
സാധാരണ അറസ്റ്റ് ചെയ്യുമ്പോൾ കൃത്യസ്ഥലത്തുവച്ചുതന്നെ പ്രതികളിൽനിന്ന് മൊഴി രേഖപ്പെടുത്തി വാങ്ങാറുണ്ട്. കാട്ടിനകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളായതിനാൽത്തന്നെ വനം കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്ന പ്രതികളുടെ മൊഴി രേഖപ്പെടുത്തുമ്പോൾ പുറത്തുനിന്നുള്ള സാക്ഷികളുടെ സാന്നിധ്യം ആവശ്യമില്ല. (സാധാരണയായി കുറ്റകൃത്യം നടക്കുന്ന കാടിനകത്തു സാക്ഷികളായി വനം വകുപ്പ് ഉദ്യോഗസ്ഥന്മാരല്ലാതെ ആരും കാണുകയും ഇല്ലല്ലോ.) പോലീസ് കേസുകളിലേതിന് വിഭിന്നമായി വനം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ അത്തരത്തിൽ കുറ്റാരോപിതരിൽനിന്നും എടുക്കുന്ന കുറ്റസമ്മതമൊഴികൾ 'തെളിവായി' കോടതികൾ പരിഗണിക്കുകയും ചെയ്യും എന്നൊരു മെച്ചവുമുണ്ട്.
എന്തായാലും ഇപ്പോൾ റാഫിക്ക് എന്നെ തീരെ ഭയമില്ല തന്നെ. ഞാൻ മൊഴി രേഖപ്പെടുത്തുമെന്നും അത് കോടതിയിൽ ഉപയോഗിക്കുമെന്നും അയാൾ വിശ്വസിക്കുന്നുമില്ല. കാരണം, ഞാനതിന് മുമ്പ് തന്നെ എന്റെ സുഹൃത്തായ വാർഡ് മെമ്പർ മുഖേന അയാളോടത് വ്യക്തമായി പറഞ്ഞിരുന്നു. എനിക്ക് നടന്ന കാര്യങ്ങൾ അറിഞ്ഞാൽ മാത്രം മതി.
ഞാൻ സംസാരിച്ചതിന് ശേഷം അയാൾക്ക് ക്വാർട്ടേഴ്‌സിന് തൊട്ട് താഴെയുള്ള റേഞ്ച് ഓഫീസിലേക്കു പോയി അവിടെ തയ്യാറായി ഇരിക്കുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് (ഫോറസ്റ്റ് ഗാർഡ് എന്നാണ് അന്ന് തസ്തികയുടെ പേര്) മൊഴി പറഞ്ഞ് കൊടുത്താൽ മതിയാകും. തുടരന്വേഷണത്തിന്റെ ഭാഗമായി ഞാൻ ആ സ്റ്റേറ്റ്‌മെന്റ് തന്നെയേ ഉപയോഗിക്കുകയുള്ളൂ. ബാക്കിയുള്ളത് സാഹചര്യത്തെളിവുകളാണ്.
'ആനവെടിക്ക് പോകുമ്പോൾ വരയാട്ട് മൊട്ടയിലും തലമുട്ടിയിലും ചാമ്പലപ്പിലും ഒക്കെ തങ്ങുമ്പോൾ 'ചെറുവെടിക്കായി' പലപ്പോഴും രാത്രി പോകുമായിരുന്നു. വല്ല കൂരനോ കേഴയോ ഒക്കെയാണ് നമ്മൾ നോക്കുന്നത്. ഇറച്ചി ഉണക്കിക്കൊണ്ട് വരണമെന്നൊന്നും അപ്പോൾ ഐഡിയ കാണില്ല. എന്തിന് രാത്രി ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ണ് മഞ്ഞളിച്ച ഒരു മുറ്റിയ മ്‌ളാവ് മുന്നിൽ വന്ന് നിന്നപ്പോൾ ചകിരി പോലത്തെ ഇറച്ചിയാണെന്ന് കരുതി വിട്ടുകളഞ്ഞ സന്ദർഭം വരെയുണ്ട്. കാരണം മറ്റൊരുത്തൻ ഉടനെ വന്ന് ചാടും എന്നുറപ്പായത് കൊണ്ടുതന്നെ.' പുഷ്‌കലമായ ഗതകാലമോർത്തെന്നോണം ആ മനുഷ്യൻ എന്റെ മുന്നിലിരുന്ന് ഊറിച്ചിരിച്ചു.
'കാട്ടിയോ വലിയ മ്‌ളാവോ വീണാൽ ഉണക്കിക്കൊണ്ട് വരാറുണ്ട്. ഒന്നുകിൽ പാറയിൽ തീയിട്ട് പഴുപ്പിച്ച് അതിൽ വിരിച്ചുണക്കിയെടുക്കും. അല്ലെങ്കിൽ കാട്ടുകമ്പുകൾ വെട്ടി പന്തലിട്ട് അടിയിൽ തീയിട്ടുണക്കും. അഞ്ച് കിലോയെങ്കിലും ഉണക്കിയാലാണ് അവസാനം ഒരു കിലോ കിട്ടുന്നത്. പക്ഷെ മഴയുണ്ടെങ്കിൽ പണി പാളും. നമ്മൾ തിരിച്ചുവരുമ്പോൾ ഇറച്ചിക്ക് ആവശ്യക്കാർ ക്യൂ നിൽക്കുകയാകും. ആരൊക്കെയാണെന്ന് എന്നോട് ചോദിക്കരുത്.'
അയാളുടെ വീരസ്യം കേട്ടപ്പോൾ ഞാൻ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനെന്നതാണെന്നല്ല മറിച്ച് അയാളുടെ വീരചരിതങ്ങൾ പുകഴ്ത്തിപ്പാടിയേക്കാവുന്ന വൈതാളികനാണെന്നയാൾ ധരിച്ചുവോ എന്നെനിക്ക് സംശയം തോന്നാതിരുന്നില്ല.
അതുപോലെ തന്നെ ഞാൻ സാമൂഹിക വനവത്കരണ വിഭാഗത്തിലെ തിരുവനന്തപുരം ഓഫീസിൽ ജോലി ചെയ്തിരുന്നപ്പോൾ തോക്ക് ലൈസൻസ് പുതുക്കാനായി പിടിപി നഗറിലെ മറ്റൊരു ഓഫീസിലെത്തിയ ശേഷം എന്റെ മുന്നിൽ വന്നിരുന്ന അറുപത് വയസ്സെങ്കിലും മതിക്കുമായിരുന്ന ഒരാൾ കോന്നി കാടുകളിൽ വനം വകുപ്പിലേയും പൊലീസിലേയും പഴയകാലത്തെ ചില ഗജകേസരികളുമായി നടത്തിയ വേട്ടകളെപ്പറ്റിയും അവർ നുകർന്ന മഹാഭോഗങ്ങളെപ്പറ്റിയും പറഞ്ഞതും ഞാനോർക്കുന്നു.
എനിക്കറിയാവുന്ന ചിലരുടെയൊക്കെ പേര് പറഞ്ഞ് അവർ വെടി വയ്ക്കാനും മറ്റ് രാസലീലകളിൽ ഏർപ്പെട്ടതും ഒക്കെ കുറഞ്ഞ സമയത്തിനുള്ളിൽ എന്റെ മുന്നിലിരുന്ന് അയവിറക്കിയ അദ്ദേഹത്തോട് (അവരോടുള്ള വിരോധം കൊണ്ടാണോ എന്നറിയില്ല) എനിക്കപ്പോൾ കൂടുതൽ സംസാരിക്കാനായില്ല എന്നത് വലിയ നഷ്ടമായിപ്പോയി എന്ന് ഇന്നറിയുന്നു.
കോന്നിയിൽ ജോലി ചെയ്തിരുന്ന കുറച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരേയും പോലീസ് ഉദ്യോഗസ്ഥരേയും പറ്റിയാണ് അദ്ദേഹം മുഖ്യമായും പറഞ്ഞത്. പിന്നെ വിളിക്കാമെന്നും വിശദമായി സംസാരിക്കാമെന്നും പറഞ്ഞ് ഞാൻ വാങ്ങിയ അദ്ദേഹത്തിന്റെ നമ്പർ എന്റെ ഡയറിയിൽ കുറിച്ചിട്ടത് എവിടെയോ നഷ്ടപ്പെട്ടു പോയത് ഏറെ ഖിന്നതയോടെയാണ് ഞാനിപ്പോൾ ഓർക്കുന്നത്. പിന്നീട് അദ്ദേഹത്തിനെ കാണാനും ഇടയായിട്ടില്ല. അദ്ദേഹം എന്നെ വിളിക്കാനോ കാണാനോ പിന്നീടൊട്ട് മിനക്കെട്ടതുമില്ല. ഈ വൈകിയ വേളയിൽ ഇനി അദ്ദേഹത്തെ കാണാനാകുമെന്നും കരുതുന്നില്ല.
'കാട്ടുകൊമ്പന്മാരെ മരത്തിന് മുകളിൽ ഏറുമാടങ്ങൾ കെട്ടി കാത്തിരുന്നും പാറകളിലും ഗുഹകളിലും ഒളിച്ചിരുന്നും ഒന്നുമല്ല സാർ വെടിവയ്ക്കുന്നത്. ദാ, ഇങ്ങനെ...നേർക്ക് നേർ നിന്ന്...! കഷ്ടി പത്ത് വാര അകലെ നിന്ന്...!', റാഫിയപ്പോൾ വാചാലനാകുകയായിരുന്നു. അയാൾ വലത് കൈക്കുഴയും ചൂണ്ട് വിരലും എനിക്കും അയാൾക്കും ഇടയിലായി ദൂരം വ്യക്തമാക്കുന്ന രീതിയിൽ ചലിപ്പിച്ചുകൊണ്ട് പറഞ്ഞു. തുടിക്കുന്ന നെഞ്ചുമായി ഞാനത് കേട്ടിരുന്നു!
'കാടിനകത്ത് നമ്മെക്കണ്ടാൽ ആനകൾ ഓടിക്കില്ലേ?' ആകാംക്ഷ സഹിയാതെ ഞാൻ റാഫിയോട് ചോദിച്ച് പോയി. എന്റെ വിവരക്കേട് ആലോചിച്ചിട്ടാണോയെന്തോ അത് കേൾക്കെ അയാൾ ചുണ്ടുകൾ വക്രിച്ചുകൊണ്ട് പുച്ഛഭാവത്തിൽ ചിരിച്ചു. അപ്പോൾ ആ ചോദ്യം തീരെ അസ്ഥാനത്ത് ആയിപ്പോയെന്ന് എനിക്ക് തോന്നുകയും ചെയ്തു.
അർഥഗർഭമായ മൗനം എന്നൊക്കെ പറയുന്നത് പോലെ ഏതാനും നിമിഷങ്ങൾ നിശ്ശബ്ദനായതിന് ശേഷം അയാൾ തുടർന്ന് പറഞ്ഞു.
'ഓടും.… നമ്മളല്ല… ആന… ആന ഓടും. നമ്മളുടെ മണമടിക്കുമ്പോൾ ഓടും. സാറേ മരണത്തിന്റെ മണം അവനെന്നല്ല ഏത് ജീവിക്കും തിരിച്ചറിയാം.'
മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു വേട്ടക്കാരനാണ് എന്റെ മുന്നിൽ ഇരിക്കുന്നതെന്ന് അപ്പോൾ ഞാൻ തിരിച്ചറിയുകയായിരുന്നു.
'അവന്മാരെ നമ്മളാണ് പിന്നെ ഓടിക്കുന്നത്. കൂട്ടത്തിലെ തലയെടുപ്പുള്ള കൊമ്പന്റെ പിന്നാലെ നമ്മൾ പോയ്‌ക്കൊണ്ടേയിരിക്കും. അവസാനം ഓടിത്തളർന്ന് ഗതി കെടുമ്പോൾ അവൻ രണ്ടും കൽപിച്ച് തിരിഞ്ഞൊരു നിൽപ് നിൽക്കും. ഏതാണ്ട് പത്ത് മുപ്പതടി മുന്നിൽ.… ശരിക്കും അതാണ് നമുക്കും വേണ്ടത്!'
സത്യത്തിൽ എനിക്കത് പുതിയ അറിവായിരുന്നു. മച്ചാൻ എന്ന് വിളിക്കുന്ന മരങ്ങളുടെ മുകളിൽ കെട്ടി വയ്ക്കുന്ന രണ്ടോ മൂന്നോ പേർക്ക് തങ്ങാവുന്ന ഏറുമാടങ്ങളിൽ പതിയിരുന്നാണ് വെള്ളം കുടിക്കാനും മറ്റും എത്തുന്ന കാട്ടുകൊമ്പന്മാരെ വെടിവയ്ക്കുന്നതെന്നാണ് അന്നുവരെ ഞാൻ കരുതിയിരുന്നത്.അല്ലെങ്കിൽ കാടിനകത്ത് തന്നെയുള്ള ആനകൾക്ക് ഓടിക്കയറാനാകാത്ത കരിമ്പാറക്കെട്ടുകളിൽ പതിയിരുന്നെന്നും!
ശരിക്കും അയാൾ അതുവരെയുള്ള എന്റെ എല്ലാ ധാരണകളേയും അറിവുകളേയും തകർത്ത് കളയുകയായിരുന്നു. വനശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയെന്നും വനസംബന്ധമായ കാര്യങ്ങളിൽ അത്യാവശ്യം കാര്യങ്ങൾ അറിയാമെന്നും ഒക്കെയുള്ള എന്റെ ആത്മവിശ്വാസത്തിന് മേലാണ് അയാളിപ്പോൾ താണ്ഡവം ചവിട്ടുന്നത്. പുറം പൂച്ചായി എടുത്തണിഞ്ഞിരിക്കുന്ന ഔദ്ധത്യത്തിന്റെ കൃത്രിമമേലങ്കി അഴിഞ്ഞ് വീഴാതിരിക്കാൻ ഞാൻ ശ്രദ്ധാലുവായി. എങ്കിലും മനസ്സുകൊണ്ട് ഞാനയാൾക്ക് കീഴ്‌പ്പെടുക തന്നെയായിരുന്നു.
ക്വാർട്ടേഴ്‌സിൽ ഞാനൊറ്റയ്ക്കാണ്. എന്റെ ശ്വാസോച്ഛ്വാസം എനിക്ക് തന്നെ കേൾക്കാമെന്ന് തോന്നി. അയാളുടെ വിവരണം കേട്ടപ്പോൾ കലിയടങ്ങാതെ ചെവി വിടർത്തിയും വാലുയർത്തിയും നീട്ടിപ്പിടിച്ച തുമ്പിയുമായി ഭീമാകാരമായ ഗോളം പോലെ ചെമ്മൺ പൊടി പാറിച്ചുകൊണ്ട് പാഞ്ഞെത്തുന്ന ഒരു കാട്ടുകൊമ്പന്റെ എരിയുന്ന കണ്ണുകളാണ് ഞാൻ കണ്ടത്. അതിൽ നിറയെ പകയും വിദ്വേഷവും തളം കെട്ടിയിരിക്കുന്നു. അവന്റെ ചെന്നികളിൽനിന്ന് മദജലം ഇറയ്ക്കുന്നു. അവന്റെ കൂർത്ത കൊമ്പുകൾ ശത്രുനിഗ്രഹത്തിനായി വിറകൊള്ളുന്നു!
ഇനിയും അയാളുടെ മുന്നിൽ ഇരുന്നാൽ ഞാൻ വല്ലാതെ ചെറുതായിപ്പോകുന്നത് എനിക്ക് തോന്നി. എന്നിട്ടും പുറമേ അധികാരത്തിന്റെ ഗൗരവം നടിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. മേശമേലിരുന്ന അധികാരത്തിന്റെ ചിഹ്നങ്ങളിലൊന്നായ തൊപ്പിയിൽ അയാൾ കാൺകെ ഞാൻ തിരുപ്പിടിച്ചു.
'വലത് തോളിൽ ചൂണ്ടിയുറപ്പിച്ച കുഴലുമായി മനസ്സിളകാതെ നിൽക്കുന്ന നമ്മടെ മുന്നിലേയ്ക്ക് ചെമ്മൺനിറത്തിലുള്ള ഒരു വലിയ പന്താണെന്ന് പാഞ്ഞെത്തുന്നതെന്ന് തോന്നും.' തെല്ലൊരു ഇടവേളയ്ക്ക് ശേഷമാണ് അയാൾ ബാക്കി പറഞ്ഞത്.
'പക്ഷേ അവനറിയാം മരണമാണ് മുന്നിൽ നിൽക്കുന്നതെന്ന്....! വഴികൾ അടഞ്ഞില്ലാതാകുമ്പോൾ അവൻ അവസാനത്തെ വരവ് വരുന്നതാണ്...!'
വേട്ടക്കഥകളുടെ വീരഗാഥകൾ വിളമ്പാൻ അയാൾക്കിപ്പോൾ വല്ലാത്ത ആവേശം പോലെ. കാട്ടുകൊമ്പന്റെ വരവ് മുന്നിൽക്കാണുന്ന പോലെ അയാളുടെ മുഖം ഗൗരവം കൊണ്ട് ജ്വലിച്ചു. വിഷപ്പാമ്പിന്റെ സീൽക്കാരം മാതിരി വീണ്ടും ഒച്ചയുണ്ടാക്കി അയാൾ ചിരിച്ചു.
'ഉരുക്ക് കമ്പിക്കഷണങ്ങൾ വശത്തുകൂടെ തുളഞ്ഞ് കയറുമ്പോൾ അവന്റെ മസ്തകത്തിൽ തീക്കുണ്ഠങ്ങൾ ജ്വലിക്കും. പിന്നെ വല്ലാത്തൊരു അലർച്ചയോടെ അവൻ നമ്മുടെ മുന്നിൽ വന്ന് മുട്ടുകുത്തും. ശരിക്കും ചെവിക്ക് പിന്നിലെ കുഴിയാണ് മർമം. പക്ഷേ അതുതന്നെ എപ്പോഴും കിട്ടണമെന്നില്ല. എന്നാലും അവിടെയാണ് വെടിക്കാരന്റെ ശരിക്കുള്ള കഴിവ്.'
'അതിലൊരു കഴഞ്ച് പിഴവ് പറ്റിയാൽ പിന്നെ തിരുത്താൻ അവസരമില്ല. പകരം വീഴുന്നത് നമ്മളായിരിക്കും. എന്നത്തേയ്ക്കുമായി...! ' വലിയ ദാർശനികനെപ്പോലെ അയാൾ സംസാരിക്കുന്നത് എന്നിൽ അൽപം കൗതുകമുണർത്താതിരുന്നില്ല.
'വലിയ കുന്നിടിഞ്ഞ് വീഴുന്നതുപോലെ അവൻ മുട്ടുകുത്തി വീഴുമ്പോൾ നമ്മൾ ചവിട്ടി നിൽക്കുന്ന മണ്ണ് വരെ വിറക്കും. ആ വീഴ്ചയിലും തുമ്പിയെത്തിച്ച് നമ്മളെ കുരുക്കാനായിരിക്കും അവന്റെ ശ്രമം.... ഒടുക്കത്തെ ശ്രമം...!' തീർത്തും അപരിചിതനും അപകടകാരിയുമായ ഒരു മനുഷ്യനായി അയാളപ്പോൾ രൂപാന്തരപ്പെടുകയാണോയെന്ന് ഞാൻ ഭയന്നു.
'പിന്നേയും ഉണ്ട് അല്ലറച്ചില്ലറക്കാര്യങ്ങൾ. കൊമ്പെടുക്കുമ്പോൾ കോടാലി കടവായിലോട്ട് കേറ്റി വെട്ടണം. വീണയുടനെയാണെങ്കിൽ വെട്ടിനോടൊപ്പം ചോരയും ഇറച്ചിക്കഷണങ്ങളും ചിതറിത്തെറിക്കും. വശം ചരിഞ്ഞാണ് കിടക്കുന്നതെങ്കിൽ തുമ്പി ആദ്യമേ വെട്ടി മാറ്റേണ്ടിയും വരും...' അത് പറയുമ്പോൾ അകന്നിരിക്കുന്ന ചുണ്ടുകൾക്കിടയിലൂടെ പുകയിലക്കറ പറ്റിയ അയാളുടെ നിരതെറ്റിയ പല്ലുകൾ കുറേശ്ശെ പുറത്ത് കാണാം. ശ്വാസം കഴിക്കാൻ പോലും ഞാനപ്പോൾ മറന്നുവോ എന്ന് സംശയം!
'പറ്റിയാൽ ചാക്കിൽ പൊതിഞ്ഞ് കൊണ്ടുപോരും. വീട്ടിലെത്തിയാൽ വലിയ ചരുവത്തിലെ വെള്ളത്തിൽ കൊമ്പിന്റെ ചുവട് താഴ്ത്തി വച്ച് പുഴുങ്ങിയെടുക്കണം. അല്ലെങ്കിൽ കടവായിൽ നിന്ന് കൊമ്പിനകത്തേയ്ക്ക് കയറിയ ദശ ഇളകിപ്പോരൂല്ല. അതിനകത്തിരുന്ന് ചീഞ്ഞ് നാറേം ചെയ്യും.' ശരിക്കും ആനവേട്ടക്കാരനായി മാറിയ അയാളിൽനിന്ന് എനിക്കറിയേണ്ടതും അതൊക്കെ തന്നെയായിരുന്നല്ലോ.
അപ്പോൾ എന്റെ ഞരമ്പുകൾ അപ്പാടെ വലിഞ്ഞ് മുറുകിയത് ഭയം കാരണമാണോ അതോ ആത്മരോഷം കൊണ്ടാണോയെന്ന് പറയാൻ വയ്യ. മൃത്യുവിന്റെ മടുപ്പിക്കുന്ന ഗന്ധം അവിടമാകെ തളം കെട്ടിക്കിടക്കുന്നതായി എനിക്ക് തോന്നി. എന്നിട്ടും സാവധാനത്തിൽ തല കുലുക്കിയും ഇരുത്തി മൂളിയും ഞാനയാളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.
'കൊണ്ടിറങ്ങാൻ പറ്റിയില്ലെങ്കിൽ ദൂരെയെവിടെയെങ്കിലും ഒളിപ്പിച്ചിട്ടിട്ട് ഇറങ്ങണം. പക്ഷെ അതിൽ ചെറിയ റിസ്‌കുണ്ട്. അതെടുക്കാൻ വീണ്ടും പോകണമെന്നതാണ് ആദ്യത്തെ തൊന്തരവ്. അപ്പോഴേയ്ക്കും ശവം ആരെങ്കിലുമൊക്കെക്കണ്ട് വലിയ പൊല്ലാപ്പായിട്ടുണ്ടാകും. ഒളിച്ചിട്ട ഉരുപ്പടി നാളുകൾ പോകെ കാട്ടുപന്നിയും മുള്ളനും മാന്തിപ്പുറത്തിടാനും വഴിയുണ്ട്. ഇളകിക്കിടക്കുന്ന മണ്ണുപോലും ആദിവാസികളുടെ കണ്ണിൽ പെടാതെ നോക്കണമെന്ന പ്രശ്‌നവുമുണ്ട്. അങ്ങനെ വന്നാൽ അഞ്ചു ആറും അടി കുഴിമാന്തി നൂറാനും കാട്ടുചേനയും ചോലക്കിഴങ്ങും ശേഖരിക്കുന്ന അവന്മാര് പുഷ്പം പോലെ അതടിച്ചുമാറ്റുകയും ചെയ്യും. അതോടെ നമ്മളതുവരെ ചെയ്തതൊക്കെ വെള്ളത്തിൽ വരച്ച വര പോലെയാകും. എന്തുകൊണ്ടും അന്നുതന്നെ കൊണ്ടിറങ്ങുന്നത് തന്നെയാണ് നല്ലത്.' അയാളിപ്പോൾ വളരെ ആലോചിച്ചാണ് സംസാരിക്കുന്നതെന്ന് തോന്നി.
'പിന്നെ കൊമ്പ് കച്ചവടം ചെയ്യുന്നതോ?' ഞാനറിയാതെ ചോദിച്ചത് ലേശം ഉച്ചത്തിലായിപ്പോയി. അബദ്ധമാണെന്ന് തോന്നിയപ്പോൾ അവസാനഭാഗം വിഴുങ്ങി. അപ്പോൾ അയാൾ എല്ലാം നിസ്സാരവത്കരിക്കുന്ന അതേ ചിരി ചിരിച്ചു.
'ഇത്ര വിശദമായിട്ട് ഇതൊക്കെ അറിഞ്ഞിട്ട് എന്തോന്നിനാ...? നിങ്ങളൊന്നും വെടിക്ക് പോകാൻ പോകുന്നില്ലല്ലോ. അതോ ഇനി എല്ലാമറിഞ്ഞിട്ട് എനിക്കിട്ട് പണിയാനാണോ...?' അയാളുടെ കണ്ണുകളിൽ വന്യതയാണ് തിളക്കം.
'റാഫീ… നിങ്ങൾ എന്തിനാണ് ഇങ്ങനെ സംസാരിക്കുന്നത്? എല്ലാം സിദ്ദിഖ് പറഞ്ഞതല്ലേ?' അയാൾക്ക് എന്നോടുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനായി ഞാൻ വീണ്ടും പറഞ്ഞു. എന്തായാലും അത് ഏറ്റുവെന്ന് തോന്നി.
'ങ്ഹും....ആ @#$%@#$% ആയ കച്ചവടമാണ് ശരിക്കുള്ള തൊന്തരവ്. സ്ഥിരം പാർട്ടിക്ക് തന്നെ കൊടുത്തില്ലെങ്കിൽ അവനൊക്കെ കൊതിക്കെറുവ് ഉണ്ടാകും. അത് ഒറ്റിലേ പോയി നിൽക്കൂ. പിന്നെ കേസ്സായി വഴക്കായി. അതുകൊണ്ട് അവനൊക്കെ തരുന്ന നക്കാപ്പിച്ച വാങ്ങാനേ നമുക്ക് പറഞ്ഞിട്ടുള്ളൂ...'@#$%@#$%' മക്കൾ!'
കേട്ടാലറയ്ക്കുന്ന തെറികൾ ചേർത്താണ് അപ്പോളയാൾ അത് പറഞ്ഞത്. ദൈവമേ, ഇടനിലക്കാരും കച്ചവടക്കാരും ചൂഷണം ചെയ്യുന്ന കർഷകരുടെ ആത്മരോഷം അയാളിലും ജ്വലിക്കുന്നത് പോലെ! എന്ത് പറയാനാണ്...?
'പിന്നെന്തിനാ നിങ്ങളീ റിസ്‌ക് പിടിച്ച ഈ പണിക്കൊക്കെ ഇറങ്ങുന്നത്?' കിട്ടിയ തഞ്ചത്തിൽ ഞാൻ ചോദിച്ചു. ‘ഒന്നുമില്ലെങ്കിലും റാഫിക്ക് ഇത്രയും പഠിത്തം ഒക്കെ ഇല്ലേ...?'
വനം വകുപ്പിലെ സുഹൃത്തുക്കളും സീനിയേഴ്‌സുമായ പ്രമോദ് കൃഷ്ണനോ സൈമൺ ഫ്രാൻസിസോ ജെയിംസ് സക്കറിയയോ പ്രേം കുമാറോ രാജു ഫ്രാൻസിസോ പോലുള്ള മിടുക്കന്മാരായ ഉദ്യോഗസ്ഥന്മാരുടെ നിരന്തര ശ്രമങ്ങൾ മൂലം തേക്കടിയിലൊക്കെ ആനവേട്ടക്കാരെ കൂടി മാനസാന്തരപ്പെടുത്തി ഇഡിസി (ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി) വാച്ചറന്മാരാക്കി വനസംരക്ഷണത്തിന് നിയോഗിക്കുന്ന കഥകളാകണം എനിക്കത് ചോദിക്കാനുള്ള ഉത്തേജനം നൽകിയത്. റാഫിയിലെ ആനവേട്ടക്കാരൻ എന്നിലൂടെ നല്ല ശമരിയാക്കാരനാകാനുള്ള പുറപ്പാടിലായേക്കാമെന്നും ഞാനപ്പോൾ പ്രതീക്ഷിച്ചിരിക്കണം. എങ്കിൽ തുടക്കക്കാരൻ എന്ന നിലയിൽ അതെന്റെ തൊപ്പിയിലെ തൂവൽ ആകാൻ പോകുകയാണ്. എനിക്കപ്പോൾ എന്നോട് തന്നെ വല്ലാത്ത ബഹുമാനം തോന്നി.
‘@#$%@#$% സാറിനിനി എന്തൊക്കെയാ അറിയേണ്ടത്?' ആത്മഗതമെന്നോണം പറഞ്ഞ നിർദോഷമായ ഒരു തെറിയുടെ അകമ്പടിയോടെ ലേശം കളിയാക്കുന്ന മട്ടിലാണ് അയാളത് ചോദിച്ചത്. ഞാനെന്തെങ്കിലും പറയുന്നതിന് മുമ്പ് അയാൾ അതേ ശൈലിയിൽതന്നെ തുടർന്നു.
'പിന്നെ പഠിപ്പ്!. ഇന്നത്തെക്കാലത്ത് പത്തിൽ തോറ്റത് അത്ര വലിയ '@#$%@#$% ആണോ? അല്ലെങ്കിൽത്തന്നെ ഭാരിച്ച കാര്യങ്ങൾ സാറ് തിരക്കുന്നതെന്തിനാണ്?' അയാൾ എന്നെ തറപ്പിച്ച് നോക്കി. സർവീസുള്ള ഒരുദ്യോഗസ്ഥനായിരുന്നു ഞാനെങ്കിൽ അയാളത്തരം മോശപ്പെട്ട വാക്കുകൾ എന്റെ മുന്നിലിരുന്ന് നിർലോഭം വിളമ്പുമായിരുന്നില്ല എന്നത് സത്യം!
'എന്നെ ഈ കേസ്സിൽനിന്ന് ഊരിത്തരാൻ സാറിന് പറ്റുമോ? ഇല്ലല്ലോ. രണ്ടോ മൂന്നോ കൊല്ലമിരുന്ന് നിങ്ങളങ്ങ് മാറിപ്പോകും. നിങ്ങൾക്കൊക്കെ നിങ്ങളുടെ കാര്യം. കുറെയായി കാക്കിക്കാരെ കാണുന്നു. എന്നെക്കൊണ്ട് അധികം പറയിപ്പിക്കണ്ട സാറേ.... എനിക്ക് പോയിട്ട് വേറെ പണിയുണ്ട്...'
ആ ശബ്ദത്തിൽ മറഞ്ഞിരിക്കുന്ന ജുഗുപ്‌സ എനിക്ക് അനുഭവവേദ്യമായി. കാർക്കശ്യക്കാരനായ ആ വേട്ടക്കാരന്റെ കുന്തമുനകൾ ഒളിപ്പിച്ച ചോദ്യങ്ങൾക്ക് മുന്നിൽ എനിക്ക് ഉത്തരം മുട്ടി.
കസേരയിൽനിന്ന് എഴുന്നേറ്റുകൊണ്ട് അയാൾ ഒന്നുകൂടി പറഞ്ഞു. 'പിന്നെ... ഒരു കാര്യത്തിൽ സാറിനെന്നെ വിശ്വസിക്കാം. നിങ്ങൾ പോകുന്നത് വരെ ഞാനിവിടത്തെ കാട്ടിൽ കയറില്ല. നിങ്ങളെ പേടിച്ചിട്ടൊന്നുമല്ല; അത് മെമ്പർക്ക് കൊടുത്ത വാക്കാണ്...!'
ഇല്ല, കഠിനചിത്തനായ ആ ആനവേട്ടക്കാരന്റെ ചിന്താസരണികളിൽ തരിമ്പും വ്യത്യാസം വരുത്താൻ എനിക്കാവില്ല. തുടക്കക്കാരനായ അന്വേഷകന്റെ അമിതാവേശത്തിന് അകാലചരമമാണ് വിധി. കേസ്സ് ഒഴിവാക്കിക്കൊടുക്കാമെന്ന് ഞാനിനി പറഞ്ഞാൽപ്പോലും അയാളത് വിശ്വസിക്കുകയും ഇല്ല. (എനിക്കതിന് കഴിയുകയും ഇല്ലായിരുന്നു എന്നത് വേറെ കാര്യം.)
'സ്റ്റേറ്റ്‌മെന്റ് എടുക്കാൻ റാഫി വരുമെന്ന് കരുതി ഞാൻ കാത്തിരിക്കുകയായിരുന്നു. ഇത്രനേരമായിട്ടും ആളെ കാണാത്തത് കൊണ്ട് ഞാനിങ്ങോട്ട് വന്നതാണ് സാർ...'
എന്നെ വർത്തമാനത്തിലേയ്ക്ക് ഉണർത്തിയത് ആ ശബ്ദമാണ്. ഞാൻ ഞെട്ടിത്തിരിഞ്ഞു. റെയ്ഞ്ച് ഓഫീസിൽ റാഫിയുടെ മൊഴി രേഖപ്പെടുത്താനായി ഫയലുമായി കാത്തിരുന്ന് മുഷിഞ്ഞ രാമസ്വാമി അയ്യപ്പൻ എന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസറാണ്. (അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല.) കൂടെ റെയ്ഞ്ചിൽ സഹായിയും വയർലെസ്സ് ഓപ്പറേറ്ററുമായ സജിയുമുണ്ട്. എന്റെ മുന്നിൽ നിന്നാണ് അദ്ദേഹം സംസാരിച്ചതെങ്കിലും ആ ശബ്ദം തീർത്തും അജ്ഞാതമായ മറ്റേതോ ലോകത്തുനിന്ന് വന്നത് പോലെയാണ് എനിക്കപ്പോൾ തോന്നിയത്!
റാഫി എന്റെ മുറിയിൽനിന്ന് യാത്രയൊന്നും പറയാതെ പുറത്തിറങ്ങി നടക്കുമ്പോഴും താഴ്ത്തിയിട്ടിരുന്ന അയാളുടെ വലതുകൈയിലെ തെറിച്ച് നിൽക്കുന്ന ചൂണ്ടുവിരലിലേയ്ക്ക് നിർന്നിമേഷനായി ഞാൻ നോക്കിയിരുന്നു. അതിൽ അപ്പടി ചോരക്കറകൾ കട്ടപിടിച്ചിരിക്കുന്നു! അമർത്തിപ്പിടിച്ച ഒരായിരം നിലവിളികൾ അവിടെ മുഴങ്ങുന്നത് പോലെ.
എന്റെ മുന്നിൽ ജീവൻ വിടാൻ മടിച്ച് വെട്ടിവെട്ടി പിടയുന്ന സ്ഥൂലശരീരങ്ങളുടെ ദ്രുതചലനങ്ങൾ! പാതിയടഞ്ഞ കണ്ണുകളും തുറന്ന് പിടിച്ച വായകളുമായി കാടകം വാണിരുന്ന മഹാശക്തരുടെ ചേതനയറ്റ ഉടലുകൾ ചോരച്ചിത്രങ്ങൾ വരഞ്ഞ് മണ്ണിനെ പുണർന്ന് കിടക്കുന്നു! പച്ചമാംസത്തിൽ ആഞ്ഞാഞ്ഞ് പതിയുന്ന കോടാലിത്തലപ്പിൽനിന്ന് ചിതറിത്തെറിക്കുന്ന ചോരയിൽ കുതിർന്ന ഇറച്ചിത്തുണ്ടുകളിലെ ഇനിയും നിലക്കാത്ത തുടിപ്പുകൾ! എനിക്ക് ഒക്കാനം വന്നു.
ബീറ്റ് ഫോറസ്റ്റ് ഓഫീസറോടൊപ്പം ആ വേട്ടക്കാരൻ ഓഫീസിലേയ്ക്ക് നടക്കുന്നത് തുറന്നിട്ട വാതിലിലൂടെ എനിക്കിപ്പോൾ കാണാം. ശരിക്കും കാടിളക്കിയും തിമിർത്തും മത്തഗജം ചരിക്കുന്നത് പോലെ! തെളിഞ്ഞ ആകാശത്ത് അനുദ്ധതനായി നിലകൊണ്ടിരുന്ന ഒരു കാർമേഘം മഹാകാരം പൂണ്ട് സംഹാരപ്പിറവിയെടുക്കുന്നത് ഞാനപ്പോൾ കണ്ടു. അടരുകളായി ഊർന്നിറങ്ങി അതയാളെ കാഴ്ചയിൽനിന്ന് മറയ്ക്കുന്നതും!
(തുടരും)
Published: 22 Dec 2025, 12:00 pm IST
ABOUT THE AUTHOR
കേരള വനം വകുപ്പില് നിന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്സര്വ്വേറ്ററായി വിരമിച്ചു. ചിന്ത പബ്ലിഷേഴ്സ് വഴി കാട് പറഞ്ഞ കഥകള്, ആരണ്യകാണ്ഡം എന്നീ കഥാ സമാഹാരങ്ങളും ലോഗോസ് ബുക്ക്സ് വഴി കാട്ടിലേയ്ക്ക് പോകാം എന്നൊരു യാത്രാവിവരണവും മാതൃഭൂമി ബുക്ക്സ് വഴി നാഗമാണിക്യം, ഗജമുത്ത്, വെള്ളിമൂങ്ങ- വനം കള്ളക്കടത്തിന്റെ കാണാപ്പുറങ്ങള് എന്നൊരു അനുഭവകഥയും കേരള
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented