ഒരാളുടെ ജീവിതത്തിലെ അനുഭവങ്ങള്‍ക്ക് മറ്റുള്ളവര്‍ ഉത്തരവാദികളല്ലെന്നതാണ് ആത്രേയകത്തിന്റെ നിയമം. ജീവിതവും മരണവും തമ്മിലുള്ള എള്ളിട അകലത്തിനുള്ളില്‍ ഇന്ദ്രജാലങ്ങള്‍ കാട്ടുന്നവരുടെ നാട്. മരണത്തിന്റെ വാതില്‍ക്കല്‍ നിന്ന് തിരിച്ചുവരുന്നവരുടെ മൂര്‍ച്ചയേറിയ ഓര്‍മകളെ പൂര്‍വസ്ഥിതിയിലാക്കുന്ന ചികിത്സകരുടെ ദേശം. അവിടെ മനുഷ്യനും പ്രകൃതിയും ഒന്നാണ്. സങ്കടങ്ങളില്‍ കൂടെയിരുന്ന് കരയുന്ന മഴയുണ്ടവിടെ. ഏകാകികള്‍ക്ക് അലിവിന്റെ മടിത്തട്ടാകുന്ന വെള്ളിമണല്‍ പുഴയോരങ്ങളുമുണ്ട്. വിഷാദിയായ മനുഷ്യനെ കനിവോടെ നോക്കുന്ന കാടാണ്. തീരാവേദനകളുടെ ചിതയ്ക്ക് താഴ്ചില്ലയിലെ ഏതാനും ഇലകളെ ബലിനല്‍കി തണലായി നില്‍ക്കുന്ന ശ്വേതകുടജ ആത്രേയകത്തിന്റെ ഒരു കോണിലുണ്ട്. 

To advertise here,

ഉടലുപേക്ഷിച്ച ആത്മാക്കളുടെ താവളമായ പുനര്‍ജനി വൃക്ഷങ്ങളാണ് അവിടം നിറയെ. എത്ര നിബിഢമായി ചേര്‍ന്നു വളര്‍ന്നാലും തമ്മിലുരസി തീപിടിക്കാത്ത വൃക്ഷങ്ങള്‍. ഭൂഗര്‍ഭത്തിലുമുണ്ട് വൃക്ഷങ്ങള്‍. ഞാണൊലിയില്‍ മണ്ണടരിലെ ജലതന്തുക്കളില്‍ നിന്നുയിര്‍ക്കുന്ന ജലവൃക്ഷങ്ങള്‍. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കതയുടെ രചയിതാവായ ആര്‍. രാജശ്രീ തന്റെ രണ്ടാമത്തെ നോവലിന് അരങ്ങൊരുക്കിയത് ആത്രേയകത്തിലാണ്. രക്ഷയും സ്നേഹവുമെന്നോണം തീവ്രമായി മോഹിപ്പിക്കുന്ന ആത്രേയകം. അധികാരത്തിന്റെ ഹസ്തിനപുരിയും ദുരയുടെ പാഞ്ചാലവും നിസഹായതയുടെ ദശാര്‍ണവും വിശാലമായ മദ്രവും നോവലിലുണ്ട്. എന്നിട്ടും രചയിതാവ് തന്റെ കൃതിക്ക് ആ കാടിന്റെ പേരാണ് നല്‍കിയത്. ആത്രേയകം. 

ഇതിഹാസമൗനത്തിന്റെ മനോഹരഭാഷ്യമാണ് ആത്രേയകം. തുടക്കംമുതല്‍ ഒടുക്കംവരെ താളം അയയാതെ തുടരുന്ന തെളിമലയാളത്തിന്റെ ചിലങ്കക്കിലുക്കം. ഒറ്റുകൊടുക്കപ്പെടുകയും അകറ്റി നിര്‍ത്തപ്പെടുകയും അധികാരത്തിന്റെ പ്രഹരത്താല്‍ വീഴ്ത്തപ്പെടുകയും ചെയ്തവരുടെ ജീവിതകല്പനയായി അതിനെ വ്യാഖ്യാനിക്കാം. കഥയില്‍ കഥാപാത്രങ്ങള്‍ പാഠങ്ങളാകുകയാണ്. 71 അധ്യായങ്ങളില്‍ അവരോരോരുത്തരിലൂടെയും ജീവിതസാരം പങ്കുവെക്കപ്പെടുന്നു. കഥാപാത്രങ്ങള്‍ ജീവിതത്തിന്റെ ആമുഖവും സത്തയുമാകുന്ന വായനാനുഭവം.

ദൗര്‍ബല്യംകൊണ്ട് മനുഷ്യര്‍ക്ക് ആശ്രിതഭാവം വരാം. അതിനെ സ്നേഹമെന്ന് ധരിച്ചേക്കാം എന്നു പറയുന്ന പാഞ്ചാല രാജകുമാരനായ നിരമിത്രനെ ചുറ്റിയാണ് കഥ ഭ്രമണം ചെയ്യുന്നത്. തിരസ്‌കാരത്തെയും നഷ്ടത്തെയും ചൊല്ലിയുള്ള ഭയവും വേദനയുമാണ് മനുഷ്യരെ അതീവദുര്‍ബലരാക്കി മാറ്റുന്നതെന്നറിയുന്ന നിരമിത്രന്‍ പോകാനിടമില്ലാത്തവര്‍ക്ക് യുദ്ധത്തേക്കാളും വലിയ താവളമേതാണെന്ന് ചോദിക്കുന്നുണ്ട്. ലോകത്തിന്മേല്‍ മാഞ്ഞില്ലാതായ വിശ്വാസത്തിലേക്ക് കൊരുത്തുകെട്ടുന്ന നേര്‍ത്തതെങ്കിലും കരുത്തുറ്റ നൂലിഴയാണ് നിരമിത്രന് ആത്രേയകം.

മനുഷ്യനെന്നത് ഭൂമിയിലെ ദിവസങ്ങളാണ് നിമിഷങ്ങളാണ് ഓര്‍മകളാണ് ശബ്ദങ്ങളാണ് രുചികളാണ് ഗന്ധങ്ങളാണ് നിറങ്ങളാണ് സ്പര്‍ശങ്ങളാണ് എന്ന് നിരമിത്രനെ ഓര്‍മിപ്പിച്ച ചൂഡകനാണ് ആത്രേയകത്തിലെ മുതിര്‍ന്ന ചികിത്സകന്‍. തുറക്കാനാവാത്തവിധം അടഞ്ഞുപോകുന്ന കണ്‍പോളകളുള്ള വൃദ്ധന്‍. ആത്രേയകത്തിന്റെ ചൊല്‍ക്കൊണ്ട ചികിത്സകളുടെ പാഠപുസ്തകം. ശിരസ്സനക്കാനാവാതെ ജഡതുല്യനായി ചികിത്സാദേശത്തെ മണ്‍കുടിലിനുള്ളില്‍ ഔഷധമണമുള്ള എണ്ണയില്‍ മുങ്ങിക്കിടന്ന നിരമിത്രനോട് ചൂഡകന്‍ ഇത്രമാത്രം പറഞ്ഞു: ഭയത്തെ ഭയക്കരുത്. നേരിടണം. ജരാവല്‍ക്കം പുതച്ച ആ വൃദ്ധന്റെ വാക്കുകള്‍ക്ക് മണ്‍തല്‍പത്തില്‍ നിന്ന് ആ മൃതപ്രായനെ ജീവിതത്തിലേക്കുയര്‍ത്താനുള്ള കെല്‍പുണ്ടായിരുന്നു. 

വേരടക്കം പിഴുതെടുത്ത് പറിച്ചുനടപ്പെട്ട ഒരുവളെയോര്‍ത്ത് പില്‍ക്കാലത്ത് ആ വൃദ്ധന്‍ ദീനമായി കരയുന്നുണ്ട് നിരമിത്രന് മുന്നില്‍, ഓരോ മനുഷ്യചലനങ്ങള്‍ക്കും മുന്നില്‍. ഏതു മുറിവിനും ഒരു ശമനകാലമുണ്ട്. ചില മുറിവുകള്‍ മൂടിക്കെട്ടി ഉണക്കണം. ചിലതിനെ സ്വാഭാവികമായി ഉണങ്ങാന്‍ അനുവദിക്കണം. അതിനിടയില്‍ തടസ്സമുണ്ടായാല്‍ അവ നിത്യവ്രണങ്ങളായി മാറും. വടുകെട്ടി വൈരൂപ്യം വരും. ചൂഡകന്റെ മതം ഇതാണ്.

ഭയത്തെപ്പറ്റിയുള്ള സാധനാ പാഠങ്ങള്‍ നിരമിത്രന് പകര്‍ന്നുകൊടുത്ത ആത്രേയകത്തിന്റെ ശ്വാസമാണ് ഔഷധഗന്ധമുള്ള ഇള എന്ന ചികിത്സക. ആ ദേശത്തിന്റെ മരുന്നാണവള്‍. നിരമിത്രനെപ്പോലെതന്നെ ശേഷിച്ച ജീവിതത്തെ ഭീകരമാക്കുന്ന അസാന്നിധ്യങ്ങളെ നേരിടേണ്ടി വരുന്നുണ്ട് ഇളയ്ക്കും. വീട് നഷ്ടപ്പെട്ട, വീട്ടില്‍ തനിക്ക് പകരക്കാരനുണ്ടാകുന്നതും തന്നെ കൂടാതെ വീട് പുലരുന്നതും കാണുന്ന നിസ്സഹായനായ കുട്ടിയാണ് പാഞ്ചാല രാജകുമാരന്‍ ഇളയ്ക്ക്. 

അവള്‍ ചികിത്സിക്കുന്നത് നിരമിത്രന്റെ മനസ്സിലെ വ്രണങ്ങളെക്കൂടിയാണ്. നമുക്ക് നിയന്ത്രണമോ അധികാരമോ ഇല്ലാത്ത കാര്യങ്ങളെ മുന്‍നിര്‍ത്തി നമ്മെ കരുതിക്കൂട്ടി അപമാനിക്കാനും അപായപ്പെടുത്താനും ആള്‍ക്കാര്‍ മുതിരുമ്പോള്‍ അതിനെ ബുദ്ധിപൂര്‍വം നേരിടുന്നതില്‍ തെറ്റില്ലെന്ന പ്രായോഗിക പാഠം നിരമിത്രന്‍ പഠിക്കുന്നത് ഇളയില്‍ നിന്നാണ്.

ഭൂമിയെ അറിയാനും അനുഭവിക്കാനും സഹായിക്കുന്നത് ശരീരമാണ്. അതിനോട് നീതിപുലര്‍ത്തുകയെന്നത് ജീവിയുടെ ബാധ്യതയാണെന്ന് വിശ്വസിക്കുന്ന കുന്തി. പുത്രന്മാരഞ്ചുപേരുടെയും പ്രിയതാവളമായിരിക്കണം കൃഷ്ണയുടെ ശരീരമെന്ന വാശി കുന്തി സാധ്യമാക്കുന്നത്  ഇളയിലൂടെയാണ്. ഗാഢമായ പ്രണയത്താല്‍ അഞ്ചു പുരുഷന്മാര്‍ ഊഴമിട്ട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് കൃഷ്ണയെ അറിയുമ്പോള്‍  ഇളയുടെ മരുന്നുകളായിരുന്നു കൃഷ്ണയുടെ ശരീരം.

പുഴയും മനുഷ്യരെപ്പോലെതന്നെയാണ് കുറച്ചുദൂരം ചെല്ലുമ്പോള്‍ മട്ടുമാറും വഴികാണില്ല. ഇരുട്ടായിരിക്കും. ആഴമായിരിക്കും. വലിച്ചുതാഴ്ത്തിക്കളയുമെന്ന പാഠം ഉള്‍ക്കൊണ്ട വിശാഖ. മറവില്‍ നിന്ന് തെളിവിലേക്കുള്ള തുറക്കലായി രതിയെ കാണുന്ന നീലപ്പട്ടണിഞ്ഞ സുഷേണന്‍. ദുരവസ്ഥകള്‍ക്ക് കാരണം ചികയുന്നത് മനുഷ്യസ്വഭാവമാണ്. ചിലരത് മറ്റുള്ളവരില്‍ ആരോപിക്കും. ചിലരത് അവരവരില്‍ത്തന്നെ ആരോപിക്കും. എന്ന സത്യത്തില്‍ ജീവിതമുറപ്പിച്ച ഘടോല്‍ക്കചന്‍. നെറുകയിലേല്‍ക്കുന്ന പ്രഹരങ്ങളെപ്പോലും സംശയിക്കാന്‍ കെല്‍പ്പിലാത്ത ഹിഡിംബിയും ജരല്‍ക്കാരു രാജകുമാരിയും ഉലൂപിയും. 

ജന്മവും കര്‍മവുമല്ല അവസരങ്ങളാണ് മനുഷ്യരെ സാരരും നിസ്സാരരുമാക്കുന്നതെന്ന് പറയുന്ന യാജ്ഞവല്‍ക്യന്‍... ഇങ്ങനെയെത്രയെത്ര കഥാപാത്രങ്ങള്‍. നിസ്സഹായരും വിജയികളും ഉന്മാദികളും പരാജിതരുമൊക്കെയായി അവര്‍ ജീവിച്ച ജീവിതങ്ങള്‍. ഇതാണ് കഥാസാരം. കഥയുടെ പ്രവാഹപാതകളില്‍ പലപ്പോഴും മണ്‍തല്‍പത്തില്‍ നിസ്സഹായമായിക്കിടക്കുന്ന വെറും ശരീരങ്ങളാകുന്നു മനുഷ്യര്‍.

ഇതിഹാസത്തിലൊരിടത്തും അടയാളപ്പെട്ടിട്ടില്ലാത്ത ആത്രേയകത്തില്‍ കഥ യാത്ര തുടരുകയാണ്. മരണപ്പെട്ടവരും മൃതപ്രായരും കടന്നുവരുന്ന ആത്രേയകം. നിറവൃക്ഷങ്ങളുടെ കനത്ത വേരുകള്‍ക്കടിയില്‍ ആത്മാവുപേക്ഷിച്ച പുടവകളായി ഒരുപാട് ശരീരങ്ങള്‍ ഉറങ്ങിക്കിടക്കുന്നു. ആത്രേയകത്തിന് ഔഷധഗന്ധമാണ്. മണ്ണിനെ ചൂഴ്ന്നും വനത്തെ പൊതിഞ്ഞും അതിങ്ങനെ നിലനില്‍ക്കുന്നു. വീഴ്ചയുടെ വടുക്കള്‍ക്കുമേല്‍ തൂകിയ ലേപനമായി സ്നേഹം ആത്രേയകത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. 

മുറിവുകള്‍ ഉണ്ടാകുന്നിടത്തോളം മരുന്നുകളും ഉണ്ടാക്കുന്നുണ്ട് ചൂഡകന്‍ എന്ന മുത്തച്ഛനും ഇള എന്ന പെണ്‍കുട്ടിയും. ആരോ സൃഷ്ടിക്കുന്ന മുറിവുകള്‍ക്ക് അപരനില്‍ അവര്‍ ലേപനങ്ങളാകുന്നു. ആത്രേയകത്തിന്റെ മണ്ണില്‍ പരിഹാരമില്ലാത്ത രോഗങ്ങളില്ലത്രേ. അവിടെ ചികിത്സയും സുഖപ്പെടുത്തലും മാത്രമേയുള്ളൂ. മുറിവുകള്‍ ഉണക്കുന്ന ആത്രേയകം, ഒരു മുറിവും സൃഷിക്കുന്നില്ല. ചില മനുഷ്യരെപ്പോലെ.

പുറംകൈകൊണ്ട് നീക്കിനിര്‍ത്താവുന്ന വികൃതിക്കുട്ടിയാണ് അത്രേയകത്തിന് മരണം. സഞ്ചാരിയായ ബലനും യോദ്ധാവായ ഗദനും അവിടുത്തെ അന്തേവാസികളാണ്. ഗദന് മുഖമില്ല. ബലന് മറയുമില്ല. അറിഞ്ഞും അറിയാതെയും ചെയ്യുന്ന ഒരുപാട് പാപങ്ങള്‍ക്ക് ഒരു ജീവി സ്വന്തം കാലത്തില്‍ മറുപടി പറയേണ്ടതുണ്ടെന്ന് നിരമിത്രന്‍ ഓര്‍മിക്കുന്നു ഗദനെ കാണുമ്പോഴൊക്കെയും. സര്‍വലക്ഷണ സംയുക്തര്‍ മത്സരിക്കുന്ന ലോകത്തിലെ തലതകര്‍ന്ന വെറും പടയാളി മാത്രമാണ് ഗദന്‍.

കഥയുടെ ഗതിയില്‍ വിവാഹിതയാകാനൊരുങ്ങുന്ന മകള്‍ക്ക് ഒരമ്മ പറഞ്ഞുകൊടുക്കുന്ന ചിലതുണ്ട്. അതിങ്ങനെയാണ്:  ആരില്‍ നിന്നാണെങ്കിലും ആനന്ദത്താല്‍ പരിചരിക്കപ്പെടാന്‍ ശരീരത്തിന് അവകാശമുണ്ട്. ഏതു സാഹചര്യത്തിലും ഒരു ജീവിയുടെ ആനന്ദത്തെ നിഷേധിക്കാന്‍ ആര്‍ക്കുമില്ല അവകാശം. അതുമാത്രം അങ്ങോളം മനസ്സില്‍ കരുതണം. ഇല്ലെങ്കില്‍ കുറ്റബോധത്തിന്റെയോ ആത്മനിന്ദയുടെയോ പിടിയില്‍ നീ വീണുപോകും. നിനക്കൊപ്പമുള്ളയാള്‍ ആരായാലും നിന്നെ ആനന്ദിപ്പിക്കാനുള്ളവനാകണം...

ഒരുവന്‍ പുരുഷനാണോ എന്നറിയാന്‍ പുരുഷനെക്കാള്‍ സാധിക്കുന്നത് സ്ത്രീയ്ക്കാണെന്ന് ഒരു കഥാപാത്രം പറയുന്നുണ്ട് നോവലില്‍. ആണ്‍ പെണ്‍ എന്നീ ശരീര സമസ്യകള്‍ക്കിടയിലെ ചില ചോദ്യ ചിഹ്നങ്ങളെ മായ്ച്ചുകളയുന്നുണ്ട് ആത്രേയകം. കാശി രാജാവിന്റെ മകളും സാല്വരാജാവിന്റെ പ്രണയിനിയുമായ അംബയെ പലരൂപങ്ങളില്‍ പല കഥാതന്തുക്കളില്‍ കോര്‍ത്തിട്ടുണ്ട് മലയാളം. യമുനാതീരത്ത് ചിതയൊരുക്കി ഭീഷ്മ വധായ സ്വാഹ എന്നുരുവിട്ട് അതില്‍ ചാടി മരിച്ച അംബ. വ്യാസന്‍ നിറമൗനത്തില്‍ ചാലിച്ച് സൃഷ്ടിച്ച കഥാപാത്രം. ഇതിഹാസത്തില്‍ നിന്ന് ജനകീയ സാഹിത്യത്തിലേക്ക് പലവുരു പിറക്കപ്പെട്ടിട്ടുണ്ട് അംബ. 

പകയുടെയും ജന്മാന്തരങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന പ്രതികാരത്തിന്റെയും ബിംബമായി പുനര്‍സൃഷ്ടിയില്‍ പലപ്പോഴും അംബ. ഇവിടെ ആത്രേയകത്തില്‍ അംബ ശിഖണ്ഡിയോ ശിഖണ്ഡനോ അല്ല. ആത്രേയകത്തില്‍ അഭയംതേടിയെത്തുന്ന അനാഥയുവത്വമാണ്. പാഞ്ചാല രാജാവിന് ഒരു പുത്രി മാത്രമാണുള്ളതെന്നാണ് ഞങ്ങളറിഞ്ഞതെന്ന് ആദ്യ കൂടിക്കാഴ്ചയില്‍ അര്‍ജുനനന്‍ പറയുന്നുണ്ട്. നിരമിത്രനും നിരമത്രയും ഒന്നുതന്നെ എന്ന് ഒരു ചെറു ചിരിയോടെ അവനവനില്‍ സംശയമേതുമില്ലാതെ മറുപടി പറയുന്നുണ്ട് നിരമിത്രന്‍ അപ്പോള്‍. 

അതിര്‍ത്തികളെപ്പറ്റി ആശങ്കകളില്ലാത്ത കഥാകാലക്ഷേപ സംഘത്തിന്റെ ഭാവനകള്‍ക്ക് അതീതനായ നിരമിത്രന്‍. അര്‍ധസത്യങ്ങള്‍ക്ക് മറുപടി പറയാന്‍ യാതൊരു ഫലപ്രാപ്തിയുമില്ലാതെ ഒരുപാട് അധ്വാനിക്കേണ്ടിവരുമെന്ന് അയാള്‍ പഠിച്ചുകഴിഞ്ഞിരുന്നു. വേണ്ടാത്ത ഭയത്തിന് പ്രിയപ്പെട്ടവരെ ബലികൊടുക്കരുതെന്ന് അയാളെ പഠിപ്പിച്ചത് വിശാഖയാണ്. വേണ്ടാത്ത ഭയത്തിന് സ്വയം ബലികൊടുക്കേണ്ടതില്ലെന്നുകൂടിയായിരുന്നു അതിന്റെ അര്‍ഥം. കൊട്ടാരത്തില്‍ നിന്ന് ഭ്രഷ്ടനാക്കപ്പെടുന്ന നിരമിത്രനും ആത്രേയകത്താല്‍ സ്വീകരിക്കപ്പെടുന്ന നിരമിത്രനുമിടയില്‍ കഥയില്‍ അകലം ഏറെയാണ്. പാഞ്ചാലവും ആത്രേയകവും തമ്മിലുള്ള അകലംതന്നെയാണത്.

മലയാളസാഹിത്യത്തിലേക്ക് അധികം ആരവങ്ങളോ ഇതാ വരുന്നു എന്ന അശരീരികളോ ഇല്ലാതെ തനിയെ നിശബ്ദരായി കടന്നുവന്ന കഥാപാത്രങ്ങളായിരുന്നു ആര്‍. രാജശ്രീയുടെ കല്യാണിയും ദാക്ഷായണിയും. അരനൂറ്റാണ്ട് മുമ്പ് വടക്കന്‍കേരളത്തിലെ ഉള്‍ഗ്രാമത്തില്‍ നടന്നതെന്ന് തോന്നിപ്പിക്കുമാറ് രണ്ട് സ്ത്രീകളുടെ ജീവിതത്തെ മുന്‍നിര്‍ത്തി എഴുതിയ നോവല്‍. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത സ്വന്തമാക്കിയപ്പോള്‍ യാദൃച്ഛികമായ ഒരു വെളിപ്പെടലിന് ലഭിച്ച അംഗീകാരമായിരുന്നു അത്. 

അഞ്ചുവര്‍ഷത്തിന് ശേഷം എഴുത്തുകാരിയുടെ രണ്ടാമത്തെ നോവല്‍- ആത്രേയകം. രണ്ട് നോവലുകള്‍ക്കിടയില്‍ വ്യത്യസ്തതയുടെ അകലം വിശാലം. ജീവിതയാഥാര്‍ഥ്യത്തെ നര്‍മത്തില്‍ രാകി മൂര്‍ച്ചപ്പെടുത്തിയാണ് രാജശ്രീ കല്യാണിക്കും ദാക്ഷായണിക്കും രൂപംനല്‍കിയത്. എന്നാല്‍ നര്‍മത്തിന്റെ തൂലികയ്ക്ക് ആത്രേയകത്തില്‍ സ്ഥാനമില്ല. ഇവിടെ ദുഖവും നിസ്സഹായതയുമാണ് മനുഷ്യജീവിതത്തെ വെളിപ്പെടുത്തുന്ന മഷി. അതിജീവിക്കാനുള്ള മനുഷ്യന്റെ ഇടര്‍ച്ചകളെയാണ് ഇതിവൃത്തം ഒപ്പിയെടുക്കുന്നത്. കല്യാണിയും ദാക്ഷായണിയും പങ്കുവച്ചത് രണ്ട് സ്ത്രീകളുടേതല്ല ഭൂമിമലയാളത്തിലെ സകലമാന സ്ത്രീകളുടെയും കഥയായിരുന്നെങ്കില്‍ നിരമിത്രനും അയാളുടെ പാഠശാലകളായ അസംഖ്യം കഥാപാത്രങ്ങളും പങ്കുവെക്കുന്നത് തോല്‍വിയറിഞ്ഞ, അലിവിനാല്‍ സ്പര്‍ശിക്കപ്പെട്ട സര്‍വലോകങ്ങളിലെയും മനുഷ്യരുടെ കഥയാണ്.