
വരും കാലങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് സ്വന്തം തൊഴിലുകൾ നഷ്ടപ്പെടുമെന്നും, ഒരുപാട് പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്നും ഇന്നുള്ള തൊഴിലുകളിൽ 40 ശതമാനത്തിലധികം ജോലികൾ പത്ത് വർഷത്തിനുള്ളിൽ ഉണ്ടാകില്ല എന്നും തുടങ്ങി ഒരുപാട് കണക്കുകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ ഇതേ സമയം കഴിവുള്ളയാളുകളുടെ കുറവ് ഓരോ സ്ഥാപനത്തിലുമുണ്ട്, അവരെ ആകർഷിക്കാനും സ്ഥാപനത്തിൽ നിലനിർത്താനുമായി കമ്പനികൾ പാടുപെടുകയും ചെയ്യുന്നുണ്ട്.
ഒരു സ്ഥാപനത്തിൽ ഏത് പ്രതിസന്ധിയിലും ഒഴിവാക്കാനാവാത്ത സാന്നിധ്യമാവാൻ ഒരാൾക്ക് കഴിയുമോ? അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാനാവുക? നമുക്ക് പരിശോധിക്കാം. ഓരോ സ്ഥാപനത്തിലും ഓരോരുത്തർക്കും അവരവരുടേതായ പങ്ക് വഹിക്കാനുണ്ട്. എന്നാൽ, ചിലയാളുകളുടെ സാന്നിധ്യം പകരം വെക്കാനാവാത്തതാണ്, അവരുടെ അസാന്നിധ്യം ആ സ്ഥാപനത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യാം. ഒരു സ്ഥാപനത്തിലെ ഒരിക്കലും ഒഴിവാക്കാനാവാത്ത സാന്നിധ്യമായി മാറുന്നവരെയാണ് 'ലിഞ്ച്പിൻ' എന്ന് വിശേഷിപ്പിക്കുന്നത്.
ലിഞ്ച്പിൻ എന്ന ആശയം
ആധുനിക മാർക്കറ്റിംഗ് ഗുരുവും എഴുത്തുകാരനുമായ സെത് ഗൊഡിൻ 'The Purple Cow' എന്ന തന്റെ പുസ്തകത്തിൽ ലിഞ്ച്പിൻ എന്ന ആശയം അവതരിപ്പിക്കുന്നുണ്ട്. ഒരു സ്ഥാപനത്തിലെ ലിഞ്ച്പിൻ (ഒഴിവാക്കാനാവാത്ത സാന്നിധ്യം) ആവുക എന്നത് ഒരു പർപ്പിൾ നിറത്തിലുള്ള പശു ('പർപ്പിൾ കൗ') ആകുന്നത് പോലെയാണ്, ആ കളറിൽ ഉള്ള ഒരു പശുവിനെ കാണാൻ കഴിയാത്തത് കൊണ്ടുതന്നെ അത് സാധാരണ പശുക്കളിൽ നിന്ന് വ്യത്യസ്തമായി, ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ് അതേ പോലെ, 'ലിഞ്ച്പിൻ' എന്നത് ഒരാളെ ഒരു സ്ഥാപനത്തിലെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്ന ഒന്നാണ്. വ്യക്തികൾക്ക് മാത്രമല്ല ഒരു ബിസിനസ് സംരംഭത്തിനും മറ്റുള്ള സംരംഭങ്ങളിൽ നിന്നും വേറിട്ട് നിൽക്കുക, അല്ലെങ്കിൽ ഒഴിവാക്കാനാവാത്ത സ്ഥാനമുണ്ടാവുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.
ലിഞ്ച്പിൻ ആകുന്നതിന്റെ പ്രാധാന്യം
ലിഞ്ച്പിന്നുകൾ ഒരു സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്, അവരുടെ അറിവും കഴിവുകളും ഉപയോഗിച്ച് അവർ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ വേഗത്തിൽ നേടിയെടുക്കാൻ സഹായിക്കുന്നു. ഒരാൾക്ക് അവരുടെ ജോലി സംതൃപ്തി നിലനിർത്തിക്കൊണ്ട് തന്നെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അവരുടെ പങ്ക് ഏറ്റവും മികച്ചതാക്കാൻ കഴിയേണ്ടതുണ്ട്, അത് കരിയർ പുരോഗതി, ഭാവി അവസരങ്ങൾ, പ്രൊഫഷണൽ വളർച്ച എന്നിവയ്ക്കെല്ലാം സഹായിക്കും. ലിഞ്ച്പിന്നുകൾക്ക് ഓരോ സ്ഥാപനത്തിലും മികച്ച അവസരങ്ങൾ ലഭിക്കുന്നു. സ്ഥാപനത്തിലെ അവരുടെ പ്രാധാന്യം കാരണം, അവർക്ക് ഉയർന്ന ശമ്പളം, പ്രമോഷനുകൾ, എന്നിവ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതെപ്പോലത്തന്നെ പ്രവർത്തന മികവ് കാരണം മറ്റ് സ്ഥാപനങ്ങളിൽ ജോലി ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്.
ഒരു ലിഞ്ച്പിൻ ആകാൻ എന്ത് ചെയ്യണം?
ഒരാൾ ഒരു സ്ഥാപനത്തിലെ ലിഞ്ച്പിന്നായി മാറണമെങ്കിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്
1. വ്യത്യസ്തമായി ചിന്തിക്കുക
സാധാരണ രീതികളിൽ നിന്ന് വ്യത്യസ്തമായി പ്രശ്നങ്ങളെ സമീപിക്കാൻ തയ്യാറാവുക, സ്വന്തം കഴിവുകൾ നിരന്തരം മെച്ചപ്പെടുത്തുന്നതിന് വേണ്ട വായന, ഓൺലൈൻ കോഴ്സുകൾ, വർക്ക് ഷോപ്പുകൾ, കോൺഫറൻസുകൾ പോലുള്ള അവസരങ്ങൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്തുന്നത് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കാൻ സഹായിക്കും.
2. പുതുമയുള്ള ആശയങ്ങൾ ഉണ്ടാക്കുക
നിങ്ങളുടെ മേഖലയിലെ മാറ്റങ്ങൾ മനസ്സിലാക്കാനും പുതിയ ആശയങ്ങൾ ഉണ്ടാക്കാനും, അവ നടപ്പിലാക്കാനും തുറന്ന മനസ്സോടെ തയ്യാറാവുക. സ്വന്തം പ്രവർത്തന മേഖലയിലെ ഏറ്റവും പുതിയ പ്രവണതകൾ, സാങ്കേതികവിദ്യകൾ, മാറ്റങ്ങൾ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കുക, ആവശ്യമെങ്കിൽ സ്വന്തം സമീപനം മാറ്റാൻ തയ്യാറാകുക. പലപ്പോഴും പുതിയ കാര്യങ്ങൾ ചെയ്യേണ്ടതായി വരുമ്പോൾ പരാജയപ്പെടാനുള്ള സാധ്യതയുണ്ട്, എന്നാൽ അവ വ്യക്തമായി മനസ്സിലാക്കി കരുതലോടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുക.
3. ടീം വർക്ക്
ടീം വർക്കിന്റെ പ്രാധാന്യം മനസ്സിലാക്കുകയും, കൂടെ ജോലി ചെയ്യുന്നവരുമായി ഫലപ്രദമായി സഹകരിക്കുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുക. സഹപ്രവർത്തകരോടും മേലധികാരികളോടും നല്ല ബന്ധം സ്ഥാപിക്കുകയും സ്വന്തമായി നേതൃഗുണം പ്രകടപ്പിക്കുകയും മറ്റുള്ളവർക്ക് ആവശ്യമുള്ളപ്പോൾ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്യുക, കൂടെ ഒരു ടീമിനെ നയിക്കാനും പ്രചോദിപ്പിക്കാനും വേണ്ടി പ്രവർത്തിക്കുക.
4. പാഷനെ പിന്തുടരുക
നിങ്ങൾക്ക് കഴിവും ഇഷ്ടവുമുള്ള കാര്യങ്ങൾ ചെയ്യുകയും അതിൽ മികച്ചതാകുകയും ചെയ്യുക.ആ മേഖലയിൽ ആഴത്തിലുള്ള അറിവും വൈദഗ്ധ്യവും നേടുക, ആ വിഷയത്തിൽ മറ്റുള്ളവർക്ക് അറിവ് നൽകാനാവുന്ന രീതിയിൽ വളരുക. ഇത് സ്വന്തം സ്ഥാപനത്തിൽ മാത്രമല്ല, ആ മേഖലയിലെ ഒരു വിദഗ്ധനായി വളരാനും സഹായിക്കുന്നു.
5. കഴിവുകൾ വികസിപ്പിക്കുക
നിരന്തരം പഠിക്കാനും സ്വയം പുതുക്കാനും തയ്യാറാവുക, അവനവന്റെ മേഖലയിലെ ഏറ്റവും പുതിയ കാര്യങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കുകയും പുതിയ കാര്യങ്ങൾ പഠിക്കാനും തയ്യാറാവുക. സ്വയം വിലയിരുത്തി അവനവന്റെ ശക്തികളും ബലഹീനതകളും വിലയിരുത്തുകയും കൂടുതൽ സമഗ്രമായ കാഴ്ചപ്പാട് ലഭിക്കുന്നതിന് സഹപ്രവർത്തകർ, മെന്റർമാർ, മാനേജർമാർ എന്നിവരിൽ നിന്ന് ഫീഡ്ബാക്ക് തേടുകയും ചെയ്യുക, വ്യക്തിപരമായും പ്രൊഫഷണലായും വളരാൻ നിരന്തരമായ പഠനത്തിനും വികസനത്തിനും തയ്യാറാവുക.
6. പ്രശ്‌നപരിഹാര കഴിവുകൾ വികസിപ്പിക്കുക
ലിഞ്ച്പിന്നുകൾ സങ്കീർണമായ പ്രശ്നങ്ങൾ തിരിച്ചറിയാനും സർഗാത്മക പരിഹാരങ്ങൾ കണ്ടെത്താനും കഴിവുള്ളവരായിരിക്കും. പുതിയ കാഴ്ചപ്പാടോടെ വെല്ലുവിളികളെ സമീപിക്കുക, സാധാരണ ചിന്തയ്ക്ക് പുറത്തുള്ള രീതിയിൽ ചിന്തിക്കുകയും (out of box thinking) പ്രശ്നങ്ങളെ പോസിറ്റീവ് മനോഭാവത്തോടെ സമീപിക്കുകയും സ്ഥാപനത്തെ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ തിരിച്ചറിഞ്ഞ് നൂതന പരിഹാരങ്ങൾ നിർദേശിക്കാൻ ശ്രമിക്കുകയും ചെയ്യുക.
7. ലക്ഷ്യബോധം ഉണ്ടാവുക
സ്വന്തമായി ലക്ഷ്യങ്ങളുണ്ടാവുകയും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് അറിവുണ്ടാവുകയും കൂടെ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളും സ്വന്തം ലക്ഷ്യങ്ങളും ഒരുമിച്ചു പോകാനുള്ള സാധ്യതകൾ മനസ്സിലാക്കുകയും ചെയ്യുക.
8. നെറ്റ്‌വർക്കിങ്
നിങ്ങളുടെ സ്ഥാപനത്തിലും പുറത്തും നല്ല ബന്ധങ്ങൾ സ്ഥാപിക്കുക, സ്വന്തം മേഖലയിലുള്ള പ്രൊഫഷണലുകളുമായി ബന്ധമുണ്ടാവുക, ഇവന്റുകളിൽ പങ്കെടുക്കുക, പ്രൊഫഷണൽ സംഘടനകളിൽ ചേരുക, കരിയർ വളർച്ചയെ സഹായിക്കാൻ കഴിയുന്ന സമാന ചിന്താഗതിക്കാരായ ആളുകളുമായി ബന്ധപ്പെടാൻ 'ലിങ്ക്ഡ്ഇൻ' പോലുള്ള പ്രൊഫഷണൽ പ്ലാറ്റ്ഫോമുകൾ, നെറ്റ്‌വർക്കിങ് ഇവെന്റുകൾ എന്നിവ ഉപയോഗപ്പെടുത്തുക.
9. മികച്ച ആശയവിനിമയം
ഒരാൾക്ക് സ്വന്തം ആശയങ്ങളെ വ്യക്തമായി പ്രകടിപ്പിക്കാനും മറ്റുള്ളവരുടെ ആശയങ്ങൾ ശ്രദ്ധിക്കാനും കഴിയേണ്ടതുണ്ട്. അവ പ്രസന്റേഷനുകളിലൂടെയോ എഴുത്തുകളിലൂടെയോ നേരിട്ടോ എളുപ്പത്തിൽ അവതരിപ്പിക്കാനുള്ള കഴിവ് ഒരാളെ മികച്ചതക്കുന്നു.
10. നേതൃത്വം
ലിഞ്ച്പിന്നുകൾ നേതൃത്വശീലം പ്രകടിപ്പിക്കുന്നവരായിരിക്കും. അവർ സ്വയം മുന്നോട്ട് വരികയും അവസരങ്ങൾ കണ്ടെത്തുകയും പോസിറ്റീവ് മാറ്റം ഉണ്ടാക്കുകയും ഏറ്റവും പ്രവർത്തനക്ഷമരായ വ്യക്തിയുമാവേണ്ടതുണ്ട്. മറ്റുള്ളവരുടെ നിർദേശങ്ങൾക്കായി കാത്തിരിക്കാതെ മെച്ചപ്പെടുത്തലിനുള്ള മേഖലകൾ സ്വയം തിരിച്ചറിഞ്ഞ് പരിഹാരങ്ങൾ നടപ്പിലാക്കാൻ തുടക്കം കുറിക്കുക. തീർച്ചയായും, ഒരു ലിഞ്ച്പിൻ ആകുന്നത് എളുപ്പമുള്ള കാര്യമല്ല. അതിന് നിരന്തരമായ പരിശ്രമവും അർപ്പണബോധവും ആവശ്യമാണ്. എന്നാൽ, നിങ്ങൾ ഇതിനായി പ്രവർത്തിക്കുകയാണെങ്കിൽ, നിങ്ങളുടെ കരിയറിലും വ്യക്തിജീവിതത്തിലും വലിയ വിജയം നേടാൻ കഴിയും. ഒരാൾ ഒരു ലിഞ്ച്പിനായി മാറുന്നതിലൂടെ സ്വന്തം കരിയറിനെ ഉയർത്തുക മാത്രമല്ല, നിങ്ങളുടെ സ്ഥാപനത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കു വഹിക്കുകയും കൂടിയാണ് ചെയ്യുന്നത്.
Content Highlights: How to Become a Linchpin
Published: 20 Aug 2024, 04:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented