എസ് ശാരദക്കുട്ടിയുടെ ‘ഉണങ്ങാത്ത മഴകൾ ഉൾക്കടലിൽ നീന്തുന്ന ശരീരങ്ങൾ’ എന്ന പുസ്തകത്തിൽ നിന്നും മമ്മൂട്ടിയെ കുറിച്ചുള്ള ഒരധ്യായം...

എൺപതുകളുടെ തുടക്കം. സിനിമാ തിയേറ്ററുകളിൽനിന്ന് ഇറങ്ങാൻ അനുവദിക്കാതെ സംവിധായകരും നടീനടന്മാരും ഞങ്ങളുടെ തലമുറയെ വിടാതെ പിടികൂടിയിരുന്ന കാലം. കൂട്ടുകാരുടെ കൂടെയും തനിച്ചും ക്ലാസ് കട്ട് ചെയ്തും എങ്ങനെയും സിനിമ കാണുകതന്നെയായിരുന്നു പ്രധാന ആനന്ദമാർഗ്ഗം. ബാലചന്ദ്രമേനോനും ലെനിൻ രാജേന്ദ്രനും മോഹനും കെ.ജി. ജോർജും ഐ.വി. ശശിയും ഹരിഹരനും ഒക്കെ കാമ്പസുകളെ തിയേറ്ററുകളിലേക്ക് നിരന്തരം ആകർഷിച്ചുകൊണ്ടിരുന്നു.
സുകുമാരനെന്ന നടനെ മികച്ച സംവിധായകരെല്ലാം മത്സരിച്ച് ഉപയോഗപ്പെടുത്തി. വായിക്കുന്ന നോവലുകളിലെ നായകന്മാരെല്ലാം സുകുമാരന്റെ കുസൃതിയും ചിരിയും നോട്ടവുമായി എന്റെ മുന്നിൽ വന്നു നിന്നു. അവകാശികളിലെ കൃഷ്ണനുണ്ണിക്കും ഇണങ്ങാത്ത കണ്ണികളിലെ രാജനും മയ്യഴിയിലെ ദാസനും ഒക്കെ സുകുമാരൻ ഇണങ്ങും. സുകുമാരൻ അനായാസമായ ഭാവപ്രകടനങ്ങളിലൂടെ, ഡയലോഗ് പ്രസന്റേഷനിലൂടെ, ആഴ്ന്നിറങ്ങുന്ന നോട്ടത്തിലൂടെ മലയാള സിനിമയുടെ നിലവാരമുള്ള നായകനായി തിളങ്ങുകയായിരുന്നു.
അങ്ങനെയിരിക്കെ 1981 ഒക്ടോബറിൽ ഐ.വി. ശശിയുടെ തൃഷ്ണ റിലീസ് ചെയ്യുന്നു. അപ്പോഴേക്കും മമ്മൂട്ടിയുടെ രണ്ടു മൂന്നു സിനിമകൾ വന്നുകഴിഞ്ഞിരുന്നു. എങ്കിലും മമ്മൂട്ടി എന്ന നടനെ ആദ്യമായി ശ്രദ്ധിച്ച ചിത്രം തൃഷ്ണതന്നെയായിരുന്നു.
എൺപത്തിരണ്ടിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളും റിലീസായി. അന്നുവരെ സോമൻ -സുകുമാരൻ എന്നു പറഞ്ഞിരുന്ന മലയാളി പിന്നീട് മമ്മൂട്ടി-മോഹൻലാൽ എന്നു പറഞ്ഞുതുടങ്ങി. സിനിമാസ്വാദകരുടെ മനസ്സിന്റെ പച്ചപ്പിലും വരൾച്ചയിലും ഇവർ വേഗത്തിൽ വന്നു നിറയുകയായിരുന്നു. രണ്ടാളെയും രണ്ടുതരത്തിൽ മലയാളികൾ ഇഷ്ടപ്പെട്ടു. താരസിംഹാസനങ്ങൾ രണ്ടെണ്ണം ഒരുങ്ങി. അന്നുവരെ കാണാത്തതുപോലെ സിനിമാസ്വാദകർ ഈ രണ്ടു താരങ്ങളുടെ അനുയായികളും ആരാധകരുമെന്ന് രണ്ടായി പിരിഞ്ഞുനിന്നു. കഴിഞ്ഞ നാലു ദശകത്തോളമായി മലയാളിയുടെ ചലച്ചിത്രഭാവുകത്വത്തിന്റെ നിയാമക പശ്ചാത്തലവും സ്വാധീനവുമായി ഇവരുടെ രണ്ടുപേരുടെയും അഭിനയജീവിതവും സ്വകാര്യജീവിതവും ഉണ്ട് എന്നത് സത്യമാണ്. അവരുടെ സ്വകാര്യനിമിഷങ്ങളെല്ലാം നമ്മുടേതുമായി. പിന്നെയും പിന്നെയും പ്രണയിക്കാൻ, പിന്നെയും പിന്നെയും കൂട്ടുകൂടാൻ, കരയാനും ചിരിക്കാനും സംഭ്രമിക്കാനും ഭയപ്പെടാനും രക്ഷിക്കാനും ഒക്കെ ഇവർ നമുക്കൊപ്പം കൂടി. മമ്മൂട്ടിയോ മോഹൻലാലോ എന്നൊരു താരതമ്യം നമ്മളിൽ നിരന്തരം നടന്നുകൊണ്ടിരുന്നു. നായികമാരുടെ ഒരു തലമുറ മാറി അടുത്തതു വന്നപ്പോഴും താരസിംഹാസനത്തിൽ മമ്മൂട്ടിയും മോഹൻലാലും തുടർന്നു.
വ്യക്തിജീവിതത്തിൽ ഒരു മികച്ച കുടുംബനാഥനാണ് മമ്മൂട്ടി എന്നത് പരക്കെ അറിയുന്ന കാര്യമാണ്. സിനിമാലോകത്തുനിന്നു കേൾക്കുന്ന ഗോസിപ്പുകളൊന്നും തന്റെ പ്രതിച്ഛായയെ സ്പർശിക്കാതെ സ്വയം ഒരു കവചമണിഞ്ഞ് സെറ്റുകളിൽ ഇടപെടുന്ന മമ്മൂട്ടിയെക്കുറിച്ച് സിനിമാലോകത്ത് സംസാരമുണ്ട്. ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണത്. കുടുംബസിനിമകളിൽ മമ്മൂട്ടി ധാരാളമായവതരിപ്പിച്ച അത്തരം 'നല്ല പിള്ള' കഥാപാത്രങ്ങളിലല്ല നടനെന്ന നിലയിൽ അദ്ദേഹം മികച്ചുനിന്നത്.
മമ്മൂട്ടിയുടെ പ്രകടനം ഏറ്റവും ഒതുക്കവും അഴകും ഉള്ളതായി എനിക്കു തോന്നിയതും എനിക്കേറ്റവും ഇഷ്ടപ്പെട്ടതുമായ ചില സിനിമകളെക്കുറിച്ചു മാത്രം പറയാം. അത് മതിലുകളോ തനിയാവർത്തനമോ അല്ല. സന്ദർഭമോ മുഹൂർത്തം 11.30 ഓ അല്ല. യാത്രയോ യവനികയോ അല്ല. പഴശ്ശിരാജയോ അംബേദ്കറോ അല്ല. ഭൂതക്കണ്ണാടി, നിറക്കൂട്ട്, നമ്പർ ട്വന്റി മദ്രാസ് മെയിൽ, അമരം ഒന്നുമല്ല... ഇവയെല്ലാം പല കാരണങ്ങളാൽ പല തവണ കണ്ട ചിത്രങ്ങൾതന്നെ. മമ്മൂട്ടി നിറഞ്ഞു തിളങ്ങിയ ചിത്രങ്ങളുമാണ്. നിറക്കൂട്ടിലെ പലതരം ക്ലൈമാക്സുകൾ, ശ്യാമയിലെ ട്വിസ്റ്റുകൾ ഒക്കെ എനിക്ക് ഇഷ്ടമായിരുന്നു. മുറുക്കമുള്ളതും ജനപ്രിയവുമായ എത്രയോ വേഷങ്ങൾ മമ്മൂട്ടി ചെയ്തു. ഒരു വ്യവസായമെന്ന നിലയിൽ സിനിമയെ രക്ഷിച്ചുനിർത്തിയവയായിരുന്നു എല്ലാം. കലാമേന്മയുള്ള എത്രയോ ചിത്രങ്ങളുടെ ഭാഗമായ നടൻ. മമ്മൂട്ടിയെ സൂപ്പർ സ്റ്റാറാക്കിയ എത്രയോ ചിത്രങ്ങൾ. ഞങ്ങളുടെ യൗവനകാലത്തെ പലതരം ഗൃഹാതുരസ്മരണകളോട് ചേർന്നുനിൽക്കുന്നതുകൊണ്ട് ഇപ്പോൾ കണ്ടാലും മടുക്കാത്തവ.
എങ്കിലും ഇക്കാലത്തിനിടയിൽ എനിക്ക് ഏറെ പ്രിയപ്പെട്ടവ, മമ്മൂട്ടിയെ കാണാനായി മാത്രം ഞാൻ തിരഞ്ഞെടുക്കുന്നവ മറ്റു ചിലതാണ്.
ആദ്യം തൃഷ്ണയിലേക്കുതന്നെ വരാം. ആശയടക്കം ശീലിക്കുക എന്ന ഉപദേശം കേട്ടു വളർന്നവർക്ക് തൃഷ്ണയുടെ ആകർഷകവും വന്യവും നിഗൂഢവുമായ സഞ്ചാരപഥങ്ങളും തൃഷ്ണാലുക്കളുടെ ചാഞ്ചല്യങ്ങളും അവ ആത്മാവിലേൽപ്പിച്ച മുറിവുകളും കാണിച്ചുതന്ന ചലച്ചിത്രം. അന്ന് മമ്മൂട്ടി ചലച്ചിത്രലോകത്ത് പ്രശസ്തനായി വരുന്നതേയുള്ളൂ. ധനികനും സുന്ദരികളിൽ ആസക്തിയുള്ളവനുമായ കൃഷ്ണദാസ് ആയാണ് മമ്മൂട്ടി തൃഷ്ണയിൽ അഭിനയിക്കുന്നത്. സിനിമയുടെ പേരു സൂചിപ്പിക്കുന്നതുപോലെ ആസക്തികളുടെ തിളച്ചുമറിയലാണ് ചിത്രത്തിന്റെ പ്രമേയം. തിയേറ്ററിലെ ഇരുളിൽ തെളിഞ്ഞുകത്തിയ ദാസിന്റെ മുഖം. ജയശ്രീ (സ്വപ്ന) എന്ന സുന്ദരിയായ കോൾ ഗേളിന്റെ കൂടെ കൊടൈക്കനാലിലെ തന്റെ ബംഗ്ലാവിൽ അയാൾ എത്തുന്നു. തുടക്കംമുതൽ അവളോട് ഒരുതരം അധികാരഭാവമാണയാൾക്ക്. താൻ വിലയ്ക്കെടുത്ത പെണ്ണാണല്ലോ, അവസരം കിട്ടുമ്പോഴെല്ലാം അവളെ അവഹേളിക്കാനുള്ള അവകാശം തനിക്കുണ്ടെന്നു കരുതുന്ന പുരുഷനാണയാൾ. ലൈംഗികതയല്ലാതെ ഒരു ബന്ധവുമില്ല അവർക്കിടയിൽ. ജയശ്രീയോട് ഒരു മാനുഷികപരിഗണനയും കാണിക്കാത്ത കഥാപാത്രം. ഇന്നു കാണുമ്പോഴും വെറുപ്പല്ലാതെ സഹതാപം ലേശംപോലും തോന്നില്ല. 'എനിക്കാരുടെയും സഹതാപമാവശ്യമില്ല' എന്ന് കുലസ്ത്രീയായ ശ്രീദേവി (രാജലക്ഷ്മി) പറയുന്നതിനു മറുപടിയായി ദാസ് പറയുന്നത്, 'എനിക്കതൽപ്പം ആവശ്യമുണ്ട്' എന്നാണ്. എന്നാലും അതയാൾ അർഹിക്കുന്നില്ല എന്ന് തൊട്ടടുത്ത നിമിഷം ജയശ്രീയോട് അയാൾ കാണിക്കുന്ന മനുഷ്യത്വമില്ലായ്മ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. മലയാളി പുരുഷന്റെ ഇരട്ടത്താപ്പിന്റെ പ്രതിരൂപമാണ് കൃഷ്ണദാസ്.
'അസാന്മാർഗ്ഗി'യാവുക അയാളുടെ അവകാശം. അയാൾ സ്വന്തം കാര്യത്തിനു വേണ്ടി മാത്രം ഉപയോഗിച്ച ജയശ്രീയും അയാൾക്ക് സ്വന്തമാക്കണമെന്നു താത്പര്യം തോന്നിയ ശ്രീദേവിയും അയാളെ ഉപേക്ഷിക്കുകയും അവരവർക്കു വേണ്ട ജീവിതം തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ദാസ് ഏകാകിയായി മടങ്ങിപ്പോകുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.
മൗനിയായി തിരിച്ച് കാറിൽ മടങ്ങുന്ന സന്ദർഭത്തിൽ അയാൾക്ക് ചില തിരിച്ചറിവുകൾ ഉണ്ടാകുന്നുണ്ട്. ജീവിതമാഘോഷിക്കുമ്പോഴും ആന്തരികമായി ആഴമേറിയ ഒരു മൗനം ഉള്ളിൽ സൂക്ഷിക്കുന്നുവെന്ന് എപ്പോഴും തോന്നിപ്പിക്കുന്ന കൃഷ്ണദാസ് പരാജിതനെപ്പോലെയാണ് കൊടൈക്കനാൽ വിട്ടു പോകുന്നത്.
അന്ന് 'മമ്മൂട്ടിയുടെ ചിത്ര'മെന്ന് പറഞ്ഞുതുടങ്ങിയിരുന്നില്ല. മനുഷ്യസ്വഭാവത്തിന്റെ നാനാവശങ്ങളിലേക്കും സത്യസന്ധമായി ക്യാമറ ചലിപ്പിച്ച സംവിധായകൻ എന്ന നിലയിൽ ഐ.വി. ശശി പ്രേക്ഷകരുടെ കൊടിയ ഹരമായിരുന്നു അക്കാലത്ത്. തൃഷ്ണയുടെ പ്രധാന ഹൈലൈറ്റും സ്‌ക്രീനിൽ വലുതായി തെളിയുന്ന ഐ.വി. ശശി എന്ന പേരുതന്നെയായിരുന്നു. ഐ.വി. ശശി ഒരുക്കിയ എം.ടിയുടെ കൃഷ്ണദാസിനെ കുറിച്ചായിരുന്നു അന്ന് ക്ലാസിലൊക്കെ സിനിമാചർച്ച കൊഴുത്തത്. അത് മമ്മൂട്ടിയുടെ ശരീരത്തിനും മുഖത്ത് സ്ഥായിയായിട്ടുള്ള കൂസലില്ലായ്മയ്ക്കും നന്നായി ഇണങ്ങുന്നതായിരുന്നു. പോരാത്തതിന് എം.ടിയുടെ തിരക്കഥയും സംഭാഷണവും. കുറ്റബോധം തോന്നുന്ന പുരുഷന് കുമ്പസാരത്തിനുള്ള വഴികൾ അതിൽ ധാരാളമുണ്ടാകും. എന്നിട്ടും കൃഷ്ണദാസിനെ വെറുത്തു. കൃഷ്ണദാസ് ജയശ്രീയോട് കാണിക്കുന്ന അകലവും വാക്കുകളിലെ നിർദ്ദയത്വവും ഉപേക്ഷയും മമ്മൂട്ടിക്ക് കൃത്യമായിത്തന്നെ ആവിഷ്‌കരിക്കാൻ കഴിഞ്ഞു. രാഷ്ട്രീയശരികൾ നോക്കി സിനിമയെ വിലയിരുത്തിത്തുടങ്ങുന്നതിനു മുമ്പുള്ള കാലമായിരുന്നു അത്. കൃഷ്ണദാസ് മമ്മൂട്ടിയുടെ മികച്ച തുടക്കമായിരുന്നു. അനാദർശപരവും അരാഷ്ട്രീയവുമായ മാർഗ്ഗത്തിലൂടെയുള്ള സ്വാതന്ത്ര്യം-അതാണ് തൃഷ്ണയുടെ മൗലികമായ പ്രമേയം.
1983ലാണ് പത്മരാജൻ സംവിധാനം ചെയ്ത കൂടെവിടെ റിലീസാകുന്നത്. കാമുകിയുടെ മേലുള്ള അധികാരവും സ്വാർത്ഥമായ ഉടമസ്ഥാവകാശവും കൊണ്ട് അന്ധത ബാധിച്ച് അവളുടെ സ്വസ്ഥതയും സമാധാനവും നശിപ്പിക്കുന്ന, കൂടെവിടെയിലെ കേണൽ തോമസിനും സ്നേഹമോ ഹൃദയത്തിന്റെ ഭാഷയിലുള്ള സംസാരമോ ശീലമില്ല. ടിപ്പിക്കൽ മലയാളി കാമുകന്റെ ഈഗോയും അധികാരഭാവവും മാത്രം. വാശിയും പകയും കൊണ്ട് കാഴ്ച കെട്ടുപോകുന്ന തോമാച്ചനായി മമ്മൂട്ടി പകരംവെക്കാനില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. മലയാളത്തിലെ ഏറ്റവും മികച്ച രണ്ടു ദുഷ്ടകഥാപാത്രങ്ങളാണ് കൃഷ്ണദാസും തോമാച്ചനും. നമ്മുടെയൊക്കെ ജീവിതത്തിൽ നിത്യേന നാം ഇടപെടാറുള്ളതും നായകവേഷത്തിലെത്തുന്നതുമായ അതേ ഈഗോയിസ്റ്റുകൾ. ജയശ്രീയെയും ശ്രീദേവിയെയും പോലെ, ക്ഷോഭമടക്കി ഒന്നും മിണ്ടാതെ എതിർ നിൽക്കുന്നതേയുള്ളൂ സുഹാസിനിയുടെ ആലീസ്. എന്നാൽ അവരുടെ നിശ്ചയദാർഢ്യങ്ങൾക്കു മുന്നിൽ അയാൾ കിടുങ്ങിപ്പോകുന്നുണ്ട്.
പ്രണയത്തിലൊളിപ്പിച്ച ക്രൗര്യത്തിന്റെ, അസൂയയുടെ, കൂർത്ത ദംഷ്ട്രകൾ എത്ര തവണ എത്ര പേരിൽ ഞാനും നേരിൽ കണ്ടിരിക്കുന്നു! ചിലപ്പോൾ അതിലെ സ്നേഹാധിക്യത്തെപ്പോലും ഭയന്ന് എത്രയോ തവണ ഞാൻ ഒളിച്ചു നടന്നിരിക്കുന്നു! വിറച്ചു പനിച്ചിരിക്കുന്നു! ഒഴിവാക്കി മറഞ്ഞിരിക്കുന്നു! പഴി കേട്ടിരിക്കുന്നു! സമ്മർദ്ദങ്ങളിൽ പെട്ടിരിക്കുന്നു! എന്നിട്ടും മാറി മാറി പ്രണയങ്ങൾ അതിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ടേയിരുന്നു. ഒരു കാടിനുള്ളിൽ പല കാടെന്നപോലെ, ഒരു ജ്വാലയിൽനിന്ന് അനേകം ജ്വാലകളെന്നപോല അതിങ്ങനെ ആളിയും പടർന്നും ജ്വലിക്കുകയാണ്.
നെഗറ്റീവ് സ്പർശമുള്ള കഥാപാത്രങ്ങൾ മമ്മൂട്ടിക്ക് നന്നായി ഇണങ്ങും.എന്നാൽ സ്നേഹത്താൽ ദുർബ്ബലരായിപ്പോകുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോഴൊക്കെ മമ്മൂട്ടി അതിഭാവുകത്വത്തിലേക്കോ അതിനാടകീയതയിലേക്കോ വഴുതിവീണിട്ടുണ്ട്. മമ്മൂട്ടി കരയുമ്പോൾ ചിരി വന്ന സന്ദർഭങ്ങൾപോലുമുണ്ട്. വാത്സല്യം, വല്യേട്ടൻ, അമരം ഒക്കെ അതിന് മികച്ച ഉദാഹരണമാണ്. ഏറെ പ്രശംസിക്കപ്പെട്ട തനിയാവർത്തനത്തിലെ ബാലൻ മാഷിന്റെ പോലും മാനസികവും സാമൂഹികവുമായ അവസ്ഥകളാണ്, അല്ലാതെ മമ്മൂട്ടിയുടെ പ്രകടനമല്ല നമ്മെ കീഴ്പ്പെടുത്തിയത് എന്നു ഞാൻ വിശ്വസിക്കുന്നു. കഥാപാത്രത്തിന്റെ നാടകീയത നടന്റെ അഭിനയമികവായി കൊണ്ടാടപ്പെടാറുണ്ട് പലപ്പോഴും. അതിനാടകീയതയിലും കർത്തവ്യബോധത്തിലും കുഴച്ചുരുട്ടിയെടുത്ത് പരമാവധി വെറുപ്പിച്ച ചിത്രമാണ് മോഹൻലാൽ നായകനായ പവിത്രം. എന്നാൽ അതിൽ ഭ്രാന്തുപിടിച്ച ചേട്ടച്ഛനായി വന്ന മോഹൻലാൽ ചെയ്ത അവസാനരംഗങ്ങൾ തനിയാവർത്തനവുമായി വെറുതേ ഒരു കൗതുകത്തിന് ഒന്നു താരതമ്യം ചെയ്തു നോക്കാവുന്നതാണ്. അതിവൈകാരികരംഗങ്ങളിൽ മിതത്വം മോഹൻലാലിനുതന്നെ.
മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം വടക്കൻ വീരഗാഥയിലെ ചന്തുതന്നെയാണ്. അയാളിൽ പണ്ടേ ആരോപിക്കപ്പെട്ട ഒരു ചതിയൻ ഇമേജ് നിലനിൽപ്പുണ്ട്. കൂടെ എം.ടിയുടെ പുതിയ തിരക്കഥ ഏൽപ്പിച്ചുകൊടുത്ത നിരാശകളും അപകർഷബോധവും അധികഭാരമായുണ്ട്. തളരുമ്പോഴും തന്റെ ലക്ഷ്യത്തിലേക്ക് ഒരു യോദ്ധാവിനെപ്പോലെ നീങ്ങുന്ന നായകൻ. എന്തൊരഴകാണയാൾക്ക്. അയാളുടെ നടവഴിയിൽ വന്നുനിന്ന സ്ത്രീകൾ നാണംകലർന്ന നോട്ടത്താൽ 'സ്വമനസ്തദ്വിധപുത്രലബ്ധി' ആഗ്രഹിച്ചു. പ്രണയിനിയുടെ ചതികളിൽപ്പെടുമ്പോഴും ചന്തു തളരുന്നില്ല.
പക്ഷേ, വീരഗാഥയ്ക്കൊടുവിൽ ഇഷ്ടകാമുകിയുടെ മകൻ മുന്നിൽ വന്നുനിന്നു വെല്ലുവിളിക്കുന്ന, സ്നേഹംകൊണ്ട് തളർന്ന് ഇല്ലാതെയായിപ്പോകുന്ന രംഗങ്ങളിലെ മമ്മൂട്ടിയുടെ സംഭാഷണഭാഗങ്ങൾ കാലാന്തരത്തിൽ തമാശയായി മാറി. 'ഉണ്ണീ എനിക്കു പിറക്കാതെ പോയ മകനാണ് നീ,' 'ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളേ' എന്നീ സംഭാഷണങ്ങൾ ഏറ്റവുമധികം ട്രോളുകൾക്കു വിധേയമായതും മുമ്പു പറഞ്ഞ കാരണങ്ങൾകൊണ്ടുതന്നെയാണ്. ശരീരത്തെ സ്നേഹത്തിൽനിന്നും അടർത്തി വേർപെടുത്തി അഭിനയിച്ച കഥാപാത്രങ്ങളിൽ മമ്മൂട്ടിയുടെ ശരീരം കഥാപാത്രംതന്നെയായി മാറി.
സഹജമായ ആർജവം, സത്യസന്ധത, ആത്മനിർവൃതി, അതിജീവനം എന്നിവയ്ക്കു വേണ്ടിയുള്ള നടന്റെ പോരാട്ടങ്ങൾക്ക് പ്രതിബന്ധമായുള്ള സാഹചര്യങ്ങൾക്കെതിരേയുള്ള പ്രതിഷേധംകൂടിയാണ് അദ്ദേഹത്തിന്റെ അഭിനയജീവിതം. മോഹൻ സംവിധാനം ചെയ്ത രചനയിലെ ഗോപിയായും കെ.ജി ജോർജ് സംവിധാനം ചെയ്ത ആദാമിന്റെ വാരിയെല്ലിലെ ജോസായും, കെ.എൻ. ശശിധരൻ സംവിധാനം ചെയ്ത കാണാതായ പെൺകുട്ടിയിലെ രാജ്മോഹനായും വന്ന മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ ഒരേ രീതിയിൽ ജാരസ്വഭാവമുള്ളതാണ്. പതിവു സ്ത്രീമോഹിയായ വെറും ഒരു ആൺശരീരത്തിന്റെ ബഹളംപിടിച്ച ആവിഷ്‌കരണങ്ങൾ കാണാനില്ല അവിടെ. എന്തൊരു കൈയടക്കമാണ്. സ്ത്രീലൈംഗികതയുടെ മാനസികമായ സങ്കീർണതകളെ നേരിടുന്ന കഥാപാത്രങ്ങളിലേക്ക് തീവ്രമായി തന്റെ തിരശരീരത്തെ എടുത്തുവെക്കുകയാണ് അദ്ദേഹം.
കെ.ജി. ജോർജിന്റെതന്നെ മേളയിലെ മോട്ടോർസൈക്കിൾ അഭ്യാസിയായ വിജയൻ മമ്മൂട്ടിയുടെ നല്ലൊരു കഥാപാത്രമാണ്. കരിയിലക്കാറ്റുപോലെയിലെ സംവിധായകൻ ഹരികൃഷ്ണൻ, വിധേയനിലെ പട്ടേലർ, ശ്യാമപ്രസാദിന്റെ ഒരേ കടലിലെ നാഥൻ, ഭരതന്റെ കാതോടു കാതോരത്തിലെ ലൂയിസ്, പാലേരി മാണിക്യത്തിലെ അഹമ്മദ് ഹാജി, നൊമ്പരത്തിപ്പൂവിലെ ഡോക്ടർ ഇവരാണ് എനിക്കേറെ പ്രിയപ്പെട്ട മറ്റു മമ്മൂട്ടി കഥാപാത്രങ്ങൾ.
കാതോടു കാതോരം, ഒരേ കടൽ, ഒരു വടക്കൻ വീരഗാഥ എന്നീ ചലച്ചിത്രങ്ങൾക്കുശേഷം എന്റെ മനസ്സിൽ മമ്മൂട്ടിക്ക് വയസ്സായിട്ടില്ല. മമ്മൂട്ടിക്കു പിറന്നാളുകളുമില്ല. സിനിമകളുമില്ല. ഞാൻ അവിടെത്തന്നെ മമ്മൂട്ടിയെ നോക്കിനിൽപ്പുണ്ട്.
കാതോടു കാതോരത്തിൽ സരിതയാണ് നായികയായ മേരിക്കുട്ടിയുടെ വേഷം ചെയ്യുന്നത്. ദാമ്പത്യജീവിതത്തിൽ നൈരാശ്യത്തിനടിപ്പെട്ടവളെങ്കിലും മേരിക്കുട്ടി പള്ളിയിൽ മനോഹരമായി കൊയർ പാടുന്നുണ്ട്. പള്ളിമേടയിൽ ജോലിക്കാരനായെത്തുന്ന ലൂയിസാണ് മമ്മൂട്ടി. അയാളുടെ സംഗീതവാസന തിരിച്ചറിയുന്ന അച്ചൻ അയാളെയും കൊയറിൽ എടുക്കുന്നു. രണ്ടാളും കൊയറിൽ പാടുന്ന ഒരു രംഗമുണ്ട് ചിത്രത്തിൽ. മേരിയുടെ പാട്ടു കഴിഞ്ഞ് തന്റെ ഊഴം വരുമ്പോൾ തലയൽപ്പം നീട്ടി വെളുത്ത കുർത്തയണിഞ്ഞ സുന്ദരനായ ലൂയിസ് അതേ മൈക്കിലൂടെ ബാക്കി ഏറ്റുപാടുമ്പോൾ അവൾ തോളിലെ സാരി ചെറുതായൊന്നു വലിച്ചിട്ട് ലജ്ജയോടെ ലൂയിസിനെ നോക്കുന്ന ഒരു നോട്ടമുണ്ട്. പാടുന്ന ലൂയിസിന്റെ ശ്വാസം അവളുടെ തോളിൽ തട്ടുന്നുണ്ട്, 'ആയിരം വർണങ്ങൾ കൂടെ വന്നു. അഴകാർന്നൊരാടകൾ നെയ്തു തന്നൂ...' അപ്പോൾ മമ്മൂട്ടിയുടെ ചുണ്ടിൽ വിരിയുന്ന പ്രണയമുണ്ട്. അന്ന് 1985. ഞാനും ചെറുപ്പം. സരിതയെ അൽപ്പമൊന്നു തള്ളിമാറ്റി ആ നോട്ടം അതിലും ഭംഗിയായി ഞാൻ നോക്കിയിട്ടുണ്ട് മമ്മൂട്ടീ, നിങ്ങളെ. ഭർത്താവുള്ള സ്ത്രീയെ പ്രണയിക്കുകയും ജീവിതത്തിൽ കൂടെ കൂട്ടുകയും ചെയ്യുന്ന ലൂയിസ് നേരിടേണ്ടിവരുന്ന സംഘർഷങ്ങൾ മമ്മൂട്ടി മുറുക്കവും ഊർജ്ജവും നഷ്ടപ്പെടുത്താതെ അവിസ്മരണീയമാക്കി.
ഒരേ കടലിനും കാതോടു കാതോരത്തിനും വടക്കൻ വീരഗാഥയ്ക്കും ശേഷം ഞാൻ മമ്മൂട്ടിയെ അത്ര ഇഷ്ടത്തോടെ കണ്ടിട്ടുണ്ടോ എന്നു സംശയമാണ്. മീര ജാസ്മിനെയും മാധവിയെയും സരിതയെയും നോക്കിയതുപോലെ ഈ ജന്മം നിങ്ങൾക്കങ്ങനെ ഒരു നോട്ടം ഇനി സാദ്ധ്യമാകുമോ എന്നെനിക്കറിയില്ല. കാരണം, നിങ്ങൾ പെണ്ണുങ്ങളെയല്ല, ക്യാമറയെ മാത്രമാണ് ഈയിടെ നേരിടുന്നത്. 'ചന്ദനലേപ സുഗന്ധം...' എന്ന ഗാനത്തിനിടയിൽ 'തൊഴുതുമടങ്ങുമ്പോൾ കൂവളപ്പൂമിഴി മറ്റേതു ദേവനെത്തേടി വന്നൂ...' എന്ന് ഉണ്ണിയാർച്ച നോക്കുമ്പോൾ ചന്തു നോക്കുന്ന ആ മറുനോട്ടമുണ്ടല്ലോ. അത് ഒരപാരതയാണ്. അങ്ങനെയൊന്നിന്റെ സൗന്ദര്യം ഞാൻ അതിനു മുമ്പോ പിമ്പോ കണ്ടിട്ടില്ല. മുന്നിൽ അത്രയ്ക്ക് ആഗ്രഹത്തോടെ ഒരു പെണ്ണ് വന്നുനിന്നാലല്ലാതെ നിങ്ങളുടെ കണ്ണുകളിൽ ഹൃദയം പ്രതിഫലിക്കാറില്ല.
അതുകൊണ്ടാകും വെറും ക്യാമറയെ നോക്കി ഈയിടെ നിങ്ങളെടുക്കുന്ന സ്റ്റില്ലുകൾ എന്നോടൊന്നും സംവദിക്കാത്തത്. അവയ്ക്ക് സ്റ്റൈലുണ്ടെന്നല്ലാതെ ഭംഗിയോ ജീവനോ തോന്നാറില്ല. മാധവിയുടെ നോട്ടത്തിനു മുന്നിലാണ് മമ്മൂട്ടി ഏറ്റവും സുന്ദരനാവുക എന്നെനിക്ക് തോന്നാറുണ്ട്. മാധവിയും മമ്മൂട്ടിയുമുണ്ടെങ്കിൽ ഭൂമിയിൽ വേറെ അഴകെന്തിന്.
ഞാൻ താങ്കളെ മറ്റൊരാളായി കാണാനാഗ്രഹിക്കുകയാണ്... മുമ്പൊരിക്കൽ പറഞ്ഞതുതന്നെ. അത് ഇവാൻ തുർഗനേവിന്റെ First Love ലെ വ്ലാഡിമിറിന്റെ അച്ഛന്റെ വേഷത്തിലാണ്. ഗംഭീര പ്രണയകഥ. മമ്മൂട്ടിയെയും ദുൽക്കറിനെയും മാത്രം മനസ്സിൽ കണ്ടാണത് വായിച്ചത്.
പ്രതിഭയുള്ള ആരെങ്കിലും അത് സിനിമയാക്കുമെങ്കിൽ മലയാളി പ്രണയത്തിന്റെ അവ്യാഖ്യേയമായ നിയമങ്ങൾ മനസ്സിലാക്കിയേക്കും. അതിലെ വേവുകയും നീറുകയും കരയുകയും അസ്വസ്ഥനാവുകയും അസൂയാലുവാകുകയും ചിലപ്പോൾ ഭയപ്പെടുത്തുകയും ചെയ്ത വ്ലാഡിമിർ എന്ന പയ്യനെ, അവനെക്കാൾ പ്രണയതീക്ഷ്ണമായ ഉടലും മനസ്സുമുള്ള അവന്റെ അച്ഛനെ, ഉത്കണ്ഠകളുടെ അവസാന നിമിഷത്തെ ട്വിസ്റ്റിനെ ഒക്കെ സ്നേഹിച്ചുപോകും. മമ്മൂട്ടിക്ക് വേണ്ടിയുള്ളതാണ് ആ അച്ഛൻ കഥാപാത്രം.
പ്രണയങ്ങളിലുള്ള പ്രതീക്ഷ അവസാനിക്കാത്തവർക്ക്, തൃഷ്ണ ശരീരത്തിലൊടുങ്ങാത്തവർക്ക് മലയാള ചലച്ചിത്രലോകത്തെ മികച്ച ഒരു നടനിൽനിന്ന് കിട്ടാവുന്ന ഒരു നല്ല കഥാപാത്രമായിരിക്കും അത്. പുതിയ ജന്മം വേണമെന്നുള്ളവർക്ക് പുതിയതെന്തെല്ലാമുണ്ട് ഈ ലോകത്തിൽ.
കുടുംബപുരുഷന്റെ നാൾവഴിച്ചിട്ടകളെ ഉല്ലംഘിക്കുന്ന കഥാപാത്രങ്ങളിലാണ് മമ്മൂട്ടി സ്തോഭജനകവും ആകുലവുമായ ഒരു യാഥാർത്ഥ്യമായി എന്റെ ആസ്വാദനമനസ്സിനെ കീഴടക്കിയത്. സാധാരണമനുഷ്യന്റെ ഉപരിപ്ലവതകളെ സാമാന്യവത്കരിക്കുമ്പോഴല്ല, ആന്തരികസത്തയിലടയ്ക്കപ്പെട്ട ആസക്തിയുടെ ഒരംശം അകമേ സൂക്ഷിക്കുന്ന കഥാപാത്രങ്ങളിലാണ് മമ്മൂട്ടി തിളങ്ങിയത്. അവയ്ക്ക് അവാച്യമായ ഒരു ഗൂഢപരിവേഷമുണ്ട്. വിൽക്കാനുണ്ട് സ്വപ്നങ്ങൾ, തൃഷ്ണ എന്നൊക്കെയുള്ള ആദ്യകാല ചിത്രങ്ങളുടെ ശീർഷകത്തിൽത്തന്നെ മമ്മൂട്ടിയുടെ ശരീരസാദ്ധ്യതകൾ അടങ്ങിയിരിക്കുന്നു. അഗമ്യഗമനത്തിന്റെ ഒടുങ്ങാത്ത, അവ്യാഖ്യേയമായ ആധിവ്യാധികളുടെ അഴകാണ് മമ്മൂട്ടിയുടെ അഴകായി ഞാനറിയുന്നത്.
സിനിമാജീവിതം വ്യക്തിജീവിതത്തിൽ നിന്ന് ഇടറിമാറിയപ്പോഴൊക്കെയാണ് മമ്മൂട്ടി എന്നെ ആകർഷിച്ചത്. നല്ല സുഹൃത്തും നല്ല ഭർത്താവും നല്ല കാമുകനും നല്ല അച്ഛനുമായപ്പോഴല്ല, നിയമങ്ങൾക്കും ചട്ടങ്ങൾക്കും വഴങ്ങാത്ത മനുഷ്യരായപ്പോഴാണ്, തന്റെ ബാഹ്യസ്വത്വത്തിൽനിന്നു പൂർണ്ണമായും തെന്നിമാറാനും തന്നിലെത്തന്നെ ഗോപ്യമായിരിക്കുന്ന സചേതനത്വത്തെ ആവിഷ്‌കരിക്കാനും കഴിഞ്ഞപ്പോഴൊക്കെയാണ്, ഞാൻ മമ്മൂട്ടിയെ ഇഷ്ടപ്പെട്ടത്. അങ്ങനെയുള്ള അസാധാരണ കഥാപാത്രങ്ങളെ ഒട്ടേറെ ലഭിച്ചു എന്നത് മമ്മൂട്ടിയിലെ അഭിനേതാവിന് കൈവന്ന ഭാഗ്യമാണ്. ആ ചിത്രങ്ങളിൽ മമ്മൂട്ടി എന്ന നടൻ എല്ലാ മനുഷ്യരിലും ഒളിഞ്ഞിരിക്കുന്ന ആ അപരനെ കണ്ടെത്തുകയും അഭിരമിക്കുകയുമായിരുന്നു. അവരെ സത്തയിലും ഉണ്മയിലും അറിയുകയായിരുന്നു. പ്രേക്ഷക എന്ന നിലയിൽ ആ ചിത്രങ്ങൾ നൽകിയ ആനന്ദപീഡയാണ് എഴുപതുവയസ്സിലും തികവാർന്ന യൗവനമായി മമ്മൂട്ടിയിൽ ഞാൻ കാണുന്നത്. എത്ര വർഷങ്ങൾക്കു ശേഷവും എത്ര തവണ വേണമെങ്കിലും ആവർത്തിച്ചു കണ്ടിരിക്കാം ഈ ചിത്രങ്ങളിലെ മമ്മൂട്ടിയുടെ ഊർജ്ജത്തെ.
ഒരു ജാരനെ രഹസ്യമായെങ്കിലും മോഹിക്കാത്ത പെണ്ണുണ്ടോ? മമ്മൂട്ടിയുടെ മേൽപ്പറഞ്ഞ ചിത്രങ്ങളിൽ ഞാൻ ആ മോഹത്തെ സാക്ഷാത്കരിക്കുകയായിരുന്നു.
Published: 07 Sept 2026, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented