സമ്പത്തും സ്ഥാനമാനങ്ങളും സുഖസൗകര്യങ്ങളുമാണ് മനുഷ്യജീവിതത്തെ സന്തോഷപൂർണമാക്കുന്നത് എന്ന തെറ്റിദ്ധാരണയിലാണ് ഭൂരിപക്ഷം മനുഷ്യരും ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ബാഹ്യമായ കാര്യങ്ങളിലാണ് ലോകത്തിന്റെ കൂടുതൽ ശ്രദ്ധയും. തനിക്കും കുടുംബത്തിനും ആവശ്യമുള്ളതിലധികം സമ്പാദിച്ചുകഴിഞ്ഞാലും വീണ്ടും വീണ്ടും കൂട്ടിവെക്കാനാണ് മനുഷ്യർ ആഗ്രഹിക്കുന്നത്.

To advertise here,

ഈ ലോകത്തു നമ്മൾ കാണുന്നതിനെല്ലാം ഒരവസാനമുണ്ട്. ഒരു സത്യം നമ്മൾ ഓർക്കണം. ഈശ്വരനൊഴികെ മറ്റൊന്നും നിത്യമല്ല. നമ്മൾ കാണുന്ന ഈ ലോകം സദാ മാറിക്കൊണ്ടിരിക്കുന്നു. ആരോഗ്യവും സമ്പത്തും സ്ഥാനമാനങ്ങളും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഇന്നല്ലെങ്കിൽ നാളെ നഷ്ടമായിപ്പോകും. ഈ ലോകസ്വഭാവം തിരിച്ചറിഞ്ഞുകഴിഞ്ഞ ഒരാൾക്ക് ജീവിതത്തിലെ ഏതു പ്രതിസന്ധിയെയും സമചിത്തതയോടെ നേരിടാനും തനിക്കു ചുറ്റുമുള്ളവരോടു സ്‌നേഹത്തോടെയും കരുതലോടെയും ഇടപെടാനും കഴിയും. യാതൊന്നിനും അവരെ തളർത്താനാവില്ല. പ്രതിബന്ധങ്ങളെയെല്ലാം അവർ പുഞ്ചിരിയോടെ നേരിടുന്നു. എന്നാൽ, ലോകസ്വഭാവം തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ ഒരുവൻ പ്രതികൂലസാഹചര്യങ്ങളിൽ തളർന്നുപോകുകയും ദുഃഖത്തിലും നിരാശയിലും ആണ്ടുപോകുകയും ചെയ്യും.

അധികാരത്തിലിരുന്നപ്പോൾ താൻ അനുഭവിച്ചിരുന്ന സ്ഥാനമാനങ്ങൾക്കും സുഖഭോഗങ്ങൾക്കും അടിമയായിരുന്ന ഒരു ഏകാധിപതി അധികാരം നഷ്ടപ്പെട്ടാലും എല്ലാവരും തന്നെ പഴയതുപോലെ ബഹുമാനിക്കണമെന്ന് ആഗ്രഹിക്കും. താൻ മറ്റുള്ളവരേക്കാൾ ശ്രേഷ്ഠനാണെന്നും അവരുടെ ആദരം അർഹിക്കുന്നുവെന്നുമുള്ള തോന്നലിൽനിന്നു മോചിതനാകാൻ അയാൾക്കു പെട്ടെന്നു സാധിച്ചെന്നുവരില്ല. അതു ദുഃഖത്തിനും നിരാശയ്ക്കും കാരണമാകും.

ഇതു പറയുമ്പോൾ ഒരു സംഭവം ഓർക്കുന്നു. ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ജോലിയിൽനിന്ന് വിരമിച്ചപ്പോൾ തന്റെ കൊട്ടാരതുല്യമായ ഔദ്യോഗിക വസതിയിൽനിന്ന് ചെറിയൊരു ഫ്ളാറ്റിലേക്ക് താമസംമാറി. ചുറ്റുമുള്ള ആളുകൾ തന്നെ പഴയതുപോലെ ബഹുമാനിക്കുന്നില്ലെന്ന് അദ്ദേഹത്തിന്‌ അധികം താമസിയാതെത്തന്നെ മനസ്സിലായി. താൻ ഇന്ന് അവരിൽ ഒരാളായിത്തീർന്നിരിക്കുന്നു. ഇത് അദ്ദേഹത്തെ വളരെയധികം അസ്വസ്ഥനാക്കി. ഒരു ദിവസം, അദ്ദേഹം തൊട്ടടുത്ത പൂന്തോപ്പിലെ ബെഞ്ചിൽ ഇരിക്കുമ്പോൾ ഒരു വൃദ്ധൻ വന്ന് അദ്ദേഹത്തിന്റെ അടുത്തിരുന്ന് ചോദിച്ചു: ‘‘നിങ്ങൾ ഈ ഫ്ളാറ്റിൽ പുതിയതായി വന്നതാണോ?’’ അദ്ദേഹം പറഞ്ഞു: ‘‘അതെ. വിരമിക്കുന്നതിനുമുൻപ്‌ ഞാൻ വഹിച്ച ഉയർന്ന പദവിയും സ്ഥാനവും ഇവിടെയുള്ള ഒരാൾക്കും സങ്കല്പിക്കാൻപോലും കഴിയില്ല. എന്നിട്ടും ആരും എന്നെ വേണ്ടപോലെ ഗൗനിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നില്ല.’’

തൊട്ടടുത്തുള്ള ബെഞ്ചുകളിൽ ഇരിക്കുന്ന ചിലരെ ചൂണ്ടിക്കാട്ടി. വൃദ്ധൻ പറഞ്ഞു: ‘‘ഇവരെല്ലാം ഉയർന്നസ്ഥാനങ്ങൾ വഹിച്ചിരുന്നവരാണ്, ചിലർ നിങ്ങളെക്കാൾ ഉയർന്ന സ്ഥാനങ്ങളിലിരുന്നവരാണ്. ഒരു കാര്യം ഓർക്കണം, ഉദ്യോഗത്തിൽനിന്നു വിരമിച്ചു കഴിഞ്ഞാൽ എല്ലാവരും ഫ്യൂസ് പോയ ബൾബുപോലെയാണ്. ഫ്യൂസ് പോയിക്കഴിഞ്ഞാൽ നൂറു വാട്ടിന്റെ ആയാലും ആയിരം വാട്ടിന്റെ ആയാലും പതിനായിരം വാട്ടിന്റെ ആയാലും ബൾബുകൾ തമ്മിൽ ഒരു വ്യത്യാസവുമില്ല.’’ ലോകത്തിന്റെ സ്വഭാവം നമ്മൾ മനസ്സിലാക്കിയിരിക്കണം. ജീവിതത്തിൽ എന്തൊക്കെ പദവികളും അധികാരങ്ങളും നേടിയാലും അതൊന്നും ശാശ്വതമല്ല. ഒടുവിൽ ആ പദവികളുടെയും സർട്ടിഫിക്കറ്റുകളുടെയും സ്ഥാനത്ത് ഒരു സർട്ടിഫിക്കറ്റ് മാത്രം ബാക്കിയാകും -മരണസർട്ടിഫിക്കറ്റ്.

പദവികളെയും സ്ഥാനങ്ങളെയും കൈവിടാൻ മടിച്ചുനിന്നാൽ അതു ജീവിതത്തെ ഒന്നുകൂടി സങ്കീർണമാക്കും. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിന്റെ സ്വഭാവം തിരിച്ചറിയാൻ കഴിഞ്ഞാൽ, തെറ്റായ പ്രതീക്ഷകളോടെ നാം ജീവിതത്തെ സമീപിക്കുകയില്ല. മാറിമാറിവരുന്ന ജീവിതസാഹചര്യങ്ങളെ യാഥാർഥ്യബോധത്തോടെ സമീപിക്കാനും സമചിത്തതയോടെ സ്വീകരിക്കാനും നമുക്കു സാധ്യമാകും.