പുതിയ കാലത്ത് എന്തറിയാം എന്നത് പോലത്തന്നെ പ്രധാനപ്പെട്ടതാണ് ആരെ അറിയാം എന്നുള്ളതും. മനുഷ്യരുമായുള്ള ബന്ധം എത്രമാത്രം വളർത്താമോ അത്രമാത്രം അത് ഓരോരുത്തരുടെയും വളർച്ചയെ സഹായിക്കും. നമുക്കറിയാവുന്നവരുടെ കൂട്ടത്തെ നമുക്ക് നമ്മുടെ നെറ്റ്‌വർക്ക് എന്ന് പറയാം. സമാന താൽപ്പര്യങ്ങളും ലക്ഷ്യങ്ങളും പങ്കിടുന്ന ആളുകളുമായി ബന്ധങ്ങൾ  സ്ഥാപിക്കുകയും നിലനിർത്തുകയും ചെയ്യുന്ന കലയാണ് നെറ്റ്‌വർക്കിങ് എന്നത്.
   
നിങ്ങൾ പുതുതായി ഒരു കരിയർ ആരംഭിക്കുന്നയാളാണെങ്കിലും വർഷങ്ങളായി ജോലി ചെയ്യുന്നയാളാണെങ്കിലും, സ്വന്തമായി ഒരു സംരംഭം നടത്തുന്നയാളാണെങ്കിലും വിജയിക്കാൻ നെറ്റ്‌വർക്കിംഗ് വളരെയധികം സഹായകമാകും, ഒരു പക്ഷേ ആഗസ്മികമായി കണ്ട ഒരാളായിരിക്കാം പലപ്പോഴും ജീവിതത്തിലെ നിർണ്ണായക വഴിതിരിവാവുക.

To advertise here,

 എന്തിന് നെറ്റ്‌വർക്കിങ്? 

പ്രൊഫഷണൽ വികസനത്തിനുള്ള അവസരങ്ങൾ, ജോലി അവസരങ്ങൾ, ബ്രാൻഡ് വളർത്തൽ, മെന്റർമാരെയും റോൾ മോഡലുകളെയും ആക്‌സസ് ചെയ്യൽ, പുതിയ ബിസിനസ് അവസരങ്ങൾക്ക് വഴിതുറക്കൽ തുടങ്ങി ഒരുപാട് നേട്ടങ്ങൾക്ക് കാരണമാവുന്ന ഒന്നാണ് നെറ്റ്‌വർക്കിങ്. 

നിങ്ങളുടെ മേഖലയിലെ പ്രൊഫഷണലുകളുമായി ശക്തമായ ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ, കരിയർ ലക്ഷ്യങ്ങൾ നേടാനും ശക്തമായി  നിലനിൽക്കാനും കഴിയും.

  •   ജോലി അവസരങ്ങൾ: 

പുതിയ ജോലി അവസരങ്ങൾ കണ്ടെത്താനുള്ള ഒരു ഫലപ്രദമായ മാർഗ്ഗമാണ് നെറ്റ്‌വർക്കിംഗ്. ഉദാഹരണത്തിന് നിങ്ങളുടെ ഒരു ബന്ധു നിങ്ങൾ ജോലി ചെയ്യാനാഗ്രഹിക്കുന്ന ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ടെന്ന് കരുതുക, തീർച്ചയായും അദ്ദേഹം വിചാരിച്ചാൽ അവിടെയുള്ള പുതിയ സാധ്യതകളെക്കുറിച്ച് നിങ്ങൾക്ക് അറിവ് നൽകാനാവും, അതുപോലെ ജോലി അവസരങ്ങൾ നേരിട്ടറിയാൻ നമ്മുടെ നെറ്റ്‌വർക്ക് ഉപകാരപ്പെടും,
 
പല ജോലിഅവസരങ്ങളും പലപ്പോഴും എല്ലാ പ്ലാറ്റ്ഫോമുകളിലും പരസ്യപ്പെടുത്താറില്ല, എന്നാൽ നെറ്റ്‌വർക്കിങ് ഇത്തരം മറഞ്ഞിരിക്കുന്ന ഒരുപാട് ജോലി അവസരങ്ങളിലേക്ക് കടക്കാൻ സഹായിക്കും, മിക്ക ജോലികളിലേക്കും ആ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നയാളുകളുടെ റെഫറൻസിന് പ്രാധാന്യം കൊടുക്കാറുണ്ട്, 
അതുകൊണ്ട് തന്നെ പ്രൊഫഷണലുകളുമായുള്ള ബന്ധങ്ങൾ പുതിയ ജോലി അവസരങ്ങളിലേക്കുള്ള റഫറലുകളും ശുപാർശകളും ലഭിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. 

  • പ്രൊഫഷണൽ വികസന അവസരങ്ങൾ: 

അവനവന്റെ മേഖലയിലെ വിദഗ്ധരെ കണ്ടുമുട്ടാനും സംവദിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും വിജ്ഞാനവും ആശയങ്ങളും പങ്കിടാനും, പുതിയ ബിസിനസ് സാധ്യതകളിലേക്ക് വഴിതുറക്കാനുമെല്ലാം നെറ്റ്‌വർക്കിങ് ഏറ്റവും നല്ല ഒരു മാർഗമാണ്.

  •  ബ്രാൻഡ് വളർത്താൻ: 

വിവിധ കോൺഫറൻസുകൾ, സെമിനാറുകൾ, ചർച്ചകൾ എന്നിവയിൽ പങ്കെടുക്കുന്നത് , ഓരോരുത്തരുടെയും അറിവും വൈദഗ്ധ്യവും പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഉണ്ടാക്കുന്നത് . ഇത്  വിശ്വാസ്യത വർധിപ്പിക്കാനും സ്വന്തം മേഖലയിലെ വൈധഗ്ദ്യം തെളിയിക്കാനും സഹായിക്കും, കൂടാതെ അത് മറ്റുള്ളവരിലേക്ക് "ഞാൻ ഇവിടുണ്ട്,എന്നെ മറക്കരുത്" എന്ന് ലോകത്തോട് പറയാനുമുള്ള അവസരങ്ങളാണ്.

  •  ബിസിനസ് അവസരങ്ങൾ :

ബിസിസിനസ് പങ്കാളിത്തങ്ങൾ, സഹകരണങ്ങൾ, സംയുക്ത സംരംഭങ്ങൾ പോലുള്ള ബിസിനസ് അവസരങ്ങളിലേക്ക് നെറ്റ്‌വർക്കിങ് നയിച്ചേക്കാം. നിങ്ങളുടെ വ്യവസായത്തിലെ പ്രൊഫഷണലുകളുമായി ബന്ധങ്ങൾ വളർത്തിയെടുക്കുമ്പോൾ, പദ്ധതികളിലോ സംരംഭങ്ങളിലോ ഒരുമിച്ച് പ്രവർത്തിക്കാനുള്ള ആളുകളെയും അവസരങ്ങളും കണ്ടെത്താനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഈ അവസരങ്ങൾ  ബിസിനസ്സ് മെച്ചപ്പെടുത്താനും വരുമാനം വർദ്ധിപ്പിക്കാനും സഹായിക്കും.

  •  മെന്റർമാരെയും റോൾ മോഡലുകളെയും കണ്ടെത്തുക. 

നെറ്റ്‌വർക്കിങ് ഉണ്ടാക്കുന്നത് വഴി നമുക്ക് വേണ്ട മാർഗനിർദേശവും ഉപദേശവും, പിന്തുണയും നൽകാൻ കഴിയുന്ന മെന്റർമാരെയും റോൾ മോഡലുകളെയും നേരിട്ട് കണക്ട് ചെയ്യാനാവുന്നു. നിങ്ങളുടെ മേഖലയിലെ പ്രൊഫഷണലുകളുമായി ബന്ധങ്ങൾ വളർത്തിയെടുക്കുമ്പോൾ, അവരുടെ അനുഭവങ്ങളിൽ നിന്ന് നമുക്ക് പഠിക്കാനും നമ്മുടെ അറിവുകൾ ഷെയർ ചെയ്യാനും നല്ല കാഴ്ചപ്പാടുകൾ ഉണ്ടാക്കാനും സാധിക്കും.

 എങ്ങനെ കണക്ഷൻ ഉണ്ടാക്കാം 

സാധാരണയായി ഒരു ജോലി തേടുമ്പോഴാണ് പലരും നെറ്റ്‌വർക്കിങ്ങിലേക്ക് തിരിയുന്നത്, പക്ഷേ  എന്തെങ്കിലും ആവശ്യമുണ്ടാകുന്നതിന് മുൻപ് തന്നെ ഒരു നല്ല നെറ്റ്‌വർക്ക് കെട്ടിപ്പടുക്കുന്നതാണ് ഏറ്റവും നല്ലത്, അത്തരം നെറ്റ്‌വർക്ക് എപ്പോഴും വളരെ ശക്തമായി നിലനിൽക്കും.

ഒരു കോൺഫറൻസിൽ പങ്കെടുത്ത് ഒരുപാട് പേരിൽ നിന്നും ബിസിനസ് കാർഡുകൾ ശേഖരിക്കുകയും പിന്നീട് വീട്ടിലെത്തി ഈ കാർഡുകൾ നോക്കി "ഇവരൊക്കെ ആരാണ്?" എന്ന് ചിന്തിക്കുന്ന കേവലം പരിചയപ്പെടുക, വിസിറ്റിങ്  കാർഡ് ശേഖരിക്കുക, എന്നതിലപ്പുറം ഒരുപാട് കാലം നീണ്ടുനിൽക്കുന്ന പല വലിയ കാര്യങ്ങൾക്ക് നെറ്റ്‌വർക്കിങ്  കാരണമാകും.

നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു നെറ്റ്‌വർക്ക് ഉണ്ടാക്കിയെടുക്കാൻ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

  •  കണ്ടെന്റ് ക്രിയേറ്റ് ചെയ്യുക. 

നിങ്ങളുടെ കഴിവ്,ബിസിനസ്സ്, ബ്രാൻഡ്, ഉൽപ്പന്നങ്ങൾ എന്നിവ കണ്ടെത്താനും നിങ്ങളുമായി ബന്ധമുണ്ടാക്കാനും ആളുകളെ സഹായിക്കുന്നത് നിങ്ങളുണ്ടാക്കുന്ന കണ്ടെന്റ് വഴിയാണ്,നെറ്റ്‌വർക്കിങ്ങിന്റെ അടിത്തറയാണ് കണ്ടെന്റ് ക്രീയേഷൻ എന്ന് പറയാം നമുക്ക് കഴിവുള്ള മേഖലകളിൽ കൂടുതൽ ഗവേഷണം നടത്തി നല്ല ആശയങ്ങൾ ഉണ്ടാക്കുക എന്നതാണ് ഇതിന്റെ ആദ്യ പടി, ആ ആശയങ്ങൾ കണ്ടെന്റ് ആയി രൂപപ്പെടുത്തുക, ആ കണ്ടന്റ് അല്ലെങ്കിൽ കഥകൾ വിവിധ മാർഗങ്ങളിലൂടെ നമ്മുടെ ഉത്പന്നം ലക്ഷ്യമിടുന്ന ടാർഗറ്റ് പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് ഇതിനുള്ള മാർഗ്ഗം.

വീഡിയോകൾ,എഴുത്തുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, റീൽസ്,പോഡ്കാസ്റ്റ്, ബ്ലോഗുകൾ, ഇൻഫോഗ്രാഫിക്സ്, വ്ലോഗുകൾ അതിനു പുറമെ സ്വന്തം വെബ് പേജുകൾ, തുടങ്ങി സൗജന്യ വെബിനാറുകൾ, വർക്ക് ഷോപ്പുകൾ എന്നിവയെല്ലാം ഇതിനുപയോഗിക്കാം.

ഒരു കണ്ടെന്റ് സൃഷ്ടിക്കുമ്പോൾ, പലപ്പോഴും നിങ്ങളുടെ പ്രേക്ഷകർക്ക് സൗജന്യവും ഉപയോഗപ്രദവുമായ വിവരങ്ങൾ നൽകുകയാണ് ചെയ്യുന്നത്, സൗജന്യമാണെങ്കിൽ കൂടി നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടുന്നില്ല നിങ്ങളുടെ പ്രധാന സേവനം അവിടത്തന്നെയുണ്ടാകും, എന്നാൽ ഇത്‌ ഭാവിയിൽ നിങ്ങളിലേക്ക് വരാൻ സാധ്യതയുള്ള ഒരുപാട് പേരെ ആകർഷിക്കുകയുംപരസ്പരം ഉപകാരപ്പെടുന്ന ഇടപഴകലിലൂടെ നല്ല ഒരു നെറ്റ്‌വർക്ക് ഉണ്ടാക്കാനും അത് ഭാവിയിൽ ഉപഭോക്താക്കളെ നിലനിർത്തുകയും ചെയ്യുന്നു.

  • മറ്റുള്ളവരെ അങ്ങോട്ട് സഹായിക്കാൻ തയ്യാറാവുക 

നിങ്ങളുടെ പ്രവർത്തന മേഖല എന്താണെന്നും എന്തൊക്കെ രീതിയിലാണ് നിങ്ങൾക്ക് മറ്റുള്ളവരെ സഹായിക്കാനാവുക എന്നും വ്യക്തമാക്കേണ്ടതുണ്ട്, അത് ഓരോരുത്തരുടെയും സോഷ്യൽ മീഡിയ വഴിയോ പ്രൊഫൈലിലൂടെയോ നേരിട്ടുള്ള സംഭാഷണത്തിലൂടെയോ, ചില സൗജന്യ സേവനങ്ങൾ വഴിയോ മറ്റുള്ളവരെ അറിയിക്കുക.ഉദാഹരണത്തിന് നിങ്ങൾ ഒരു ബിസിനസ് കൺസൾട്ടന്റാണെന്ന് അറിയുമ്പോഴാണ്  ഒരു ബിസിനസ്സ് ചെയ്യുന്നയാൾ തന്റെ ബിസിനസ്സിൽ അദ്ദേഹം നേരിടുന്ന ഒരു  പ്രതിസന്ധിയെക്കുറിച്ച് നിങ്ങളോട് പറയാൻ സാധ്യതയുള്ളത്.അങ്ങനെ നിങ്ങളെക്കുറിച്ചു അറിയുമ്പോഴാണ് ഈ വിഷയത്തിന് പറ്റിയ ഒരാളുണ്ടെന്ന് നിങ്ങളുടെ കണക്ഷനിലുള്ളവർ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നത്.

  • ഭാവിയിലേക്ക് ശ്രദ്ധ കൊടുക്കുക. 

ഓരോ നെറ്റ്‌വർക്കും ബന്ധവും ഭാവിയിലേക്കുള്ള വഴികാട്ടി കൂടെയാണ്, അതിനാൽ നിലവിലെ താൽക്കാലിക ആവശ്യത്തിനപ്പുറം ഭാവി കൂടെ മുന്നിൽ കണ്ട് ബന്ധങ്ങളുണ്ടാക്കുക.
പലപ്പോഴും അപ്പോൾ നടക്കേണ്ട കച്ചവടത്തിലും  ആവശ്യത്തിലും മാത്രം ശ്രദ്ധ കൊടുക്കുമ്പോൾ ദീർഘകാല ബന്ധവും വിശ്വാസ്യതയും അതിന്റെ പ്രാധാന്യവും മറന്നു പോകാറുണ്ട്, ദീർഘാകാല ബന്ധങ്ങളായിരിക്കാം പലപ്പോഴും ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത്.

  •  ബന്ധം നിലനിർത്തുക 

ഒരാൾ കണ്ടുമുട്ടുന്ന എല്ലാവരോടും  അടുത്ത സുഹൃത്തുക്കളാകാൻ കഴിയില്ല, പക്ഷേ നിങ്ങൾക്ക് സഹായിക്കാൻ കഴിയുന്നയാളുകളുമായി ഒരു ബന്ധം നിലനിർത്തേണ്ടതുണ്ട്..ആളുകളുടെ ഇടപെടലുകൾ ശ്രദ്ധിക്കുക, അഭിനന്ദിക്കുക, അവരുടെ ജീവിതത്തിൽ അല്ലെങ്കിൽ സ്ഥാപനത്തിൽ എന്താണ് നടക്കുന്നതെന്ന് അറിയുക, അവർക്ക് ആവശ്യ സമയത്ത് സഹായം വാഗ്ദാനം ചെയ്യുക, എന്നിവ ചെയ്യാവുന്നതാണ്.
ബിസിസ്നസ് മീറ്റുകൾ, കോൺഫറൻസുകൾ സെമിനാറുകൾ എന്നിവയിൽ പങ്കെടുക്കുന്നത് നിങ്ങളുടെ മേഖലയിലെ പ്രൊഫഷണലുകളുമായി ബന്ധപ്പെടാനും വിവിധ ഗ്രൂപ്പുകളിൽ അംഗമാകാനും ചർച്ചകളിൽ പങ്കെടുക്കാനും  സഹായിക്കും. 

  • നിങ്ങളുടെ നെറ്റ്‌വർക്കിൽ നിക്ഷേപം നടത്തുക 

നെറ്റ്‌വർക്കിംഗ് ഇങ്ങോട്ട് മാത്രം ഉപകാരപ്പെടുന്ന ഒരു കാര്യമല്ല, മറ്റുള്ളവരെ സഹായിക്കുകയും അതുവഴി നിങ്ങളുടെ നെറ്റ്‌വർക്കിൽ നിക്ഷേപം നടത്തുകയും ചെയ്യേണ്ടതുണ്ട്. മറ്റുള്ളവരുടെ ബിസിനസ്സുകളെകൂടെ പ്രോത്സാഹിപ്പിക്കുക, അവർക്ക് റഫറലുകൾ നൽകുക, അവരുടെ ഇവന്റുകളിൽ പങ്കെടുക്കുക, മറ്റുള്ളവരുടെ നേട്ടങ്ങളിൽ സന്തോഷിക്കുക, അവരെ അഭിനന്ദിക്കുക, അംഗീകരിക്കുക തുടങ്ങിയ കാര്യങ്ങൾ ഇതിനുദാഹരണമാണ് .

  •  നിങ്ങളുടെ നെറ്റ്‌വർക്ക് ഉപയോഗിക്കുക. 

നിങ്ങൾക്ക് ഒരു ജോലി, ഒരു ക്ലയന്റ് അല്ലെങ്കിൽ ഒരു ബിസിനസ് എന്നിവ ആവശ്യമുള്ളപ്പോൾ, നിങ്ങളുടെ നെറ്റ്‌വർക്ക് ഉപയോഗിക്കാൻ മടിക്കരുത്. നിങ്ങൾ എന്താണ് തിരയുന്നതെന്ന് നിങ്ങളുടെ കോൺടാക്റ്റുകളെ അറിയിക്കുക, പലപ്പോഴും അവർക്ക് നേരിട്ട് ആവശ്യമില്ലാത്ത കാര്യങ്ങളോ അവർക്ക് സഹായിക്കാൻ കഴിയാത്ത കാര്യമോ ആണെങ്കിൽ അവരുടെ ബന്ധത്തിൽ നിങ്ങളെ സഹായിക്കാൻ  കഴിയുന്ന ആളുകളിലേക്ക് എത്തിക്കാം.

  • സോഷ്യൽ മീഡിയയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുക: 

പുതിയ തൊഴിൽ കണ്ടെത്താനും പ്രൊഫഷണൽ നെറ്റ്‌വർക്ക് കൂടുതൽ ശക്തമാക്കാനും സ്കിൽ ഡെവലപ്മെന്റിന് സഹായിക്കുകയും ചെയ്യുന്ന ഏറ്റവും നല്ലൊരു പ്രൊഫഷണൽ സോഷ്യൽ നെറ്റ്​വർക്കിങ് സേവനമാണ് 'ലിങ്ക്ഡ് ഇൻ' മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് വ്യത്യസ്തമായി പ്രൊഫഷണൽ ബന്ധവും ഇന്ററാക്ഷനുമാണ് ഇവിടെ നടക്കുന്നത്. വളരെ എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള കമ്പനികൾ, അക്കാഡമിഷൻസ്, റിസർച്ചർമാർ ബിസിനസ്മെൻമാർ തുടങ്ങി ഓരോ മേഖലയിലെയും കൺസൽട്ടന്റുമാർ വരെ ലിങ്ക്ഡ്ഇൻ ഇൽ  ഉള്ളത്കൊണ്ടുതന്നെ വളരെ ഈസിയായി നമുക്കവരെ കണക്ട് ചെയ്യാം.കൂടാതെ ഫെയ്​സ്ബുക്ക്, എക്സ്, ഇന്റഗ്രാം തുടങ്ങി നിരവധി സോഷ്യൽ നെറ്റ്‌വർക്കിങ് സാധ്യതകൾ ഇന്നുണ്ട്. ഇന്ന് മനുഷ്യരും അവരുടെ പ്രവർത്തന മേഖലയുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന പ്ലാറ്റ് ഫോമുകളാണ് സോഷ്യൽ മീഡിയ എന്നത്..

ഉപകാരപ്പെടുന്ന കണ്ടെന്റ് ക്രീയേറ്റ് ചെയ്യുക, ഉപകാരപ്പെടുന്ന ലേഖനങ്ങളുടെയും മറ്റും ലിങ്ക് ഷെയർ ചെയ്യുക,   മറ്റുള്ളവരുടെ പോസ്റ്റുകളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക, എന്നിവയെല്ലാം  നിങ്ങളെ മറ്റുള്ളവരുടെ മനസ്സിൽ നിലനിർത്തുകയും നിങ്ങളുടെ മേഖലയിൽ നിങ്ങൾ എത്രത്തോളം സജീവമാണെന്ന് മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട ആളുകളുമായി  ബന്ധം തുടരാൻ ഇത് കാര്യക്ഷമായ ഒരു മാർഗമാണ്.
പലപ്പോഴും ഈ ഓൺലൈൻ ബന്ധങ്ങൾ നേരിട്ടുള്ള ബന്ധങ്ങളിലേക്കും വ്യക്തിപരമായ സമ്പർക്കത്തിലേക്കും നയിക്കുന്നു എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം.

എന്നാൽ നെറ്റ്‌വർക്കിങ് നടത്തുമ്പോൾ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നു ചെല്ലുക, നിരന്തരം ശല്യമാവുന്ന രീതിയിൽ ഇടപഴകുക, സുഹൃത്തുക്കൾ ബന്ധുക്കൾ എന്നിവരിൽ അമിതമായി ഫോക്കസ് ചെയ്ത് മാർക്കറ്റിങ്‌ ചെയ്യുക, പുതിയ ബന്ധങ്ങളിൽ നിന്ന് ഉടൻ എന്തെങ്കിലും റിസൾട്ട് പ്രതീക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ നിർബന്ധമായും ഉപേക്ഷിക്കേണ്ടതാണ്.
 
ഭൂമിയിലെ ഏറ്റവും വലിയ  റിസോഴ്സുകളിൽ ഒന്നാണല്ലോ ഹ്യൂമൻ റിസോഴ്സ് എന്നത്, അപ്പോൾ  റിസോഴ്സ്ഫുൾ ആകണമെങ്കിൽbതീർച്ചയായും  ഒരുപാട് മനുഷ്യരുമായി ബന്ധമുണ്ടാവേണ്ടതുണ്ട്.അടുത്തുള്ള ക്യൂബിക്കിളിലെ ഒരു സഹപ്രവർത്തകന് നൽകാൻ കഴിയുന്നതിൽ അപ്പുറം ഒരുപാട് സേവനങ്ങളും, നിർദ്ദേശങ്ങളും, പരിഹാരങ്ങളും, കോൺടാക്റ്റുകളുമെല്ലാം നൽകാൻ നിങ്ങളുടെ നെറ്റ്‌വർക്കിനാകും.ബന്ധങ്ങൾ സ്വന്തം മേഖലയുമായി ബന്ധമുള്ളവരിൽ മാത്രമൊതുക്കാതെ വിവിധ മേഖലകളിൽ നിന്നും, സാമൂഹിക സാംസ്‌കാരിക സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നും, വിവിധ രാജ്യങ്ങളിൽ നിന്നും കൂടെ ഉണ്ടായിരിക്കുന്നത് ഓരോരുത്തരുടെയും ലോകം കൂടുതൽ വിശാലമാക്കും.