
ഹാര്‍ട്ട് ബ്രേക്കിംഗ് ഡിസ്‌കഷനാണ് വണ്ടിക്കുള്ളില്‍ നടക്കുന്നത്. റോഡിലെ ഹെവി ട്രാഫിക്കിനിടയിലൂടെയുള്ള ഡ്രൈവിംഗിനിടയില്‍ എനിക്കാദ്യമൊന്നും കാര്യമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. മുന്‍സീറ്റിലിരുന്ന് പിറകിലെ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തിരുന്ന ഭാര്യയുടെ ശബ്ദം നേര്‍ത്തുനേര്‍ത്ത് വരികയും അവളുടെ വാദങ്ങള്‍ രോദനങ്ങളായി മാറിത്തുടങ്ങുന്നുവെന്ന് തോന്നുകയും ചെയ്തപ്പോഴാണ് സത്യത്തില്‍ ഞാനത് ശ്രദ്ധിച്ചത്.
വണ്ടിയില്‍ ഒരു വന്‍സംഘംതന്നെയുണ്ട്. തനി വാനരന്മാര്‍. കൗമാര കുരുപ്പുകള്‍. ബോയ്സും ഗേള്‍സ്സും. മക്കളും അവരുടെ കസിന്‍സും. പകച്ചുപോയ വാര്‍ധക്യവുമായി മധ്യവയസ്‌കരായി ഞങ്ങള്‍ രണ്ട് പേര്‍ മാത്രം. അവധിക്കാലത്ത് ഒരു വണ്‍ഡേ ട്രിപ്പിനിറങ്ങിയതാണ്. പാട്ടിലും ചിരിയിലും ട്രോളിലും തുടങ്ങി ഇപ്പോള്‍ ചാനല്‍ടൈപ്പ് ചര്‍ച്ചയില്‍ എത്തിയിരിക്കുന്നു. വിഷയം ബോയ്സ് വേഴ്സസ് ഗേള്‍സ്.
ഇന്ന് വ്യക്തമായ ഫോക്കസും ജീവിത കാഴ്ചപ്പാടും കൂടുതല്‍ ഗേള്‍സിനാണ് എന്നാണ് മകളുടെ വാദം. സപ്പോര്‍ട്ട് ചെയ്യാന്‍ അവളുടെ കസിന്‍ സിസ്റ്റേഴ്സും. എതിര്‍ത്ത് കസിന്‍ ബ്രദേഴ്സ്. അതിപ്പോള്‍ പണ്ടും അങ്ങനെതന്നെയെന്ന് ഭാര്യ. ഞാനൊന്നും മിണ്ടാതെ വണ്ടിയിലെ പാട്ടിന്റെ വോളിയം അല്‍പ്പം കുറച്ചു കാതുകൂര്‍പ്പിച്ചു. ഇന്നത്തെ ഹിറ്റാകുന്ന മലയാള സിനിമകള്‍ എടുത്തുനോക്കിയാല്‍ മതി ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലുമുണ്ടെന്ന് മകള്‍. സപ്പോര്‍ട്ടായി മഞ്ഞുമ്മല്‍ ബ്രദേഴസ് എടുത്തുകാട്ടുന്നു അവളുടെ കസിന്‍ സിസ്റ്റര്‍. 'ആ ഒമ്പതു പേരില്‍ ഒരു പെണ്‍കുട്ടി പോലുമില്ല. എന്താ ഇവര്‍ക്കൊന്നും പെണ്‍സുഹൃത്തുക്കള്‍ ഇല്ലേ. യാത്രയ്ക്ക് കൂട്ടാന്‍' അവള്‍ ചോദിച്ചു.
ഞാനൊന്നും പറഞ്ഞില്ല. അവരാരും എന്റെ മറുപടി പ്രതീക്ഷിക്കുന്നുപോലുമില്ല എന്ന് എനിക്ക് തോന്നി.
ഒരു പെണ്‍കുട്ടിയെങ്കിലും കൂടെ ഉണ്ടായിരുന്നേല്‍ അവരുപോയി ആ ഗുണ കേവില്‍ വീഴില്ലായിരുന്നു എന്ന് മകള്‍ പറഞ്ഞപ്പോള്‍ സിസ്റ്റേഴ്സിന്റെ കയ്യടി. ഉണ്ടായിരുന്നേല്‍ അവളും കൂടി കുഴിയിലേക്ക് ചാടി സീന്‍ ആകെ കുളമാക്കിയേനേ എന്ന് കസിന്‍ ബ്രദര്‍ തിരിച്ചടിച്ചപ്പോള്‍ ഉയര്‍ന്നത് കയ്യടിക്കൊപ്പം കൂവലും.

'പ്രേമലു സിനിമ നോക്കൂ. അതിലെ അമല്‍. അവനോട് ഇന്ത്യയിലെ പ്രശസ്തമായ റൂര്‍ക്കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പഠിക്കുന്ന അവളുടെ കാമുകി പറയുന്നത് അവിടെയുള്ള ഏതെങ്കിലും ഹോട്ടലില്‍ സപ്ലയറായിട്ടെങ്കിലും വന്ന് ജോലി നോക്ക്, എനിക്ക് ഇടയ്ക്കിടയ്ക്ക് വന്ന് കാണാമല്ലോ എന്നല്ല. മറിച്ച് ഗേറ്റ് പരീക്ഷയ്ക്ക് പഠിച്ച് റൂര്‍ക്കി ഐഐടിയില്‍ അഡ്മിഷന്‍ നേടൂ. അപ്പോള്‍ ജെന്റ്സ് ഹോസ്റ്റലില്‍ താമസിക്കാം. അവിടുന്ന് മതിലു ചാടിയാല്‍ എന്റെ അടുത്ത് എത്താം എന്നാണ്. അമ്പമ്പോ എന്നാ സൂപ്പര്‍ ഗൈഡന്‍സ്. ഏതെങ്കിലും ഒരു ബോയ് ഇതുപോലെ അവന്റെ കാമുകിയോട് പറഞ്ഞിട്ടുണ്ടോ 'മകള്‍ വാചാലയായപ്പോള്‍ കസിന്‍ ബ്രദര്‍ ഇടപെട്ടു.
'ഏതെങ്കിലും ബോയ് തന്റെ കാമുകിയോട് ഇങ്ങനെ ഒന്നു പറഞ്ഞ് നോക്കട്ടെ. ആ നിമിഷം അവള്‍ അവന്റെ അമ്മൂമ്മേടെ റൂര്‍ക്കി എന്ന് പറഞ്ഞ് അവനെ തേച്ചിട്ട് പോകും. അതാണ് ഗേള്‍സ്' വണ്ടിക്കുള്ളിലെ ബോയ്സെല്ലാം കൂടി പിന്നേം കയ്യടിച്ചു.
'ബാംഗ്ലൂര്‍ ഡേയ്സ് നോക്കൂ. പെണ്ണ് കാണാന്‍ വന്ന ഫഹദിനോട് ഉണ്ണിയപ്പം താനല്ല ഉണ്ടാക്കിയതെന്ന് സത്യസന്ധമായി പറയുന്ന നസ്രിയ. എത്ര സിന്‍സിയറും ബോള്‍ഡുമാണ് ഗേള്‍സ്' ഒരു സിസ്റ്റര്‍ വീണ്ടും ശബ്ദമുയര്‍ത്തി. 'ഉണ്ണിയപ്പത്തിന്റെ കാര്യം അവിടെ നിക്കട്ടെ. അതേ ഫഹദ് താനൊരു പെണ്ണുമായി റിലേഷന്‍ഷിപ്പിലായിരുന്നു എന്നും പിന്നീടത് ഇല്ലാതായി എന്നും പറഞ്ഞിട്ട് നസ്രിയയ്ക്ക് അവനെ മനസിലാക്കാന്‍ പോലും പറ്റിയില്ല. ഇട്ടിട്ടു പോയില്ലേ.' ബ്രദര്‍ തിരിച്ചടിച്ചു.

'ഓ പിന്നെ അതല്ലേ വലിയ കാര്യം. താന്‍ തിന്ന ചാളയുടെ ബാക്കി കാമുകി പരസ്യമായി ക്യാന്റീനില്‍ ഇരുന്ന് കഴിക്കണമെന്ന് വാശിപിടിച്ച സൂപ്പര്‍ ശരണ്യയിലെ മരപ്പാഴ് അജിത് മേനോനെപ്പോലെയാണ് യഥാര്‍ഥ മല്ലു ബോയ്സ്.' സിസ്റ്റേഴ്സും വിട്ടുകൊടുക്കുന്നില്ല.
'ഓ പിന്നെ ഗേള്‍സ് എന്‍ഗേജ്ഡ് ആണോ എന്ന്് വെറുതെ കണ്ണില്‍ നോക്കി കണ്ടുപിടിക്കുന്ന ബോയ്സിന്റെ അടുത്തല്ലേ ഈ കളി'-ബോയ്സ് തിരിച്ചടിച്ചു.
നിങ്ങള്‍ ഗേള്‍സിനോട് അവരുടെ അംബീഷന്‍സിനെ ക്കുറിച്ച് ചോദിച്ചുനോക്കൂ. കിട്ടുന്ന ഉത്തരം ഇങ്ങനെയായിരിക്കും. ഗേള്‍സിന് ഹാര്‍ഡായിട്ടുള്ള ജോലി ചെയ്യണം. കാശുണ്ടാക്കണം. വീട് മേടിക്കണം. കാറു വാങ്ങണം. പാരന്റ്സിനെ നോക്കണം. ആണുങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യണം. ഇതാണ് ഞങ്ങള്‍ ഗേള്‍സിന്റെ അംബിഷന്‍സ്. നിങ്ങള്‍ ബോയ്സിന്റെ ഫ്യൂച്ചര്‍ പ്ലാന്‍സ് കേട്ടാല്‍ ചിരിച്ച് മണ്ണുകപ്പും-ജീവിതത്തില്‍ ഒന്നിനേം വിട്ടുകൊടുക്കരുത്. ഏതു ആറ്റില്‍ പോയാലും അതിനെ തിരിച്ചുപിടിക്കണം. - മകള്‍ പുതിയ നമ്പരുമായി എത്തി. ഗേള്‍സിന്റെ ആക്കിച്ചിരി പിന്നെയും വണ്ടിയില്‍ മുഴങ്ങി.
കസിന്‍ ബ്രദര്‍ പുതിയ ഫിലോസഫിയുമായി വന്നു വീണു-നിങ്ങള്‍ ഗേള്‍സിനിടയില്‍ ബസ്റ്റ് ഫ്രണ്ട്സ് ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്നറിയുവോ. നിങ്ങള്‍ ഏറ്റവും ഹാപ്പിയായിരിക്കുന്ന സമയത്ത് അതേ പോലെ ഹാപ്പിയായിരിക്കുന്ന ഒരാളെ കാണുമ്പോഴാണ്. എന്നാല്‍, ഞങ്ങള്‍ ബോയ്സിന് ഹാപ്പിനസ് അല്ല വിഷയം. ഞങ്ങള്‍ ബോയ്സിനിടയില്‍ ബസ്റ്റ് ഫ്രണ്ട്സ് ഉണ്ടാകുന്നത് ഏറ്റവും മോശം സമയത്ത് അതേപോലെ പാളിയിരിക്കുന്ന ഒരാളെ കാണുമ്പോഴാണ്.
ഈ ഡയലോഗ് കൂടി കേട്ടതോടെ എനിക്ക് വാഴ സിനിമ ഓര്‍മവന്നു എങ്കിലും ഞാന്‍ മിണ്ടാതിരുന്നു. വെറുതെ വടികൊടുത്ത് അടിമേടിക്കേണ്ടല്ലോ.

പക്ഷേ, ഒരു കസിന്‍ സിസ്റ്റര്‍ക്ക് ആ വടി കിട്ടി. അവളത് എടുത്ത് അടിക്കുകയും ചെയ്തു. അവള്‍ പറഞ്ഞു: ലോകത്ത് ഒരു ഗേളിനേം പാരന്റ് വാഴയോട് ഉപമിച്ചിട്ടില്ല. അത് ബോയ്സിനെക്കുറിച്ച് മാത്രമാണ്. വെറും വാഴയല്ല. മര വാഴ. കാറില്‍ ബോയ്സിന്റേം ഗേള്‍സിന്റേം കൂട്ടച്ചിരി മുഴങ്ങി. ഇത്തവണ ആ ചിരിയില്‍ ഞാനും കൂടി ചേര്‍ന്നു. അത് ആണ്‍കുട്ടികളുടെ കാര്യത്തില്‍ മാത്രമല്ല മുതിര്‍ന്നവരുടെ കാര്യത്തിലും ശരിയാണ് എന്ന മട്ടില്‍ ഭാര്യയും എന്നെ ഒന്നു തോണ്ടിയിട്ട് ചിരിച്ചു. ഗേള്‍സിന് പതിനാറ് പോയന്റ്. ബോയ്സിന് എട്ട് പോയിന്റ്. ഭാര്യ കണക്കുകൂട്ടി എന്റേ നേരേ നോക്കി. മിണ്ടരുതെന്ന് ഞാന്‍ കണ്ണുരുട്ടി.
പ്രാര്‍ഥനേം കണക്കും പഠിപ്പിക്കുന്ന സ്‌കൂളു നോക്കി പിള്ളേരേ പഠിപ്പിക്കാന്‍ ചേര്‍ക്കുന്ന, കൂട്ടുകാര് മേടിക്കുന്നതിനേക്കാള്‍ ഒരു മാര്‍ക്ക് കൂടുതല്‍ മേടിച്ചാല്‍ അതുമതി നമ്മുടെ സന്തോഷത്തിന് എന്ന് കരുതുന്ന പാരന്റ്സാണ് അത്തരം വാഴകളെ സൃഷ്ടിക്കുന്നത്. കൂട്ടത്തിലേ ഏറ്റവും വലിയ കുരുപ്പ് കസിന്‍ ബ്രദര്‍ ഒരു ബോംബ് പൊട്ടിച്ചു. ഞാന്‍ ഭയപ്പെട്ടതുപോലെ തന്നെ സംഭവിച്ചു. വീട്ടിലെ കാര്‍ന്നോന്മാര്‍ക്കായി മേടിച്ചുവെച്ചിരിക്കുന്ന വയറിളക്കുന്ന ടാബ്ലെറ്റെടുത്ത് മിഠായി എന്നു പറഞ്ഞ് കൊടുക്കുന്ന ഇനമാണ്. ഇനി അവര്‍ പരസ്പരം ട്രോളുന്നത് നിര്‍ത്തി പാരന്റ്സിന്റ നെഞ്ചത്തോട്ടുതന്നെ കേറി കൂട്ടപൊങ്കാലയിടുമെന്ന് ഉറപ്പായതോടെ ഞാന്‍ ശബ്ദമുയര്‍ത്തി. 'ഇനി നമുക്ക് ഒരു ചായകുടിച്ചിട്ട് മതി. ബാക്കി. കുറേ നേരമായല്ലോ ഒറ്റയിരുപ്പ്' എന്ന് പറഞ്ഞ് ഞാന്‍ തൊട്ടടുത്ത് കണ്ട റെസ്റ്റോറന്റിന് സമീപത്തേക്ക് വണ്ടി വളച്ചു.
Content Highlights: A humorous and insightful look at the differences in parenting styles between boys and girls
Published: 07 Nov 2024, 08:13 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented