ്പം വഖ്ഫ് ഭൂമി വിഷയത്തിലും, സംസ്ഥാന വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ടും, വഖ്ഫ് ബോർഡംഗമായ തനിക്കെതിരേയും നടക്കുന്ന തെറ്റായ പ്രചരണങ്ങളുടെ വസ്തുത സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് വഖ്ഫ് ബോർഡംഗമെന്ന നിലയിൽ തന്റെ ബാധ്യതകൂടിയായതുകൊണ്ടാണ് പരിപാടിയിൽ സംബന്ധിച്ചത്. പ്രസ്തുത സെമിനാറിൽ മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉൾപ്പെടെ വിവിധ സംഘടനാ പ്രതിനിധികൾ സംബന്ധിച്ചിരുന്നു. വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ട നിലവിലുള്ള ചിലകാര്യങ്ങൾ വ്യക്തമാക്കുകമാത്രമാണ് പ്രസംഗത്തിലൂടെ ചെയ്തതെന്നും ഉമർ ഫൈസി പറഞ്ഞു.
ഹൈക്കോടതിയിൽ ആർ.എസ്.എസിനും ബി.ജെ.പി. നേതാവിനും അനുകൂലമായി സംസ്ഥാന സർക്കാർ സ്റ്റേറ്റ്‌മെന്റ് ഫയൽ ചെയ്തപ്പോഴും സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ ആർ.എസ്.എസിന് അനുകൂലമായി നിലപാട് സ്വീകരിച്ചപ്പോഴും മൗനം പാലിച്ചവരാണ് ഇപ്പോൾ തനിക്കെതിരേ പരാതിയുമായി രംഗത്തുവന്നിട്ടുള്ളത്. ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ഫയൽചെയ്ത ഹർജിയിൽ വഖ്ഫ് ബോർഡ് കേരളത്തിന്റെ പൊതുക്രമത്തിന് തടസ്സമാണെന്ന ആർ.എസ്.എസ്. നിലപാട് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഹൈക്കോടതിയിൽ നൽകിയ മറുപടിയിൽ സർക്കാർ ഈ വാദത്തെ തള്ളിക്കളയാതെ അംഗീകരിക്കുകയാണ് ചെയ്തതെന്നും ഫൈസി ആരോപിച്ചു.
മുനമ്പം വിഷയം മുൻനിർത്തി വഖ്ഫ് ബോർഡ് പിരിച്ചുവിടുമെന്ന ആർ.എസ്.എസ്. വാദത്തിന് സർക്കാർ അനുകൂല മറുപടി നൽകിയതായി ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ ഫയൽചെയ്ത ഹർജിയിലെ തെളിവുരേഖയിലുണ്ട്. മുനമ്പത്തെ വഖ്ഫ് ഭൂമി കൈയേറിയവരെ ഇറക്കിവിടില്ലെന്ന് വി.ഡി. സതീശൻ ഉറപ്പുനൽകിയതായും, മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കും ഇതേ നിലപാടാണെന്നും ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഫയൽചെയ്ത ഹർജിയിലെ തെളിവുരേഖയിലുണ്ട്. ആർ.എസ്.എസിന്റേയും കാസയുടേയും നിലപാടുകളെ തള്ളിക്കളയാതെ പൂർണമായി അംഗീകരിക്കുന്ന രീതിയിലാണ് സർക്കാർ ഹൈക്കോടതിയിൽ സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിന്റെ ഹർജിയിലെ മേൽപ്പറഞ്ഞ നിലപാടുകൾ അംഗീകരിച്ചുകൊണ്ട് രണ്ട് അമുസ്ലിങ്ങളെ വഖ്ഫ് ബോർഡിൽ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതി മുമ്പാകെ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടാൽ, വഖ്ഫ് ബോർഡിൽ നിയമിക്കപ്പെടുന്ന അമുസ്ലിങ്ങൾ ആർ.എസ്.എസുകാരാകാനുള്ള സാധ്യതയെയാണ് പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചത്. ഹൈക്കോടതി രേഖകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുന്നതാണെന്നും ഉമർ ഫൈസി കൂട്ടിച്ചേർത്തു.
Content Highlights: Mukkam Umar Faizy clarifies his participation and speech at the CPM Waqf seminar., Accuses the Kerala government of aligning with RSS and BJP stances in the High Court regarding the Waqf Board., Highlights concerns over the potential appointment of non-Muslims to the Waqf Board and its implications., Responds to criticisms and allegations regarding his remarks on the Munambam land issue.
Published: 27 Aug 2026, 01:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented