ലെഫ്. കേണല്‍ ഡോ. സോണിയ ചെറിയാന്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'സ്‌നോ ലോട്ടസ്' എന്ന നോവലിന്റെ ഒരു വായനാനുഭവം.

To advertise here,

പ്രാര്‍ത്ഥനപോലെ ഏകാഗ്രമായി വായിച്ചുതീര്‍ത്തു. ശ്രദ്ധതിരിക്കുന്ന ഏതൊരു സന്ദര്‍ഭത്തിലും പുസ്തകം അടച്ചു. എന്റേതായ സമയം കിട്ടുമ്പോള്‍, അല്ല സമയം കണ്ടെത്തി വീണ്ടും തുറന്നു. വിശ്രമ സമയങ്ങളില്‍ കൈയെത്തുന്ന ഇടത്തുതന്നെ സൂക്ഷിച്ചു. അവസാനപുറങ്ങള്‍ ഓടിച്ചുനോക്കിയില്ല, ആ പ്രലോഭനത്തെ അതിജീവിച്ചു. വായിച്ചുതന്നെ എനിക്ക് അവിടെ എത്തണം എന്ന് തോന്നി.

ശബരിമല കാനനപാതയിലെ ഡ്യൂട്ടി. മഴയും മൂടല്‍മഞ്ഞും കാരണം കാനനപാത അടച്ചു. രണ്ടു ദിവസങ്ങള്‍. വിജനമായ കാട്ടുവഴി. നിത്യഹരിത വനത്തിന്റെ സംഗീതം കൂട്ട്. വായിച്ചു നിര്‍ത്തിയിടത്തുനിന്നും വീണ്ടും തുടങ്ങി. രണ്ട് പകലുകള്‍ ഗോപക്കും ദാവയ്ക്കും ഒപ്പം, മഞ്ഞു വഴികളിലൂടെ... അല്ല വഴിയില്ലാതെ മഞ്ഞിലൂടെത്തന്നെ ഒപ്പം കയറി, അവര്‍ക്കൊപ്പം പൊള്ളി, മഞ്ഞു ഗുഹക്കുള്ളിലൂടെ നൂണ്ടു, മഞ്ഞിലെ വിയര്‍പ്പിനെ തൊട്ടറിഞ്ഞു, കുഞ്ഞുങ്ങളുടെ പലായന നൊമ്പരച്ചൂടില്‍ വെന്തു നീറി.

രണ്ടാം ദിനം വൈകുന്നേരം. തൊട്ടടുത്ത മുക്കുഴി ദേവീക്ഷേത്രത്തില്‍ നിന്നും ഭജനപ്പാട്ട് ഉയരുന്നു. ഇപ്പോഴിതാ പ്രണയ ചരടില്‍ കോര്‍ക്കപ്പെട്ട രണ്ട് ആത്മാക്കള്‍ ചതുപ്പ് താണ്ടുകയാണ്. കന്ദാലിപ്പൂക്കളുടെ ഇടയിലെ വഴുവഴുപ്പിലൂടെ ഉടലിന്റെ നനവറിഞ്ഞ ഗോപ, സ്വപ്നത്തിനും മതിഭ്രമത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലൂടെ മുങ്ങിയും പൊങ്ങിയും ഉള്ള അനുഭവത്തിലൂടെ കടന്നുപോകവേ പരിചിതഗന്ധം തിരിച്ചറിയുമ്പോള്‍... ഹോ! എന്തൊരു നിമിഷമായിരുന്നു അതെന്നോ! എന്റെ ശ്വാസം വിലങ്ങി, ഹൃദയം അതിദ്രുതം മിടിച്ചു. കാഴ്ചപടര്‍ന്ന് പുസ്തകത്തിലെ അക്ഷരങ്ങള്‍ മായുന്ന പോലെ. ഒരു നിശ്വാസത്തോടെ ഞാന്‍ പുസ്തകം അടച്ചു. കണ്ണുകള്‍ ഇറുക്കിയടച്ച് ഏതാനും നിമിഷങ്ങള്‍... ഭജനപ്പാട്ട് കഴിയുന്നു 'പ്രളയജലത്തില്‍ നീ അവതരിച്ചു...' ഗായകന്‍ പാടി നിര്‍ത്തുന്നു. നട തുറക്കുന്നു. ദീപാരാധനയായി, മണികള്‍ മുഴങ്ങി, ഞാന്‍ എഴുന്നേറ്റു.

എന്തൊരു മാന്ത്രിക സിദ്ധിയാണിത്. വായനക്കാരെക്കൂടി കഥാപാത്രത്തിനൊപ്പം നടത്തുന്നത്. അവരെക്കൂടി ആ കയറിന്റെ അറ്റത്ത് കെട്ടിയിട്ടാണ് അവര്‍ യാത്ര തുടങ്ങുന്നത് തന്നെ. മഞ്ഞും, മലയും താണ്ടി എത്ര തളര്‍ന്നെന്നോ. ഗദ്യത്തില്‍ എഴുതിയ കവിത തന്നെ. വില്‍പനയില്‍ പുതിയ ഉയരങ്ങള്‍ താണ്ടും തീര്‍ച്ച. പസിലുകള്‍ പോലെ കഥയും, കഥാ സന്ദര്‍ഭങ്ങളും, കഥാപാത്രങ്ങളും യഥാസ്ഥാനങ്ങളില്‍ കൃത്യമായി ചേരുന്നു. വൃഥാസ്ഥൂലത ഒട്ടുമില്ല. പ്രണയ നിമിഷങ്ങള്‍ ഭാവതീവ്രതയോടെയും തന്മയീഭാവത്തോടെയും അവതരിപ്പിച്ചു. ഒരു ജനതയുടെ പലായനത്തിന്റെ കഥ നായികയുടെ അന്വേഷണ കഥയുമായി വിദഗ്ധമായി വിളക്കി ച്ചേര്‍ത്തിരിക്കുന്നു. പലയിടത്തും കഥാകാരി പറയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ഗോപയെക്കൊണ്ട് പറയിച്ചതായി തോന്നി. ഇടയ്ക്ക് എപ്പോഴോ റെയിന്‍ബോ മിന്നി മാഞ്ഞുപോയപോലെ.  

ദുര്‍ഗ്രഹമായതോ, സങ്കീര്‍ണമായതോ ആയ പ്രയോഗങ്ങള്‍ ഇല്ലാതെ ലളിതമായ കോമള പദങ്ങളാല്‍ മഞ്ഞുതൊങ്ങലുകള്‍ തുന്നിച്ചേര്‍ത്ത കമ്പളം. കണ്‍കള്‍കൊണ്ട് വായിക്കവേ ഹൃദയംകൊണ്ട് നമ്മള്‍ അതില്‍ മുഴുകിപ്പോകും. തന്റെ സര്‍വീസ് ജീവിതത്തിനിടയ്ക്ക് കണ്ടതും, കേട്ടറിഞ്ഞതുമായ കഥകളെ അത്യന്തം കരുണയിറ്റുന്ന, നന്മയുള്ള ഹൃദയത്തില്‍ ഏറ്റുവാങ്ങി ശില്‍പഭദ്രമായ മൂശയില്‍ ഒരുക്കിയൊഴിച്ച്, ഊതിയാറ്റി, ആത്മാനുഭവം ചേര്‍ത്തുവിളക്കി സമ്മാനിച്ചിരിക്കുന്നു ഇവിടെ. ഹൃദയവും ബുദ്ധിയുമായി സംഘട്ടനം നടക്കുമ്പോള്‍ ഹൃദയത്തെ പിന്‍പറ്റുക എന്നാണ് ആചാര്യമതം. ഇവിടെയും ആത്മാര്‍ത്ഥ വിശ്വാസത്തിന്റെ, വിട്ടു കളയാന്‍ പറ്റാത്ത സ്‌നേഹത്തിന്റെ ഗന്ധമാണ് ഗോപയെ നയിക്കുന്നത്. 

ജീവന്‍ നഷ്ടപ്പെടും എന്ന നിമിഷത്തിലും ദൗത്യം തുടരാന്‍ ആഹ്വാനം ചെയ്യുന്നുണ്ട് അവള്‍. പക്ഷേ കൈയില്‍ നിന്ന് ഊര്‍ന്നുപോയത് എന്തായിരുന്നു? കരുണയോടെ മാത്രം ലോകത്തെ കാണാന്‍ പഠിച്ചവന്‍ തന്റെ ശരണമന്ത്രത്തിലേക്ക് തിരികെപ്പോയോ? സങ്കടക്കടലിന്റെ ആഴങ്ങളില്‍ നിന്നും, ദയയുടെ വിരല്‍ത്തുമ്പ് നീട്ടി നമ്മെ പിടിച്ചുയര്‍ത്തുന്ന ആ തേജസ്സാര്‍ന്ന മുഖമല്ലേ അവന്റെ വഴികാട്ടി. വിശുദ്ധ വെണ്മയാര്‍ന്ന പ്രണയ പുഷ്പം ആ കാല്‍ക്കല്‍ അവന്‍ സമര്‍പ്പിച്ചിരിക്കാം. അഭിഷിക്തന്റെ കണ്ണുനീര്‍ ആ മണ്ഡപത്തില്‍ വീണ് ചിതറിയിരിക്കാം. ആ നനഞ്ഞ തണുപ്പിലെ ഇരുട്ട് ഒരു കൂട്ടായി അവനെ ചേര്‍ത്ത് പൊതിഞ്ഞു പിടിച്ചിരിക്കാം. നഷ്ടപ്പെട്ടവനായി അവിടെയും അലയാന്‍ വിധിക്കപ്പെട്ടവന്‍. ഉലഞ്ഞുപോയി വല്ലാതെ. 

ഹൈ ആള്‍ട്ടിറ്റിയുടെ പള്‍മിനറി എഡിമയ്ക്ക് ചികിത്സയുണ്ടോ എഴുത്തുകാരി ഡോക്ടര്‍? ഉയരങ്ങള്‍ കുറയ്ക്കുക എന്ന പ്രതിവിധി അല്ലാതെ. കാരണം ഈ ഉയരത്തിന്റെ ആവേശം ഞങ്ങള്‍ക്ക് കെട്ടടങ്ങിയിട്ടില്ലാത്തതുകൊണ്ടുതന്നെ. 'പൊള്ളൂല്ലാന്ന് പറഞ്ഞത് നുണയാണേ, തെയ്യം ഏട്ടന് പൊള്ളുന്നുണ്ടേ' എന്ന് പറഞ്ഞ് അച്ഛന്റെ തോളിലിരുന്ന് അലറി ക്കരഞ്ഞ അഞ്ചുവയസ്സുകാരി എവിടെ? 'എല്ലാറ്റിനും ഇടമുണ്ട് ഈ ഭൂമിയില്‍, എല്ലാവര്‍ക്കും ഇടമുണ്ട്. ഉയരങ്ങള്‍ നമ്മുടെ കാഴ്ചയെ ജ്ഞാനസ്‌നാനം ചെയ്യും'. നന്ദി ഈ മഞ്ഞുതാമര അല്ല മഞ്ഞു കവിത മലയാളത്തിന് സമ്മാനിച്ചതിന്. കൈപിടിച്ച് ആ താഴ്‌വരകളിലൂടെ നടത്തിയതിന്.