
ഇന്ത്യ എൻജിനിയേഴ്സ് ഡേ (Engineers Day) എന്ന പേരിൽ ആചരിക്കുന്ന ദിനം സെപ്റ്റംബർ 15 ആണ്. അന്ന് സർ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മവാർഷിക ദിനമാണ്. പ്രളയം മാനേജ് ചെയ്യൽ, അണക്കെട്ട് നിർമാണം, സിറ്റി പ്ലാനിംഗ്, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ വിദഗ്ധൻ ആയിരുന്നു അദ്ദേഹം. പാമ്പൻ പാലം, കൊങ്കൺ റെയിൽവേ, ഡൽഹി മെട്രോ എന്നീ അതിശയ നിർമിതികളിൽ കൂടി നമുക്ക് പരിചിതമായ മറ്റൊരു നാമം മെട്രോമാൻ ഇ ശ്രീധരൻ എന്ന എൻജിനീയറുടെതാണ്. സ്‌പേസ് എക്‌സ്, ടെസ്‌ല, ഹൈപ്പർലൂപ്പ്, അതുമല്ലെങ്കിൽ AI-യുമായുള്ള അദ്ദേഹത്തിൻ്റെ തകർപ്പൻ പ്രവൃത്തി. നിങ്ങൾ ഈ മനുഷ്യനെക്കുറിച്ച് മിക്കവാറും കേട്ടിട്ടുണ്ട്.. ടണലുകൾ, ബ്രിഡ്ജ്, വിയഡകെറ്റ്, ബ്രോഡ് ഗേജ് റെയിൽവേ സിസ്റ്റം തുടങ്ങിയവയുടെ കാര്യത്തിൽ പേരുകേട്ട ബ്രൂണൽ.
ഇവരെയൊക്കെ ബന്ധിപ്പിക്കുന്ന ഒരു ഘടകം ഉണ്ട്. ഇവർ എല്ലാവരും സിവിൽ എൻജിനീയർമാർ ആയിരുന്നു എന്നതാണ് അത്. ഇന്ത്യയിൽ പിറവിയെടുത്ത ആദ്യത്തെ എൻജിനീയറിങ് ശാഖ എന്നതിൽ തുടങ്ങി കാലത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ അത്യന്താധുനിക സങ്കേതിക വിപ്ലവങ്ങളിൽ വരെ ഒരു സിവിൽ എൻജിനീയറുടെ നൈപുണ്യവും വൈദഗ്ധ്യവും പടർന്ന് കിടക്കുന്നു. മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് മുന്നിൽ നിന്ന് നയിക്കുന്നത് സിവിൽ എൻജിനിയറിങ് ആണെന്ന് തന്നെ പറയാം.
കൊൽക്കത്തയിൽ ഇന്ന് ഹൂബ്ലി നദിക്കുള്ളിൽ കൂടി നമ്മുടെ മെട്രോ പാഞ്ഞു പോയിക്കൊണ്ടിരിക്കുന്നു. ഇന്നിപ്പോൾ ഇതെഴുതിക്കൊണ്ടിരിക്കുമ്പോൾ അങ്ങ് കശ്മീരിൽ ലോകത്തെ ഏറ്റവും വലിയ റെയിൽവേ ബ്രിഡ്ജിൽ കൂടി ഇന്ത്യൻ റെയിൽവേ പരീക്ഷണ ഓട്ടം നടത്തുകയാണ്. നാലഞ്ചു മണിക്കൂർ യാത്രാസമയം കുറയ്ക്കുന്ന മണാലി-ലേ റൂട്ടിലെ 9 കിലോമീറ്റർ ദൂരമുള്ള മഞ്ഞണിഞ്ഞ അടൽ ടണൽ. യുദ്ധവിമാനങ്ങൾ വരെ പറന്നിറങ്ങുന്ന ഇന്ത്യൻ ഹൈവേകൾ. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ കടൽപ്പാലം മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്, എല്ലാ കാലാവസ്ഥയിലും കാർഗിലിലേക്ക് കണക്റ്റിവിറ്റി നൽകാൻ പോകുന്ന സോജില്ല ടണൽ തുടങ്ങി അദ്ഭുതവും ആശ്ചര്യവും വൈദഗ്ധ്യവും ഇഴ ചേരുന്ന സിവിൽ എൻജിനിയറിങ് നിർമിതികളുടെ ഇന്ത്യയിലെ ഈയടുത്ത കാലത്തെ ഉദാഹരണങ്ങൾ ഏറെയാണ്. ഇനിയങ്ങോട്ട് ചരിത്രാതീത കാലം വരെ സഞ്ചരിച്ചാൽ ഓരോ നാട്ടിലും നമുക്കുണ്ട് നിർമിതികളുടെയും ശേഷിപ്പികളുടെയും ശേഖരം. വിജയനഗരത്തിൻ്റെ തലസ്ഥാനം ഹംപി, രാജസ്ഥാനിലെ കോട്ടകൾ, എല്ലോറയിലെ അദ്ഭുതങ്ങൾ, തമിഴ്നാട്ടിലെ ക്ഷേത്രങ്ങളും ഗോപുരങ്ങളും, ഖജുരാഹോ, ലിപാക്ഷിയിലെ ഹാൻഗിങ് തൂൺ, കൊണാർക്ക് സൂര്യ ക്ഷേത്രം തുടങ്ങി എത്രയോ അദ്ഭുതങ്ങളാണ് സിവിൽ എൻജിനിയറിങ് അറിവുകൾ നമുക്ക് മുന്നിൽ സൃഷ്ടിച്ചിരിക്കുന്നത്.
എങ്കിൽ എന്താണ് സിവിൽ എൻജിനിയറിങ്
ഭൗതിക അടിസ്ഥാന സൗകര്യങ്ങളുടെ (Physical Infrastructure) രൂപകൽപ്പന, നിർമാണം, പരിപാലനം എന്നിവ കൈകാര്യം ചെയ്യുന്ന ഒരു എൻജിനിയറിങ് മേഖലയാണ് സിവിൽ എൻജിനിയറിങ്. കുടാതെ പ്രകൃതി ദത്തമായതിൻ്റെ പരിപാലനവും സുരക്ഷയും ഉപയോഗവും ഒക്കെ ഇതിൽ ഉൾപ്പെടുന്നു. താഴെ പറയുന്നവ സിവിൽ എൻജിനിയറിങ്ങിൽ ഉൾപ്പെട്ട വിവിധ മേഖലകളുടെ ചില ഉദാഹരണങ്ങളാണ്.
- കെട്ടിടങ്ങൾ
- പാലങ്ങൾ
- റോഡുകൾ
- കനാലുകൾ
- അണക്കെട്ടുകൾ
- വിമാനത്താവളങ്ങൾ
- ജലശുദ്ധീകരണ പ്ലാൻ്റുകൾ
- മലിനജല സംവിധാനങ്ങൾ
- റെയിൽവേ
- ഹൈവേകൾ
- തുറമുഖങ്ങൾ
- ഹാർബറുകൾ
- ഹൈപ്പർലൂപ്
- മണ്ണ്
- നദി
- പ്രകൃതി ദുരന്തം
- ടണൽ
- അഴുക്കുചാൽ
- സ്മാർട്സിറ്റി
പരിസ്ഥിതിയും പൊതുജനാരോഗ്യവും സംരക്ഷിക്കുന്നതിനൊപ്പം സമൂഹത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സുരക്ഷിതവും സുസ്ഥിരവും കാര്യക്ഷമവുമായ പരിഹാരങ്ങൾ സൃഷ്ടിക്കുകയും വ്യക്തികളുടെയും സമൂഹത്തിൻ്റെയും ജീവിതനിലവാരം ഉയർത്തുകയും ആണ് സിവിൽ എൻജിനീയർമാർ ലക്ഷ്യമിടുന്നത്.
സിവിൽ എൻജിനീയറിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചില പ്രധാന മേഖലകൾ
1. ഘടനാപരമായ (Structural) എൻജിനിയറിങ് (കെട്ടിടങ്ങൾ, പാലങ്ങൾ മുതലായവ പോലുള്ള അടിസ്ഥാന സൗകര്യ പദ്ധതികളുടെ നിർമാണം, രൂപകൽപ്പന, ആസൂത്രണം എന്നിവ ചെയ്യുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. നിലവിലുള്ള സംവിധാനങ്ങൾക്കോ ഘടനകൾക്കോ മാറ്റം വരുത്തുന്നതിനും വിപുലീകരിക്കുന്നതിനും ശ്രദ്ധിക്കുന്നു.)
- ഗതാഗതം ( Transportation Engineering) (റോഡുകളും ഹൈവേകളും രൂപകൽപ്പന ചെയ്യുന്നു)
- ജലവിഭവ എൻജിനിയറിങ് (Water Resource Management): ( കുടിവെള്ളം വിതരണം, വേസ്റ്റ് വാട്ടർ ട്രീറ്റ്മെൻ്റ്, നദി മാനേജ്മെൻ്റ് തുടങ്ങിയവ)
- ജിയോ ടെക്നിക്കൽ എൻജിനിയറിങ് (Geo Technical Engineering) (മണ്ണ്, പാറ, ഭൂകമ്പം, ഉരുൾ പൊട്ടൽ തുടങ്ങിയവ)
- പരിസ്ഥിതി എൻജിനിയറിങ് ( Environmental Engineering) (പരിസ്ഥിതിയും പൊതുജനാരോഗ്യവും സംരക്ഷിക്കൽ)
തൊഴിൽ സാധ്യതകൾ
1. സ്‌ട്രക്ച്ചറൽ എൻജിനീയർ (Structural Engineer)
2. ജിയോ ടെക്നിക്കൽ എൻജിനീയർ (Geo Technical Engineer)
3. സൈറ്റ് എൻജിനീയർ (Site Engineer)
4. കൺസ്ട്രക്ഷൻ എൻജിനീയർ (Construction Engineer)
5. ഹൈവേ ഡിസൈൻ എൻജിനീയർ (Highway Design Engineer)
6. Project Manager (പ്രോജക്ട് മാനേജർ)
7. ജലവിഭവ എൻജിനീയർ (Water Resource Engineer )
8. പാരിസ്ഥിതിക എൻജിനീയർ ( Environmental Engineer )
9. സോയിൽ മെക്കാനിക്സ് എൻജിനീയർ (Soil Mechanics Engineer)
10. പബ്ലിക് സെക്ടർ എൻജിനീയർ (Public Sector Engineers)
സര്‍ക്കാര്‍ ജോലിയും സിവിൽ എൻജിനിയറിങ്
വിവിധ ഗവൺമെൻ്റ് വകുപ്പുകളിലെ പോസ്റ്റുകളിൽ എൻജിനിയറിങ് വിദഗ്ധരെ റിക്രൂട്ട് ചെയ്യുന്നതിൽ സിവിൽ എൻജിനീയർമാർക്ക് സാധ്യത ഏറെയാണ്. ചില വകുപ്പുകളും, ജോലിയുടെ രീതിയും, തസ്തികയും പരിചയപ്പെടാം.
1. അസിസ്റ്റൻ്റ് എൻജിനീയർ (പബ്ളിക് വർക്സ് ഡിപ്പാർട്ട്മെൻ്റ് PWD): ഗവൺമെൻ്റിൻ്റെ നേരിട്ട് ഇടപെടലിലും മേൽനോട്ടത്തിലും നടക്കുന്ന കെട്ടിടങ്ങൾ, റോഡുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ നിർമാണ പദ്ധതികൾ ആസൂത്രണം ചെയ്യുകയും രൂപകൽപന ചെയ്യുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.
2. അസിസ്റ്റൻ്റ് എൻജിനീയർ (കേരള വാട്ടർ അതോറിറ്റി) : ജല വിതരണവുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്നു.
3. അസിസ്റ്റൻ്റ് എൻജിനീയർ (ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് ) : ജലസേചന കനാലുകൾ, അണക്കെട്ടുകൾ, ജലവിഭവ പദ്ധതികൾ എന്നിവ കൈകാര്യം ചെയ്യുന്നു.
4. പ്രോജക്ട് എൻജിനീയർ (നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ): ദേശീയ പാതകളുടെ രൂപകല്പനയും നിർമാണവും മേൽനോട്ടവും വഹിക്കുന്നു. ഗുണനിലവാര നിയന്ത്രണവും പ്രോജക്റ്റ് സമയക്രമങ്ങൾ പാലിക്കുന്നതും ഉറപ്പാക്കുന്നു.
5. അർബന് പ്ലാനർ അല്ലെങ്കിൽ ടൗൺ പ്ലാനർ (മുനിസിപ്പൽ കോർപറേഷൻ): നഗര വികസന പദ്ധതികൾ വികസിപ്പിക്കുന്നു. നഗര പരിധിക്കുള്ളിലെ അടിസ്ഥാന സൗകര്യ പദ്ധതികളുടെ മേൽനോട്ടം വഹിക്കുന്നു.
6. എക്സിക്യൂട്ടീവ് എൻജിനീയർ (ഇന്ത്യൻ റെയിൽവേ): ട്രാക്ക് അറ്റകുറ്റപ്പണി, പാലം പരിശോധന, സ്റ്റേഷൻ വികസനം എന്നിവയുൾപ്പെടെ റെയിൽവേ അടിസ്ഥാന സൗകര്യ പദ്ധതികൾ കൈകാര്യം ചെയ്യുന്നു.
7. അസിസ്റ്റൻ്റ് എൻജിനീയർ (ഹാർബർ എൻജിനിയറിങ് ഡിപ്പാർട്ട്മെൻ്റ്):
ഫിഷിംഗ് ഹാർബറുകളുടെയും ഫിഷ് ലാൻഡിംഗ് സെൻ്ററുകളുടെയും നിർമാണവും പരിപാലനവും, മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങളായ ഹാച്ചറികൾ, കുളങ്ങൾ, ഫാമുകൾ മുതലായവ, തീരത്തെ അടിസ്ഥാനമാക്കിയുള്ള ടൂറിസം പദ്ധതികൾ, തുറമുഖങ്ങളുടെയും തീരദേശ റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങൾ.
7. അസിസ്റ്റൻ്റ് എൻജിനീയർ തസ്തികയിലേക്ക് കേരള പിഎസ്‌സി വഴി B.Tech. സിവിൽ എൻജിനീയർമാരെ ആവശ്യപ്പെടുന്ന വിവിധ സ്ഥാപനങ്ങൾ: കേരള മലിനീകരണ നിയന്ത്രണ ബോർഡ്, KTDC, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെൻ്റ്, KSHB, KSIDCO തുടങ്ങിയവ.
അടിമുടി സ്മാർട്ട്
ഇനിയങ്ങോട്ട് സ്മാർട്ട് ഇൻഫ്രാസ്ട്രക്ചറുകളുടെ ഉയർച്ചയായിരിക്കും നമ്മൾ സാക്ഷ്യം വഹിക്കുവാൻ പോകുന്നത്. ഇന്നത്തെ നഗരങ്ങളിൽ IoT സാങ്കേതികവിദ്യ കൂടുതൽ പ്രധാനമാണ്. കൂടിവെള്ളം, ഗതാഗതം, കെട്ടിട ഘടനകൾ തുടങ്ങിയ നഗര ആസ്തികളുടെ തത്സമയ നിരീക്ഷണവും മാനേജ്മെൻ്റും ഇത് താനേ ചെയ്യും. ഡ്രൈവർ ഇല്ലാ വാഹനങ്ങൾക്ക് പരുവപ്പെടുന്ന റോഡുകൾ ഉണ്ടായിവരും, അപായ അപകടസൂചനാ സംവിധാനങ്ങൾ കൂടി കൂടി സുരക്ഷ കൂടുതൽ ഉറപ്പ് വരുത്തപ്പെടും, കമ്മ്യൂണിക്കേഷൻ കണക്റ്റിവിറ്റി എന്നിവ അതിവേഗത്തിൽ ആകും എന്നിവ ചെറിയ ഉദാഹരണങ്ങൾ മാത്രം. സ്മാർട്ട് സിറ്റി പദ്ധതികൾ ഇതിൻ്റെ ഭാഗമാണ്. ധാരാളം സെൻസറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കപ്പെടുന്നത് വഴി ഗതാഗതം (Intelligent Transportation System), മലിനജലം (Smart Waste Water Management), സ്മാർട്ട് ബിൽഡിംഗ് തുടങ്ങി സുരക്ഷ, കൃത്യത, വേഗത, അറിയിപ്പുകൾ, കാര്യക്ഷമത, ഈട് എന്നീ കാര്യങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു.
ആധുനിക നിർമാണ രീതികൾ
3D പ്രിൻ്റിങ്, മോഡുലാർ നിർമാണം, റോബോട്ടിക്‌സ് തുടങ്ങിയ സങ്കേതികവിദ്യകൾ നിർമാണ രീതികളിൽ വിപ്ലവം സൃഷ്ടിക്കുന്നു. മെറ്റീരിയൽ അധികം പാഴായിപ്പോകുന്നത് കുറച്ചുകൊണ്ടും നിർമ്മിക്കുവാൻ സങ്കീർണവും കാഴ്ചയിൽ വൈവിധ്യവും എന്നാൽ കിറുകൃത്യതയുമുള്ള ഘടനകൾ ഉണ്ടാക്കിയെടുക്കുവാൻ 3D പ്രിൻ്റിങ് സഹായിക്കുന്നു. പ്രോജക്ട് സൈറ്റിന് പുറത്ത് നിർമിക്കുകയും പിന്നീട് സൈറ്റിൽ കൊണ്ട് വന്ന് അസംബ്ലിൾ ചെയ്യുകയും ചെയ്യുന്നതാണ് മോഡുലാർ നിർമാണം. മെട്രോ, ഹൈവേ എന്നീ നിർമാണങ്ങളിൽ ഇത് ഉപയോഗിക്കപ്പെടുന്നു. ബ്രിഡ്ജ് നിർമാണം, ഗേർഡറുകൾ തുടങ്ങിയവ ഒക്കെ ഈ രീതിയിലാണ് സ്ഥാപിക്കുന്നത്. ഇത് നിർമാണത്തിൻ്റെ വേഗത വർധിപ്പിക്കുന്നു. റോബോട്ടിക്സ് ആണെങ്കിലോ കൃത്യതയും സുരക്ഷയും വർദ്ധിപ്പിക്കുന്നു, പ്രത്യേകിച്ച് അപകടകരമായ ചുറ്റുപാടുകളിൽ.
സിവിൽ എഞ്ചിനീയറിങ് & AI
നിർമിത ബുദ്ധിയുടെ (Artificial Intelligence, AI) മുന്നേറ്റം തുടരുമ്പോൾ, സിവിൽ എഞ്ചിനീയറിങ്ങിലും അതിൻ്റെ സ്വാധീനം കൂടുതൽ ആഴത്തിൽ വരികയാണ്. സ്ട്രക്ചറൽ, എൻവയോൺമെൻ്റൽ എഞ്ചിനീയറിങ് എന്നീ മേഖലകളിലെ പ്രൊഫഷണലുകൾക്ക്, AI ഒരേസമയം അവസരങ്ങളും വെല്ലുവിളികളും നൽകുന്നു. AI വരുമ്പോൾ എഞ്ചിനീയർമാരുടെ ആവശ്യം കുറയുമെന്ന് ചിലർ ഭയപ്പെടുമ്പോൾ, യാഥാർത്ഥ്യം പറയുന്നത് മറ്റ് ചിലതാണ്. ഈ മേഖലകളിലെ എൻജിനീയർമാരെ കാലഹരണപ്പെടുത്തുന്നതിന് പകരം അവരുടെ മാനുഷിക കഴിവുകൾ വർധിപ്പിക്കുവാനും കാര്യക്ഷമത കൂട്ടുവാനും AI സജ്ജമാണ്.
രൂപകൽപ്പനയും ആസൂത്രണവും ( Design & Planning): സിവിൽ എൻജിനീയർമാർ രൂപകൽപ്പനയെയും ആസൂത്രണത്തെയും സമീപിക്കുന്ന രീതിയിൽ AI ഉപകരണങ്ങൾ വിപ്ലവം തന്നെ സൃഷ്ടിക്കുന്നു. വിശാലമായ ഡാറ്റാ സെറ്റുകൾ (Information, വിവരങ്ങൾ, മുൻകാല അറിവുകൾ) പ്രയോജനപ്പെടുത്തുന്നതിലൂടെ, AI-ക്ക് ഡിസൈനുകൾ ഒപ്റ്റിമൈസ് ചെയ്യാനും (നിരവധി ഓപ്ഷനുകളിൽ നിന്നും ഏറ്റവും ഉചിതമായത് തിരഞ്ഞെടുക്കൽ) വൈവിധ്യമാർന്ന സാഹചര്യങ്ങൾ അനുകരിക്കാനും നൂതനമായ പരിഹാരങ്ങൾ സൃഷ്ടിക്കാനും കഴിയും. എന്നിരുന്നാലും, AI സഹായത്താൽ ലഭിക്കുന്ന ഈ പരിഹാരങ്ങൾ വ്യാഖ്യാനിക്കുന്നതിനും അതിനെ വിശകലനം ചെയ്ത് കൃത്യമായ തീരുമാനം എടുക്കുന്നതിലും, സുരക്ഷ ഉറപ്പുവരുത്തുന്നതിലും അതത് പ്രദേശത്തെ അല്ലെങ്കിൽ രാജ്യത്തെ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും എൻജിനീയർമാർ അത്യന്താപേക്ഷിതമാണ്.
ഒരു പ്രോജക്ട് ഏറ്റെടുത്ത് കഴിഞ്ഞാൽ അതിന് വേണ്ട വർക്ക് അലോക്കേഷൻ (ഓരോ ആൾക്കും ഉത്തരവാദിത്തങ്ങൾ പകർന്ന് നൽകൽ), സംഭവിച്ചേക്കാവുന്ന കാലതാമസത്തിൻ്റെ പ്രവചനം, വിഭവങ്ങൾ കൃത്യമായി ഉചിതമായ നേരത്ത് എത്തിക്കുക ഉപയോഗിക്കുക, ഒരു ഷെഡ്യൂൾ പാലിച്ച് കൊണ്ടുപോകുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ AI പ്രോജക്ട് മാനേജ്മെൻ്റ് മെച്ചപ്പെടുത്തുന്നു. ഇവിടെയും കൂടുതൽ കൃത്യതയാർന്ന തീരുമാനങ്ങൾ എടുക്കാൻ ഉപകരണങ്ങൾ എൻജിനീയർമാരെ സഹായിക്കും. എന്നാലും മൊത്തത്തിലുള്ള മേൽനോട്ടം എൻജിനീയറുടെ ഉത്തരവാദിത്തമാണ്.
AI ഉപയോഗിച്ചുള്ള റോബോട്ടുകളും ഡ്രോണുകളും സർവേയിങ്, സൈറ്റ് പരിശോധന തുടങ്ങിയ ജോലികൾ ഏറ്റെടുക്കാൻ തുടങ്ങിയിരിക്കുന്നു. ഈ സാങ്കേതികവിദ്യകൾ കാര്യക്ഷമത വർധിപ്പിക്കുമ്പോൾ, ഗുണനിലവാരം ഉറപ്പ് വരുത്തുവാനും അപ്രതീക്ഷിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും എൻജിനീയറുടെ മേൽനോട്ടം നിർണായകമാണ്.
വലിയ ഡാറ്റാ സെറ്റുകൾ പ്രോസസ്സ് ചെയ്യുന്നതിലെ AI യുടെ വൈദഗ്ദ്ധ്യം പാരിസ്ഥിതിക ആഘാത വിലയിരുത്തലുകൾക്കും കാലാവസ്ഥാ മാറ്റങ്ങൾ പ്രവചിക്കുന്നതിനും ഏറെ സഹായകരമാണ്. ട്രെൻഡുകൾ വിശകലനം ചെയ്യുന്നതിനും അതിനനുസരിച്ച് ഫലപ്രദമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും എൻജിനീയർമാർ AI ഉപയോഗിക്കുന്നു.
ഡിജിറ്റൽ ട്വിൻ
ഭൗതിക ആസ്തികളുടെ വെർച്വൽ പകർപ്പുകളെയാണ് ഇങ്ങനെ വിളിക്കുന്നത്. തത്സമയം അടിസ്ഥാന സൗകര്യങ്ങൾ അനുകരിക്കാനും നിരീക്ഷിക്കാനും പരിപാലിക്കാനും ഇത് ഉപകരിക്കുന്നു. ഉദാഹരണത്തിന്, ഒരു നഗരത്തിലെ ജലവിതരണ ശൃംഖലയുടെ ഡിജിറ്റൽ ട്വിൻ സംവിധാനം അതിനുള്ളിലെ ചോർച്ച തിരിച്ചറിയാനും വിതരണം ഒപ്റ്റിമൈസ് ചെയ്യാനും സഹായിക്കും. ഈ സാങ്കേതികവിദ്യ കാരണം മികച്ച മാനേജ്മെൻ്റും പരിപാലനവും ഉറപ്പാക്കുന്നു എന്ന് മാത്രമല്ല പ്രവർത്തനരഹിതമായ സമയം കുറയ്ക്കുകയും അടിസ്ഥാന സൗകര്യങ്ങളുടെ ആയുസ്സ് വർധിപ്പിക്കുകയും ചെയ്യുന്നു.
പുനരുപയോഗ ഊർജം
പുനരുപയോഗ ഊർജ സ്രോതസ്സുകളെ അടിസ്ഥാന സൗകര്യങ്ങളിൽ സംയോജിപ്പിക്കേണ്ടത് അനിവാര്യമാണ്. സോളാർ പാനലുകൾ, വിൻഡ് ടർബൈനുകൾ, ജിയോതെർമൽ സംവിധാനങ്ങൾ എന്നിവ കെട്ടിട രൂപകല്പനകളിൽ ഉൾപ്പെടുത്തി. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാം. ഊർജ ഉപയോഗം, മെറ്റീരിയലുകൾ, മാലിന്യ സംസ്കരണം എന്നിവ ഒപ്റ്റിമൈസ് (ആവശ്യത്തിന് അനുസരിച്ചും ഉചിതമായും) ചെയ്തുകൊണ്ട് കൂടുതൽ സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങൾ രൂപകൽപന ചെയ്യുന്നതിൽ AI സഹായിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
രാജ്യത്തെ തന്നെ ആദ്യത്തെ എൻജിനീയറിങ് ബ്രാഞ്ച് ആയതിനാൽ തന്നെ ഐഐടി, എൻഐടി അടക്കം നിരവധി കോളജുകളിൽ സിവിൽ എൻജിനീയറിങ് ബിരുദത്തിന് ചേരാം എന്നിരിക്കെ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
1. ചേരുന്ന സ്ഥാപനത്തിലെ സിവിൽ എൻജിനിയറിങ് വകുപ്പ് NBA അക്ക്രെഡിറ്റഡ് ആണോ എന്ന് നോക്കണം.
2. മേജർ ഡിഗ്രി എന്ന നിലയിൽ സിവിൽ എൻജിനീയറിങ് പഠിക്കുകയും മൈനർ ഡിഗ്രി ആയി AI പോലെ നൂതന വിഷയം ഓഫർ ചെയ്യുന്ന സ്ഥാപനം ആണോ എന്ന് നോക്കുക.
3. ലാബ് അടക്കമുള്ള വലിയ ഇൻഫ്രാസ്ട്രക്ചർ, കൂടുതൽ കോഴ്സുകൾ ഓഫർ ചെയ്യുന്ന വലിയ കാമ്പസ്, കൺസൾട്ടൻസി പ്രോജക്ടുകൾ നടക്കുന്ന വകുപ്പ് എന്നീ കാര്യങ്ങളിൽ അന്വേഷണം നടത്താവുന്നതാണ്
4. സംരംഭകത്വ പ്രോത്സാഹനം, ഇന്നോവേഷൻ പ്രവർത്തനങ്ങൾ, പേറ്റൻ്റ് എന്നീ കാര്യങ്ങളിലെ പ്രവർത്തനങ്ങൾ.
Content Highlights: civil engineering career opportunities
Published: 22 Jul 2024, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented