ഷെർലക് ഹോംസിന്റെ സൃഷ്ടാവായ സര് ആര്തര് കോനന് ഡോയ്ൽ തന്നെ നേരിട്ട് അഗതാക്രിസ്റ്റിയെ കണ്ടെത്താനുള്ള അന്വേഷണത്തിനിറങ്ങി.

ശ്രീ പാർവതി എഴുതിയ നായിക അഗത ക്രിസ്റ്റി എന്ന നോവലിന് എൻ ശ്രീകുമാർ എഴുതിയ അനുബന്ധം
1926 ഡിസംബർ 3 വെള്ളിയാഴ്ച ഇംഗ്ലീഷ് കുറ്റാന്വേഷണ നോവലിസ്റ്റ് അഗതാക്രിസ്റ്റി അവരുടെ ബെർക്ഷയറിലെ വസതിയിൽനിന്നും അപ്രത്യക്ഷയായി. അവരുടെ നോവലുകളിലെ 'ചെയ്തതാര്?' എന്ന മട്ടിൽ എല്ലാ ഘടകങ്ങളുമുള്ള ഒരു തികഞ്ഞ അപസർപ്പക കഥ. എന്തായിരുന്നു അവരുടെ തിരോധാനത്തിനു പിന്നിലെ വാസ്തവം? പതിനൊന്നു ദിവസം; മുൻപുണ്ടായിട്ടില്ലാത്ത തരത്തിലുള്ള അന്വേഷണവും തിരച്ചിലും.
വെള്ളിയാഴ്ച രാത്രി ഒമ്പതര കഴിഞ്ഞപ്പോൾ അഗത ചാരുകസേരയിൽനിന്നും എഴുന്നേറ്റ്, വീട്ടിലെ മുകൾനിലയിലേക്കുള്ള പടികൾ കയറി. ഉറക്കത്തിലാണ്ട ഏഴു വയസ്സുള്ള മകൾ റോസലിൻഡിനെ ചുംബിച്ച് ശുഭരാത്രി ആശംസിച്ചശേഷം തിരികെ പടികളിറങ്ങി. തുടർന്ന് തന്റെ മോറിസ് കൗലിയിൽ കയറി രാത്രിയിലേക്ക് ഓടിച്ചുപോയി. പിന്നീടുള്ള പതിനൊന്നു ദിവസം അവരെ ആരും കണ്ടില്ല.
അഗതയുടെ അപ്രത്യക്ഷമാകൽ ഏറ്റവും വലിയ തിരച്ചിലിന് ആരംഭംകുറിച്ചു. അന്വേഷണ സംഘത്തിൽ ആയിരത്തിൽപ്പരം പോലീസുകാർ; ആദ്യമായി എയ്‌റോപ്ലെയ്‌നുകളും. ബ്രിട്ടനിലെ ഏറ്റവും പ്രസിദ്ധരായ കുറ്റാന്വേഷണ നോവലിസ്റ്റുകളായ സർ ആർതർ കോനൻ ഡോയ്‌ലും ഡൊറോത്തി എൽ. സെയേഴ്‌സും വരെ അന്വേഷണസംഘത്തിൽ ഉൾപ്പെട്ടു.
കാർ കണ്ടെത്താൻ അധികദിവസം വേണ്ടിവന്നില്ല. ഗിൽഡ്‌ഫോർഡിനു സമീപം ന്യൂലാൻഡ്‌സ് കോർണറിലെ ഒരു ചെങ്കുത്തായ ചെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തി. പക്ഷേ, അഗതാക്രിസ്റ്റിയുടെയോ അവർ അപകടത്തിൽപ്പെട്ടുവെന്നതിന്റെയോ ഒരു സൂചനയും അവിടെ ഉണ്ടായിരുന്നില്ല. അന്വേഷണം ദിവസങ്ങൾ പിന്നിട്ടപ്പോൾ ഊഹാപോഹങ്ങൾ ഉയർന്നുതുടങ്ങി. പത്രങ്ങൾ ഭയജനകമായ സിദ്ധാന്തങ്ങൾ കണ്ടുപിടിച്ചു.
കാർ കിടന്നതിനോടു ചേർന്ന് ഒരു അരുവിയുണ്ട്- സൈലന്റ് പൂൾ എന്നാണ് പേര്. എഴുത്തുകാരി മനഃപൂർവം വെള്ളത്തിൽ ചാടി ജീവനൊടുക്കി എന്ന് ചില പത്രക്കാർ വാർത്ത ചമച്ചു.
പക്ഷേ, അവരുടെ മൃതദേഹം എവിടെയും കണ്ടെത്തിയില്ല. അവരുടെ പുതിയ പുസ്തകത്തിന്റെ വില്പന വർധിപ്പിക്കാനുള്ള ഒരു കുടിലതന്ത്രമാണ് ഈ സംഭവമെന്ന് ചിലർ അഭിപ്രായപ്പെട്ടു. ചിലർ കുറച്ചുകൂടി അതിരുകടന്നു, ഭർത്താവ് ആർച്ചി ക്രിസ്റ്റി കൊലപ്പെടുത്തിയതാണ് എന്ന്. ഗൂഢശാസ്ത്രങ്ങളിൽ പണ്ഡിതനായ ആർതർ കോനൻ ഡോയ്ൽ തന്റെ അസാധാരണ സിദ്ധികളുപയോഗിച്ച് രഹസ്യത്തിന്റെ ചുരുളഴിക്കാൻ ശ്രമിച്ചു.
എന്തെങ്കിലും ഉത്തരം കിട്ടിയേക്കുമെന്ന പ്രതീക്ഷയിൽ അദ്ദേഹം അഗതയുടെ കൈയുറ ഒരു മാധ്യമത്തിനു മുന്നിൽ ഹാജരാക്കി. പക്ഷേ, ഫലമുണ്ടായില്ല. ഡൊറോത്തി സെയേഴ്‌സ് സംഭവസ്ഥലം സന്ദർശിച്ചു.
പതിനൊന്നു ദിവസം കഴിഞ്ഞപ്പോൾ അഗതയെ കണ്ടെത്തി. ഹെറോഗേറ്റിലെ ഒരു ഹോട്ടലിൽ സ്വസ്ഥയും സുരക്ഷിതയുമായി കഴിയുന്നു. പരിഹരിക്കപ്പെട്ടതിനെക്കാൾ കൂടുതൽ ചോദ്യങ്ങളുയർത്തുന്ന അസാധാരണ സാഹചര്യങ്ങൾ. സംഭവിച്ചതിനെക്കുറിച്ച് എന്തെങ്കിലും സൂചന നല്കാൻ അഗത അശക്തയായിരുന്നു. ഒന്നും ഓർമയില്ല. കണ്ടെത്തി പുറത്തുകൊണ്ടുവരേണ്ട ജോലി പോലീസിനു വിട്ടു. അവരുടെ നിഗമനം ഇങ്ങനെയാണ്: അഗതാക്രിസ്റ്റി വീട്ടിൽനിന്നും കാറിൽ ലണ്ടനിലേക്കു പോയി. യാത്രാമധ്യേ അപകടത്തിൽപ്പെട്ടു. തുടർന്ന് അവർ ട്രെയിനിൽ കയറി, ഹെറോഗേറ്റിലേക്ക് പോയി. അവിടെ സ്വാൻ ഹൈഡ്രോ ഹോട്ടലിൽ, തെരേസാ നീൽ എന്ന കള്ളപ്പേരിൽ മുറിയെടുത്തു. ഹോട്ടലിലെ നൃത്തത്തിലും വിനോദങ്ങളിലും പങ്കെടുക്കുമ്പോൾ അഗത ആരിലും സംശയമുളവാക്കിയില്ല. അവസാനം ഒരു ബൻജോവാദകൻ അവരെ തിരിച്ചറിഞ്ഞ് പോലീസിൽ അറിയിച്ചു. പോലീസ് അറിയിച്ചതിനെതുടർന്ന് ഭർത്താവ് മേജർ ക്രിസ്റ്റി അഗതയെ കൂട്ടിക്കൊണ്ടുപോകാൻ ഉടൻ ഹോട്ടലിലെത്തി. എന്നാൽ അഗത പോകാൻ തയ്യാറല്ലായിരുന്നു.
തിരോധാനത്തിന്റെ പതിനൊന്നു ദിവസങ്ങളെക്കുറിച്ച് അഗത ഒരിക്കലും സംസാരിച്ചില്ല. സംഭവിച്ചതെന്താണെന്നതിനെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ പ്രചരിച്ചു.
കാറപകടത്തെത്തുടർന്ന് അഗതയ്ക്ക് സ്മൃതിനാശം സംഭവിച്ചുവെന്നാണ് ഭർത്താവ് പറഞ്ഞത്. വൈകാതെ പൂർവസ്ഥിതി വീണ്ടെടുത്ത അഗത വീണ്ടും എഴുത്തിലേക്ക് തിരിഞ്ഞു. തെരേസാ നീലുമായുള്ള ഭർത്താവിന്റെ ബന്ധം പൊറുക്കാനാവാത്തതിനാൽ അവർ വേർപിരിഞ്ഞു. അഗത പിന്നീട് പ്രശസ്ത പുരാവസ്തുവിദഗ്ധനായ സർ മാക്‌സ് മല്ലോവനെ വിവാഹംകഴിച്ചു.
ഹെർക്യൂൾ പൊയ്‌റോട്ടിനുപോലും പരിഹരിക്കാൻ സാധിക്കുകില്ലായിരുന്ന ദുരൂഹതയാണ് ആ പതിനൊന്നു ദിവസങ്ങളിൽ അഗതാക്രിസ്റ്റി അവശേഷിപ്പിച്ചത്.
Content Highlights: Agatha Christie vanished mysteriously for 11 days in December 1926., Triggered a massive police search involving famous authors like Arthur Conan Doyle., Found safe in a Harrogate hotel under an alias with memory loss., The real reasons behind the disappearance remain heavily debated.
Published: 15 Sept 2026, 03:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented