
"കവിത പോലൊരു പാട്ട്. അധികം അലങ്കാരങ്ങൾ വേണ്ട. തികച്ചും ലളിതമാവണം ഈണം. വരികളുടെ ആശയം എളുപ്പം കേൾവിക്കാരുടെ മനസ്സിൽ പതിയണം.' -- അത്രയേ പറഞ്ഞുള്ളൂ സംവിധായകൻ. ഹാർമോണിയവുമായി സ്വന്തം ലോകത്തേക്ക് ഉൾവലിയുന്നു സംഗീത സംവിധായകൻ. ഏകാന്തമായ ആ ധ്യാനത്തിനൊടുവിൽ തിരിച്ചെത്തുമ്പോൾ മനോഹരമായ ഒരു ഈണമുണ്ടായിരുന്നു അദ്ദേഹത്തിന്റെ ചുണ്ടിൽ. ഇളനീർമധുരമുള്ള ഈണം:
"എന്റെ മൺവീണയിൽ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു
പാടാൻ മറന്നൊരു പാട്ടിലെ തേൻകണം
പാറിപ്പറന്നു വന്നു..."
ജോൺസൺ ആ പാട്ട് പാടിക്കേൾപ്പിച്ച നിമിഷങ്ങൾ ഇന്നലെയെന്നപോലെ ഓർക്കുന്നു "നേരം പുലരുമ്പോൾ" എന്ന ചിത്രത്തിന്റെ സംവിധായകൻ കെ.പി.കുമാരൻ. "വല്ലാത്തൊരു ഫീൽ ഉണ്ടായിരുന്നു ജോൺസന്റെ ആലാപനത്തിൽ. ഹൃദയത്തിൽ നിന്ന് ഒഴുകിയിറങ്ങി വരുന്ന പോലെ. ഇന്നുമുണ്ട് ആ ശബ്ദം എന്റെ കാതിൽ.."
ഗാനസന്ദർഭം വിവരിക്കുമ്പോൾ ഒരു കാര്യം പ്രത്യേകം സൂചിപ്പിച്ചിരുന്നു കുമാരൻ. പതിവ് ചലച്ചിത്ര ഗാനങ്ങളുടെ രൂപഭാവങ്ങളല്ല ഇതിന് വേണ്ടത്. ട്യൂണിൽ അധികം വേരിയേഷനുകൾ വേണ്ട. സൗമ്യമായി ഒഴുകുന്ന പുഴ പോലെയാവണം അതിന്റെ സഞ്ചാരം. "ഗുരുദത്തിന്റെ ചിത്രങ്ങളിലെ കവിതകളുടെ ആവിഷ്കാരമായിരുന്നു അപ്പോൾ മനസ്സിൽ. വരികൾക്ക് പ്രാധാന്യമുള്ള ട്രീറ്റ്‌മെന്റ് ആണ് അദ്ദേഹത്തിന്റേത്. ജോൺസണ് ആ ആശയം എളുപ്പം ഉൾക്കൊള്ളാനായി."
ഒഎൻവി ആ കവിത ഏഴുതിക്കൊടുത്തപ്പോൾ അനുയോജ്യമായ ഈണത്തിനു വേണ്ടി അധികം തലപുകക്കേണ്ടി വന്നില്ല എന്ന് പറഞ്ഞിട്ടുണ്ട് ജോൺസൺ മാസ്റ്റർ. "ആദ്യ വായന തന്നെ നിങ്ങൾ ഇപ്പോൾ കേൾക്കുന്ന ഈണത്തിലായിരുന്നു, ചില പാട്ടുകൾ അങ്ങനെയാണ്. പ്രത്യേകിച്ച് ഒ എൻ വി സാറിന്റെ കാവ്യഭംഗിയുള്ള പാട്ടുകൾ. അവയിൽ അന്തർലീനമായ ഒരു വൃത്തമുണ്ട്, താളമുണ്ട്, ഈണമുണ്ട്. അത് കണ്ടുപിടിച്ചാൽ മതി നമുക്ക്...'' -- ജോൺസന്റെ വാക്കുകൾ. "പക്ഷേ എല്ലാ പാട്ടുകളിലും ഈ ഭാഗ്യം കിട്ടില്ല. ചില പാട്ടുകൾക്ക് യോജിക്കുന്ന ഈണത്തിനായി ദിവസങ്ങളോളം ഭ്രാന്തനെ പോലെ അലഞ്ഞിട്ടുണ്ട് -- നസീമയിലെ എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ അത്തരമൊരു പാട്ടായിരുന്നു.''
അഗാധമായ മൗനമാണ് "എന്റെ മൺവീണയിൽ'' എന്ന പാട്ടിന്റെ ആധാരശ്രുതി. പല്ലവിയിലും ചരണത്തിലുമായി പല തവണ ആവർത്തിക്കപ്പെടുന്നു മൗനം എന്ന വാക്ക് -- "പൂവിൻ ചൊടിയിലും മൗനം ഭൂമിദേവി തൻ ആത്മാവിൽ മൗനം, വിണ്ണിന്റെ കണ്ണുനീർത്തുള്ളിയിലും കൊച്ചു മൺതരിച്ചുണ്ടിലും മൗനം" എന്നിങ്ങനെ. പാട്ട് ചിട്ടപ്പെടുത്തുമ്പോൾ ഗുരുവായ ദേവരാജൻ മാഷ് പറഞ്ഞ ഒരു കാര്യമായിരുന്നു മനസ്സിലെന്ന് ജോൺസൺ. "മൗനം എന്നൊരു വാക്കിന് സംഗീതം നൽകുമ്പോൾ അതിൽ മൗനത്തിന്റെ സാന്നിധ്യം വേണം; ആഴം വേണം. ശ്രോതാക്കൾ ആ മൗനത്തിന്റെ ശക്തി തിരിച്ചറിയണം; ഉൾക്കൊള്ളണം. അല്ലാതെ മൗനം ഒരിക്കലും ശബ്ദമുഖരിതമായിക്കൂടാ. മാഷെ മനസ്സിൽ ധ്യാനിച്ചാണ് ആ പാട്ടിന് ഞാൻ ഈണമിട്ടത്. ഒ.എൻ.വി. സാറും ഞാനും സംവിധായകനും മനസ്സിൽ കണ്ട മൗനം അതിന്റെ എല്ലാ അർത്ഥവ്യാപ്തിയോടെയും ആലാപനത്തിൽ കൊണ്ടുവന്നു ദാസേട്ടൻ. പല്ലവിയുടെ തുടക്കത്തിൽ മൗനം എന്ന വാക്ക് അദ്ദേഹം ഉച്ചരിക്കുന്നത് കേട്ടാൽ നിങ്ങൾക്ക് അത് മനസ്സിലാകും. ''
യേശുദാസും ജോൺസണും തമ്മിൽ ചെറിയൊരു അസ്വാരസ്യം നിലനിൽക്കുന്ന കാലം. സ്റ്റുഡിയോയിലെ അന്തരീക്ഷം അത്ര സൗഹാർദ്ദ പരമല്ല. പരസ്പരമുള്ള സംസാരം തന്നെ കുറവ്. എന്നാൽ അത്തരം പിണക്കങ്ങളൊന്നും ഗാനത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചില്ല എന്ന് സംവിധായകൻ. ഹൃദയം നൽകിത്തന്നെ പാടി യേശുദാസ്. ഗാംഭീര്യമാർന്ന ആ ശബ്ദത്തിലല്ലാതെ എന്റെ മൺവീണയിൽ എന്ന കാവ്യഗീതത്തെ കുറിച്ച് മലയാളികൾക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല ഇന്ന്.
സിത്താറിന്റെ നാദവീചികൾ മാത്രമേ പ്രധാനമായും പാട്ടിന്റെ പശ്ചാത്തലത്തിൽ ഉപയോഗിച്ചിട്ടുള്ളൂ ജോൺസൺ. ഗാനം ഒരിക്കലും ശബ്ദബഹുലമാകരുത് എന്ന് നിർബന്ധമുണ്ടായിരുന്നു. വാദ്യഘോഷം കൊണ്ട് വരികളെ നോവിക്കരുതെന്നും. എന്നിട്ടും പടമിറങ്ങിയ കാലത്ത് ഗാനം പ്രതീക്ഷിച്ച പോലെ ഹിറ്റായില്ല എന്ന ദുഃഖം പലതവണ സംഭാഷണങ്ങളിൽ പങ്കുവെച്ചിട്ടുണ്ട് മാസ്റ്റർ. "സാരമില്ല. നമ്മൾക്ക് വലിയ സംഭവമായി തോന്നുന്ന പാട്ട് കേൾക്കുന്നവർക്ക് അങ്ങനെയാവണം എന്നില്ലല്ലോ. ചിലപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത പാട്ടാകും സൂപ്പർഹിറ്റാകുക..'' പിന്നെ, തന്നിലേക്ക് തന്നെ നോക്കിക്കൊണ്ടുള്ള നിഷ്കളങ്കമായ ആ പൊട്ടിച്ചിരി. "ഓരോ പാട്ടിനും ഓരോ തലവിധിയുണ്ടല്ലോ'' എന്നൊരു ആത്മഗതം കൂടി.
പക്ഷേ മലയാളത്തിലെ എക്കാലത്തെയും മികച്ച കാവ്യഗീതികളിൽ ഒന്നുതന്നെയാണ് എന്റെ മൺവീണയിൽ എന്ന് വിശ്വസിക്കുന്നു ഞാൻ. ഓരോ തവണ കേൾക്കുമ്പോഴും പുതിയ പുതിയ അർത്ഥതലങ്ങളിലൂടെ, അനുഭൂതികളിലൂടെ നമ്മെ കൈപിടിച്ച് കൊണ്ടുപോകുന്ന സൃഷ്ടി. ഇറങ്ങിയ കാലത്തേക്കാൾ ഇന്ന് ആസ്വദിക്കപ്പെടുകയും പുനരാവിഷ്കരിക്കപ്പെടുകയും ചെയ്യുന്നു ആ ഗാനം; പുതു തലമുറ പോലും ആസ്വദിച്ച് പാടി റീലാക്കി ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യുന്നു.
ഒ.എൻ.വിയും ജോൺസണും യാത്രയായി; സിനിമയിൽ ആ ഗാനം പാടി അഭിനയിച്ച നടൻ നഹാസും. ഭരതന്റെ "ഇത്തിരിപ്പൂവേ ചുവന്ന പൂവേ" എന്ന പടത്തിലെ അഭിനയം കണ്ടാണ് സുന്ദരനായ നഹാസിനെ "നേരം പുലരുമ്പോളി"ൽ കെ.പി.കുമാരൻ കാസ്റ്റ് ചെയ്തത്. കുറച്ചു ചിത്രങ്ങളിൽ കൂടി മിന്നിമറഞ്ഞു നഹാസ്. "എന്റെ ഉപാസന"യിലെ "സുന്ദരിപ്പൂവിന് നാണം" എന്ന ഗാനരംഗം മറക്കാനാവില്ല. 2004ലായിരുന്നു നഹാസിന്റെ അപ്രതീക്ഷിത വിയോഗം. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചഭിനയിച്ച ആദ്യകാല ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് നേരം പുലരുമ്പോളിന്. നായികയായ രമ്യാകൃഷ്ണൻ അരങ്ങേറിയതും ഇതേ ചിത്രത്തിൽ തന്നെ.
ക്ലബ് എഫ് എമ്മിലെ മുറിയിലിരുന്ന് "എന്റെ മൺവീണയിൽ" എന്ന പാട്ടിന്റെ സഞ്ചാരപഥങ്ങളിലൂടെ സ്വയം മറന്ന് ഒഴുകിപ്പോകുന്ന ജോൺസേട്ടന്റെ ചിത്രമാണ് മനസ്സിൽ. തൊണ്ട കൊണ്ടല്ല, ഹൃദയം കൊണ്ട് പാടുകയായിരുന്നു അദ്ദേഹം. "കൊള്ളാം" എന്ന ദേവരാജൻ മാഷിന്റെ ഒരൊറ്റ വാക്കാണ് ആ പാട്ടിന്റെ പേരിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ അവാർഡ് എന്ന് ജോൺസൺ.
Content Highlights: ente manveenayil a timeless malayalam song
Published: 07 Jun 2025, 09:38 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented