ഗ്രേവിയായിരുന്നു കഴിഞ്ഞ ആഴ്ച്ചയിലെ താരം. ഹോട്ടലില്‍ പൊറോട്ടയും ബീഫ് ഫ്രൈയും ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് അതിന്റെ കൂടെ ചാറ് (ഗ്രേവി) കൊടുത്തില്ലെന്ന ഒരാളുടെ പരാതി ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍  വരെ കയറിയിറങ്ങി. ഗ്രേവി സൗജന്യമായി നല്‍കുന്നത് ഹോട്ടലിന്റെ നയമല്ലെന്ന ഉടമയുടെ വാദം അംഗീകരിച്ച കമ്മീഷന്‍ പരാതി തള്ളി. ഉടമയുടെ നിലപാട് അതാണെങ്കില്‍ കമ്മീഷനെ കുറ്റം പറയാന്‍ പറ്റില്ല. പക്ഷേ, ഉടമയുടെ നയം എന്തൊരു നയം എന്നാരും ചോദിച്ചില്ല. ബീഫ് ഫ്രൈ വളരെ ഡ്രൈ ആയ ഒരു ഡിഷ് ആണ്. പൊറോട്ടയും അങ്ങനതന്നെ. ചാറില്ലാതെ അത് കഴിക്കാന്‍ പറ്റില്ലെന്നാണ് പൊറോട്ട പ്രേമികളുടെ പക്ഷം. ചൈനീസ് ഡിഷ് ആണ് ഓര്‍ഡര്‍ ചെയ്തതെങ്കിൽ മനസിലാക്കാം. ഇത് തനി നാടന്‍ ഡിഷ്. നമ്മുടെ സ്വന്തം ബീഫ്ഫ്രൈ. അതിന്റെ കൂടെ ലോകത്ത് എല്ലായിടത്തും ഗ്രേവി നല്‍കും. ഒരമ്മ പെറ്റ മക്കളെപ്പോലാണ് ബീഫ് ഫ്രൈയും ഗ്രേവിയും എന്നൊക്കെയാണ് പൊറോട്ടപ്രേമികളുടെ വാദത്തോട് വാദം. അതെന്തെങ്കിലുമാകട്ടെ.

To advertise here,

ഹോട്ടലുകളെ ചുറ്റിപ്പറ്റി ഇത്തരം വിവാദങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ പതിവാണ്. വിവാഹവസ്ത്രമെടുക്കാന്‍ വന്ന പ്രതിശ്രുതവരനും ബന്ധുക്കളും ഒരു ഹോട്ടില്‍നിന്ന് അടിമേടിച്ച് മടങ്ങിയത് പൊറോട്ടയ്ക്ക് ഒപ്പം വിളമ്പിയ ഗ്രേവി കുറഞ്ഞുപോയെന്ന് പറഞ്ഞ് അലമ്പുണ്ടാക്കിയതിനാണ്. ആലപ്പുഴയില്‍ അഞ്ചപ്പത്തിനും രണ്ട് മുട്ടക്കറിക്കും 184 രൂപ ഈടാക്കിയതിനെക്കുറിച്ച് ഒരു എംഎല്‍എ പരാതി പറഞ്ഞപ്പോള്‍ അതും വലിയ വിവാദമായി. തങ്ങളുടെ മുട്ടക്കറി സാദാ മുട്ടക്കറിയല്ലെന്നും അണ്ടിപ്പരിപ്പും ബദാമുമൊക്കെ അരച്ച് ചേര്‍ത്താണ് ഉണ്ടാക്കുന്നത് എന്നായിരുന്നു ഉടമയുടെ വാദം. ചില ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിച്ച് പോക്കറ്റ് കീറിയവര്‍ ബില്ലിന്റെ പടമെടുത്ത് സോഷ്യൽ മീഡിയയിലിട്ട് തൃപ്തിയടയുന്നത് കണ്ടിട്ടില്ലേ. 100 രൂപയുടെ ഊണിന്റെ കൂടെ ഫിഷ് ഫ്രൈ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടുന്നത് 800 രൂപയുടേയും  1000 രൂപയുടേയും ബിൽ. എന്താല്ലേ...! എവിടെ ഭക്ഷണം വിളമ്പുന്നോ അവിടെയൊക്കെ വന്ന് മലയാളി അലമ്പുണ്ടാക്കുന്ന നിലയിലായിട്ടുണ്ട് കാര്യങ്ങള്‍. കല്യാണസദ്യയ്ക്ക് പപ്പടം കിട്ടിയില്ലേല്‍ പരാതിയല്ല. അടിയാണ് പിന്നെ. ബിരിയാണിക്കൊപ്പം സാലഡ് കണ്ടില്ലേല്‍ ചവിട്ടും തൊഴിയുമാണ്. അതൊക്കെവെച്ച് നോക്കുമ്പോള്‍ ഗ്രേവി കിട്ടാത്തതിന് കോടതിയില്‍ പോയതില്‍ അല്‍ഭുതമൊന്നും ഇല്ല.

ഭക്ഷണം കഴിക്കാനെത്തുന്നവരുടെ വയറ് മാത്രമല്ല, മനസും നിറയണമെന്ന കാഴ്ചപ്പാടോടെ ഹോട്ടല്‍ ബിസിനസ് നടത്തുന്നവരുടെയും ഭക്ഷണം വിളമ്പുന്നവരുടെയും കാലം അസ്തമിച്ചോ ? ഡ്രൈ ഫ്രൈയ്ക്ക് ഒപ്പം ചാറ് കൂടി നല്‍കണമെന്നത് വെറും ഒരു ഉപഭോക്തൃ മര്യാദ മാത്രം. അല്ലെങ്കില്‍ ഗ്രേവിയുടെ വില കൂടി വിലവിവര പട്ടികയലോ മെനു കാര്‍ഡിലോ നല്‍കിയിരിക്കണം. ഇതൊന്നും നല്‍കാത്ത അല്‍പ്പത്തമാണ് ബിസിനസില്‍ മാര്‍ജിന്‍ കൂട്ടുന്നതെന്ന്‌ ആരാണ് ഇവരെ പഠിപ്പിക്കുന്നത്. ഇന്ന് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ബിസിനസ് ആണ് ഭക്ഷണ ഉത്പാദന, വിതരണരംഗം. മലയാളികള്‍ ഇപ്പോള്‍ വാ തുറക്കുന്നത് തന്നെ ഭക്ഷണം കഴിക്കാനാണ് എന്നതാണ് അവസ്ഥ. അതും മല്‍സ്യവും മാസവും മുട്ടയും. വെജ് ഭക്ഷണം വളരെ കുറവാണ്.

മല്‍സ്യമാംസ ഭക്ഷണത്തിനായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്നത് കേരളീയരാണെന്നാണ്‌ ഒരു സര്‍വ്വേഫലം ചൂണ്ടിക്കാട്ടുന്നത്. ഗാമീണ മേഖലയിലുള്ള മലയാളികള്‍ ഭക്ഷണ ബജറ്റിന്റെ 23.5 ശതമാനവും നഗരമേഖലയിലുള്ളവര്‍ 19.8 ശതമാനവും മല്‍സ്യ, മാസം, മുട്ട എന്നിവയ്ക്കായി മാറ്റിവയ്ക്കുന്നുവത്രേ. രണ്ടാം സ്ഥാനം ആസാമിനാണ്. അവര്‍ 20 ശതമാനമാണ് ഇതിനായി ചിലവഴിക്കുന്നത്. മലയാളികളുടെ പലതിനോടുമുള്ള പല സമീപനവും മൃഗീയമായിപ്പോകുന്നതില്‍ അല്‍ഭുതമില്ല അല്ലേ. അടി വീണില്ലെങ്കിലേ അല്‍ഭുതമുള്ളൂ.

വഴിയോര ഭക്ഷണശാലകളാണ് മലയാളികള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പ്രിയം. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുന്ന രീതി മാറി. സന്തോഷത്തിനായി ഭക്ഷണം കഴിക്കുന്നതാണ് ഇപ്പോഴത്തെ രീതി. ഈ രീതിയില്‍ ഈ മേഖല കുതിക്കുമ്പോഴാണ് ഗ്രേവി ഫ്രീ അല്ല എന്ന മനോഭാവവുമായി ഭക്ഷ്യമേഖലയില്‍ കടകളും തുറന്ന് ഓരോരുത്തരുമിരിക്കുന്നത്. മള്‍ട്ടിപ്ലെക്‌സ് തിയേറ്ററുകളില്‍ പോകുന്ന മലയാളികളെ കണ്ടിട്ടില്ലേ. ഓരോരുത്തരും കൈ നിറയെ നാലും അഞ്ചും തീറ്റസാധനങ്ങളുമായാണ് തിയേറ്ററിലേക്ക് പോകുന്നത്. തിയേറ്ററുടമകള്‍ക്ക് സിനിമ പ്രദര്‍ശിപ്പിച്ച് കിട്ടുന്നതിന്റെ പത്തിരട്ടി ലാഭമാണ് അവിടെ ഭക്ഷണം വിറ്റ് കിട്ടുന്നത്. ഇപ്പോഴത്തെ മിക്ക ആശുപത്രികളിലുമുണ്ട് അത്യാധുനിക മള്‍ട്ടി കുസിന്‍ റെസ്റ്റോറന്റുകള്‍. മരുന്നുകള്‍ക്ക് ഒപ്പം ആളുകള്‍ ഭക്ഷണവും കഴിക്കുന്നു നന്നായി. നമ്മുടെ മില്ലേനിയല്‍സും ജെന്‍സികളും വൈവിധ്യമാര്‍ന്ന ഭക്ഷണശാലകളെ വര്‍ക്ക് പ്ലേസുകളും ഡേറ്റിങ് പ്ലേസുകളുമാക്കിക്കൊണ്ടിരിക്കുകയാണ്. യൂത്തിന്റെ ഇടയില്‍ ഡിസ്‌പോസിബിൾ ഇന്‍കം (വീശാനുള്ള കാശ് എന്ന് മലയാളം) കൂടിയതോടെ ഡൈനിങ്‌ ഔട്ട്( പുറത്തുപോയി കഴിക്കല്‍- തമാശ റീലുകളില്‍ കാണുന്നതുപോലെ പുറത്തിരുന്ന കഴിക്കലല്ല) എന്നത് ഒരു സോഷ്യല്‍ ആക്ടിവിറ്റിയായി (നാട്ടുനടപ്പ് എന്ന് മലയാളം) മാറിയിരിക്കുകയാണ്.

ചില്ലിചിക്കനും മസാലദോശയും പനീര്‍ മസാലയും ബിരിയാണിയും പൊറോട്ടയും ബീഫ് ഫ്രൈയും കൂടെ ഗ്രേവി ഫീയായും വിശക്കുന്നവര്‍ക്ക് വിളമ്പി   ഇന്ത്യയിലെ റെസ്റ്റോറന്റുടമകളെല്ലാം കൂടി പ്രതിവര്‍ഷം കീശയിലാക്കുന്നത്  7.31 ലക്ഷം കോടി രൂപയാണ് എന്നാണ് കണക്ക്. അത് അഞ്ച് വര്‍ഷം കൊണ്ട് 12 ലക്ഷം കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഈ വ്യവസായം 85 ലക്ഷത്തോളം പേര്‍ക്ക് ജോലിയും നല്‍കുന്നു. അതാകട്ടെ  2028-ഓടെ ഒരു കോടിയായി വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്.  രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന മേഖലയായി ഭക്ഷണവിളമ്പല്‍ വ്യവസായം മാറിക്കൊണ്ടിരിക്കുകയാണ് എന്ന് ഗ്രേവി കൊടുക്കാത്തത് നയമായി കൊണ്ടുനടക്കുന്നവര്‍ ഓര്‍ക്കുമല്ലോ. ഈ രംഗത്ത് പുതിയ ആശയങ്ങളുമായി വരുന്ന യുവസരംഭകര്‍ പ്രത്യേകം ഓര്‍ക്കേണ്ടത് ഭക്ഷണം ഉണ്ടാക്കലും വിളമ്പലും വില്‍ക്കലും ഒരു കലയാണ് എന്നതാണ്. കസ്റ്റമറുടെ വയറ് മാത്രമല്ല, മനസും നിറയണം.