എ.ടി ഉമ്മർ വിടവാങ്ങി കാൽ നൂറ്റാണ്ട് തികയുന്നു ഈ വരുന്ന ഒക്ടോബർ 18 ന്.

മുൻപെങ്ങോ പറഞ്ഞു നിർത്തിയേടത്തു നിന്ന് വീണ്ടും തുടങ്ങിയ പോലെ. ആ തുടക്കമായിരുന്നു ഗംഭീരം. "പിന്നെയും ഇണക്കുയിൽ പിണങ്ങിയല്ലോ, ഇന്നെന്താണിന്നെന്താണുറക്കമില്ലേ?"
ഈണം കൊണ്ടൊന്ന് മൃദുവായി തഴുകി പാട്ടിന്റെ തുടക്കത്തെ പ്രണയഭരിതമാക്കി എ.ടി. ഉമ്മർ. പാടിയ ജയചന്ദ്രനാകട്ടെ അതിലിത്തിരി പരിഭവംകൂടി നിറച്ചു; പ്രണയപരിഭവം. മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട യുഗ്മഗാനങ്ങളിലൊന്നായി 'ആൽമര'ത്തിലെ ആ ജയചന്ദ്രൻ - ജാനകി ഗാനത്തെ നിലനിർത്തുന്നത് ഈ മാജിക്കുകളെല്ലാം ചേർന്നല്ലേ?
പിണങ്ങിയല്ലോ എന്ന ഒറ്റ വാക്കിന് ജയചന്ദ്രൻ ആത്മാവിന്റെ അടിത്തട്ടിൽനിന്ന് പകർന്നു നൽകുന്ന ഭാവം ആസ്വദിക്കാൻ വേണ്ടി മാത്രം എത്രയോ തവണ ആവർത്തിച്ച് കേട്ടിരിക്കുന്നു ആ ഗാനം; ഇന്നും കേട്ടുകൊണ്ടിരിക്കുന്നു. ജാനകിയുടെ യൗവനദീപ്തമായ നാദം കൂടി ചേരുമ്പോൾ അതൊരു പ്രണയശിൽപ്പമായി മാറുന്നു. പ്രഥമരാത്രിയുടെ അനുഭൂതിയെ കുറിച്ച് മലയാളത്തിൽ കേട്ട ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്.
ചെന്നൈ ജെമിനി പാർസൺ കോംപ്ലെക്സിലെ എ ടി ഉമ്മറിന്റെ ഫ്ളാറ്റിലിരുന്ന് ആ ഗാനം ജയചന്ദ്രൻ പാടിക്കേട്ടതോർമ്മയുണ്ട്. വരികളിൽ അലിഞ്ഞുതന്നെ പാടി ജയേട്ടൻ. എന്നിട്ടും തൃപ്തി വരാതെ പറഞ്ഞു: "ഈ പാട്ട് അന്ന് പാടിയ പോലെ പാടാൻ പറ്റില്ല ഉമ്മുക്കാ. അന്നത്തെ ഞാൻ ഇല്ലല്ലോ ഇപ്പോൾ. ആ കാലം, ആ പ്രായം, ആ സങ്കല്പങ്ങൾ.... അതൊക്കെ ചേർന്നപ്പോഴാണ് ആ പാട്ടുണ്ടായത്."
ചിരിച്ചുകൊണ്ട് ഉമ്മുക്കയുടെ മറുപടി: "എന്നാലും ജയന്റെ ശബ്ദത്തിലെ റൊമാൻസ് ഇപ്പോഴും പഴയപോലെ തന്നെ." ആൽമരത്തിലെ (1969) പാട്ട് പിറന്നുവീണ് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരുന്നു അപ്പോഴേക്കും.
Also Read: ഉവ്വ്, പന്തും പാടാറുണ്ട്...പാട്ടിനൊപ്പം പന്തുകളിയേയും സ്നേഹിച്ചൂ ആ സംഗീതസംവിധായകരും ഗായകരും!
ഇറുകിയ പാന്റ്സും സ്ളാക്ക് ഷർട്ടുമിട്ട് റെക്കോർഡിങ്ങിനായി സ്റ്റുഡിയോയിൽ വന്ന പൊടിമീശക്കാരന്റെ ചിത്രം ഉമ്മർ ഓർത്തെടുത്തു അന്ന്. എസ്. ജാനകിയാണ് കൂടെ പാടുന്നത് എന്നറിഞ്ഞപ്പോൾ ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നോ എന്ന് സംശയം. മുൻപ് അധികം പാട്ടുകളൊന്നും പാടിയിട്ടില്ലല്ലോ ഇരുവരും ചേർന്ന്. എന്നാൽ റെക്കോർഡിംഗ് തുടങ്ങിയതോടെ ടെൻഷൻ അതിന്റെ പാട്ടിന് പോയി. നല്ല സ്പിരിറ്റിലുള്ള ഒരു മത്സരം ഉണ്ടായിരുന്നു ഇരു ഗായകർക്കുമിടയിൽ എന്ന് ഉമ്മർ.
കഥയൊന്ന് ചൊല്ലുവാൻ ബാക്കിയില്ലേ എന്ന് പാടിത്തുടങ്ങുന്ന നവവരനെ തെല്ലൊരു ഭയപ്പാടോടെ "ശ്ശ്, മെല്ലെ, ഇനി മെല്ലെ" എന്നു പറഞ്ഞ് തടഞ്ഞുകൊണ്ടാണ് ജാനകിയുടെ രംഗപ്രവേശം. "ഈ കളിയും ചിരിയും കളിത്തോഴിമാർ കേൾക്കില്ലേ" എന്നും "നാളെയവർ കൈകൊട്ടി കളിയാക്കില്ലേ?" എന്നുമൊക്കെ സംശയം പ്രകടിപ്പിക്കുന്ന വധുവിനോട് ജയചന്ദ്രന്റെ ആശ്വാസ വാക്കുകൾ പിന്നാലെ : "ഇത് പതിവല്ലേ, മധുവിധുവല്ലേ, ഈ മണിയറയിൽ തള്ളിയതവരെല്ലാമല്ലേ.."
ഭാസ്കരൻ മാസ്റ്ററുടെ രചനയുടെ സുതാര്യ സൗന്ദര്യം വെളിപ്പെടുത്തുന്നു അടുത്ത വരികൾ:
"വിരുന്നുകാരൊക്കെയൊന്ന് പിരിഞ്ഞോട്ടെ
വീട്ടിലെ വിളക്കുകൾ അണഞ്ഞോട്ടെ
കഥകൾ പറഞ്ഞോളൂ കവിതകൾ പാടിക്കോളൂ
മധുവിധു ഇന്നല്ലേ തുടങ്ങിയുള്ളൂ..."
തീർന്നില്ല. പാട്ടിന്റെ "ക്ലൈമാക്സ്" ജയചന്ദ്രന്റെ ശബ്ദത്തിലാണ്. പ്രണയവികാരത്തിന് അൽപ്പം തീവ്രത കൂടും ഇത്തവണ ഭാസ്കരൻ മാഷിന്റെ വരികളിൽ:
"ആയിരം രജനികൾ വന്നാലും
ആദ്യത്തെ രാത്രിയിതൊന്നു മാത്രം,
മാനസമുരളി തൻ സ്വരരാഗ സംഗീതം
ഞാനിന്നടക്കിയാൽ അടങ്ങുകില്ല..."
ഇതേ ഗാനത്തിന് വ്യസനഭാവം കലർന്ന ഒരു വേർഷൻ കൂടിയുണ്ട് സിനിമയിൽ. വരികൾ വ്യത്യസ്തം. "എല്ലാം വ്യർത്ഥം ആ കളിയും ചിരിയും മലർക്കിനാവും വ്യാമോഹം" എന്ന് തുടങ്ങുന്ന ആ പാട്ടും പാടിയത് ജയചന്ദ്രൻ തന്നെ. യുഗ്മഗാനത്തിന് ഒട്ടും പിന്നിലല്ല ആസ്വാദ്യതയിൽ വിഷാദ ഗാനവും; അധികം പ്രചാരം നേടിയില്ലെങ്കിലും.
യേശുദാസ് ആയിരുന്നു എന്നും എ.ടി. ഉമ്മറിന്റെ പ്രിയഗായകൻ. ഉമ്മുക്കയുടെ ഏറ്റവും മികച്ച ഈണങ്ങളിൽ അധികവും സ്വാഭാവികമായും ചെന്നുചേർന്നത് യേശുദാസിലാണ്. താരതമ്യേന എണ്ണത്തിൽ കുറവായിരുന്നു ഉമ്മർ -- ജയചന്ദ്രൻ ടീമിന്റെ പാട്ടുകൾ. എങ്കിലെന്ത്? ആ പാട്ടുകളിൽ പലതും ഉദാത്തമായ പ്രണയാനുനുഭൂതി പകർന്നുകൊണ്ട് ഇന്നുമുണ്ട് ഒപ്പം : ഇന്ദ്രനീലാംബരം (പാൽക്കടൽ), കിഴക്ക് പൊന്മലയിൽ (പ്രീതി), നീലമേഘങ്ങൾ നീന്താനിറങ്ങിയ (തെക്കൻ കാറ്റ്), മന്ദഹാസ മധുരദളം (അനുഭൂതികളുടെ നിമിഷം), അധരം കൊണ്ട് നീ (അപരാജിത), മാനത്തുനിന്നും വഴിതെറ്റി വന്നൊരു (അഗ്നിവ്യൂഹം), സുറുമ വരച്ചൊരു കണ്ണ് (കാട്ടുകള്ളൻ), മണിത്തൂവൽ ചിറകുള്ള (സൈമൺ പീറ്റർ നിനക്ക് വേണ്ടി), ഒരു നോക്ക് ദേവീ കണ്ടോട്ടെ (മധുരം തിരുമധുരം)....
ഉമ്മുക്കയും ഭാസ്കരൻ മാഷും ജയചന്ദ്രനും ജാനകിയുമെല്ലാം ഇന്ന് ഓർമ്മ. മാനസമുരളിയിലെ ആ സ്വരരാഗ സംഗീതത്തിന് മാത്രം മരണമില്ല. എ.ടി ഉമ്മർ വിടവാങ്ങി കാൽ നൂറ്റാണ്ട് തികയുന്നു ഈ വരുന്ന ഒക്ടോബർ 18 ന്. ആദരാഞ്ജലികൾ.
Content Highlights: On music director A.T. Umar's 25th death anniversary, a nostalgic journey into the making and immortal charm of the legendary 1969 duet "Pinneyum Inakkuyil Pinangiyallo" from the movie Aalmaram, rendered by P. Jayachandran and S. Janaki with lyrics by P. Bhaskaran.
Published: 17 Oct 2026, 11:41 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented