
മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കുട്ടിക്കാലത്ത് ലഭിച്ചിരുന്ന ഭക്ഷണസാധനങ്ങളുടെ പേര് ചോദിക്കൂ. അതിനുശേഷം ഇന്ന് ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളുമായി താരതമ്യം ചെയ്തു നോക്കൂ. ഒന്നും അങ്ങട് ശരിയാകുന്നില്ല അല്ലേ... രണ്ട് മിനിറ്റില്‍ തയ്യാറാക്കാവുന്ന ന്യൂഡില്‍സും വേഫര്‍ ബിസ്ക്കറ്റും കാഡ്ബറീസും എക്ളയറുമൊന്നും മുത്തശ്ശിയുടെ ചെറുപ്പകാലത്ത് ഉണ്ടായിരുന്നില്ല. യാത്ര പുറപ്പെടുമ്പോള്‍ അക്കാലത്ത് ആരും ഫ്രൂട്ടിയും ക്രാക്ക് ജാക്ക് ബിസ്കറ്റും ബാഗിനുള്ളില്‍ തിരുകുമായിരുന്നില്ല. മാങ്ങയുടെ സീസണിലൊഴികെ ആരും മാമ്പഴവും തിന്നാറില്ല. ഐസ്ക്രീമിന്റേയും മില്‍ക്ക് ഷേക്കിന്റെയും മറ്റും കാര്യം പറയുകയേ വേണ്ട!
പഴച്ചാര്‍ തണുപ്പിച്ച് കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കുന്ന രീതി മൂവായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ഉണ്ടായിരുന്നുവത്രേ. വിവിധതരം മസാലകള്‍ ചേര്‍ത്ത് ഭക്ഷണസാധനങ്ങള്‍ വളരെക്കാലം സൂക്ഷിച്ചുവയ്ക്കുവാന്‍ പുരാതന ഭാരതീയര്‍ക്കും അറിയാമായിരുന്നു. അച്ചാറുകളും ഉണക്കമീനും നെയ്യുമെല്ലാം വളരെക്കാലത്തേക്ക് സൂക്ഷിച്ചുവയ്ക്കുവാനും നമുക്ക് സാധിച്ചിരുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ ലോകം ചുറ്റാനിറങ്ങിയ മാര്‍ക്കോപോളോ ചൈനയിലെ പാചകപരീതികള് കണ്ട് അത്ഭുതപ്പെട്ടുനിന്നു. അദ്ദേഹം ഇറ്റലിയിലേക്ക് മടങ്ങിപ്പോയത് കിട്ടാവുന്നത്ര പാചകവിധികളുമായിട്ടാണ്. ഇക്കൂട്ടത്തില്‍ ഐസ്ക്രീമും ഉണ്ടായിരുന്നു. ഇറ്റാലിയന്‍ പാചകക്കാര്‍ ഈ പാചകവിധികള്‍ നാനൂറു വര്‍ഷത്തോളം രഹസ്യമാക്കി വച്ചുവത്രേ. പതിനെട്ടാം നൂറ്റാണ്ടില്‍ എങ്ങനെയോ ഈ രഹസ്യം പരസ്യമായതോടെ എല്ലാവരും ഐസ്ക്രീം ഉണ്ടാക്കുവാന്‍ ആരംഭിച്ചു. നിലക്കടലയും പഴച്ചാറും തേനും പോരാതെ മദ്യം പോലും ചേര്‍ത്ത് ഓരോരുത്തരും സ്വന്തം ഭാവനയില്‍ ഐസ്ക്രീം ഉണ്ടാക്കുവാനും തുടങ്ങി (ഐസ്ക്രീം ഉണ്ടാക്കുന്നതിനെക്കുറിച്ച് മാത്രം വിവരിക്കുന്ന പുസ്തകത്തിന് ഇന്ന് മുന്നൂറില്പരം പേജുകളുണ്ട്).
കമ്പ്യൂട്ടര്‍ സയന്‍സും ഇലക്ട്രോണിക്സും മാത്രമല്ല, നമ്മള് കഴിക്കുന്ന ഭക്ഷണവും ആധുനികമായി മാറിയിരിക്കുന്നു. ഏറ്റവും രുചികരമായ രീതിയില്‍, ഏറ്റവും വേഗത്തില്‍, ഏറ്റവും ആരോഗ്യപരമായ രീതിയില്‍ കഴിക്കാവുന്ന ഭക്ഷണ സാധനങ്ങള്‍ക്കായി വമ്പിച്ച ഗവേഷണങ്ങള്‍ രാജ്യമെമ്പാടും നടന്നുവരുന്നു. ഒരു സീസണില്‍, ചിലയിടങ്ങളില്‍ മാത്രം ലഭിച്ചിരുന്ന പഴവര്‍ഗ്ഗങ്ങള്‍ ഇന്ന് എവിടെയും എപ്പോഴും ലഭ്യമാകുന്നു. വയലില്‍ വിളയുന്ന ധാന്യങ്ങള്‍ ബിസ്ക്കറ്റായും ബോണ്വിറ്റയായും ബീയറായും രൂപംമാറി കമ്പോളത്തിലെത്തുന്നു. മൂക്കുപൊത്തി കഴിക്കേണ്ട വെളുത്തുള്ളിയും കോഡ് ലിവര്‍ ഓയിലും ചീത്ത മണമോ ദുഃസ്വാദോ കൂടാതെ ലഭ്യമായിരിക്കുന്നു. തടിയന്മാര്ക്ക് വയറു കാലിയാകാതെ തടി കുറയ്ക്കുവാന്‍ സാധിക്കുന്ന തരം ഭക്ഷണം ഇന്ന് കിട്ടും. പ്രമേഹരോഗികള്‍ക്കു പോലും കഴിക്കാവുന്ന പഞ്ചസാരയും കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. പിഞ്ചുകുട്ടികള്‍ക്കുള്ള പലതരം ബേബി ഫുഡ്ഡുകളും ശൂന്യാകാശ യാത്രികര്‍ക്കുള്ള ആഹാര ഗുളികകളുമെല്ലാം ഭക്ഷണരംഗത്തെ ഹൈ-ടെക്നോളജിയുടെ കഥ പറയുന്നു.
ആരാണ് ഒരു ഫുഡ് ടെക്നോളജിസ്റ്റ്?
പുതിയതരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കുക, പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കുവാനുള്ള രീതികള്‍ കണ്ടുപിടിക്കുക, ഇപ്പോള്‍ ലഭ്യമായ ഭക്ഷണപദാര്‍ത്ഥങ്ങളുടെ പോഷകഗുണവും രുചിയും ഭംഗിയും വര്‍ദ്ധിപ്പിക്കുക, വന്‍ തോതില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിർമിക്കുവാന്‍ ആവശ്യമായ യന്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുക തുടങ്ങിയ രംഗങ്ങളില്‍ സ്പെഷ്യലൈസ് ചെയ്ത വിദഗ്ദ്ധനാണ് ഫുഡ് ടെക്നോളജിസ്റ്റ്. ഭക്ഷണം വളരെ പ്രധാനമായതുപോലെ പല പ്രധാന കമ്പനികളുടേയും നിലനില്പ് തന്നെ ഭക്ഷണ നിർമാണത്തിന്മേലാണ്.
ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, കിസാന്‍ പ്രോഡക്ട്സ് ലിമിറ്റഡ്, പാര്‍ലേ ബിസ്ക്കറ്റ്സ്, ഹിന്ദുസ്ഥാന്‍ ലിവര്‍, മോഡേണ്‍ ബേക്കറീസ്, യുണൈറ്റഡ് ബ്രൂവറീസ്, ഹെര്‍ബെട്ട് സണ്‍സ്, ന്യൂട്രീന്‍, ലിപ്റ്റണ്‍, നെസ്ലേ, പെപ്സി ഫുഡ്സ്, സ്മിത്ത് ക്ലൈന്‍ ബീഷം കണ്‍സ്യൂമര്‍ ബ്രാന്‍ഡ്സ്, കാഡ്ബറീസ്, അമൂല്‍, ജഗത്ജീത് ഇന്‍ഡസ്ട്രീസ്, ഐ.ടി.സി., എന്‍.ഡി.ഡി.ബി., കാംകോ, ഗോദ്റെജ് ഫുഡ്സ്, ബ്രൂക്ക്ബോണ്ട്, രസ്ന, കോത്താരി ഫുഡ്സ്, അമേരിക്കന്‍ ഡ്രൈ ഫ്രൂട്ട്സ്, ടാറ്റാ ടീ എന്നിവയെല്ലാം അനന്തമായ ലിസ്റ്റിലെ ചിലതുമാത്രം. ഇതുകൂടാതെ ഫുഡ് എൻജിനീയറിങ് രംഗത്തെ നായകന്മാരായ എച്ച്.എം.ടി., ആല്‍ഫാ ലവല്‍, മറ്റ് പാക്കേജിംഗ് നിര്‍മാണകമ്പനികള്‍ എന്നിവിടങ്ങളിലും ഫുഡ് ടെക്നോളജിക്കാര്‍ക്ക് ജോലി ലഭിക്കാം.
ഓരോ നാടിനും ഓരോ രുചികള്‍, ഓരോ പാചകവിധികള്‍
ഓരോ നാട്ടില്‍ ജീവിക്കുന്നവര്‍ക്കും സ്വന്തമായ പാചകവിധികളുണ്ട്. ഒരു സ്ഥലത്തെ ജനങ്ങള്‍ കഴിക്കാത്ത സാധനങ്ങള്‍ ലോകത്തിന്റെ മറ്റൊരു ഭാഗത്ത് സ്വാദിഷ്ഠവിഭവമാണ്. ഫുഡ് ടെക്നോളജിസ്റ്റിന്റെ ജോലി വിജയമായിത്തീരണമെങ്കില്‍ ഓരോ വിഭാഗം ജനങ്ങളുടെയും രുചിയറിഞ്ഞ് പെരുമാറണം. നിങ്ങള്‍ ഹോംകോങ്ങിലേയോ തായ് വാനിലേയുോ ഹോട്ടലുകളിലേക്കു കടക്കുമ്പോള്‍ രണ്ടുവശത്തും അക്വേറിയം പോലുള്ള ഗ്ലാസ് പെട്ടികള്‍ കാണാം. മഴവില്‍ നിറങ്ങളുള്ള മത്സ്യങ്ങള്‍ക്കുപകരം ഈ പെട്ടികളില്‍ പല തരത്തിലുള്ള പാമ്പുകളായിരിക്കും ഉണ്ടാവുക. നിങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന പാമ്പിനെ പ്രത്യേകമായി പിടിച്ചുവേവിച്ചു തരുവാന്‍ തയ്യാറായി വെയ്റ്റര്‍ നിങ്ങളുടെ അടുത്തുവന്നുനില്ക്കും. എന്താ വേണോ? നിങ്ങള്‍ക്കു വേണ്ടെങ്കിലും ഹോംകോങ്ങുകാർക്കും തായ് വാന്കാര്ക്കും അതുകൂടാതെ വയ്യ. ഈ രാജ്യങ്ങളില്‍ ഏറ്റവും ആരാധകരുള്ള വിഭവമാണത്രേ പാമ്പുസൂപ്പ്. അവിടങ്ങളിലെ പാമ്പുകള്‍ മതിയാകാഞ്ഞ് ചൈന, വിയറ്റ്നാം, ബംഗ്ലാദേശ്, തായ്ലൻഡ് മുതലായ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തിട്ടാണ് ഈ പാമ്പുതീറ്റ.
ജനങ്ങളുടെ രുചിയനുസരിച്ച് കണ്ടുപിടുത്തങ്ങള്‍ നടത്തേണ്ടയാളാണല്ലോ ഫുഡ് ടെക്നോളജിസ്റ്റ്. നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ഭക്ഷണസ്വഭാവവും വിശ്വാസങ്ങളും (അന്ധവിശ്വാസങ്ങളും) സാമ്പത്തികശേഷിയും എല്ലാം ഫുഡ് ടെക്നോളജിസ്റ്റും മനസ്സിലാക്കിയിരിക്കണം. നമ്മുടെ രുചിയറിഞ്ഞ് പെരുമാറേണ്ട ഫുഡ് ടെക്നോളജിസ്റ്റുകള്‍ പ്രകൃതിയുടെ സ്വഭാവങ്ങളും അറിഞ്ഞിരിക്കണം. നമ്മുടെ ഭക്ഷണരീതികള്‍ നമ്മുടെ ആരോഗ്യത്തെ മാത്രമല്ല ആയുസ്സിനേയും ചിന്തയേയും സ്വാധീനിക്കുന്നു.
പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവന്
ലോകത്തിന് ആവശ്യമുള്ള ഭക്ഷ്യസാധനങ്ങള്‍ ഉണ്ടെങ്കിലും മൂന്നാം ലോകരാജ്യങ്ങളിലെ 80 കോടിയോളംപേര്‍ ദാരിദ്ര്യം കാരണം ശരിയായി ഭക്ഷണം കഴിക്കുന്നില്ല. ഇതില്‍ പകുതിയോളം പേര്‍ക്ക് ജീവന് നിലനിര്‍ത്തുവാനുള്ള ആഹാരം തന്നെ വളരെ ബുദ്ധിമുട്ടിയാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ ഇപ്പോഴും മുക്കാല്‍ ലക്ഷത്തോളം പേര് പോഷകാഹാരക്കുറവു കാരണം പ്രതിവര്‍ഷം മരിക്കുന്നുണ്ട്. ഇന്‍സ്റ്റന്റ് ചിക്കന്‍ സൂപ്പുണ്ടാക്കുവാന് മാത്രമല്ല, പാവങ്ങള്‍ക്ക് കുറഞ്ഞവിലയ്ക്ക് വാങ്ങുവാന്‍ സാധിക്കുന്ന പോഷകാഹാരം കണ്ടുപിടിക്കുന്നതിനെക്കുറിച്ചും ഫുഡ് ടെക്നോളജിസ്റ്റുകള്‍ ആലോചിക്കണം. ആരോഗ്യത്തോടെ ജീവിക്കുവാനും ആയുസ്സു വര്‍ദ്ധിപ്പിക്കുവാനും ഉതകുന്ന വിധത്തിലുള്ള ആഹാരസാധനങ്ങളും ഭക്ഷണരീതികളും വികസിപ്പിച്ചെടുക്കേണ്ടത് ഫുഡ് ടെക്നോളജിസ്റ്റാണ്. ഫുഡ് ടെക്നോളജിസ്റ്റുകള്‍ നടത്തിയ കണ്ടുപിടുത്തങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഭക്ഷണം കൃഷിസ്ഥലത്ത് മാത്രമേ ലഭ്യമാകുമായിരുന്നുള്ളു. അതും പ്രകൃതി നല്കുന്ന രീതിയില്‍, അതാതു സീസണുകളില്‍ മാത്രം.
മദ്യവ്യവസായത്തില്‍ ഫുഡ് ടെക്നോളജിസ്റ്റ്
മനുഷ്യനെ ആരോഗ്യത്തോടെ നിലനിര്‍ത്തുക മാത്രമല്ല പൂസാക്കുന്നതും മയക്കുന്നതുമെല്ലാം ഫുഡ് ടെക്നോളജിസ്റ്റിന്റെ ജോലിയാണ്. മദ്യവ്യവസായത്തില്‍ ജോലി ചെയ്യുന്ന ഫുഡ് ടെക്നോളജിസ്റ്റുകള്‍ ധാരാളം. ബിയറും ബ്രാന്‍ഡിയും വിസ്കിയും റമ്മും ജിന്നുമെല്ലാം തയ്യാറാക്കുവാന്‍ ആവശ്യമായ അസംസ്കൃത സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നതും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും ഈ രംഗത്ത് സ്പെഷ്യലൈസ് ചെയ്ത ഫുഡ് ടെക്നോളജിസ്റ്റുകളാണ്. ഇതിനുപുറമെ പുതിയതരം മദ്യങ്ങള്‍ തയ്യാറാക്കുവാനും പ്ലാന്റുകള്‍ ഡിസൈന്‍ ചെയ്യുവാനും ഫുഡ് ടെക്നോളജിസ്റ്റുകള്‍ക്ക് കഴിയും.
ഫുഡ് എൻജിനീയറിങ്
ഫുഡ് ടെക്നോളജിസ്റ്റുകള്‍ വികസിപ്പിച്ചെടുക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ വന്‍തോതില്‍ നിർമിക്കുവാന്‍ സഹായിക്കുന്ന സാങ്കേതിക ശാസ്ത്രശാഖയാണ് ഫുഡ് എൻജിനീയറിങ്. കാര്യക്ഷമമായ ഉത്പാദനം, പാക്കേജിങ്, സംഭരണം, വിതരണം എന്നിവയ്ക്ക് ആവശ്യമായ യന്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുക, അവയുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുക, എന്നിവയെല്ലാം ഫുഡ് എൻജിനീയര്‍മാരുടെ ജോലിയാണ്. വലിയ പ്ലാന്റുകള്‍ മുതല്‍ ആധുനിക അടുക്കള ഉപകരണങ്ങള്‍ വരെ ഫുഡ് എൻജിനീയര്‍മാര്‍ ഡിസൈന്‍ ചെയ്യാറുണ്ട്. വിദേശത്തേക്കു കയറ്റുമതി ചെയ്യേണ്ട ഭക്ഷ്യവസ്തുക്കള്‍ കര്‍ശനമായ ഗുണനിലവാരപരീക്ഷകളെ അതിജീവിക്കേണ്ടതാണ്. ഭക്ഷണനിര്മാണത്തിന്റെ ഓരോ ഘട്ടത്തിലും ഗുണനിലവാരം നിലനിര്‍ത്തേണ്ട മാര്‍ഗ്ഗങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതും ഫുഡ് ടെക്നോളജിസ്റ്റാണ്.
ഉപ്പ് മുതല്‍ കന്നുകാലി ആഹാരം വരെ
ഒന്നും മിച്ചം വയ്ക്കാതെ മുഴുവനും ഉപയോഗിച്ച് തീര്‍ക്കുവാനുള്ള വഴി ഫുഡ് ടെക്നോളജിസ്റ്റും അറിഞ്ഞിരിക്കണം. ഭക്ഷ്യവസ്തുക്കള്‍ നിർമിച്ചതിനുശേഷമുള്ള ഉച്ഛിഷ്ടങ്ങള്‍ എന്തുചെയ്യണമെന്ന് ഫുഡ് ടെക്നോളജിസ്റ്റുകള്‍ ആലോചിക്കണം. അവ വെറുതെ കളയണോ? അതോ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് മറ്റെന്തെങ്കിലും നിർമിക്കുവാന്‍ സാധിക്കുമോ? അയഡൈസ്ഡ് ചെയ്ത ഉപ്പ് മുതല്‍ കന്നുകാലി ആഹാരം വരെ ഇത്തരം അവശിഷ്ടങ്ങളില്‍ നിന്നും നിർമിക്കപ്പെടുന്നുണ്ട്.
വായിലെ വെള്ളമാണ് പോക്കറ്റിലെ പേഴ്സിനെ നിയന്ത്രിക്കുന്നത്
ഭക്ഷണത്തിന്റെ കാര്യം വരുമ്പോള്‍, വായിലെ വെള്ളമാണ് പോക്കറ്റിലെ പേഴ്സിനെ നിയന്ത്രിക്കുന്നത്. ഫുഡ് ടെക്നോളജിയും സാമ്പത്തിക കാര്യങ്ങളും തമ്മിലുള്ള ബന്ധം അതിപ്രധാനമാണ്. ഓരോ തരം ഭക്ഷണസാധനങ്ങളും നിർമിക്കുവാന്‍ വേണ്ടതായ ഫാക്ടറികളുടെ മുതല്‍മുടക്ക്, പ്ലാന്റുകളുടെ സ്ഥാനം, യന്ത്രങ്ങളുടെ തെരഞ്ഞെടുക്കല്‍, ഓരോ ഭക്ഷണപദാര്ത്ഥത്തിന്റേയും മാര്‍ക്കറ്റ്, പ്രതീക്ഷിക്കാവുന്ന ലാഭം എന്നിവയെല്ലാം കണക്കുകൂട്ടുവാന്‍ ഫുഡ് ടെക്നോളജിസ്റ്റുകള്‍ക്ക് കഴിയണം. വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെക്കുറിച്ചും കയറ്റുമതി ചെയ്യുവാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും അതിന്റെ നിയമവശങ്ങളെക്കുറിച്ചുമെല്ലാം ഫുഡ് ടെക്നോളജിസ്റ്റ് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.
ഫുഡ് ടെക്നോളജിയില്‍ അവസരങ്ങള്‍ ഏറെ
ഫുഡ് ടെക്നോളജിയുടെ പ്രാധാന്യം കേന്ദ്രഗവണ്മെന്റ് വളരെ മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് മൈസൂറില്‍ ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്ത് പരന്നുകിടക്കുന്ന സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. അന്താരാഷ്ട്ര നിലവാരമുള്ള ഈ സ്ഥാപനത്തിലും ഖരഗ്പൂര്‍ ഐ.ഐ.ടി.യിലും ഫുഡ് ടെക്നോളജിയില്‍ പോസ്റ്റ് ഗ്രാജ്വേഷനും ഡോക്ടറേറ്റിനും സൗകര്യങ്ങളുണ്ട്. കൂടാതെ ഇന്ത്യയിലെ മറ്റ് പല എൻജിനീയറിങ് കോളേജുകളിലും പോളിടെക്നിക്കുകളിലും അഗ്രിക്കള്‍ച്ചറല്‍ കോളേജുകളിലും ഫുഡ് ടെക്നോളജി ഡിഗ്രി/ഡിപ്ലോമ കോഴ്സുകളുണ്ട്.
ഫുഡ് ടെക്നോളജിയിലെ വിവിധ മേഖലകളില്‍ മികച്ച പരിശീലനം നല്കുന്ന സ്ഥാപനമാണ് മൈസൂറിലെ സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. എം. എസ്സി. (ഫുഡ് ടെക്നോളജി), ഇന്റഗ്രേറ്റഡ് എം. എസ്സി. - പിഎച്ച്. ഡി. പ്രോഗ്രാം (ന്യുട്രീഷ്യന്‍ ബയോളജി), പിഎച്ച്.ഡി. പ്രോഗ്രാമുകള്‍ എന്നിവയാണ് പ്രധാന കോഴ്സുകള്‍. ഫ്ളോർ മില്ലിങ് ടെക്നോളജിയിലും ഇവിടെ കോഴ്സ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://cftri.res.in സന്ദര്‍ശിക്കുക.
ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയുടെ ചലനാത്മക ഭൂപ്രകൃതിയില്‍, ഫുഡ് ടെക്നോളജി മേഖല നവീകരണത്തിന്റെയും ഉപജീവനത്തിന്റെയും വിളക്കുമാടമായി നിലകൊള്ളുന്നു. ഭക്ഷ്യസംസ്കരണം, സംരക്ഷണം, ഗുണനിലവാരം ഉറപ്പാക്കല്‍ എന്നീ മേഖലകളിലേക്ക് ആഴ്ന്നിറങ്ങാന്‍ താല്‍പ്പര്യമുള്ള വിദ്യാർഥികള്‍ ഭക്ഷ്യസാങ്കേതികവിദ്യയില് ബി.ടെക് പഠിക്കാന്‍ പ്രശസ്തമായ സ്ഥാപനങ്ങളെ തേടാറുണ്ട്.
ബി.ടെക് ഫുഡ് ടെക്നോളജി
ഭക്ഷ്യശാസ്ത്രം, എൻജിനീയറിങ് , സാങ്കേതികവിദ്യ എന്നിവയുടെ ഘടകങ്ങള്‍ സംയോജിപ്പിച്ച് സുരക്ഷിതവും പോഷകപ്രദവും രുചികരവുമായ ഭക്ഷ്യ ഉല്പന്നങ്ങള് നിർമിക്കുന്ന ഒരു മള്‍ട്ടി ഡിസിപ്ലിനറി കോഴ്സാണ് ബി. ടെക്. ഇന്‍ ഫുഡ് ടെക്നോളജി. ഫുഡ് കെമിസ്ട്രി, മൈക്രോബയോളജി, പ്രോസസ്സിംഗ് ടെക്നിക്കുകള്‍, ഗുണനിലവാര നിയന്ത്രണം, ഭക്ഷ്യ സുരക്ഷാ നിയന്ത്രണങ്ങള്‍ തുടങ്ങിയ വിഷയങ്ങളിള്‍ വിദ്യാർഥികള്‍ ഈ കൊഴ്സിലൂടെ പഠിക്കുന്നു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില് നിര്‍ണായക പങ്ക് വഹിക്കുന്ന ഭക്ഷ്യവ്യവസായത്തിലെ വെല്ലുവിളികളും അവസരങ്ങളും നേരിടാന്‍ ആവശ്യമായ കഴിവുകള്‍ നല്കി സജ്ജമാക്കുന്നതിനാണ് പാഠ്യപദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.
ബി. ടെക്. ഫുഡ് ടെക്നോളജിക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍
- വിദ്യാഭ്യാസ യോഗ്യത: അംഗീകൃത ബോര്‍ഡില്‍ നിന്ന് കോര്‍ വിഷയങ്ങളായി ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് (പി സി എം) അല്ലെങ്കില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (പി സി ബി) എന്നിവയില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം (10+2) പൂര്‍ത്തിയാക്കിയിരിക്കണം. മിക്ക കോളേജുകളും ഉദ്യോഗാർഥികള്‍ക്ക് അവരുടെ യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞത് 50% സ്കോര്‍ ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെടുന്നു. എന്നിരുന്നാലും, ചില സ്ഥാപനങ്ങള്‍ക്ക് മെറിറ്റിനെ അടിസ്ഥാനമാക്കി വ്യത്യസ്ത കട്ട്ഓഫുകള്‍ ഉണ്ടായിരിക്കാം.
- പ്രവേശന പരീക്ഷകള്‍: JEE മെയിന്‍, ബിറ്റ്സാറ്റ് അല്ലെങ്കില്‍ സംസ്ഥാന തലത്തിലുള്ള എൻജിനീയറിങ് പ്രവേശന പരീക്ഷകള്‍ പോലെയുള്ള പ്രവേശന പരീക്ഷകള്‍ പല സ്ഥാപനങ്ങളും നടത്തുന്നു. പ്രവേശനം ഉറപ്പാക്കാന്‍ അപേക്ഷകര്‍ ഈ പരീക്ഷകള്‍ക്ക് യോഗ്യത നേടേണ്ടതുണ്ട്.
- കൗണ്‍സിലിംഗ് പ്രക്രിയ: പ്രവേശന പരീക്ഷകള്‍ വിജയിച്ച ശേഷം, ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ അഡ്മിഷന് അന്തിമമാക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോ സ്ഥാപനങ്ങളോ നടത്തുന്ന കൗണ്‍സിലിംഗ് സെഷനുകളില്‍ പങ്കെടുക്കേണ്ടതുണ്ട്.
- ഇന്ത്യയിലെ ശ്രദ്ധേയമായ ബി.ടെക്. ഫുഡ് ടെക്നോളജി കോളേജുകള്രാജ്യത്തുടനീളമുള്ള നിരവധി സ്ഥാപനങ്ങള്‍ ഫുഡ് ടെക്നോളജിയില്‍ ബി.ടെക് പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ കോളേജുകള്‍ അത്യാധുനിക സൗകര്യങ്ങളും പരിചയസമ്പന്നരായ ഫാക്കല്‍റ്റികളും ഭക്ഷ്യവ്യവസായവുമായി ബന്ധപ്പെട്ട പാഠ്യപദ്ധതിയും പ്രദാനം ചെയ്യുന്നു.
ചില പ്രമുഖ സ്ഥാപനങ്ങള്‍
- സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എഫ്.ടി.ആര്.ഐ.), മൈസൂരു: കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചുമായി (സി. എസ്. ഐ. ആര്.) അഫിലിയേറ്റ് ചെയ്തിട്ടുള്ള സി.എഫ്.ടി.ആര്.ഐ. ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഒരു പ്രധാന ഗവേഷണ സ്ഥാപനമാണ്. ഇവിടെ ഫുഡ് ടെക്നോളജിയില്‍ ബി.ടെക്. പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു. വെബ്സൈറ്റ്: https://cftri.res.in
- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി (ഐ.സി.ടി.), മുംബൈ: കെമിക്കല്‍ എൻജിനീയറിങ്ങിലും അനുബന്ധ മേഖലകളിലും മികവിന് പേരുകേട്ട ഐ.സി.ടി., ഫുഡ് എൻജിനീയറിങ്ങിലും സാങ്കേതികവിദ്യയിലും സമഗ്രമായ ബി. ടെക്. പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു. വിലാസം: Nathalal Parekh Marg, Matunga, Mumbai - 400019. Website: https://www.ictmumbai.edu.in
- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് മാനേജ്മെന്റ് (NIFTEM), സോനിപത്: ഇന്ത്യാ ഗവണ്മെന്റ് സ്ഥാപിതമായ NIFTEM, ഭക്ഷ്യ സാങ്കേതികവിദ്യ, സംരംഭകത്വം, മാനേജ്മെന്റ് എന്നിവയില്‍ മികവ് വളര്‍ത്തിയെടുക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. ഫുഡ് ടെക്നോളജിയിലും മാനേജ്മെന്റിലും അതിന്റെ ബി.ടെക് പ്രോഗ്രാം വളരെയധികം ശ്രദ്ധിക്കപ്പെടുന്നു. വിലാസം: Plot No. 97, Sector 56, HSIIDC Industrial Rstate, Sonepat, Kundli Dt., Haryana - 131018. Website: https://niftem.ac.in
മറ്റ് പഠന കേന്ദ്രങ്ങള്‍:
- Indian Institute of Technology, Guwahati.
- Indian Institute of Technology, Kharagpur.
- National Institute of Technology, Rourkela.
- SRM Institute of Science and Technology, Chennai.
- Department of Food Science & Technology, Guru Nanak Dev University, Amritsar - 143005.
- Anna University, Chennai.
- Chandigarh University, Chandigarh.
- Food Craft Institute, Hyderabad.
- Pant University of Agriculture & Technology, Pantnagar, Uttar Pradesh
- Government Fruit Processing and Canning Institute, Lucknow )UP), Chandogarh & Punjab.
- Gujarat Agricultural University, Sardar Krushunagar
- Harcourt Butler Technological Institute, Kanpur
- Himachal Pradesh Krishi Viswavidyalaya, Palampur, Himachal Pradesh.
- Indian Veterinary Research Institute, Izzatnagar, Uttar Pradesh
- Indira Gandhi National Open University (IGNOU), New Delhi.
- Institute of Hotel management & Ctering Technology, Thuvankuzhy, Thiruchirappally, Tami Nadu
- Institute of Hotel management, Catering & Nutrition, Srinagar, Jammu & Kashmir.
- Jadavpur University, Jadavpur, Kolkata
- Laxminarayan Institute of Technology, Mahatma Gandhi Marg, Nagpur, Maharashtra
- Mahatma Gandhi Chitrakoot Gramoday Viswavidyalay, Institute of People's Science & Technology, Chitrakoot
- National Diary Research Institute, Bengaluru.
- National Diary Research Institute, Karnal, Haryana.
- Central Food Technological Research Institute (CFTRI), Mysuru:
- National Institute of Food Technology Entrepreneurship and Management (NIFTEM), Kundli, Haryana.
- Indian Institute of Food Processing Technology (IIFPT), Thanjavur.
- University of Myosre, Mysuru.
- Anand Agricultural University, Anand, Gujarat.
- Punjab Agricultural University, Ludhiana.
- Guru Nanak Dev University, Amritsar.
- Tamil Nadu Agricultural University, Coimbatore.
- Avinashalingam Institute of Home Science & Higher Education for Women (Faculty of Engineering), Coimbatore, Tamil nadu.
- Central Food Technological Research Institute, Mumbai, Maharashtra.
- Chaudhary Charan Sigh Haryana Agricultural University, Hisar.
- Chatrapati Sahu Ji Maharaj University, Kalyanpur, Kanpur, UP.
- College of Agricultural Technology, Parbhani, Maharashtra.
- College of Applied Sciences for Women, Vivek Vihar, New Delhi.
- Department of Agriculture, Indian Institute of Technology, Kharagpur.
- Dept. of Chemical Technology, Amravati, Maharashtra.
- Dept. of Chemical Technology, University of Mumbai, Mumbai.
- Dept. of Chemical Technology, Jalgaon, Maharashtra.
- College of Agricultural Engineering, Punjab Agricultural University, Ludhiana.
- Raja Balwant Sigh College, Agra, UP.
- Sant Longowal Institute of Engineering & Technology, Longowal.
- SNDT Women's University, Juhu - Road, Santa Cruz (W), Mumbai.
- Tamil Nadu Agricultural University, Coimbatore.
- University College of Technology, University of Osmaniya, Hyderabad.
- University of Agricultural Sciences, Hebbal, Bangaluru.
- University of Delhi, Delhi
Content Highlights: details about Food technologist career
Published: 25 Jul 2024, 12:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented