പകരം കിട്ടുന്നത് മണ്ണായാലും പൊന്നായാലും പെണ്ണായാലും കയ്യിലെ കാശ് മറ്റൊരാള്‍ക്ക് എണ്ണിക്കൊടുക്കുക എന്ന് പറഞ്ഞാല്‍ എനിക്ക് സഹിക്കൂകേല. രാവണപ്രഭു എന്ന സിനിമയില്‍ രതീഷ് വിജയരാഘവനോട് പറയുന്ന ഡയലോഗാണിത്. അയ്യോ ശരിയാണ്, എനിക്കാണേ ചങ്ക് പറിഞ്ഞുപോകുന്ന വേദനയാണ് എന്നായിരുന്നു വിജയരാഘവന്റെ മറുപടി. ജഗതിയില്‍നിന്ന് വാങ്ങിയ സ്ഥലത്തിന്റെ കാശ് എണ്ണിക്കൊടുത്തിട്ട് ഇരുവരും ചെയ്ത വേല ക്ലാസിക് തറപ്പണിയായിരുന്നു. കാശുമായി പോയ ജഗതിയെ വ്യാജ എന്‍ഫോഴ്സ്മെന്റുകാരെ ഉപയോഗിച്ച് വഴിയില്‍ തടഞ്ഞ് നിര്‍ത്തി കണക്കില്ലാത്ത പണമാണ് അതെന്ന് പറഞ്ഞ് തട്ടിയെടുക്കുകയായിരുന്നു. മംഗലശ്ശേരി കാര്‍ത്തികേയനെത്തി രക്ഷപെടുത്തിയതുകൊണ്ട് ജഗതിക്ക് പണം നഷ്ടപ്പെട്ടില്ല. 

To advertise here,

പക്ഷേ, മലയാളി ഇപ്പോഴും ഇതേ മാനസികാവസ്ഥയില്‍ തന്നെയാണ് ജീവിക്കുന്നത്. കാശ് കയ്യിലെത്രയൊക്കെ ഉണ്ടെങ്കിലും പിന്നെയും ഈസി മണി എങ്ങനെയൊക്കെ ഉണ്ടാക്കാം എന്ന് മാത്രമാണ് ചിന്ത. അതിനായി എന്തെങ്കിലും ചെയ്യാനൊന്നും നമ്മള്‍ തയ്യാറല്ല. നമുക്കായി മറ്റാരെങ്കിലും പണിയെടുക്കണം. വേണേ അതിനുള്ള ഫീസും നമ്മള്‍ കൊടുക്കും. ആരെങ്കിലും ഇതിനായി ആപ്പ് വികസിപ്പിക്കുന്നുണ്ടോ എന്നാണ് നോക്കുക. അതിനായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൊക്കെ വ്യാപകമായി പരതും. സമ്പാദിച്ച് സമ്പാദിച്ച് ലക്ഷാധിപതിയാകാമെന്ന് വിചാരിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല. എന്തെങ്കിലുമൊക്കെ വ്യത്യസ്തമായി ചിന്തിക്കണം. അതിനല്‍പ്പം റിസ്‌കൊക്കെ എടുക്കണം. അല്ലാതെ കാര്യം നടക്കില്ല. കിട്ടിയാല്‍ ഊട്ടി, ഇല്ലെങ്കില്‍ ചട്ടി.

ഈ ഈസി മണി ചിന്തകാരണം മലയാളികളില്‍ നിന്ന് മാത്രം കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് തട്ടിയെടുത്തത് 1142.92 കോടി രൂപയാണ്. നമ്മുടെ രാജ്യത്ത് നിന്ന് ഇതുപോലെ നഷ്ടപ്പെട്ടത് 36,448 കോടി രൂപ. രാജ്യമാകെ തട്ടിപ്പുകാര്‍ തട്ടിച്ചെടുത്ത പണത്തിന്റെ മൂന്നുശതമാനം നമ്മുടെ സംഭവന. പണം പോയെന്ന് പറഞ്ഞ് കരഞ്ഞ് വിളിച്ച് നിലവിളിച്ച് പരാതി നല്‍കിയിട്ട് കാര്യമൊന്നുമില്ല. ഇനി തട്ടിപ്പുകാരെ തിരിച്ചറിഞ്ഞ് പണം തിരിച്ച് പിടിച്ചാലും അത് നമുക്ക് തിരികെ കിട്ടണമെന്നില്ല. മലയാളികളില്‍ നിന്ന് തട്ടിച്ച 1142 കോടി രൂപയില്‍ പോലീസിന് തിരികെ പിടിക്കാന്‍ കഴിഞ്ഞത് വെറും 165 കോടി രൂപ മാത്രം. നിയമപരവും വ്യവസ്ഥാപിതവുമായ നിക്ഷേപ, സാമ്പത്തിക സ്‌കീമുകളില്‍ നിക്ഷേപിക്കുന്ന പണം മാത്രമേ നിയമപരമായി തിരികെ കിട്ടാന്‍ നമുക്ക് അവകാശമുള്ളൂ. ഇവിടെ എന്ത് നിയമം, എന്ത് വ്യവസ്ഥ.

ഈസി മണിയോടുള്ള ആര്‍ത്തിയില്‍ ചെന്ന് വീഴുന്ന സാമ്പത്തിക ചതിക്കുഴികള്‍ നിരവധിയാണ്. ലോട്ടറി അടിച്ചെന്ന വ്യാജ സന്ദേശം, ഓഹരി ട്രേഡിംഗിലൂടെ അഞ്ചും പത്തും ഇരട്ടി നേട്ടം, പെട്ടെന്ന് ലാഭം തരുന്ന പലതരം നിക്ഷേപ സ്‌കീമുകള്‍ തുടങ്ങിയ ഇരകൊളുത്തിയ ചൂണ്ടയാണ് മലയാളികള്‍ക്ക് നേരേ എറിയുന്നത്. ലോട്ടറി അടിച്ചെന്ന സന്ദേശത്തില്‍ ആദ്യം ചോദിക്കുന്നത് നിങ്ങളുടെ ഫോണ്‍നമ്പരും ഇ-മെയിലും പേരുമാണ്. ഇതുപോലും അറിയാത്തവര്‍ എങ്ങനെ നമുക്ക് ലോട്ടറി അടിച്ച വിവരം അറിഞ്ഞെന്ന് ഒരു സാമാന്യബുദ്ധിയില്‍ തോന്നിയാല്‍ മാത്രം മതി ഇത് തട്ടിപ്പാണെന്ന് മനസിലാക്കാന്‍. പക്ഷേ, ആര്‍ക്ക് മനസിലാകാന്‍. കാരണം മനസുനിറയെ ഈസി മണിയെക്കുറിച്ചുള്ള സ്വപ്നങ്ങളാണല്ലോ. അതുകൊണ്ട് അവര്‍ ചോദിച്ചതെല്ലാം നല്‍കും. അപ്പോള്‍ നമ്മുടെ പേരും വിലാസവും ചേര്‍ത്ത നല്ല ഒന്നാന്തരം ലോട്ടറി സമ്മാന സര്‍ട്ടിഫിക്കറ്റ് അയച്ചുതരും. അതോടെ നമ്മുടെ വിശ്വാസം ഇരട്ടിക്കും. അപ്പോള്‍ അടുത്ത മെസേജ് വരും. പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അക്കൗണ്ട് നമ്പര്‍ ചോദിക്കും. അത് നല്‍കിക്കഴിഞ്ഞാല്‍ അടുത്ത മെസേജ് വരും. ടാക്സ് അടച്ചാലേ സമ്മാനതുക ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറ്റൂ എന്ന് സമ്മാനതുകയുടെ വലിപ്പം അനുസരിച്ച് നികുതി തുകയുടെ വലുപ്പവും വ്യത്യാസപ്പെടും. ഇതും നമ്മള്‍ അയച്ചുനല്‍കുന്നതോടെ തട്ടിപ്പ് പൂര്‍ണമായി.

അടുത്തിടെ, ഓഹരിയിലൂടെ വന്‍ലാഭം നല്‍കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിന് ഇരയായി കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തിയത് ചില്ലറക്കാരല്ല. വാട്സാപ്പിലും ടെലഗ്രാമിലും ഫെയിസ്ബുക്കിലുമൊക്കെ ആകര്‍ഷകമായ പരസ്യം നല്‍കിയാണ് തട്ടിപ്പുകാര്‍ ആദ്യം വലവീശുന്നത്. ആദ്യം നമ്മള്‍ വിശ്വസിക്കുകയൊന്നുമില്ല. പക്ഷേ നീരീക്ഷിക്കും. കാരണം ഈസി മണിയുടെ ഫയര്‍ നമ്മുടെ ഉള്ളിലുണ്ടല്ലോ. അപ്പോള്‍ കാണാം അനുഭവസ്ഥരുടെ വ്യാജ മേസേജുകള്‍. ഞാന്‍ പതിനായിരം ഇട്ടു 50,000 കിട്ടി എന്നൊക്കെ. അപ്പോള്‍ നമ്മള്‍ അവര്‍ പറയുന്ന ആപ് ഒന്ന് ഇന്‍സ്റ്റാള്‍ ചെയ്തുനോക്കും. വെറുതെ ഒരു രസത്തിന്. 

ആപ് ഇന്‍സ്റ്റോള്‍ ചെയ്തുകഴിഞ്ഞാല്‍ അവര്‍ പറയും വെല്‍ക്കം ഓഫര്‍ ആയി ഞങ്ങള്‍ ആയിരം രൂപ നിങ്ങളുടെ അക്കൗണ്ടില്‍ ഇട്ടിട്ടുണ്ടെന്ന്. അതുപയോഗിച്ച് ഇന്ന ഓഹരി നാലെണ്ണം വാങ്ങൂവെന്ന്. സംഭവം എന്താണെന്നറിയാന്‍ നമ്മള്‍ ഇങ്ങനെ ചെയ്യും. ആകെ നമ്മള്‍ ചെയ്തത് അവര്‍ കാണിച്ച ഓഹരിയുടെ പേരിന് താഴെയുള്ള ബൈ ബട്ടണില്‍ ക്ലിക്ക് ചെയ്യതത് മാത്രാണ്. വാങ്ങിയ ഓഹരികള്‍ നിങ്ങളുടെ പേരില്‍ ആപ്പിലെ നിങ്ങളുടെ അക്കൗണ്ടില്‍ ക്രഡിറ്റായി കാണിക്കും. കുറച്ചുകഴിയുമ്പോള്‍ മെസേജ് വരും. നിങ്ങള്‍ വാങ്ങിയ ഓഹരിയുടെ വില കയറിയിട്ടുണ്ട്. ഉടനെ വില്‍ക്കാന്‍ പറയും. ആപ്പില്‍ കയറി ഓഹരിയുടെ പേരിനൊപ്പം ഉള്ള സെല്‍ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം മതി. അപ്പോള്‍ നമ്മുടെ അക്കൗണ്ടില്‍ ലാഭം കാണിക്കും. ആയിരം മുടക്കി വാങ്ങിയ ഓഹരി വിറ്റപ്പോള്‍ നാലായിരം കിട്ടി. അതോടെ നമ്മള്‍ ഫ്ളാറ്റ്. 

ആദ്യം ഒരു പതിനായിരം ഇറക്കും. അവരു പറയുന്നതുപോലെ കുറച്ച് ഓഹരികളുടെ പേരിന് താഴെയുള്ള ബൈ ബട്ടണില്‍ അമര്‍ത്തും. രണ്ട് മണിക്കൂര്‍ കഴിയുമ്പോള്‍ അവര്‍ പറയുന്നതുപോലെ അതേ ഓഹരിക്കൊപ്പമുള്ള സെല്‍ ബട്ടണില്‍ അമര്‍ത്തും. അപ്പോള്‍ ആപ്പിലെ നമ്മുടെ അക്കൗണ്ട് ബാലന്‍സ് 30,000 മോ 40,000 മോ ഒക്കെ ആയിട്ടുണ്ടാകും. അതോടെ നമ്മള്‍ സീരിയസാകും. തമാശയൊക്കെ കളയും. രണ്ടും മൂന്നും ലക്ഷമൊക്കെ ഇറക്കും. നാലും അഞ്ചും ഇരട്ടി ലാഭം കിട്ടും. പിന്നെ പത്തും ഇരുപതും ലക്ഷം ഇറക്കും. അത് കോടികളായി വളരും.  കോടികള്‍ ഇറക്കിയായിരിക്കും പിന്നെ നമ്മുടെ കളി. പത്ത് കോടിയൊക്കെ ആകുമ്പോള്‍ നമുക്ക് ബുദ്ധി ഉദിക്കും. ആപ്പിലെ നമ്മുടെ അക്കൗണ്ടിലെ പണം നമ്മുടെ യഥാര്‍ഥ ബാങ്കിലേക്ക് മാറ്റാന്‍ ശ്രമിക്കും. അതൊടെ തട്ടിപ്പുകാര്‍ക്ക് മനസിലാകും ഇവന് ബുദ്ധി ഉദിച്ചെന്ന്. അപ്പോള്‍ അവര്‍ പറയും 10 കോടി പിന്‍വലിക്കാന്‍ രണ്ട് കോടി ടാക്സായി നല്‍കണം. ഇതുകൂടി ഇടാന്‍. രണ്ട് കോടി നല്‍കിയാലെന്താ 10 കോടി കിട്ടുമല്ലോ എന്ന് കാരുതി ആരെ പറ്റിച്ചാണെങ്കിലും രണ്ട് കോടി കൂടി സംഘടിപ്പിച്ച് അടയ്ക്കും. അതോടെ ആപ്പ് നിശ്ചലമാകും. പിന്നെ അനങ്ങില്ല. അവസാന ലാപ്പില്‍ രണ്ട് കോടി കൂടി പറ്റിച്ച് തട്ടിപ്പുകാര്‍ നിഷ്‌ക്രമിക്കും.

ഇത്തരം തട്ടിപ്പിനിരയായവര്‍ നിസ്സാരക്കാരല്ല. വക്കീലന്മാര്‍, ഡോക്ടര്‍മാര്‍, കലാകാരന്മാര്‍, റിട്ടയേര്‍ഡ് ജഡ്ജുമാര്‍. അതായത് നല്ല വിവേചന ബുദ്ധിയും കഴിവുമുള്ളവര്‍. ഇവര്‍ എങ്ങനെ ഇവരുടെ വലയിലായി. പെട്ടെന്ന് പണമുണ്ടാക്കാനുള്ള ആഗ്രഹം കൊണ്ട്. ഈസി മണി മൈന്‍ഡ് സെറ്റുമായി നടക്കുന്നതുകൊണ്ട്. വിവരവും വിദ്യാഭ്യാസവും ഒന്നും ഇത്തരം തട്ടിപ്പില്‍ തലവയക്കുന്നതില്‍ നിന്ന് നമ്മളെ തടയില്ല. ഇന്ത്യയില്‍ വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ നിക്ഷേപത്തിന് കിട്ടാവുന്ന ഏറ്റവും ഉയര്‍ന്ന ലാഭം എന്നത് ബാങ്കുകള്‍ നല്‍കുന്ന പലിശയാണ്. ആര്‍ബിഐ നിശ്ചയിച്ച് നല്‍കിയിരികുന്ന പലിശ നിരക്ക്. അതില്‍ കൂടുതല്‍ ആര് നല്‍കാമെന്ന് പറഞ്ഞാലും ഓര്‍ക്കുക റിസ്‌ക് കൂടും. പലിശ എത്ര കൂടുതല്‍ തരാമെന്ന് പറയുന്നോ അത്രയും റിസ്‌ക് കൂടും. ഇക്കാര്യം ഓര്‍ത്താല്‍തന്നെ സുരക്ഷിതമായിരിക്കും. റിസ്‌ക് എടുക്കുരുത് എന്നല്ല പറയുന്നത്. ഓരോരുത്തരുടെയും സഹനശേഷി മനസിലാക്കിയുള്ള കാല്‍ക്കുലേറ്റഡ് റിസ്‌ക് മാത്രമെടുക്കുക.

(പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍)