
പ്രതീകാത്മക ചിത്രം
സ്വര്‍ണം മലയാളികളില്‍ ഓരോരുത്തര്‍ക്കും ഓരോന്നാണ്. ചിലര്‍ക്കത് തങ്കം, ചിലര്‍ക്കത് പൊന്ന്. ചിലര്‍ക്കത് സ്റ്റാറ്റസ് സിംബല്‍, മറ്റുചിലര്‍ക്കത് ഫാഷന്‍ സ്റ്റേറ്റ്‌മെന്റ്, വേറെ ചിലര്‍ക്കത് ഫാമിലി ട്രഡിഷന്‍. എന്നാല്‍ ഇടത്തരക്കാര്‍ക്ക്, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ (ഞാനെഴുതിയത് സ്വര്‍ണം എന്നല്ല, സ്വര്‍ണാഭരണങ്ങള്‍ എന്നു തന്നെയാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ) പാവനമായ ഒരു നിക്ഷേപം കൂടിയാണ്. അത് ലോക്കറിലിരുന്ന് പ്രകാശം പരത്തുമെന്നും വൈന്‍ പോലെ പഴകുംതോറും മൂല്യം കൂടുമെന്നും വിശ്വസിക്കുന്നു.
എന്നാല്‍ ഇതിനൊരു ട്വിസ്റ്റ് ഉണ്ട്. വിപണിയില്‍ സ്വര്‍ണവില കൂടുന്നില്ലെങ്കില്‍ വൈന്‍ പോലെ പഴകുംതോറും സ്വര്‍ണത്തിന്റെ മൂല്യം കൂടില്ല. അതില്‍ നിന്നുള്ള റിട്ടേണ്‍ കൂടില്ല. ഭൂമിവില കൂടിയില്ലെങ്കിലും അതിലുള്ള ഫലവൃക്ഷങ്ങളില്‍ നിന്നുള്ള ആദായം വര്‍ഷാവര്‍ഷം കിട്ടിക്കൊണ്ടിരിക്കും. ഓഹരിവില കൂടിയില്ലെങ്കിലും കമ്പനി ലാഭമുണ്ടാക്കിയാല്‍ അതിന്റെ ഒരു വിഹിതം വര്‍ഷാവര്‍ഷം കിട്ടിക്കൊണ്ടിരിക്കും. ബാങ്ക് പലിശ കൂടിയില്ലെങ്കിലും പറഞ്ഞ പലിശ വര്‍ഷാവര്‍ഷം കിട്ടിക്കൊണ്ടിരിക്കും. എന്നാല്‍, സ്വര്‍ണാഭരണങ്ങള്‍ക്ക് സ്വര്‍ണവില കൂടുന്നില്ലെങ്കില്‍ വിറ്റാല്‍ മുടക്കിയതിന്റെ 60 ശതമാനം വരെയേ തിരികെ കിട്ടൂ. പക്ഷേ, സ്വര്‍ണവില ഇപ്പോഴത്തേത് പോലെ വര്‍ധിച്ചാല്‍ കഥ മാറി. വില കൂടിയില്ലെങ്കില്‍ അലമാരയിലിരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ നിങ്ങളെ നോക്കി പറയും. സോറി എന്നെ ഒരു ബാധ്യതയായി കാണരുത്.
കാരണം ആഭരണം വാങ്ങാന്‍ ജൂവലറിയില്‍ ചെല്ലുമ്പോള്‍ എത്ര വിചിത്രമായാണ് കാര്യങ്ങളെല്ലാം കീഴ്‌മേല്‍ മറിയുന്നത്. നമ്മള്‍ നമ്മളല്ലാതായി മാറുന്നത്. നമ്മുടെ ബുദ്ധിയും തലച്ചോറും താല്‍ക്കാലികമായി പ്രവര്‍ത്തനരഹിതമാകും. ഷോറൂമിലാകെ പരന്ന പ്രകാശത്താലും സെയില്‍സ്മാന്റെ സ്‌നേഹോഷ്മളമായ ചിരിയാലും കുടിക്കാന്‍ തന്ന നാരങ്ങാവെള്ളത്താലും നമ്മള്‍ വിനീത വിധേയരായ കസ്റ്റമേഴ്‌സായി മാറിയിട്ടുണ്ടാകും.
വണ്ടി ഒരല്‍പ്പം ചേര്‍ത്ത് പാര്‍ക്ക് ചെയ്യാന്‍ പറഞ്ഞതിന് സെക്യൂരിറ്റിക്കാരനോട് തട്ടിക്കയറിയ ആളേ ആയിരിക്കില്ല അപ്പോള്‍ നമ്മള്‍. നമ്മുടെ കണ്ണില്‍ സ്വര്‍ണവും മനസില്‍ സ്വര്‍ണവിലയും മാത്രം. നടത്തുന്നത് ഒരു നിക്ഷേപമാണ്. ഭാവിയില്‍ കുഞ്ഞുങ്ങള്‍ക്കത് ഉപകാരപ്പെടും. സംഭവമൊക്കെ ശരിയാണ്. പക്ഷേ, നമ്മള്‍ ആഭരണം വാങ്ങുമ്പോള്‍ ജ്വല്ലറിയില്‍ കൊടുക്കുന്നത് സ്വര്‍ണവില മാത്രമല്ല. പണിക്കൂലി, ഹാള്‍ മാര്‍ക്ക് ചാര്‍ജ്, നികുതി. മേക്കിങ് ചാര്‍ജ്: 10% മുതല്‍ 30% വരെ, ജിഎസ്ടി: 3%, ഹാള്‍മാര്‍ക്ക് ഫീസ്: ഒരു ശതമാനം മൊത്തത്തില്‍: 34% അധികം. അതിനര്‍ത്ഥം, ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങണമെന്ന് വിചാരിച്ചാല്‍,1,00,000 എന്ന സ്വര്‍ണവില + 34,000 രൂപ എന്ന 'സര്‍പ്രൈസ് പാക്കേജ്' 1,34,000 രൂപ.
അതായത് ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണത്തിന് 1,34,000 രൂപ നല്‍കണം. സ്വര്‍ണം കഴുത്തിലണിയണമെങ്കില്‍ 34 ശതമാനം എക്‌സ്ട്രാ. യഥാര്‍ഥ കഥ ഇനിയാണ്. കാര്യങ്ങളെ ഏതാനും മാസത്തേക്ക് ഒന്ന് ഫാസ്റ്റ് ഫോര്‍വേഡ് ചെയ്താലോ. പെട്ടെന്ന് പണത്തിന് അത്യാവശ്യം വന്നു. ഈ മാല വിറ്റ് കാശാക്കണം.
അന്ന് നാരങ്ങാവെള്ളവും കുടിച്ച് സസന്തോഷം ഇറങ്ങിപ്പോന്ന അതേ ജ്വല്ലറിയിലേക്കാകുമല്ലോ നമ്മള്‍ വില്‍ക്കാനായി ചെല്ലുക. പക്ഷേ, ഇത്തവണത്തെ ചിരി ജ്വല്ലറിക്കാരുടേതായിരിക്കും.
നിങ്ങളുടെ സ്വര്‍ണം അവര്‍ വാങ്ങിത്തൂക്കി നോക്കും. അന്നത്തെ സ്വര്‍ണവില കണക്കാക്കും. വാങ്ങിയപ്പോള്‍ ഈടാക്കിയ പണിക്കൂലി ആവിയായിപ്പോകും. അത് നിങ്ങള്‍ക്ക് തിരികെ കിട്ടില്ല. വാങ്ങിയപ്പോള്‍ നല്‍കിയ നികുതിയും പോയി. ഹോള്‍ മാര്‍ക്കിംഗ് ചാര്‍ജും തിരികെ കിട്ടില്ല. എന്നുമാത്രമല്ല അധികമായി ചില ഇനത്തില്‍ കുറവ് കൂടി വരുത്തും.
അതിലൊന്നാണ് പണിക്കുറവ്. എന്ന് വെച്ചാല്‍ വേസ്റ്റേജ്. ആഭരണത്തില്‍ കാണുന്ന മുത്തും കളറും അതിന്റെ തൂക്കവും ഒക്കെ ഇതില്‍ പെടുത്തിക്കളയും. ഇതെല്ലാം കൂടി 10 ശതമാനം വരെ ഈടാക്കുന്ന ജ്വല്ലറികളുണ്ട്. നമ്മളെല്ലാം തലകുലുക്കി സമ്മതിക്കും. കാരണം പണത്തിന് അത്യാവശ്യമുണ്ടേ.
എല്ലാം നമ്മള്‍ സമ്മതിച്ചാല്‍ പിന്നെ അവര്‍ നമ്മുടെ ആഭരണം ഉരുക്കി കട്ടയാക്കും. എന്നിട്ട് തൂക്കിനോക്കും. ആഭരണത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വിയര്‍പ്പും അഴുക്കും കളയാനാണത്രേ. കാരണം അതുകൂടി തൂക്കത്തില്‍ വരാന്‍ പാടില്ലല്ലോ. ഇങ്ങനെ ഉരുക്കി തൂക്കുമ്പോള്‍ കിട്ടുന്ന സ്വര്‍ണത്തിന്റെ തൂക്കത്തിനാണ് വില തരിക. വില പണമായി കിട്ടണമെങ്കില്‍ 2-3 ശതമാനമായി ട്രാന്‍സാക്ഷന്‍ ചാര്‍ജ് കൂടി കൊടുക്കണം. എല്ലാം കൂടി സ്വര്‍ണവിലയുടെ 13 ശതമാനം തുകകൂടി കുറയ്ക്കും.
അതായത് ഒരു പവന്‍ സ്വര്‍ണം 1.34,000 രൂപ കൊടുത്ത് വാങ്ങി രണ്ട് മാസം കഴിഞ്ഞ് വിറ്റാല്‍ ഇക്കാലയളവില്‍ സ്വര്‍ണവിലയില്‍ മാറ്റമൊന്നും ഉണ്ടായില്ലെങ്കില്‍ കയ്യില്‍ കിട്ടുക 87,000 രൂപ. നഷ്ടം 47,000 രൂപ. പണിക്കൂലി കുറഞ്ഞ ആഭരണമാണ് വാങ്ങിയതെങ്കില്‍ നഷ്ടത്തിലും കുറവുണ്ടാകും. നഷ്ടത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ ഇവിടെ 30 ശതമാനം പണിക്കൂലി എന്നാണ് കണക്കാക്കിയിരിക്കുന്നത്.
രണ്ട് മാസം കൊണ്ട് ജ്വല്ലറിക്ക് നിങ്ങളുടെ വക സംഭാവന 47000 രൂപ. എന്നാ സ്മാര്‍ട്ട് ഇന്‍വെസ്റ്റ്‌മെന്റ് അല്ലേ. പക്ഷേ സാറേ, ഇത് പൊന്നാ. അതിന്റെ വില കൂടിക്കൊണ്ടേയിരിക്കും. ശരിയാണ്. സമ്മതിച്ചു. പക്ഷേ പിള്ളേച്ചാ ആഭരണം എന്ന് പറയുന്നത് സ്വര്‍ണമല്ല. സ്വര്‍ണം കൊണ്ട് ഉണ്ടാക്കിയ മറ്റൊരു വസ്തു ആണ്. അതില്‍ സ്വര്‍ണവും ഉണ്ട്, ചെമ്പും ഉണ്ട്, പണിക്കൂലിയും ഉണ്ട്, ജ്വല്ലറിയിലെ വെളിച്ചവും ഉണ്ട്, സെയില്‍സ്മാന്റെ കമ്മീഷനും ഉണ്ട്. അവിടുത്തെ പൊടിയും ഉണ്ട്. നികുതിയും ഉണ്ട്.
പക്ഷേ എന്നിട്ടും നമ്മളീ മായിക വലയത്തിലകപ്പെടുന്നത് എന്തുകൊണ്ടാണ്. കാരണം സ്വര്‍ണാഭരണം എന്നത് വളരെ എമോഷണലായ ഏര്‍പ്പാടാണ്. അത് നമ്മെ വിവാഹം, ഉത്സവം, അമ്മ, അമ്മൂമ്മ, പ്രണയിനി തുടങ്ങിയവയെയൊക്കെ ഓര്‍മിപ്പിക്കും. അതല്ലേലും അങ്ങനെയാണല്ലോ. വികാരങ്ങള്‍ക്ക് ഭയങ്കര വിലയാണല്ലോ. പക്ഷേ വികാരങ്ങളൊന്നും ഇന്‍വെസ്റ്റ്‌മെന്റേയല്ല.
പക്ഷേ സ്വര്‍ണാഭരണങ്ങള്‍ അണിയാന്‍ വേണ്ടിയാണ് നിങ്ങള്‍ വാങ്ങുന്നതെങ്കില്‍ ആര്‍ക്കും നിങ്ങളെ കുറ്റം പറയാന്‍ പറ്റില്ല. സുന്ദരന്മാരും സുന്ദരികളുമാകാനുള്ള നിങ്ങളുടെ ആഗ്രഹത്തിന് തടസം നിൽക്കാന്‍ ആരാണ് ആഗ്രഹിക്കുന്നത്. ഞാനൊട്ടും ആഗ്രഹിക്കുന്നേയില്ല.
പക്ഷേ നിങ്ങള്‍ ആഭരണം വാങ്ങി ലോക്കറില്‍ വെച്ചിട്ട് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ലാഭം ഉണ്ടാകും എന്ന് കരുതിയാല്‍ കഥ മാറും. മുകളില്‍ സൂചിപ്പിച്ച ഉദാഹരണത്തില്‍ സ്വര്‍ണാഭരണം വാങ്ങാന്‍ മുടക്കിയ തുകയെങ്കിലും തിരികെ കിട്ടാന്‍ അതിന്റെ വിലയില്‍ 47 ശതമാനം എങ്കിലും വര്‍ധന ഉണ്ടാകണം എന്ന് കണ്ടില്ലേ.
കേരളത്തിലെ ലക്ഷക്കണക്കിന് മല്ലു ഫാമിലീസിന്റെ കയ്യില്‍ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് ബാങ്ക് ലോക്കറിലും അടുക്കളയിലെ അരിക്കലത്തിലും സമാധാനപരമായി ഒളിച്ച് കഴിയുന്നത്. വല്ല കല്യാണത്തിനോ, ക്ഷേത്രദര്‍ശനത്തിനോ പോകുമ്പോള്‍ മാത്രമാണ് അത് ലോക്കറില്‍ നിന്ന് തിരികെ ശരീരത്തില്‍ പ്രവേശിക്കുന്നത്. ഇതിനിടയില്‍ പണത്തിന് ആവശ്യം വരുമ്പോഴൊക്കെ കുടംബം വായ്പയെടുത്ത് ഇഎംഐ അടച്ച് പണ്ടാരമടങ്ങിയിട്ടുണ്ടാകും. ആഭരണങ്ങളപ്പോഴും ആരെടുയെങ്കിലും ദേഹത്ത് പ്രവേശിക്കാന്‍ കൊതിച്ച് ലോക്കറിലെ ഇരുട്ടില്‍ കഴിയുകയായിരിക്കും.
അപ്പോപ്പിന്നെ എന്താണ് ചെയ്യുക സഹോ.… ധരിക്കാനുദ്ദേശമുണ്ടെങ്കില്‍ മാത്രം സ്വര്‍ണാഭരണം വാങ്ങുക.
ആഭരണം വാങ്ങാനുള്ള തീരുമാനം നിക്ഷേപ തീരുമാനത്തിന്റെ ഭാഗമാക്കേണ്ട. നിങ്ങള്‍ക്ക് കൂടുതല്‍ ഫാഷണബിളാകാനുള്ള തീരുമാനത്തിന്റെ ഭാഗമാക്കിയാല്‍ മതി.
സ്വര്‍ണാഭരണം എപ്പോഴുമൊരു ലക്ഷ്വറിയാണ്. അതൊരിക്കലും ഒരു സെക്യൂരിറ്റിയല്ല. പക്ഷേ മറിച്ചാണ് നമ്മുടെ വിശ്വാസം. കുറച്ചു സ്വര്‍ണാഭരണം വീട്ടിലുള്ളത് നമുക്ക് ആത്മവിശ്വാസം നല്‍കും. എന്തെങ്കിലും ഒരാവശ്യം വന്നാല്‍ സ്വര്‍ണമുണ്ടല്ലോ. അതെടുത്ത് വില്‍ക്കുകയോ പണയം വെയ്ക്കുകയോ ചെയ്യാം. പെട്ടെന്ന് പണമാക്കാം. അതൊക്കെ ശരിയാണ്. ആ അര്‍ത്ഥത്തില്‍ സ്വര്‍ണാഭരണം വാങ്ങി സൂക്ഷിക്കുന്നതില്‍ തെറ്റില്ല. പക്ഷേ അത് അമിതമാകരുത് എന്നുമാത്രം. ഇത്രയും പറഞ്ഞത് വാങ്ങിയ ബില്ലോടുകൂടി വില്‍ക്കുമ്പോഴാണ്. ഇനി ബില്ലൊന്നും ഇല്ലാത്ത സ്വര്‍ണാഭരണങ്ങളാണ് എങ്കില്‍ സ്ഥിതി കുറേക്കൂടി നിന്ദ്യവും നീചവും പൈശാചികവുമായിരിക്കും.
Published: 29 Nov 2025, 03:08 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented