കൃഷിയിടത്തിൽ നിന്ന് ഭക്ഷണത്തിലേയ്ക്ക് എത്തുന്ന കീടനാശിനികള്‍, കുടിക്കുന്ന വെള്ളത്തിലെ വിഷ-രാസവസ്തുക്കള്‍, വായുവിലെ മലിനീകരണം, വീടിനടുത്തുള്ള മാലിന്യം എന്നിവയെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമുക്ക് ചുറ്റുമുള്ള മിക്കവാറും എല്ലാ കാര്യങ്ങളിലും വ്യത്യസ്ത അളവില്‍ ചിലതരം രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. അപകടകരമായ ഒരു രാസവസ്തു കഴിക്കുന്നതിന്റെ അനന്തരഫലങ്ങള്‍ നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല, മാത്രമല്ല ഏതൊക്കെ രാസവസ്തുക്കള്‍ നമുക്ക് നല്ലതാണെന്നും ഏതൊക്കെയാണ് അപകടകാരികളെന്നും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. നിലവിലെ ഈ സാഹചര്യത്തില്‍ ടോക്‌സിക്കോളജി എന്ന ശാഖയ്ക്ക് പ്രാധാന്യമേറുകയാണ്. വളര്‍ന്ന് വരുന്ന ഈ തൊഴില്‍ മേഖലയെ കുറിച്ചറിയാം

To advertise here,

ടോക്‌സിക്കോളജി എന്നാല്‍...

വിഷവസ്തുക്കളെയോ രാസവിഷാംശങ്ങളെയോ കുറിച്ചുള്ള പഠനമാണ് ടോക്‌സിക്കോളജി. നമ്മുടെ ദൈനംദിന ജീവിതത്തില്‍ വിവിധ രാസവസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചതിനാല്‍, അപകടസാധ്യതയിലും ആനുപാതികമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇന്നത്തെ തലമുറ അവരുടെ ഭക്ഷണങ്ങള്‍, വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, വായു, വെള്ളം എന്നിവയില്‍ നിരവധി രാസവസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു. ഈ സാഹചര്യത്തില്‍, ഈ രാസവസ്തുക്കളില്‍ ഏതെങ്കിലും ശരീരത്തിന് ഹാനികരമാണോ എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അവ ദോഷകരമാണെങ്കില്‍, സുരക്ഷിതമായ ലെവലുകള്‍ എന്താണെന്നും അല്ലാത്തത് എന്താണെന്നും അറിയേണ്ടത് ആവശ്യമാണ്. 

ആരാണ് ടോക്‌സിക്കോളജിസ്റ്റുകള്‍? 

ജനിതകശാസ്ത്രം, മോളിക്യുലാര്‍ ബയോളജി തുടങ്ങിയ പാരാമീറ്ററുകളില്‍ വിവിധ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് രാസവസ്തുക്കളുടെയും വിഷവസ്തുക്കളുടെയും സാന്നിധ്യം ശാസ്ത്രീയമായി കണ്ടുപിടിക്കുന്നവരാണ് ടോക്സിക്കോളജിസ്റ്റുകള്‍. നമുക്കു ചുറ്റുമുള്ള വിവിധ വസ്തുക്കളില്‍ വിഷാംശങ്ങളുടെ അളവ് പരിശോധിക്കുകയും നിര്‍ണയിക്കുകയും ഇവ സുരക്ഷാപരിധി ലംഘിക്കുന്നതു തടയുകയുമെല്ലാം ചെയ്യുന്നത് ടോക്സിക്കോളജിസ്റ്റുകളാണ്. വായു, വെള്ളം, ഭക്ഷണം, മരുന്നുകള്‍, കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട എല്ലായിടത്തും വിഷാംശങ്ങളടങ്ങിയ പദാര്‍ത്ഥങ്ങളുടെ സാന്നിദ്ധ്യമുണ്ടാകും. ഇത് എത്രവരെയാകാം എന്ന പരിശോധനയാണ് ഇവര്‍ നടത്തുന്നത്. വിഷാംശങ്ങളുടെ തോത് കൂടുതലുള്ള പ്രത്യേക തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ ആരോഗ്യാവസ്ഥയും ഇവര്‍ പരിശോധിക്കും. 

ടോക്‌സിക്കോളജിസ്റ്റാകാന്‍?

മെഡിസിന്‍, വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് ടോക്സിക്കോളജിയിലേയ്ക്കുള്ള പാത എളുപ്പമാണ്. ഫാര്‍മസി, ബയോകെമിസ്ട്രി, ബയോടെക്നോളജി, മൈക്രോബയോളജി, എന്‍വയണ്‍മെന്റല്‍ ബയോളജി, ബോട്ടണി, കെമിസ്ട്രി, സുവോളജി തുടങ്ങിയ ലൈഫ് സയന്‍സുന്‍സ് വിഷയങ്ങളിലെ ബിരുദധാരികള്‍ക്കും എം.എസ്സി. ടോക്സിക്കോളജിയില്‍ പ്രവേശനം നേടാവുന്നതാണ്. തുടര്‍ന്ന് ഗവേഷണവുമാകാം. 

തൊഴില്‍ സാധ്യതകള്‍

ഇന്ത്യയിലും വിദേശത്തും ടോക്സിക്കോളജിസ്റ്റുകള്‍ക്ക് വന്‍ അവസരങ്ങളാണുള്ളത്. അധ്യാപനം, വ്യവസായ സ്ഥാപനങ്ങളിലെ ജോലി എന്നിവയില്‍ തുടങ്ങി ഗവേഷണത്തിന്റെ വിവധ തലങ്ങളിലേക്ക് വളരുന്നതാണ് ജോലി. മിക്ക ടോക്‌സിക്കോളജിസ്റ്റുകളും ഗവേഷണത്തിന്റെ പാത പിന്തുടരാന്‍ ഇഷ്ടപ്പെടുന്നവരാണ്. സര്‍വ്വകലാശാലകളിലോ ഗവേഷണ സ്ഥാപനങ്ങളിലോ ജോലി നേടാം. വിഷവസ്തുക്കളുടെ സവിശേഷതകള്‍ അന്വേഷിക്കാം അല്ലെങ്കില്‍ അറിയപ്പെടുന്ന രാസവസ്തുക്കളുടെ പുതിയ ടോക്‌സിക് ഇഫക്റ്റുകള്‍ കണ്ടെത്തുകയും അവയെ എങ്ങനെ മറികടക്കാമെന്നും കണ്ടെത്തുകയും ചെയ്യാം. ജീവശാസ്ത്ര പശ്ചാത്തലമുണ്ടെങ്കില്‍ ഫോറന്‍സിക് ടോക്‌സിക്കോളജിസ്റ്റായി പ്രവര്‍ത്തിക്കാനും കഴിയും. പുതുതായി വികസിപ്പിച്ച മരുന്നുകള്‍ സുരക്ഷിതമാണോ എന്നും അവയുടെ വിവിധ ഘടകങ്ങളിലെ സാന്ദ്രത എത്രമാത്രം ഹാനികരമാണെന്ന് നിര്‍ണയിക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും ടോക്‌സിക്കോളജിസ്റ്റുകളെ നിയമിക്കുന്നു.

വായുവിലെയും വെള്ളത്തിലെയും വിഷ സംയുക്തങ്ങളുടെ അളവ് നിരീക്ഷിക്കുന്നതിനും സുരക്ഷിതമായ അന്തരീക്ഷനില എന്താണെന്ന് നിര്‍ണ്ണയിക്കുന്നതിനും പരിസ്ഥിതി ഏജന്‍സികളും സ്വകാര്യ കമ്പനികളും പൊതുമേഖലാ സ്ഥാപനങ്ങളും ടോക്‌സിക്കോളജിസ്റ്റുകളെ നിയമിക്കാറുണ്ട്. ടോക്‌സിക്കോളജിസ്റ്റുകള്‍ സ്വതന്ത്ര കണ്‍സള്‍ട്ടന്റുമാരായും വിദഗ്ധരായും പ്രവര്‍ത്തിക്കാറുണ്ട്. ടോക്‌സിക്കോളജിയില്‍ അധ്യാപനം പോലുള്ള അക്കാദമിക് തൊഴില്‍ സാധ്യതകളുമുണ്ട്.

ടോക്‌സിക്കോളജിയിലെ വിവിധ മേഖലകള്‍

ടോക്‌സിക്കോളജി മേഖല വ്യാപകമാണ്. ഫോറന്‍സിക്‌സ് സയന്‍സ് മുതല്‍ മെഡിക്കല്‍ സയന്‍സ് വരെ ടോക്‌സിക്കോളജിയുടെ വിവിധ മേഖലകള്‍ വ്യാപിച്ച് കിടക്കുന്നു. ക്ലിനിക്കല്‍ ടോക്‌സിക്കോളജി, റെഗുലേറ്ററി ടോക്‌സിക്കോളജി, ഒക്യുപേഷണല്‍ ടോക്‌സിക്കോളജി, ഫോറന്‍സിക് ടോക്‌സിക്കോളജി, മെഡിക്കല്‍/ഫാര്‍മസ്യൂട്ടിക്കല്‍ ടോക്‌സിക്കോളജി, എന്‍വയോണ്‍മെന്റല്‍ ടോക്‌സിക്കോളജി, അക്വാറ്റിക് ടോക്‌സിക്കോളജി, ഇന്‍ഡസ്ട്രിയല്‍ ടോക്‌സിക്കോളജി എന്നിവയാണ് ടോക്‌സിക്കോളജിയിലെ പ്രധാന സ്‌പെഷ്യലൈസേഷനുകള്‍. ഓരോ സ്‌പെഷ്യലൈസേഷനും അതിന്റേതായ പ്രത്യേകതകളുണ്ട്. ഉദാഹരണത്തിന്, ഒരു മെഡിക്കല്‍ ടോക്‌സിക്കോളജിസ്റ്റിന്റെ റോളില്‍ വിഷബാധ കണ്ടെത്തുന്നതും ഫലപ്രദമായ ചികിത്സയെക്കുറിച്ച് ഉപദേശിക്കുന്നതും ഉള്‍പ്പെടുന്നു. ചില രാസവസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ മയക്കുമരുന്ന് അമിതമായി കഴിച്ചവരോ ഇതില്‍ ഉള്‍പ്പെട്ടേക്കാം. നിയമപരമായ സാഹചര്യത്തില്‍ രാസവസ്തുക്കളുടെ നിയമവിരുദ്ധമായ ഉപയോഗം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഫോറന്‍സിക് ടോക്‌സിക്കോളജിസ്റ്റ് കൈകാര്യം ചെയ്യും. 

പ്ലസ് ടു തലത്തില്‍ സയന്‍സ് പഠിക്കണം

പ്ലസ് ടു തലത്തില്‍ ബയോളജിയും കെമിസ്ട്രിയും പഠിച്ചവര്‍ക്ക് ടോക്‌സിക്കോളജി പഠനത്തിലേയ്ക്ക് തിരിയുവാന്‍ കഴിയും. ബോട്ടണി, വെറ്ററിനറി സയന്‍സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി, സുവോളജി അല്ലെങ്കില്‍ മെഡിസിന്‍ എന്നിവയില്‍ ബിരുദം നേടിയവര്‍ക്ക് അല്ലെങ്കില്‍ ബയോളജിക്കല്‍ സയന്‍സസില്‍ സയന്‍സ് ബിരുദം കരസ്ഥമാക്കിയവര്‍ക്ക് ടോക്‌സിക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടാം.

പഠന കേന്ദ്രങ്ങള്‍

  • സെന്‍ട്രല്‍ ഡ്രഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ലഖ്നൗ. (https://cdri.res.in/) 
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോക്‌സിക്കോളജി റിസര്‍ച്ച്, ലഖ്‌നൗ. (https://iitr.res.in/) 
  • നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, എസ്എഎസ് നഗര്‍, പഞ്ചാബ്. (https://niper.gov.in/) 
  • മദ്രാസ് യൂണിവേഴ്‌സിറ്റി (www.unom.ac.in) 
  • ജാമിയ ഹംദര്‍ദ്, ഡല്‍ഹി (www.jamiahadard.edu) 
  • ചൗധരി ചരണ്‍ സിംഗ് യൂണിവേഴ്‌സിറ്റി, മീററ്റ് (www.ccsuniversoty.ac.in)
  • നാഷണല്‍ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്‌സിറ്റി, ഗാന്ധിനഗര്‍, ഗുജറാത്ത് (www.nfsu.ac.in)
  • ഡോ. ഇന്ദ്രാവദാന്‍ പി. പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ടെക്‌നോളജി ആന്‍ഡ് റിസര്‍ച്ച്, ആനന്ദ്, ഗുജറാത്ത്. (www.drippmedical.in) 

കൂടാതെ രാജ്യത്തെ പല വെറ്ററിനറി കോളേജുകളിലും ടോക്സിക്കോളജി പഠനത്തിന് അവസരങ്ങളുണ്ട്.