
ഉരുള്‍പൊട്ടലിനെ കുറിച്ചുള്ള ഓര്‍മ്മ... അച്ഛന്റെ ലാബില്‍ പ്രാക്ടീസിനായി വരുന്ന പ്രിയചേച്ചി ഒരാഴ്ചയായി ലാബില്‍ വരുന്നില്ല. മേലുകാവില്‍ ഉരുള്‍പൊട്ടലുണ്ടായി എന്ന വാര്‍ത്ത പാലായിലും എത്തിയിരുന്നു. അതു കൊണ്ട് ചേച്ചി വരാത്തതില്‍ ഞങ്ങളൊക്കെ അല്പം ആശങ്കയിലാണ്. പിന്നത്തെ തിങ്കളാഴ്്ച ചേച്ചിയെത്തി. 'ഞങ്ങളുടെ ടിറ്റു കാരണം ഞങ്ങളൊക്കെ ഇന്നു ജീവനോടെയിരിക്കുന്നു. നാട്ടില്‍ ഒരുപാട് നാശനഷ്ടങ്ങളാണ്. കൃഷിയും വീടുമൊക്കെ പലര്‍ക്കും നഷ്ടപ്പെട്ടു'. 'ടിറ്റു എങ്ങനെയാ ചേച്ചീ നിങ്ങളെ രക്ഷിച്ചത്?' അന്നെന്റെ ചോദ്യം. 'അതോ ഞങ്ങളെല്ലാം നല്ല ഉറക്കത്തിലായിരുന്നു. ടിറ്റു കുരച്ചുകൊണ്ടുവന്ന് ഞങ്ങളെ ഓരോരുത്തരെയും തോണ്ടി വിളിച്ചു. ടിറ്റൂനെന്തുപറ്റി എന്നു ചോദിച്ചോണ്ടു ചാച്ചനെണീറ്റു. ഞങ്ങളെല്ലാം പിറകേ എണീറ്റു. ടിറ്റു ഉറക്കെ കുരച്ചുകൊണ്ടു മുറ്റത്തേക്ക് ചാടി. അവന്റെ വെപ്രാളം കണ്ട് ഞങ്ങളും കാര്യമറിയാനായി പുറത്തേക്കിറങ്ങി അവന്റെ പിന്നാലെ വേഗം ഓടി. കുറ്റാക്കുറ്റിരുട്ടില്‍ ചാച്ചന്റെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഭീകരമായ ഒച്ചയോടെ ഞങ്ങളുടെ വീടപ്പാടെ ഇടിച്ചു നിലംപറ്റിച്ചു കൊണ്ട് വലിയ പാറക്കല്ലുകള്‍ വന്നുവീണു. ടിറ്റു വന്ന് വീണ്ടും വീണ്ടും തോണ്ടി വിളിച്ചപ്പോള്‍ കിടന്നുറങ്ങെടാ എന്നവനോട് ഞാന്‍ പറഞ്ഞതാ. പക്ഷേ, അവന്‍ ദേഷ്യപ്പെട്ട് കുരച്ച് തോണ്ടിയത് കൊണ്ട് മാത്രം പുറത്തേക്കിറങ്ങിയതാ. അതുകൊണ്ട് ഈ കഥ പറയാന്‍ ഞാനിന്നിവിടെ എത്തി. ഞങ്ങളെല്ലാം പോയേനേ... ടിറ്റു ഇല്ലായിരുന്നെങ്കില്‍! ഞങ്ങള്‍ക്കുള്ളതൊക്കെ പോയെങ്കിലും ഞങ്ങളു ജീവിച്ചല്ലോ! ഞങ്ങടെ പൊന്നു ടിറ്റൂന്റെ രൂപത്തിലാ ഈശ്വരന്‍ ഞങ്ങളെ രക്ഷിച്ചത്!'
കനത്തമഴ ദിവസങ്ങളോളം തുടരുമ്പോള്‍ മീനച്ചിലാറ്റിലെ വെള്ളമൊക്കെ കലങ്ങിമറിയും. പെട്ടെന്ന് ആറ്റിലെ വെള്ളം ക്രമാതീതമായി ഉയര്‍ന്നാല്‍ മുതിര്‍ന്നവര്‍ പറയും, കിഴക്കെങ്ങോ ഉരുളു പൊട്ടിക്കാണും. പാറപിളര്‍ന്നു മലവെള്ളം കുത്തിയൊലിക്കുന്ന പ്രതിഭാസം എന്നു വിശദീകരണം ചോദിച്ചാല്‍ ഉത്തരം. എങ്കിലും വെള്ളപ്പൊക്കം കുട്ടിക്കാലത്ത് ഒരു ഭീതിദമായ അനുഭവമല്ല. അതൊരു ആഘോഷമായിരുന്നു. രാത്രി ഉറക്കമിളച്ചിരുന്ന് വെള്ളത്തിന്റെ വരവ് ശ്രദ്ധിക്കുക, വിലപ്പിടിപ്പുള്ള സാധനങ്ങള്‍ തട്ടിന്‍ മുകളില്‍ കയറ്റിവെയ്ക്കുക, ചായ്പ്പില്‍ കെട്ടിവെച്ചിരിക്കുന്ന വള്ളം താഴെയിറക്കുക തുടങ്ങിയവയൊക്കെ കുട്ടികള്‍ക്ക് വളരെ ഉത്സാഹമുള്ള കാര്യങ്ങളാണ്. പിറ്റേന്നു സ്‌കൂള്‍ കാണില്ല. വള്ളമിറക്കി വരവുവെള്ളത്തില്‍ കളിയ്ക്കാം എന്നതു തന്നെ വലിയ ഉത്സാഹമുണ്ടാക്കുന്ന പ്രതീക്ഷയാണ്. പ്രതീക്ഷിച്ച പോലെ വെള്ളം പൊങ്ങാതിരുന്നാല്‍ മുതിര്‍ന്നവര്‍ക്ക് ആശ്വാസം. കുട്ടികള്‍ക്ക് ഗൂഢമായ നിരാശ.
മലവെള്ളത്തില്‍ ഒഴുകി വരുന്ന പ്ലാസ്റ്റിക്കില്ല. ഇടയ്ക്ക് ഒഴുകി വരുന്ന അറവുശാലയിലെ മാലിന്യം കണ്ട ഓര്‍മയുണ്ട്. അത് നിമിഷങ്ങള്‍ക്കകം മറയും. ചത്ത ചില കന്നുകാലികളെ കണ്ടതുമോര്‍ക്കുന്നു. ആരോ വളര്‍ത്തിയ കന്നുകാലികള്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയതാണല്ലോ എന്നോര്‍ത്ത് സങ്കടവും വന്നിട്ടുണ്ട്. എങ്കിലും വെള്ളപ്പൊക്കം നാട്ടിലാകെ ഉത്സാഹം വിതറുന്ന ഓര്‍മ്മയാണ് മുന്നിട്ടുനില്‍ക്കുന്നത്. മുതിര്‍ന്നശേഷം എ.എസ്.പി.യായും എസ്.പി.യായും ആലത്തൂരും കൊല്ലത്തും തൃശൂരുമൊക്കെ വലിയ വെള്ളപ്പൊക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോഴും മലവെള്ളം കുട്ടിക്കാലത്തേ പരിചയമുള്ളതിനാല്‍ അറപ്പോ പേടിയോ ഉളവാക്കിയിട്ടില്ല. ജലം കൊണ്ട് മുറിവേറ്റവരെ രക്ഷിക്കുക, ചേര്‍ത്തുപിടിക്കുക എന്നതിനപ്പുറം അതില്‍ വലിയ ആശങ്കയും തോന്നിയിട്ടില്ല. എന്നാല്‍ പുതിയ നൂറ്റാണ്ടിന്റെ പത്തുവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേയ്ക്കും നമ്മുടെ നാടിനുണ്ടായ മാറ്റങ്ങള്‍ എത്ര ഭീകരമായിത്തീര്‍ന്നു! വെള്ളത്തിലിറങ്ങേണ്ടി വന്നാല്‍ ദേഹമാകെ എത്ര കഴുകിയാലും പോകാത്ത മാലിന്യം പറ്റിയെന്ന തോന്നല്‍. എലിപ്പനി വരാതിരിക്കാനുള്ള ടാബ്ലറ്റ് കഴിക്കാന്‍ സേനാംഗങ്ങളോട് പറയേണ്ട അവസ്ഥ. 2018 ലെ പ്രളയത്തോടെ വെള്ളപ്പൊക്കം അതീവ ദുഃഖകരമായ ഓര്‍മ്മയായി... ഒരിക്കല്‍ ഏറ്റവുമധികം ഉത്സാഹം മനസ്സില്‍ നിറച്ചിരുന്ന പ്രതിഭാസം ജീവിതസമരത്തിലെ ഏറ്റവും വിഷമം പിടിച്ച അധ്യായമായി മാറി. പ്രളയശേഷം ആറ്റുതീരത്തുകൂടി സഞ്ചരിച്ചാല്‍ ആറ്റുവഞ്ചിപ്പടര്‍പ്പിലും മരങ്ങളിലും തൂങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് നല്‍കുന്ന ജുഗുപ്സാവഹമായ കാഴ്ച തീരങ്ങളില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ കുറിച്ചുള്ള ദുഃഖിപ്പിക്കുന്ന ഓര്‍മ്മ. കാലവും നാടും എത്ര മാറിപ്പോയി.
വയനാട്ടിലെ ജനങ്ങളുടെ കണ്ണീരില്‍ നാടാകെ വിറങ്ങലിച്ചുനില്‍ക്കുന്നു. ഒരു നാട് ഇല്ലാതാവാന്‍ നിമിഷങ്ങള്‍ മതിയെന്ന തിരിച്ചറിവ് എല്ലാവരെയും വല്ലാതെ വേദനിപ്പിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിച്ചേക്കാം എന്ന മുന്നറിയിപ്പ് നാടിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്ക മനസ്സില്‍ ജനിപ്പിക്കുന്നു. ഫയര്‍ഫോഴ്സ് മേധാവിയായിരിക്കേ കൂട്ടിക്കല്ലില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ഓര്‍മിച്ചു. ഫയര്‍ഫോഴ്സ് നടത്തുന്ന ഓരോ ശ്ലാഘനീയമായ രക്ഷാപ്രവര്‍ത്തനം കാണുമ്പോഴും ഞാന്‍ പിറ്റേന്നു ഫയര്‍ഫോഴ്സിലെ എന്റെ മുന്‍ സഹപ്രവര്‍ത്തകരെ വിളിച്ച് അഭിനന്ദിക്കാറുണ്ട്. എന്നാല്‍ വയനാടു ദുരന്തത്തിനു ശേഷം ആറാം ദിവസമായിട്ടും എനിക്കവരെ വിളിക്കാന്‍ തോന്നിയില്ല. കാരണം അവരെല്ലാം ഇപ്പോഴും രക്ഷാപ്രവര്‍ത്തനത്തിന്റെ തിരക്കിലാണെന്നറിയാം. ഫയര്‍ഫോഴ്സ് അക്കാദമിയില്‍ നിന്ന് ഡി.എഫ്.ഒ. റെനി ് ഇങ്ങോട്ട് വിളിച്ചു. 'മാഡം നമ്മുടെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ മികവ് മാഡം മനസ്സില്‍ കണ്ട രീതിയില്‍ തന്നെ എത്തിരിക്കുന്നു. കുട്ടിയെ രക്ഷിച്ചുകൊണ്ടുവന്ന നമ്മുടെ സേനാംഗത്തെ മാഡവും കണ്ടു കാണുമല്ലോ. അന്നു മാഡം അവര്‍ക്ക് ഐ.ടി.ബി.പി.യുടെ ട്രെയിനിങ് നല്‍കി ഒരുപാട് മോട്ടിവേഷന്‍ ഉള്ള ഒരു സേനയെ രൂപീകരിച്ചതിന് ഇന്നു നമുക്ക് ഒരുപാട് പ്രതിഫലം ലഭിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഞങ്ങളിന്നെത്ര കോണ്‍ഫിഡന്റ് ആണെന്നോ'.

'നമ്മുടെ സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍ ഫോഴ്സ് മള്‍ട്ടിപ്ലെയറായി ഒപ്പമുണ്ട്.' റെനിയുടെ വാക്കുകള്‍ എനിക്കൊരുപാട് ചാരിതാര്‍ത്ഥ്യം നല്‍കുന്നു. എങ്കിലും അവരുടെ ദൗത്യത്തിന്റെ റിസ്‌ക് എന്നെ പലപ്പോഴും ആശങ്കാകുലയാക്കാറുണ്ട്. റെനിയും ഞാനും തുടര്‍ന്നു സംസാരിച്ചു: 'വിദേശ രാജ്യങ്ങളിലൊക്കെ ഇത്തരമൊരു സംഭവമുണ്ടായാല്‍ എത്ര കൃത്യമായ ഇന്‍സിഡന്റ് അനാലിസിസ് ആണ് നടക്കുന്നത്. മനുഷ്യ ജീവന്, അതൊരാളുടേതാണെങ്കില്‍ പോലും എന്തൊരു വിലയാണവിടെയൊക്കെ. എന്തുകൊണ്ട് ഇത്തരം സംഭവമുണ്ടായി. എങ്ങനെ ഇത്തരത്തില്‍ ഒരു സംഭവം പോലും ഉണ്ടാകാതിരിക്കാന്‍ വേണ്ട കരുതല്‍ നമുക്കെടുക്കാനാവുന്നില്ല. പ്രകൃതി പ്രതിഭാസങ്ങള്‍, പ്രകൃതിക്കേറ്റ മുറിവുകള്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങി ഓരോ കാരണവും ശാസ്ത്രീയമായി വിശകലനം ചെയ്ത് ഏകോപിപ്പിച്ച് ഓരോ പഞ്ചായത്തിലും അതതു പ്രദേശത്തിന്റെ പ്രത്യേകതയനുസരിച്ച് മുന്നറിയിപ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും തുടര്‍ന്നുള്ള പ്രോട്ടോക്കോള്‍ പാലിക്കാനും സാധിക്കണം. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമാക്കാനും ഇത്തരം മുന്നറിയിപ്പുകള്‍ ജനങ്ങളിലേക്ക് മിനിറ്റുകള്‍ക്കകമെത്തിക്കാനും നമുക്കു കഴിയണം. അതനുസരിച്ച് പെട്ടെന്ന് വീടുകളൊഴിയാനും മറ്റും ജനങ്ങള്‍ക്കു പരിശീലനം നല്‍കണം. ദുരന്ത സാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ നിന്ന് പുനരധിവാസം നടത്താന്‍ പദ്ധതികളുണ്ടാകണം. ഒരു ദുരന്തമുണ്ടാകുമ്പോള്‍ ആ പ്രദേശത്ത് എല്ലാം നഷ്ടപ്പെട്ട ആളുകളെ ഓരോ തുരുത്തുകളായി കണ്ട് അവര്‍ക്ക് വേണ്ട പാര്‍പ്പിടം അവിടെ തന്നെ ഒരുക്കുകയാണോ നാം ചെയ്യേണ്ടത്. മറിച്ച് അതിജീവിച്ചവരെ താല്‍ക്കാലികമായി പുനരധിവസിപ്പിച്ചശേഷം അവര്‍ക്ക് പ്രകൃതിയെ മുറിവേല്പിക്കാത്ത സുസ്ഥിര പദ്ധതികള്‍ വഴി പാര്‍പ്പിടവും ജീവിതമാര്‍ഗവും നല്‍കുകയല്ലേ വേണ്ടത്? ഓരോ സന്നദ്ധ സംഘടനകളും ജാതിമത സംഘടനകളും രാഷ്ട്രീയ സംഘടനകളുമൊക്കെ അഞ്ചും പത്തും വീടുവീതം നിര്‍മിച്ചു നല്‍കും എന്ന പ്രഖ്യാപിക്കുന്നു. അതൊരു സുസ്ഥിര പരിഹാരമല്ല. ഇപ്പോള്‍ ദുരന്തമുണ്ടായ സ്ഥലത്തെ പ്രകൃതിപ്രതിഭാസം കൃത്യമായി പഠിക്കുന്നതുവരെ അവിടെ ഒന്നും ചെയ്യാതിരിക്കുക. ദുരന്തസാധ്യതയില്ലാത്ത ഒരു പ്രദേശം കണ്ടെത്തി അവിടെ ലോകത്തിനു മുഴുവന്‍ മാതൃകയാകാവുന്ന തരത്തില്‍ പ്രകൃതിസൗഹൃദ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു 'ഗ്രീന്‍ ടൗണ്‍ഷിപ്പ്' നിര്‍മിക്കുക. പ്രകൃതിയുമായി ഏറ്റവും ഇണങ്ങുന്ന ടെക്നോളജി ഉപയോഗിച്ചായിരിക്കണം ഈ ടൗണ്‍ഷിപ്പ് നിര്‍മിക്കേണ്ടത്. സൗരോര്‍ജം, കാറ്റ്, മാലിന്യം ഇവയില്‍ നിന്നൊക്കെ ആവശ്യമായ വൈദ്യുതി കെട്ടിട സമുച്ചയത്തില്‍ നിന്ന് തന്നെ ഉല്പാദിപ്പിക്കണം. അവിടത്തെ മാലിന്യ നിര്‍മ്മാര്‍ജന പദ്ധതി മാതൃകാപരമായിരിക്കണം. കെട്ടിടത്തിലോ പരിസരത്തോ ആ പ്രദേശത്തെ ജൈവ വൈവിധ്യത്തിലൂന്നിയ സസ്യജാലങ്ങള്‍ വെച്ചുപിടിപ്പിക്കണം. അവിടെ കിളികളും ശലഭങ്ങളും തേനീച്ചകളും പരിലസിക്കട്ടെ. എ.സി.യും ഫാനുമില്ലാതെ ഊര്‍ജപ്രവാഹത്തിലൂടെ അന്തരീക്ഷ ഊഷ്മാവ് സമശീതോഷ്ണമാകട്ടെ. വന്‍ ദുരന്തം അതിജീവിച്ചവരുടെ കൂട്ടായ ജീവിതത്തില്‍ സ്നേഹവും കരുണയും പാരസ്പര്യവും നിറയട്ടെ.
ഇത്തരം യുട്ടോപ്യന്‍ കാര്യങ്ങള്‍ വല്ലതും നടപ്പിലാക്കാന്‍ പറ്റുന്നതാണോ എന്നാവാം പലരുടെയും ചോദ്യം. നമുക്കു പൈസ ഇക്കാര്യത്തില്‍ വേണ്ടുവോളം ലഭിക്കുമെന്നുറപ്പാണ്. വേണ്ടത് ഇച്ഛാശക്തിയും ചേരിതിരിവില്ലാതെ ശാസ്ത്രീയമായി പ്രവര്‍ത്തിക്കാനുള്ള മനസ്സുമാണ്. പരിസ്ഥിതി സൗഹൃദ നിര്‍മാണ സാമഗ്രികള്‍ പ്രദേശത്തു തന്നെ ലഭ്യമായവ കഴിയുന്നതും ഉപയോഗിച്ച് കൊണ്ട് ഭൂമിയെ മുറിവേല്പിക്കുന്നതും മലിനപ്പെടുത്തുന്നതും പരമാവധി കുറച്ചുകൊണ്ട് ലോകത്തു പലയിടത്തും നിര്‍മാണ മാതൃകകളുണ്ട്. ഓസ്ട്രേലിയയിലും സിംഗപ്പൂരിലും ചൈനയിലുമൊക്കെ അത്തരം എത്രയോ മാതൃകകള്‍! ജപ്പാനിലെ ഫുക്കുവോക്കയിലെ ഒരു കെട്ടിട സമുച്ചയത്തിന്റെ ഒരു വശം കണ്ടാല്‍ ഒരു കാടാണെന്നേ തോന്നൂ. ലോകത്തിലെ അന്തരീക്ഷ മലിനീകരണത്തിന്റെയും പ്രകൃതിശോഷണത്തിന്റെയും ഏതാണ്ട് 35 ശതമാനം നിര്‍മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും മൂലമാണ്. അതുകൊണ്ടു തന്നെ ഇന്നു നാം അനുവര്‍ത്തിച്ചുവരുന്ന കെട്ടിട നിര്‍മ്മാണ രീതി മാറേണ്ടതുണ്ട്. കെട്ടിട നിര്‍മ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കളെ സംബന്ധിച്ചും വളരെ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. റോഡുകളുടെ നിര്‍മാണത്തിനായി അശാസ്ത്രീയമായി മണ്ണെടുക്കുന്നതും പശ്ചിമഘട്ടത്തിലെ ക്വാറി പ്രവര്‍ത്തനങ്ങളുമൊക്കെ ഇപ്പോഴും നമ്മെ ആകുലപ്പെടുത്തുകയും ഉടന്‍ പരിഹാരം തേടാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നില്ലെങ്കില്‍ പുത്തുമലയും കൂട്ടിക്കല്ലും പെട്ടിമുടിയും മുണ്ടക്കൈയും ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കും. അടുത്ത തലമുറയ്ക്ക് ആവാസയോഗ്യമായ നമ്മുടെ നാട് കൈമാറാന്‍ നമുക്ക് ബാധ്യതയില്ലേ? ഉണ്ടെങ്കില്‍ ഹാക്കത്തണും മാരത്തണുമൊക്കെ സംഘടിപ്പിക്കുന്നതുപോലെ പശ്ചിമഘട്ടത്തിനനുയോജ്യമായ നിര്‍മാണ മാതൃകകള്‍ ക്ഷണിച്ചുകൊണ്ടുള്ള ചെറുപ്പക്കാരായ ആര്‍ക്കിടെക്ടുകളുടെയും ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികളുടെയും ഒരു മത്സരം സംഘടിപ്പിച്ചാലോ?
ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതിയും ജൈവവൈവിധ്യങ്ങളും പ്രകൃതി ദുരന്തസാധ്യതകളും അതിജീവനമാര്‍ഗങ്ങളുമൊക്കെ അതതു പ്രദേശത്തെ സ്‌കൂളുകളില്‍ കുട്ടികളെ പരിചയപ്പെടുത്തേണ്ടതുണ്ട്. ജീവനകലയും അതിജീവനരീതികളുമാണ് കുട്ടികള്‍ വിദ്യാഭ്യാസത്തിലൂടെ ആദ്യം ആര്‍ജിക്കേണ്ടത്. നമ്മുടെ ഫയര്‍ഫോഴ്സ് ഇത്തരമൊരു സിലബസ് തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിന് നല്‍കിയിരുന്നു. അത് എല്ലാ സ്‌കൂളുകളിലും നടപ്പാകേണ്ടതുണ്ട്. മഴ മാപിനിയും വാണിങ് അലാമുമൊക്കെ ഒരു പഞ്ചായത്തിലും ഉണ്ടാകണം. ഓരോ പഞ്ചായത്തിലും ഓരോ പോലീസ് സ്റ്റേഷനും ഫയര്‍സ്റ്റേഷനും ഉണ്ടാകുന്നതുവരെ പരിശീലനം സിദ്ധിച്ച സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ എങ്കിലും ഉണ്ടെന്നുറപ്പു വരുത്തണം. മനുഷ്യന്റെ പുഞ്ചിരിയുടെ വെട്ടം മായാത്ത നാടായി നമ്മുടെ നാട് മാറട്ടെ എന്നാശിക്കുന്നു.
Content Highlights: DGP B Sandhya, landslide, flood, mundakkai, chooralmala, fire and rescue
Published: 12 Aug 2024, 11:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented