''ആകാശത്തേക്ക് നോക്കൂ, നാം ഒറ്റയ്ക്കല്ല. പ്രപഞ്ചം മുഴുവന്‍ നമുക്കൊപ്പമുണ്ട്. സ്വപ്നം കാണുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് മികച്ച വിജയം തന്നെ ലഭിക്കും.'' - എ. പി. ജെ. അബ്ദുള്‍ കലാം

To advertise here,

ലോകത്തിന്റെ പ്രതിച്ഛായ മാറ്റിയ കണ്ടുപിടുത്തങ്ങളില്‍ ഒന്നിന്റെ ക്രെഡിറ്റ് ഇക്കണോമിക്‌സിനാണ്. അതാണ് 'പണം'. തൊണ്ണൂറ് ശതമാനം ജനങ്ങളും പണത്തിന് പിന്നാലെ ഓടുന്നതുകൊണ്ടാണ് ലോകം ഇത്ര തിരക്കുപിടിച്ചതായി തീര്‍ന്നിരിക്കുന്നത്. ഏത് കാര്യത്തിനും പണത്തിന്റേതായ ഒരു വശമുണ്ട്. അതാണ് ഇക്കണോമിസ്റ്റിന്റെ ജോലി രസകരമാക്കുന്നത്.

നോബേല്‍ സമ്മാന ജേതാക്കളായ അമര്‍ത്യാസെന്‍, അഭിജിത്ത് ബാനര്‍ജി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, മലയാളികളുടെ അഭിമാനമായ കണ്ണൂര്‍ സ്വദേശിനി ഡോ. ഗീത ഗോപിനാഥ് - 'ഇക്കണോമിക്‌സ്' എന്ന് കേട്ടാല്‍ നമ്മുടെ മനസ്സിലേയ്ക്ക് കടന്നുവരുന്ന പേരുകളാണിത്. ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് വിഭാഗങ്ങളില്‍ ഏറ്റവും ശാസ്ത്രീയവും അതിവേഗം വികസിക്കുന്നതുമായ പഠന ശാഖയാണ് ഇക്കണോമിക്‌സ് അഥവാ സാമ്പത്തികശാസ്ത്രം. നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക പ്രവൃത്തികളുമായും ഈ പഠന ശാഖ ബന്ധപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസം, സര്‍ക്കാര്‍, തൊഴില്‍, കുടുംബം, സന്നദ്ധസേവനം, വിനോദ പരിപാടികള്‍ തുടങ്ങി എല്ലാ മേഖലയിലും ഇക്കണോമിക്‌സിന്റെ സാന്നിധ്യം പ്രകടമാണ്. ഏറ്റവും പഴയ കലകളില്‍ ഒന്നായ ഇക്കണോമിക്‌സ് ഇന്ന് ഏറ്റവും ആധുനിക ശാസ്ത്രങ്ങളില്‍ ഒന്നായി തീര്‍ന്നിരിക്കുന്നു. 

നിത്യജീവിതത്തിന്റെ ഭാഗം

മനുഷ്യ ജീവിതത്തിന്റെ സര്‍വമേഖലകളെയും നിയന്ത്രിക്കുന്ന ഘടകങ്ങളിലൊന്നാണ് ഇക്കണോമിക്‌സ്. ഉള്‍ക്കാഴ്ചയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഒരു രാജ്യത്തെ സാമ്പത്തികാടിത്തറ നിര്‍ണ്ണയിക്കുന്നത്. നിരീക്ഷണപാടവം, പ്രശ്‌നങ്ങള്‍ അവലോകനം ചെയ്യാനും അതിനുള്ള പരിഹാരം കണ്ടെത്താനുമുള്ള കഴിവ്, സംഖ്യകളുമായുള്ള അടുപ്പം, വസ്തുതകളെ അടിസ്ഥാനപ്പെടുത്തി ആശയവിനിമയം നടത്താനുള്ള കഴിവ്, സമകാലിക സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലുള്ള താല്പര്യം എന്നിവയൊക്കെയാണ് ഇക്കണോമിക്‌സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ക്ക് വേണ്ട ഗുണങ്ങള്‍. 

മനുഷ്യജീവിതവും ജീവിതനിലവാരവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്ന ശാസ്ത്രശാഖ എന്ന നിലയില്‍ ധനതത്വശാസ്ത്രത്തിന്റെ പ്രസക്തി ഓരോ ദിവസം കഴിയുംതോറും വര്‍ധിച്ചുവരികയാണ്. ബാങ്കിംഗ്, ഇന്‍ഷുറന്‍സ് മേഖലകള്‍ മുതല്‍ സര്‍ക്കാര്‍ മേഖലയിലെ ഉന്നത തസ്തികകളില്‍ വരെ ധനതത്വശാസ്ത്രം പഠിച്ചവര്‍ക്ക് അവസരങ്ങളുണ്ട്. അന്താരാഷ്ട്ര ഏജന്‍സികളില്‍ ഉയര്‍ന്ന പദവികളിലേക്ക് ഈ രംഗത്ത് ഉന്നതവിദ്യാഭ്യാസം സിദ്ധിച്ചവര്‍ക്ക് എത്തിച്ചേരാം. അധ്യാപന മേഖല മുതല്‍ കോര്‍പറേറ്റ് ലോകം വരെയും നീളുകയാണു ധനതത്വശാസ്ത്രം പഠിച്ചവര്‍ക്കുള്ള അവസരങ്ങള്‍. ഇന്ത്യയിലെ വന്‍കിട ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, ഷെയര്‍ബ്രോക്കിംഗ്  കമ്പനികള്‍, ഫിനാന്‍സ് കമ്പനികള്‍, ഹെവി എഞ്ചിനീയറിംഗ് കമ്പനികള്‍, ഇലക്ട്രോണിക് ഫാക്ടറികള്‍ എന്നിവിടങ്ങളിലെല്ലാം ജോലി ചെയ്യാം. അന്താരാഷ്ട്ര സംഘടനകളിലോ വിദേശ സര്‍വ്വകലാശാലകളിലോ ജോലി ലഭിക്കാം. വലിയ സ്ഥാപനങ്ങളുടെ ഇക്കണോമിക് അഡ്വൈസറോ  കണ്‍സള്‍ട്ടന്റോ ആകാം.

പഠനം ഇങ്ങനെ

ബി. എ. ബിരുദ പഠനമാണ് ധനതത്വശാസ്ത്ര പഠനത്തിന്റെ അടിസ്ഥാനം. നമ്മുടെ നാട്ടിലെ മിക്ക കോളേജുകളിലും ഇക്കണോമിക്‌സ് പഠിക്കുവാനുള്ള സൗകര്യങ്ങളുണ്ട്. ഉന്നതപഠനത്തിലേയ്ക്കുള്ള ആദ്യ ചുവടുവെപ്പാണ് എം.എ. ഇക്കണോമിക്‌സ്. പ്ലസ് ടുവിന് ശേഷം ചേരാവുന്ന പഞ്ചവത്സര എം.എ. /എം.എസ് സി. കോഴ്‌സുമുണ്ട്. രാജകീയ വിഷയമായ ഇക്കണോമിക്‌സിന്റെ പ്രാധാന്യം മനസ്സിലാക്കി അത് പഠിക്കുന്നവര്‍ വളരെ ചുരുക്കമാണ് എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. ഇക്കണോമിക്‌സില്‍ ഡിഗ്രിയും പോസ്റ്റ് ഗ്രാജ്വേഷനും എടുത്തതിനുശേഷം നിങ്ങള്‍ക്ക് ഡോക്ടറേറ്റും നേടിയെടുക്കാം. 

കേരളത്തിലെ എല്ലാ സര്‍വകലാശാലകള്‍ക്കും കീഴിലുള്ള നിരവധി കോളജുകളില്‍ ധനതത്വശാസ്ത്രത്തിനു ബി എ കോഴ്സ് ഉണ്ട്. ഡല്‍ഹി യൂണിവേഴ്സിറ്റി ധനതത്വശാസ്ത്രത്തില്‍ നാലു വര്‍ഷ ഡിഗ്രി കോഴ്സ് നടത്തുന്നു. സെന്റ്  സ്റ്റീഫന്‍സ്, ലേഡി ശ്രീറാം, ജീസസ് ആന്‍ഡ് മേരി കോളജ് തുടങ്ങിയ ഡല്‍ഹി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള പ്രമുഖ കോളജുകളിലൊക്കെ ഈ കോഴ്സ് ചെയ്യാം. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സിലെ ബി എ ഓണേഴ്സ് ഈ മേഖലയില്‍ രാജ്യത്തെ മികച്ച കോഴ്സുകളിലൊന്നായാണു പരിഗണിക്കപ്പെടുന്നത്.

ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ അപ്ലൈഡ് ഇക്കണോമിക്സില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സ് നടത്തുന്നുണ്ട്. ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് കോമ്പിനേഷനിലുള്ള ഇവിടുത്തെ ബിരുദ കോഴ്സിനും ആവശ്യക്കാരേറെയാണ്. പല മാനവിക വിഷയങ്ങളും കോര്‍ത്തിണക്കിയ കോമ്പിനേഷനുകള്‍ക്കും പ്രചാരമേറുകയാണ്. മാത്തമാറ്റിക്സും സ്റ്റാറ്റിസ്റ്റിക്സുമായിരുന്നു ഇക്കണോമിക്സിന്റെ സന്തതസഹചാരിയെങ്കില്‍ ഇന്നു സൈക്കോളജിയും ഹിസ്റ്ററിയും ഓപ്പറേഷന്‍സ് റിസര്‍ച്ചും ആക്ചൂറിയല്‍ സയന്‍സും സോഷ്യോളജിയുമെല്ലാം അക്കൂട്ടത്തില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു.

ബെംഗളൂരുവിലുള്ള ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ ബി എ ട്രിപ്പിള്‍ മെയിന്‍ ഡിഗ്രി പ്രോഗ്രാമുകള്‍ക്ക് വിദ്യാര്‍ഥികളില്‍ നിന്നും വന്‍ സ്വീകരണമാണു ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.christuniversity.in. മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലെ പ്രമുഖ കോളജുകളും ഇക്കണോമിക്സില്‍ ബിരുദ കോഴ്സുകള്‍ നടത്തുന്നുണ്ട്. 

സവിശേഷ വിഷയങ്ങള്‍

ബിസിനസ് ഇക്കണോമിക്‌സ്, ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സ്, അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക്‌സ്, ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് ഡവലപ്‌മെന്റ് ഇക്കണോമിക്‌സ്, റൂറല്‍ ഡവലപ്‌മെന്റ് ഇക്കണോമിക്‌സ്, ഇന്‍ഡസ്ട്രിയല്‍ ഇക്കണോമിക്‌സ് എന്നിവയാണ് ഇക്കണോമിക്‌സിലെ സവിശേഷ വിഷയങ്ങള്‍. ഇക്കണോമിക്സില്‍ സവിശേഷ കോഴ്സുകള്‍ നടത്തുന്ന പ്രധാന സ്ഥാപനങ്ങളും ലഭ്യമായ കോഴ്സുകളും താഴെ ചേര്‍ക്കുന്നു:

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ (കുസാറ്റ്) അപ്ലൈഡ് ഇക്കണോമിക്സ് വകുപ്പില്‍ 4 സെമസ്റ്ററുകളുള്ള മാസ്റ്റര്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക്സ് കോഴ്സുണ്ട്. അപ്ലൈഡ് ഇക്കമോമിക്സില്‍ പിഎച്ച്.ഡി. പ്രോഗ്രാമും ഇവിടെയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cusat.ac.in

  1. Annamalai University - Applied Economics, Development Economics, Econometric (distance learning).
  2. Gandhigram Rural Institute, Tamilnadu - Business Economics, Development Planning and Administration, Rural Economics & Rural Development.
  3. University of Madras, Chennai - Business Economics, Econometrics, Economic Analysis, Environmental Economics.
  4. IIT, Mumbai - Planning and Development.
  5. Pondicherry University - Development Economics, Applied Econometrics.
  6. University of Delhi - Business Economics.
  7. Indian Statistical Institute, Calcutta - Quantitative Economics.
  8. Mumbai University - Regional Planning and Economics, Rural Development.
  9. Jawaharlal Nehru University, School of Internaitonal Studies - World Economy.

സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ്

തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ് ഇക്കണോമിക്സില്‍ ഗവേഷണ പഠനങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര പ്രശസ്തമായ സ്ഥാപനമാണ്. എം.എ. അപ്ലൈഡ് ഇക്കമോമിക്സ്, പിഎച്ച്. ഡി. കോഴ്സുകളാണുള്ളത്. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയാണ് പി.ജി. ബിരുദം നല്‍കുക. പിഎച്ച്.ഡിക്ക് ജെ.എന്‍.യു., കേരള സര്‍വകലാശാല എന്നിവിടങ്ങളിലാണ് രജിസ്ട്രേഷന്‍. വിലാസം: Centre for Development Studies, Ulloor, Thiruvananthapuram - 11. വെബ്‌സൈറ്റ് :  www.cds.edu

ഗവേഷണവും ഉന്നതപഠനവും 

ധനതത്വശാസ്ത്രത്തില്‍ ഉന്നതപഠനത്തിനും ഗവേഷണത്തിനും നിരവധി മികച്ച കേന്ദ്രങ്ങള്‍ രാജ്യത്തുണ്ട്. ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദ പഠനത്തിനും ഗവേഷണത്തിനും മികച്ച അവസരം നല്‍കുന്ന സ്ഥാപനമാണ് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റല്‍ റിസര്‍ച്ച് (ഐ. ജി. ഐ. ഡി. ആര്‍.). എംഎസ്സി ഇക്കണോമിക്സ് പ്രോഗ്രാമിനു പുറമെ വികസനത്തിന്റെ വിവിധ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ടു ഗവേഷണത്തിനും അവസരം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.igidr.ac.in

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് ചേഞ്ച് (ഐഎസ്ഇസി), ബെംഗളൂരു: വികസന, ദാരിദ്ര്യനിര്‍മാര്‍ജന കാര്യങ്ങളില്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുദകള്‍ക്ക് ഉപദേശം നല്‍കുന്ന ഈ സ്ഥാപനം വികസനവുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.isec.ac.in 

എം. എ., പിഎച്ച്. ഡി. പ്രോഗ്രാമുകള്‍ക്ക് അവസരമുള്ള സെന്റര്‍ ഫോര്‍ ഡവലപ്മെന്റ്ല്‍ സ്റ്റഡീസ്,  തിരുവനന്തപുരം, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ബംഗളൂരു, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, മുംബൈ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, മുംബൈ, ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആന്‍ഡ് ഇക്കണോമിക്സ്, പൂന, ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ്, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, ന്യൂഡല്‍ഹി, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അപ്ലൈഡ് ഇക്കണോമിക്സ്, കൊച്ചിന്‍ യൂണിവേഴ്സിറ്റി, ഡോ. ജോണ്‍ മത്തായി സെന്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവയാണ് ഇക്കണോമിക്സില്‍ മികച്ച ഉപരിപഠന അവസരങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളില്‍ പ്രമുഖം.

പ്രമുഖ പഠന കേന്ദ്രങ്ങള്‍ ഒറ്റ നോട്ടത്തില്‍

  1. Delhi School of Economics, University of Delhi (https://dse.du.ac.in/)
  2. Jawaharlal Nehru University, School of Social Sciences (https://www.jnu.ac.in/sss/cesp)
  3. Madras School of Economics, Chennai (https://www.mse.ac.in/)
  4. Centre for Development Studies, Thiruvananthapuram (https://cds.edu/)
  5. Gokhale Institute of Politics and Economics, Pune. (https://gipe.ac.in/)
  6. Indira Gandhi Institute of Development Research, Mumbai. (http://www.igidr.ac.in/)
  7. Madrs Institute of Development Stidies, Chennai. (http://www.igidr.ac.in/)
  8. Institute of Economic Growth, Delhi. (https://iegindia.org/) 
  9. Institute for Social and Economic Change, Bengaluru. (https://www.isec.ac.in/)
  10. Centre for Studies in Social Sciences, Kolkata. (https://www.cssscal.org/)
  11. Department of Economics, University of Calcutta. (https://www.caluniv.ac.in/academic/Economics.html)
  12. Christ University, Bangalore. (https://christuniversity.in/admission-course-details)
  13. St. Xavier's College, Kolkata. (https://sxccal.edu/)
  14. Loyola College, Chennai. (https://www.loyolacollege.edu/)
  15. Shri Ram College of Commerce, Delhi. (https://www.srcc.edu/)
  16. Madras Christian College, Chennai. (https://mcc.edu.in/)
  17. Symbiosis School of Economics, Pune. (https://www.sse.ac.in/)
  18. Presidency University, Kolkata. (https://presiuniv.ac.in/web/economics.php)
  19. Mount Carmel College, Bangalore. (https://mccblr.edu.in/economics/)
  20. Jindal School of Government and Public Policy, Sonipat. (https://jgu.edu.in/jsgp/)
  21. Amity School of Economics, Noida. (https://www.amity.edu/ase/)
  22. Miranda House, New Delhi. (https://www.mirandahouse.ac.in/)
  23. Hindu College, New Delhi. (https://hinducollege.ac.in/)
  24. Presidency College, Chennai. (https://www.presidencycollegechennai.ac.in/)
  25.  Lady Sri Ram College, New Delhi. (https://lsr.edu.in/)
  26. St. Stephens College, New Delhi. (https://www.ststephens.edu/)

ഇക്കണോമെട്രിക്സ്

സാമ്പത്തിക ശാസ്ത്ര പഠനത്തിലെ ഏറ്റവും പുതിയ ശാഖകളില്‍ ഒന്നാണ് ഇക്കണോമെട്രിക്സ്. അക്കങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന സാമ്പത്തിക ശാസ്ത്ര തത്ത്വങ്ങളും സ്റ്റാറ്റിസ്റ്റിക്സും സംയോജിക്കുന്ന സ്പെഷലൈസേഷനാണ് ഇക്കണോമെട്രിക്സ്. പല സര്‍വകലാശാലകളുടെയും സാമ്പത്തിക  ശാസ്ത്രപഠനത്തില്‍ ഒരു വിഷയമാണിത് ഇക്കണോമെട്രിക്സ്. എന്നാല്‍ വളരെ ചുരുക്കം സ്ഥാപനങ്ങളേ ഇക്കണോമെട്രിക്സില്‍ ബിരുദാനന്ത ബിരുദ കോഴ്സുകള്‍ ലഭ്യമാക്കുന്നുള്ളു.

സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ക്ക് വിവരങ്ങളുടെ കൂമ്പാരത്തില്‍ നിന്ന് സരളമായ സാമ്പത്തിക ബന്ധങ്ങള്‍ രൂപപ്പെടുത്തുന്നതിന് സഹായകമാകുന്നതാണ് ഇക്കണോമെട്രിക്സ്. ഉദാഹരണത്തിന്, സാമ്പത്തിക ശാസ്ത്രതത്ത്വപ്രകാരം ഒരു ഉല്‍പന്നത്തിന്റെ വില വര്‍ധിക്കുന്നതോടെ ആ ഉല്‍പന്നത്തിനുള്ള ആവശ്യ കുറയും. എന്നാല്‍, ഈ തത്ത്വത്തില്‍ ഉപഭോക്താക്കളുടെ വരുമാനത്തിലുണ്ടാകുന്ന വര്‍ധന തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുക്കുന്നില്ല. ഒരു ഉല്‍പന്നത്തിന്റെ ഡിമാന്റിനെ ഇത്തരം ഘടകങ്ങള്‍ കൂടി എങ്ങനെ ബാധിക്കുന്നുവെന്ന് വിലയിരുത്തി സൂത്രവാക്യം രൂപപ്പെടുത്താന്‍ സഹായിക്കുന്ന സാമ്പത്തിക ശാസ്ത്ര ശാഖയാണ് ഇക്കണോമെട്രിക്സ്.

ഫലത്തില്‍, സാമ്പത്തിക തീരുമാനങ്ങളിലേക്കെത്താന്‍ സഹായകരമാകുന്ന ഒരു ശാസ്ത്രരീതിയാണിത്. പ്രശ്നങ്ങള്‍ക്ക് വിവരങ്ങളുടെ വിശകലനത്തിലൂടെ ഫലപ്രദമായ പരിഹാരം കണ്ടെത്താനുള്ള വഴി. അതുകൊണ്ടുതന്നെ പല ഉപദേശക സംഘടനകള്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ക്കും ഈ മേഖലയിലെ വിദഗ്ദധരെ ആവശ്യമുണ്ട്.

ആഗോള തലത്തില്‍തന്നെ വിപണികളുടെ ആധിപത്യത്തിനായി കടുത്ത മത്സരം നടക്കുന്ന കാലഘട്ടമാണിത്. സാമ്പത്തിക മോഡലുകള്‍ക്ക് ഈ കുതിപ്പില്‍ നിര്‍ണായക പങ്കാണുള്ളത്. വിശാല വിപണിയുള്ളതും അതിവേഗത്തില്‍ സാമ്പത്തിക വളര്‍ച്ച നേടുന്ന ഒരു രാജ്യവുമായ ഇന്ത്യയില്‍ വരും നാളുകളില്‍ ഇക്കണോമെട്രിക്സ് വിദഗ്ധരുടെ സേവനം ഏറെ വേണ്ടിവരും.

ഇക്കണോമെട്രിക്സ് കോഴ്സുകള്‍

ഇന്ത്യയില്‍ ചില സ്ഥാപനങ്ങള്‍ ഇക്കണോമെട്രിക്സില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്സുകള്‍ നടത്തുന്നുണ്ട്. പല കോളേജുകളിലും ഇക്കണോമെട്രിക്സ് പാഠ്യവിഷയമായി ഇക്കണോമിക്സ് ബിരുദ കോഴ്സുകള്‍ ലഭ്യമാണ്. പല സര്‍വകലാശാലകളും ഇക്കണോമെട്രിക്സില്‍ എം. എ., എം.എസ്സി. കോഴ്സുകളും നടത്തുന്നു. ഇത്തരം ചില സ്ഥാപനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

1. യൂണിവേഴ്സിറ്റി ഓഫ് മദ്രാസ്, ചെന്നൈ
2. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, പുതുച്ചേരി
3. ശ്രീ വെങ്കിടേശ്വര യൂണിവേഴ്സിറ്റി, തിരുപ്പതി
4. ഗുജറാത്ത് യൂണിവേഴ്സിറ്റി
5. സെന്റര്‍ ഫോര്‍ പോപ്പുലേഷന്‍ സ്റ്റഡീസ്
6. ഭാരതിയാര്‍ യൂണിവേഴ്സിറ്റി
7. യൂണിവേഴ്സിറ്റി ഓഫ് ജമ്മു
8. യൂണിവേഴ്സിറ്റി ഓഫ് ദല്‍ഹി
9. ദിബ്രുഗഢ് യൂണിവേഴ്സിറ്റി
10. ദല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ്.

തൊഴില്‍ സാധ്യതകള്‍
ധനതത്വശാസ്ത്രം പഠിച്ചവര്‍ക്കു പരമ്പരാഗതമായുള്ള തൊഴില്‍ മേഖലയാണ് അധ്യാപനം. മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതലായി ആരംഭിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ രംഗത്തും സാധ്യതകള്‍ ഏറിക്കൊണ്ടിരിക്കുകയാണ്.
ധനതത്വശാസ്ത്രത്തില്‍ മികവു പുലര്‍ത്തുന്നവര്‍ക്ക്  യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പ്രവേശന പരീക്ഷയും അഭിമുഖവും വഴി ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസില്‍ കയറിപ്പറ്റാം. ഇതു കൂടാതെ റിസര്‍വ് ബാങ്കില്‍ റിസര്‍ച്ച് അസിസ്റ്റന്റായും ജോലിയില്‍ പ്രവേശിക്കാം. സര്‍ക്കാര്‍ സര്‍വീസില്‍ ഉന്നതപദവികളിലെത്താന്‍ ഈ സര്‍വീസുകള്‍ സഹായിക്കും. കൂടാതെ നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍, ധനമന്ത്രാലയത്തിലെ ഇക്കണോമിക് അഫയേഴ്സ് വകുപ്പ്, ആസൂത്രണ ബോര്‍ഡ്, എന്‍.ഐ. പി.എഫ്.പി., എന്‍.സി.എ.ഇ.ആര്‍. എന്നിവയെല്ലാം സര്‍ക്കാര്‍ മേഖലയില്‍ മികച്ച അവസരങ്ങള്‍ നല്‍കും. 

ഇതുകൂടാതെ ഇക്കണോമിസ്റ്റ് തസ്തികയിലേക്ക് ബിരുദാനന്തരബിരുദധാരികള്‍ക്ക് അവസരങ്ങള്‍ നിരവധിയാണ്. സര്‍ക്കാര്‍ സാമ്പത്തിക സര്‍വീസ്, ഇന്‍വെസ്റ്റ്മെന്റ്, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഐ എം എഫ്, ലോകബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ഇക്കണോമിസ്റ്റുകളെ നിയമിക്കുന്നുണ്ട്. ഇതുകൂടാതെ ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള മറ്റ് ഏജന്‍സികളായ യു.എന്‍.ഡി.പി., യുനിഡോ, എഫ്.എ.ഒ., ഐ. എഫ്. പി. ആര്‍. ഐ., ഏഷ്യന്‍ വികസന ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിലും വിദഗ്ധരെ ഇക്കണോമിസ്റ്റുകളായി നിയമിക്കാറുണ്ട്.

ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും മറ്റും ആക്ചൂറിയല്‍ സയന്‍സ്, മാര്‍ക്കറ്റ് റിസര്‍ച്ച്, മെര്‍ച്ചന്‍ഡൈസിംഗ് തുടങ്ങിയ മേഖലകളില്‍ ബിരുദധാരികളെ നിയമിക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് കമ്പനികള്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകളായും റിസ്‌ക് അനലിസ്റ്റുകളായും നിയമിക്കുന്നത് ധനതത്വശാസ്ത്ര ബിരുദധാരികളെയാണ്.

അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക്സില്‍ സ്പെഷലൈസേഷനുള്ളവരെ അഗ്രിക്കള്‍ച്ചറല്‍ സയന്റിസ്റ്റ് റിക്രൂട്ട്മെന്റ് ബോര്‍ഡ് സയന്റിസ്റ്റ് തസ്തികയില്‍ നിയമിക്കുന്നു. സ്വകാര്യ മേഖലയില്‍ പല വന്‍കിട സ്ഥാപനങ്ങളും കണ്‍സള്‍ട്ടന്റുമാരായി ധനതത്വശാസ്ത്രക്കാരെ നിയമിക്കുന്നുണ്ട്. ബാങ്കുകളിലും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലും ഇന്‍വെസ്റ്റ്മെന്റ് കണ്‍സള്‍ട്ടന്ടുമാരായും ഇക്കണോമിക് അനലിസ്റ്റുകളായി മ്യൂച്വല്‍ ഫണ്ട് മേഖലയിലും ജോലി നോക്കാവുന്നതാണ്.

ഇങ്ങനെ ധനതത്വശാസ്ത്രത്തില്‍ ഉന്നതയോഗ്യതയുള്ളവര്‍ക്കായി നിരവധി അവസരങ്ങള്‍ ഇന്നു ലഭ്യമാണ്. ഭാവിയിലേക്ക് ഈ അവസരങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചു വരുമെന്നും ഉറപ്പാണ്. ഗുണമേന്മയുള്ള മികച്ച വിദ്യാഭ്യാസം കരസ്ഥമാക്കിയാല്‍ ഈ അവസരങ്ങള്‍ കൈപ്പിടിയിലൊതുക്കാം.

ഇന്ത്യന്‍ ഇക്കണോമിക്‌സ് സര്‍വീസ് (ഐ. ഇ. എസ്.)

ഗ്രൂപ്പ് എ വിഭാഗത്തില്‍പ്പെടുന്ന കേന്ദ്രസര്‍വീസാണ് ഇന്ത്യന്‍ ഇക്കണോമിക്‌സ് സര്‍വീസ് (ഐ.ഇ.എസ്.). സാമ്പത്തിക അവലോകനങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കുമായി സര്‍ക്കാര്‍ സര്‍വീസില്‍ തന്നെ വിദഗ്ധരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് 1961-ല്‍ ഐ.ഇ.എസ്. ആരംഭിക്കുന്നത്. വികസനനയങ്ങള്‍ തയ്യാറാക്കല്‍, സര്‍ക്കാര്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തല്‍, പൊതുജനപദ്ധതികളുടെ മേല്‍നോട്ടവും വിലയിരുത്തലും തുടങ്ങിയവയെല്ലാം ഐ.ഇ.എസിന്റെ ചുമതലയാണ്. 1991-ലെ സാമ്പത്തിക പരിഷ്‌കാരങ്ങളും തുടര്‍ന്ന് സര്‍ക്കാരിന്റെ ശൈലിയിലുണ്ടായ മാറ്റങ്ങളും സാമ്പത്തികവിദഗ്ധര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലുള്ള പ്രാധാന്യം വര്‍ദ്ധിപ്പിച്ചു. കേന്ദ്രധനകാര്യമന്ത്രാലയത്തിന് കീഴിലാണ് (Ministry of Finance - Department of Economic Affairs) ഇന്ത്യന്‍ ഇക്കണോമിക്‌സ് സര്‍വീസ് പ്രവര്‍ത്തിക്കുന്നത്. ഒന്നിലധികം മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും ഐ.ഇ.എസ്. ബന്ധപ്പെട്ടിരിക്കുന്നു. സാമൂഹിക-സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളിലും മന്ത്രാലയങ്ങളിലുമാണ് പ്രധാനമായും ഐ.ഇ.എല്‍. നിയമനങ്ങള്‍ നടക്കുന്നത്. കൂടാതെ നീതി ആയോഗ് പോലെയുള്ള പ്രത്യേക സമിതികളിലും അവസരങ്ങളുണ്ട്. ഇവിടെ സാമ്പത്തികം, സാമൂഹികം, ഗ്രാമവികസനം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വാണിജ്യം, വ്യാപാരം, ഗതാഗതം, ഐ.ടി. തുടങ്ങിയ വിവിധ മേഖലകളില്‍ ഐ.ഇ.എസ്. ഓഫീസര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. പ്രധാന കേഡര്‍ തസ്തികകള്‍ക്കുപുറമേ ഡെപ്യൂട്ടേഷനില്‍ യു.എന്‍., വിദേശസര്‍ക്കാരുകള്‍, സംസ്ഥാനസര്‍ക്കാരുകള്‍ തുടങ്ങി വിവിധ ദേശീയ അന്തര്‍ദേശീയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടിവരും. സെന്‍ട്രല്‍ സ്റ്റാഫിങ് പദ്ധതിയുടെ ഭാഗമായി വിവിധ കേന്ദ്രമന്ത്രാലയങ്ങളിലും വകുപ്പുകളിലും ഐ.ഇ.എസ്. ഓഫീസര്‍മാര്‍ക്ക് ഡെപ്യൂട്ടേഷനില്‍ നിയമനം നല്‍കാറുണ്ട്.

ഐ.ഇ.എസിലെ തുടക്ക തസ്തികയായ ജൂനിയര്‍ ടൈം സ്‌കെയില്‍ (ഗ്രേഡ് IV) നിയമനം 60 ശതമാനം നേരിട്ടുള്ളതും 40 ശതമാനം സ്ഥാനക്കയറ്റം വഴിയുമാണ്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ദേശീയതലത്തില്‍ നടത്തുന്ന ഐ.ഇ.എസ്. പരീക്ഷയിലൂടെയാണ് നേരിട്ടുള്ള നിയമനം നടത്തുന്നത്.

ഐ.ഇ.എസ്. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 വയസ്സും കൂടിയത് 30 വയസ്സുമാണ്. ഉയര്‍ന്ന പ്രായത്തില്‍ എസ്.സി. / എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നുവര്‍ഷവും ഇളവ് ലഭിക്കും.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഇക്കണോമിക്‌സ് / അപ്ലൈഡ്  ഇക്കണോമിക്‌സ് / ബിസിനസ് ഇക്കണോമിക്‌സ് / ഇക്കണോമെട്രിക്‌സ് ബിരുദാനന്തരബിരുദമാണ് അപേക്ഷിക്കാനാവശ്യമായ വിദ്യാഭ്യാസ യോഗ്യത.
ഇനിപ്പറയുംവിധമാണ് പരീക്ഷ നടത്തുക - പാര്‍ട്ട് 1 - നിര്‍ദിഷ്ട വിഷയങ്ങളില്‍ എഴുത്തുപരീക്ഷ. 1000 മാര്‍ക്ക്, പാര്‍ട്ട് - 2 - വാചാപരീക്ഷ (Viva Voce) 200 മാര്‍ക്ക്.

മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിവരണാത്മകപരീക്ഷയ്ക്ക് ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ സ്റ്റഡീസ്, ജനറല്‍ ഇക്കണോമിക്‌സ് പേപ്പര്‍ I, II & III, ഇന്ത്യന്‍ ഇക്കണോമിക്‌സ് എന്നിങ്ങനെ ആറ് പേപ്പറുകളുണ്ടാകും. ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ സ്റ്റഡീസ് പേപ്പറുകള്‍ക്ക് 100 മാര്‍ക്ക് വീതവുമാണുള്ളത്. ചോദ്യപേപ്പര്‍ ഇംഗ്ലീഷിലായിരിക്കും. ഇംഗ്ലീഷില്‍ മാത്രമേ ഉത്തരങ്ങള്‍ എഴുതാന്‍ സാധിക്കൂ.

അധ്യാപനം

ഉന്നതവിദ്യാഭ്യാസരംഗത്ത് കോളേജുകളിലും സര്‍വകലാശാലകളിലുമായി നിരവധി അധ്യാപക ഒഴിവുകളാണുള്ളത്. ദേശീയപ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി.കളിലും പ്രമുഖ കോളേജുകളും കേന്ദ്രസര്‍വകലാശാലകളിലും സ്വയംഭരണ സര്‍വകലാശാലകളിലും സ്വകാര്യ സര്‍വകലാശാലകളിലുമെല്ലാം അധ്യാപക ഒഴിവുകളിലേക്ക് പരിഗണിക്കണമെങ്കില്‍ ഡോക്ടറേറ്റ് ബിരുദം (പി.എച്ച്.ഡി.) ആവശ്യമാണ്. കോളേജ് അധ്യാപകരാവാന്‍ യു.ജി.സി./നെറ്റ്/ജെ.ആര്‍.എഫ്. യോഗ്യത നേടണം. ജനറല്‍ വിഭാഗക്കാര്‍ക്ക് ഇക്കണോമിക്‌സില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദാനന്തരബിരുദമുണ്ടെങ്കില്‍ യു.ജി.സി. പരീക്ഷയെഴുതാം. ജെ.ആര്‍.എഫിന് 30 വയസ്സാണ് പ്രായപരിധി. നെറ്റ് പരീക്ഷയ്ക്ക് പ്രായപരിധിയില്ല. എസ്.സി. എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒ.ബി.സി. ക്കാര്‍ക്ക് മൂന്നുവര്‍ഷവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും. മറ്റ് സംവരണവിഭാഗക്കാര്‍ക്കും ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

രാജ്യത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യാപകരാവാന്‍ പ്രത്യേക യോഗ്യത നേടേണ്ടതുണ്ട്. ഹയര്‍ സെക്കന്‍ഡറി അധ്യാപകരാവാന്‍ ദേശീയതലത്തിലും സംസ്ഥാന തലത്തിലും വ്യത്യസ്ത യോഗ്യതാപരീക്ഷകളാണുള്ളത്. യു.പി.എസ്.സി., സംസ്ഥാന പി.എസ്.സി.കള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍ എന്നിവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ക്കായി മത്സരപ്പരീക്ഷകള്‍ നടത്തിവരുന്നു.

ഗവേഷണം

  • വിവിധ സര്‍വകലാശാലകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കേന്ദ്ര-സംസ്ഥാന മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിന് അവസരമുണ്ട്.
  • ദേശീയ സ്ഥാപനങ്ങള്‍, വകുപ്പുകള്‍, ഓഫീസുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ ഇന്റേണ്‍ഷിപ്പിനും ഹ്രസ്വകാല ഫെലോഷിപ്പുകള്‍ക്കും അവസരമുണ്ട്.
  • റിസര്‍ച്ച് ഓഫീസര്‍ പ്രോജക്ട് ഓഫീസര്‍, പ്രോജക്ട് ഫെലോ, റിസര്‍ച്ച് അസോസിയേറ്റ്‌സ് എന്നീ തസ്തികകളിലേക്ക് സര്‍വകലാശാലകളും ആര്‍.ബി.ഐ. പോലുള്ള ദേശീയ സ്ഥാപനങ്ങളും വിവിധ മന്ത്രാലയങ്ങളും ഐ.ഐ.ടി., ഐ.ഐ.എമ്മുകളും നിയമനം നടത്താറുണ്ട്.
  • പോളിസി റിസര്‍ച്ച് - വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികള്‍, സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍, അന്തര്‍ദേശീയ ഏജന്‍സികള്‍ എന്നിവ.
  • സ്വകാര്യ ഗവേഷണ കേന്ദ്രങ്ങളായ മൂഡി, എസ്. & പി. എന്നിവ.
  • ഐ.എം.എഫ്., ലോകബാങ്ക്, എ.ഡി.ബി., ബ്രിക്‌സ് ബാങ്ക്, മറ്റ് അന്താരാഷ്ട്ര ഏജന്‍സികള്‍, കമ്പനികള്‍ തുടങ്ങിയവ നിര്‍ദ്ദിഷ്ടകാലാവധിയിലേക്ക് ഗവേഷകരെ നിയമിക്കാറുണ്ട്.

ആര്‍.ബി.ഐ. റിസര്‍ച്ച് ഓഫീസര്‍ ഗ്രേഡ് ബി

ഇക്കണോമിക്‌സില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് റിസര്‍വ് ബാങ്ക് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.21-30 വയസ്സാണ് പ്രായപരിധി. i) എല്ലാ സെമസ്റ്ററിലും / വര്‍ഷത്തിലും 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ഫസ്റ്റ് ക്ലാസ് ബാച്ചിലര്‍ ബിരുദം അല്ലെങ്കില്‍  ii) 55 ശതമാനം മാര്‍ക്കോടെ സെക്കന്‍ഡ് ക്ലാസ് മാസ്റ്റര്‍ ബിരുദം അല്ലെങ്കില്‍  iii) ഡോക്ടറേറ്റ് ബിരുദം, ബിരുദാനന്തര ബിരുദത്തിന് 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുണ്ടായിരിക്കണം. രണ്ടു ഘട്ടങ്ങളിലായാണ് എഴുത്തുപരീക്ഷ - ഒന്നാം ഘട്ടം ഓണ്‍ലൈന്‍ പരീക്ഷ (ഒബ്ജക്ടീവ്) -200 മാര്‍ക്ക്. രണ്ടാം ഘട്ടം എഴുത്തുപരീക്ഷ (വിവരണാത്മകം) - 300 മാര്‍ക്ക്  (ഇംഗ്ലീഷ് - 100 മാര്‍ക്ക്, ഇക്കണോമിക്‌സ് & സോഷ്യല്‍ ഇഷ്യൂസ് - 100 മാര്‍ക്ക്, ഫിനാന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് - 100 മാര്‍ക്ക്)

ഇക്കണോമിക് അഡ്വൈസർ / പ്ലാനര്‍ / അനലിസ്റ്റ്

  • വിവിധ ബാങ്കുകള്‍ - പൊതുമേഖല, സ്വകാര്യമേഖല.
  • സെക്യൂരിറ്റി എക്‌സ് ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI), നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ (NSSO), സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓര്‍ഗനൈസേഷന്‍ (CSO) എന്നിവിടങ്ങളില്‍ ഓഫീസര്‍.
  • ഐ.ആര്‍.ഡി.എ., എല്‍.ഐ.സി., ജി.ഐ.സി. തുടങ്ങിയ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലും മറ്റ് പൊതു-സ്വകാര്യകമ്പനികളിലും ഇക്കണോമിക് അഡൈ്വസര്‍.
  • ട്രായ്, ഇ.ആര്‍.സി., എ.ആര്‍.സി. എന്നിവിടങ്ങളില്‍ റെഗുലേറ്ററി ഓഫീസര്‍.
  • ബോര്‍ഡ് അംഗങ്ങള്‍ - ഐ.ഒ.സി. റെയില്‍വേ, എന്‍.എച്ച്.എ.ഐ. തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍.
  • ഗവണമെന്റ് അഡ്വൈസര്‍ - വിവിധ മന്ത്രാലയങ്ങള്‍.
  • നീതി ആയോഗ്, പ്ലാനിങ് ബോര്‍ഡ് എന്നിവ.
  • സ്‌പെഷലിസ്റ്റ് ഓഫീസര്‍ അഡ്വൈസര്‍ - സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, പി.ആന്‍ഡ് ജി., കെയര്‍, ക്രിസില്‍ എന്നിവ.
  • അക്കാദമിക് ജേണലുകള്‍, ദിനപത്രങ്ങള്‍ എന്നിവയില്‍ അവലോകന വിദഗ്ധന്‍.
  • ഇക്കണോമിക്‌സ് അനലിസ്റ്റ് - മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍ ഏജന്‍സികള്‍.
  • സോഫ്റ്റ് വെയര്‍ കമ്പനികള്‍ - എസ്.പി.എസ്.എസ്., സ്റ്റാറ്റ, മാറ്റ് ലാബ് എന്നിവ.

നബാര്‍ഡ് ഓഫീസര്‍

അസിസ്റ്റന്റ് മാനേജര്‍ (ഗ്രേഡ് എ), ഇക്കണോമിക്‌സില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ (എസ്.സി./എസ്.ടി.ക്കാര്‍ക്ക് 45 ശതമാനം) ബാച്ചിലര്‍ ബിരുദം അല്ലെങ്കില്‍ ഇക്കണോമിക്‌സ് അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക്‌സില്‍ 50 ശതമാനം മാര്‍ക്കോടെ (എസ്.സി./എസ്.ടി.ക്കാര്‍ക്ക് 45 ശതമാനം) ബിരുദാനന്തര ബിരുദം. എല്ലാ സെമസ്റ്ററിലും/വര്‍ഷവും ഇക്കണോമിക്‌സ് പ്രധാന വിഷയമായി പഠിച്ചവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ യോഗ്യത.

റിസര്‍ച്ച് ഓഫീസര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡുകള്‍

  • ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദമാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡുകളില്‍ റിസര്‍ച്ച് ഓഫീസറായി ജോലി ലഭിക്കാനാവശ്യമായ യോഗ്യത.
  • വിവിധ പദ്ധതികളുടെ അവലോകനം, വിവിധ പഠനങ്ങള്‍ നടത്തല്‍, സാമ്പത്തിക അവലോകനം ഉള്‍പ്പെടെയുള്ള ഗവേഷണ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍ എന്നിവയാണ് ചുമതല.

അഗ്രിക്കള്‍ച്ചറല്‍ സയന്റിസ്റ്റ്‌സ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ്

  • അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് സര്‍വീസിലേക്ക് (ARS) എ.എസ്.ആര്‍.ബി. പരീക്ഷ നടത്താറുണ്ട്.
  • അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മികച്ച അവസരമാണിത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://asrb.org.in/

സിവില്‍ സര്‍വീസസ് പരീക്ഷ

ഇക്കണോമിക്‌സ് ബിരുദധാരികള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തില്‍ താരതമ്യേന മുന്‍തൂക്കം ലഭിക്കും. പ്രിലിമിനറി, മെയിന്‍ പരീക്ഷകളിലെ ജനറല്‍ സ്റ്റഡീസ് പേപ്പറുകളില്‍ ഇക്കണോമിക്‌സ് സംബന്ധിയായ വിഷയങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. കൂടാതെ വ്യക്തിത്വ പരിശോധനയിലെ 25 ശതമാനം ചോദ്യങ്ങളും സ്ഥിരമായി ഇക്കണോമിക്‌സുമായി ബന്ധപ്പെട്ടവയായിരിക്കും.
സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കുള്ള കറന്റ് അഫയേഴ്‌സ് പഠനത്തിനും ഭൂമിശാസ്ത്ര പഠനത്തിനും ഇക്കണോമിക്‌സ് പരിജ്ഞാനം അത്യാവശ്യമാണ്. 

മെയിന്‍ പരീക്ഷയിലെ ജനറല്‍ ഉപന്യാസപേപ്പറിലും ഇക്കണോമിക്‌സ് സംബന്ധിയായ ചോദ്യങ്ങളുണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://upsc.gov.in/

അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പുകള്‍

ഇക്കണോമിക്‌സ് പഠനത്തിന് നിരവധി അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്.

  1. ഫുള്‍ബ്രൈറ്റ് ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പ്
  2. ഫോഡ് ഫൗണ്ടേഷന്‍ ഫെലോഷിപ്പ്
  3. ഗേറ്റ്‌സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്
  4. ഹ്യൂബര്‍ട്ട് ഹംബെറി (Hubert Humphrey) ഫെലോഷിപ്പ്
  5. വെസ്റ്റ്മിനിസ്റ്റര്‍ ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പ്
  6. കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ്
  7. എ.ഡി.ബി. - ജപ്പാന്‍ സ്‌പോണ്‍സേഡ് പ്രോഗ്രാം
  8. ഒ.എഫ്.ഐ.ഡി. സ്‌കോളര്‍ഷിപ്പ് അവാര്‍ഡ്
  9. ഓക്‌സ്ഫഡ് ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പ്
  10. ഐ.എം.എഫ്./വേള്‍ഡ് ബാങ്ക്/ഡബ്ല്യു.ടി.ഒ./യു.എന്‍. സ്‌കോളര്‍ഷിപ്പുകള്‍

ന്യൂജന്‍ മേഖലകള്‍
ഇക്കണോമിക്‌സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് നിരവധി പുതിയ മേഖലകളിലും അവസരമുണ്ട്.
ഡേറ്റ അനലിറ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് 5ജി ടെക്‌നോളജി റോബോട്ടിക്‌സ് എന്നിവ അവയില്‍ ചിലതാണ്‌(ലേഖകന്‍ 1994 മുതല്‍ കരിയര്‍ ഗൈഡന്‍സ് രംഗത്ത് എഴുത്തുകാരനായും പ്രഭാഷകനായും പ്രവര്‍ത്തിക്കുന്നു.)