വീട് അടച്ചുപൂട്ടി, സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് ജയശ്രീ ടീച്ചര്‍ക്ക് മോട്ടര്‍ ഓഫ് ചെയ്തില്ലെന്ന ഓര്‍മ വന്നത്. അല്ലെങ്കിലേ വൈകി... വീണ്ടും വീട് തുറന്ന് അകത്തുകയറി എല്ലാ സ്വിച്ചും ഓഫാണെന്ന് ഉറപ്പിച്ചു. അങ്ങനെയും പത്തു മിനിറ്റ് വൈകി. റോഡിലെ ട്രാഫിക്കും താണ്ടി സെമിനാര്‍ ഹാളിലെത്തിയപ്പോള്‍ സ്വാഗതപ്രസംഗം കേട്ടു. ബൈക്ക് സ്റ്റാന്‍ഡില്‍ വയ്ക്കുമ്പോള്‍ സൗദ ഓട്ടോ ഇറങ്ങി. ചായയും വടയും കേക്കുമുള്ള പാത്രങ്ങള്‍ താഴെയിറക്കുന്ന തിരക്കിലാണ് സൗദ.
'ഞാന്‍ വൈകി സൗദേ...കേറട്ടെ...'

'ഞാനുമതേ ടീച്ചറേ... എല്ലാം തീര്‍ത്തിറങ്ങണ്ടേ'യെന്ന് മറുപടിയും കിട്ടി.
പടികയറുമ്പോള്‍ സെമിനാറില്‍ വിഷയമവതരിപ്പിക്കുന്ന ശബ്ദം അടുത്തുവന്നു. 'സ്ത്രീകള്‍ക്കുമുണ്ട് സ്വാതന്ത്ര്യത്തിന്റെ ചിറകുകള്‍. അതു തിരിച്ചറിഞ്ഞ് അവള്‍ ഉയരങ്ങളിലേക്ക് പറക്കണം. വീടിന്റെ, അടുക്കളയുടെ, ഉത്തരവാദിത്തങ്ങളെല്ലാം കെട്ടിവയ്ക്കാനുള്ള ഇടമല്ല അവള്‍. ഇന്നത്തെ സ്ത്രീകള്‍ പഴയ കാലത്തെപ്പോലെ കരിയും പുകയും കൊണ്ടുകിടക്കുന്നവരല്ല, സ്വപ്നങ്ങളാണ് അവരുടെ ജീവിതത്തിന് നിറമേകുന്നത്....'
ജയശ്രീ ടീച്ചര്‍ രണ്ടാമത്തെ വരിയിലെ അറ്റത്തെ കസേരയിലിരുന്നു.
'എന്താണ് ടീച്ചറേ, സമയത്തിന് വന്നുകൂടെ.... രണ്ടു മാസത്തിലൊരിക്കലാണ് സംഘടന ഒരു സെമിനാര്‍ നടത്തുന്നത്' മോഹനന്‍ മാഷിന്റെ ചോദ്യത്തിനുള്ള മറുപടി ജയശ്രീ മനസ്സിലാണ് പറഞ്ഞത്.
'സമയം-അതാണല്ലോ ഇല്ലാത്തത്. രാവിലെ എണ്ണീറ്റാല്‍ എത്ര ഓടിയാലും തീരാത്ത ജോലികള്‍. സമയത്തിന്റെ വേഗത്തിനു മുന്‍പില്‍ തോറ്റുപോകാന്‍ തുടങ്ങിയിട്ട് എത്രനാളായി?'
ചിന്തയെ മുറിച്ച് മൈക്കിലൂടെ വീണ്ടും പ്രഭാഷകയുടെ ശബ്ദം.
'നമ്മുടെ അമ്മൂമ്മയും അമ്മയും വീട്ടമ്മമാര്‍ മാത്രമായി. നമ്മുടെ തലമുറ കുറേക്കൂടി മുന്നോട്ടുപോയി. സാമ്പത്തിക സുരക്ഷയുള്ളവളാണ് ഇന്നത്തെ സ്ത്രീ...'
കുറച്ചുനേരമങ്ങനെ കേട്ടിരുന്നപ്പോള്‍ ജയശ്രീയുടെ ഓര്‍മ വീണ്ടും വീടിനെക്കുറിച്ചായി.
ഞായറാഴ്ച പുട്ടും കടലയുമുണ്ടാക്കണമെന്ന് ഉണ്ണിയേട്ടന്‍ പറഞ്ഞതാണല്ലോ. രാത്രി കടല വെള്ളത്തിലിടണം, ഉള്ളിയും മുറിച്ച് വച്ചാല്‍ അത്രയും പണി ലാഭം. അപ്പോഴാണ് വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് എഴുതാന്‍ മറന്നുവല്ലോയെന്ന് ഓര്‍ത്തത്. വാട്‌സ്ആപ്പിലെ സ്വന്തം നമ്പറിലേക്ക് തന്നെയെഴുതിയിടുന്നതാണ് പുതിയ ശീലം. മല്ലിപ്പൊടി, മുളകുപൊടി, പേസ്റ്റ്, ഡിഷ് വാഷര്‍, മോന്റെ ബൂസ്റ്റ്, ഉണ്ണിയേട്ടന്റെ ഓട്‌സ്... എല്ലാം തീരാറായെന്ന് ജയശ്രീ ഓര്‍ത്തു.

To advertise here,

ഇടയ്ക്ക് ഫോണ്‍ വന്നപ്പോള്‍ പുറത്തുപോയി. പ്ലംബര്‍ ഗോപിയാണ്.
'അല്ല ടീച്ചറേ, നിങ്ങള്‍ ഇന്നുണ്ടാവുമെന്ന് പറഞ്ഞതല്ലേ, ഞാന്‍ വന്നപ്പോള്‍ വീടു പൂട്ടികിടക്കുന്നു. മൂപ്പരില്ലേ...'
'ഉണ്ണിയേട്ടന്‍ ആഴ്ചയിലൊരിക്കലാണ് വരുക. ശനിയാഴ്ച രാത്രി വരും. തിങ്കളാഴ്ച പുലര്‍ച്ചെ പോകും. ഗോപി നാളെ വരാമോ?'
ടീച്ചറുടെ ഉത്തരത്തെക്കാളുച്ചത്തില്‍ പ്രഭാഷകയുടെ ശബ്ദം.
'പെണ്‍മക്കള്‍ക്ക് വിഭ്യാഭ്യാസം കൊടുക്കണം. അതാണ് അവര്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്പത്ത്. ആ കരുത്തിലാണ് അവള്‍ നാളെയുടെ പ്രതിനിധികളാവുക...'
ഹാളില്‍ കയറാന്‍ തുടങ്ങുമ്പോ സൗദ ചോദിച്ചു.
'ഇവര് പറയണതൊക്കെ പോയിന്റാ അല്ലേ, ടീച്ചറേ... എനിക്ക് നല്ല ഇഷ്ടമായി. ചായക്കിറങ്ങുമ്പോ പറ്റിയാല്‍ പരിചയപ്പെടണം. ടിവീല് കാണണപ്പോലെത്തന്നെ.. എന്തു ഭംഗിയാ ല്ലേ...'
തലയാട്ടി അകത്തുകയറാനൊരുങ്ങുമ്പോ സൗദ വീണ്ടും ചോദിച്ചു.
'പക്ഷേ ടീച്ചറേ, സത്യത്തില്‍ ഈ സ്ത്രീകള്‍ക്ക് കൂടുതല്‍ ദുരിതം ഇപ്പോഴല്ലേ... പഠിച്ചതുകൊണ്ട് ഓഫീസിലും ജോലിചെയ്യണം. അത് കഴിഞ്ഞ് വീട്ടുജോലിയും ചെയ്യണം. പണം കിട്ടിയാല്‍ അത് ഇഷ്ടത്തിന് ചെലവാക്കാന്‍ പറ്റുമോ, അതുമില്ല.
പെണ്ണ് പഠിച്ചാലും അടുക്കളജോലി ചെയ്യണം. പഠിച്ചില്ലെങ്കിലും അടുക്കളയില്‍ കിടന്നു കഷ്ടപ്പെടണം എന്നത് സങ്കടമാണല്ലേ..'
അതു ശരിയാണല്ലോയെന്നായി ജയശ്രീ.
'ഇനി പഠിക്കാത്ത എന്നെപ്പോലെയുള്ളോര്‍ടെ തലയിലെഴുത്താണ് ശരിക്കും സങ്കടം. കുടുംബം നോക്കാനും അടുക്കളയില്‍ കേറണം. ചായയും കടിയും വിറ്റ പൈസ കൊണ്ട് വേണം, വീടു കഴിയാന്‍. മൂപ്പര്‍ക്ക് പണിക്കു പോവാന്‍ മടി. ഞാന്‍ രാവിലെ 100 ആപ്പം ഉണ്ടാക്കും, അടുത്തുള്ള ഹോട്ടലിലേക്ക്. അവര്‍ക്കുതന്നെ വടയും സമൂസയും വൈകിട്ട് ഞാനെത്തിക്കും. പിന്നെ കല്യാണ കാറ്ററിങ്ങിന് ടേബിള്‍ തുടയ്ക്കാനും പാത്രം കഴുക്കാനും പോവും. മൂന്നു മക്കളെ നോക്കണ്ടേ... അതിന്റെടേല് ഈ പറഞ്ഞ പോലെ സ്വപ്നം കാണാനും ചിറകുവിരിക്കാനും ഒന്നും പറ്റൂല. എങ്ങനേലും നടുനിവര്‍ത്തണം, പുലര്‍ച്ചെ എണീക്കണം, മക്കളെ നോക്കണം-ഇതല്ലാതെ വേറെ ചിന്ത പോലും എനിക്കില്ല ടീച്ചറേ...'
തട്ടം ശരിയാക്കുന്ന സൗദ അടുത്തയാളെ കണ്ട് ചിരിച്ചു. അതു ശാലിനി ടീച്ചറാണ്. സ്‌കൂളു വേറെയാണ്. ആളിപ്പോ പ്രസവാവധി കഴിഞ്ഞ് ജോലിയില്‍ കേറിയിട്ടേയുള്ളൂ.

'എന്താ...ടീച്ചറേ, വീണ്ടും അമ്മയായതിന്റെ ഗമയാണോ... കാണാനില്ലല്ലോ...'
'ഓ മോള് വല്യ കരച്ചിലാ... ഞാന്‍ മാറിയാല്‍ തുടങ്ങും. മൂത്തയാള്‍ക്കും ഇതുവരെയില്ലാത്ത വാശി. അമ്മയ്ക്ക് ഒറ്റയ്ക്ക് ആവില്ലാന്ന് അറിയാം. എവിടെയും പോവാറില്ല ഇപ്പോള്‍. വീട്-സ്‌കൂള്, സ്‌കൂള്-വീട് അത്രന്നേ... പണ്ട് അമ്മാമ്മ പറയുമായിരുന്നു കല്യാണം കഴിഞ്ഞാല്‍ കാലിലൊരു കെട്ടുപോലെ, കുഞ്ഞുണ്ടായിക്കഴിഞ്ഞാല്‍ തൂണില്‍ കെട്ടിയിട്ട പോലെ... കാലം മാറീന്ന് പറയുമ്പോഴും അതുശരിയാന്ന് എനിക്ക് തോന്നാണ് ടീച്ചറേ... ഉത്തരവാദിത്തങ്ങളില്‍ കെട്ടിയിട്ട പോലെ ജീവിതം... കുടുംബത്തിനുവേണ്ടി ചെയ്യണതൊക്കെ സന്തോഷമാണ്. ഒരു ഭാരവുമല്ല. പക്ഷേ, നമുക്കിഷ്ടമുള്ള പോലെ ഒന്നുറങ്ങാനോ വായിക്കാനോ ഒരുങ്ങാനോ ഒന്നിനും നേരമില്ലാത്ത അവസ്ഥ. എന്റെ അമ്മയിങ്ങനെയായിരുന്നു, ഞങ്ങള്‍ ചെറുതായിരുന്നപ്പോള്‍. പെണ്ണിന് വല്യ പഠിപ്പൊന്നും വേണ്ടന്ന് അപ്പൂപ്പന്‍ പറഞ്ഞപ്പോള്‍ ഡിഗ്രി ഒന്നാം ക്ലാസില്‍ പാസായിട്ടും പുസ്തകം മടക്കിവച്ച് വീട്ടമ്മയായി. അമ്മയ്ക്ക് പക്ഷേ നിര്‍ബന്ധമായിരുന്നു, എന്നെയും ചേട്ടനേയും ഒരേപോലെ വളര്‍ത്തണമെന്ന്. രണ്ടുപേരും സ്‌കൂള്‍ ടീച്ചര്‍മാരായി. പക്ഷേ വീട്ടിലെത്തുമ്പോള്‍ ഞാന്‍ എന്റെ അമ്മയെപ്പോലെ അടുക്കളയിലും മുറികളിലുമൊക്കെ പാഞ്ഞു നടന്ന്, പണിചെയ്ത്...'

ഇടയ്‌ക്കൊന്ന് സൗദ ഇടപ്പെട്ടു. ''പിള്ളേര്‍ടെ കാര്യത്തില്‍ എല്ലാ ഉത്തരവാദിത്തവും പ്രസവിച്ചവള്‍ക്ക് തന്നെ. പനി വന്നാലും വീണാലും കരഞ്ഞാലും നമ്മള്‍ നോക്കണം. എത്ര ആണ്ണുങ്ങളുണ്ടാകും ടീച്ചറേ, കുട്ടികള് അപ്പിയിട്ടാ കഴുകാനറിയുന്നവര്... എണ്ണിയെടുക്കാന്‍ പറ്റും അല്ലേ...?''
''മൂത്തയാള്‍ക്ക് എന്നും ചുമയും പനിയുമാണ്. ഞാന്‍ തന്നെ വേണം ഡോക്ടറെ കാണിക്കാനും നോക്കാനും. ഇതിന് ലീവ് ചോദിച്ചാലോ... പെണ്ണുങ്ങളായതോണ്ട് ഇങ്ങനെ കാര്യം പറഞ്ഞ് ലീവെടുക്കാലോ... എന്ന പരിഹാസവും. സൗദയ്ക്ക് അത് സഹിക്കണ്ടല്ലോ...'' ശാലിനി അകത്തുകയറിപ്പോയി. ഹാളിന്റെ സൈഡിലിട്ട കസേരകളില്‍ കോളേജുകാരികള്‍. അപ്പോള്‍ ജയശ്രീയോര്‍ത്തത് തന്റെ കോളേജ്കാലമാണ്. അന്ന് യൂണിയന്‍ സെക്രട്ടറിയാണ്. വനിതാദിനത്തില്‍ 'സ്ത്രീയും സ്വാതന്ത്ര്യവു'മെന്ന വിഷയത്തില്‍ നടത്തിയ പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ജയശ്രീ മിടുക്കി തന്നെയെന്ന് എല്ലാവരും പറഞ്ഞു. എല്ലായിടത്തും തുല്യത വേണം എന്നതായിരുന്നു അന്നു പറഞ്ഞതിലെ പ്രധാന കാര്യം. പ്രസംഗം ഗംഭീരമായെങ്കിലും ജീവിതത്തില്‍ പറഞ്ഞതൊന്നും നടപ്പാക്കാനായില്ല.

ഭൂരിഭാഗം പെണ്ണുങ്ങളും ഓട്ടത്തിലാണ്. ഒരു വട്ടത്തിലിങ്ങനെ കിടന്ന് ഓട്ടം തന്നെയോട്ടം. ഇപ്പോ തീരും, നമ്മള്‍ ജയിക്കും എന്നൊക്കെ തോന്നണ പ്രായത്തില്‍ ഓട്ടത്തിന് ഉശിരുണ്ടാകും. പക്ഷേ, എത്രയോടിയാലും ഇത് തീരില്ലെന്ന് മനസ്സിലാവണ സമയം മുതല്‍ ക്ഷീണിച്ചു തുടങ്ങും.-
ജയശ്രീയുടെ ചിന്തകള്‍ മുറിച്ച് അകത്തെ ഹാളില്‍ നീണ്ട കയ്യടി.
പ്രഭാഷണം തീര്‍ന്നു. എല്ലാവരും ചായ കുടിക്കാനിറങ്ങി. കൂട്ടത്തിലെ കോളേജ്കുട്ടികള്‍ തീപ്പൊരി പ്രാസംഗികയ്ക്ക് പിന്നാലെ. 'മാഡം.. ഞങ്ങള്‍ അങ്ങനെ അടുക്കളയില്‍ തീരില്ല. വീ ആര്‍ സ്‌ട്രോങ്...'
അവരങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സൗദ ചായ കൊടുക്കുന്ന തിരക്കില്‍. ശാലിനി ബാഗുമെടുത്ത് ഓടുന്നു. ജയശ്രീയും മെല്ലെയിറങ്ങി. സാധനങ്ങളെല്ലാം വാങ്ങി വീടെത്തി. ഊണു കഴിച്ച് ഒരു കൊട്ട പാത്രം കഴുകി. രാത്രിയിലേക്കുള്ള ചിക്കന്‍കറിക്ക് ഉള്ളിയരിയാന്‍ ടി.വി.ക്ക് മുന്നിലെത്തി. ടി.വിയിലപ്പോള്‍ സിനിമ. 'ഒരു സ്ത്രീയുടെ സ്വപ്നങ്ങള്‍ക്ക് ആരാണ് പരിധി നിശ്ചയിക്കുന്നത്' എന്നു ചോദിക്കുന്ന മഞ്ജു വാര്യര്‍.
അതും കണ്ട് ജയശ്രീ സോഫയിലിരുന്ന് ഉള്ളിയരിഞ്ഞു. നീറിക്കൊണ്ടിരുന്ന കണ്ണുകള്‍ ഇടയ്ക്കിടെ തുടച്ചു.