Things we lose have a way of coming back to us in the end, if not always in the way we expect.'

To advertise here,

-J. K. Rowling, Harry Potter and the Order of the Phoenix '

ഞ്ഞുമലകളിലെ നന്മനിറഞ്ഞ മനുഷ്യരുടെ ജീവിതം, അവരനുഭവിക്കുന്ന യാതനകള്‍, ബുദ്ധിസത്തിന്റെ ശാന്തത, ടിബറ്റന്‍ അഭയാര്‍ത്ഥികളുടെ ഹൃദയത്തിലെ ഒരിക്കലുമുണങ്ങാത്ത മുറിവ്, ഇന്ത്യന്‍ പട്ടാളക്കാരുടെ  കഠിനജീവിതം ഇതൊക്കെയാണ് സോണിയ ചെറിയാന്റെ സ്‌നോലോട്ടസ് എന്ന കൃതി നമുക്ക് തുറന്നു തരുന്നത്. തേനിറ്റുന്നപ്രണയവും, അസ്തമിക്കാത്ത പ്രതീക്ഷകളും ആ മഞ്ഞുതാമരയ്ക്ക് മനം മയക്കുന്ന സുഗന്ധം നല്‍കുന്ന രണ്ടു ഘടകങ്ങളാണ്. ഹിമാലയം എന്ന പ്രാപഞ്ചികതയെ തൊട്ടറിയുന്ന പോലെ,
ഉള്ളില്‍ മഞ്ഞുവീഴ്ചയുണര്‍ത്തുന്ന അതിഗൂഢമായൊരനുഭൂതിയാണ് സ്‌നോലോട്ടസ് വായന നല്‍കുന്നത്.

മനുഷ്യജീവിതത്തിന്റെ ഊര്‍ജ്ജം ഒരിക്കലും അസ്തമിക്കാത്ത പ്രതീക്ഷകളാണ്. ഏതു പ്രതിസന്ധികളെയും കടുത്ത നിരാശകളെയും മറികടക്കാന്‍ നമ്മുടെ മനസ്സ് തന്നെ കണ്ടെത്തുന്ന ഉപായങ്ങളിലൊന്നായിരിക്കാം പ്രതീക്ഷ. ഈ പ്രതീക്ഷ തന്നെയാണ് സോണിയ ചെറിയാന്റെ സ്‌നോലോട്ടസ് എന്ന നോവലിന്റെ  കാമ്പ്. മനുഷ്യരില്‍ തന്നെ വളരെ വ്യത്യസ്തമായ ഒരു വിഭാഗമാണ് പട്ടാളക്കാര്‍. രൂപത്തിലും ഭാവത്തിലും ലക്ഷ്യത്തിലും മനുഷ്യനായിരിക്കെ കര്‍മ്മത്തില്‍ മറ്റുള്ളവര്‍ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍. സ്വന്തം ജീവന്  വില കല്‍പ്പിക്കാതെ മറ്റുള്ളവരെ രക്ഷിക്കാന്‍ പാടുപെടുന്നവര്‍. അവരുടെ ജീവിതത്തിന്റെ ലക്ഷ്യം തന്നെ 'ഞാന്‍' എന്ന സ്വാര്‍ത്ഥതയില്‍ നിന്നുള്ളഒഴിഞ്ഞുമാറലാണ്. 'ഓരോ കുഞ്ഞു തീരുമാനങ്ങള്‍ക്കും ഓരോ ജീവന്റെ വിലയാണ്. വൈകി എടുക്കുന്ന തീരുമാനങ്ങള്‍ക്കോ രണ്ടു ജീവന്റെ വിലയാണ്' എന്നറിഞ്ഞു പ്രവര്‍ത്തിക്കുന്നവരാണവര്‍.

ഇന്ത്യന്‍ പട്ടാളക്കാരുടെ കഠിന ജീവിതത്തിലേക്ക്, അവരുടെ ജീവിത ലക്ഷ്യങ്ങളിലേക്ക് ഇതിനുമുമ്പും  പലരും ഭാവനയെ സ്വതന്ത്ര വിഹാരത്തിനയച്ചിട്ടുണ്ട്. കോവിലനും പാറപ്പുറത്തും നന്തനാരുമെല്ലാം പട്ടാളക്കഥകള്‍ കൊണ്ട് വിസ്മയിപ്പിച്ചിട്ടുമുണ്ട്. ഇന്ത്യന്‍ റെയ്ന്‍ ബോയും, അവളവള്‍ ശരണവും ലെഫ്റ്റനന്റ് കേണല്‍ ഡോ. സോണിയ ചെറിയാന്‍ എന്ന പട്ടാളക്കാരിയായ സാഹിത്യകാരി മഞ്ഞുമലകളിലും മരുഭൂമികളിലും സമതലങ്ങളിലും കണ്ട ജീവിത യാഥാര്‍ഥ്യങ്ങളാണ്. ഒ.വി വിജയന്റെ ഗുരുസാഗരം പട്ടാളക്കാരനില്‍ നിന്ന് വൈരാഗിയിലേക്കുള്ള പരിണാമമാണ്. ഗുരുസാഗരവും സ്‌നോലോട്ടസും സൈനികനും സന്യാസിയും രണ്ടുധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണെന്ന് സമര്‍ത്ഥിക്കുന്നുവെന്ന ഭാവേനെ, അവര്‍ തമ്മിലുള്ള സാമ്യത്തെ ഹൃദ്യമായി അടയാളപ്പെടുത്തുന്നു.

ആല്‍പെയ്ന്‍ ക്ലൈംബിങ്ങിനു ചേര്‍ന്ന എബിയെയും ഗോപയെയും ഉപദേശിക്കുന്ന ഒ.എം.സി യുടെ വാക്കുകളിലൂടെ സോണിയ അതുറപ്പിക്കുന്നു. 'കുട്ടികളെ ഞാന്‍ വീണ്ടും വീണ്ടും പറയുന്നു. Never refuse a rescue. മനുഷ്യന്‍ ദൈവമായി മാറുന്നത് സ്വന്തം ജീവനേക്കാള്‍ മറ്റൊരു ജീവനെ വില കൊടുക്കുമ്പോഴാണ്. നെവര്‍ റെഫ്യൂസ് എ റെസ്‌ക്യൂ'. ആസന്നമായ ഏത് നിമിഷത്തിലും പതിയിരിക്കുന്ന മരണത്തിന് തന്നെയും പങ്കാളിയെയും വിട്ടുകൊടുക്കാതെ ഹിമാലയന്‍ മലനിരകളിലൂടെ ഷാംബാലയിലേക്കുള്ള യാത്രചെയ്യുമ്പോഴും ഗോപയുടെ  മനസ്സില്‍ ഈ വാചകം തന്നെയാണ് മുഴങ്ങിയിരുന്നത്.

ഒരു നോവലിസ്റ്റ് എന്ന രീതിയില്‍ സോണിയ ചെറിയാനെ ആദ്യമായടയാളപ്പെടുത്തുന്ന ഈ കൃതി , പുറമേക്ക് വെളുത്തുമാത്രം കാണപ്പെടുന്ന മഞ്ഞിന്റെ ഉള്‍പാളികളിലെ അധികമാര്‍ക്കും കാണാന്‍ സാധിക്കാത്ത ജീവിതങ്ങളെ ഹൃദയത്തോട് ചേര്‍ക്കുന്നു. സൈന്യത്തെയും ബുദ്ധമതത്തെയും അടുത്തറിഞ്ഞ ഒരാള്‍ പ്രണയത്തെക്കുറിച്ച് എഴുതുന്നത് വളരെ വ്യത്യസ്തമായ അനുഭവം തന്നെയാണ്. നിരന്തരം പുസ്തകങ്ങളിലൂടെ അവര്‍ അറിയുന്നു. സോണിയ ചെറിയാന്‍ എന്ന എഴുത്തുകാരിയുടെ അതിവിപുലമായ വായനാലോകത്തെ സ്വാംശീകരിക്കുന്ന ആഖ്യാനരീതി ഈ നോവലിന് വിശാലമായ ഒരു മാനം നല്‍കുന്നുണ്ട്. ദാവയുടെ ഡയറിക്കുറിപ്പുകളിലൂടെയാണ് ഓരോ അധ്യായവും അവസാനിക്കുന്നത്. കവിത തോറ്റുപോകുന്ന ആ കുറിപ്പുകളാണ് സ്‌നാലോട്ടസിലെ അപൂര്‍വരത്‌നങ്ങള്‍ ' ഗോപ എന്ന സൈനികയെ , അവളുടെ ലക്ഷ്യങ്ങളെ, 'മിസ്സിങ്ങ് ' എന്ന വാക്കുകൊണ്ട് വിട്ടുകളയാതെ വര്‍ഷങ്ങള്‍ക്ക് ശേഷവും 'അവള്‍ തേടുന്ന അച്ഛനെ, അഭിഷിക്തനായ ലാമാദാവയെ, ദാവയും ഗോപയും തമ്മിലുള്ള  നിഗൂഢസുന്ദരമായ പ്രണയത്തെ ശ്വാസം പിടിച്ചുള്ള ഒരുവായനയ്ക്കു ശേഷം വിട്ടുകളയാന്‍ നമുക്കാവില്ല. നിരന്തരമവര്‍ നമ്മെ പിന്തുടരും. സാഹസികതയും അന്വേഷണവും പ്രണയവും പിന്തുടരുന്ന മഞ്ഞിന്റെ വിശുദ്ധ പുസ്തകമേ സ്വസ്തി!