വാഷിങ്ടൺ: റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതിനായി അമേരിക്ക ആസൂത്രണം ചെയ്ത തന്ത്രപരമായ നീക്കമാണ് 'ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026'. റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന ഇന്ത്യ, ചൈന ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് മേൽ സാമ്പത്തിക ഉപരോധ ഭീഷണി ഉയർത്തി റഷ്യൻ എണ്ണ വ്യാപാരം തടയുകയാണ് ഈ നിയമത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. എന്നാൽ, റഷ്യയെ സമ്മർദത്തിലാക്കാൻ മറ്റ് രാജ്യങ്ങളുടെ മേൽ നിബന്ധനകൾ അടിച്ചേൽപ്പിക്കുമ്പോഴും, സ്വന്തം ആഭ്യന്തര ഊർജ മേഖലയ്ക്ക് തിരിച്ചടിയാകുന്ന ഒരു നീക്കത്തിനും അമേരിക്ക തയ്യാറല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

To advertise here,

സ്വന്തം ആണവനിലയങ്ങൾക്കാവശ്യമായ കുറഞ്ഞ സാന്ദ്രതയുള്ള യുറേനിയം (LEU) റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക നിയമത്തിൽ പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്. യു.എസ്. എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കുപ്രകാരം, അമേരിക്കയിലെ 96 ലൈറ്റ് വാട്ടർ റിയാക്ടറുകളുടെ പ്രവർത്തനത്തിന് കുറഞ്ഞ സാന്ദ്രതയുള്ള യുറേനിയം ഇന്ധനമായി ആവശ്യമാണ്. ഇത്തരത്തിൽ പ്രതിവർഷം 2,000 മെട്രിക് ടൺ യുറേനിയം അമേരിക്കയ്ക്ക് ആവശ്യമായി വരുന്നു.

യു.എസ്. ഇന്റർനാഷണൽ ട്രേഡ് കമ്മിഷന്റെ കണക്കുകൾ പ്രകാരം റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിനുശേഷം അമേരിക്ക റഷ്യയിൽനിന്നുള്ള എൻറിച്ച്ഡ് യുറേനിയം ഇറക്കുമതി 23.75 ശതമാനം വർധിപ്പിച്ചു. 2022-ൽ 829.75 മില്യൺ ഡോളറായിരുന്ന ഇറക്കുമതി 2025-ൽ 1026.78 മില്യൺ ഡോളറായി ഉയർന്നു. യുറേനിയം ഇറക്കുമതിയിൽ ഇന്ന് അമേരിക്ക ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് റഷ്യയെയാണ്.

എന്തുകൊണ്ട് നിയമം ഇന്ത്യക്ക് നിർണായകമാകുന്നു?

കപ്ലറിന്റെ കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ ഇന്ത്യ പ്രതിദിനം 2.08 മില്യൺ ബാരൽ റഷ്യൻ എണ്ണയാണ് ഇറക്കുമതി ചെയ്തത്. ഇത് ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 45 ശതമാനമാണ് (മുൻ മാസങ്ങളിൽ ഇത് 50 ശതമാനത്തിലധികമായിരുന്നു). പശ്ചിമേഷ്യൻ യുദ്ധം കാരണം ആഗോള വിപണിയിൽ എണ്ണ ലഭ്യത കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ, റഷ്യൻ എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നത് ഇന്ത്യയുടെ ഊർജ സുരക്ഷയ്ക്ക് ഭീഷണിയാകും. 

ഈ നിയമം നിലവിൽവന്നാൽ ഇന്ത്യ-യു.എസ്. ബന്ധത്തിലും ആഗോള വിപണിയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ അമേരിക്കൻ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ഊർജ സ്രോതസ്സുകൾ വൈവിധ്യവത്കരിച്ച് രാജ്യത്തിന്റെ ഊർജ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.