
ഒരു ഓന്‍ട്രപ്രണര്‍ഷിപ്പ് മെന്റര്‍ എന്ന നിലയില്‍ വീട്ടില്‍ നിന്നൊരു സംരംഭം എന്ന ആശയവുമായി വനിതകള്‍ക്കും വീട്ടമ്മമാര്‍ക്കും വേണ്ടിയുള്ള നിരവധി പരിശീലന പരിപാടിയില്‍ ഫാക്കല്‍റ്റിയായി ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ഏതു പരിപാടിയിലായാലും അവതരണം കഴിഞ്ഞുള്ള ടീ ബ്രേക്കില്‍ മിക്കവരും വന്ന് രഹസ്യമായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. സംഭവമൊക്കെ കൊള്ളാം. സാര്‍ പറഞ്ഞതൊക്കെ സമ്മതിക്കുന്നു. പക്ഷേ, പടിപടിയായി വളര്‍ന്ന് വലുതാകാന്‍ വര്‍ക്കിങ് കാപ്പിറ്റലൊക്കെ വേണ്ടേ. പെട്ടെന്ന് ബിസിനസ് പച്ചപിടിച്ചില്ലെങ്കില്‍ കാര്യങ്ങളെല്ലാം കയ്യില്‍നിന്ന് പോകും. ആകെ സീനാകും. അതുകൊണ്ട് എളുപ്പം വിപണി കണ്ടെത്താന്‍ എന്തെങ്കിലും മാര്‍ഗങ്ങളുണ്ടോ സര്‍?
ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവരെ എപ്പോഴും അലട്ടുന്ന പ്രശ്നമാണ് എങ്ങനെ വിപണി കണ്ടെത്തുമെന്നത്. ബാക്കിയെല്ലാം പണം മുടക്കിയാല്‍ കിട്ടും. പക്ഷേ വിപണി ഓര്‍ഗാനിക്കായി ഉണ്ടാകേണ്ടതാണ്. അതിന് കുറുക്കുവഴികളൊന്നുമില്ല. വീട്ടില്‍ നിന്നൊരു സംരംഭം തുടങ്ങുമ്പോള്‍ പെട്ടെന്ന് വിപണി പിടിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സഹായിക്കും.
മുടക്കുന്നതില്‍ കൂടുതല്‍ മൂല്യം നിങ്ങളുണ്ടാക്കുന്ന ഉത്പന്നത്തിന് ഉണ്ടാകണം എന്നതാണ് അതില്‍ ആദ്യത്തേത്. നിങ്ങള്‍ ഉണ്ടാക്കുന്ന ഉത്പന്നം എന്തുമാകട്ടെ. അച്ചാറോ അച്ചപ്പമോ കുപ്പിവെള്ളമോ ആഭരണമോ ചുരിദാറോ എന്തുമാകട്ടെ. ഒരാള്‍ അതുവിലകൊടുത്തു വാങ്ങി ഉപയോഗിച്ചാലും അയാള്‍ക്ക് മുടക്കിയ തുകയേക്കാള്‍ മൂല്യം ലഭിച്ചതായി തോന്നണം. 50 രൂപ കൊടുത്ത് ഒരു കുപ്പി അച്ചാര്‍ വാങ്ങി ഉപയോഗിക്കുന്ന ആള്‍ക്ക്, സംഗതി കൊള്ളാമല്ലോ എന്നും 50 രൂപ കൊടുത്തതു നഷ്ടമായില്ല എന്നു തോന്നണം. നിങ്ങളും ഒരു ഉപഭോക്താവുതന്നെയാണല്ലോ. ഇങ്ങനെ തോന്നുന്ന ഉത്പന്നങ്ങള്‍ മാത്രമല്ലേ നിങ്ങളും വീണ്ടും വീണ്ടും വാങ്ങി ഉപയോഗിക്കൂ. എങ്ങനെയാണ് ഇത്തരം ഉത്പന്നം ഉണ്ടാക്കാന്‍ കഴിയുക. ഉത്പന്നം ഉണ്ടാക്കുമ്പോള്‍ അത് ആരൊക്കെയാണ് വാങ്ങി ഉപയോഗിക്കുക എന്ന് നിങ്ങള്‍ക്ക് അറിവുണ്ടാകില്ല. അതുകൊണ്ട് സ്വന്തം കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് യഥാര്‍ത്ഥ ഉപഭോക്താക്കള്‍ എന്ന വിചാരത്തോടെ ഉത്പന്നം ഉണ്ടാക്കുക. അപ്പോള്‍ ഏറ്റവും മുന്തിയ ഗുണനിലവാരത്തിലേ അത് നിര്‍മിക്കാന്‍ നിങ്ങള്‍ തയ്യാറാകൂ. നിങ്ങളുടെ ബിസിനസ് സംരംഭം വിജയിക്കാന്‍ ഏറ്റവും ആദ്യം വേണ്ടത് ഇത്തരം ഉന്നത നിലവാരമുള്ള ഉത്പന്നങ്ങളാണ്.
ആദ്യ വിപണി വീട്ടുപരിസരം ആണെന്ന സത്യം തിരിച്ചറിയണം
നല്ല നിലവാരമുള്ള നിങ്ങള്‍ക്കുതന്നെ അത്മസംതൃപ്തി നല്‍കുന്ന ഉത്പന്നം ഉണ്ടാക്കിയാല്‍ അതു ആദ്യം നിങ്ങള്‍ക്ക് പരിചയമുള്ളവര്‍ക്കുതന്നെ ആദ്യം വില്‍ക്കണം. ആദ്യവിപണി നിങ്ങളുടെ ജോലിസ്ഥലവും താമസസ്ഥലവും പരിസരങ്ങളുമാണ്. ഇങ്ങനെ വിറ്റഴിക്കാനായി ബന്ധുക്കളുടെയും പരിചയക്കാരുടെയും സുഹൃത്തുക്കളുടെയും ഒരു പട്ടിക ആദ്യം തയ്യാറാക്കണം.100 മുതല്‍ 250 പേരെ വരെ ആദ്യഘട്ടത്തില്‍ ഈ പട്ടികയില്‍ പെടുത്താം. പ്രാരംഭമായി സ്വന്തം ബിസിനസിനെക്കുറിച്ച് ഫോണില്‍ അല്‍പ്പനേരം സംസാരിക്കാം. ഉപയോഗിച്ചുനോക്കിയശേഷം തൃപ്തി തോന്നുന്നുവെങ്കില്‍ മാത്രം പണം നല്‍കിയാല്‍ മതി എന്ന് ആദ്യമേ പറയണം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്ത് ഇങ്ങനെ സമീപിക്കാന്‍ സങ്കോചമുണ്ടെങ്കില്‍ മറ്റൊരു വഴി പറയാം. ഉത്പന്നത്തെക്കുറിച്ചുള്ള ഒരു ചോദ്യാവലി കൂടി തയ്യാറാക്കുക. വിപണിയിലിറക്കുംമുമ്പ് ഉത്പന്നത്തെക്കുറിച്ചുള്ള ഗുണവും ദോഷവും അറിയാനാണ് ഈ സാംപ്ലിങ് എന്നു പറയുക. സര്‍വേയുടെ ഭാഗമായതുകൊണ്ട് ഡിസ്‌കൗണ്ട് വിലയ്ക്കാണ് നല്‍കുന്നതെന്നും പറയാം. (വിലയ്ക്കാണ് വില്‍ക്കുന്നത്, ഫ്രീയായിട്ടല്ല എന്നു വ്യംഗ്യേന സൂചിപ്പിക്കാനാണ് ഇങ്ങനെ പറയുന്നത്) ചോദ്യാവലി പൂരിപ്പിച്ചുവാങ്ങുന്നതിനൊപ്പം പണവും ചോദിച്ചുവാങ്ങണം.
നിങ്ങളുടെ ഉത്പന്നത്തെക്കുറിച്ച് പരാതി പറയുന്നവരെ ബഹുമാനിക്കുവാന്‍ പഠിക്കണം
ഉത്പന്നത്തിന്റെ തെറ്റുകുറ്റങ്ങള്‍ പറയുന്നവരില്‍ നിന്ന് ഒരിക്കലും പണം വാങ്ങരുത്. എത്ര നിര്‍ബന്ധിച്ചാലും വാങ്ങരുത്. അവര്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിച്ച് പുതിയ ഉത്പന്നവുമായി വീണ്ടും വരാം. അപ്പോള്‍ രണ്ടിന്റെയും കൂടി പണം തന്നാല്‍ മതി എന്നേ പറയാവൂ. നിങ്ങളുടെ ഉത്പന്നത്തില്‍ സംതൃപ്തരാകാത്തവരുടെ അടുത്ത് വീണ്ടും ചെല്ലാന്‍ ഇതേ അവസരമുള്ളൂ. മുഖസ്തുതി പറയുന്നവരേക്കാള്‍ സ്നേഹിക്കേണ്ടത് പരാതി പറയുന്നവരെയാണ്. അവരുടെ പരാതി പരിഹരിച്ചാല്‍ അവര്‍ നിങ്ങളുടെ ആരാധകരായി മാറും.
വില്‍പ്പനക്കാരാകാന്‍ മടി വിചാരിക്കരുത്
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്ത് ഇങ്ങനെ സമീപിക്കാനും സംസാരിക്കാനും സങ്കോചമുള്ള ആളാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള ബിസിനസ് പറ്റിയതല്ല എന്നു മനസിലാക്കുക. ഏതു ബിസിനസിന്റെയും വിജയത്തിന്റെ പ്രധാന ഘടകം സെല്ലിങ് സ്‌കില്‍ അഥവാ വിറ്റഴിക്കാനുള്ള മികവ് ആണ്. ഈ കഴിവ് ഉടമയ്ക്ക് എത്ര കൂടുതലുണ്ടാകുന്നുവോ അത്ര കൂടുതല്‍ സാധ്യതയുണ്ട് അതു വിജയിക്കാന്‍. ഇത്തരത്തിലുള്ള മികവില്ല എങ്കില്‍ അതു നേടിയെടുക്കുക. അതു നേടിയശേഷം മാത്രം മതി ബിസിനസിലേക്കിറങ്ങുക. ഇത്തരം കഴിവുള്ളവരെ ശമ്പളത്തിനു നിര്‍ത്തിയാല്‍ പോരെ എന്നാകും നിങ്ങളില്‍ പലരും ഇപ്പോള്‍ ചിന്തിക്കുക. അത്തരം ശമ്പളക്കാരെ നയിക്കേണ്ടത് നിങ്ങള്‍ തന്നെയാണല്ലോ. നിങ്ങള്‍ക്ക് ഇത്തരം കഴിവില്ല എങ്കില്‍ എങ്ങനെ അവരെ മുന്നോട്ടു നയിക്കും?
നൂറ് ആയിരവും ആയിരം അയ്യായിരവുമാക്കുക
പരിചയമുള്ള 250 പേര്‍ക്ക് നിങ്ങള്‍ ഉത്പന്നം നല്‍കി എന്നു കരുതുക. നിങ്ങളുടെ ഉത്പന്നം എത്ര നല്ലതാണെങ്കിലും 250 പേരും സംതൃപ്തി പ്രകടിപ്പിക്കണം എന്നില്ല. 150 പേര്‍ ഉത്പന്നം നല്ലതാണെന്ന് പറഞ്ഞു എന്നു വിചാരിക്കുക. ഇവരോരുത്തരോടും ഈ ഉത്പന്നം വാങ്ങാന്‍ സാധ്യതയുള്ള അവരുടെ പരിചയക്കാരും തദ്ദേശവാസികളുമായ 10 പേരുടെ വീതം പേര്‍ വാങ്ങുക. അതില്‍ 100 പേര്‍ 10 പേരൂടെ വീതം വിവരങ്ങള്‍ നല്‍കിയാല്‍ തന്നെ 1000 പേരെക്കൂടി പുതുതായി കിട്ടും. പഴയതുപോലെ ഇവര്‍ക്കും നിങ്ങളുടെ ഉത്പന്നം കിട്ടും. ഇക്കൂട്ടത്തില്‍ നിങ്ങളുടെ ഉത്പന്നം 750 പേര്‍ ഇഷ്ടപ്പെട്ടു എന്നു കരുതുക. ഇവരോടും 10 പേരുടെ വീതം വിവരങ്ങള്‍ നല്‍കാന്‍ പറയുക. ഇതില്‍ 500 പേരെങ്കിലും 10 പേരുടെ വിവരങ്ങള്‍ നല്‍കിയാല്‍ 5000 പേരുടെ പട്ടിക കിട്ടും. ഇവര്‍ക്കും നല്‍കുക ഉത്പന്നങ്ങള്‍. നിങ്ങള്‍ക്ക് നിങ്ങളുടെ ഉത്പന്നം കൂടുതല്‍ വിപുലമായ രീതിയില്‍ വിപണനം ചെയ്യാനുള്ള ആത്മവിശ്വാസം ഈ 5000 പേരില്‍ നിന്നു തീര്‍ച്ചയായും കിട്ടും. അതില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളുക. ബിസിനസുമായി മുന്നോട്ടുപോകാനുള്ള ഊര്‍ജം തന്നെയാണോ നിങ്ങള്‍ക്ക് കിട്ടുക. എങ്കില്‍ വിപണനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാം.
Content Highlights: Learn proven strategies to build organic market reach and grow your sales
Published: 17 Jan 2025, 05:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented