ല്യാണിയുടെയും ദാക്ഷായണിയുടെയും കത പറഞ്ഞ രാജശ്രീയുടെ ആദ്യനോവല്‍ ലിംഗരാഷ്ട്രീയത്തിലെ സ്ത്രീ-പുരുഷദ്വന്ദ്വങ്ങളെയാണ് സംബോധന ചെയ്തത്. ബഹുവിതാനങ്ങളുള്ള, ധ്വനിസമൃദ്ധമായ നാട്ടുഭാഷയുടെ അനന്യമായ ശൈലിയില്‍ ജീവിതവും ചരിത്രവും ഭാവനയും സംലയിപ്പിച്ചെടുത്ത നോവലായിരുന്നു അത്. അടിത്തട്ടിലെ മനുഷ്യര്‍ അവരുടെ ജീവിതംകൊണ്ട് ഭാഷയെ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുന്നതെങ്ങനെയെന്നറിയാന്‍ സഹായിക്കുന്നത്. കഴിഞ്ഞ അമ്പതുവര്‍ഷക്കാലത്തിന്നിടയില്‍ കേരളത്തിലെ അണുകുടുംബജീവിതവും സ്ത്രീ-പുരുഷബന്ധങ്ങളും എങ്ങനെ പരിവര്‍ത്തിക്കപ്പെട്ടുവെന്നതിന്റെ സൂചനകളും സവിശേഷമായ ഭാഷ്യവും നല്‍കുന്നത്. ലിംഗരാഷ്ട്രീയത്തിന്റെ വിസ്തൃതമാനങ്ങളുടെ പുതിയ അറിവിലേക്കും ജീവിതത്തിലേക്കും ലോകം വികസിതമാകുമ്പോള്‍ രാജശ്രീയുടെ നോവല്‍കലയും ആ വഴിയേ സഞ്ചരിക്കുന്നു. 'ആത്രേയകം' ആ വികാസത്തെയാണ് സൂചിപ്പിക്കുന്നത്.

To advertise here,

'വെറുതെ ഒരു കഥയും ഉണ്ടാകില്ല. സംഭവങ്ങളും സാഹചര്യങ്ങളുമാണ് അതുണ്ടാക്കുക' - രാജശ്രീയുടെ നോവലില്‍ പാഞ്ചാലമഹാറാണി കൃഷ്ണയോട് ഇങ്ങനെ പറയുന്നുണ്ട്. മലയാള ഭാഷയില്‍ 'ആത്രേയകം' എന്ന നോവലിനെ സൃഷ്ടിച്ച സാഹചര്യങ്ങള്‍ എന്താണെന്നു ചോദിക്കാന്‍ കൂടി ഈ വാക്യങ്ങള്‍ പ്രേരകമാകുന്നുണ്ടാകും. ക്വിയര്‍ പഠനങ്ങളോട് നമ്മുടെ ബുദ്ധിജീവിതം സ്വീകരിക്കുന്ന മനോഭാവങ്ങളും മഴവില്‍ വര്‍ണരാജിയെ കുറിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലുമെന്ന പോലെ നമ്മുടെ സമൂഹവും ഗൗരവത്തോടെ ആലോചിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയതുമാണ് ആദ്യം പറയേണ്ടതെന്നു തോന്നുന്നു. 

ലൈംഗികതയെ കുറിച്ചുള്ള ജീവശാസ്ത്രപരമായ ന്യൂനീകരണവ്യാഖ്യാനങ്ങള്‍ വിമര്‍ശിക്കപ്പെടുകയും സാമൂഹികനിര്‍മിതിയെന്ന നിലയില്‍ അതിനെ കാണാന്‍ ശ്രമിക്കുന്ന പരിപ്രേക്ഷ്യങ്ങള്‍ വിപുലമാകുകയും ചെയ്തത് കേരളത്തിലും സ്വാഭാവികമെന്നോണം അനുരണനങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. വര്‍ണരാജിയുടെയും ബഹുസ്വരതയുടെയും മൂല്യങ്ങള്‍ ഏറെപ്പേരെ ആകര്‍ഷിക്കുന്നു. കലയും സാഹിത്യവും ഉള്‍പ്പെടെയുള്ള വ്യവഹാരങ്ങളില്‍ അത് പ്രതിഫലിക്കുന്നു. നപുംസകം എന്ന വാക്കിനെ നിരസിച്ചുകൊണ്ട് സപുംസകം എന്ന വാക്കു നിര്‍മിക്കാന്‍ ഒരു കഥാകാരന്‍ ഉത്സുകനാകുന്നു. നിരമിത്രന്റെ കഥ ഓര്‍ക്കപ്പെടുകയും രാജശ്രീയുടെ പുനര്‍രചനയ്ക്ക് വിധേയമാകുകയും ചെയ്യുന്ന പ്രധാനപ്പെട്ട സാംസ്‌കാരികസന്ദര്‍ഭം ഇതാണ്. 

ഇന്ത്യയില്‍ ഹിന്ദുത്വരാഷ്ട്രീയം മേല്‍ക്കൈ നേടുകയും ഇതിന്റെ തുടര്‍ച്ചയെന്നോണം ഹൈന്ദവമെന്നു പൊതുബോധം നിനയ്ക്കുന്ന മഹാഭാരതം ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങളും പുരാണങ്ങളും പല വിധത്തിലുള്ള പാരായണങ്ങള്‍ക്കു വിധേയമാകുകയും വിശകലനങ്ങളും വിമര്‍ശങ്ങളും ഉണ്ടാകുകയും ചെയ്യുന്ന സന്ദര്‍ഭവും  നോവലിന്റെ രചനയ്ക്കു പ്രേരണയായിട്ടുണ്ടാകാം. മലയാളത്തില്‍ 'ഭാരതപര്യടന'വും 'ഇനി ഞാന്‍ ഉറങ്ങട്ടെ', 'രണ്ടാമൂഴം' തുടങ്ങിയ നോവലുകളും ഇരാവതി കാര്‍വെയുടെ പുസ്തകത്തിന്റെ വിവര്‍ത്തനവും ഷീജ വക്കത്തിന്റെ 'ശിഖണ്ഡിനി' കാവ്യവും നല്‍കിയ വായനകള്‍ മുതല്‍ ഇതിഹാസത്തെ ഇന്ത്യയുടെ പ്രാചീനകാല ചരിത്രവുമായി ബന്ധിപ്പിക്കുന്ന നിരീക്ഷണങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന കെ.സി. നാരായണന്റെ പുസ്തകവും സുനില്‍ പി. ഇളയിടത്തിന്റെ മഹാഭാരതപ്രഭാഷണങ്ങളും ഇവയോടൊക്കെ പുതിയ രാഷ്ട്രീയഗണങ്ങള്‍ ഉയര്‍ത്തിയ പ്രതികരണങ്ങളും വരെ ഈ നോവലിന് പ്രേരണയോ പ്രചോദനമോ ആയിട്ടുണ്ടാകാം.

placeholder
പുസ്തകത്തിന്റെ കവര്‍പേജ്‌

രാജശ്രീയുടെ നോവലും പ്രശ്നീകരണങ്ങളുടെ ബൃഹദ്ലോകങ്ങള്‍ തുറക്കുന്നു. പ്രശ്നീകരണങ്ങളാണ് പ്രധാനമെന്ന് ഉറപ്പിക്കുന്ന എഴുത്തുകാരി നോവലിനെ പ്രശ്നീകരണത്തിനുളള മാധ്യമമാക്കി മാറ്റുന്നു. പ്രശ്നീകരണങ്ങള്‍ പ്രശ്നത്തെ അടുത്തറിയാന്‍ സഹായിക്കുന്നുവെന്ന് ഗ്രഹിക്കുന്നു. പുതിയ അര്‍ത്ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നു.

രാജശ്രീ എഴുതുന്ന നിരമിത്രന്റെ കഥ മഹാഭാരതത്തിന്റെ വ്യവസ്ഥിതപാഠമായ വൈശമ്പായനമഹാഭാരതത്തില്‍ കാണുന്നതല്ല. പൂര്‍ണരൂപത്തില്‍ എവിടെയെങ്കിലും ലഭ്യമല്ലാത്ത, അഗ്നിക്കിരയാക്കപ്പെടുകയോ പല വിധത്തില്‍ തമസ്‌കരിക്കപ്പെടുകയോ ചെയ്ത ജൈമിനിയുടെ മഹാഭാരതത്തിന്റെ ഭാഗമെന്നു കരുതപ്പെടുന്ന നാടോടി കഥാഖ്യാനങ്ങളോടാണ് രാജശ്രീയുടെ നോവല്‍ സഹഭാവം പുലര്‍ത്തുന്നത്. നോവലിന്റെ അവസാന അധ്യായത്തില്‍ ജൈമിനിയുടെ മഹാഭാരതം അഗ്‌നിപരീക്ഷയ്ക്ക് വിധേയമാകട്ടെയെന്ന് വിധിക്കുന്ന വ്യാസനെ നോവലിസ്റ്റ് അവതരിപ്പിക്കുന്നുണ്ട്. അഗ്‌നിക്കിരയാക്കിയിട്ടും ജൈമിനിയുടെ പാഠങ്ങള്‍ നിലനില്‍ക്കുന്നുവെന്നതിന്റെ തെളിവായി എഴുത്തുകാരി തന്റെ നോവലിനെ അവതരിപ്പിക്കുകയാണെന്നും നമുക്ക് തോന്നാം. മഹാഭാരതത്തിലെ ശിഖണ്ഡിനി/ശിഖണ്ഡിയുടെ കഥയുടെ അതികഥാചിത്രണമാണിത്, ശിഖണ്ഡി എന്ന നാമം നോവലില്‍ എവിടെയെങ്കിലും പരാമര്‍ശിക്കപ്പെടുക പോലും ചെയ്യാത്തിടത്തോളം അകലെയാണെങ്കിലും. 

ശിഖണ്ഡി നിരമിത്രന്‍ എന്ന പേരില്‍ കന്നഡഭാഷയിലെ പമ്പാഭാരതത്തിലും തമിഴ് ഭാഷയിലെ പെരുന്തേവനരുടെ മഹാഭാരതത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവയോടൊക്കെ രാജശ്രീയുടെ നോവലിന്റെ പ്രമേയത്തിന് ബന്ധം പറഞ്ഞേക്കാന്‍ കഴിയുമെങ്കിലും ഏറിയ പങ്കും അത് എഴുത്തുകാരിയുടെ ഭാവനാസൃഷ്ടിയാണ്. നിരമിത്രന്റെ കഥയുടെ പുനര്‍രചനയില്‍ പല വിധത്തില്‍ പലയിടങ്ങളില്‍ പ്രചരിതമായ നാടോടിക്കഥകളെ രാജശ്രീ മാറ്റിപ്പണിയുന്നു.

പുരാവസ്തുസാമഗ്രികള്‍ നിരത്തി ശാസ്ത്രീയമായ അവലോകന/വിശകലനങ്ങളിലൂടെ പോയകാലത്തെ കണ്ടെത്തുന്ന ചരിത്രകാരന്റെ പാടവത്തോടെ മഹാഭാരതത്തിലെ ദ്രുപദരാജാവിന്റെയും ആ രാജകുടുംബത്തിന്റെയും കഥകളില്‍ നിന്നും മറഞ്ഞു കിടക്കുന്ന ജീവിതബന്ധങ്ങളെയും ഇതര സാമഗ്രികളെയും കണ്ടെടുക്കുകയും (നിര്‍മിക്കുകയും എന്നു പറയുന്നതാകും കൂടുതല്‍ ഉചിതം) യുക്തിപൂര്‍വം കൂട്ടിച്ചേര്‍ത്ത് ഒരു സാകല്യചിത്രം ഒരുക്കുകയും ചെയ്യുന്നു. ഈ വലിയ പ്രക്രിയയില്‍ തന്റെ ദര്‍ശനവും വിവിധ ജ്ഞാനരൂപങ്ങളിലുള്ള അറിവും എഴുത്തുകാരി മുറുകെ പിടിക്കുന്നു. സമകാലജീവിതത്തിന്റെയും ചരിത്രത്തിന്റെയും വിളികള്‍ കേട്ടുകൊണ്ട് എഴുത്തുകാരി നിരമിത്രന്റെ കഥ പുതുക്കിയെടുക്കുന്നു.

ശരീരങ്ങള്‍കൊണ്ടും ജീവിതംകൊണ്ടും എന്തുചെയ്യണമെന്ന് അതാതു വ്യക്തികള്‍ തീരുമാനിക്കട്ടെ എന്ന ജനാധിപത്യബോധം ആര്‍ജ്ജിച്ച സമൂഹമല്ല നമ്മുടേത്. ലൈംഗികജീവിതം സദാചാരവിലക്കുകളുടെയും അത്യന്തം ന്യൂനീകൃതവും സങ്കുചിതവുമായ സമീപനങ്ങളുടെയും തടവറയിലാണ്. ബലാത്സംഗങ്ങളുടെയും ഒളിഞ്ഞുനോട്ടങ്ങളുടെയും കടന്നാക്രമണങ്ങളുടെയും അഗമ്യഗമനങ്ങളുടെയും രൂപത്തില്‍ പുറത്തേയ്ക്ക് നന്നായി  പ്രകടമാകുന്ന അസംതൃപ്തി ലൈംഗികസ്വാതന്ത്ര്യമില്ലാത്ത ഒരു സമൂഹത്തെയാണ് കാണിക്കുന്നത്. സദാചാരവ്യവസ്ഥ ലൈംഗികസ്വത്വങ്ങളുടെ മേല്‍ നിരന്തരം സൂക്ഷ്മനിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു. മനുഷ്യനെ പുരുഷന്‍ - സ്ത്രീ എന്നീ ദ്വന്ദ്വങ്ങളായി വിഭജിക്കുന്ന സുപരിചിതപരിപ്രേക്ഷ്യമാണ് നമ്മുടെ പൊതുബോധത്തിലുള്ളത്. പൊതുബോധവും സദാചാരവ്യവസ്ഥയും കൂടിച്ചേര്‍ന്ന് മൂന്നാം ലിംഗത്തെ വലിയ അപഭ്രംശമായി മാറ്റുന്നു. മൂന്നാം ലിംഗത്തിന്റെ സാന്നിധ്യം തന്നെ പൊതുബോധം പേറുന്നവരില്‍ വലിയ അസ്വാസ്ഥ്യം സൃഷ്ടിക്കുന്നതാണ്. ഇത് സമകാല മധ്യവര്‍ഗത്തിന്റെ അവസ്ഥ മാത്രമല്ലെന്നാണ് മഹാഭാരതത്തിലെ നിരമിത്രന്റെ കഥ കാണിക്കുന്നത്. 

മഹാഭാരതം മൂന്നാംലിംഗത്തിനു കൂടി ഇടം നല്‍കുന്നതിലൂടെ ലൈംഗികതയെ ബഹുലതയിലും സാകല്യത്തിലും ഉള്‍ക്കൊണ്ട ഒരു പുരാതന/സനാതനസംസ്‌കാരത്തിന്റെ സമൂഹത്തെ സാക്ഷ്യപ്പെടുത്തുന്നുവെന്ന ചില ഹൈന്ദവവാദികളുടെ വ്യാഖ്യാനങ്ങളെ നിരമിത്രന്റെയും നിരവധി സ്ത്രീകളുടെയും വേദന നിറഞ്ഞതും യാതനാപൂര്‍ണവുമായ ജീവിതാനുഭവങ്ങളുടെ ആഖ്യാനംകൊണ്ട് നമ്മുടെ കഥാകാരി വെല്ലുവിളിക്കുന്നു. വൈദികവര്‍ണ സംസ്‌കൃതിയില്‍ ഒരിക്കലും അത് അങ്ങനെയായിരിക്കാന്‍ സാധ്യമല്ലെന്ന് ഉറപ്പിക്കുന്നു. സമകാലത്തെ മധ്യവര്‍ഗകുടുംബവ്യവസ്ഥയെന്ന പോലെ തന്നെ പുറമേയ്ക്ക് സ്വസ്ഥമെന്നും സുഖമെന്നും സംതൃപ്തമെന്നും കൊണ്ടാടപ്പെട്ടിരുന്ന രാജകൊട്ടാരങ്ങളുടെ അകത്തളങ്ങളിലെ ലൈംഗികജീവിതങ്ങളിലെ അനൈതികതകളെയും അടിച്ചമര്‍ത്തലുകളെയും രാജശ്രീ എഴുതുന്ന നിരമിത്രന്റെ കഥ വിവൃതമാക്കുന്നുണ്ട്. അമര്‍ ചിത്രകഥകളിലെന്ന പോലെ ശിഖണ്ഡിനിയുടെ കഥ പറയുന്ന പല രൂപത്തിലുള്ള എഴുത്തുകള്‍ ആംഗലഭാഷയിലുള്‍പ്പെടെ ഈയിടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

ഹിന്ദുത്വയുടെ പുനരുജ്ജീവനത്വരകളെ തൃപ്തിപ്പെടുത്തുന്ന ഇത്തരം രചനകളില്‍ നിന്നും രാജശ്രീയുടെ നോവല്‍ ബഹുദൂരം അകലെയാണ്. മറിച്ച്, ഹിന്ദുത്വയുടെ വരേണ്യവും പുരുഷാധിപത്യപരവുമായ പ്രത്യയശാസ്ത്രത്തിനെതിരെ നില്‍ക്കുന്ന ജീവിതദര്‍ശനംകൊണ്ടാണ് രാജശ്രീ തന്റെ രചന ചമച്ചിരിക്കുന്നത്. ഏറെ സര്‍ഗാത്മകവും ധൈഷണികവും ദാര്‍ശനികവുമായ ഭാഷയിലാണ് വ്യാസമഹാഭാരതത്തില്‍ പ്രാന്തവല്‍ക്കരിക്കപ്പെടുകയോ തമസ്‌കരിക്കപ്പെടുകയോ ചെയ്ത ഈ മൂന്നാംലിംഗത്തിന്റെ കഥാഖ്യാനം നോവലിസ്റ്റ് നിര്‍വഹിച്ചിരിക്കുന്നത്. വ്യാസഭാരതം ശിഖണ്ഡിയെ മൂന്നാം ലിംഗമെന്ന് വിളിക്കുന്നതേയില്ല. അതുകൊണ്ടു തന്നെ വ്യവസ്ഥാപിതപാഠത്തില്‍ നിന്നുള്ള വിച്ഛേദം തുടക്കത്തിലേ ബോധ്യപ്പെടും. നിരമിത്രന് യഥാര്‍ഥസ്വത്വം നല്‍കുന്ന പ്രവര്‍ത്തനം ഈ നോവലില്‍ നടക്കുന്നു. പുരുഷന്‍, സ്ത്രീ എന്നീ  കോളങ്ങളോടൊപ്പം മൂന്നാംലിംഗത്തിനും കോളമനുവദിച്ച കാലത്തിന്റെ നിര്‍ദ്ദേശവുമാണത്.  

placeholder
ആര്‍. രാജശ്രീ | ഫോട്ടോ: ലതീഷ് പൂവത്തൂര്‍

അതീവ സൂക്ഷ്മതയോടെയാണ് കേന്ദ്രകഥാപാത്രത്തെ രാജശ്രീ രൂപപ്പെടുത്തിയിരിക്കുന്നത്. യുവരാജാവായി പ്രഖ്യാപിക്കപ്പെട്ട ഉടനെ മനുഷ്യര്‍ മനുഷ്യരോട് ചെയ്യുന്ന അവമതികളെ വിലക്കണമെന്ന് നിരമിത്രന്‍ ആവശ്യപ്പെടുന്നു. കേന്ദ്ര കഥാപാത്രത്തിന്റെ  ജീവിതദര്‍ശനം നോവലിന്റെ തുടക്കത്തില്‍ തന്നെ കഥാകാരി പ്രഖ്യാപിക്കുകയാണ്. പൊതുബോധം പരിഹാസച്ചിരികളോടെയാണ് അയാളുടെ ആവശ്യത്തെ കേള്‍ക്കുന്നത്. പൊതുബോധത്തോട് ഇടയുന്ന മൂല്യലോകങ്ങള്‍ അയാളുടെ ജീവിതത്തില്‍ സൃഷ്ടിക്കാന്‍ പോകുന്ന സന്ദിഗ്ദ്ധതകളെയും പ്രതിസന്ധികളെയും മുന്‍കൂട്ടി പ്രവചിക്കുന്നതുമാണ് ഈ സന്ദര്‍ഭം. നിരമിത്രന്റെ ജീവിതത്തിലേക്ക് അസാധാരണമെന്നോണം നിരവധി കണ്ണുകള്‍ തുറന്നിരിക്കുന്നുണ്ട്. സാമാന്യബോധത്തിന്റെ നോട്ടത്തിലും അധികാരത്തിന്റെ സദാചാരസംഹിതയിലും നിരമിത്രന്‍ വ്യത്യസ്തനാണല്ലോ? പൊതുബോധത്തിന് അയാളെ വീണ്ടും വീണ്ടും നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയും ആ വ്യത്യസ്തശരീരം എന്താണ് ചെയ്യുന്നതെന്ന് കാണുകയും വേണം. 

പൊതുബോധത്തിന്റെ സ്വീകാര്യമായ മാനദണ്ഡങ്ങളില്‍ അയാളുടെ ശരീരം ഉള്‍പ്പെടുന്നില്ല. വ്യവസ്ഥിതമാനദണ്ഡങ്ങള്‍ക്കു പുറത്തുള്ള വ്യത്യസ്തതകളെ ഉള്‍ക്കൊള്ളാന്‍ പൊതുബോധം തയ്യാറുമല്ല. എപ്പോഴും മറ്റുള്ളവരുടെ സൂക്ഷ്മദൃഷ്ടികള്‍ക്ക് വിധേയമാകുന്നവര്‍ക്ക് ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് സാധാരണയില്‍ കവിഞ്ഞ മനഃസാന്നിധ്യം വേണം. വരാനിരിക്കുന്ന സന്തോഷത്തെ പോലും ആശങ്കയോടെ സമീപിക്കുകയെന്നത് ചിലരുടെ വിധിയാണെന്ന് നിരമിത്രന്റെ അവസ്ഥയെ ചൂണ്ടി എഴുത്തുകാരി കാണുന്നുണ്ട്. നിരമിത്രന് സന്തോഷത്തെ നേരിടാനും ധീരത വേണം. ദശാര്‍ണ രാജകുമാരിയോടൊപ്പമുള്ള ആദ്യരാത്രിയെ അഭിമുഖീകരിക്കുന്ന അയാളില്‍ അരങ്ങുണരുന്നതിന് മുമ്പ് മുദ്രകളും ചുവടുകളും അവസാനമായി ഓര്‍ത്തെടുക്കുന്ന നര്‍ത്തകിയുടേതു പോലെ ആധി പൊതിഞ്ഞതായി ആഖ്യാതാവ് എഴുതുന്നു.    

ലൈംഗികത ഒഴുകുന്ന ദ്രാവകം പോലെയാണ്, ഇരിക്കുന്ന പാത്രത്തിന്റെ ആകൃതിയെ കൈവരിക്കുന്നത്. ലൈംഗികതയുടെ മാനദണ്ഡങ്ങള്‍ കേവലം മാനദണ്ഡങ്ങള്‍ മാത്രമാണ്, അവ അനിവാര്യമായ സ്വഭാവങ്ങളല്ല. ജൂഡിത് ബട്ലറുടെ നിദര്‍ശനങ്ങളോടു ആഭിമുഖ്യം കാണിക്കുന്നവളെ പോലെ നോവലിലെ ആഖ്യാതാവ് ഇങ്ങനെ എഴുതുന്നു: 'ശരീരങ്ങളെല്ലാം വിവിധാകാരമുള്ള പാത്രങ്ങള്‍ മാത്രമാണ്. അവയില്‍ ഒഴുകി നിറയുന്ന ആനന്ദം മാത്രമാണ് ശാശ്വതമായ സത്യം. ഒഴുകാനുള്ള വഴികള്‍ തടയാതിരിക്കാന്‍ മനുഷ്യര്‍ക്കാവും. പക്ഷേ, അവയെ ഏതു വിധേനയും അടച്ചു കളയണമെന്നാണ് അവര്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നത്.' വധുവായ ദശാര്‍ണ രാജകുമാരി ആദ്യരാത്രിയില്‍ തന്നെ നിരമിത്രനില്‍ നിന്നും ഓടിപ്പോയെന്ന വാര്‍ത്ത ഏറെ അപമാനത്തോടെയാണ് പാഞ്ചാലരാജ്യം ശ്രവിക്കുന്നത്. ജന്മദോഷംകൊണ്ട് കുലം മുടിച്ചവനെന്ന് ദ്രുപദരാജാവ് നിരമിത്രനോടു ക്രോധിക്കുന്നു. 

ഒരു സ്ത്രീയില്‍ എങ്ങനെ പെരുമാറണമെന്ന് കണ്ടുപഠിക്ക് എന്ന് ആക്രോശിച്ചുകൊണ്ട് അയാള്‍ തന്റെ പുത്രനു മുന്നില്‍ അവന്റെ അമ്മയെ ഭോഗിക്കുന്നു. അല്ലാ, അല്ല, ഞാനിതല്ല എന്ന് നിര്‍മിത്രന്‍ ശബ്ദമില്ലാതെ നിലവിളിക്കുന്നു. പുരുഷനു പുറത്ത് എല്ലാ ലൈംഗികഗണങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നും പുരുഷന്റെ അധികാരവും ആധിപത്യവും സദാചാരസംഹിതയും സ്ത്രീ ഉള്‍പ്പെടെ മറ്റു ലൈംഗികഗണങ്ങളെയെല്ലാം അപ്പാടെ അവഗണിക്കുക മാത്രമല്ല അതിനീചമായി ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നുവെന്നും അവരുടെ ആത്മാഭിമാനത്തെ തകര്‍ക്കുന്നുവെന്നും ദ്രുപദരാജാവിന്റെ ഈ നൃശംസമായ പ്രവൃത്തി കാണിച്ചു തരുന്നുണ്ട്. രാജാവിന്റെ ഈ പരാക്രമത്തിനു ശേഷം മഹാറാണി രോഗശയ്യയില്‍ നിന്നും എഴുന്നേല്‍ക്കാനാവാത്ത സ്ഥിതിയിലാകുന്നു. നിരമിത്രന്‍ രാജ്യാതിര്‍ത്തിയിലേക്കു പോയി സ്വയംഹത്യക്കു ശ്രമിക്കുന്നു. 

പുരുഷമൂല്യങ്ങളെ മാത്രം പേറുന്ന ലൈംഗികസദാചാരം ഇതര ലൈംഗികഗണങ്ങളുടെ അസ്തിത്വത്തെ തന്നെ തകര്‍ക്കുന്നതാണെന്ന് കഥാകാരി പറഞ്ഞു വയ്ക്കുന്നു. എന്നാല്‍, തന്റെ ജീവിതത്തിന്റെ മറ്റൊരു സന്ദിഗ്ധമുഹൂര്‍ത്തത്തില്‍ യാഥാര്‍ഥ്യത്തെ തിരിച്ചറിയുന്നവനെ പോലെ ദ്രൂപദമഹാരാജാവ് ഇങ്ങനെ കുമ്പസാരിക്കുന്നുണ്ട്. 'മനുഷ്യന്‍ ഏതു യോനിയില്‍ ജനിക്കുന്നുവെന്നതും ഏതു രൂപത്തിലായിരിക്കുന്നുവെന്നതും പ്രസക്തമല്ല. ജലം നിരാകാരമാണ്. ആവശ്യമുള്ള സമയത്ത് അത് വിവിധമായ ആകാരങ്ങള്‍ കൈക്കൊള്ളും. മനുഷ്യന്റെ ജന്മവും അതുപോലെയാണ്. മനസാ വാചാ കര്‍മണാ അബദ്ധങ്ങളുടെ ശൃംഖലയില്‍ പെട്ടുപോയിരുന്നതുകൊണ്ട് അത്രയും നിസ്സാരമായ ഒരു കാര്യം അംഗീകരിക്കാനായില്ല. പ്രജ്ഞയില്‍ വിഷം കലങ്ങിയാല്‍ ഔചിത്യം പ്രവര്‍ത്തിക്കുന്നതെങ്ങനെ?'  

നിരമിത്രന്‍ പുരുഷനാണെന്നു തെളിയിക്കുകയെന്നത് പാഞ്ചാലരാജ്യത്തിന്റെ അന്തസ്സിന്റെയും അഭിമാനത്തിന്റെയും പ്രശ്നമായി മാറിത്തീരുന്നു. പുരുഷന്‍/സ്ത്രീ എന്ന വ്യവസ്ഥിതമാനദണ്ഡങ്ങള്‍ക്കുള്ളിലേക്ക് ലൈംഗികജീവിതത്തെ നിര്‍ബന്ധിച്ച് അമര്‍ത്തിയൊതുക്കാന്‍ രാജഭരണാധികാരം തീവ്രമായി ശ്രമിക്കുന്നതിന്റെ വിവരണങ്ങളാണ് നാം തുടര്‍ന്നു വായിക്കുന്നത്. വ്യവസ്ഥിതമാനദണ്ഡങ്ങള്‍ക്കു പുറത്തുള്ള ലൈംഗികതയെ കുറിച്ചു രാജഭരണത്തിനും പൊതുബോധത്തിനുമുള്ള ഉല്‍ക്കണ്ഠകള്‍ സൂക്ഷ്മമായി ആഖ്യാനത്തില്‍ രേഖപ്പെടുന്നുണ്ട്. വ്യാസമഹാഭാരതകഥയില്‍ ദ്രുപദനു ജനിക്കുന്ന ശിഖണ്ഡിനി ശിഖണ്ഡിയായി മാറുകയാണ്. ഒരു യക്ഷനാണ് അത് നിര്‍വഹിക്കുന്നതെന്നും സ്ഥൂണകര്‍ണന്‍ എന്നാണ് അദ്ദേഹത്തിന്റെ നാമമെന്നും മഹാഭാരതം പറയുന്നു.
'ശിഖണ്ഡി ദ്രുപദനുണ്ടായി കന്യതാന്‍ മകനായവന്‍
അവനെ സ്ഥൂണനാം യക്ഷനാണാക്കിത്തീര്‍ത്തു നന്ദിയാല്‍' (ആദിപര്‍വ്വം, അംശാവതരണപര്‍വ്വം)

'ഒട്ടുകാലത്തേക്കു നല്‍കാമെന്‍ പുല്ലിംഗം നിനക്കു ഞാന്‍' (ഉദ്യോഗപര്‍വ്വം, അംബോപഖ്യാനപര്‍വം) എന്നേ യക്ഷന്‍ പറയുന്നുള്ളൂ. ദ്രുപദരാജാവിന്റെ ശിവഭക്തിയും താല്‍പ്പര്യങ്ങളും അനുസരിച്ചാണ് ശിഖണ്ഡിനി പുരുഷനായി മാറുന്നത്. ഭീഷ്മരോടു പ്രതികാരവാഞ്ഛ പുലര്‍ത്തുന്ന അംബയുടെ പുനര്‍ജന്മമായിരുന്നു ശിഖണ്ഡിനിയെന്ന ന്യായീകരണവും ആ കഥയിലുണ്ട്. തമിഴ് ഭാഷയിലുള്ള പെരുന്തേവനരുടെ മഹാഭാരതത്തിലും കന്നഡഭാഷയിലുള്ള പമ്പാഭാരതത്തിലും അത്രി മഹര്‍ഷിയെ സന്ദര്‍ശിക്കുകയും ചികിത്സാവിധികള്‍ക്കും ഉപദേശങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കും വിധേയനായി പരിവര്‍ത്തിക്കപ്പെടുകയും ചെയ്യുന്ന നിരമിത്രന്റെ കഥകളുമുണ്ട്. അത്രി എന്ന മഹര്‍ഷിയുടെ നാമത്തിന് ആത്രേയകവുമായി ബന്ധമുണ്ടാകാം. എന്നാല്‍, ഈ നോവലില്‍ ചൂഡകന്‍ എന്ന ചികിത്സകന്റെ അടുത്താണ് നിരമിത്രന്‍ എത്തിപ്പെടുന്നത്. 

നിരമിത്രനെ രക്ഷിച്ച് ആത്രേയകത്തിലേക്ക് അവര്‍ എത്തിക്കുകയായിരുന്നു. ആത്രേയകത്തില്‍ ചൂഡകന്റെയും ഇളയുടെയും ബലന്റെയും ചികിത്സയിലും പരിചരണങ്ങളിലും നിരമിത്രന്‍ മാറിത്തീരുന്നു. ഇളയുടെ ചികിത്സാവൈഭവം പാഞ്ചാലത്തെ തുണച്ചു. എന്നാല്‍, 'ക്ലീബത്വത്തിനു ചികിത്സയില്ല. കാരണം അതൊരു രോഗമല്ല. മനുഷ്യന്റെ പ്രത്യക്ഷങ്ങളിലൊന്നു മാത്രമാണ്' എന്നാണ് ചൂഡകന്‍ പറയുന്നത്. അയാളുടെ ആദര്‍ശം ഇക്കാലത്തെ ക്വിയര്‍ പഠനങ്ങളുടെ സമീപനങ്ങളോട് അടുത്തു നില്‍ക്കുന്നതും കാണണം. നിരമിത്രനെ കാണുന്നവര്‍ക്ക് പുരുഷനെന്നു പ്രതീതി ജനിപ്പിക്കാന്‍ ചൂഡകന്റെ ചികിത്സക്കു കഴിയുന്നുണ്ട്. എന്നാല്‍, അയാള്‍ രാജതാല്‍പര്യാര്‍ഥം നേരിടുന്ന പരിശോധനക്കിടയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടേണ്ടി വന്ന യുവതിയുടെ അവസ്ഥ കാണുമ്പോള്‍ നിരമിത്രന്റെ ഉടല്‍ അപമാനം കണ്ടു വിറകൊണ്ടു. കണ്ണുകള്‍ നിറഞ്ഞു തൂവി. 

പാഞ്ചാലരാജ്യത്തിന്റെ ഹിതപ്രകാരം അയാള്‍ പുരുഷപരീക്ഷയില്‍ വിജയിക്കുമ്പോള്‍ രാജ്യം മാത്രമാണ് സന്തോഷിക്കുന്നത്. നിരമിത്രനില്‍ കുറ്റബോധം നിറയുന്നു. അനര്‍ഹമായ വിജയം നേടിയവന്റെ ആത്മനിന്ദയിലേക്ക് നിരമിത്രന്‍ വീഴുന്നു. അയാളെ ഉപേക്ഷിച്ചുപോയ രാജകുമാരി തനിക്ക് പിന്നീട് നേരിട്ട ദുര്യോഗത്തെ നിരമിത്രനോടു തന്നെ പറയുന്നുണ്ട്. 'മത്സരപരീക്ഷയ്ക്കു ശേഷം ഞാന്‍ അടങ്ങാത്ത കാമദാഹമുള്ളവളായി. അമ്പെയ്തോ മുല മുറിച്ചോ ശിക്ഷിക്കപ്പെടേണ്ട ഒരുവള്‍.' രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാനുള്ള നീചമായ രാജകല്‍പനകള്‍ പ്രജകളെ (പുതിയ കാലത്ത് പൗരരെ എന്നു പറയണം) മാത്രമല്ല രാജകുടുംബത്തിലെ ഉറ്റവരെ പോലും എത്രമാത്രം വേദനയിലേക്കും ആത്മനിന്ദയിലേക്കും നയിക്കുന്നുവെന്ന് ഈ പ്രകരണം നമ്മെ ഉണര്‍ത്തുന്നു.

മൂന്നാം ലിംഗത്തിന്റെ പ്രതിനിധിയായി നോവലില്‍ പ്രത്യക്ഷപ്പെടുന്ന നിരമിത്രന്‍ അഭിമുഖീകരിക്കുന്ന പരീക്ഷണഘട്ടങ്ങള്‍ രാജാധികാരത്തിന്റേതെന്ന പോലെ പുരുഷാധിപത്യത്തിന്റേതു കൂടിയാണ്. തന്റെ സഹോദരി കൃഷ്ണ ജീവിതത്തില്‍ അനുഭവിക്കുന്ന വേദനകളോട് നിരമിത്രന് സഹഭാവം തോന്നുന്നു. ഒരേ ആയുധംകൊണ്ടു മുറിവു പറ്റിയ ജീവികളായി നിരമിത്രന്‍ തന്നെയും കൃഷ്ണയേയും സങ്കല്‍പിക്കുന്നുണ്ട്. ഇരുവരേയും മുറിവേല്‍പ്പിക്കുന്ന മൂര്‍ച്ച പുരുഷാധിപത്യത്തിന്റെ തികച്ചും ഏകപക്ഷീയമായ ലൈംഗികതയെ കുറിച്ചുള്ള വീക്ഷണമാണ്. പുരുഷന്റെ ഇഷ്ടാനിഷ്ടങ്ങള്‍ ലോകത്തിന്റെ നിയമമാകുന്നതെങ്ങനെയെന്ന് ഇള ആലോചിക്കുന്നുണ്ട്. ബലമായി വേഴ്ച നടത്തുന്ന മുനിയെ ഇള പാവം എന്നു വിളിക്കുന്നു. രാജശ്രീയുടെ ആദ്യനോവല്‍ തന്നെ വലിയ അധികാരികളായ പുരുഷന്മാരുടെ പാവത്തങ്ങളെ തുറന്നു കാണിച്ചിരുന്നു. പ്രസവം കണ്ടു ഭയക്കുന്നവന്‍. കാമാസക്തിയാല്‍ വിറയ്ക്കുന്നവന്‍, പണം ഭ്രാന്തായി ആവേശിച്ചവന്‍. ഒരു കാര്യത്തെ കാണാന്‍ പല കണ്ണുകളില്ലാത്തവന്‍... പുരുഷാധികാരം ഈ പാവത്തങ്ങളെ മറയ്ക്കുന്നതിനുള്ള ശ്രമങ്ങളാണോ എന്ന് സന്ദേഹിക്കാന്‍ കഴിയുന്ന സന്ദര്‍ഭങ്ങള്‍ കല്യാണിയുടേയും ദാക്ഷായണിയുടേയും ജീവിതത്തെ എഴുതുന്ന നോവലില്‍ കഥാകാരി സൃഷ്ടിച്ചിരുന്നു.  

ഇളയും കൃഷ്ണയും പാഞ്ചാല മഹാരാജ്ഞിയും ദ്രുപദരാജാവിന്റെ സപത്നി ഹരിണിയും പെണ്ണിന്റെ ലോകബോധം പ്രകടിപ്പിക്കുമ്പോള്‍ അഞ്ചു മക്കള്‍ക്കായി രാജ്യം നേടുകയെന്നത് ജീവിതവ്രതമാക്കിയ കുന്തി പുരുഷമൂല്യങ്ങളെ സ്ഥാപിക്കാനും തന്റെ പുത്രന്മാരുടെ ഭാര്യയില്‍ അത് അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്നവളായിട്ടാണ് നോവലില്‍ പ്രത്യക്ഷപ്പെടുന്നത്. യുധിഷ്ഠിരനും ഭാര്യയായി കൃഷ്ണ വരണമെന്ന കുന്തിയുടെ ആഗ്രഹം അവരുടെ രാജ്യതാല്‍പ്പര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് കഥാകാരി ധ്വനിപ്പിക്കുന്നുണ്ട്. ഈ താല്‍പ്പര്യമാണ് കൃഷ്ണയെ പഞ്ചപാണ്ഡവരുടെ ഭാര്യയാക്കി മാറ്റുന്നത്. ഇതിനെ മറയ്ക്കാന്‍ കൃഷ്ണ പൂര്‍വ്വജന്മത്തില്‍ നാളായണി എന്ന സ്ത്രീ ആയിരുന്നു എന്ന കഥ കൂട്ടിച്ചേര്‍ക്കപ്പെടുന്നു. കഥകള്‍ അധികാരതാല്‍പ്പര്യത്തെ മറയ്ക്കാനും വരേണ്യതയുടെ അതിജീവനത്തിനുമായി സൃഷ്ടിക്കപ്പെടുന്നു. കഥകള്‍ നമ്മളെ തേടി എത്തിക്കൊള്ളുമെന്ന നിരമിത്രന്റെ വാക്കുകള്‍ അധീശതാല്‍പ്പര്യങ്ങളെ ഉറപ്പിക്കാന്‍ ചമയ്ക്കപ്പെടുന്ന കഥകളിലേക്കാണ് ചൂണ്ടുന്നത്. 

ശരീരത്തിന്റെ കാര്യത്തില്‍ യജമാനന്റെ ഭൂമി കൈവശം വച്ചിരിക്കുന്ന പരിചാരികയാണ് താനെന്ന ബോധം വിട്ട് സ്ത്രീ പ്രവര്‍ത്തിക്കരുതെന്ന് കൃഷ്ണയെ ഉപദേശിക്കുന്നു, പാണ്ഡവരുടെ അമ്മ. കുന്തിയുമായുള്ള ഒരു കൂടിക്കാഴ്ചയുടെ സന്ദര്‍ഭത്തില്‍ എത്രയും പെട്ടെന്ന് അതു തീര്‍ന്നെങ്കിലെന്ന് കൃഷ്ണ ആത്മാര്‍ഥമായി കൊതിക്കുന്നുണ്ട്. പാഞ്ചാലത്തിന്റെ താല്‍പ്പര്യങ്ങള്‍ പാണ്ഡവരുടെയും കുന്തിയുടെയും താല്‍പ്പര്യങ്ങളായി മാറുന്നതാണ് നാം കാണുന്നത്. പ്രണയമോ കാമമോ രതിയോ അല്ല രാജ്യത്തിന്റെയും ധൃഷ്ടദ്യുമ്നന്റെയും വലുതാകാനുള്ള താല്‍പ്പര്യങ്ങളാണ് കൃഷ്ണയുടെ വിവാഹത്തെയും രൂപപ്പെടുത്തുന്നത്. വിവാഹംകൊണ്ടു പകിട കളിക്കണമെന്നതായിരുന്നു പാഞ്ചാലത്തിന്റെ നിയോഗം. ഇന്ത്യയിലെ മണവാട്ടിമാര്‍ക്കു കൈപ്പുസ്തകം എഴുതുന്നവളുടെ അനുഭവങ്ങളും ദര്‍ശനവും ഏതെല്ലാമോ രൂപങ്ങളില്‍ മാറിത്തീര്‍ന്ന് ഈ നോവല്‍ എഴുത്തിലേക്കും പകര്‍ന്നിരിക്കുന്നു. 

മൂന്നാംലിംഗം എന്നതിന്റെ പേരില്‍ വൈവാഹികജീവിതത്തിലും രാജ്യതന്ത്രവിചാരങ്ങളിലും മാത്രമല്ല നിരമിത്രന്‍ ആക്ഷേപിക്കപ്പെടുന്നത്. വലിയ യോദ്ധാവും സംഘാടകനും തന്ത്രജ്ഞനുമായിരുന്നു, നിരമിത്രന്‍. 'ശിഖണ്ഡിയെപ്പോരില്‍ വെല്ലുന്നവനെക്കാണ്മതില്ല ഞാന്‍' എന്ന് ഉദ്യോഗപര്‍വത്തില്‍ തന്നെ വായിക്കാമല്ലോ? ആണും പെണ്ണുമല്ലാത്തവന്റെ യുദ്ധം എന്ന പേരില്‍ ഭീഷ്മനില്‍ നിന്നു മാത്രമല്ല, ആ യുദ്ധവൈദഗ്ധ്യത്തെ ഇകഴ്ത്തുന്ന ധൃഷ്ടദ്യുമ്നനില്‍ നിന്നും നിരമിത്രന് നിരന്തരം അപമാനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. നിരമിത്രന് പാണ്ഡവപക്ഷത്തു യുദ്ധം ചെയ്യേണ്ടി വരുന്നതില്‍ സ്വയം തന്നെ ചില ധാര്‍മികപ്രശ്നങ്ങളുണ്ടായിരുന്നു. ധൃഷ്ടദ്യുമ്നന്റെ കീഴില്‍ പാഞ്ചാലരാജ്യം പാണ്ഡവരോടൊപ്പം ആണെന്നതിലുപരി സഹോദരിയായ കൃഷ്ണയോടുള്ള ബന്ധംകൊണ്ടാണ് അയാള്‍ക്ക് പാണ്ഡവപക്ഷത്തു നില്‍ക്കേണ്ടി വന്നത്. ആത്രേയകത്തിലെ അദ്ദേഹത്തിന്റെ മിത്രങ്ങള്‍ നാഗന്മാരായിരുന്നു. പാണ്ഡവന്മാര്‍ നാഗന്മാരുടെ ശത്രുക്കളായിരുന്നു. അവരെ നിരന്തരം ആക്രമിച്ചു കൊല്ലുന്നവര്‍. നാഗനായ ഘടോല്‍ക്കചനോട് പാണ്ഡവപക്ഷത്തു യുദ്ധം ചെയ്യാന്‍ നിരമിത്രനു പറയേണ്ടിവരുന്നുണ്ട്. ധൃഷ്ടന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണ് നിരമിത്രന്‍ അതു ചെയ്യുന്നത്. 'അംബുലാഷനും ഞാനും ഒന്നിച്ചാണ് പുറപ്പെട്ടത്. അവന്‍ കൗരവപക്ഷത്തു ചേര്‍ന്ന് യുദ്ധംചെയ്ത് മരണപ്പെട്ടിരിക്കുന്നു. 

അശ്വസേനന്‍ അര്‍ജ്ജുനനെ വധിക്കാന്‍ വെമ്പലോടെ നടക്കുന്നു. അങ്ങനെയിരിക്കെ ഞാന്‍ മറുപുറം ചേരുന്നതെങ്ങനെ?' എന്ന് ഘടോല്‍ക്കചന്‍ നിരമിത്രനോടു ചോദിക്കുന്നുണ്ട്. നിരമിത്രന്‍ ഘടോല്‍ക്കചനോടു സംസാരിക്കുമ്പോള്‍ പിതാവായ ഭീമന്‍ പ്രത്യക്ഷപ്പെട്ട് നിരമിത്രന്റെ അതേ ആവശ്യം ഉന്നയിക്കുന്നതും കാണാം. നിരമിത്രനെ ലഘുവാക്കാനുള്ള ധൃഷ്ടന്റെ തന്ത്രമായി നമുക്ക് അനുഭവപ്പെടുന്ന രീതിയിലാണ് നോവലിസ്റ്റ് ഇത് അവതരിപ്പിക്കുന്നത്. ആത്മമിത്രങ്ങളെ ഒറ്റിക്കൊടുത്ത് ചതിച്ചു കൊല്ലാന്‍ കൂട്ടുനിന്ന ക്രൂരനായ വിഡ്ഢിയായി പിന്നീട് ധൃഷ്ടന്റെ പരിഹാസം നിരമിത്രനു കേള്‍ക്കേണ്ടി വരുന്നു. 'അപമാനവും അവഗണനയും മാത്രമേ ഇവിടെ നിന്നു ലഭിക്കൂ . എന്നിട്ടും അങ്ങ് ഇവിടെത്തന്നെ ഒട്ടി നിന്നു. നോക്കൂ രാജകുമാരാ, യോദ്ധാവെന്ന നിലയിലുള്ള അങ്ങയുടെ ഉണ്മ പോലും ഇവിടെ പരിഹസിക്കപ്പെടുകയാണ്.' എന്ന് തന്റെ മിത്രത്തിന്റെ പഴിയും കുറ്റപ്പെടുത്തലും കൂടിയുണ്ട്. 

സങ്കീര്‍ണമായ മാനസികവ്യഥയിലാണ് നിരമിത്രന്‍ പെട്ടുപോകുന്നത്. വ്യാസമഹാഭാരതകഥയില്‍ അശ്വത്ഥാമാവിന്റെയും മറ്റും ആക്രമണത്തില്‍ പാണ്ഡവപുത്രരോടൊപ്പം ശിഖണ്ഡിയും കൊല്ലപ്പെടുന്നതായിട്ടാണ് രേഖപ്പെട്ടിട്ടുള്ളത്. എന്നാല്‍, പാണ്ഡവപുത്രരെ രക്ഷിക്കാന്‍ കഴിയാതെ അതിനു മൂകസാക്ഷിയാകുന്ന നിരമിത്രനെയാണ് രാജശ്രീ എഴുതുന്നത്. അപമാനത്തില്‍, കുറ്റപ്പെടുത്തലുകളില്‍, ആത്മസംഘര്‍ഷങ്ങളില്‍, പശ്ചാത്താപങ്ങളില്‍ ജീവിക്കേണ്ടി വരുന്ന നിരമിത്രന്റെ കഥ നമ്മുടെ കാലത്തെ എല്ലാ മൂന്നാംലിംഗമനുഷ്യരുടെയും കഥ ഇതരരൂപങ്ങളില്‍ എഴുതപ്പെട്ടതാണ്. മൂന്നാം ലിംഗത്തിന്റെ മിത്രങ്ങളായി സ്ത്രീകളെയും വനവാസികളായ നാഗന്മാരെയും അവതരിപ്പിക്കുന്ന നോവലിസ്റ്റ് പ്രാന്തവല്‍കൃതരുടെ ഐക്യത്തെ കുറിച്ചുള്ള സങ്കല്‍പനം അകക്കാമ്പില്‍ പേറുന്നുണ്ട്.

ചൂഡകന്റെ ആത്രേയകവും അവിടുത്തെ വൈദ്യവ്യവസ്ഥയും ചികിത്സാവിധികളും വര്‍ണവ്യവസ്ഥയുടെ ചികിത്സാവിധികളുമായി ചേര്‍ന്ന് സൃഷ്ടിക്കുന്ന വൈരുധ്യങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നോവലിലെ ശ്രദ്ധേയമായ ഒരു ഭാഗമാണ്. വ്യത്യസ്ത ജ്ഞാനവ്യവസ്ഥകള്‍ക്കിടയില്‍ സമകാലത്ത് നടക്കുന്ന തര്‍ക്കങ്ങളിലേക്കും സംവാദങ്ങളിലേക്കും കൂടി അത് കടന്നുനില്‍ക്കുകയും ചെയ്യുന്നു. കേരളത്തില്‍ ഇത്തരം ചര്‍ച്ചകള്‍ ആധുനികവൈദ്യവും ആയുര്‍വേദവും ഹോമിയോപ്പതിയും ഉള്‍പ്പെടയുള്ള വൈദ്യജ്ഞാനവ്യവസ്ഥകള്‍ക്കിടയിലാണല്ലോ മിക്കവാറും നടക്കുന്നത്. വൈദ്യജ്ഞാനവ്യവസ്ഥയുടെ അറിവില്‍ അധികാരം പ്രവര്‍ത്തിക്കുന്നതിന്റെ നിരവധി പ്രത്യക്ഷങ്ങള്‍ ആഖ്യാനപ്രകരണങ്ങള്‍ക്കനുസരിച്ച് കഥാകാരി നല്‍കുന്നു. രാജാധികാരത്തെ നിലനിര്‍ത്തുന്ന വര്‍ണവ്യവസ്ഥയുടെ ചികിത്സാവിധികള്‍ മേന്മയുള്ളതാണെന്ന പൊതുബോധം നിലനില്‍ക്കുന്നു. പക്ഷേ, നിരമിത്രനെ ചികിത്സിക്കാന്‍ ആത്രേയകത്തിന്റെ വിധികളാണ് നല്ലതെന്ന് രാജഭരണത്തിനു തോന്നുന്നുമുണ്ട്. 

നിഷിദ്ധചികിത്സകള്‍ എന്നു വിധിക്കപ്പെട്ടവ രാജകുടുംബത്തിനു വേണ്ടി ചെയ്താല്‍ രാജശിക്ഷയില്ല! വനവാസിയുടെ ക്ഷുദ്രവിദ്യകള്‍ക്ക് വിധിയും പ്രകാരവും നോക്കേണ്ടതില്ല എന്ന രാജവിധിയും ഉണ്ടാകും. ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന വൈദ്യത്തെയും ചികിത്സാവിധികളെയും കൊട്ടാരത്തിന്റേത് മാത്രമാക്കി മാറ്റുന്ന അധികാരപ്രവര്‍ത്തനത്തോടുള്ള വിമര്‍ശനം ഇവിടെയുണ്ട്. 'പാഠഭേദങ്ങളും വ്യാഖ്യാനങ്ങളും ചമയ്ക്കാന്‍ ഇതിലൊക്കെ സാമാന്യജ്ഞാനമെങ്കിലും നേടിയിട്ടുണ്ടോ?' എന്ന് ബലനോടു ചോദിക്കുന്ന രാജഗുരു തന്റെ ബ്രാഹ്‌മണാധികാരത്തില്‍ മാത്രമല്ല വര്‍ണവ്യവസ്ഥയുടെ അറിവിന്റെ സന്ദേഹമില്ലാത്ത ആധികാരികതയിലുമാണ് നില്‍ക്കുന്നത്. എന്നാല്‍, ആത്രേയകമോ? തങ്ങളുടെ ചികിത്സാവിധികളെ സ്വയം വിമര്‍ശനപരമായി നോക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നതാണ് അവരുടെ രീതി. ചൂഡകന്‍ പറയുന്നു: 'നമ്മുടെ രീതികള്‍ പലതും മറ്റുള്ളവരെ പ്രത്യേകിച്ചും മറ്റു ചികിത്സകരെ പോലും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാണ്... അറിവില്‍ കുറവും കൂടുതലുമുണ്ടാകാം. പക്ഷേ, നല്ലതും ചീത്തയുമില്ല. അതു സ്വീകരിക്കുന്നവരാണ് അതിനെ വേര്‍തിരിക്കുന്നത്... ലോകത്തില്‍ സംസ്‌കരിച്ചതും അല്ലാത്തതുമായ അറിവുകളുണ്ടല്ലോ? പാത്രത്തിനു യോജിച്ച വിധം അറിവുകളെ സംസ്‌കരിക്കുന്നവരാണ് ഗുരുക്കന്മാര്‍. അതില്‍ രീതിഭേദങ്ങളേയുള്ളൂ. വലിപ്പചെറുപ്പങ്ങളില്ല. 'അറിവിന് വര്‍ണഭേദമില്ല എന്നു വിശ്വസിക്കുന്നതുകൊണ്ട് നാഗര്‍ക്ക് എല്ലാം സ്വീകാര്യമാണെന്നു പറയുന്ന മറ്റൊരു സന്ദര്‍ഭവുമുണ്ട്. 

ഉത്തരാധുനികതയുടെ ആപേക്ഷികവാദത്തില്‍ നിന്നുകൊണ്ടുള്ള പ്രശ്നീകരണങ്ങളാണ് എഴുത്തുകാരി ഉയര്‍ത്തുന്നതെന്ന് ഇവിടെ ആരോപിക്കപ്പെട്ടേക്കാം. എന്നാല്‍, വൈദ്യജ്ഞാനവ്യവസ്ഥകള്‍ക്കിടയില്‍ മദ്ധ്യമാര്‍ഗ്ഗങ്ങളുണ്ടെന്ന കാര്യം മറന്നുപോകരുതാത്തതാണ്. വ്യത്യസ്ത ജ്ഞാനവ്യവസ്ഥകള്‍ക്ക് ഒരു ജനാധിപത്യസമൂഹത്തില്‍ എങ്ങനെ ഒരുമിച്ചു നിന്നു പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന ആലോചനയിലേക്കു കൂടി ചൂഡകന്റെയും ഇളയുടെയും കഥകളിലൂടെ കഥാകാരി മുന്നോട്ടുവയ്ക്കുന്ന പ്രശ്നീകരണങ്ങളെ നയിക്കാന്‍ കഴിയും. ഇത്തരം സംവാദങ്ങള്‍ക്കു കൂടി ബാധകമാകുന്ന ചില വാക്യങ്ങള്‍ ഇളയുടെ വാക്കുകളായി നോവലില്‍ എഴുതപ്പെടുന്നു 'എല്ലാ ചോദ്യങ്ങളും ചോദ്യങ്ങളല്ല. പലപ്പോഴും മുന്‍വിധികളോ പ്രതീക്ഷിക്കുന്ന മറുപടികളോ ആവും ചോദ്യങ്ങളായി വരിക. എല്ലാ പ്രശ്നങ്ങളെയും നേരിടുന്നത് എല്ലായ്പോഴും ബുദ്ധിയല്ല. അത് ചികിത്സയിലും യുദ്ധത്തിലും ഒരു പോലെയാണ്.' എന്നാല്‍, ഉചിതരായ ശിഷ്യരെ കിട്ടിയാല്‍ പകര്‍ന്നു കൊടുക്കുമോ? എന്ന ചോദ്യത്തിന് 'ഇല്ല' എന്നു മറുപടി പറയുന്നത് വിജ്ഞാനത്തോടു സ്വീകരിക്കേണ്ട ഉചിത സമീപനമല്ല. നിഷിദ്ധമായ ചികിത്സാവിധികള്‍ പോലും വേണ്ടത്ര നിര്‍ദേശങ്ങളോടെ ഭാവി തലമുറയുടെ അറിവിനും പരീക്ഷണങ്ങള്‍ക്കുമായി പകര്‍ന്നു നല്‍കുന്നതോ സൂക്ഷിക്കപ്പെടുന്നതോ ആയിരിക്കാം മെച്ചപ്പെട്ട സമീപനം.

മഹാഭാരതകഥയിലെ പാഞ്ചാലരാജ്യത്തിന്റെ കഥയെ പുനര്‍രചിക്കുന്ന എഴുത്തുകാരി ജ്ഞാനരൂപീകരണത്തെ കുറിച്ചുള്ള പുത്തന്‍ ധാരണകളുടെയും തന്റെ ജീവിതദര്‍ശനത്തിന്റെയും അടിത്തറയില്‍ ഇന്ത്യയുടെ പ്രാചീനചരിത്രത്തിനു നല്‍കുന്ന സവിശേഷമായ വ്യാഖ്യാനം ഈ നോവലിന്റെ വലിയൊരു നേട്ടമാണെന്നു പറയണം. അതു വര്‍ണവ്യവസ്ഥയുടെയും ദൂഷിതമായ അധികാരത്തിന്റെയും വിമര്‍ശനമായി മാറിത്തീരുന്നുമുണ്ട്. ആത്രേയകത്തെ നാഗന്മാരുമായി ബന്ധിപ്പിക്കുന്നതു സവിശേഷമായ ചരിത്രവ്യാഖ്യാനത്തില്‍ ഊന്നിക്കൊണ്ടാണ്. വൈദ്യവൃത്തിയില്‍ സഹായിയായ ബലനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ അശ്വസേനനും മറ്റും നാഗന്മാരാണെന്നു നമുക്കു ബോധ്യപ്പെടുന്നത് ഖാണ്ഡവ വനദാഹത്തിന്റെ സന്ദര്‍ഭത്തെ മുന്‍നിര്‍ത്തിയാണ്. നിരമിത്രന്റെ ശസ്ത്രവിദ്യാശേഷിയെ നന്നായി തെളിയിച്ചു കാണിക്കുന്ന സന്ദര്‍ഭമാണിത്. അയാള്‍ ശസ്ത്രവിദ്യകൊണ്ട് ഭൂഗര്‍ഭജലത്തെ ഉയര്‍ത്തി മഴ പെയ്യിച്ച് കാട്ടുതീയെ തടയുന്നു. മുന്നേ പറഞ്ഞതു പോലെ നാഗന്മാര്‍ പാണ്ഡവന്മാര്‍ക്കു ശത്രുക്കളായിരുന്നു. 

കാടിനു തീയിടുമ്പോള്‍ പുറത്തേക്കോടിയ നാഗങ്ങളെപോലും അര്‍ജ്ജുനന്‍ വീണ്ടും തീയിലേക്ക് പിടിച്ചിട്ടതായി കഥകളുണ്ടല്ലോ? അര്‍ജ്ജുനന്‍ ഞങ്ങള്‍ക്കു വംശഘാതകനാണെന്ന് അശ്വസേനന്‍ പറയുന്നുണ്ട്. 'ചുരുങ്ങിച്ചുരുങ്ങി ഞങ്ങള്‍ ഒരു പിടിയായി മാറി. ഞങ്ങള്‍ക്ക് കുലചിഹ്നം ഉപേക്ഷിക്കേണ്ടി വന്നു. മായാവിദ്യകളും മരുന്നുകളും ഉപേക്ഷിക്കേണ്ടി വന്നു. തിരിച്ചറിയാനുപകരിക്കുന്ന അടയാളങ്ങളൊക്കെ മറച്ചുവെച്ചാണ് ഞങ്ങളില്‍ അവശേഷിക്കുന്നവര്‍ പലയിടങ്ങളിലും പിടിച്ചുനില്‍ക്കുന്നത്.' നിരമിത്രന്റെ മുന്നില്‍ ഒരു നാഗം പാറയില്‍ തലതല്ലി ചാകാന്‍ ശ്രമിക്കുന്നതും അയാള്‍ നാഗത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതുമായ രംഗം മഹാഭാരതകാലയളവിലെ വനവാസികളുടെ സത്യദീക്ഷയുടെയും ജീവിതത്തിന്റെയും ചിത്രണമായി വായിക്കാം.  

വനവാസത്തിനിടയില്‍ പാണ്ഡവര്‍ നാഗന്മാരെ വേട്ടയാടുന്നതിനെയും നോവല്‍ പരാമര്‍ശിക്കുന്നു. അര്‍ജ്ജുനന്‍ ഉലൂപിയെ വിവാഹം കഴിക്കുന്നതു പോലും നാഗന്മാരെ ഉന്മൂലനം ചെയ്യാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നു വ്യാഖ്യാനിക്കാവുന്ന അവസ്ഥകളുണ്ട്. ഇതിനായി ഇരാവാനെ കുറിച്ചുള്ള വ്യാസകഥാഭാഷ്യത്തിനു പകരം പെരുന്തേവനരുടെ മഹാഭാരതഭാഷ്യത്തെയാണ് രാജശ്രീ സ്വീകരിക്കുന്നത്. സ്ത്രീകളെ അപമാനിച്ചുവെന്നു പറഞ്ഞ് പാണ്ഡവര്‍ നാഗന്മാരെ തിരഞ്ഞുപിടിച്ചു കൊന്നതിനെ കുറിച്ചും അരക്കില്ലത്തില്‍ നിന്നും അവര്‍ രക്ഷപ്പെടുമ്പോള്‍ നാഗന്മാരായ അഞ്ചു കുഞ്ഞുങ്ങളെയും അവരുടെ അമ്മയെയും ജീവനോടെ തീയിട്ടു ദഹിപ്പിച്ചതിനെ കുറിച്ചും അയാള്‍ പറയുന്നു. കുരുക്ഷേത്രയുദ്ധത്തില്‍ പാണ്ഡവപക്ഷത്ത് യുദ്ധം ചെയ്ത ഘടോല്‍ക്കചന്‍ വീണയുടനെ പാണ്ഡവസേന അവരുടെ കൂടെയുണ്ടായിരുന്ന മറ്റു നാഗമിത്രങ്ങളെ ആക്രമിക്കുന്നത് മരണത്തിന് മുന്നേയുള്ള അവസാനകാഴ്ചയായി അയാള്‍ക്ക് കാണേണ്ടി വരുന്നുണ്ട്. അതു യുദ്ധതന്ത്രമാണെന്നു ധൃഷ്ടന്‍ അലറുന്നത് കേള്‍ക്കുന്നു. 

ആര്യവംശമഹിമയുടെയും വര്‍ണവ്യവസ്ഥയുടെയും പക്ഷമായിരുന്ന പാണ്ഡവര്‍ തദ്ദേശീയരായ നാഗന്മാര്‍ക്കെതിരെ അവസരങ്ങള്‍ക്കനുസരിച്ച് നേരിട്ടും തന്ത്രങ്ങളിലൂടെയും നിലകൊണ്ടതിന്റെ കഥാവ്യാഖ്യാനങ്ങളാണ് രാജശ്രീ എഴുതുന്നത്. ചിലപ്പോള്‍ മാംഗല്യം, ചിലപ്പോള്‍ കൂട്ടക്കൊല, ചിലപ്പോള്‍ സ്വന്തം മുന്നണിയിലൊപ്പം നിന്നു യുദ്ധം ചെയ്യുന്നവരെ പോലും ആക്രമിക്കുന്നു! ആര്യവംശജര്‍ തദ്ദേശീയരെ തകര്‍ക്കാന്‍ ഉപയോഗിച്ച തന്ത്രങ്ങള്‍! വര്‍ണശുദ്ധിയെ മുറുകെ പിടിക്കുകയും വര്‍ണാചാരങ്ങളെ കുറിച്ച് പേര്‍ത്തും പേര്‍ത്തും പറയുകയും ചെയ്യുന്നവര്‍ തന്നെ തങ്ങളുടെ ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് വിവാഹബന്ധങ്ങളിലേര്‍പ്പെടുന്നതും സഖ്യങ്ങളുണ്ടാക്കുന്നതും കാണാം. കുന്തി യാദവസ്ത്രീയാണ്, നാഗന്മാരില്‍ പെട്ടവള്‍. അവരുടെ ബന്ധുവായ ശ്രീകൃഷ്ണനും യാദവനാണ്. ഇവര്‍ ഇരുവരും വര്‍ണവ്യവസ്ഥയുടെ വലിയ വക്താക്കളായാണ് മഹാഭാരതകഥയിലും നോവലിലും വരുന്നത്. ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്റെ ഉറ്റ സുഹൃത്തും കുരുക്ഷേത്രയുദ്ധത്തില്‍ പാണ്ഡവരുടെ ഉപദേശകനുമായിരുന്നു. കാളിയമര്‍ദനകഥയിലും നാഗന്മാര്‍ക്കെതിരായ ശ്രീകൃഷ്ണന്റെ ശത്രുത കാണാം. 

ശ്രീകൃഷ്ണന് ദേവരാജാവായ ഇന്ദ്രനോടു ശത്രുതയുണ്ട്. അര്‍ജ്ജുനന്‍ ഖാണ്ഡവം കത്തിക്കുന്ന സന്ദര്‍ഭത്തില്‍ നാഗന്മാര്‍ രക്ഷക്കായി ആശ്രയിക്കുന്നത് ഇന്ദ്രനെയാണ്. ആര്യന്മാരിലും നാഗന്മാരിലും വ്യത്യസ്തമായ ശാക്തികചേരികള്‍ ഉണ്ടായിരുന്നിരിക്കണം. ഇവര്‍ക്കിടയിലെ ശത്രുതകളും സഖ്യങ്ങളും കേവലമായി വര്‍ണാദര്‍ശത്തില്‍ നില്‍ക്കുന്നതായിരുന്നില്ലെന്നു തന്നെ കാണുകയും വേണം. സമകാലത്തെ ആര്യമഹത്ത്വാകാംക്ഷികള്‍ ചില യാദവരുമായി നിര്‍മിക്കുന്ന സഖ്യങ്ങളില്‍ ഈ കഥകളുടെ തുടര്‍ച്ചയുണ്ടോ? മാദ്രത്തിലെ രാജാവ് ശല്യര്‍ നാഗന്മാര്‍ ഉള്‍പ്പെടെ പ്രജകളുടെ താല്‍പര്യത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്നും അത് വര്‍ണാശ്രമധര്‍മം പാലിക്കാത്ത രാജ്യമായി ദൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും നോവലില്‍ പരാമര്‍ശങ്ങളുണ്ട്. പാണ്ഡവരില്‍ രണ്ടു പേരുടെ അമ്മയായ മാദ്രിയുടെ രാജ്യം യുദ്ധത്തില്‍ കൗരവരോടൊപ്പമായിരുന്നതും കൗരവര്‍ പാണ്ഡവരോളം നാഗന്മാരോടു ശത്രുത കാണിക്കുന്നില്ലെന്ന ചൂഡകന്റെ വാക്കുകളും കാണുക. നാഗന്മാര്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടത്തിയ പാണ്ഡവരുടെ ആര്യസംസ്‌കൃതി മഹാഭാരതയുദ്ധത്തിനു ശേഷമുള്ള ശതകങ്ങളില്‍ അപചയിക്കുന്നുവെന്നാണ് ചരിത്രവും കഥകളും പറയുന്നത്.

വര്‍ണവ്യവസ്ഥക്ക് കീഴ്പ്പെട്ട് ജീവിച്ച പാണ്ഡവരുടെ നാഗന്മാരോടുള്ള ശത്രുതയുടെ കഥ ഡോ. നവാല്‍ വിയോഗിയെ പോലുള്ളവര്‍ ചരിത്രപരമായി വിലയിരുത്തിയിട്ടുണ്ട്. തക്ഷകനാഗങ്ങളുടെ പേര് പാണ്ഡവന്മാരുടെ ശത്രുക്കളെന്ന നിലയ്ക്കാണ് മഹാഭാരതത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് അദ്ദേഹം എഴുതുന്നു. അര്‍ജ്ജുനന്‍ നടത്തിയ ഖാണ്ഡവദാഹത്തിന്റെയും നാഗന്മാരുടെ കൂട്ടക്കൊലയുടെയും ക്രൂരതയ്ക്കു മുന്നില്‍ പില്‍ക്കാലത്തെ മുഹമ്മദുദ് ഗസ്നിയുടെ ആക്രമണത്തിന്റെ ക്രൂരത നിസ്സാരമാണെന്ന് ഈ ചരിത്രകാരന്‍ പറയുന്നു. തക്ഷശില തക്ഷകന്മാരുടെ പഴയ തലസ്ഥാനമായിരുന്നു. ഇവര്‍ അസീറിയയില്‍ നിന്നും വന്ന അസുരന്മാരായിരിക്കണം. ദേവാസുരയുദ്ധങ്ങള്‍ ആര്യ-നാഗയുദ്ധങ്ങളായിരിക്കണം. മഹാഭാരതകഥയുടെ കാലം ബിസി 950-ന് അടുത്തായിരിക്കണമെന്ന് നിരൂപിക്കുന്ന ഡോ. വിയോഗി പാണ്ഡവപൗത്രന്മാരില്‍ അവശേഷിച്ച പരീക്ഷിത്തിനെ (ഉത്തരയുടെയും അഭിമന്യുവിന്റെയും പുത്രന്‍) തക്ഷകന്‍ വധിക്കുന്ന കഥയെ പരാമര്‍ശിക്കുന്നുണ്ട്. 

പരീക്ഷിത്തിന്റെ പുത്രനായ ജനമേജയനും നാഗന്മാരുമായി ദീര്‍ഘകാലം യുദ്ധം നടത്തി. സര്‍പ്പസത്രത്തിലൂടെ അനേകം നാഗങ്ങളുമായി ഒരു ഉടമ്പടിയുണ്ടാക്കി (സര്‍പ്പസത്രത്തില്‍ അനേകം നാഗങ്ങളെ ദഹിപ്പിച്ചുവെന്ന ഒരു വ്യത്യസ്തഭാഷ്യവുമുണ്ട്) എന്ന കഥയും പാണ്ഡവ-നാഗയുദ്ധത്തിന്റെ, ഒരു ചരിത്രവസ്തുതയുടെ, അന്യാപദേശരൂപത്തിലുള്ള മഹാഭാരതചിത്രണമാണെന്ന് ടോഡ് ജെയിംസിനെ ഉദ്ധരിച്ചുകൊണ്ട് വിയോഗി പറയുന്നു. ബി.സി 800-നോട് അടുത്തു ഗംഗാനദിയിലുണ്ടായ വലിയ വെള്ളപ്പൊക്കത്തില്‍ ഹസ്തിനപുരം നശിക്കുകയും പാണ്ഡവര്‍ അവിടംവിട്ടു പോകുകയും പിന്നീട് ഈ പ്രദേശം നാഗന്മാരുടെ അധീനതയില്‍ വരികയും ചെയ്തു. വൈദികസംസ്‌കാരം നാശോന്മുഖമാകുകയും നാഗസംസ്‌കാരം (പാര്‍ശ്വനാഥന്റെ ശ്രമണസംസ്‌കാരം) ഇക്കാലത്ത് ശക്തിയാര്‍ജ്ജിക്കുകയും ചെയ്തു.

placeholder
ചിത്രീകരണം: ദ്വിജിത്ത്‌

ചിന്തയ്ക്കും വീണ്ടുവിചാരത്തിനും പ്രേരിപ്പിക്കുന്ന, മനസ്സിനെ ദര്‍ശനങ്ങളുടെ തര്‍ക്കഭൂമിയാക്കുന്ന ചില വാക്യങ്ങള്‍ നോവലില്‍ നിന്നും ഉദ്ധരിക്കട്ടെ:
'ജയിക്കാന്‍ ഭയമാകുന്നു. ശരിക്കും ആരുടെ ഭാഗത്താണ് സത്യമെന്ന ചോദ്യത്തിനു മുന്നില്‍ എനിക്ക് ഉയിര്‍ നഷ്ടപ്പെട്ടു പോകുന്നു.'
'എന്തുകൊണ്ടാണ് ഞാന്‍ അങ്ങയെ അപകടപ്പെടുത്തുമെന്നു ഭയക്കുന്നത്? രൂപം കണ്ടിട്ടാണോ? അതുവെച്ച് ഒരാളെ എങ്ങനെ വിലയിരുത്താനാകും?'
'സന്ദര്‍ഭമനുസരിച്ച് മാത്രമാണ് ഓരോ അനുഭവവും ഗൗരവമുള്ളതാകുന്നത്.'
'ഉല്‍ക്കര്‍ഷേച്ഛയില്ലാത്ത മനുഷ്യര്‍ എത്ര ആദര്‍ശശാലികളെന്നാലും ജഡതുല്യരാണ്.'
'ബലത്തെയും ബുദ്ധിയെയും തോല്‍പ്പിക്കാം. വാത്സല്യത്തെ അത്ര എളുപ്പമല്ല.'
'നിഴലിനെയും നിശ്വാസത്തെയും ഭയന്നും അവിശ്വസിച്ചുമുള്ള ജീവിതം മനുഷ്യനെ കൃമിയാക്കി മാറ്റും.'
'ഭയം പലപ്പോഴും വിവേകത്തിന്റെ ഞാണൊലി കൂടിയാണ്. ഏറിയാല്‍ ഭയമെന്നല്ല എന്തും അപഹാസ്യം തന്നെയാണു താനും.'
'ജീവി അതിന്റെ ശരീരത്തോടോ മനസ്സിനോടോ വേറിട്ടു കടപ്പെട്ടിരിക്കുന്നുണ്ടോ?'
'അപമാനത്തിനു പ്രതിക്രിയയില്ല.'
'എത്ര പ്രിയപ്പെട്ടവരില്‍ നിന്നായാലും ആനന്ദമേ സ്വീകരിക്കാവൂ. അവരില്‍ നിന്നുള്ള അപമാനവും പീഡകളും മുഷിഞ്ഞ വസ്ത്രം പോലെയോ അശുദ്ധമായ ഭക്ഷണം പോലെയോ കരുതി ഉപേക്ഷിക്കണം.'
'പരാജയപ്പെട്ടതായി അന്യര്‍ മനസ്സിലാക്കുമ്പോഴാണ് നമ്മുടെ പരാജയം പൂര്‍ണമാകുന്നത്.'
'ജീവദായിനിയായ ജലത്തിനും തൊണ്ടയില്‍ തങ്ങി മനുഷ്യരെ കൊന്നുകളയാന്‍ പറ്റും.'
'നിസ്സഹായതയുടെ പടുകുഴിയില്‍ വീഴുമ്പോള്‍ സഹായം കിട്ടിയവരാണ് ജീവിതത്തിന്റെ സൗന്ദര്യം സമ്പൂര്‍ണമായി മനസ്സിലാക്കുക.'

സാഹിത്യരചനയില്‍ മനുഷ്യന്‍ സ്ത്രീയായിത്തീരണമെന്ന് തത്ത്വചിന്തകനായ ദെല്യൂസ് ആഗ്രഹിക്കുന്നുണ്ട്. എഴുത്താള്‍ പച്ചക്കറിയോ വൃക്ഷമോ പുലിയോ കണികയോ ആയിത്തീരണമെന്നു കൂടി അദ്ദേഹം പറയുന്നു. ആയിത്തീരല്‍ എതിര്‍ദിശയില്‍ സംഭവിക്കരുതെന്നു ദെല്യൂസ് കരുതുന്നു. പുരുഷന്‍ ആധിപത്യത്തിന്റെയും അധികാരത്തിന്റെയും രൂപമായി സ്വയം പ്രത്യക്ഷപ്പെടുന്നതിനാല്‍ ആയിത്തീരലിന്റെ പ്രക്രിയയില്‍ ആരും പുരുഷനായിത്തീരേണ്ടതില്ല. സ്ത്രീക്കും മൃഗത്തിനും തന്മാത്രയ്ക്കും അതിന്റെ ഔപചാരിക രൂപീകരണത്തെ കടന്നുപോകുന്ന ഘടകങ്ങളുണ്ട്. മനുഷ്യനായിരിക്കുന്നതില്‍ ലജ്ജിക്കുന്നുവെന്നതാണോ എഴുതുന്നതിന്റെ നല്ല കാരണം എന്ന ചോദ്യം ദെല്യൂസ് ഉയര്‍ത്തുന്നു. 

ലോകത്തിന്റെ അധികാരിയായി മാറിയ മനുഷ്യനായിരിക്കുന്നതില്‍ ലജ്ജിക്കണമെന്ന് ദെല്യൂസിന്റെ വാക്കുകള്‍ വ്യഞ്ജിപ്പിക്കുന്നു. എഴുതുന്ന സ്ത്രീയും ആയിത്തീരുന്ന സ്ത്രീയായി മാറേണ്ടതുണ്ട്. സ്ത്രീ അവളുടേതെന്നു സ്വയം നിനയ്ക്കുന്ന അവസ്ഥയുമായി ഈ ആയിത്തീരുന്ന സ്ത്രീക്ക് ബന്ധമില്ല. ആയിത്തീരലെന്നത് ഏതെങ്കിലും രൂപത്തെ കേവലരൂപമായി കൈവരിക്കലല്ല, അതിനു സമീപസ്ഥമായ അവസ്ഥയില്‍ ആയിരിക്കലാണ്. അതില്‍ അനിശ്ചിതത്വമുണ്ട്. 
'ജീവിതത്തിന്റെ സൗന്ദര്യമെന്താണ്?
അനിശ്ചിതത്വം.'
സ്ത്രീയോ മൃഗമോ തന്മാത്രയോ ആയിത്തീരാനുള്ള ബദല്‍ പാതകള്‍ക്കു വേണ്ടി എഴുത്തുകാരന്റെ ഭാഷ അര്‍പ്പിക്കപ്പെടേണ്ടതുണ്ടെന്ന് ദെല്യൂസ് ഉറച്ചു വിശ്വസിക്കുന്നു. ഭാഷയിലും നേര്‍രേഖകളില്ല. വ്യത്യസ്തമായ ഭാഷാശൈലികള്‍ ബദല്‍ പാതകളാണ്. ഈ നോവല്‍ രചനയില്‍ രാജശ്രീ സ്വയം ആയിത്തീരേണ്ട സ്ത്രീയാകുന്നുണ്ട്. കാടോ വനവാസിയോ ആയിത്തീരുന്നുണ്ട്. മനുഷ്യനായിരിക്കുന്നതില്‍ ലജ്ജിക്കുന്നുണ്ട്. അത് എഴുത്തിന്റെ സാഫല്യമായി നാം വായനക്കാര്‍ അനുഭവിക്കുന്നുണ്ട്. 

.......

അവലംബം:
1. ആത്രേയകം -ആര്‍. രാജശ്രീ, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2024
2. മഹാഭാരതം : ഒരു സ്വതന്ത്ര സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ 
- കെ.സി.നാരായണന്‍, ഡിസി ബുക്സ്, കോട്ടയം, 2021
3. മഹാഭാരതം : സാംസ്‌കാരികചരിത്രം - സുനില്‍ പി ഇളയിടം, ഡിസി ബുക്സ്, കോട്ടയം, 2000
4. ശിഖണ്ഡിനി - ഷീജ വക്കം, ഡി സി ബുക്സ്, കോട്ടയം, 2021
5. ഭാരതപര്യടനം - കുട്ടിക്കൃഷ്ണമാരാര്, മാരാര്‍ സാഹിത്യപ്രകാശം, കോഴിക്കോട്, 1983
6. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരുള്ള രണ്ടു സ്ത്രീകളുടെ കത - ആര്‍. രാജശ്രീ, മാതൃഭൂമി ബുക്സ്, കോഴിക്കോട്.
7. Shikhandi And other tales they don't tell you. - Devadutt Pattanaik, Penguin books, Kindle Edition
8. Shikhandini : Warrior Princess of the Mahabharatha - Aswini Shenoy, 2019 Kindle Edition
9. Indian Serpent Lore - Or The Nagas in Hindu Legend And Art - J.PH.Vogel, Asian Educational Services, New Delhi, 1995
10. Nagas : The Ancient Rulers of India Their Origin And History - Dr. Naval Viyugi, Originals,  New Delhi, 2002
11. Gender and Narrative in Mahabharata - Ed. Simon Brodbeck &Brian Black, Routledge, London, Taylor and Francis E-Library,2007