ന്യൂഡൽഹി: സി.ബി.എസ്.ഇ. നടത്തുന്ന 22-ാമത് സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് (സി.ടി.ഇ.ടി) അപേക്ഷിക്കാൻ ഉദ്യോഗാർഥികൾക്ക് വീണ്ടും അവസരം. മുന്പ് രജിസ്റ്റർ ചെയ്യാൻ സാധിക്കാതെ പോയ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ ഒന്ന് വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാമെന്ന് സിബിഎസ്ഇ അറിയിച്ചു.

To advertise here,

സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്ന് നടപടി

അധ്യാപകർക്ക് ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (ടി.ഇ.ടി) യോഗ്യത നിർബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് അപേക്ഷാ വിൻഡോ വീണ്ടും തുറക്കാൻ സിബിഎസ്ഇ തീരുമാനിച്ചത്. യോഗ്യരായ അധ്യാപകർക്ക് നിയമപരമായ യോഗ്യത നേടിയെടുക്കുന്നതിന് ആവശ്യമായ സമയവും അവസരവും നൽകേണ്ടതുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ഒന്ന് വരെ അപേക്ഷാ പോർട്ടൽ തുറന്നുനൽകാൻ അധികൃതർ തയ്യാറായത്.

പുതുക്കിയ പരീക്ഷാ തീയതി പിന്നീട്

നേരത്തെ മെയ് 8-നാണ് 22-ാമത് സിടിഇടിയുടെ വിജ്ഞാപനം പുറപ്പെടുവിച്ചത്. തുടർന്ന് മെയ് 11 മുതൽ ജൂൺ 10 വരെ അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തിരുന്നു. മുൻ നിശ്ചയപ്രകാരം പരീക്ഷ സെപ്റ്റംബറിൽ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും അപേക്ഷാ തീയതി നീട്ടിയ സാഹചര്യത്തിൽ പുതുക്കിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും. സെപ്റ്റംബർ ഒന്നിന് അപേക്ഷാ പോർട്ടൽ ക്ലോസ് ചെയ്ത ശേഷമായിരിക്കും പുതിയ തീയതി വ്യക്തമാക്കുകയെന്ന് സിബിഎസ്ഇ അറിയിച്ചു.