
ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായതോടെ ലോകമെമ്പാടുമുള്ള നിക്ഷേപകർ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്കാണ് നീങ്ങിയത്. ലാഭം എവിടെയാണെന്ന് അറിയാതെ, എവിടെയും കൈ നീട്ടുന്ന അവസ്ഥ. മണിച്ചിത്രത്താഴിലെ കാട്ടുപറമ്പനെ പോലെ—ഇത് യാഥാർത്ഥ്യമോ ഭ്രമമോ എന്നറിയാതെ. ഒരു കാലത്ത് നിക്ഷേപകർ ചോദിച്ചിരുന്ന ചോദ്യം ലളിതമായിരുന്നു: “എവിടെയാണ് കൂടുതൽ ലാഭം?”. ഇപ്പോൾ ചോദ്യം മാറി: “ഇനി എന്തൊക്കെ വാങ്ങിയാലാണ്?, എന്തിലൊക്കെ നിക്ഷേപിച്ചാലാണ് കുറച്ചെങ്കിലും ലാഭം കിട്ടുക?”
സ്വർണം വാങ്ങിയവർ വെള്ളിയിലേക്കും വെള്ളി വാങ്ങിയവർ ചെമ്പിലേക്കും ചെമ്പ് വാങ്ങിയവർ പ്ലാറ്റിനത്തിലേക്കും ചാടിമറിഞ്ഞ് നിലത്തുവീണു കിടക്കുന്നു. ട്രംപ് അധികാരത്തിൽ വന്നപ്പോൾ ആദ്യം കുതിച്ചുയർന്നത് എന്തായിരുന്നു? സ്വർണം, വെള്ളി, ഡോളർ എന്നൊക്കെ നിങ്ങൾ പറയും. പക്ഷേ, ഇതൊന്നുമല്ല. വ്യാപകമായ ഭീതിയാണ് ആദ്യം കുതിച്ചുയർന്നത്.
അമേരിക്ക ഫസ്റ്റ്, താരിഫ് യുദ്ധം, ചൈനയോട് പിണക്കം, ആഗോള വ്യാപാര അനിശ്ചിതത്വം—ഇതൊക്കെ കേട്ടപ്പോൾ ഇന്ത്യൻ നിക്ഷേപകർ പതിവുശീലത്തിലേക്ക് മടങ്ങി: സ്വർണം വാങ്ങുക. എവിടെ ആര് ഭീതി വിതച്ചാലും ആദ്യം കൂടുക സ്വർണവില ആയിരിക്കുമല്ലോ. സ്വർണം വാങ്ങിയവർ ആശ്വസിച്ചിരിക്കുമ്പോഴാണ് “വെള്ളി കുതിക്കുന്നു” എന്ന വാർത്ത. വെള്ളി വാങ്ങി കഴിഞ്ഞപ്പോൾ “ചെമ്പിന്റെ വില റെക്കോർഡിലേക്ക്” എന്ന തലക്കെട്ട്. അവിടെയും തീർന്നില്ല. വ്യാവസായിക ലോഹങ്ങൾക്ക് മുഴുവൻ വിലക്കയറ്റം. ടിൻ, ഇരുമ്പ്, സ്റ്റീൽ… ഇനി തുരുമ്പ് മാത്രമേ ബാക്കിയുള്ളൂ?
ഒരു നിക്ഷേപകൻ പറഞ്ഞത് ഇങ്ങനെ: ഒരു ലോഹത്തിൽ സെറ്റിൽ ചെയ്യാൻ നോക്കുമ്പോഴേക്കും അടുത്തത് ഓടിത്തുടങ്ങും. ബിരിയാണി എവിടെയാണ് വിളമ്പുന്നത് എന്ന് ആരും പറഞ്ഞുതരുന്നില്ല.
ഇതെന്തുകൊണ്ട് സംഭവിച്ചു? ട്രംപ് പ്രസിഡന്റായ ശേഷം ആഗോള വിപണികൾ വാർത്തകൾക്ക് മുൻപിൽ മാത്രം പ്രതികരിക്കുന്നവയായി മാറി. ഒരു ട്വീറ്റ് മതിയായിരുന്നു— ഡോളർ കയറാനും ഓഹരി ഇടിയാനും ലോഹങ്ങൾ ചൂടുപിടിക്കാനും.
ഇന്ത്യൻ പശ്ചാത്തലത്തിൽ ഇത് രണ്ടിരട്ടി ആഘാതമായി: ഡോളർ ശക്തമായപ്പോൾ രൂപ ദുർബലമായി. രൂപ ദുർബലമായപ്പോൾ ഇറക്കുമതി ചെയ്യുന്ന സ്വർണം, വെള്ളി, ചെമ്പ് എന്നിവയുടെ വില കൂടി. അന്താരാഷ്ട്ര വിലയിൽ ചെറിയ ചലനം പോലും ഇന്ത്യയിൽ വലിയ വിലക്കയറ്റമായി പ്രതിഫലിച്ചു. അതിനാൽ “ലോഹങ്ങൾ കുതിക്കുന്നു” എന്നത് പൂർണമായും നുണയല്ല. പക്ഷേ, എല്ലാം ഒരുപോലെ കുതിക്കുന്നു എന്ന ധാരണ മാത്രമാണ് അപകടകരം.
ഓഹരി വിപണിയെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലെന്ന് നിക്ഷേപകർ തന്നെ തീരുമാനിച്ചു. ഒരുദിവസം ആഗോള വിപണികൾ തകർന്നുവീഴും, അടുത്ത ദിവസം “ഇത് നല്ല അവസരമാണ്” എന്ന ഉപദേശം. വിദേശ നിക്ഷേപകർ ഒരു കാൽ ഇന്ത്യയിലും മറ്റേ കാൽ അമേരിക്കയിലും വെച്ച് ആടി കളിച്ചു കൊണ്ടിരിക്കുന്നു. ബോണ്ട് വിപണിയിലത് മറ്റൊരു കഥയാണ്. അമേരിക്ക പലിശനിരക്ക് ഉയർത്തുമോ എന്ന ആശങ്ക ഇന്ത്യൻ പലിശനിരക്കുകളെയും ബാധിച്ചു. സുരക്ഷിതമെന്ന് കരുതിയ നിക്ഷേപങ്ങൾ പോലും നിദ്ര നഷ്ടപ്പെടുത്തി.
ഇതിനിടയിലാണ് ഒരു പുതിയ വാദം: “ട്രംപ് സ്വന്തം സ്റ്റോക്ക് ബ്രോക്കറേജ് വഴി ഇൻസൈഡർ ട്രേഡിംഗ് നടത്തി വമ്പൻ ലാഭം കൊയ്യുന്നു.” ഇത് കേൾക്കുമ്പോൾ നിക്ഷേപകർക്ക് തോന്നും— “നമ്മൾ കളിക്കുന്നത് ചെസ്സ്; അവിടെ അയാൾ കളിക്കുന്നത് പോക്കർ.” യാഥാർത്ഥ്യം ഇതാണ്: വിപണിയിൽ ആരോപണങ്ങൾ എപ്പോഴും ഉണ്ടാകും. ശക്തമായ വ്യക്തിത്വങ്ങളുള്ള ഭരണാധികാരികൾ വിപണിയെ സ്വാധീനിക്കുമെന്ന് നിക്ഷേപകർ വിശ്വസിക്കും. പക്ഷേ, സംശയം തെളിവല്ല. വിപണി അനിശ്ചിതമാകുമ്പോൾ കുതന്ത്രകഥകൾ വളരും. വാട്സ്ആപ്പ് യൂണിവേഴ്സിറ്റികൾ പ്രവർത്തനം തുടങ്ങും.
ഇന്ത്യൻ റീട്ടെയിൽ നിക്ഷേപകരിൽ ആരാണ് ജയിച്ചത്? ഈ കാലഘട്ടത്തിൽ യഥാർത്ഥത്തിൽ ലാഭം കണ്ടത് ആരാണ്? ദീർഘകാല നിക്ഷേപകർ. കൃത്യമായ അസറ്റ് അലോക്കേഷൻ പാലിച്ചവർ. സ്വർണം, ഓഹരി, കടപ്പത്രങ്ങൾ എന്നിവയെ ബാലൻസോടെ കൈകാര്യം ചെയ്തവർ. പക്ഷേ, “ഇന്ന് സ്വർണം, നാളെ വെള്ളി, മറ്റന്നാൾ ചെമ്പ്” എന്ന രീതിയിൽ ഓടിയവർ അവസാനം കമ്മീഷനും നികുതിയും മാത്രം അടച്ച് പാപ്പരായി. ട്രംപ് വന്നതോടെ ഒരു കാര്യം വ്യക്തമായി: രാഷ്ട്രീയം മാറും, പ്രസിഡന്റുമാർ മാറും. പക്ഷേ, നിക്ഷേപത്തിലെ അടിസ്ഥാനസത്യം മാറില്ല.
ഭയം മോശം ഉപദേശകനാണ്. വാർത്തകൾ നിക്ഷേപതന്ത്രമല്ല. “ഇപ്പോൾ കയറുന്നു” എന്നത് “ഇനി കയറും” എന്നതിലെ ഉറപ്പല്ല. ലാഭം എവിടെയാണെന്ന് കണ്ടെത്തുന്നതിലും പ്രധാനമാണ്. നഷ്ടം എവിടെ ഒഴിവാക്കാം എന്നത്. ഇന്നും നിക്ഷേപകർ ചോദിക്കുന്നു: “ഇനി എന്ത് വാങ്ങണം?” ചോദ്യം മാറേണ്ടത് ഇങ്ങനെയാണ്: “എനിക്ക് നിക്ഷേപത്തിൽനിന്ന് വേണ്ടത് എന്താണ്? എന്റെ ഇൻവെസ്റ്റ്‌മെന്റ് ഹൊറൈസൺ - സമയപരിധി എന്താണ്? എന്റെ റിസ്ക് എടുക്കാനുള്ള ശേഷി -സഹിഷ്ണുത എത്രയാണ്?”
ബിരിയാണി എല്ലായിടത്തും ഇല്ല.
എവിടെയാണെന്ന് അറിയാതെ ഓടിയാൽ വയർ നിറയില്ല. വിശപ്പും ക്ഷീണവും മാത്രമേ കൂടൂ. ട്രംപ് ന്യൂസ് ഹെഡ് ലൈൻസ് മാറ്റും. വിപണി നിറം മാറും. ലോഹങ്ങൾ തിളങ്ങും, മങ്ങും. പക്ഷേ, അച്ചടക്കമുള്ള നിക്ഷേപകൻ ഒരിക്കലും കാട്ടുപറമ്പനേപ്പോലെ ഇല്ലാത്തത് ഉണ്ടെന്ന് ഭയന്ന് ചാടി ചാടി പോകില്ല. അപ്പോൾ ട്രംപിന്റെ അടുത്ത സവാരി ഗിരിവരെക്കും വണക്കം.
Published: 24 Jan 2026, 12:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented