
ഒരു ബിസിനസ് സംരംഭം തുടങ്ങുന്നത് ഒരു കുഞ്ഞിനെ വളര്‍ത്തുന്നതിന് സമാനമാണെന്ന് പറയാറുണ്ട്. മനോഹാരിതയും വെല്ലുവിളികളും ഏറെയുള്ള രണ്ട് റോളുകള്‍. എന്നാല്‍ ഈ രണ്ട് റോളുകളും ഒരുമിച്ച് കൊണ്ടുപോകുന്ന നിരവധി അമ്മസംരംഭകര്‍ (Mompreneurs ) നമുക്ക് ചുറ്റുമുണ്ട്. ഓരോ വര്‍ഷവും ബിസിനസ് രംഗത്തേക്ക് കടന്നു വരുന്ന അമ്മമാരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ പറയുന്നു.
2012 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ലോകമെമ്പാടുമുള്ള വനിതാ സംരംഭകരുടെ എണ്ണം 11 ശതമാനം വര്‍ധിച്ചതായി Global Entrepreneurship Monitor, 2020ല്‍ നടത്തിയ പഠനത്തില്‍ പറയുന്നു, അതില്‍ തന്നെ നല്ലൊരു വിഭാഗം സംരംഭകരും അമ്മമാരാണ്. ഇന്ത്യയിലെ വനിതാ സംരംഭകരുടെ എണ്ണം 13.5 ദശലക്ഷം മുതല്‍ 15.7 ദശലക്ഷം വരെ വര്‍ധിച്ചതായാണ് കണക്കുകള്‍. (Source:NITI Aayog,2020; FICCI,). അമ്മയാകുന്നതോടെ സ്ത്രീകളില്‍ ധാരാളം മാറ്റങ്ങള്‍ വന്നുചേരാറുണ്ട്. ഇവയില്‍ ചിലത് ബിസിനസ് രംഗത്ത് ശോഭിക്കാന്‍ അവരെ സഹായിക്കുന്നതായാണ് കണക്കുകളും പഠനങ്ങളും പറയുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം
1. വിവിധ കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യാനുള്ള കഴിവ് (Multi tasking)
ബിസിനസില്‍ ശോഭിക്കാന്‍ ഏറെ സഹായിക്കുന്ന ഒരു കഴിവാണ് മള്‍ട്ടി ടാസ്‌കിങ്. അമ്മമാര്‍ മിക്കവരും ഈ മള്‍ട്ടി ടാസ്‌കിങ്ങ് ചെയ്യുന്നവരുമാണ്. ഒരുപാട് കാര്യങ്ങള്‍ ഒരുമിച്ച് മാനേജ് ചെയ്യുകയും ഏറ്റവും പ്രധാനപ്പെട്ട ജോലികള്‍ക്ക് മുന്‍ഗണന നല്‍കുകയും അതനുസരിച്ച് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുകയും ചെയ്യുക എന്നത് ബിസിനസില്‍ പ്രധാനമാണ്.
2. സര്‍ഗാത്മക ചിന്ത (creative Thinking)
മാതൃത്വം സര്‍ഗാത്മകതയെയും ചിന്തയെയും എങ്ങനെ സ്വാധീനിക്കുന്നുവെന്നതിന് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഒരു സ്ത്രീ അമ്മയാകുമ്പോള്‍ മാനസികവും വൈകാരികവും പെരുമാറ്റപരവുമായ നിരവധി മാറ്റങ്ങള്‍ ഉണ്ടാകുന്നു. ഈ മാറ്റങ്ങള്‍ പുതിയ പരിസ്ഥിതികളുമായി പൊരുത്തപ്പെടാന്‍ അവരെ സഹായിക്കുകയും ഒപ്പം സാധാരണയിലും അപ്പുറത്തേക്ക് ചിന്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
പ്രയാസകരമായ സാഹചര്യങ്ങളെ മറികടക്കാന്‍ അമ്മമാര്‍ക്കുള്ള കഴിവ് വേറെ തന്നെയാണ്. ഒരുദാഹരണം പറയാം. രണ്ടു വയസ്സുള്ള ഒരു കുട്ടിയെ പച്ചക്കറികള്‍ കഴിപ്പിക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളില്‍ ഒന്നാണ്. കുഞ്ഞുങ്ങളുടെ ചില പിടിവാശികളെ വലിയ അടിയോ ബഹളങ്ങളോ ഇല്ലാതെ മനോഹരമായി കൈകാര്യം ചെയ്യുന്ന എത്രയെത്ര അമ്മമാര്‍ നമുക്ക് ചുറ്റിലുമുണ്ട്? ഒരു രീതി നടപടിയായില്ലെങ്കില്‍ അതിലും ഭംഗിയായി മറ്റൊരു മാര്‍ഗം കണ്ടെത്തുന്ന അമ്മമാരെ കണ്ടിട്ടില്ലേ? ഈ രീതിയും ചിന്തകളും തന്നെയാണ് ബിസിനസിലും ആവശ്യമായത്.
3. ആശയ വിനിമയം (Communication)
ഓരോ സംരംഭകനും ഒരു ഉപഭോക്താവിനെ ഒരു കാര്യം ബോധ്യപ്പെടുത്തുകയോ ജീവനക്കാരെ പ്രചോദിപ്പിക്കുകയോ ഒരു നിക്ഷേപകന് ഒരുബിസിനസ് ആശയം ഭംഗിയായി അവതരിപ്പിക്കുകയോ ചെയ്യേണ്ട നിരവധി സാഹചര്യങ്ങളുണ്ടാവും ചില സന്ദര്‍ഭങ്ങളില്‍, ഉത്തരങ്ങള്‍ മാത്രം മതിയാകില്ല, അവ അവതരിപ്പിക്കാന്‍ ക്രിയാത്മകവും അസാധാരണവുമായ കമ്മ്യൂണിക്കേഷന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. പല സമയത്തും അനുതാപത്തോടെ സംവദിക്കേണ്ടതുണ്ട് (Empathetic Communication ) ഒരമ്മയേക്കാള്‍ അനുതാപത്തോടെ സംവദിക്കാന്‍ കഴിയുന്നവര്‍ മാറ്റാരുണ്ട്?
4. മികച്ച ഇടപെടല്‍ കഴിവുകള്‍ (Interperosnal skills)
ഒരു രക്ഷിതാവിന് പലപ്പോഴും ഒരു റഫറിയുടെയും, പരിശീലകന്റെയുമെല്ലാം വേഷം ധരിക്കേണ്ടതുണ്ട്. കുട്ടികളുടെ സംഘട്ടനങ്ങള്‍ നേരിടുകയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്താന്‍ അവരെ നയിക്കുകയും ചെയ്യേണ്ടതുണ്ട്, അതുപോലത്തന്നെ ഒരു ബിസിനസില്‍ നില്‍ക്കുമ്പോള്‍ ദിവസവും വ്യക്തികളുമായും, ഗ്രൂപ്പുകളുമായും നിരന്തരം ഇടപെടലുകള്‍ ആവശ്യമാണ്. വിവിധതരം ആളുകളുമായി ഇടപഴകാനും വ്യത്യസ്ത കേള്‍വി ശൈലികള്‍ സ്വീകരിക്കാനും ഫലപ്രദമായ ആശയവിനിമയ തന്ത്രങ്ങള്‍ വികസിപ്പിക്കാനും സഹായിക്കുന്നുണ്ട്.
രണ്ടു റോളുകള്‍ ഒരുമിച്ചു ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്:
സംരംഭകത്വത്തിലും കുട്ടികളെ വളര്‍ത്തുന്നതിലും വ്യക്തമായ ഫോര്‍മുലകളില്ല. ഓരോരുത്തര്‍ക്കും അതിന് വെവ്വേറെ മാര്‍ഗങ്ങളാണ്. കാര്യങ്ങള്‍ കൃത്യമായി ചെയ്യുക, ബാക്കിയുള്ളവ പഠിക്കുക, നിര്‍ദേശങ്ങള്‍ തേടുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗം . തങ്ങളുടെ പ്രയാസങ്ങള്‍ അമ്മമാര്‍ മറ്റ് അമ്മമാരോട് ചര്‍ച്ച ചെയ്യുന്നതുപോലെ, വിജയകരമായ സംരംഭകര്‍ കൂടുതല്‍ പരിചയസമ്പന്നരായ സംരംഭകരില്‍ നിന്നും ബിസിനസ് വിദഗ്ധരില്‍ നിന്നും സഹായം തേടണം.
വിവിധ റോളുകള്‍ ഒരുമിച്ചു ചെയ്യുന്നതുകൊണ്ടുതന്നെ വ്യക്തിപരവും പ്രൊഫഷണല്‍ ഉത്തരവാദിത്തങ്ങളും തമ്മിലുള്ള അസന്തുലിതാവസ്ഥ പലപ്പോഴും വലിയ പ്രയാസങ്ങളുണ്ടാക്കും. അതുകൊണ്ടുതന്നെ ഇവ തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കാനുള്ള വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം
1. മുന്‍ഗണനാ ക്രമം ഉണ്ടാക്കുക. (Preparing a Schedule )
നിങ്ങളുടെ ലക്ഷ്യവും ചെയ്യേണ്ട കാര്യങ്ങളുടെ പ്രാധാന്യവും മനസ്സിലാക്കി ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ സമയവും ഊര്‍ജ്ജവും കേന്ദ്രീകരിക്കാന്‍ കഴിയേണ്ടതുണ്ട്, നിങ്ങളുടെ ബിസിനസ്സിലും വ്യക്തിജീവിതത്തിലും നിങ്ങള്‍ എന്താണ് നേടാന്‍ ആഗ്രഹിക്കുന്നതെന്ന് ചിന്തിക്കാന്‍ സമയമെടുക്കുക. ഇത് നിങ്ങളുടെ സമയം എങ്ങനെ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നതിനെക്കുറിച്ച് ഒരു വ്യക്തമായ റോഡ്മാപ്പ് സൃഷ്ടിക്കാന്‍ സഹായിക്കും.
നിങ്ങളുടെ ലക്ഷ്യങ്ങളും മുന്‍ഗണനകളും തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍, ജോലിക്കും കുടുംബത്തിനും സമയം കണ്ടെത്താന്‍ നിങ്ങളെ അനുവദിക്കുന്ന ഒരു ഷെഡ്യൂള്‍ ഉണ്ടാക്കിയെടുക്കുക. നിങ്ങളുടെ ലഭ്യമായ സമയം പരമാവധി പ്രയോജനപ്പെടുത്താന്‍ പോമോഡൊറോ ടെക്‌നിക്, ടൈം ബ്ലോക്കിംഗ്, ജോബ് ബാച്ചിംഗ് തുടങ്ങിയ സമയ മാനേജ്‌മെന്റ് രീതികള്‍ ഉപയോഗിക്കുക.നിര്‍ദ്ദിഷ്ട ജോലികള്‍ക്കായി സമയം ബ്ലോക്ക് ചെയ്യുക.
2. വ്യക്തമായ അതിരുകള്‍ സജ്ജീകരിക്കുക: (Set boundaries)
ജോലി നിങ്ങളുടെ കുടുംബസമയത്തേക്ക് വ്യാപിക്കാതിരിക്കാന്‍ അതിരുകള്‍ നിര്‍ണയിക്കുക,
ജോലിയും വ്യക്തിജീവിതവും വേര്‍തിരിച്ചു നിര്‍ത്താന്‍ നിശ്ചിത ജോലി സമയവും, വര്‍ക്ക്സ്റ്റേഷനും (office space ) സ്ഥാപിക്കുക. വ്യക്തിപരമായ സമയത്ത് നിങ്ങളുടെ കുടുംബത്തിന് പൂര്‍ണമായ ശ്രദ്ധ നല്‍കാനും ബിസിനസ് സമയത്ത് ജോലി ചെയ്യാനും കഴിയുന്ന തരത്തില്‍ ഈ പരിധികളില്‍ നിങ്ങളുടെ കുടുംബം, ടീം, ക്ലയന്റുകള്‍ എന്നിവരോട് ആശയവിനിമയം നടത്തുക.നിങ്ങളുടെ ലഭ്യതയെക്കുറിച്ച് ക്ലയന്റുകളുമായും സഹപ്രവര്‍ത്തകരുമായും കുടുംബാംഗങ്ങളുമായും വ്യക്തമായി ആശയവിനിമയം നടത്തുന്നത് കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും നിങ്ങള്‍ ജോലിക്ക് ലഭ്യമായിരിക്കുന്ന സമയത്തെക്കുറിച്ചും നിങ്ങളുടെ കുടുംബത്തിനായി ചെലവഴിക്കുന്ന സമയത്തേക്കുറിച്ചും ധാരണയുണ്ടാക്കാന്‍ സഹായിക്കും.
3. നോ പറയാന്‍ ശീലിക്കുക
അനാവശ്യമായ പ്രതിബദ്ധതകളോടും, അനാവശ്യ ബന്ധങ്ങളോടും 'നോ' എന്ന് പറയാന്‍ പഠിക്കുന്നത് തുടക്കത്തില്‍ വെല്ലുവിളിയായിരിക്കാം, പക്ഷേ നിങ്ങളുടെ സമയവും ഊര്‍ജവും സംരക്ഷിക്കാന്‍ ഇത് അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ ലക്ഷ്യങ്ങളും മുന്‍ഗണനകളും ആവശ്യമില്ലാത്ത ഒരു ജോലി ഏറ്റെടുക്കാനോ ഒരു പരിപാടിയില്‍ പങ്കെടുക്കാനോ, ടോക്‌സിക് ബന്ധങ്ങളില്‍ കുടുങ്ങിക്കിടക്കാനോ സാധ്യതയുള്ള അവസരങ്ങളില്‍ ആത്മവിശ്വാസത്തോടെ 'നോ' എന്ന് പറയുക. ഇത് നിങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കായി സമയം ലാഭിക്കാനും അമിതമായ ജോലികള്‍ ആവശ്യമില്ലാതെ ഏറ്റെടുക്കുന്നതില്‍ നിന്നും തടയും. 'നോ' എന്ന് പറയുന്നത് ദൗര്‍ബല്യത്തിന്റെ അടയാളമല്ല - മുന്‍ഗണനയും സ്വയം പരിചരണവും കാണിക്കുന്നതിന്റെ അടയാളമാണ്.
4. സ്വയം പരിചരണത്തിന് മുന്‍ഗണന നല്‍കുക
ബിസിനസിനും കുടുംബത്തിനും വേണ്ടി ചെലവഴിക്കുന്ന സമയത്തിന്റെ കൂടെ കുറച്ചു സമയം സ്വന്തത്തിന് വേണ്ടിയും മാറ്റി വെക്കുക, ശാരീരികമായും മാനസികമായും വൈകാരികമായും സ്വയം ശുശ്രൂഷിക്കുക. വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, മതിയായ ഉറക്കം, ധ്യാനം, അല്ലെങ്കില്‍ നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടാം.
നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ ആരോഗ്യകരമായ ഭക്ഷണരീതികളും,ഉറക്കവും അത്യന്താപേക്ഷിതമാണ്. ജോലിയില്‍ നിന്ന് ചെറിയ
ഇടവേളകള്‍ എടുക്കുന്നതും ക്രമമായ അവധികള്‍ ഷെഡ്യൂള്‍ ചെയ്യുന്നതും ഒന്ന് സ്വയം റീച്ചാർജ് ചെയ്യാനും തളര്‍ച്ച ഒഴിവാക്കാനും സഹായിക്കും.
5. ആശയവിനിമയവും പിന്തുണയും
നിങ്ങളുടെ ജീവിതപങ്കാളിയോടും കുടുംബാംഗങ്ങളോടും അടുത്ത സുഹൃത്തുക്കളോടും തുറന്നതും സത്യസന്ധവുമായ ആശയവിനിമയം നടത്തുക. നിങ്ങളുടെ വിഷമങ്ങളെക്കുറിച്ച് മറ്റൊരാളോട് ഉള്ളുതുറന്ന് സംസാരിക്കുന്നത് തന്നെ ഒരുപാട് ഭാരം കുറക്കാന്‍ സഹായിക്കും. ആവശ്യമുള്ളപ്പോള്‍ സഹായം ചോദിക്കാന്‍ മടിക്കരുത്.
6. ജോലികൾ ഡെലിഗേറ്റ് ചെയ്യുക
എല്ലാ ജോലിയും സ്വയം ചെയ്യണമെന്ന് വാശിപിടിക്കാതെ നിങ്ങളുടെ ബിസിനസ്സിലും വീട്ടിലും മറ്റുള്ളവര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന ജോലികള്‍ ഡെലിഗേറ്റ് ചെയ്യാന്‍ മടിക്കരുത്. ഭാരമുള്ള ഓഫീസ് ജോലികളില്‍ സഹായം തേടാം.
7. പിന്തുണ കണ്ടെത്തുക
ഒരു മാതൃസംരംഭകയെന്ന നിലയില്‍ പിന്തുണയ്ക്കും നെറ്റ്വർക്കിങ്ങിനും മറ്റ് സമാന സംരംഭകരെ തേടുകയും പിന്തുണ കണ്ടെത്തുകയും സമാന ചിന്താഗതിക്കാരായ വ്യക്തികളുടെ ഒരു ശൃംഖല നിര്‍മ്മിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ ചേരുകയോ പ്രാദേശിക പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്ത് മറ്റുള്ളവരുമായി ബന്ധപ്പെടാനും ആശയങ്ങളും നിര്‍ദ്ദേശങ്ങളും പങ്കിടാനും സമയം കണ്ടെത്തുക .ചില അവസരങ്ങളില്‍ കാര്യങ്ങള്‍ സ്വയം മാനേജ് ചെയ്യാന്‍ കഴിയാത്ത അവസരങ്ങളില്‍ കണ്‍സള്‍ട്ടിങ്ങും സ്വീകരിക്കുക.
സ്വയം മാനേജ് ചെയ്യാന്‍ കഴിയാത്ത പ്രയാസങ്ങളും വിഷമകരമായ അവസ്ഥകളും ഉണ്ടാകുമ്പോള്‍ ഒരു തെറാപ്പിസ്റ്റില്‍ നിന്നോ കൗണ്‍സിലറില്‍ നിന്നോ മറ്റു മാനസികാരോഗ്യ പ്രൊഫഷണലുകളില്‍ നിന്നോ കൗണ്‍സിലിങ് നേടുക, സെല്‍ഫ് ഹീലിംഗ് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
സംരംഭകത്വത്തിന്റെയും മാതൃത്വത്തിന്റെയും പാതയിലൂടെ ഒരേ സമയം നടക്കുക എന്നത് വെല്ലുവിളികളും സാധ്യതകളും നിറഞ്ഞതാണ്. ഓരോരുത്തരുടെയും സ്വാഭാവിക ശക്തിയും ബഹുമുഖ കഴിവുകളും പ്രയോജനപ്പെടുത്തി, ഫലപ്രദമായ മാനേജ്‌മെന്റോടെ ഓരോരുത്തരുടെയും ആഗ്രഹങ്ങള്‍ ലക്ഷ്യങ്ങളും കൈപ്പിടിയിലൊതുക്കാന്‍ സാധിക്കുകയും നിങ്ങള്‍ക്കും കുടുംബത്തിനും സന്തോഷകരവും ആരോഗ്യകരവുമായ ഒരു ജീവിതം സൃഷ്ടിക്കാനും കഴിയും.
Content Highlights: Mompreneurs, Women’s Entrepreneurship, KP Khamarudheen
Published: 31 Dec 2023, 01:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented