കുറച്ച് ഫിസിക്സും കെമിസ്ട്രിയും ബയോളജിയും പഠിക്കുക എന്നാണ് സയന്‍സ് പഠനത്തെക്കുറിച്ചുള്ള പൊതുധാരണ. ഇത് പ്രാഥമികപഠനം മാത്രമായിരിക്കുകയും ശാഖോപശാഖകളായി പിരിഞ്ഞ് വ്യാവസായികവും അക്കാദമികവുമായ പല അനുബന്ധശാസ്ത്രങ്ങളില് എത്തുകയും ഇവയില്‍ പ്രാവീണ്യം നേടിയവര്‍ വമ്പന്‍ ജോലി സാധ്യതകളിലേക്ക് വഴിതെളിക്കുന്ന പ്രായോഗിക മേഖലകളില്‍ എത്തപ്പെടുകയുമാണിന്ന് എന്നുള്ളത് ആരും അറിയുന്നില്ല. സയന്‍സ് എന്നാല്‍ മെഡിക്കല്‍ അല്ലെങ്കില്‍ എഞ്ചിനീയറിങ് എന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്. എന്‍ട്രന്‍സ് പരീക്ഷകള്‍ മാത്രമാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം എന്ന് വിശ്വസിക്കുന്ന മാതാപിതാക്കള്‍ക്ക് ലോകം ഏതുവഴി തിരിയുന്നു എന്നത് ഒട്ടും പിടിയില്ല. മെഡിക്കല്‍ / എഞ്ചിനീയറിംഗ് പ്രൊഫഷനുകള്‍ മാത്രമേ ലോകത്ത് വിജയത്തിന്റെ ലക്ഷണമായി കരുതാനാവൂ എന്ന് വിശ്വസിക്കുന്നവര്‍ അടുത്ത തലമുറയോട് ചെയ്യുന്ന അനീതിയാണതെന്ന് അവര്‍ അറിയുന്നില്ല.
കാലം മാറി നമ്മള് ആഗോള പൗരന്മാരായി
ടെക്നോളജിയില്‍ പ്രാവീണ്യം നേടുന്നവരുടെ ലോകമാണ് വരാന്‍ പോകുന്നത് എന്ന് യുവാല്‍ നോവാ ഹരാരി പറയുന്നു. ശാസ്ത്രവും സാങ്കേതികതയും ഇന്ന് രണ്ടല്ല, അവ ഒന്നിച്ചു ചേര്‍ന്ന് ലോകനിര്‍മിതിയില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ ജോലിസാധ്യതയുടെ സീമകള്‍ വിസ്തൃതമാവുകയാണ്. ക്വാണ്ടം കംപ്യൂട്ടറുകളുടെ കാലം വരികയാണ്. റോബോട്ടുകളുടെ കാലം വന്നുകഴിഞ്ഞു. അതനുസരിച്ച് ജോലിസാധ്യതകള്‍ മാറിമറയാന്‍ പോവുകയാണ്. മെഡിക്കല്‍, എന്‍ജിനീയറിങ് ജോലികളൊക്കെ റോബോട്ടുകള്‍ ചെയ്തോളും. അവയെ നിയന്ത്രിക്കാനാണ് ആളുകളെ വേണ്ടത്. ബയോളജിയും കെമിസ്ട്രിയുമൊക്കെ സമൂഹചര്യകളുടെ നടത്തിപ്പിനോ നിയന്ത്രണത്തിനോ ഉപയോഗിക്കപ്പെടുന്ന സാങ്കേതികതകളുടെ അടിസ്ഥാനം മാത്രമേ ആകുന്നുള്ളൂ എന്നത് തിരിച്ചറിവാകേണ്ടതാണ്. ഉദാഹരണത്തിന് കാര്‍ഷികമേഖല ഇന്ന് ടെക്നോളജിക്കാരുടെ പിടിയിലാണ്. ശാസ്ത്രാനുഭാവികള്ക്ക് ജോലിതുറസ്സ് നല്കുന്ന ഇടം. അഗ്രിക്കള്‍ച്ചര്‍ സയന്റിസ്റ്റ് എന്ന പൊതുപേരില്‍ നിരവധി ഉപശാഖകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. പ്രാണിശല്യം ഒഴിവാക്കുന്നതും കളകള്‍ നശിപ്പിക്കുന്നതും ഇന്ന് ടെക്നോളജിസ്റ്റുകളുടെ ജോലിയാണ്. ഇവയ്ക്ക് നൂതന പ്രയോഗസങ്കേതങ്ങള് കണ്ടുപിടിക്കപ്പെടുകയാണ്, അതിന് ശാസ്ത്രാഭിരുചിയുള്ളവരെ മാടിവിളിക്കുകയാണ്.
ഇന്റര്‍നെറ്റിന്റെ വരവോടെ ആഗോളപൗരന്മാരായിക്കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് പുറംരാജ്യങ്ങളില്‍ എത്തിപ്പെടുക എന്നത് പണ്ടത്തെപ്പോലെ ദുര്‍ഘടമായ പ്രവൃത്തി അല്ലാതായിരിക്കുകയാണ്. ഇംഗ്ലീഷിന്റെ ഉപയോഗവും വ്യാപകമായിരിക്കുകയാണ്. മറുനാടുകളില്‍ ജോലി തേടുക എന്നത് അത്ര പ്രയാസമേറിയ കാര്യമല്ല . മള്‍ട്ടിനാഷണല്‍ കമ്പനികള്‍ എല്ലാ രാജ്യങ്ങളിലും വേരുറപ്പിച്ചുകഴിഞ്ഞു. അതത് രാജ്യങ്ങളിലെ തൊഴില്‍സാധ്യതകളുമായി മല്ലിട്ട് ജോലി നേടുക എന്നത് എളുപ്പമല്ല. പക്ഷേ, ഇത്തരം കമ്പനികള്‍ നമ്മെ ആ രാജ്യങ്ങളിലൊക്കെ അയച്ചെന്നിരിക്കും. ചൈന പോലെ നമുക്ക് അപ്രാപ്യമായിരുന്ന രാജ്യങ്ങളിലും ഇന്ന് മറുനാടന്‍ ജോലിക്കാര്‍ ധാരാളമാണ്. ദക്ഷിണ കൊറിയ ഇന്ന് ശാസ്ത്രത്തിലും സാങ്കേതികതയിലും ഏറെ മുന്‍പിലാണ്. നമ്മളും അവരും സാങ്കേതികതയുടെ ഭാഷയാണ് സംസാരിക്കുന്നത് എന്നത് നമ്മളെ സ്വീകാര്യരാക്കുകയാണ് അവിടെയെല്ലാം.
സാധ്യതകള്‍ ഏറെ, അവസരങ്ങളും
ശാസ്ത്രത്തില്‍ ജോലിസാധ്യതകളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ പരതിയാല്‍ ഏറെ ഒഴിവുകള്‍ കാണുവാന്‍ കഴിയും. ശാസ്ത്രപഠനം ഇന്ന് അഭൂതപൂര്‍വമായി ജോലിസാധ്യതകള്‍ തുറന്നിടുകയാണ്. വികസിതരാജ്യങ്ങളില്‍ എല്ലാം ഏറെക്കുറെ ഈ അനുപാതം പ്രാവര്‍ത്തികമാണ്.
ഇംഗ്ലീഷിലുള്ള പ്രാവീണ്യവും ശാസ്ത്രവിഷയങ്ങള്‍ പഠിച്ചെടുക്കാനുള്ള ഏറിയ കഴിവുകളും ഇന്ത്യക്കാര്‍ക്ക് ഇത്തരം ജോലികളില്‍ കയറിപ്പറ്റുക എളുപ്പമാക്കുകയാണ്. പ്രാഥമിക ശാസ്ത്ര വിഷയങ്ങള്‍ എടുത്ത് ബി.എസ്.സി. പാസാകാന്‍ വിമുഖത കാണിക്കേണ്ടതില്ല ഇന്ന്. അതുകഴിഞ്ഞ് സാങ്കേതികതയുമായി ബന്ധപ്പെടുത്തിയ ഏതെങ്കിലും വിഷയത്തില്‍ ഉപരിപഠനം നടത്താന്‍ ശ്രമിക്കാം. നമ്മളെ സ്വീകരിക്കുന്ന യൂണിവേഴ്സിറ്റികളില്‍-ഏതുരാജ്യത്തെ ആണെങ്കിലും-പ്രവേശനം കിട്ടാന്‍ ശ്രമിച്ചാല്‍തന്നെ ആദ്യത്തെ കടമ്പ കടന്നുകിട്ടുകയായി. എന്‍ട്രന്‍സ് കോച്ചിങ്ങിന് ചെലവാക്കുന്ന പണത്തിന്റെ ഒരു ചെറിയ ശതമാനം മാത്രമേ ഇതിന് വേണ്ടിവരൂ. മെഡിസിനോ എന്‍ജിനീയറിങ്ങിനോ പഠിക്കാനുള്ള പണത്തിന്റെ നേരിയ ശതമാനമായിരിക്കും ഇത്. അത് രണ്ടും പഠിച്ച് ജോലി ഇല്ലാതെയിരിക്കുന്നതിന്റെ ദയനീയവൈഷമ്യം ഒഴിവായിക്കിട്ടും.
പ്രാഥമികമായ ഉത്തരം പഠനങ്ങള്ക്കൊപ്പമോ അതുകഴിഞ്ഞോ മാനേജ്മെന്റ്, ബിസിനസ് അഡ്മിനിസ്ട്രേഷന് എന്നിവയുമായി ബന്ധപ്പെട്ട കോഴ്സുകള്‍ പഠിക്കുന്നതും ജോലിസാധ്യത വര്‍ധിപ്പിക്കും. ഒരു മുഴുവൻ ഡിഗ്രി ആവശ്യം വന്നേയ്ക്കില്ല ഇവയില്‍. ഉദാഹരണത്തിന് അഗ്രിബിസിനസുമായി ബന്ധപ്പെട്ട ഇന്ഡസ്ട്രികളില് അഗ്രികള്‍ച്ചര്‍ ഡിഗ്രിയോടൊപ്പം ഈ അനുബന്ധവിഷയങ്ങളില്‍ ഡിപ്ലോമ നേടിയാല്‍ മെച്ചപ്പെട്ട ജോലിയിലായിരിക്കും നിങ്ങളെ അത് എത്തിക്കുക.
സാധാരണ പഠനവിഷയങ്ങളില്‍ നിന്ന് ഏറെ മാറിയിരിക്കുന്നു ഇന്നത്തെ തൊഴില്‍സാധ്യതാ പഠനവിഷയങ്ങള്‍. ഒരു പ്രധാന വിഷയത്തിന്റെ പല ശാഖകളാണിന്ന് പഠിച്ചെടുക്കേണ്ടത്. ജോലി സാധ്യതകള്‍ ഇവയിലൊന്ന് പ്രാവീണ്യം നേടാന്‍ പ്രേരിപ്പിക്കുന്നത്. Industrial Biotechnology, Biofuel Technology, Biotechnology Management ഒക്കെ ഉദ്യോഗാര്‍ഥികളെ തേടുന്ന ഇന്ഡസ്ട്രിയിലെ വിഷയങ്ങളാണ്. അതുപോലെ Genetic Counselingന് ഇന്ന് വമ്പന്‍ മാര്‍ക്കറ്റാണുള്ളത്. പല യൂണിവേഴ്സിറ്റികളും ഊര്‍ജസ്വലതയോടെ ഇതൊക്കെ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുന്നു. ഈയിടെ. Neurobiology, Neurogenetics ഗവേഷണങ്ങള്‍ക്ക് ഫണ്ടിംഗ് ധാരാളമുണ്ട്. സൈക്കോളജിയും സൈക്ക്യാട്രിയും ഇന്ന് ആധുനിക ന്യൂറോസയന്‍സിന്റെ വിവരവേലിയേറ്റത്തില് മാറപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ന്യൂറോസയന്‍സ് പഠിച്ചവരെ ഇന്ന് ആവശ്യമായി വരുന്നു. ചുരുക്കി പറഞ്ഞാല്‍ സയന്‍സ് പഠിച്ചാല്‍ ലോകത്തെവിടെയും സാധ്യതകള്‍ ഏറെയാണ്.
ശാസ്ത്രം നിത്യജീവിതത്തിന്റെ ഭാഗം
നമ്മുടെ ദൈനംദിന ജീവിതത്തിലെ ഓരോ പ്രവൃത്തിയും ശാസ്ത്രവുമായി അറിഞ്ഞോ അറിയാതെയോ ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ഓരോ പ്രവൃത്തിയും സയന്‍സിനെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രവര്‍ത്തന വിജ്ഞാനമെന്നനിലയില് സയന്‍സിന്റെ പ്രാധാന്യം ജോലി സാധ്യതകളും വര്‍ദ്ധിപ്പിക്കുന്നു.
സയന്‍സ് വിഷയങ്ങളില്‍ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ ഹയര്‍ സെക്കൻഡറി തലത്തില്‍ തന്നെ ബന്ധപ്പെട്ട സയന്‍സ് സ്ട്രീമുകളില്‍ പഠനം ആരംഭിക്കണം. ബിരുദതലത്തില്‍ സയന്‍സ് കോഴ്സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഓരോ ശാസ്ത്ര കോഴ്സിന്റെയും പ്രത്യേകതകള്‍ മനസ്സിലാക്കി വേണം ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുവാന്‍. തിരഞ്ഞെടുക്കുന്ന സയന്‍സ് കോഴ്സിന്റെ പാഠ്യക്രമം. പാഠ്യപദ്ധതി, സവിശേഷതകള്‍, തൊഴില്‍ സാധ്യത മുതലായവ അന്വേഷിച്ചറിയുക. വരുമാനം, ജോലിസമയം, ജോലിസ്ഥലം, ഭാവിഭദ്രത മുതലായവയും അറിഞ്ഞിരിക്കണം. അംഗീകൃത സ്ഥാപനങ്ങള്‍ മാത്രം പഠനത്തിന് തിരഞ്ഞെടുക്കുക. കൃത്യമായി ഏതു മേഖല വേണമെന്ന് ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ വൈവിധ്യപൂര്‍ണമായ കോഴ്സുകള്‍ക്ക് സാധ്യതയുള്ള സയന്‍സ് വിഷയങ്ങള്‍ തിരഞ്ഞെടുക്കുക.
ഉദാഹരണത്തിന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടുന്ന ഒരു വിദ്യാര്‍ഥിക്ക് മുന്നിൽ പല സാധ്യതകളുണ്ട്. ഗണിതത്തില്‍ തന്നെ ഉപരിപഠനം നടത്താം. അല്ലെങ്കില്‍ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പോലുള്ള കമ്പ്യൂട്ടര്‍ കോഴ്സുകള്‍ പഠിക്കാം. ആക്ച്യൂറിയല് സയന്‍സിലേക്ക് തിരിയാം. ബാങ്കിങ് മേഖലയിലെ കോഴ്സുകള്‍ തിരഞ്ഞെടുക്കാം. അടിസ്ഥാന ശാസ്ത്രവുമായി ബന്ധപ്പെട്ട പഠന, ഗവേഷണ മേഖലകളിലേക്ക് തിരിയാം, അധ്യാപകനാകാം... ഇങ്ങനെ നിരവധി സാധ്യതകള്‍ ഗണിതശാസ്ത്രം തുറന്നു തരുന്നു. ഇതു പോലെ ഓരോ വിഷയത്തിനും തുടര്‍പഠനത്തിനും തൊഴില്‍ അന്വേഷണത്തിനും അനന്തസാധ്യതകളുണ്ട്.
കണ്‍വന്‍ഷണല്‍ കോഴ്സുകള്‍: ഈ വര്‍ഷം മുതല്‍ കേരളത്തിലും നാല് വര്‍ഷ സയന്‍സ് ബിരുദ പ്രോഗ്രാമുകളാണുള്ളത്. ബാച്ചിലര്‍ ഓഫ് സയന്‍സ് (ബി.എസ്സി.) പ്രോഗ്രാം മിക്ക സര്‍വകലാശാലകളിലും/കോളേജുകളിലും ഉണ്ട്. എന്നും പ്രസക്തിയുള്ള, പരമ്പരാഗത പ്രോഗ്രാമുകളാണ് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ജിയോളജി, ഹോം സയന്‍സ്, സൈക്കോളജി, ജ്യോഗ്രഫി തുടങ്ങിയവയിലെ ബി.എസ്സി. പ്രോഗ്രാമുകള്‍. ബന്ധപ്പെട്ട മേഖലയിലെ പൊതുസ്വഭാവമുള്ള കോഴ്സുകളാണിവ.
ന്യൂജനറേഷന് കോഴ്സുകള്‍: കാലഘട്ടത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് ആരംഭിക്കുന്ന കോഴ്സുകളാണ് ന്യൂജനറേഷന് കോഴ്സുകള്‍. പരമ്പരാഗത കോഴ്സുകളുടെ ഏതെങ്കിലും ഒരു മേഖലയ്ക്ക് ഊന്നല്‍ നല്കുന്ന പഠനങ്ങള്‍ നടത്തുന്ന കോഴ്സ് ആണ് ഇവ. ഉദാഹരണത്തിന്, ഇലക്ട്രോണിക്സ് (ഫിസിക്സ് മേഖല), ബയോകെമിസ്ട്രി (കെമിസ്ട്രിയിലെ ഉപവിഷയം), മൈക്രോബയോളജി (ബയോളജിയുമായി ബന്ധപ്പെട്ടത്), നാനോസയന്‍സ് ആന്‍ഡ് മോളിക്യുലാര്‍ മെഡിസിന് തുടങ്ങിയ ബി.എസ്സി . പ്രോഗ്രാമുകള്‍. ഒരു പൊതു വിഷയത്തെക്കാള്‍, അതിലെ ഒരു പ്രത്യേക മേഖലയിലെ പഠനത്തില്‍ താത്പര്യമുള്ളവര്‍ക്ക് ഇതേക്കുറിച്ച് ചിന്തിക്കാം.
ഓണേഴ്സ് കോഴ്സുകള്‍: മൂന്നാമതൊരു വിഭാഗം സയന്‍സിലെ നാല് വര്‍ഷ ബി.എസ്സി. ഓണേഴ്സ് കോഴ്സുകളാണ്. ഉയര്‍ന്ന നിലവാരമുള്ള സിലബസ് അടിസ്ഥാനമാക്കിയ കോഴ്സുകളാണ് ഇവ. നാലാം വര്‍ഷം നിശ്ചിത ക്രെഡിറ്റോടെ ഗവേഷണ പ്രോജക്ട് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം ലഭിക്കുന്നതാണ്. ഗവേഷണത്തില്‍ താല്പര്യമുള്ളവര്ക്ക് ഇത്തരം കോഴ്സുകള്‍ യോജിക്കും. ആഴത്തിലുള്ള പഠനമാണ് ഇത്തരം കോഴ്സുകളുടെ പ്രത്യേകത.
നാല് വര്‍ഷ ബിരുദം: നാല് വര്‍ഷ ബിരുദ സമ്പ്രദായത്തില്‍ മൂന്ന് വിധത്തില്‍ ബിരുദ പ്രോഗ്രാം പൂര്‍ത്തിയാക്കുവാന്‍ കഴിയും. മൂന്ന് വര്‍ഷ ബിരുദം, നാല് വര്‍ഷ ഓണേഴ്സ് ബിരുദം, നാല് വര്‍ഷ ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം എന്നിവയാണവ. പ്രവേശനം ലഭിച്ച് മൂന്നാം വര്‍ഷം പ്രോഗ്രാം പൂര്‍ത്തിയാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്സിറ്റ് ഓപ്ഷന് ഉപയോഗപ്പെടുത്തി പഠനം പൂര്‍ത്തിയാക്കി മേജര്‍ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷ ബിരുദം നേടാവുന്നതാണ്. നാല് വര്‍ഷം പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാല് വര്‍ഷ ഓണേഴ്സ് ബിരുദം ലഭിക്കും. നാലാം വര്‍ഷം നിശ്ചിത ക്രെഡിറ്റോടെ ഗവേഷണ പ്രോജക്ട് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം ലഭിക്കുന്നതാണ്.
ഇന്റഗ്രേറ്റഡ കോഴ്സുകള്‍: നാലുവര്‍ഷത്തെ ബാച്ചിലര്‍ ഓഫ് സയന്‍സ് (ബി. എസ്.) പ്രോഗ്രാമുകള്‍ ഇന്ന് മിക്ക സര്‍വകലാശാലകളിലും പ്രത്യേകിച്ച് കേന്ദ്ര സര്‍വകലാശാലകളില്‍ ലഭ്യമാണ്. ഒട്ടേറെ സ്ഥാപനങ്ങള്‍ ഇപ്പോള്‍ അഞ്ചുവര്‍ഷ സയന്‍സ് കോഴ്സുകള്‍ നടത്തുണ്ട്. ഇന്റഗ്രേറ്റഡ് എം.എസ്സി., ഡ്യുവല്‍ ഡിഗ്രി ബി.എസ്-എം.എസ്., ഇന്റഗ്രേറ്റഡ് ബി.എസ്സി. - എം. എസ്സി., ഇന്റഗ്രേറ്റഡ് ബി. എസ്.-എം.എസ്. തുടങ്ങിയ പേരുകളില്‍ അവ അറിയപ്പെടുന്നു. പ്ലസ്ടു കഴിഞ്ഞ് ബിരുദവും ബിരുദാനന്തര ബിരുദവും ഒറ്റ പ്രോഗ്രാമായി ചെയ്യാന്‍ ഇവയില്‍ അവസരം ലഭിക്കുന്നു. എക്സിറ്റ് ഓപ്ഷന് ഉള്ള ഇന്റഗ്രേറ്റഡ് കോഴ്സുകളില്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് ബിരുദവുമായി പുറത്തുവരാനുള്ള ഓപ്ഷന് ഉണ്ടാകും. എക്സിറ്റ് ഓപ്ഷന് ഇല്ലെങ്കില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയേ പുറത്തുവരാന്‍ കഴിയൂ.
തൊഴിലധിഷ്ടിത കോഴ്സുകള്‍: മൂന്ന് വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് വൊക്കേഷന്‍ (ബി. വൊക്.) കോഴ്സുകളാണിവ. സ്വന്തമായി ഒരു തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ചിന്തിക്കാവുന്ന മേഖലയാണ് ബി. വൊക് കോഴ്സുകള്‍. സോഫ്റ്റ്വേര്‍ ഡെവലപ്മെന്റ്, ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ തുടങ്ങിയ ബി. വൊക്. പ്രോഗ്രാമുകള്‍ ഉദാഹരണം. ഓരോരുത്തരും അവരവരുടെ ഭാവി പദ്ധതികള്‍കൂടി പരിഗണിച്ച്, പ്ലസ്ടു കഴിഞ്ഞ് എടുക്കേണ്ട സയന്‍സ് പ്രോഗ്രാമിനെപ്പറ്റി തീരുമാനത്തിലെത്തുക.
എസ് എസ് എല്‍ സി കഴിഞ്ഞാല്‍ പ്ലസ്വണ്ണിന് സയന്‍സ്
സയന്‍സ് ഗ്രൂപ്പില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി ഓപ്ഷന് തിരഞ്ഞെടുത്താല്‍ എന്‍ജിനീയറിംഗ്, ടെക്നോളജി, ഭൗതികശാസ്ത്ര പഠനം, അധ്യാപനം തുടങ്ങിയ മേഖലകളിലേക്ക് കടക്കാം. ബയോളജി, ഫിസിക്സ്, കെമിസ്ട്രി ഓപ്ഷനാണെങ്കില്‍ മെഡിക്കല്‍, അഗ്രികള്‍ച്ചര്‍, അധ്യാപനം, ജൈവശാസ്ത്ര മേഖലകള്‍ എന്നിവയിലേക്ക് നയിക്കും. കണക്കും ബയോളജിയും ഒന്നിച്ചുള്ള ബയോ--മാത്സ് എടുത്താല്‍ പഠനഭാരം വര്‍ദ്ധിക്കും. ബയോളജി വിഷയങ്ങളോടാണ് താല്പര്യമെങ്കില് കണക്ക് ഒഴിവാക്കാം. എന്‍ജിനീയറിംഗ് ലക്ഷ്യമിടുന്ന വിദ്യാര്‍ഥി ബയോളജി എടുത്ത് സമയം നഷ്ടപ്പെടുത്തേണ്ടതില്ല. എന്നാല്‍ ബയോ-മാത്സ് എടുക്കുന്നവര്‍ക്ക് ഉപരിപഠനത്തിന്റെ മേഖലയില്‍ നിരവധി കോഴ്സുകള്‍ക്ക് ചേരാനുള്ള അവസരം ലഭ്യമാണ് എന്നത് വിസ്മരിക്കരുത്. കൂടാതെ സയന്‍സ് വിഷയം പഠിച്ച് പ്ലസ് ടു ജയിച്ച വിദ്യാര്‍ത്ഥി സയന്‍സിന്റെ തുടര്‍ പഠനത്തിനും മാനവിക വിഷയങ്ങളുടെ പഠനത്തിനും കോമേഴ്സ് പഠനത്തിനും ഒരുപോലെ യോഗ്യനാണ്.
പ്ലസ് വണ്‍ മാത്രമല്ല, വേറെയുമുണ്ട് വഴികള്‍
എസ് എസ് എല്‍ സി കഴിഞ്ഞാല്‍ പ്ലസ് വണ്‍ പ്രവേശനം മാത്രമല്ല; വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി, ടെക്നിക്കല്‍ ഹയര്‍ സെക്കൻഡറി, പോളിടെക്നിക്ക് പഠനങ്ങളും ആകാം. ഹയര്‍ സെക്കൻഡറിക്ക് സമാനമായ തൊഴിലധിഷ്ഠിത കോഴ്സാണ് വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി. ഹയര്‍ സെക്കൻഡറി വിജയിക്കുന്നവര്‍ക്ക് ലഭിക്കുന്ന എല്ലാ ഉപരിപഠന സാധ്യതകളും വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി വിജയിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ലഭിക്കും.
ടെക്നിക്കല്‍ ഹയര്‍സെക്കൻഡറി കോഴ്സുകള്‍ പ്ലസ്ടുവിന് തുല്യമാണ്. ഫിസിക്കല്‍ സയന്‍സ്, ഇന്റഗ്രേറ്റഡ് സയന്‍സ് എന്നീ രണ്ട് വിഭാഗങ്ങളാണ് ഈ കോഴ്സിലുള്ളത്. സാങ്കേതിക തൊഴിലില്‍ താല്പര്യമുള്ളവര്ക്ക് അനുയോജ്യമായ കോഴ്സാണിത്. തൊഴില്‍ നൈപുണ്യ വികസനത്തിലൂന്നിയുള്ള സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളാണ് ഇവിടെയുള്ളത്. കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി., മെക്കാനിക്കല്‍, സിവില്‍, ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍ ആന്റ്റ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് എന്നിവയില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്.
പ്ലസ് ടുവിന് ശേഷമുള്ള കോഴ്സുകള്‍
പ്രൊഫഷണല്‍, ടെക്നിക്കല്‍, സയന്‍സ്, മെഡിക്കല്‍, പാരാമെഡിക്കല്‍, അലയഡ് സയന്‍സ്, ഹെല്‍ത്ത് സയന്‍സ്, എന്‍ജിനീയറിംഗ്, ഐ. ടി. തുടങ്ങിയ മേഖലകളില്‍ ധാരാളം കോഴ്സുകള്‍ പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ലഭ്യമാണ്. ഡിപ്ലോമ, ഡിഗ്രി, സര്‍ട്ടിഫിക്കറ്റ്, പി. ജി., ഡോക്ടറല്‍ തുടങ്ങിയ വ്യത്യസ്ത രീതിയിലുള്ള കോഴ്സുകളും യഥേഷ്ടമുണ്ട്. പഠനം കഴിഞ്ഞാലുടന്‍ ജോലി ലഭിക്കാവുന്ന മേഖലയാണ് പ്രൊഫഷണല്‍ കോഴ്സുകള്‍. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, തുടങ്ങിയവര്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ കഴിഞ്ഞ് പുറത്തു വരുന്നവരാണ്.
മെഡിക്കല്‍ കോഴ്സുകള്‍
പ്രൊഫഷണല്‍ കോഴ്സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ് മെഡിക്കല്‍ വിഭാഗം. എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എച്ച്.എം.എസ്., ബി.എ.എം.എസ്., ബി.വി.എസ്.സി. ആന്റ് അനിമല്‍ ഹസ്ബന്ററി മുതലായവ മെഡിക്കല്‍ രംഗത്തെ പ്രധാന കോഴ്സുകളാണ്. വൈദ്യശാസ്ത്ര മേഖലയില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ പ്ലസ് ടുവിന് ബയോളജി ഉള്‍പ്പെട്ട സയന്‍സ് ഗ്രൂപ്പ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
പാരാമെഡിക്കല്‍ കോഴ്സുകള്‍
വൈദ്യശാസ്ത്ര മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളുള്ള മേഖലയാണ് പാരാമെഡിക്കല്‍ രംഗം. നഴ്സിംഗ്, ഫാര്‍മസി, മെഡിക്കല്‍ ലാബ് ടെക്നോളജി, ഓഡിയോളജി ആന്റ് സ്പീച്ച് തെറാപ്പി, ഒപ്ടോമെട്രി, പെര്‍ഫ്യൂഷന്‍ ടെക്നോളജി, ഓപ്പറേഷന് തിയേറ്റര്‍ ടെക്നോളജി, എമര്‍ജന്‍സി കെയര്‍ ടെക്നോളജി, റെസ്പിറേറ്ററി തെറാപ്പി ടെക്നോളജി, ഫിസിയോതെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി, ന്യൂറോടെക്നോളജി, ന്യൂക്ലിയര്‍ മെഡിസിന്, കാര്‍ഡിയാക് ലബോറട്ടറി ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, ഡെന്റല്‍ മെക്കാനിക്ക്, ഒഫ്താല്‍മിക് അസിസ്റ്റന്റ്, റേഡിയോളജിക്കല്‍ ടെക്നോളജി, സൈറ്റോ ടെക്നോളജി, ബ്ലഡ്ബാങ്ക് ടെക്നോളജി, ഡയബറ്റോളജി ഇവയെല്ലാം പാരാമെഡിക്കല്‍ മേഖലയിലെ വിവിധ കോഴ്സുകളാണ്. പ്ലസ് ടുവിന് സയന്‍സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് മാത്രമാണ് ഈ കോഴ്സുകളില്‍ ചേരാന്‍ കഴിയൂ. ഇന്ത്യയിലും വിദേശത്തും ധാരാളം തൊഴിലവസരങ്ങളുള്ള കോഴ്സുകളാണിത്.
അലയഡ് സയന്‍സ് കോഴ്സുകള്‍
ഗവേഷണ തല്പരരായ വിദ്യാര്‍ഥികള്‍ക്ക് തിളങ്ങാന്‍ കഴിയുന്ന പഠന മേഖലയാണ് അലയഡ് സയന്‍സ്, ബയോടെക്നോളജി, മൈക്രോബയോളജി, നാനോടെക്നോളജി, ബയോഇന്‍ഫര്‍മാറ്റിക്സ്, കെമി ഇന്‍ഫര്‍മാറ്റിക്സ്, ബയോകെമിസ്ട്രി, മെഡിക്കല്‍ ബയോകെമിസ്ട്രി, ഫുഡ്സയന്‍സ്, ഫുഡ്ടെക്നോളജി തുടങ്ങിയ വിഷയങ്ങള്‍ അവയില്‍ പ്രധാനപ്പെട്ടതാണ്.
മറ്റ് സയന്‍സ് കോഴ്സുകള്‍
പ്ലസ്ടു തലത്തില്‍ സയന്‍സ് പഠിച്ചവര്‍ക്ക് അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, ഫിഷറീസ്, ഡയറി സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ ലഭ്യമാണ്. അവസരങ്ങളുടെ വാതിലുകളാണ് ശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് മുന്നിലുള്ളത്. ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ കണ്‍വന്‍ഷണല്‍ വിഷയങ്ങളില്‍ ബിരുദ കോഴ്സുകളുമുണ്ട്.
ഐ.ടി. കോഴ്സുകള്‍
ഐ.ടി മേഖലയിലെ കോഴ്സുകളായ സോഫ്റ്റ്വെയര്, ഹാര്ഡ്വെയര്, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ്, നെറ്റ്വര്‍ക്കിങ് തുടങ്ങിയ മേഖലകളില്‍ ബി.ടെക്., ബി.എസ്.സി., എം. എസ്സി., ഡിപ്ലോമ, പി ജി. ഡിപ്ലോമ, സര്‍ട്ടിഫക്കറ്റ് കോഴ്സുകള്‍ ലഭ്യമാണ്. ഐ. ടി. മേഖലയില്‍ ഏതെങ്കിലും ഒരു സ്പെഷലൈസേഷന് തെരഞ്ഞെടുത്ത ശേഷം ഉപരിപഠനം തുടര്‍ന്ന് തൊഴില്‍ മേഖലയിലെത്തുന്നതാണ് ഉചിതം.
എന്‍ജിനീയറിങ് കോഴ്സുകള്‍
സാങ്കേതിക മേഖലയില്‍ താല്പര്യവും ഉന്നതപഠനവും ആഗ്രഹിക്കുന്നവര്‍ക്ക് യോജിച്ചതാണ് എന്‍ജിനീയറിങ് പഠനം. ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, പെട്രോളിയം, കെമിക്കല്‍, ബയോമെഡിക്കല്‍, മറൈന്‍, എയ്റോനോട്ടിക്കല്‍, ആര്‍ക്കിടെക്ച്ചര്‍ മുതലായവ ടെക്നിക്കല്‍ മേഖലയില്‍ വരുന്ന പ്രധാന കോഴ്സുകളാണ്. ഈ മേഖലയില്‍ ബി.ടെക്/ബി.ഇ., ഡിഗ്രി, ഡിപ്ലോമ, പി. ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ലഭ്യമാണ്. അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിംഗ്, സെറാമിക് എന്‍ജിനീയറിംഗ്, ലെതര്‍ ടെക്നോളജി, ഫൂട്വെയര് ടെക്നോളജി, പ്രിന്റിംഗ് ടെക്നോളജി, നാനോടെക്നോളജി തുടങ്ങിയവയും ജോലി സാധ്യതയുള്ള സാങ്കേതിക മേഖലകളാണ്.
പ്ലസ് ടു യോഗ്യതയും മികച്ച കായികശേഷിയുമുള്ളവര്ക്ക് സൈന്യത്തില്‍ ഉന്നത പദവിയിലെത്താന്‍ ഉതകുന്നതാണ് എന്‍.ഡി.എ., സി. ഡി. എസ്. പരീക്ഷകള്‍. ഈ വര്‍ഷം മുതല്‍ വനിതകള്‍ക്കും എന്‍ ഡി എ പരീക്ഷ എഴുതാം. പ്ലസ് ടു വിന് ഫിസിക്സും മാത്സും ഇംഗ്ലീഷും പഠിച്ചവര്‍ക്ക് പൈലറ്റ് കോഴ്സിനും ചേരാവുന്നതാണ്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കീഴില്‍ റായ്ബറേലിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാന് അക്കാദമി പൈലറ്റ് പഠനത്തിനുള്ള രാജ്യത്തെ പ്രശസ്ത സ്ഥാപനമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.igrua.gov.in
കേരളത്തിലെ പ്രധാന സയന്‍സ് പഠന കേന്ദ്രങ്ങള്‍
1. Indian Institute of Technology, Palakkad (www.iitpkd.ac.in)
2. National Institute of Technology, Calicut (www.nitc.ac.in)
3. Indian Institute of Information Technology, Kottayam. (www.iiitkottayam.ac.in)
4. Sree Chitra Tirunal Institute for Medical Sciences and Technology (SCTIMST), Thiruvananthapuram. (www.sctimst.ac.in)
5. Indian Institute of Science Education and Research Thiruvananthapuram (IISER TVM). (www.iisertvm.ac.in)
6. Cochin University of Science and Technology, Kochi. (www.cusat.ac.in)
7. Kerala University of Digital Sciences, Innovation and Technology (Digital University of Kerala), Thiruvananthapuram. (www.duk.ac.in)
8. Indian Institute of Space Science and Technology, Thiruvananthapuram. (https://www.iist.ac.in)
ഇഷ്ടം സയന്‍സെങ്കില്‍ പഠനം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍
നിങ്ങള്‍ സീരിയസായി സയന്‍സ് പഠിക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ തന്നെ പഠിക്കണം. ലോക റാങ്കിംഗില്‍ ആദ്യത്തെ 200 സര്‍വകലാശാലകളില്‍ ഇന്ത്യയില്‍ നിന്നും ആദ്യം പ്രത്യക്ഷപ്പെടുന്നത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ്. ഇവിടുത്തെ ഡിപ്പാര്‍മെന്റുകള്‍ പലതും ഇന്സ്റ്റിറ്റ്യൂട്ടിനെക്കാള് ഉയര്‍ന്ന സ്ഥാനം നിലനിര്ത്തുന്നവയാണെന്ന പ്രത്യേകതയുമുണ്ട്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട് ബംഗളൂരുവില്‍ അറിയപ്പെടുന്നത്. അതിനു കാരണം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത് ജംഷഡ്ജി ടാറ്റാ ആയതുകൊണ്ടാണ്.
ടാറ്റ തുടങ്ങിയ സ്ഥാപനം
ജംഷഡ്ജി ടാറ്റാ 1893ല്‍ കപ്പല്‍ യാത്രയില്‍ സ്വാമി വിവേകാനന്ദനുമായി പങ്കുവച്ച ആശയത്തില്‍ നിന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പിറവി. ജംഷഡ്ജി ടാറ്റയുടെ ദീര്‍ഘവീക്ഷണവും പ്രയത്നഫലമായും 1909ല്‍ ഈ സ്ഥാപനം തുടങ്ങി. ഭാവിയില്‍ ഏത് രാജ്യത്തിനും പുരോഗതിക്ക് ശാസ്ത്രസാങ്കേതിക മികവ് അനിവാര്യമാണെന്നു ടാറ്റ മനസ്സിലാക്കിയിരുന്നു. ഇതിനായി ഒരു ഗവേഷണ സ്ഥാപനം തുടങ്ങുന്നതിന് അദ്ദേഹം ഒരു കമ്മിറ്റി രൂപികരിച്ചു. കമ്മിറ്റി അവതരിപ്പിച്ച പദ്ധതിയുടെ കരട് രൂപം അക്കാലത്ത് വൈസ്രോയായി നിയമിതനായ കര്സണ് പ്രഭുവിന് 1898 ഡിസംബര്‍ 31നു് സമര്‍പ്പിച്ചു. തുടര്‍ന്ന് ഭാരതത്തിന്റെ സ്റ്റേറ്റ് സെക്രട്ടറിയുടെ അപേക്ഷപ്രകാരം, ലണ്ടണിലെ റോയല്‍ സൊസൈറ്റി, നൊബേല്‍ സമ്മാന ജേതാവായ സര് വില്ല്യം റാംസേയുടെ വിദഗ്ദ്ധാഭിപ്രായം തേടി. ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ പ്രൊഫ. വില്യം റാംസേയെ നിയോഗിച്ചു. പ്രൊഫ. റാംസേയാണ് ബെംഗളൂരു ആണ് നല്ല സ്ഥലമെന്നു നിര്‍ദേശിച്ചത്.
1909 മേയ് 27നു വൈസ്രോയി മിന്റൊ പ്രഭു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണഘടനയ്ക്ക് അനുമതി നല്‍കുകയും 1911ല്‍ മൈസൂര്‍ മഹാരാജാവ് തറക്കല്ലിടുകയും ചെയ്തു. ജൂലായ് 24ന് ആദ്യത്തെ ബാച്ച് വിദ്യാര്‍ഥികള്‍ക്ക് പൊതുരസതന്ത്രശാസ്ത്രത്തിലും പ്രായോഗിക രസതന്ത്രശാസ്ത്രത്തിലും കൂടാതെ വിദ്യുതസാങ്കേതിക വിദ്യയിലും പ്രവേശനം നല്കി തുടങ്ങി. ഇവിടെ ശാസ്ത്ര വിഷയങ്ങളില്‍ പ്രധാനമായി ഗവേഷണമാണ് നടന്നിരുന്നത്. എന്നാല്‍ 2010 മുതല്‍ ശാസ്ത്രവിഷയങ്ങളിലും ബിരുദപഠനം ആരംഭിച്ചു. സാങ്കേതിക വിഷയങ്ങളില്‍ ഗവേഷണവും അദ്ധ്യാപനവും നടക്കുന്നുണ്ട്. 1956ല്‍ യു.ജി.സി. നിലവില്‍ വന്നപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ കല്‍പ്പിത സര്‍വകലാശാലയായി അംഗീകരിക്കുകയും ചെയ്തു. നൊബേല്‍ സമ്മാന ജേതാവ് സി. വി. രാമനാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ഭാരതീയനായ ആദ്യ ഡയറക്ടര്‍.
പ്രൊഫ. റാംസേ ആദ്യം വന്നത് തിരുവനന്തപുരത്ത്! പക്ഷേ...
പ്രഫ. റാംസേയോട് ദക്ഷിണ ഇന്ത്യയില്‍ ഒരു സ്ഥലം കണ്ടുപിടിക്കാനാണ് നിര്‍ദേശിച്ചത്. പ്രഫസര്‍ ആദ്യം വന്നത് തിരുവനന്തപുരത്താണ് എന്നു പറയപ്പെടുന്നു. അന്നത്തെ ദിവാന് പ്രഫ. റാംസേയോട് ഇത്രയും സ്ഥലം തിരുവനന്തപുരത്ത് നല്കാന് ഇല്ലെന്ന് അറിയിച്ചുവത്രെ. ഇംഗ്ലീഷ് വിദ്യാഭ്യാസം നന്നായി നടക്കുന്ന സ്ഥലമായതുകൊണ്ടാണു തിരുവിതാംകൂറില്‍ വന്നത്. അതിനു ശേഷം പ്രഫ. റാംസേ തിരുവനന്തപുരത്തു നിന്നും മൈസൂരിലേക്കാണ് പോയത്. മൈസൂര്‍ മഹാരാജാവ് എച്ച്.എച്ച്. കൃഷ്ണരാജ വോഡയാറും ദിവാന് ശേഷാദ്രി അയ്യരും താല്പര്യമെടുത്ത് 372 ഏക്കര്‍ സ്ഥലം ബെംഗളൂരുവില്‍ ഉടന്‍ തന്നെ നല്കി. പിന്നീട് കര്‍ണാടക സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സുവര്‍ണ ജുബിലീ, പ്ലാറ്റിനം ജുബിലീ സമയത്ത് കൂടുതല്‍ സ്ഥലം നല്‍കിയതിനുശേഷമാണ് വിസ്തീര്‍ണം ഇപ്പോഴുള്ള 440 ഏക്കറായി മാറിയത്. (ഇതിന്റെ ശരിയായ വിവരങ്ങള്‍ ഒരുപക്ഷേ ടാറ്റാ ആര്‍ക്കൈവ്സില്‍ ഉണ്ടായിരിക്കും).
അങ്ങനെയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആരംഭിച്ചത്. കെമിസ്ട്രിയിലും അപ്ലൈഡ് കെമിസ്ട്രിയിലും കൂടാതെ ഇലക്ട്രോ ടെക്നോളജിയിലും രണ്ട് ഡിപ്പാര്‍ട്ട്മെന്റുകളാണ് ആദ്യം തുടങ്ങിയത്. രണ്ട് മാസത്തിനകം ഓര്‍ഗാനിക് കെമിസ്ട്രിയിലും ഒരു ഡിപ്പാര്‍ട്ട്മെന്റ് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡീംഡ് സര്‍വകലാശാല പദവിയും നല്കി.
46 ഡിപ്പാര്‍ട്ട്മെന്റുകള്‍
ഭാരതത്തിലെ ഏറ്റവും പഴക്കമുള്ള ഗവേഷണ സ്ഥാപനങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്. ഇവിടെ രണ്ടായിരത്തില്‍ അധികം ഗവേഷകര്‍ 46 ഡിപ്പാര്‍ട്ടുമെന്റുകളിലായി, ശാസ്ത്ര സാങ്കേതിക മുന്‍നിര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ ഗവേഷണവും പോസ്റ്റ്ഡോക്ടറേറ്റ് ഗവേഷണവും നടത്തിവരുന്നു. എന്‍ജിനിയറിംഗില്‍ ബിരുദാനന്തര ബിരുദ കോഴ്സ് ആദ്യം ആരംഭിച്ചത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലാണ്. ഇപ്പോള്‍ ആറ് ഡിവിഷനുകളിലായി 46 ഡിപ്പാര്‍ട്ട്മെന്റുകളും കുറേയധികം ഗവേഷണ സെന്ററുകളും സൊസൈറ്റികളും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 4200 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു. അതില്‍ 2250 പേര് പി എച്ച്ഡിക്കു ചേര്‍ന്നവരാണ്. അഞ്ഞൂറിലധികം അധ്യാപകരും ഇവിടെയുണ്ട്. കൂടാതെ പിഎച്ച് ഡിക്കും ഇന്റഗ്രേറ്റഡ് പിഎച്ച് ഡിക്കും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നുണ്ട്.
വിവിധ കോഴ്സുകള്‍
ബിരുദ തലത്തില്‍ രണ്ട് കോഴ്സുകളാണുള്ളത് - ബി. എസ്. (റിസര്‍ച്ച്), ബി. ടെക്. (മാത്തമാറ്റിക്സ് & കമ്പ്യൂട്ടിംഗ്). കൂടാതെ പി. ജി., ഗവേഷണ തലത്തില്‍ നിരവധി കോഴ്സുകള്‍ ഉണ്ട്. കോഴ്സുകളെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ https://www.iisc.ac.in/academics/departments/ എന്ന ലിങ്ക് സന്ദര്‍ശിക്കുക.
ബി. എസ്. (റിസര്‍ച്ച്)
2011 മുതല്‍ ശാസ്ത്ര വിഷയങ്ങളില്‍ നാലുവര്‍ഷത്തെ ബി. എസ്. (റിസര്‍ച്ച്) കോഴ്സും ഇവിടെ നടത്തുന്നു. ബയോളജി, കെമിസ്ട്രി, എന്വയണ്മെന്റല് സയന്‍സ്, മെറ്റീരിയല്‍സ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളാണു പ്രോഗ്രാമിന്റെ ഭാഗമായുള്ളത്. ഇതോടൊപ്പം എന്‍ജിനിയറിംഗ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളും കോഴ്സിന്റെ ഭാഗമായിട്ടുണ്ട്. ആദ്യ മൂന്നു സെമസ്റ്ററുകളില്‍ കോര്‍ വിഷയത്തിനു പുറമെ എന്‍ജിനിയറിംഗും ഹ്യൂമാനിറ്റീസും പഠിക്കണം. നാലാം സെമസ്റ്റര്‍ മുതലാണ് ഇഷ്ട വിഷയങ്ങളിലേക്കു തിരിയുന്നത്. ഏഴും എട്ടും സെമസ്റ്ററുകള്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രോജക്ട് വര്ക്കുകള്ക്കുമാണു പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഗവേഷണ മേഖലയില്‍ അനേകം പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിന് ഈ കോഴ്സ് പ്രയോജനപ്പെടുമെന്നാണു പ്രതീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് https://bs-ug.iisc.ac.in/
ബി. ടെക്. (മാത്തമാറ്റിക്സ് & കമ്പ്യൂട്ടിംഗ്) നാല് വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://btech-ug.iisc.ac.in/MathandComputing/
ലൈബ്രറിയും കംപ്യൂട്ടര്‍ സെന്ററും സൂപ്പര്‍
ഐ. ഐ. എസ് അഭിമാനം അതിന്റെ ലൈബ്രറിയും കംപ്യൂട്ടര്‍ സെന്ററുമാണ്. ഇന്ത്യയിലെ ഏറ്റവും നല്ല ശാസ്ത്രസാങ്കേതിക ഗ്രന്ഥശാലകളില്‍ ഒന്നാണു് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സിലേതു് എന്നു കരുതപ്പെടുന്നു. 1911ല്‍ ആരംഭിച്ച ഈ ഗ്രന്ഥശാല അയ്യായിരം ചതുരശ്ര മീറ്ററില്‍ വ്യാപിച്ച് കിടക്കുന്നു. പ്രധാന ലൈബ്രറിയില്‍ 411000 പ്രസിദ്ധീകരണങ്ങള്‍ ലഭ്യമാണ്. 2000 ല്‍ അധികം ജേര്‍ണലുകള്‍ ലൈബ്രറിയില്‍ ലഭ്യമാണ്. ഇതുകൂടാതെ മറ്റുപല ജേണലുകളും ലൈബ്രറിയില്‍ വായിക്കാന്‍ സാധിക്കുന്നു. ലൈബ്രറിക്കു നല്‍കിയിരിക്കുന്ന പേര് ജെആര്‍ഡി ടാറ്റാ ലൈബ്രറി (1995ല്‍) എന്നാണ്. നാഷണല്‍ ബോര്‍ഡ് ഫോര്‍ ഹയര്‍ മാത്തമാറ്റിക്സ് ഈ ലൈബ്രറിയെ റീജണല്‍ സെന്റര്‍ ഫോര്‍ മാത്തമാറ്റിക്സ് ആയി അംഗീകരിക്കുകയും ചെയ്തു.
ഐ. ഐ. എസ്സിയുടെ കംപ്യൂട്ടര്‍ സെന്റര്‍ 1990 ല്‍ സൂപ്പര്‍ കംപ്യൂട്ടര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ആയി. സൂപ്പര്‍ കംപ്യൂട്ടര്‍ വികസിപ്പിക്കുന്നതിന് ഇന്ത്യയിലുള്ള ഒരു സ്ഥാപനമാണ് ഇത്. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കംപ്യൂട്ടര്‍ സിആര്എവൈ എക്സ് സി 40 ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. അമേരിക്ക സൂപ്പര്‍ കംപ്യൂട്ടറുകള്‍ നല്‍കാതിരുന്ന കാലഘട്ടത്തില്‍ പാരലല്‍ കംപ്യൂട്ടിംഗ് വഴി അവയ്ക്ക് തുല്യമായ പ്രവര്‍ത്തനം നടത്തിയത് ഈ സ്ഥാപനമാണ്.
സയന്‍സില്‍ കേമന്‍
ഐഐഎസ്സിയുടെ വിവിധ ഗവണ്മെന്റ് സ്ഥാപനങ്ങളായ ഡിആര്‍ഡിഒ, ഐഎസ്ആര്‍ഒ, സിഎസ്ഐആര്‍, ഭാരത് ഇലക്ട്രോണിക്സ്, നാഷണല്‍ എയ്റോസ്പേസ് ലാബറട്ടറീസ് തുടങ്ങിയവയുമായി സഹകരിച്ച് ഗവേഷണം നടത്തുന്നുണ്ട്. കൂടാതെ പ്രൈവറ്റ് മേഖലയിലുള്ള ജനറല്‍ മോട്ടോഴ്സ്, ഗൂഗിള്‍, ഐബിഎം, ബോയിംഗ് എന്നീ സ്ഥാപനങ്ങളുമായും സഹകരിച്ച് ഗവേഷണത്തില്‍ ഏര്‍പ്പെടുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന് ശേഷം പല പ്രസിദ്ധ ഗവേഷണ സ്ഥാപനങ്ങളും ബെംഗളൂരിൽ സ്ഥാപിക്കപ്പെട്ടു. രാമന് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ സ്പേയ്സ് റിസര്‍ച്ച് ഓര്ഗനൈസേഷന്, വുഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ഐഐഎസ്സിക്ക് അടുത്തുതന്നെയാണ്.
പ്രവേശനം എങ്ങനെ
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക - https://www.iisc.ac.in/admissions/
Content Highlights: Career opportunities in science
Published: 24 Jun 2024, 04:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented