ഓൺലൈൻ ലോകത്ത് കൂടുതൽ സമയം ചെലവഴിക്കുന്നവരാണ് ജെൻ സീകൾ. എന്നാൽ, കരിയർ വളർച്ചയ്ക്ക് ആവശ്യമായ തൊഴിൽപരമായ പ്രൊഫഷണൽ ബന്ധങ്ങൾ(Professional Networking) കെട്ടിപ്പടുക്കുന്നതിൽ ഇവർ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നാണ് പ്രൊഫഷണൽ നെറ്റ്‍വർക്കിങ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇൻ നടത്തിയ സർവേ വ്യക്തമാക്കുന്നത്.

To advertise here,

ഇന്ത്യയിലെ 83% ജെൻ സീ പ്രൊഫഷണലുകളും തങ്ങളുടെ കരിയറിൽ ആവശ്യമായ പ്രൊഫഷണൽ നെറ്റ്‍വർക്കിങ് നടത്തുന്നില്ല. ഇക്കഴിഞ്ഞ ജൂലൈയിൽ 18,000-ത്തിലധികം പ്രൊഫഷണലുകളും 6000-ത്തോളം മാർക്കറ്റേഴ്സുമാണ് സർവേയുടെ ഭാഗമായത്. 

ജോലിചെയ്യുന്നതുമായി ബന്ധപ്പെട്ട മേഖലകളിലുള്ളവരുമായി പ്രൊഫഷണൽ ബന്ധങ്ങൾ സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം 79% പേരും തിരിച്ചറിയുന്നുണ്ടെങ്കിലും എവിടെനിന്ന് തുടങ്ങണമെന്ന കാര്യത്തിൽ പകുതിയിലധികം പേർക്കും(52%) കൃത്യമായ ധാരണയില്ല.

യുവ പ്രൊഫഷണലുകളെ പിന്നോട്ട് വലിക്കുന്ന ആശങ്കകൾ 

യുവതലമുറ പ്രൊഫഷണൽ നെറ്റ്‍വർക്കിങ്ങിന് മടിക്കുന്നത് താല്പര്യക്കുറവ് കൊണ്ടല്ല, മറിച്ച് ചില ആശങ്കകൾ കാരണമാണ്;

  • മറ്റുള്ളവർ എങ്ങനെ പ്രതികരിക്കും എന്ന ഭയം: തങ്ങളെക്കുറിച്ച് മറ്റുള്ളവർ തെറ്റായി വിലയിരുത്തുമോ എന്ന ഭയം 44% പേർ പങ്കുവെച്ചു.

  • മറ്റുള്ളവരെ ശല്യപ്പെടുത്തുകയാണോ എന്ന ആശങ്ക: ലിങ്ക്ഡിൻ ഉൾപ്പടെയുള്ള ഇടങ്ങളിൽ പ്രൊഫഷണൽ ആവശ്യങ്ങൾക്കായി മെസേജ് അയക്കുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുമോ എന്ന് 39% പേർ പേടിക്കുന്നു.

  • ആത്മാർത്ഥതയില്ലാത്ത സമീപനമായി തോന്നുമോ എന്ന ഭയം: മെസ്സേജ് അയക്കുന്നത് സ്വാർത്ഥതാൽപ്പര്യത്തോടെയാണെന്ന് മറ്റുള്ളവർ കരുതുമോ എന്ന് 37% പേർ സംശയിക്കുന്നു.

പ്രൊഫഷണൽ ബന്ധങ്ങൾ എങ്ങനെയാണ് ഉണ്ടാക്കിയെടുക്കേണ്ടതെന്ന് ആരും പറഞ്ഞുതന്നിട്ടില്ലെന്നാണ് സർവേയുടെ ഭാഗമായ 59% പേരും പറയുന്നത്. 

എന്തുകൊണ്ട് കരിയറിൽ നെറ്റ്‍വർക്കിങ് നിർണായകമാകുന്നു?

കണക്ട് ചെയ്യുന്ന ആളുകളെ അർത്ഥവത്തായ ബന്ധങ്ങളാക്കി മാറ്റാൻ 53% പേരും പ്രയാസം നേരിടുന്നുണ്ട്. എന്നാൽ, താത്പര്യമുള്ള മേഖലയിലുള്ളവരുമായുള്ള നെറ്റ്‍വർക്കിങ്ങിന് പല ഗുണങ്ങളുണ്ട്. 

  1. ജോലി ലഭിക്കാനുള്ള സാധ്യത 8.5 മടങ്ങ് കൂടുതൽ: ലിങ്ക്ഡ്ഇൻ ഡാറ്റ അനുസരിച്ച്, പരിചയമുള്ള ഒരു വ്യക്തി (ഇൻസൈഡ് കണക്ഷൻ) വഴി ജോലിക്ക് അപേക്ഷിക്കുമ്പോൾ തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത 8.5 മടങ്ങ് കൂടുതലാണ്.

  2. കമ്മ്യൂണിറ്റി വഴിയുള്ള അവസരങ്ങൾ: 30% യുവാക്കളും അടുത്ത ജോലി കണ്ടെത്തിയത് ഓൺലൈൻ പ്രൊഫഷണൽ കമ്മ്യൂണിറ്റികൾ വഴിയാണ്.

  3. കൂടുതൽ റീച്ച്: മറ്റുള്ളവരുടെ പോസ്റ്റുകളോട് പ്രതികരിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുന്നവർക്ക്, അല്ലാത്തവരെ അപേക്ഷിച്ച് പുതിയ കണക്ഷൻ റിക്വസ്റ്റുകൾ ലഭിക്കാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണ്.

അനുഭവസ്ഥർ സഹായിക്കാൻ തയ്യാറാണ്!

പുതുതലമുറ ആളുകളെ സമീപിക്കാൻ മടിക്കുമ്പോൾ, പരിചയസമ്പന്നരായ മുതിർന്ന ഉദ്യോഗസ്ഥർ അവരെ സഹായിക്കാൻ ഏറെ താല്പര്യപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം. തങ്ങൾക്ക് നേരിട്ട് പരിചയമില്ലാത്ത വ്യക്തിയാണെങ്കിൽ പോലും, കരിയറിന്റെ തുടക്കത്തിലുള്ള ഒരാൾക്ക് കരിയർ ഉപദേശങ്ങളോ പിന്തുണയോ നൽകാൻ തങ്ങൾ തയ്യാറാണെന്ന് 92% മില്ലേനിയൽ പ്രൊഫഷണലുകളും 95% ജെൻ എക്സ് പ്രൊഫഷണലുകളും വ്യക്തമാക്കുന്നു.

നെറ്റ്‍വർക്കിങ് എങ്ങനെ എളുപ്പത്തിൽ തുടങ്ങാം?

  • ചെറിയ ചുവടുവെപ്പുകൾ: ആദ്യമേ തന്നെ വലിയ സന്ദേശങ്ങളോ ഔദ്യോഗിക പരിചയപ്പെടുത്തലുകളോ ആവശ്യമില്ല. മറ്റുള്ളവരുടെ പോസ്റ്റുകൾക്ക് താഴെ നല്ല കമന്റുകൾ പങ്കുവെക്കാം. താല്പര്യമുള്ള വിഷയങ്ങളിൽ അഭിപ്രായം പങ്കുവെക്കുക, നിലവിലുള്ള സുഹൃത്തുക്കളുമായി ബന്ധം പുതുക്കുക എന്നിവയിലൂടെ തുടങ്ങാം.
  • പൊതുവായ താല്പര്യങ്ങൾ കണ്ടെത്തുക: പഠിച്ച കോളേജ്, പ്രൊഫഷണൽ താല്പര്യങ്ങൾ എന്നിവ പങ്കിടുന്ന ആളുകളെ ആദ്യം സമീപിക്കുക. ഒരാൾക്ക് കണക്ഷൻ റിക്വസ്റ്റ് അയക്കുന്നതിന് മുൻപായി അവരുടെ പോസ്റ്റുകൾ ഫോളോ ചെയ്യുന്നത് മടി മാറ്റാൻ സഹായിക്കും.

  • ആവശ്യം വരുന്നതിന് മുൻപ് ബന്ധങ്ങൾ സ്ഥാപിക്കുക: ഒരു ജോലിയുടെ ആവശ്യം വരുമ്പോൾ മാത്രം പെട്ടെന്ന് ആളുകളെ ബന്ധപ്പെടാതെ, മുൻകൂട്ടി തന്നെ നല്ലൊരു പ്രൊഫഷണൽ ബന്ധം കെട്ടിപ്പടുക്കാൻ ശ്രദ്ധിക്കുക.