6G, AI, IoT, റോബോട്ടിക്സ്, ടെലികമ്യൂണിക്കേഷന്‍, സിഗ്‌നല്‍, സാറ്റലൈറ്റ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു കൗതുകമുള്ളവരാണോ നിങ്ങള്‍? സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് കണക്കും ഊര്‍ജ്ജതന്ത്രവും നന്നായി ഇഷ്ടപ്പെടുന്നവര്‍ ആയിരുന്നോ നിങ്ങള്‍? എങ്കില്‍ പിന്നെ തീര്‍ച്ചയായും ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എൻജിനീയറിങ് പഠിക്കുന്നതിനേക്കുറിച്ച് നമുക്കൊന്ന് ആലോചിക്കാം.
എൻജിനീയറിങ് ശരിയായ ബ്രാഞ്ച് തിരഞ്ഞെടുക്കുന്നതിലെ പ്രധാന ഘടകം ഭാവിയിലെ തൊഴിലവസരങ്ങളും മുന്നിലുള്ള ഓപ്ഷനുകളും താല്‍പര്യവും ആണ്. ഇലക്ട്രോണിക്സ് എൻജിനീയറിങ് തിരഞ്ഞെടുക്കുന്ന ഒരു ബിരുദധാരിക്ക് മുന്നില്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോമാഗ്‌നറ്റിക്, ഇലക്ട്രോണിക് ഉപകരണങ്ങളും സിസ്റ്റങ്ങളും രൂപകല്‍പ്പന ചെയ്യല്‍, വികസിപ്പിക്കല്‍, പ്രയോഗിക്കല്‍ തുടങ്ങി നിരവധി മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ പ്രദാനം ചെയ്യുമെന്നതില്‍ സംശയമില്ല. 5G, 6G കമ്മ്യൂണിക്കേഷന്‍, ഡ്രോണ്‍ ടെക്നോളജി, റോബോട്ടിക്സ്, പ്രൊഡക്ഷന്‍ യൂണിറ്റുകളുടെ ഓട്ടോമേഷന്‍, IoT, കണ്‍ട്രോള്‍ പവര്‍ സിസ്റ്റങ്ങള്‍ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ദശലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്ന് വിലയിരുത്തപ്പെടുന്നു. ഒരു വിദ്യാര്‍ഥി ഈ മേഖലയില്‍ ഒരു കരിയര്‍ തുടരാന്‍ തീരുമാനിക്കുമ്പോള്‍, അത് ഒരേസമയം കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രിക്കല്‍ എൻജിനീയറിങ് തുടങ്ങിയ അനുബന്ധ മേഖലകളിലെ സാധ്യതകള്‍ തുറക്കുന്നു എന്ന പ്രത്യേകതയും ഈ മേഖലയ്ക്കുണ്ട്. സാങ്കേതികവിദ്യ പുരോഗമിക്കുകയും വരും വര്‍ഷങ്ങളില്‍ പുതിയ ഉയരങ്ങളിലെത്തുകയും ചെയ്യുമ്പോള്‍, എല്ലാ വ്യവസായത്തിനും കഴിവുള്ള ഒരു ഇലക്ട്രോണിക്‌സ് എന്‍ജിനീയറുടെ സേവനം ഉറപ്പായും ആവശ്യമായി വരും എന്ന് നിസ്സംശയം പ്രസ്താവിക്കാം.
കണക്കുകള്‍, കാര്യങ്ങള്‍
ഇന്ത്യ ഇന്ന് മൊബൈല്‍ ഫോണ്‍ ഉത്പാദനത്തിന്റെ കാര്യത്തില്‍ ലോകത്ത് രണ്ടാമതെത്തി നില്‍ക്കുന്നു. ഇന്ത്യയുടെ അര്‍ധചാലക വിപണി 2026-ഓടെ 60 ബില്യണ്‍ ഡോളറും 2030-ഓടെ 100 ബില്യണ്‍ ഡോളറും എത്തുമെന്ന് പ്രവചിക്കപ്പെടുന്നു. ലോകത്തെ ഉപഭോഗത്തിന്റെ 10% വരുമിത്. ഇന്ത്യയുടെ വ്യാവസായിക റോബോട്ടുകളും ഓട്ടോമേഷന്‍ വിപണിയും 2025-ഓടെ 14% വര്‍ധിച്ച് ഏകദേശം ഇരട്ടിയായി 25 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ വ്യാവസായിക റോബോട്ടിക്‌സ് വിപണി 2019 ല്‍ 5,000 യൂണിറ്റായിരുന്നു, 2025 ഓടെ 11,760 യൂണിറ്റിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. ആഗോള റോബോട്ടിക്സ് ടെക്നോളജി മാര്‍ക്കറ്റ് വലുപ്പം 2019-ല്‍ 62.75 ബില്യണ്‍ ഡോളറായിരുന്നു, 2027-ഓടെ 189.36 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ആഭ്യന്തര ഇലക്ട്രോണിക്‌സ് ഉല്‍പ്പാദനം 2014-15ല്‍ 29 ബില്യണ്‍ ഡോളറില്‍നിന്ന് 2022-23ല്‍ 101 ബില്യണ്‍ ഡോളറായി വളര്‍ന്നു. ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് നിര്‍മാണ വ്യവസായം 2020-21ല്‍ 75 ബില്യണ്‍ ഡോളറില്‍നിന്ന് 2025-26 ആകുമ്പോഴേക്കും 300 ബില്യണ്‍ ഡോളറായി വളരും എന്ന് പറയുന്നു. കൂടാതെ ഇന്ത്യയില്‍ നൂറു കണക്കിന് സ്റ്റാര്‍ട്ടപ്പുകളുണ്ടായ മേഖലയും ഇത് തന്നെ. ഈ മേഖലയിലെ കണക്കുകള്‍ ഭാവി ശോഭനമാണെന്ന കാര്യം തന്നെ പറയുന്നു.
ഇലക്ട്രോണിക്‌സ് തൊഴില്‍ മേഖലകള്‍, തസ്തികകള്‍
- ഇലക്ട്രോണിക്‌സ് എന്‍ജിനീയര്‍
- നെറ്റ്‌വർക്ക് പ്ലാനിംഗ് എന്‍ജിനീയര്‍
- ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ കണ്‍സല്‍ട്ടന്റ്
- കസ്റ്റമര്‍ സപ്പോര്‍ട്ട് എന്‍ജിനീയര്‍
- ടെക്‌നിക്കല്‍ ഡയറക്ടര്‍
- ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് ഡിസൈനര്‍
- റോബോട്ടിക്‌സ് എന്‍ജിനീയര്‍
- ഐഓടീ (IoT) എന്‍ജിനീയര്‍
- വി.എല്‍.എസ്.ഐ. (VLSI) ഡിസൈന്‍ എന്‍ജിനീയര്‍
- എംബെഡ്ഡഡ് സിസ്റ്റം
- സോഫ്റ്റ്‌വെയർ എന്‍ജിനീയര്‍
- ടെലി കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയര്‍
ട്രെന്‍ഡിങ് ഫൈവ്
1. ടെലികോം എന്‍ജിനീയര്‍: ഇന്ത്യയിലെ എല്ലാ ടെലികോം കമ്പനികളും വേഗതയേറിയ ഇന്റര്‍നെറ്റിനായി 5G, 6G കവറേജിനായി മത്സരിക്കുകയാണ്. രാജ്യത്തിന്റെ എല്ലാ കോണുകളിലും അവര്‍ കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കുന്നു. സ്വാഭാവികമായൂം അവര്‍ക്ക് കൂടുതല്‍ ടെലികോം എന്‍ജിനീയര്‍മാരെ ആവശ്യമാണ്. നമ്മള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണുകളിലെ അതിവേഗ ഇന്റര്‍നെറ്റിന്റെ ഉപയോഗം എല്ലാ കാലത്തും ഇനി വര്‍ധിച്ചുകൊണ്ടേയിരിക്കും. ഇത് തടസ്സമില്ലാത്ത കണക്റ്റിവിറ്റിക്ക് കൂടുതല്‍ ഡിമാന്‍ഡ് കൊണ്ടുവരും എന്ന് ഊഹിക്കാവുന്നതാണ്.
2. ഡ്രോണ്‍ എന്‍ജിനീയര്‍: കഴിഞ്ഞ 20 കൊല്ലം പരിശോധിച്ചാല്‍ ചിന്തിക്കുകയോ സ്വപ്നം കാണുകയോ പോലും ചെയ്യാത്ത കാര്യങ്ങള്‍ സങ്കേതിക വിദ്യയുടെ കരുത്തില്‍ ഇന്ന് കണ്‍മുന്നില്‍ നടക്കുന്നു. നമ്മുടെയൊക്കെ കയ്യിലിരിക്കുന്ന മൊബൈല്‍ ഫോണ്‍ തന്നെ ഉദാഹരണം. ഇനിയൊരു കാലത്ത് സ്വിഗ്ഗിക്കും സോമാറ്റോക്കും പകരം ഡ്രോണില്‍ ഭക്ഷണം എത്തുന്നതും കൊറിയറും ആമസോണ്‍ ഡെലിവറിയൂം ഒക്കെയായി വീടിനു മുന്നില്‍ ഡ്രോണുകള്‍ പറന്നിറങ്ങുന്നതും കൃഷിയിടങ്ങളില്‍ വളം ഇടുന്ന ഡ്രോണ്‍ കുട്ടന്മാരെയും ഒക്കെ സങ്കല്‍പ്പിച്ച് നോക്കൂ. ഇങ്ങനെ ഡ്രോണ്‍ സാങ്കേതികവിദ്യയുടെ ഭാവി ആവേശകരമായ മുന്നേറ്റങ്ങളും ആപ്ലിക്കേഷനുകളും നിറഞ്ഞതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൃത്രിമബുദ്ധിയുള്ള ഡ്രോണുകള്‍ക്ക് മനുഷ്യന്റെ നിരന്തരമായ മേല്‍നോട്ടമില്ലാതെ ഡെലിവറി, നിരീക്ഷണം, പരിശോധന തുടങ്ങിയ സങ്കീര്‍ണ്ണമായ ജോലികള്‍ ചെയ്യാന്‍ കഴിയും.
3. റോബോട്ടിക്‌സ്: പണ്ടത്തെ സിനിമകളിലെ ഓപ്പറേഷന്‍ തിയേറ്ററും ഡോക്ടറും നഴ്സ്മാരും കൂടിനിന്ന് കത്രിക കൈമാറുന്നതും ഒക്കെ കണ്ടിട്ടില്ലേ. എന്നാൽ, ഇനി നമുക്കതങ്ങ് പൂര്‍ണമായി മറക്കാം. റിമോട്ട് സ്വിച്ചിൽ അകലെനിന്ന് രോഗികളെ നിയന്ത്രിക്കാം. കിറുകൃത്യമായി അണുവിട വ്യത്യാസം വരുത്താതെ ഓപ്പറേഷനുകള്‍ നടത്താം. 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്മാ'രുടെ പല വേര്‍ഷന്‍ തന്നെ നമ്മള്‍ കാണും. വളമിടീലും, പരിപാലനവും തുടങ്ങി കൃത്യതയാര്‍ന്ന നിരീക്ഷണവും അടക്കം റോബോട്ടുകള്‍ കൃഷിക്കിറങ്ങും. അത്യാധുനിക സംവിധാനങ്ങളുമായി ആശുപത്രികള്‍ റിമോട്ട് കണ്‍ട്രോളില്‍ ആവും. ഹോട്ടലുകളില്‍ സ്വിച്ചിട്ടാൽ വേണ്ട ചേരുവയില്‍ സദ്യ വട്ടം ഒരുക്കുന്നത് വരെ റോബോട്ടുകള്‍ ആവും. ഇതിന് വേണ്ട സെന്‍സറുകള്‍ ഉണ്ടാകുന്നത്, പ്രവര്‍ത്തന സജ്ജമാക്കുന്നത്, കണ്‍ട്രോള്‍ സിസ്റ്റം സംവിധാനം വികസിപ്പിക്കുന്നത്, സര്‍ക്യൂട്ട് ഡിസൈന്‍ രൂപകല്പന ചെയ്യുന്നത്, ബാറ്ററിയാല്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ നിര്‍മ്മിക്കുന്നത് എല്ലാം ഇലക്ട്രോണിക്‌സ് എന്‍ജിനീയര്‍മാര്‍ ആയിരിക്കും.
4. സെമി കണ്ടക്ടര്‍ എന്‍ജിനീയര്‍: കമ്പ്യൂട്ടര്‍, ലാപ്‌ടോപ്, സ്മാര്‍ട്ട്‌ഫോണ്‍, ടീ വി, LED ബള്‍ബുകള്‍, ഡ്രോണ്‍, റഡാര്‍, സോളാര്‍ പാനല്‍ തുടങ്ങി സകലയിടത്തും സെമി കണ്ടക്ടര്‍ ഉപകരണങ്ങള്‍ ഉണ്ട്. ചിപ്പ് എന്ന് പറയുന്ന ഈ ഉപകരണങ്ങളുടെയൊക്കെ തലച്ചോര്‍ വരുന്ന ഭാഗം ഒരു സെമി കണ്ടക്ടര്‍ ആണ്. സിലിക്കണ്‍ മെറ്റീരിയല്‍ കൊണ്ടാണ് അത് ഉണ്ടാക്കിയിരിക്കുന്നത്. ട്രാന്‍സിസ്റ്ററും ഡയോഡും ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടും ഒക്കെയുള്ള ഒരു സെമി കണ്ടക്ടര്‍ ഉപകരണം നിര്‍മിക്കുന്നതിലെ ഇലക്ട്രോണിക്‌സ് എന്‍ജിനീനീയറുടെ പങ്ക് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ. രൂപകല്പന, നിര്‍മാണം, ടെസ്റ്റിംഗ്, പാക്കേജിംഗ്, അസംബ്ലി, ഗവേഷണം തുടങ്ങി ഒരു സെമി കണ്ടക്ടര്‍ ഉപകരണത്തെ ചുറ്റിപ്പറ്റി എപ്പോഴും ഇലക്ട്രോണിക്‌സ് എന്‍ജിനീയര്‍മാര്‍ ഉണ്ടാകും. AI, 5G, 6G ഒക്കെ വന്നതോടെ ആശ്ചര്യം ഉളവാക്കുന്ന കണ്ടുപിടുത്തങ്ങളും രസകരമായ മാറ്റങ്ങളും ഈ മേഖലയില്‍ നടക്കുന്നു. ഡ്രൈവര്‍ ഇല്ലാത്ത വാഹനങ്ങള്‍ എന്നോര്‍ക്കുമ്പോള്‍ തന്നെ അതിന്റെ ഹൃദയം മിടിക്കുന്നത് ഒരു സെമി കണ്ടക്ടര്‍ ഡിവൈസില്‍ ആയിരിക്കും എന്നോര്‍ക്കുക.
5. സിഗ്‌നല്‍, വയര്‍ലെസ് കമ്യൂണിക്കേഷന്‍ : ചന്ദ്രയാന്‍ അങ്ങ് പോയി ഇറങ്ങുന്നതും വിക്രം കാല്‍ കുത്തുന്നതും പ്രഗ്യാന്‍ ഇറങ്ങി വരുന്നതുമൊക്കെ നമ്മള്‍ അറിഞ്ഞത് എങ്ങിനെയാണ് എന്ന് ഓര്‍ക്കാറുണ്ടോ. ഇവിടന്നങ്ങോട്ടും അവിടന്നിങ്ങോട്ടും സന്ദേശങ്ങള്‍ അയക്കുന്നതിലെ ഇടനിലക്കാര്‍ ആരൊക്കെയാണ്. ആലോചിക്കാന്‍ രസമുണ്ടല്ലേ. വിമാനത്തില്‍ പോകുന്നവര്‍ക്ക് വൈഫൈ കിട്ടുവാന്‍ നമ്മള്‍ ഉപഗ്രഹം അയക്കുവാന്‍ പോകുന്നു എന്ന് കേട്ടിരിക്കുമല്ലോ. വിമാനങ്ങള്‍ നിയന്ത്രിക്കുന്നത്, ട്രാഫിക് കണ്‍ട്രോള്‍, പരസ്പരം സന്ദേശം അയക്കുന്നത്, യന്ത്രവും യന്ത്രവും തമ്മിലും, യന്ത്രവും മനുഷ്യനും തമ്മിലും, ഭൂമിയില്‍നിന്നു ബഹിരാകാശ പേടകവുമായി സംവദിക്കുന്നത് തുടങ്ങി അലാറം, സൈറണ്‍, ഭൂകമ്പം, സുനാമി പോലെയുള്ള പ്രകൃതിക്ഷോഭ സൂചനകള്‍, റെയില്‍വേ, നാവിഗേഷന്‍, സ്മാര്‍ട്ട് വാച്ച്, മൊബൈല്‍, റേഡിയോ, ബ്‌ളൂടൂത്ത് ... എവിടെയും ഒന്നല്ല; നിരവധി ഇലക്ട്രോണിക്‌സ് എന്‍ജിനീയര്‍മാര്‍ ഇരിപ്പുണ്ട് എന്ന് മനസ്സിലാക്കണം.
Content Highlights: electronics and communication engineering career oppurtunities
Published: 04 Jul 2024, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented