താജ്മഹലും ഐക്യരാഷ്ട്രസഭയും ടാറ്റാ സ്റ്റീല്‍ കമ്പനിയും ലക്ഷംവീട് പദ്ധതിയുമെല്ലാം ആദ്യം രൂപം കൊണ്ടത് എവിടെയാണ്? അവയുടെ സൃഷ്ടാക്കളുടെ മനസ്സുകളില്‍. മഹാഭാരതവും ഒഡീസിയുമൊക്കെ ആദ്യം രചിക്കപ്പെട്ടത് എവിടെയാണ്? അവയുടെ രചയിതാക്കളുടെ മനസ്സുകളില്‍. ഹിരോഷിമയിലെ ആറ്റം ബോംബും നാസി ഭരണകൂടത്തിന്റെ ഗ്യാസ് ചേംബറുകളും ആദ്യം നിര്‍മ്മിച്ചത് എവിടെയാണ്? ഭരണകര്‍ത്താക്കളുടെ മനസ്സുകളില്‍. നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ മനുഷ്യന്റെ എല്ലാ സൃഷ്ടികളും ആദ്യം രൂപം കൊള്ളുന്നത് അവന്റെ മനസ്സിലാണ്. എല്ലാ ആശയങ്ങളും വിരിയുന്നത് അവന്റെ, അല്ലെങ്കിൽ അവളുടെ ചിന്തകളിലാണ്. എല്ലാ ആഗ്രഹങ്ങളും എല്ലാ പരിപാടികളും രൂപമെടുക്കുന്നതും മനുഷ്യന്റെ മനസ്സില്‍ തന്നെ. ആകാശത്തിനു താഴെ മനുഷ്യനെ നിയന്ത്രിക്കുവാനായി വിശേഷാധികാരം ലഭിച്ചിരിക്കുന്ന ഒരേയൊരു കാര്യം സ്വന്തം മനസ്സാണ്.

To advertise here,

എന്താണ് സൈക്കോളജി?

 മനുഷ്യരും മൃഗങ്ങളുമെല്ലാം എങ്ങനെ പെരുമാറുന്നു എന്നതിനെക്കുറിച്ചുള്ള പഠനമാണ് സൈക്കോളജി അഥവാ മനഃശാസ്ത്രം. ഒരു കോശം മാത്രമുള്ള ജീവികള്‍ മുതല്‍ മനുഷ്യജീവി വരെ ഈ പഠനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു. മനോരോഗം മാറ്റുവാനും ബുദ്ധി അളക്കുവാനും മാത്രം ഉപകരിക്കുന്ന ഒരു ശാസ്ത്രശാഖയല്ല മനഃശാസ്ത്രം.കാണുക, കേള്‍ക്കുക, ഓര്‍ക്കുക, ആലോചിക്കുക, ഗ്രഹിക്കുക, പഠിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം നാം എങ്ങനെ ചെയ്യുന്നു, എന്തിനുവേണ്ടി ചെയ്യുന്നു എന്നതൊക്കെയാണ് ഒരു മനഃശാസ്ത്രജ്ഞന് ഇഷ്ടമുള്ള വിഷയങ്ങള്‍. മനുഷ്യരും മൃഗങ്ങളുമെല്ലാം ഓരോ പ്രശ്‌നങ്ങളെയും എങ്ങനെ അഭിമുഖീകരിക്കുന്നു എന്ന് മനഃശാസ്ത്രജ്ഞന്‍ പഠിക്കുന്നു.

മനഃശാസ്ത്രത്തിലെ ഐച്ഛികവിഷയങ്ങള്‍

എല്ലാ വിഷയങ്ങളിലും എന്നപോലെ സൈക്കോളജിയിലും ധാരാളം ഉപവിഭാഗങ്ങളുണ്ട്. അതുകൊണ്ട് തന്നെ ജോലി സാധ്യതയും കൂടുതലാണ്. മനഃശാസ്ത്രത്തില്‍ ഐച്ഛികമായി എടുക്കാവുന്ന വിഷയങ്ങള്‍ താഴെച്ചേര്‍ക്കുന്നു.

ചൈല്‍ഡ് സൈക്കോളജി     

പിറന്നുവീണ നാള്‍മുതല്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും. പരാശ്രയത്തിലും നിസ്സഹായതയിലുമാണ് ചെറിയ കുട്ടിയുടെ ജീവിതം. തനിക്ക് എന്തുവേണമെന്നുപോലും മറ്റുള്ളവരെ അറിയിക്കുവാന്‍ ഒരു മാര്‍ഗവുമില്ല. കമിഴുക, നീന്തുക, മുട്ടുകുത്തി നടക്കുക, സംസാരിക്കുക, എഴുന്നേറ്റു നില്‍ക്കുക, പിടിച്ചു നടക്കുക, ഓടിനടക്കുക എന്നിങ്ങനെ പടിപടിയായി കുട്ടി പരാശ്രയം കൂടാതെ ജീവിക്കാനുള്ള കരുത്ത് നേടുന്നു. പക്ഷേ, എല്ലാ കുട്ടികളും ഒരേ പ്രായത്തിലല്ല ഇതൊക്കെ ചെയ്തു തുടങ്ങുന്നത്. കുട്ടികള്‍ വളരുന്നതിനെക്കുറിച്ചും പ്രയാസമുള്ള കാര്യങ്ങള്‍ ചെയ്യുവാന്‍ പഠിക്കുന്നതിനെക്കുറിച്ചും ജീവിതത്തിലെ വെല്ലുവിളികള്‍ തരണം ചെയ്യുന്നതിനെക്കുറിച്ചുമൊക്കെയുള്ള പഠനമാണ് ചൈല്‍ഡ് സൈക്കോളജി. കുട്ടികള്‍ തമ്മിലുള്ള വ്യത്യാസം, കുട്ടികളും മുതിര്‍ന്നവരും തമ്മിലുള്ള അന്തരം മുതലായവയും ചൈല്‍ഡ് സൈക്കോളജിസ്റ്റിന് വളരെ താല്പര്യമുള്ള വിഷയങ്ങളാണ്.

കംപാരിറ്റീവ് സൈക്കോളജി

മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ജീവസന്ധാരണ പ്രവൃത്തികളില്‍ പല രസകരമായ സാദൃശ്യങ്ങളും ഉണ്ടത്രേ! ജീവികള്‍ തമ്മിലുള്ള ഇത്തരം താരതമ്യപഠനമാണ് കംപാരറ്റീവ് സൈക്കോളജി. ഇത് പഠിക്കുന്നയാള്‍ കുരങ്ങ്, നായ, എലി, ഉറുമ്പ് മുതലായവയൊന്നും പോരാഞ്ഞ് മണ്ണിരയേയും ഏകകോശ ജീവികളെയും പോലും നിരീക്ഷണത്തിനും വിധേയമാക്കും. അതിനുശേഷം പരീക്ഷണഫലങ്ങളെ മനുഷ്യരുമായി താരതമ്യം ചെയ്യും. പല ഗോത്രങ്ങളില്‍പ്പെട്ട മനുഷ്യരെക്കുറിച്ചും കംപാരിറ്റീവ് സൈക്കോളജിസ്റ്റുകള്‍ പഠനം നടത്താറുണ്ട്.
    
സോഷ്യല്‍ സൈക്കോളജി

ഒറ്റയ്‌ക്കൊറ്റയ്ക്ക് പെരുമാറുന്നതുപോലെയാണോ നമ്മള്‍ കൂട്ടം കൂടിയാല്‍ പെരുമാറുന്നത്? ഒരിക്കലുമല്ല. എങ്കില്‍ പൂച്ചയെപ്പോലെ പതുങ്ങിയിരിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ ഒന്നിച്ചുകൂടി ബസ്സിന്റെ ചില്ല് എറിഞ്ഞു ഉടയ്ക്കില്ലല്ലോ. ജനങ്ങള്‍ ഒന്നിച്ചുകൂടിയാല്‍ പെരുമാറുന്ന വിധങ്ങളെക്കുറിച്ച് സോഷ്യല്‍ സൈക്കോളജി പ്രതിപാദിക്കുന്നു. ബന്ദും സമരവുമെല്ലാം അങ്ങനെ ആള്‍ക്കൂട്ട മനഃശാസ്ത്രത്തിൽ പഠനവിഷയമാവുന്നു, അതാണ് ഒരു സോഷ്യല്‍ സൈക്കോളജിസ്റ്റ് ചെയ്യുന്നത്.

അബ്നോര്‍മല്‍ സൈക്കോളജി

അസാധാരണമായി പെരുമാറുന്നവരെക്കുറിച്ചുള്ള പഠനമാണ് അബ്‌നോര്‍മല്‍ സൈക്കോളജി. ഒരാള്‍ അസാധാരണമായി പെരുമാറുന്നുവെങ്കില്‍ അതിന് എന്തെങ്കിലും കാരണം ഉണ്ടായിരിക്കണമല്ലോ. ഒരു ഡോക്ടര്‍ രോഗിയുടെ അസുഖം എന്താണെന്ന് പരിശോധിച്ച്, പഠിച്ച് ചികിത്സ നിശ്ചയിക്കുന്നതുപോലെ ഇത്തരം മനോരോഗികളെ മനഃശാസ്ത്രജ്ഞന്‍ പഠിക്കുകയും പരിഹാരങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. മനോരോഗ ആശുപത്രികളിലും ദുര്‍ഗുണ പരിഹാരപാഠശാലകളിലും മറ്റും ജോലിചെയ്യുന്ന മനഃശാസ്ത്രജ്ഞന്മാര്‍ ഈ രംഗത്ത് പരിശീലനം ലഭിച്ചവര്‍ ആയിരിക്കും.

എക്‌സ്‌പെരിമെന്റല്‍ സൈക്കോളജി

പരീക്ഷണങ്ങളില്‍ക്കൂടി തീരുമാനത്തില്‍ എത്തുന്ന രീതിയാണ് എക്‌സ്‌പെരിമെന്റല്‍ സൈക്കോളജി. സംഭവവിവരണത്തില്‍ നിന്നും നിരീക്ഷണത്തില്‍ നിന്നും തീരുമാനത്തില്‍ എത്തുന്ന മറ്റു വിഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമാണിത്. ആവശ്യാനുസരണം നിയന്ത്രിക്കപ്പെട്ട ചുറ്റുപാടുകളില്‍ തന്റെ പഠനം നടത്തുവാന്‍ എക്‌സ്‌പെരിമെന്റല്‍ സൈക്കോളജിസ്റ്റിന് കഴിയുന്നു. പ്രധാനമായും മൃഗങ്ങളില്‍ നടത്താവുന്ന ഇത്തരം പഠനങ്ങള്‍ക്ക് മനുഷ്യരുടെ കാര്യത്തില്‍ കുറേ പരിമിതികള്‍ ഉണ്ട്. നല്ലവണ്ണം വിശക്കുമ്പോഴും വല്ലാതെ ദാഹിക്കുമ്പോഴും നമ്മള്‍ എങ്ങനെ പെരുമാറുന്നു എന്നെല്ലാം ഈ രീതിയില്‍ പഠിക്കുവാന്‍ സാധിക്കും. പഠിക്കുവാനോ കളി കാണുവാനോ ഉള്ള ആവേശത്തില്‍ നമ്മള്‍ എങ്ങനെ പെരുമാറും എന്നും എക്‌സ്‌പെരിമെന്റല്‍ സൈക്കോളജിസ്റ്റ് പഠിക്കുന്നു.
    
ഫിസിയോളജിക്കല്‍ സൈക്കോളജി

ഒരാള്‍ മദ്യപിച്ച് കഴിഞ്ഞാല്‍ അയാളുടെ പെരുമാറ്റത്തില്‍ ചില വ്യത്യാസങ്ങള്‍ കാണപ്പെടും. എന്തെങ്കിലും അപകടം സംഭവിച്ചു തലച്ചോറിന് തകരാര്‍ ഉണ്ടായാലും അയാളുടെ പെരുമാറ്റത്തില്‍ വമ്പിച്ച മാറ്റം സംഭവിക്കാം. ശരീരഘടനയിലുണ്ടാകാവുന്ന വ്യത്യാസങ്ങള്‍ സ്വഭാവത്തില്‍ വരുത്തുന്ന മാറ്റത്തെക്കുറിച്ച് ഫിസിയോളജിക്കല്‍ സൈക്കോളജി പ്രതിപാദിക്കുന്നു.

എഡ്യൂക്കേഷണല്‍ സൈക്കോളജി

ഒരേ ക്ലാസ്സില്‍ ഒരേ ബെഞ്ചിലിരുന്ന് ഒരേ പുസ്തകത്തിലുള്ള കാര്യങ്ങള്‍ ഒരേ അധ്യാപകനില്‍ നിന്നും പഠിക്കുന്ന കുട്ടികള്‍ക്ക് ഒരേ മാര്‍ക്ക് കിട്ടാത്തത് എന്തുകൊണ്ടാണ്? എല്ലാ രക്ഷാകര്‍ത്താക്കളും ചോദിക്കുന്ന ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നു എഡ്യൂക്കേഷണല്‍ സൈക്കോളജി. വിദ്യാര്‍ഥികളുടെ കഴിവുകള്‍ തമ്മിലുള്ള അന്തരത്തെക്കുറിച്ചും വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചുമെല്ലാം ഈ വിഭാഗക്കാര്‍ പഠിക്കുന്നു. ഓരോ പ്രായത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഏതുവിധത്തില്‍ പഠിപ്പിച്ചാലാണ് ഏറ്റവും നന്നായി പാഠങ്ങള്‍ മനസ്സിലാക്കുക എന്നതൊക്കെ പരീക്ഷണത്തില്‍ക്കൂടി മനസ്സിലാക്കും. ഓരോ വിഷയവും എങ്ങനെ പഠിപ്പിക്കണം, പരീക്ഷാരീതി എങ്ങനെയായിരിക്കണം എന്നും ഇവര്‍ പഠിക്കുന്നു. എത്ര പറഞ്ഞാലും മനസ്സിലാകാത്തവരെയും എത്ര അടി കൊണ്ടാലും പഠിക്കാത്തവരെയുമൊക്കെ കൂട്ടുകാരാക്കും മനഃശാസ്ത്രജ്ഞന്മാർ. അവരുടെ സ്വഭാവവും താല്പര്യങ്ങളും മനസ്സിലാക്കി അവര്‍ക്ക് ചേരുന്ന തൊഴില്‍ എന്തെന്ന് പറഞ്ഞു കൊടുക്കുകയും ചെയ്യും.

സ്പോര്‍ട്സ് സൈക്കോളജി

സ്പോര്‍ട്സ് താരങ്ങള്‍ക്ക് വേണ്ട മാനസിക ഊര്‍ജ്ജം പ്രദാനം ചെയ്ത് അവരില്‍ കൂടുതല്‍ മോട്ടിവേഷന്‍ നല്കുകയാണ് സ്പോര്‍ട്സ് സൈക്കോളജിയില്‍ ചെയ്യുക.

കോര്‍പറേറ്റ് സൈക്കോളജി

ട്രെയിനിംഗുമായി ബന്ധപ്പെട്ടതാണിത്. ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ബിഹേവിയറല്‍ സൈക്കോളജിയെന്നും ഇതിന് പേരുണ്ട്. 

സൈക്കോളജിസ്റ്റിന്റെ ജോലി ഇതുകൊണ്ടൊന്നും തീരുന്നില്ല. നിത്യജീവിതത്തില്‍ മനഃശാസ്ത്രം ഉപയോഗിക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങള്‍ ധാരാളമുണ്ട്. വ്യവസായരംഗത്തും രാഷ്ട്രീയ രംഗത്തും സിനിമാരംഗത്തും ബിസിനസിലുമെല്ലാം ഉല്‍ഭവിക്കുന്ന പല പ്രശ്‌നങ്ങളും പരിഹരിക്കുവാന്‍ മനഃശാസ്ത്രജ്ഞന്മാര്‍ക്ക് സാധിക്കും. തിരക്കേറിയ ജീവിതവും മോശമായ സാഹചര്യങ്ങളും ആരിലും ടെന്‍ഷന്‍ ജനിപ്പിക്കുവാന്‍ പോന്നവയാണ്. അന്താരാഷ്ട്രകമ്പനികളുടെ തലപ്പത്തിരുന്ന് പരസ്പരം മത്സരിക്കേണ്ടിവരുന്ന എക്‌സിക്യൂട്ടീവുകള്‍ക്കും മുതലാളി-തൊഴിലാളിബന്ധം നിരന്തരം വഷളാകുന്ന കമ്പനികളിലെ മാനേജര്‍മാര്‍ക്കും എല്ലാം ചിലപ്പോള്‍ സൈക്കോളജിസ്റ്റുകളുടെ സഹായം തേടേണ്ടി വരാറുണ്ട്.

ഒരു സ്ഥാപനത്തിന്റെ ഏറ്റവും വലിയ സമ്പത്ത് അവിടുത്തെ ജോലിക്കാരാണല്ലോ. അതിനാല്‍ നല്ല ആള്‍ക്കാരെ തിരഞ്ഞെടുക്കേണ്ടതും അവരെ പരാതിക്കിടയാക്കാതെ നിലനിര്‍ത്തേണ്ടതും സ്ഥാപനത്തിന്റെ നല്ല പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്. എങ്ങനെയുള്ള തൊഴിലാളികളെ തിരഞ്ഞെടുക്കണം? തിരഞ്ഞെടുക്കല്‍ രീതി എങ്ങനെ വേണം? ഏത് തരത്തിലുള്ള അന്തരീക്ഷമാണ് ജോലി ചെയ്യുവാന്‍ ഏറ്റവും യോജിച്ചത്? ജോലിസമയം, ജോലി സ്ഥലത്തെ വെളിച്ചം, ഫര്‍ണിച്ചര്‍ എന്നിവയെല്ലാം ആ ജോലി ചെയ്യുവാന്‍ ഏറ്റവും അനുയോജ്യമാണോ? ജോലിസ്ഥലത്ത് സംഗീതം ഉണ്ടെങ്കില്‍ ജോലിക്കാര്‍ കുറച്ചുകൂടി ഉല്ലാസമായി ജോലിചെയ്ത് ഉല്‍പാദനം വര്‍ധിപ്പിക്കുമോ? ഈ കാര്യങ്ങളിലെല്ലാം ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ബിസിനസ് സൈക്കോളജിയില്‍ പരിശീലനം ലഭിച്ച മനഃശാസ്ത്രജ്ഞന്‍ ഉപദേശം നല്‍കും. വലിയ കമ്പനികളുടെ ഇന്റര്‍വ്യൂ ബോര്‍ഡുകളില്‍ ചിലപ്പോള്‍ ഒരു സൈക്കോളജിസ്റ്റിനെയും ഉള്‍പ്പെടുത്താറുണ്ട്. നിങ്ങളുടെ കഴിവുകള്‍, മനഃസ്ഥിതി, പെരുമാറ്റം, താല്പര്യങ്ങള്‍, പൊതുപ്രശ്‌നങ്ങള്‍, ജീവിതലക്ഷ്യം മുതലായവയെല്ലാം നിങ്ങളറിയാതെ തന്നെ അളക്കുവാന്‍ അദ്ദേഹത്തിനുകഴിയും. നിങ്ങള്‍ക്ക് ഏതു രംഗത്തായിരിക്കും കൂടുതല്‍ ശോഭിക്കുവാന്‍ കഴിയുക എന്നും മനഃശാസ്ത്രജ്ഞന് ഉപദേശം നല്‍കുവാന്‍ ആകും.

ഒരു മാനസികരോഗി മനഃശാസ്ത്രജ്ഞന്റെ മുമ്പില്‍ വരികയാണെന്നിരിക്കട്ടെ. അയാളുടെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കുകയായിരിക്കും മനഃശാസ്ത്രജ്ഞന്റെ ആദ്യജോലി. രോഗിയുടെ 'കണ്ടീഷന്‍' ശരിയല്ലെങ്കില്‍പ്പിന്നെ മറ്റുള്ളവരില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുക മാത്രമേ നിര്‍വാഹമുള്ളൂ. അയാളുടെ പെരുമാറ്റത്തെക്കുറിച്ച് പല കഥകളും ബന്ധുക്കള്‍ക്ക് പറയുവാനുണ്ടാകും. രോഗിയുടെ മുന്‍കാലജീവിതത്തെക്കുറിച്ചും രോഗിയുടെ ആരോഗ്യം, വിദ്യാഭ്യാസം, കഴിവുകള്‍, കുടുംബ ബന്ധങ്ങള്‍, സാമ്പത്തിക സ്ഥിതി എന്നിങ്ങനെ അയാളെ സ്വാധീനിച്ചേക്കാവുന്ന കാര്യങ്ങളെക്കുറിച്ചും മനഃശാസ്ത്രജ്ഞന്‍ പഠിക്കുന്നു. രോഗിക്ക് ഇപ്പോഴത്തെ അവസ്ഥ എങ്ങനെ വന്നു എന്ന് കണ്ടുപിടിക്കുവാന്‍ സാധിച്ചാല്‍ പിന്നെ ചികിത്സ എളുപ്പമായി.

ബുദ്ധിവികാസം കുറഞ്ഞവരുടെ പരിചരണം, കരിയര്‍ ഗൈഡന്‍സ്, ബുദ്ധിപരീക്ഷ, വിദ്യാര്‍ഥികള്‍ക്ക് പഠന സംബന്ധിയായ മാര്‍ഗനിര്‍ദേശം നല്‍കല്‍, വന്‍കിട കമ്പനികളുടെ ഉല്പന്നങ്ങള്‍ക്കായി വിപണന തന്ത്രങ്ങളള്‍ ആവിഷ്‌ക്കരിക്കല്‍, പരസ്യങ്ങള്‍ തയ്യാറാക്കല്‍ എന്നിവയിലൊക്കെ മനഃശാസ്ത്രം പഠിച്ചവരുടെ സേവനം ഇന്ന് ആവശ്യമായിരിക്കുന്നു. വന്‍കിട കമ്പനികള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ മാനവശേഷി വികസന വിഭാഗങ്ങളിലും ഇന്റര്‍വ്യൂ ബോര്‍ഡുകളിലുമൊക്കെ സൈക്കോളജിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നു. 

സൈക്യാട്രിസ്റ്റും സൈക്കോളജിസ്റ്റും

മനോരോഗ ചികിത്സയില്‍ സ്പെഷ്യലൈസ് ചെയ്ത ഡോക്ടറാണ് സൈക്യാട്രിസ്റ്റ്. മനഃശാസ്ത്രത്തില്‍ ഉന്നത ബിരുദങ്ങള്‍ നേടിയതിന് ശേഷം പ്രാക്ടീസ് ചെയ്യുന്നവരാണ് സൈക്കോളജിസ്റ്റുകള്‍. രോഗിക്ക് മരുന്ന് കൊടുക്കുവാന്‍ സൈക്യാട്രിസ്റ്റുകള്‍ക്കു മാത്രമേ സാധിക്കൂ. സൈക്കോളജിസ്റ്റുകളുടെ ചികിത്സ പ്രധാനമായും കൗണ്‍സിലിംഗ് മുഖേനയായിരിക്കും.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാകാന്‍

വ്യക്തികളിലെ മാനസികവും വൈകാരികവും പെരുമാറ്റപരവുമായ വൈകല്യങ്ങളോ പ്രശ്‌നങ്ങളോ വിലയിരുത്തുന്നതിനും രോഗനിര്‍ണയം നടത്തുന്നതിനും ചികിത്സിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മനഃശാസ്ത്രത്തിന്റെ ഒരു ശാഖയാണ് ക്ലിനിക്കല്‍ സൈക്കോളജി. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ വ്യക്തികളെ അവരുടെ മാനസികാരോഗ്യവും മൊത്തത്തിലുള്ള ക്ഷേമവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിന് വിവിധ സൈക്കോളജിക്കല്‍ അസസ്‌മെന്റ് ടെക്‌നിക്കുകള്‍, സൈക്കോതെറാപ്പി, മറ്റ് തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ഇടപെടലുകള്‍ എന്നിവ ഉപയോഗിക്കുന്ന പരിശീലനം ലഭിച്ച പ്രൊഫഷണലുകളാണ്. 

ഏറ്റവും പ്രൊഫഷണല്‍ സാധ്യതയുള്ള മേഖലയായ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാകാന്‍ സൈക്കോളജിയില്‍ പി ജിയും റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച ഏതെങ്കിലും സ്ഥാപനത്തില്‍ നിന്ന് എം. ഫില്‍. (ക്ലിനിക്കല്‍ സൈക്കോളജി)യും പൂര്‍ത്തിയാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിഎച്ച്. ഡി. നേടുകയാണ് മറ്റൊരു മാര്‍ഗം. അംഗീകൃത സ്ഥാപനങ്ങളുടെ ലിസ്റ്റ് താഴെ ചേര്‍ക്കുന്നു: (2022ലെ ബിരുദ ചട്ടങ്ങളില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എം. ഫില്‍. നല്‍കില്ലെന്ന് യു. ജി. സി. വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ നിംഹാന്‍സ് പോലുള്ള സ്ഥാപനങ്ങള്‍ 2024ലും (ആകെ 32 സീറ്റുകള്‍) അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. റാഞ്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം ഇപ്പോഴും അവിടെ എം. ഫില്‍. പ്രോഗ്രാം ഉണ്ട്.)

  1.  National Institute of Mental Health and Neurosciences (NIMHANS), Bangalore Website:www.https://nimhans.ac.in
  2.  Lokopriya Gopinath Bordoli Regional Institute of Mental Health (LGBRIMH)   Website:www.lgbrimh.org
  3. Government Medical College & Hospital, Department of Psychiatry,  Website:www.gmch.gov.in
  4.  Post Graduate Institute of Behavioural & Medical Sciences (PGIBAMS)    Rajkumar College,Website:www.pgibams.ac.in
  5. Institute of Human Behaviour & Allied Sciences (IHBAS)  Website:www.ihbasdelhigovt.nic.in
  6. Department of Clinical Psychology, School of Allied Health Sciences, Manipal University Website:www.manipal.edu
  7. Amrita School of Medicine  Website:www.aimshospital.org
  8.  IMHANS, GOVT. MEDICAL COLLEGE CAMPUS    Kozhikode, Website:http://imhans.ac.in
  9.  Amity Institute of Behavioural & Allied Sciences Web.: www.amity.edu
  10. Regional Institute of Medical Sciences, (RIMS)Website:www.rims.edu.in
  11. Amity Institute of Behavioural & Allied Sciences (AIBAS) Website:www.amity.edu/jaipur
  12. National Institute for Empowerment of Perosns with Multiple Disabilities Website:www.niepmd.nic.in
  13. The Institute of Chartered Financial Analyst of India (ICFAI) University   Website: iutripura.edu.in
  14. King George's Medical University, Department of Psychiatry  Website:www.kgmcindia.edu
  15. Amity University, MalhoreWebsite:www.amity.edu
  16. Department of Psychology, University of Calcutta  Website:www.caluniv.ac.in
  17. Gautam Buddha University  www.gbu.ac.in
  18.  Institute of Mental Health and Hospital Website: www.imhh.org.in
  19. Maharashtra Institute of Mental Health (MIMH)  Website:www.mimhpune.org
  20. Dr. Ram Manohar Lohia Hospital (PGIMER)  Website:https://rmlh.nic.in

പഠനകേന്ദ്രങ്ങള്‍ നിരവധി

ഒരു രാജ്യത്തിന്റെ ഭാവി ആ രാജ്യത്തിലെ ജനതയുടെ മാനസികാരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. നിസ്സാര സംഭവങ്ങളില്‍ പോലും പ്രകോപിതരാവുകയും പൊതുമുതല്‍ തച്ചുടയ്ക്കുകയും ചെയ്യുന്നവര്‍ ദരിദ്രരായി തുടരുവാന്‍ തന്നെ വിധിക്കപ്പെട്ടവരാണെന്നു തോന്നിപ്പോകും. ഇന്ത്യയില്‍ മനഃശാസ്ത്രപഠനത്തിന് ഇന്ന് വമ്പിച്ച പ്രാധാന്യം നല്‍കിവരുന്നു. ധാരാളം കോളേജുകളും സര്‍വ്വകലാശാല ഡിപ്പാര്‍ട്ടുമെന്റുകളും മനഃശാസ്ത്രത്തില്‍ ബിരുദ്ധതലത്തിലും പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിലും കോഴ്‌സുകള്‍ നടത്തുന്നു. മനഃശാസ്ത്രത്തിന്റെ വിവിധ മേഖലകളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ നടത്തപ്പെടുന്നുണ്ട്. മത്സരപരീക്ഷകളില്‍ വിജയിച്ചാല്‍ യു.ജി.സി. ഫെലോഷിപ്പോടുകൂടി എം.ഫില്‍, പി.എച്ച്.ഡി. മുതലായവയ്ക്കും പഠിയ്ക്കുവാന്‍ സാധിക്കും. മനഃശാസ്ത്ര പഠനത്തിന് ഇന്ത്യയിലെ വലിയ കേന്ദ്രങ്ങളിലൊന്നാണ് ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ്. ബിഹാറിലെ റാഞ്ചിയിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയും അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജ്ജിച്ചതാണ്.

ബിരുദപഠനം

ശരീരശാസ്ത്രപരമായ മനഃശാസ്ത്രം, വിദ്യാഭ്യാസപരമായ മനഃശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, റിസര്‍ച്ച് മെത്തഡോളജി, സാമൂഹിക വ്യാവസായിക മനഃശാസ്ത്രം എന്നിങ്ങനെ മനഃശാസ്ത്രപഠനത്തില്‍ ഏറെ വിഷയങ്ങള്‍ പഠിക്കാനുണ്ട്. തിയറി പേപ്പറുകള്‍ക്കൊപ്പം പ്രായോഗിക പരിശീലനവും കൂടി ഉള്‍പ്പെടുന്നതാണ് കോഴ്സ്. നാല് വര്‍ഷമാണ് കോഴ്സ് കാലാവധി.

ബിരുദ തലത്തില്‍ സൈക്കോളജി പഠിക്കാന്‍ വിവിധ കേന്ദ്ര സര്‍വകലാശാലകള്‍, സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികള്‍ക്ക് കീഴിലുള്ള കോളജുകള്‍, കല്പിത, പ്രൈവറ്റ് യൂണിവേഴ്‌സിറ്റികള്‍ തുടങ്ങിയവ പരിഗണിക്കാവുന്നതാണ്. ഒട്ടു മിക്ക പുതിയ സ്ഥാപനങ്ങളും ബിരുദ തലത്തില്‍ ബി എസ്സി സൈക്കോളജി നല്‍കുമ്പോള്‍ പഴയ സ്ഥാപനങ്ങള്‍ ബിഎ പ്രോഗ്രാമുകളാണ് നല്‍കുന്നത്. പഠന വിഷയത്തിലും സിലബസുകളിലും കാര്യമായ വ്യത്യാസമില്ലാത്തതുകൊണ്ട് തന്നെ ബി എയും ബിഎസ്സിയും തുല്യമൂല്യമുള്ള കോഴ്‌സുകള്‍ തന്നെയാണ്. പ്ലസ്ടു തലത്തില്‍ ഏത് സ്ട്രീമില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്കും സൈക്കോളജി ബിരുദമെടുക്കാമെങ്കിലും, പ്ലസ്ടുവില്‍ സൈക്കോളജി ഒരു വിഷയമായി പഠിച്ചവര്‍ക്ക് ബിരുദ അഡ്മിഷനില്‍ പരിഗണന ലഭിക്കാറുണ്ട്. ഡല്‍ഹി യൂണിവേഴ്‌സിറ്റി, അശോക യൂണിവേഴ്‌സിറ്റി, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി, അംബേദ്കര്‍ യൂണിവേഴ്‌സിറ്റി, ജാമിയ മിലിയ ഇസ്ലാമിയ, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി തുടങ്ങിയവ സൈക്കോളജി ബിരുദം നല്‍കുന്ന മികച്ച സ്ഥാപനങ്ങളാണ്. CUET UG പരീക്ഷ വഴി നിരവധി മികവുറ്റ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതാണ്. 

ഇന്ത്യയിലെ ഏതാണ്ട് എല്ലാ പ്രമുഖ സര്‍വകലാശാലകളിലും സൈക്കോളജിയില്‍ ബിരുദപഠനത്തിന് അവസരമുണ്ട്. ആര്‍ട്സ് വിഷയങ്ങളോ ശാസ്ത്രവിഷയങ്ങളോ ഉള്ള പ്ലസ്ടു പഠിച്ചവര്‍ക്ക് ബിരുദ കോഴ്സുകള്‍ക്ക് ഡല്‍ഹിയിലെ ഉന്നത കോളജുകളില്‍ പഠനത്തിന് ചേരണമെങ്കില്‍ പ്ലസ്ടുവിന് ഉയര്‍ന്ന മാര്‍ക്കുണ്ടായിരിക്കണം. ഡല്‍ഹിയില്‍ മനഃശാസ്ത്രത്തില്‍ ബിരുദപഠനത്തിന് സൗകര്യമുള്ള കോളജുകളില്‍ ഏറ്റവും ജനപ്രിയമായ ലേഡിശ്രീറാം കോളജ്, ജീസസ് ആന്‍ഡ് മേരി കോളജ്, കമലാ നെഹ്റു കോളജ്, ദൗലത്ത് റാം കോളജ് എന്നിവയാണ്. മുംബൈയില്‍ സോഫിയാ കോളജിനാണ് പ്രശസ്തി. ബാംഗ്ലൂരില്‍ ക്രൈസ്റ്റ് ഡീംഡ് സര്‍വകലാശാലയും ചെന്നൈയില്‍ വിമണ്‍സ് ക്രിസ്ത്യന്‍ കോളജും ബിരുദകോഴ്സില്‍ മുന്നിലാണ്. 

ബിരുദപഠനം കേരളത്തില്‍

കേരളത്തില്‍ വിവിധ യൂണിവേഴ്‌സിറ്റികള്‍ക്ക് കീഴിലുള്ള കോളജുകളില്‍ അതത് യൂണിവേഴ്‌സിറ്റികള്‍ നടത്തുന്ന ഏകജാലകം വഴിയാണ് പ്രവേശനം. ഓട്ടോണമസ് കോളജുകളിലേക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഈ വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ സമ്പ്രദായമായിരിക്കും. കേരള, കലിക്കറ്റ്, കണ്ണൂര്‍, എം. ജി. സര്‍വകലാശാലകളുടെ കീഴില്‍ വിവിധ കോളേജുകളില്‍ സൈക്കോളജിയില്‍ ബിരുദ പഠനം സാധ്യമാണ്. ചില സര്‍വകലാശാലകളില്‍ ബി. എയും മറ്റിടങ്ങളില്‍ ബി. എസ്സിയുമാണുള്ളത്; സിലബസില്‍ പറയത്തക്ക വ്യത്യാസങ്ങളില്ല.
1. കെ.ഇ. കോളജ്, മാന്നാനം, കോട്ടയം.
2. ഫാത്തിമാ മാതാ നാഷണല്‍ കോളജ്, കൊല്ലം.
3. മഹാത്മാഗാന്ധി കോളജ്, തിരുവനന്തപുരം.
4. എസ്.എല്‍.കോളജ്, ചെമ്പഴന്തി, തിരുവനന്തപുരം.
5. വുമണ്‍സ് കോളജ്, തിരുവനന്തപുരം.
6. യു.സി.കോളജ്, ആലുവ.
7. എഡബ്ള്യു.എച്ച്.സ്പെഷ്യല്‍ കോളജ്,
  കോടക്കാട്. ഹോസ്ദുര്‍ഗ്, കാസര്‍ഗോഡ്
8. ലിറ്റില്‍ ഫ്ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്  ആന്‍ഡ് ഹെല്‍ത്ത്, കൈതപ്പോയില്‍, കോഴിക്കോട്.
9. പ്രജോതി നികേതന്‍ കോളജ്, പുതുക്കാട്, തൃശ്ശൂര്‍.
10. യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം.
  
ബിരുദാനന്തര ബിരുദ പഠനം

കലിക്കറ്റ് സര്‍വകലാശാല, കേരള സര്‍വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല  എന്നിവിടങ്ങളിലെ സൈക്കോളജി/ബിഹേവിയറല്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റുകള്‍, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യ കേന്ദ്രം, എം. ജി. സര്‍വകലാശാല സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സ് എന്നീ സ്ഥാപനങ്ങളില്‍ ബിരുദാനന്തര ബിരുദ/ ഗവേഷണ പഠനത്തിന് സൗകര്യമുണ്ട്.
•    മദര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, പൂവത്തൂര്‍, മുല്ലശ്ശേരി, തൃശ്ശൂര്‍(എം.എ)
•    ഗവ.വനിതാ കോളജ്, തിരുവനന്തപുരം (എം.എ)
•    യു.സി കോളജ്, ആലുവ (എം.എ)
•    യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം  (എം.എ)
കെ. ഇ. കോളേജ്, മാന്നാനം, കോട്ടയം. (എം. എ.)
•    പ്രജ്യോതി നികേതന്‍ കോളജ്, പുതുക്കാട്, തൃശ്ശൂര്‍ (എം. എസ് സി)

എന്നിവിടങ്ങളിലും ബിരുദാനന്തര ബിരുദത്തിന് ചേരാം.ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് (നിംഹാന്‍സ്), ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, റാഞ്ചി, മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവയാണ് ഈ മേഖലയിലെ ഏറ്റവും പേരുകേട്ട സ്ഥാപനങ്ങള്‍. ഇഗ്‌നോ, അണ്ണാമലൈ, മദ്രാസ് സര്‍വകലാശാലകളിലെ വിദൂരവിദ്യാഭ്യാസ വിഭാഗങ്ങളില്‍ മനഃശാസ്ത്രം പഠിക്കാം.

 ഗവേഷണ പഠനം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് (നിംഹാന്‍സ്), ബെംഗളൂരു (www.nimhans.ac.in, www.nimhanosnline.in), സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി, റാഞ്ചി (www.cipranchi.nic.in), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബിഹേവിയര്‍ ആന്റ് അപ്ലൈഡ് സയന്‍സ്, ഡല്‍ഹി തുടങ്ങിയവ അംഗീകാരമുള്ള മികച്ച സ്ഥാപനങ്ങളാണ്. സൈക്കോളജിയില്‍ പി ജിയ്ക്ക് ശേഷം നാല് വര്‍ഷത്തെ പിഎച്ച്. ഡി.  കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി പ്രവര്‍ത്തിക്കാവുന്നതാണ്. വിവിധ കേന്ദ്ര സര്‍വകലാശാലകള്‍, ഐ ഐ ടികള്‍, ഐഐഎമ്മുകള്‍, എന്‍ ഐ ടികള്‍, സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികള്‍, നിംഹാന്‍സ് തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ സൈക്കോളജി മേഖലയില്‍ റിസര്‍ച്ചിനും അവസരങ്ങളുണ്ട്. സൈക്കോളജിയില്‍ അസി. പ്രൊഫസറാകാന്‍ യു ജി സി റഗുലേഷന്‍സ് പ്രകാരം നിഷ്‌കര്‍ഷിക്കുന്ന  യോഗ്യതകള്‍ ആവശ്യമാണ്. സൈക്കോളജി പഠിച്ചവര്‍ക്ക് കോഗ്‌നിറ്റീവ് സയന്‍സ്, ന്യൂറോ സയന്‍സ്, ഡെവലപ്‌മെന്റ് സ്റ്റഡീസ്, മാനേജ്‌മെന്റ്, ഫോറന്‍സിക് സയന്‍സ്, പോപ്പുലേഷന്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, ഹ്യൂമന്‍ റൈറ്റ്‌സ് തുടങ്ങിയ മേഖലകളിലേക്ക് ചേക്കേറാനും അവസരമുണ്ട്. കേരളത്തില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കേരള, എം. ജി., കണ്ണൂര്‍, കാലിക്കറ്റ് സര്‍വ്വകലാശാലകളില്‍ സൈക്കോളജിയില്‍ ഗവേഷണ സൗകര്യമുണ്ട്. 

സൈക്കോളജി പഠനം കേരളത്തില്‍

  1. Sree Sankaracharya University of Sanskrit, Kalady. (www.ssus.ac.in)
  2. University of Kerala, Thiruvananthapuram. (www.keralauniversity.ac.in)
  3. M G University, Kottayam. (www.mgu.ac.in)
  4. University of Calicut, Malappuram. (www.uoc.ac.in)
  5. University of Kannur. (www.kannuruniversity.ac.in)
  6. School of Social and Behavioural Sciences, Amrita Viswa Vidyapeedom. (www.amrita.edu)
  7. University College, Thiruvananthapuram. (www.universitycollege.ac.in)
  8. Govt. College for Women, Thiruvananthapuram. (www.gcwtvm.ac.in)
  9. Loyola College of Social Sciences, Thiruvananthapuram. (www.loyolacollegekerala.edu.in)
  10. Fatima Mata National College, Kollam - Autonomous. (www.fmnc.ac.in)
  11. K E College, Mannaanam, Kottayam. (www.kecollege.ac.in)
  12. Kristu Jyoti College, Changanassery, Kottayam. (www.kristujyoticollege.com)
  13. Union Christian College, Aluva, Ernakulam. (www.uccollege.ac.in)
  14. MES College, Marampally, Ernakulam. (www.mesmarampally.org)
  15. Rajagiri College of Social Sciences, Kalamassery, Ernakulam. (www.rajagiri.edu)
  16. St. Teresa's College, Ernakulam - Autonomous. (www.teresas.ac.in)
  17. Sri C Achuthamenon Govt. College, Kuttanellur, Thrissur. (www.govtcollegethrissur.ac.in)
  18. Prajyoti Niketan College, Puthukkad, Thrissur. (www.prajyotiniketan.edu.in)
  19. Sahrudaya College of Advanced Studies, Kodakara, Thrissur. (www.sahrudayacas.ac.in)
  20. St. Mary's College, Thrissur - Autonomous. (www.stmaryscollegethrissur.edu.in)
  21. Christ College, Thrissur - Autonomous. (www.christcollegeijk.edu.in)
  22. St. Joseph's College, Irinjalakkuda, Thrissur. (www.stjosephs.edu.in)
  23. Ansar Women's College, Perumpilavu, Thrissur. (www.ansarwoenscollege.ac.in)
  24. Mother College, Peruvallur, Thrissur. (www.motherartsansciencecollege.ac.in)
  25. Yuvakshetra Institute of Management Studies, Palakkad. (www.yuvakshetra.org)
  26. Najath Arts and Science College, Palakkad. (www.najath.in)
  27. H M College of Science and Technology, Manjeri, Malappuram. (www.hmcollegemanjeri.com)
  28. Little Flower Institute of Social Sciences and Health, Kaithappoyil, Thamarassery, Kozhikkode. (www.lissah.com)
  29. Farook College, Kozhikkode - Autonomous. (www.farookcollege.ac.in)
  30. S N College, Vadakara, Kozhikkode. (www.nscollegevadakara.edu.in)
  31. Wadihida Institute of Resaerch and Advanced Studies, Valiayancode, Kannur. (www.wiras.ac.in)
  32. Don Bosco Arts and Science College, Angadikadavu, Kannur. (www.donbosco.ac.in)

മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി, ക്ലിനിക്കല്‍ സൈക്കോളജി, കൗണ്‍സിലര്‍മാര്‍ എന്നീ രംഗങ്ങളില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവരെ കാത്ത് അനവധി അവസരങ്ങളാണുള്ളത്. സിവില്‍ സര്‍വീസാണ് മറ്റൊരു പ്രധാന മേഖല. മനുഷ്യവിഭവശേഷി വികസനത്തില്‍ സ്പെഷ്യലൈസേഷനോടൊപ്പം മാനേജ്മെന്റ് പഠനത്തില്‍ ഡിപ്ലോമയുംപഠിക്കാവുന്നതാണ്. പേഴ്സണല്‍ മാനേജ്മെന്റ്, വ്യവസായിക മനഃശാസ്ത്രം, സാമൂഹിക ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ടും അനേകം കോഴ്സുകളുണ്ട്. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സാമുദായിക പുരോഗതി, തൊഴില്‍ ക്ഷേമം, ശിശുക്ഷേമം, കുടുംബക്ഷേമം എന്നീ വിഷയങ്ങളിലെ സ്പെഷ്യലൈസേഷനോടൊപ്പം സാമൂഹിക പ്രവര്‍ത്തനത്തിലുള്ള ബിരുദാനന്തര ബിരുദ പഠനവും തൊഴില്‍ സാധ്യതയുള്ളതാണ്. 

സൈക്കോളജിസ്റ്റുകളായും, കൗണ്‍സലര്‍മാരായും ജോലി ചെയ്യുന്നവരുടെ എണ്ണം ഇന്ന് കുറവല്ല. ഒരു ക്ലിനിക്കല്‍ കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റായി ജോലി ചെയ്യുന്നതിന് പിഎച്ച്.ഡി. ഡിഗ്രിയാണ് വേണ്ടത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായങ്ങള്‍, പ്രാഥമിക സെക്കന്‍ഡറി സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നീ സ്ഥാപനങ്ങളില്‍ ഡോക്ടറേറ്റുള്ള സൈക്കോളജിസ്റ്റുകള്‍ക്ക് അനേകം തൊഴില്‍ സാധ്യതകള്‍ ഉണ്ട്.

വിദേശ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് യു. എസ്., യു. കെ., ഓസ്ട്രിയ, ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, നെതര്‍ലന്റ്, ആസ്‌ത്രേലിയ, കാനഡ, ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ വിവിധ സര്‍വകലാശാലകള്‍ പരിഗണിക്കാവുന്നതാണ്.